
മാലിന്യ സംസ്ക്കരണത്തിൽ പാളിപ്പോയ മുൻകാല അനുഭവങ്ങൾ കേരളത്തിൽ ഏറെയുണ്ട്. ഒന്നും രണ്ടുമല്ല പത്തോളം മാലിന്യ പ്ലാന്റുകൾ ഇവിടെ പൂട്ടിപ്പോയി. കൊട്ടിയാഘോഷിച്ച് നിർമിച്ച പല പ്ലാന്റുകളും ഇന്ന് മാലിന്യം തള്ളുന്ന വെറും ഡബ്ബ് യാർഡുകൾ മാത്രമായി മാറി. വിളപ്പിൽശാലയും ഞെളിയൻപറമ്പും ബ്രഹ്മപുരവും സർവോദയപുരവും കേളുഗുഡെയും ചേലോറയും യാക്കരയും ലാലൂരൂം താന്നിക്കൽപടിയും കുരീപ്പുഴയുമെല്ലാം കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട അറപ്പുളവാക്കുന്ന സ്ഥലങ്ങളായി. കുന്നുകൂടിയ മാലിന്യങ്ങളുടെ ദുർഗന്ധം പേറിയുള്ള ജീവിതവും പകർച്ചവ്യാധികളും അവിടങ്ങളിൽ ശീലമായി. മാലിന്യ സംസ്ക്കരണത്തിലെ അശാസ്ത്രീയതയും മാറിമാറി വന്ന ഭരണനേതൃത്വങ്ങളുടെ പിടിപ്പുകേടുമായിരുന്നു ഇതിനെല്ലാം കാരണം. ഈ തിരിച്ചടികളിൽ നിന്നെല്ലാം സർക്കാർ പാഠം പഠിച്ചിരുന്നോ?
ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം പ്രധാനമായും രണ്ട് തരത്തിലാണ്. കേന്ദ്രീകൃതവും വികേന്ദ്രീകൃതവും. കേരളത്തിൽ അമ്പേ പരാജയപ്പെട്ട പദ്ധതികളെല്ലാം കേന്ദ്രീകൃത മാലിന്യ പ്ലാന്റുകളാണ്. പല സ്ഥലങ്ങളിലുള്ള മാലിന്യം ഒരു സ്ഥലത്തെത്തിച്ച് സംസ്ക്കരിക്കുന്ന രീതിയാണിത്. ജൈവവും അജൈവവുമായ ടൺ കണക്കിന് മാലിന്യം ഒന്നിച്ചെത്തുന്നതിനാൽ ഇവയുടെ സംസ്ക്കരണം ഏറെ സങ്കീർണമാണ്. കൂടുതൽ സ്ഥലവും വേണം. ഒരുദിവസം സംസ്ക്കരണം മുടങ്ങിയാൽ പോലും മാലിന്യം കുന്നുകൂടുന്ന അവസ്ഥയുണ്ടാകും. ഇക്കാരണംകൊണ്ടുതന്നെ ജൈവ മാലിന്യം അതിന്റെ ഉറവിടത്തിൽ തന്നെ (വീടുകൾ/സ്ഥാപനങ്ങൾ) സംസ്ക്കരിക്കുന്ന ഉറവിട സംസ്ക്കരണ രീതിയും ജീർണിക്കാത്ത അജൈവ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന വികേന്ദ്രീകൃത സംസ്ക്കരണവുമാണ് കേരളത്തിൽ ഫലപ്രദമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പക്ഷം. കേന്ദ്രീകൃത സംസ്ക്കരണം ഇവിടെ പ്രായോഗികമല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എല്ലായിടത്തും പരാജയം, കാരണങ്ങൾ പലത്
കേന്ദ്രീകൃത മാലിന്യ സംസ്ക്കരണം കേരളത്തിൽ ഒരിടത്തും വിജയകരമായിട്ടില്ലെന്നും വികേന്ദ്രീകൃത സംസ്ക്കരണമാണ് ഇവിടെ അനുയോജ്യമെന്നും പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ പറയുന്നു. കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് പോലും കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾ വിജയകരമാക്കാൻ സാധിച്ചിട്ടില്ല. പത്ത് പ്ലാന്റുകളെങ്കിലും കേരളത്തിൽ പൂട്ടിപ്പോയിട്ടുണ്ട്. കൊച്ചിയിലെ ബ്രഹ്മപുരം മാത്രമാണ് ഇക്കൂട്ടത്തിൽ അവശേഷിക്കുന്നത്. എന്നാൽ അതുതന്നെ തീർത്തും അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പ്ലാന്റാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾ പരാജയപ്പെടാൻ കാരണം പലതാണ്. കേരളത്തിന്റെ കാലാവസ്ഥ, ഭൂപ്രകൃതി, മാലിന്യത്തിന്റെ രീതി, ആവാസവ്യവസ്ഥ, ജനവാസം എന്നിവയെല്ലാം മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കാലാവസ്ഥയിൽ വലിയ മാറ്റംവന്നു, ഏത് സമയത്തും മഴ പെയ്യാവുന്ന സ്ഥിതിയായി. പല പ്ലാന്റുകളിലും കുന്നുകൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ മഴവെള്ളം വീണാൽ അവ ഒഴുകി അടുത്തുള്ള വീടുകളിലേക്കെത്തും. നനഞ്ഞ മാലിന്യം സംസ്ക്കരിക്കാനും കൂടുതൽ സമയമെടുക്കും. കേരളത്തിലെ ഖരമാലിന്യങ്ങളിൽ പൊതുവേ ജലാംശവും ഏറെയാണ്. സംസ്ക്കരിക്കാൻ ആദ്യം ഇവ ഉണക്കിയെടുക്കണം. അതിനുതന്നെ ദിവസങ്ങളെടുക്കും. ഇതോടെ സംസ്ക്കരണം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദുർഗന്ധം നാലു കിലോമീറ്ററോളം
ദിവസവും നൂറുകണക്കിന് ടൺ മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റിന് കുറഞ്ഞത് നാലു കിലോമീറ്ററോളം ചുറ്റളവിൽ ദുർഗന്ധം പരന്നിരിക്കും. ചെറിയൊരു മഴ വന്നാൽ പോലും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാകും. മലിന ജലം ഒലിച്ചെത്തി കിണറും വീടും പരിസരവും മലിനമയമാകും. പൂട്ടിപ്പോയതും പ്രവർത്തനം നിലച്ചതുമായ മിക്ക മാലിന്യ പ്ലാന്റുകളുടെയും ഇത്തരം ദുരവസ്ഥ അറിയാവുന്നതുകൊണ്ടാണ് പുതിയ പ്ലാന്റുകൾ വരുമ്പോൾ അവിടങ്ങളിലെ പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്. കോഴിക്കോട് ആവിക്കൽ സീവേജ് ട്രീന്റ്മെന്റ് പ്ലാന്റിനെതിരേ ഉയരുന്ന പ്രതിഷേധ സമരങ്ങൾക്കും കാരണം മറ്റൊന്നല്ല.

മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ നാടിന് അനിവാര്യമാണെങ്കിലും മുൻകാലദുരനുഭവങ്ങൾ കൺമുന്നിലുള്ളപ്പോൾ പുതിയൊരു പ്ലാന്റിനെതിരേ സമരം ചെയ്യുന്ന ജനങ്ങളെ കുറ്റപ്പെടുത്താനുമാകില്ല. സ്വന്തം വീടിനോട് ചേർന്ന പ്രദേശത്തെ മാലിന്യക്കൂമ്പാരമാക്കാൻ ആരെങ്കിലും അനുവദിക്കുമോ. ജനവാസം കുറഞ്ഞ മേഖലകൾ തിരഞ്ഞെടുക്കേണ്ടതിന് പകരം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടത്ത് മാലിന്യ പ്ലാന്റുകൾ നിർമിക്കാനുള്ള തീരുമാനത്തിലെത്താൻ അധികാരികൾക്ക് എങ്ങനെയാണ് സാധിക്കുന്നത്? ആരാണ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നത്? ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടും ഒരടി പിന്നോട്ടില്ലെന്ന നിലപാടിൽ ഭരണാധികാരികൾ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും?
ആവിക്കലിന്റെ ഭാവി
ആവിക്കൽ തോടിനോട് ചേർന്നുള്ള സ്ഥലത്താണ് കോഴിക്കോട് കോർപ്പറേഷൻ പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. 72 കോടിയോളമാണ് ചെലവ്. കോർപ്പറേഷനിലെ 66, 67 വാർഡുകളിലേയും 62-ാം വാർഡിന്റെ ചെറിയൊരു ഭാഗത്തേയും കക്കൂസ് മാലിന്യം സംസ്ക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. മൂന്ന് വാർഡുകളിലൂടെ പൈപ്പിട്ടാണ് വീടുകളിലെ കക്കൂസ് മാലിന്യം പ്ലാന്റിലേക്ക് എത്തിക്കുക. പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ ഒരുദിവസം ഏഴ് മില്യൺ ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ പ്ലാന്റിൽ ശുചീകരിക്കുന്ന വെള്ളത്തിന്റെ 10 ശതമാനം ബീച്ച് ശുചീകരണത്തിനും മറ്റുമായി ഉപയോഗിക്കും, ബാക്കി ഒഴുക്കി വിടും. അടുത്തഘട്ടത്തിൽ മുഴുവൻ വെള്ളവും പുനരുപയോഗം ചെയ്യുമെന്നും കോർപ്പറേഷൻ പറയുന്നു. ഒമ്പത് മാസത്തിനകം പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രദേശവാസികളെ ഇതൊന്നും ബോധ്യപ്പെടുത്താൻ ഇതുവരെ കോർപ്പറേഷന് സാധിച്ചിട്ടില്ല. വൈകിയാൽ പ്ലാന്റിനുള്ള ഫണ്ട് നഷ്ടപ്പെടുമെന്ന കാരണത്താൽ നാട്ടുകാരുടെ എതിർപ്പുകൾ ആവഗണിച്ച് നടപടികൾക്ക് വേഗം കൂടി. നാട്ടുകാരെ വിശ്വാസത്തിലെടുക്കാതെ സർക്കാർ മുന്നോട്ടുപോയത് പ്രതിഷേധങ്ങളുടെ ആക്കംകൂട്ടി. മുമ്പ് ഞെളിയൻപറമ്പിലും ബ്രഹ്മപുരത്തും വിളപ്പിൻശാലയിലും ഉൾപ്പെടെ സമാനമായ ജനകീയ പ്രതിഷേധങ്ങൾ കത്തിജ്വലിച്ച അനുഭവങ്ങൾ മുന്നിലുണ്ടായിട്ടും ആവിക്കൽ ജനതയുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാൻ കോർപ്പറേഷൻ തയ്യാറായില്ല. എന്തുവിലകൊടുത്തും പ്ലാന്റുമായി മുന്നോട്ടെന്ന നിലപാടെടുത്ത കോർപ്പറേഷൻ പോലീസ് സംരക്ഷണത്തോടെ സർവ്വേ ഉൾപ്പെടെ പൂർത്തിയാക്കി. പ്രതിഷേധവും ശക്തിപ്പെട്ടു. അറസ്റ്റും ലാത്തിച്ചാർജും പ്രക്ഷോഭത്തെ കൂടുതൽ ശക്തമാക്കി. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സമവായമുണ്ടാക്കേണ്ടതിന് പകരം സമരക്കാർക്ക് പിന്നിൽ തീവ്രവാദികളാണെന്ന ആരോപണം വരെ സിപിഎം നേതൃത്വം ഉയർത്തി.
മഴക്കാലത്ത് വലിയ തോതിൽ വെള്ളം കയറുന്ന പ്രദേശമാണിത്. മാലിന്യ പ്ലാന്റ് കൂടി വന്നാൽ അവിടെയുള്ള മാലിന്യവും രാസവസ്തുക്കളും വീടുകളിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. പ്ലാന്റിലെ രാസവസ്തുകളടങ്ങിയ വെള്ളം കടലിലെത്തുമ്പോൾ മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും മത്സ്യമേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് ആശങ്കയുണ്ട്. എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽനിന്നുള്ള അഴുക്കുജലം കലർന്ന് രാജ്യത്ത് തന്നെ ഏറ്റവും മാലിന്യമുള്ള പുഴകളുടെ പട്ടികയിൽ ഇടംപിടിച്ച കടമ്പ്രയാറിന്റെ ദുരവസ്ഥ ഇവിടേയും ഉണ്ടായേക്കുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത് യോഗ്യതയില്ലാത്ത റാം ബയോളജിക്കൽസ് എന്ന കൺസൾട്ടൻസിയുടെ ഡിപിആറിന്റെ പിൻബലത്തിലാണെന്നാണും ഈ കൺസൾട്ടൻസിയെ തിരഞ്ഞെടുത്തത് നിയമവിരുദ്ധമായിട്ടാണെന്നും സമരസമിതി നേതാക്കൾ ആരോപിക്കുന്നുണ്ട്.
ഇത്രയധികം പേർ താമസിക്കുന്ന പ്രദേശത്ത് മാലിന്യ പ്ലാന്റ് വന്നാൽ ഞങ്ങൾ എങ്ങനെ ഇവിടെ ജീവിക്കുമെന്നാണ് പ്രദേശവാസിയായ സൈനാബിയുടെ ചോദ്യം. ദുർഗന്ധം സഹിച്ച് ഭക്ഷണമെങ്കിലും കഴിക്കാനാകുമോ. ഈ മാലിന്യ തൊട്ടിയിലേക്ക് മക്കളെ കല്യാണം കഴിച്ചയക്കാൻ പോലും ആളുകൾ മടിക്കും. പ്ലാന്റ് വരുമ്പോൾ നിങ്ങൾ എന്താണ് അന്നതിനെ എതിർക്കാതിരുന്നതെന്ന് നാളെ പേരക്കുട്ടികൾ തന്നോട് ചോദിക്കാനുള്ള ഇടവരരുത്. ജീവൻ പോയാലും പ്ലാന്റിനെതിരേ സമയംചെയ്യുമെന്നും സൈനാബി പറയുന്നു. ആവിക്കലിലെ സമരക്കാർക്ക് നേരേ പോലീസ് ലാത്തിവീശിയതിന് പിന്നാലെ കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരുടെ കൂട്ടത്തിൽ സൈനാബിയുമുണ്ടായിരുന്നു. നാടിന്റെ നിലനിൽപ്പിനായി പോരാടിയതിന് ഈ വാർധക്യകാലത്ത് കേസും കോടതിയുമായി നടക്കേണ്ടി വരുമോയെന്ന ആശങ്കയും ദുഖത്തോടെ സൈനാബി പങ്കുവയ്ക്കുന്നു.

തട്ടിക്കൂട്ട് പദ്ധതിയുമായി കോർപ്പറേഷൻ തങ്ങളെ വഞ്ചിക്കുകയാണ്. എന്തുവിലകൊടുത്തും സമരം തുടരും. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നത്. ജനകീയ പ്രക്ഷോഭത്തിലൂടെ പ്ലാന്റിനെതിരേ പോരാടും. സമീപവാസികൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്തരം പ്ലാന്റുകൾ പാർശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ മുന്നിലേക്ക് മാത്രം കൊണ്ടുവരുന്നത്. മാവൂർ റോഡിലോ കൊട്ടാരം റോഡിലോ നടക്കാവിലോ ഒന്നും പ്ലാന്റ് സ്ഥാപിക്കാത്തത് എന്തുകൊണ്ടാണ്. എല്ലാവരുടേയും മാലിന്യം പേറേണ്ടത് കൊച്ചുപ്രദേശങ്ങളിൽ തിങ്ങിപ്പാർക്കുന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണോ?, ആവിക്കലിലെ സമരസമിതി കൺവീനർ ഇർഫാൻ ഹബീബ് ചോദിക്കുന്നു.
അതേസമയം, ജൈവമാലിന്യം തിന്ന് തീർക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചാണ് വെള്ളം ശുചീകരിക്കുകയെന്നും ഈ വെള്ളം പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുശാസിക്കുന്ന രീതിയിൽ ക്ലോറിനേറ്റ് ചെയ്യുന്നതാണ് പ്ലാന്റിന്റെ പ്രവർത്തന രീതിയെന്നും കോർപ്പറേഷൻ പറയുന്നു. അതിനാൽ ജലാശയങ്ങളിൽ മാലിന്യം കലരില്ലെന്നും ബാക്കി വരുന്ന മാലിന്യം വളമായി മാറ്റാൻ കഴിയുന്നതാണെന്നും ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും കോർപ്പറേഷൻ പറയുന്നു. ദുർഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിർദേശമുണ്ടെന്നും ഇതിനായി രണ്ടുകോടി അധികം നീക്കിവെച്ചിട്ടുണ്ടെന്നുമാണ് കോർപ്പറേഷന്റെ വാദം.

ഏറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ഇത്തരമൊരിടത്ത് വരുന്ന പ്ലാന്റിന് പിന്നീട് എന്തെങ്കിലും സംഭവിച്ചാൽ മനുഷ്യ ജീവിതം ഏതാണ്ട് അസാധ്യമാകും. വിളപ്പിൻശാലയിലും ഞെളിയൻപറമ്പിലുമെല്ലാം സംഭവിച്ചത് അതാണ്. ഇതിന് സമാനമായി മറ്റൊരു സീവേജ് പ്ലാന്റ് ഗുരുവായൂർ നഗരത്തിലെ ചക്കുംകണ്ടത്ത് കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. ജനങ്ങൾ ഒരുപാട് കാലം ഇതിനെതിരേ സമരം ചെയ്തു. പ്ലാന്റിന്റെ നിർമാണം 90 ശതമാനം കഴിഞ്ഞെന്നാണ് കഴിഞ്ഞ 10 വർഷമായി അധികൃതർ പറയുന്നത്. എന്നാൽ ഇപ്പോഴും ഗുരുവായൂർ നഗരത്തിലെ കക്കൂസ് മാലിന്യം മുഴുവൻ ഒഴുകുന്നത് ചക്കുംക്കണ്ടം കായലിലേക്കാണ്. പ്ലാന്റ് ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. വീടുകളിൽ നിന്ന് പൈപ്പ് മുഖേന മാലിന്യം കൊണ്ടുവരും. എന്നാൽ പ്ലാന്റ് പ്രവർത്തിക്കാത്തതിനാൽ ഇത് നേരെ ചക്കുംക്കണ്ടത്തെ കായലിലേക്ക് വിടും. ആവിക്കലിലേത് തണ്ണീർത്തടം നികത്തി മണ്ണിട്ട് നികത്തിയ സ്ഥലമാണ്. മണ്ണിട്ട സ്ഥലത്തെല്ലാം മഴക്കാലത്ത് വെള്ളം കയറും. കക്കൂസ് മാലിന്യം സംസ്ക്കരിക്കുമെന്ന് പറയുന്ന അവിടുത്തെ മാലിന്യ പ്ലാന്റിൽ വെള്ളം കയറിയാൽ എന്തായിരിക്കും സ്ഥിതി. അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും - സിആർ നീലകണ്ഠൻ.
ബ്രഹ്മപുരത്തെ അവസ്ഥയെന്ത്?

ബ്രഹ്മപുരത്ത് കൊച്ചി നഗരത്തിലെ ആദ്യ മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് 2008 മേയ് 18നാണ്. 63 ഏക്കർ സ്ഥലത്തായിരുന്നു പ്ലാന്റ്. 21 കോടി രൂപ ചെലവിൽ ആന്ധ്രാപ്രദേശ് ടെക്നോളജി ഡവലപ്മെന്റ് ആൻഡ് പ്രൊമോഷൻ സെന്ററാണ് പ്ലാന്റ് നിർമിച്ചത്. ഒരുവർഷത്തെ നടത്തിപ്പ് ചുമതല 'ഹിക്വിപ് ടെക്നോളജീസ്' എന്ന കമ്പനിക്കായിരുന്നു. ആദ്യമെല്ലാം കാര്യങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും അധികം വൈകാതെ പ്രവർത്തനം താളംതെറ്റി. സംസ്ക്കരണം നടക്കാതെ മാലിന്യങ്ങൾ കുന്നുകൂടി. മഴക്കാലത്ത് മാലിന്യം കലർന്ന വെള്ളം ഒലിച്ചെത്തിയതോടെ പരിസരത്തെ കിണറുകൾ ഉപയോഗ ശൂന്യമായി. പ്രദേശവാസികൾ സമരവും തുടങ്ങി. മുങ്ങുന്ന കപ്പലിൽനിന്ന് രക്ഷതേടി കരാർ കമ്പനിയും ബ്രഹ്മപുരത്തെ കൈവിട്ടു. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്ന സംഭവങ്ങൾ പതിവായി. പ്രദേശമാകാകെ പുക പടരാൻ തുടങ്ങി. മാലിന്യ സംസ്ക്കരണം താളംതെറ്റി. ഇതോടെ പ്രശ്ന പരിഹരിക്കാനുള്ള ശ്രമങ്ങൾ കോർപ്പറേഷൻ ഊർജിതമാക്കി. ജൈവമാലിന്യം വളമാക്കി മാറ്റുന്ന പ്രവർത്തനം ഇപ്പോഴും ഇവിടെ നടക്കുന്നുണ്ടെന്നാണ് കോർപ്പറേഷൻ പറയുന്നത്.
അതേസമയം, പ്ലാന്റിനുള്ളിൽ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും കുന്നുകൂടുന്ന മാലിന്യങ്ങൾ കടമ്പ്രയാറിലേക്ക് തള്ളുകയാണ് ചെയ്യുന്നതെന്നും പ്രദേശത്തെ ഓട്ടോഡ്രൈവറായ പ്രദീപ് പറയുന്നു. പ്ലാന്റിലേക്ക് പോകുന്ന മാലിന്യ വണ്ടികളിൽ നിന്ന് മാലിന്യങ്ങൾ റോഡിൽ വീണുള്ള പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഇതുമൂലം പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും പ്രദീപ് പറഞ്ഞു.
108 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. മാലിന്യങ്ങൾ കൂട്ടിയിടാൻ ആവശ്യത്തിന് സൗകര്യം ഇവിടെ തന്നെയുള്ളപ്പോൾ മാലിന്യം കടമ്പ്രയാറിലേക്ക് തള്ളുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പറഞ്ഞു. ജൈവ മാലിന്യം സംസ്ക്കരിച്ച് അതിൽനിന്ന് വളം ഉത്പാദിപ്പിക്കുന്ന പ്രവർത്തനമാണ് പ്ലാന്റിൽ നടക്കുന്നത്. മാലിന്യങ്ങളിൽ പുനരുപയോഗം ചെയ്യാനാവുന്ന പ്ലാസ്റ്റിക്കുകൾ കരാറുകാരനും എടുക്കുന്നുണ്ട്. ഇതുവഴി കോർപ്പറേഷന് ചെറിയ വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂട്ടിപ്പോയ വിളപ്പിൽശാല
നഗരത്തിലെ ഖരമാലിന്യം സംസ്ക്കരിക്കുന്നതിന് 2000-ത്തിലാണ് തിരുവനന്തപുരം കോർപ്പറേഷൻ വിളപ്പിൽശാലയിൽ ഒരു എയറോബിക് കമ്പോസ്റ്റിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദിവസേന 300 ടൺ മാലിന്യം കോർപ്പറേഷൻ പ്ലാന്റിൽ എത്തിച്ചുനൽകണമെന്നായിരുന്നു ഓപ്പറേറ്ററായ പോബ്സ് കമ്പനിയുമായുള്ള കരാർ. ഇതോടെ കുടുംബശ്രീ പ്രവർത്തകരെ കൂടി രംഗത്തിറക്കി കോർപ്പറേഷൻ വീടുകളിലെത്തി മാലിന്യം ശേഖരിക്കാൻ തുടങ്ങി. എന്നാൽ ഈ വഴിയെല്ലാം മാലിന്യം ശേഖരിച്ചിട്ടും ശരാശരി 60-70 ടൺ മാലിന്യം മാത്രമേ നഗരസഭയ്ക്ക് പ്ലാന്റിലെത്തിക്കാൻ കഴിഞ്ഞുള്ളു. നഗരസഭ ആവശ്യത്തിന് മാലിന്യം വിതരണം ചെയ്യാത്തതിന് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്ലാന്റിൽ മാലിന്യം മുഴുവനായും സംസ്കരിക്കുന്നതിനു പകരം ഓപ്പറേറ്റർ, കോമ്പൌണ്ടിനുള്ളിൽ ഗണ്യമായ ഒരു ഭാഗം കൂട്ടിയിടുകയായിരുന്നു ചെയ്തുവന്നത്. പ്രതിദിനം 150 ടൺ ജൈവ മാലിന്യങ്ങൾ മാത്രം സംസ്ക്കരിക്കാനുള്ള ശേഷി മാത്രമേ പ്ലാന്റിനുള്ളുവെന്നും പിന്നീട് ഒരു സാങ്കേതിക സമിതി കണ്ടെത്തി.

മാലിന്യം കുന്നുകൂടി പ്രശ്നം പ്രദേശവാസികളെ ബാധിച്ചതോടെയാണ് പ്ലാന്റിനെതിരെ സമരം ചെയ്യാൻ അവർ നിർബന്ധിതരായത്. എന്നാൽ അധികാരികൾ പ്രതിഷേധത്തെ അവഗണിച്ചു. 2010ഓടെ ജനകീയ സമരം ശക്തമായി. മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറികൾ സമരക്കാർ തടഞ്ഞിട്ടു. കോർപ്പറേഷനിലെ മാലിന്യനീക്കം നിലച്ചു. പ്ലാന്റിലെ മാലിന്യ സംസ്ക്കരണവും നിലച്ചു. പിന്നീട് കോർപറേഷൻ പ്ലാന്റിന്റെ ചുമതല ഏറ്റെടുത്തെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ 2012ൽ പ്ലാന്റ് അടച്ചുപൂട്ടി..
തിരിച്ചടിയായ ഞെളിയൻപറമ്പ്

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു ഞെളിയൻപറമ്പ്. ചെറുവണ്ണൂർ-നല്ലളം പഞ്ചായത്തിലെ ഞെളിയൻപറമ്പ് 1936-ലാണ് കോർപ്പറേഷൻ വിലയ്ക്കെടുക്കുന്നത്. മലം തള്ളാനാണ് ആദ്യം അവിടം ഉപയോഗിച്ചിരുന്നത്. 1983-ൽ കോടതി ഇടപെട്ട് ഇത് തടഞ്ഞതോടെ ഞെളിയൻപറമ്പ് മാലിന്യനിക്ഷേപ കേന്ദ്രമായി. മെഡിക്കൽ കോളേജിലേയും ബീച്ച് ആശുപത്രിയിലേയുമെല്ലാം മാലിന്യങ്ങൾ അവിടെ നിക്ഷേപിച്ചതോടെ 1994 മുതൽ സമീപവാസികൾ സമരം തുടങ്ങി. ആ വർഷം തന്നെ പൗരസമിതി നടത്തിയ നിയമയുദ്ധത്തിനൊടുവിൽ ഞെളിയൻപറമ്പിൽ പ്ലാന്റ് നിർമിക്കാൻ തീരുമാനമായി. 2000 ജൂലായ് 11നാണ് ഭാഗികമായി പൂർത്തിയായ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്ലാന്റ് വന്നിട്ടും അവിടെ മാലിന്യങ്ങൾ കുമിഞ്ഞുകൂടി ദുർഗന്ധം പരന്നു. ഇതോടെ മാലിന്യനിക്ഷേപ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ജനങ്ങൾ വീണ്ടും സമരം തുടങ്ങി. പ്രദേശവാസികൾക്ക് ചർമരോഗവും ശ്വാസകോശ രോഗങ്ങളും വ്യാപകമായതും പ്രശ്നത്തിന്റെ തീവ്രത കൂട്ടി.
പിന്നീട് മാലിന്യങ്ങൾ വികേന്ദ്രീകരിച്ച് സംസ്ക്കരിക്കാൻ അഞ്ചിടത്ത് ചെറുപ്ലാന്റുകൾ സ്ഥാപിക്കാൻ ധാരണയായെങ്കിലും പ്രവർത്തനമൊന്നും നടന്നില്ല. പ്രതിദിനം 150 ടണ്ണിലേറെ മാലിന്യങ്ങൾ എത്തുന്ന ഞെളിയൻപറമ്പിൽ അതിന്റെ 35 ശതമാനം മാത്രം സംസ്ക്കരിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. അതോടെ ബാക്കി മാലിന്യം അവിടെത്തന്നെ കുന്നുകൂടി. പതിയെ സംസ്ക്കരണമെല്ലാം താളംതെറ്റി. പ്രതിഷേധവും ശക്തമായി. ജൈവമാലിന്യം സംസ്ക്കരിച്ച് വളമാക്കി മാറ്റുന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.

ലാത്തിക്ക് മുന്നിൽ തളരാത്ത പ്രതിഷേധങ്ങൾ
പെട്ടിപ്പാലം, ലാലൂർ, ചക്കംകണ്ടം, ചേലോറ, കുരീപ്പുഴ, വടവാതൂർ, സർവോദയപുരം, പാറക്കടവ്, കേളുഗുഡ്സെ: മാലിന്യ നിക്ഷേപത്തിനെതിരേ ജനകീയ പ്രതിഷേധങ്ങൾ ആളിക്കത്തിയ ഇടങ്ങളാണ് ഇതെല്ലാം. നാളുകൾനീണ്ട സമരപോരാട്ടങ്ങളുടെ കഥകൾ ഇവയ്ക്കെല്ലാം പറയാനുണ്ട്. അതാത് നഗരസഭകൾ പണ്ടുമുതലേ പതിവായി മാലിന്യം തള്ളിയിരുന്ന ഈ പ്രദേശങ്ങളിൽ ജനസാന്ദ്രത ഏറിയതോടെയാണ് പ്രശ്നങ്ങൾ ഗുരുതരമായത്. ജനങ്ങൾ നഗരസഭകൾക്ക് നേരി തിരിഞ്ഞു. ചർച്ചകളും നടപ്പാക്കാത്ത ഉറപ്പുകളുമായി സമരം തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ ശാശ്വതമായ പരിഹാരം മാത്രം കണ്ടെത്തിയില്ല. പോലീസല്ല പട്ടാളം വന്നാലും പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സാധിക്കില്ലെന്ന തിരിച്ചറിവിൽ സർവോദയപുരത്തേയും ലാലൂരേയും സമരഭൂമിയിൽനിന്ന് ഭരണകൂടം പിൻവലിഞ്ഞു. മാലിന്യ നിക്ഷേപം നിലച്ചെങ്കിലും ശാപമോക്ഷം കിട്ടാതെ ഇപ്പോഴും മാലിന്യ കൂമ്പാരമായി അവശേഷിക്കുന്ന ഇടങ്ങളുമുണ്ട്. ശാസ്ത്രീയ രീതി അവലംബിക്കാതെ ദീർഘവീക്ഷണമില്ലാതെ ജനങ്ങളെ മുഖവിലക്കെടുക്കാതെ പുതിയ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളെക്കുറിച്ച് ആലോചിക്കാൻ പോലും പാടില്ലെന്നാണ് ഇവയെല്ലാം നൽകുന്ന പാഠങ്ങൾ.
ആദ്യ നിയമം ഫലപ്രദമായില്ല, നിയമത്തിൽ മാറ്റം വന്നത് 2016ൽ
മാലിന്യ സംസ്ക്കരണത്തിനായി ഇന്ത്യയിൽ ആദ്യമായി മുനിസിപ്പൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമം ഉണ്ടാകുന്നത് 2000-ത്തിലാണ്. തുടർന്ന് പതിനാറ് വർഷത്തോളം ഈ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യത്തെ മാലിന്യ സംസ്ക്കരണമെല്ലാം. എന്നാൽ മാലിന്യ പ്രശ്നം പൂർണമായി പരിഹരിക്കാൻ ഈ നിയമം അപര്യാപത്മായിരുന്നു. കേന്ദ്രീകൃത മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് മാലിന്യങ്ങൾ സംസ്ക്കരിക്കണമെന്നായിരുന്നു നിയമത്തിലെ നിർദേശം. ഇതിനു ചുവടുപിടിച്ചാണ് കോടികൾ ചെലവഴിച്ച് കേരളത്തിൽ പലയിടത്തും കേന്ദ്രീകൃത പ്ലാന്റുകൾ വന്നത്. തുടക്കത്തിൽ മാത്രം നല്ല രീതിയിൽ പ്രവർത്തിച്ച പ്ലാന്റുകളെല്ലാം പിന്നീട് മാലിന്യ കൂട്ടിയിടാനുള്ള ഡബ്ബ് യാർഡുകളായി. സംസ്ക്കരണം കീറാമുട്ടിയായതോടെ കരാർ കമ്പനികൾ പതിയെ കൈയൊഴിയാൻ തുടങ്ങി. ഇതോടെ മാലിന്യം കുന്നുകൂടി പരിസരങ്ങളിൽ ദുർഗന്ധം രൂക്ഷമായി. പ്രശ്നം ഗുരുതരമായതോടെ വിളപ്പിൻശാല പൂട്ടി. സമാന സാഹചര്യമായിരുന്നു ഞെളിയൻപറമ്പിലും ബ്രഹ്മപുരത്തും. സംസ്ക്കരണം പേരിന് മാത്രമായി ചുരുങ്ങി.
ആദ്യ നിയമം പരാജയപ്പെട്ടെന്ന് തിരിച്ചറിവ് വന്നതോടെ 2016ലാണ് സോളിഡ് വേസ്റ്റ് മാനേജ്മെന്റിനായി പുതിയ നിയമം കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. പരസ്ഥിതി പ്രവർത്തകരുടെ നിർദേശങ്ങളും പരിഗണനയ്ക്കെടുത്ത് ഏറെക്കുറെ സമഗ്രമായ നിയമമായിരുന്നു അത്. എന്നാൽ നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം തന്നെ ചിലർ ഇടപെട്ട് നിയമത്തിൽ ചില ഭേദഗതികൾ വരുത്തി. ഭേദഗതിയോടെ നിയമത്തിലെ പല കാര്യങ്ങളും ഫലത്തിൽ പ്രയോജനമില്ലാതായി. വൻകിട മാലിന്യ സംസ്ക്കരണ കമ്പനികളുടെയും കരാറുകാരുടെയും ഇടപെടലുകളും ഇതിൽ സംശയിക്കാം. തുടർന്ന് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമവും അതേ വർഷംതന്നെ വന്നു. പുന:രുപയോഗം ചെയ്യാനാകാത്ത പ്ലാസ്റ്റിക്കുകൾ അഞ്ച് വർഷങ്ങൾക്കകം പൂർണമായും ഒഴിവാക്കുമെന്ന നിർണായക പ്രഖ്യാപനവും അതിലുണ്ടായിരുന്നു. എന്നാൽ രണ്ട് മാസത്തിനകം ആ നിയമത്തിലും ഭേദഗതി വന്നു. കത്തിച്ച് അതിൽനിന്ന് ഊർജമെടുക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകളെ ഇതിൽ നിന്നൊഴിവാക്കി. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന വേസ്റ്റ് ടു എനർജി കമ്പനികൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള കളമൊരുക്കാൻ ലക്ഷ്യമിട്ടായിരുന്നു നിയമം പരിഷ്കരിച്ചതെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചിരുന്നു.
മാലിന്യം വേർതിരിച്ചില്ല, അവിടംമുതൽ വീഴ്ചകൾ

മാലിന്യ സംസ്ക്കരണ പ്ലാന്റുകളെന്ന് പറഞ്ഞ് അക്കാലത്ത് തുടങ്ങിയ കേന്ദ്രീകൃത പദ്ധതികളെല്ലാം വെറും കംബോസ്റ്റ് പ്ലാന്റുകൾ മാത്രമായിരുന്നു. സമ്പൂർണമായൊരു മാലിന്യ സംസ്ക്കരണ പ്ലാന്റ് കേരളത്തിലെവിടെയും ഇന്നേവരെ സ്ഥാപിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യമെന്നും പരിസ്ഥിതി പ്രവർത്തകനായ കെഎൻ ഷിബു പറയുന്നു.
ഇത്തരം കംബോസ്റ്റിങ് പ്ലാന്റുകളിലേക്ക് മാലിന്യങ്ങൾ വേർതിരിച്ചെടുക്കാതെ ഒന്നിച്ചു കൊണ്ടുവന്നതായിരുന്നു ആദ്യത്തെ പ്രശ്നം. സംസ്ക്കരണത്തിലെ വീഴ്ചകൾ അവിടംമുതൽ തുടങ്ങി. കേരളത്തിലെ ആകെ മാലിന്യത്തിൽ ഏകദേശം 65-70 ശതമാനം വരെ ജൈവമാലിന്യമായിരിക്കും. ബാക്കി 30-35 ശതമാനം വരെയാണ് അജൈവ മാലിന്യങ്ങളുടെ അളവ്. വിവിധ ഇടങ്ങളിൽ നിന്നെത്തുന്ന മിക്സഡ് മാലിന്യം അരിച്ചെടുത്ത് അജൈവമായവ മാറ്റിയിടുകയായിരുന്നു പ്ലാന്റുകളിലെ പതിവ്. ഇങ്ങനെ മാറ്റിയിടുന്നവ വലിയ മാലിന്യ കൂമ്പാരമായി മാറി. പ്ലാന്റിനുള്ളിലെ സ്ഥലസൗകര്യവും ഇതുമൂലം കുറഞ്ഞുവന്നു. മിക്സഡ് മാലിന്യം കംബോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ഗുണനിലവാരവും ഇടിഞ്ഞു. ഇതോടെ വളത്തിനുള്ള ആവശ്യക്കാരും കുറഞ്ഞു. പതിയെ കംബോസ്റ്റ് സംസ്ക്കരണവും മന്ദഗതിയിലായി. ദിനംപ്രതി എത്തുന്ന ടൺ കണക്കിന് മാലിന്യങ്ങൾ കുന്നുകൂടിയാണ് ഒട്ടുമിക്ക പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചതെന്നും കെഎൻ ഷിബു പറയുന്നു.
(തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നടപ്പാക്കിയ മികച്ച മാലിന്യ സംസ്ക്കരണ രീതികളെക്കുറിച്ച് അടുത്ത ഭാഗത്തിൽ വായിക്കാം)
തുടരും...
രണ്ടാം ഭാഗം- മാതൃകയുണ്ട്, പിന്തുടരാൻ സർക്കാരിനാണോ മടി? മാലിന്യ സംസ്ക്കരണത്തിൽ മുതലെടുപ്പ് വേണ്ട
മൂന്നാം ഭാഗം- വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, മനസ്സുണ്ടായാൽ മതി; മാലിന്യം ഇനിയും വലിച്ചെറിയരുത്
Content Highlights: kerala waste plant history, avikkal protest
Published: 30 Aug 2022, 11:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented