മാതൃകയുണ്ട്, പിന്തുടരാന്‍ സര്‍ക്കാരിനാണോ മടി? മാലിന്യ സംസ്‌ക്കരണത്തില്‍ മുതലെടുപ്പ് വേണ്ട | പരമ്പര


ജിതേഷ് പൊക്കുന്ന്കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ വിളപ്പിന്‍ശാല സമരത്തെയെല്ലാം സര്‍ക്കാര്‍ മറക്കുകയാണോയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം. ഇതോടെ ഉറവിട മാലിന്യ സംസ്‌ക്കരണം ഉള്‍പ്പെടെ വീണ്ടും പരാജയപ്പെടുമോയെന്ന ആശങ്കയും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നു. എവിടെ സംസ്‌ക്കരിക്കും ഈ മാലിന്യക്കൂമ്പാരം | പരമ്പര രണ്ടാം ഭാഗം

SERIES

മാലിന്യം നിറച്ച ലോറി, തുമ്പൂർമുഴി മോഡൽ

'തുറന്നുപറയുന്നതില്‍ ഖേദം തോന്നുന്നില്ല. വിളപ്പിന്‍ശാല പ്ലാന്റിന്റെ അനന്തരഫലമാണ് മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാനുള്ളതാണെന്ന ബോധം നാട്ടുകാരിലേക്ക് കൊണ്ടുവന്നത്', വട്ടിയൂര്‍കാവ് എം.എല്‍.എയായ വി.കെ പ്രശാന്ത് മുമ്പ് തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ ശുചിത്വമിഷന്റെ ഒരു സെമിനാറില്‍ പങ്കെടുക്കവെ പറഞ്ഞു. അതേ, അപ്പറഞ്ഞത് തന്നെയാണ് യഥാര്‍ഥ്യം. വീടുകളിലെ ജൈവമാലിന്യങ്ങള്‍ അന്നുവരെ വലിയ കുഴപ്പമൊന്നുംകൂടാതെ മര്യാദയ്ക്ക് വീട്ടുപറമ്പിലൊക്കെ സംസ്‌ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സര്‍ക്കാരുകളാണ്. വിളപ്പിന്‍ശാലയും ഞെളിയന്‍പറമ്പുമെല്ലാം പൂട്ടിപ്പോയപ്പോള്‍ ബദല്‍ മാര്‍ഗമില്ലാതെ മാലിന്യം ആളുകള്‍ റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിവന്നത് അങ്ങനെയാണ്.

അക്കാലത്ത് ഒട്ടുമിക്ക മാലിന്യ പ്ലാന്റുകളുടെയും പ്രവര്‍ത്തനം നിലച്ചതോടെ പല നഗരങ്ങളും റോഡുകളും മാലിന്യങ്ങളാല്‍ നിറഞ്ഞു. മൂക്കുപൊത്താതെ നടന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയായി. എന്നിട്ടും ബദല്‍ മാര്‍ഗമൊന്നും ആവിഷ്‌ക്കരിക്കാനാകാതെ സര്‍ക്കാരും കുഴങ്ങി. അങ്ങനെയിരിക്കെ 2012-ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് മാലിന്യ സംസ്‌ക്കരണത്തില്‍ കേരളത്തില്‍ ആദ്യമായി മികച്ചൊരു മാതൃക സൃഷ്ടിച്ചത്. അന്ന് ആലപ്പുഴ എംഎല്‍എയായിരുന്നു തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി നടത്തിയ ചിട്ടയായ പ്രവര്‍ത്തനം അസാധ്യമെന്ന് കരുതിയ മാലിന്യ സംസ്‌ക്കരണം നിസാരമാക്കി. ഇത് പിന്നീട് കേരളത്തിനും രാജ്യത്തിനും തന്നെ വഴികാട്ടിയായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വോദയപുരത്തെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടെയാണ് സ്വന്തമായി ആവിഷ്‌ക്കരിച്ച വികേന്ദ്രീകൃത സംവിധാനത്തിലേക്ക് ആലപ്പുഴ മാറിയത്.

ആലപ്പുഴയുടെ വിപ്ലവം, തുമ്പൂര്‍മുഴി മാതൃക

മാലിന്യത്തില്‍ വീര്‍പ്പുമുട്ടിയ ആലപ്പുഴ നഗരസഭയുടെ മുഖച്ഛായ മാറ്റിയത് തുമ്പൂര്‍മുഴി കമ്പോസ്റ്റും മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റിയുമാണ്. നഗരസഭയുടെ വികേന്ദ്രീകൃത കമ്മ്യൂണിറ്റി തല ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളായ ഇവ വളരെ വേഗത്തില്‍ ക്ലച്ചുപിടിച്ചു. സര്‍വോദയപുരത്തിന് താഴുവീണതോടെ പ്രതിദിനം ഉല്‍പ്പാദിക്കപ്പെടുന്ന 60 ടണ്‍ ഖരമാലിന്യം എന്തുചെയ്യണമെന്ന് അറിയാതെ നഗരസഭ പകച്ചുനിന്ന സമയമായിരുന്നു അത്. വഴിയരികില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വാട്-സന്‍ പാര്‍ക്ക് എന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വൈകാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. വലിയ അടിസ്ഥാന സൗകര്യ സംവിധാനങ്ങളില്ലാതെ തന്നെ മാലിന്യം കൈകാര്യം ചെയ്യല്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ആലപ്പുഴ പതിയെ മാറുകയായിരുന്നു.

തുമ്പൂര്‍മുഴി മോഡല്‍ കംബോസ്റ്റ്‌

വെറ്റിനരി സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. ഫ്രാന്‍സിസ് സേവ്യറാണ് മാലിന്യ സംസ്‌ക്കരത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിവിത്തിട്ട തുമ്പൂര്‍മുഴി മാതൃക ആവിഷ്‌കരിച്ചത്. വായു, കരിയില, സൂക്ഷ്മാണു; ഇവമൂന്നും മാത്രമാണ് തുമ്പൂര്‍മുഴി മാതൃകയില്‍ മാലിന്യ സംസ്‌ക്കരണത്തിന് വേണ്ടത്. നാലടി സമചതുരത്തില്‍ ഒരുപൊട്ടി പോലെയായിരുന്നു ഇതിന്റെ രൂപം. അതില്‍ ആറിഞ്ച് കനത്തില്‍ കരിയിലയിടും. അതിനുമുകളില്‍ ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ലായനി തളിക്കും. അതിനുമുകളിലായി മാലിന്യം നിക്ഷേപിക്കും. അതിനുമുകളില്‍ വീണ്ടും കരിയിലയുടെ ആവരണമുണ്ടാക്കി ലായനി തളിക്കും. ഇത്തരത്തില്‍ വളരെ സിംപിളായിരുന്നു പ്രവര്‍ത്തനം. 90 ദിവസംകൊണ്ട് നിക്ഷേപിച്ച മാലിന്യം വളമായി മാറും. നഗരസഭ വീടുകളില്‍ പോയി മാലിന്യം ശേഖരിക്കുന്ന ശീലം മാറ്റി പൊതുജനങ്ങള്‍ നേരിട്ടു മാലിന്യങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നതായിരുന്നു രീതി. ഇതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കി. രാത്രിയും പകലും ഇവിടെ ജീവനക്കാരേയും നിയോഗിച്ചിരുന്നു.

Also Read
SERIES

വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, മനസ്സുണ്ടായാൽ ...

SERIES

പൂട്ടിപ്പോയവ നിരവധി, സർക്കാരിന് പാഠങ്ങൾ ...

ചാണകത്തിലെ സൂക്ഷ്മജീവികള്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ജൈവാവശിഷ്ടങ്ങളിലെ നൈട്രജന്‍, ഫോസ്ഫറസ്, കാര്‍ബണ്‍ മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. കാര്‍ബണ്‍ ഉറവിടമായിട്ടാണ് ഇവിടെ കരിയില ഇടുന്നത്. സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനഫലമായി കാര്‍ബണ്‍ ഡയോക്‌സൈഡും ചൂടും ഉണ്ടാവുകയും ജൈവാവശിഷ്ടങ്ങള്‍ ദ്രവിച്ച് പൂര്‍ണ്ണമായി സംസ്‌ക്കരിക്കപ്പെടുകയും ചെയ്യും.

തുമ്പൂര്‍മുഴി സ്വീകാര്യമായതിനൊപ്പം തന്നെ ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും നഗരസഭ സ്ഥാപിച്ചു നല്‍കി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനുള്ള ഉറവിട സംസ്‌കരണ സംവിധാനങ്ങളുണ്ടായി. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം കൃത്യമായി സംസ്‌ക്കരിക്കാന്‍ നഗരസഭ ഒരുക്കിയ മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റിയും ഫലംകണ്ടു. ഷ്രെഡിങ് യൂണിറ്റുകളിലെത്തിച്ച് പൊടിച്ച പ്ലാസ്റ്റിക് പിന്നീട്‌ റോഡ് നിര്‍മാണത്തിനും ഉപയോഗിച്ചു തുടങ്ങി.

പാലക്കാട്ടുള്ള തുമ്പൂര്‍മുഴി മോഡല്‍ കംബോസ്റ്റ് യൂണിറ്റ്‌

വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ മലിനീകരണം ഫലപ്രദമായി തടയുന്നതില്‍ വിജയിച്ച ലോകത്തെ മികച്ച അഞ്ച് നഗരങ്ങളില്‍ ഒന്നായി 2017-ല്‍ ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി ആലപ്പുഴയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഓരോ വീടുകളിലേക്കുമെത്തി ജനങ്ങളെ ബോധവത്കരിച്ച് നഗരസഭയിലെ ശുചിത്വ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും നടത്തിയ ചിട്ടയായ പ്രവര്‍ത്തനമായിരുന്നു ഈ വിജയത്തിന്റെ അടിസ്ഥാനം. തുമ്പൂര്‍മൂഴി മാതൃക ശ്രദ്ധിക്കപ്പെട്ടതോടെ, മാലിന്യ പ്രശ്നം എങ്ങനെയും പരിഹരിക്കാന്‍ മാര്‍ഗം തേടി നടന്ന സംസ്ഥാനത്തെ മറ്റു തദ്ദേശസ്ഥാപനങ്ങളും ഈ രീതി പിന്തുടരാന്‍ മുന്നോട്ടുവന്നു

അഴുകുന്ന മാലിന്യമെല്ലാം കംബോസ്റ്റാക്കണമെന്നും പുനരുപയോഗിക്കാവുന്നവ ആ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഇതിനൊന്നും പറ്റാത്ത മാലിന്യങ്ങള്‍ മാത്രമേ സുരക്ഷിതമായി മണ്ണിട്ട് മൂടാന്‍ പാടുവെന്നുമാണ് 2016-ലെ കേന്ദ്ര മാലിന്യ സംസ്‌ക്കരണ നിയമത്തില്‍ പറയുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ ഈ രീതികളിലേക്ക് മാറിയ ഉത്തമ മാതൃക കൂടിയായിരുന്നു ആലപ്പുഴ നഗരസഭ.

ആലപ്പുഴയെ പിന്തുടര്‍ന്ന് ക്ലീനായ തീരുവനന്തപുരം

തിരുവനന്തപുരം കോര്‍പ്പറേഷന്‍, ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കേരളത്തില്‍ മാലിന്യ പ്രശ്നം ഇത്ര രൂക്ഷമായ മറ്റൊരു സ്ഥലമില്ലായിരുന്നു. 2012ല്‍ വിളപ്പന്‍ശാല പൂട്ടിയതുമുതല്‍ നൂറോളം വാര്‍ഡുകളുള്ള കോര്‍പ്പറേഷനിലെ മുഖ്യവില്ലന്‍ മാലിന്യമാണ്. എവിടെ തിരിഞ്ഞാലും കൂട്ടിയിട്ട മാലിന്യങ്ങള്‍ സ്ഥിരംകാഴ്ചയായ സ്ഥിതി. മാലിന്യത്തില്‍ മുങ്ങിയ നഗരത്തെ രക്ഷപ്പെടുത്താന്‍ വികെ പ്രശാന്ത് മേയറായിരുന്ന കാലത്താണ് കോര്‍പ്പറേഷന്‍ ആലപ്പുഴ മാതൃക പിന്തുടരാന്‍ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് പ്രധാന്യം നല്‍കി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.

തുമ്പൂര്‍മുഴി മാതൃകയില്‍ പൊതുസ്ഥലത്ത് ജൈവമാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഓരോ വീടുകളിലും മാലിന്യം കമ്പോസ്റ്റ് ചെയ്യാനുള്ള സംവിധാനവും അജൈവ മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ സൗകര്യങ്ങളും ഒരുക്കി. മാലിന്യം വലിച്ചെറിയുന്ന ശീലം ഒരുപരിധിവരെ മാറിത്തുടങ്ങി. കോര്‍പ്പറേഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും പദ്ധതി മുന്നോട്ടുപോയതോടെ പതിയെ തിരുവനന്തപുരത്തിന്റെ മാലിന്യ പ്രശ്നം ഗണ്യമായി കുറയ്ക്കാനും കോര്‍പ്പറേഷന് സാധിച്ചു. നഗരസഭയ്ക്ക് കീഴിലെ ചെറിയൊരു പ്രദേശത്ത് ആലപ്പുഴ വിജയിപ്പിച്ച് കാണിച്ച തുമ്പൂര്‍മൂഴി മോഡല്‍ പരിധികളില്ലാതെ വലിയതോതില്‍ നടപ്പാക്കാമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും തെളിയിച്ചു.

ബാലുശ്ശേരിയിലെ തുമ്പൂര്‍മുഴി മോഡല്‍ യൂണിറ്റ്

ഇതോടെ തുമ്പൂര്‍മുഴിയെ മാതൃകയാക്കി സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളും വികേന്ദ്രീകൃത രീതി പരീക്ഷിച്ചു തുടങ്ങി. നഗരങ്ങള്‍ എന്നുവേണ്ട ചെറുഗ്രാമങ്ങളില്‍ പോലും തുമ്പൂര്‍മുഴി മോഡലിന് പ്രചാരമേറി. വലിയ യന്ത്രങ്ങളുടെയോ പ്ലാന്റുകളുടെയോ ആവശ്യമില്ലാതെ തന്നെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടെന്ന് അധികാരികള്‍ക്കും ബോധ്യപ്പെട്ടു. പ്രധാന കവലകള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലം തുമ്പുര്‍മുഴി മോഡല്‍ ചതുരപ്പെട്ടി സ്ഥാനംപിടിച്ചു. ചെറിയൊരു ദുര്‍ഗന്ധം പോലും ഇതിനില്ലെന്ന് ആളുകളെ ബോധ്യപ്പെടുത്തി. എന്തിനേറേ, ഹോട്ടലുകള്‍ക്ക് തൊട്ടുമുന്നില്‍ പോലും തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റ് പ്രവര്‍ത്തിച്ചുവന്നു. ഡല്‍ഹിയിലെ ഗുര്‍ഖാവിലും ബീഹാറിലും വരെ ആലപ്പുഴ മോഡല്‍ മാതൃകയാക്കി കമ്പോസ്റ്റ് യൂണിറ്റുകള്‍ ആരംഭിച്ചിരുന്നു.

മാലിന്യം; പണം കാഴ്ക്കുന്ന മരം

തുമ്പൂര്‍മുഴിയും ബയോഗ്യാസ് പ്ലാന്റും പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റുകളുമെല്ലാം വ്യാപകമായെങ്കിലും അപ്പോഴും കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പൂര്‍ണമായൊരു പരിഹാരമായിരുന്നില്ല. വികേന്ദ്രീകൃത സംസ്‌ക്കരണ മാര്‍ഗം അത്ര ഫലപ്രദമല്ലെന്നും കേന്ദ്രീകൃത മാലിന്യ പ്ലാന്റുകള്‍ നിര്‍മിക്കണമെന്നും ചില കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. സമ്പൂര്‍ണ പരാജയമാണെന്ന തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ പത്തോളം കേന്ദ്രീകൃത പ്ലാന്റുകള്‍ പൂട്ടിപ്പോയതിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു പ്ലാന്റിന് ആവശ്യമുയര്‍ന്നതെന്നും വലിയ വിരോധാഭാസമായി. സംസ്‌ക്കരണം താളംതെറ്റിയ എറണാകുളത്തെ ബ്രഹ്മപുരം പ്ലാന്റില്‍ 2012-ല്‍ ഇത്തരമൊരു വേസ്റ്റ് എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുക വരെ ചെയ്തു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പാമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാല്‍ അതിന്റെ പ്രവര്‍ത്തനമൊന്നും പിന്നീട് എങ്ങുമെത്തിയില്ല.

വികേന്ദ്രീകൃത മാര്‍ഗം ഏറെ ജനപ്രിയമായി മാറിയിട്ടും കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടാതെ നിലനിന്നതിന് കാരണം ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ എംഎന്‍ ഷിബു ആരോപിക്കുന്നത്. കേരളത്തിലെ മാലിന്യ പ്രശ്നം ഒരുകാലത്തും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് അവരെല്ലാം. വികേന്ദ്രീകൃത രീതികള്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ത്ത് വീണ്ടും കേന്ദ്രീകൃത മാര്‍ഗത്തിലേക്ക് കൊണ്ടുപോകാനാണ് അവരുടെയെല്ലാം ശ്രമം. അതിനുള്ള പ്രധാന കാരണം മാലിന്യ പ്രശ്നം പരിഹരിക്കാന്‍ എക്കാലവും സര്‍ക്കാര്‍ ചെലഴിക്കുന്നത് കോടികളാണ് എന്നുള്ളതാണ്. എന്നാല്‍ വികേന്ദ്രീകൃത രീതിയിലേക്ക് മാറിയപ്പോള്‍ അവിടെ വലിയ ചെലവുകളില്ലാത്തതിനാല്‍ അഴിമതിക്കുള്ള സാധ്യത കുറഞ്ഞു. കേന്ദ്രീകൃത പ്ലാന്റുകള്‍ക്കായി കരാറുകാരും മറ്റും വീണ്ടും സമ്മര്‍ദം ചെലുത്താനുള്ള കാരണവും ഇതാണ്. ഇത്തരം താത്പര്യം നിലനില്‍ക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ മാലിന്യ പ്രശ്നം ഒരിക്കലും പ്രായോഗികമായി പരിഹരിക്കാന്‍ പറ്റില്ലെന്നും ഷിബു പറയുന്നു.

കെ.എന്‍. ഷിബു

മാലിന്യത്തില്‍നിന്ന് വൈദ്യുതി; കണ്ടറിയണം എന്താകുമെന്ന്

മാലിന്യ സംസ്‌ക്കരണത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ മാലിന്യത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പുതിയ 'വേസ്റ്റ് ടു എനര്‍ജി' പ്ലാന്റ് സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത നീക്കം. ആറ് ജില്ലകളില്‍ ഇത്തരം പ്ലാന്റ് കൊണ്ടുവരാനാണ് പദ്ധതി. ആദ്യ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍പറമ്പിലാണ്. ആറ് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുന്നത്. ചെലവ് 300 കോടിയോളം വരും. 2020 ജനുവരിയില്‍ മുഖ്യമന്ത്രി ഞെളിയന്‍പറമ്പ് പ്ലാന്റിന് തറക്കല്ലിട്ടെങ്കിലും രണ്ടര വര്‍ഷം പിന്നിട്ടിട്ടും പദ്ധതി എവിടേയും എത്തിയിട്ടില്ല. മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചായിരുന്നു പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നോഡല്‍ ഏജന്‍സി. പദ്ധതിക്കായി ഞെളിയന്‍പറമ്പിലെ 16 ഏക്കറില്‍ 12.3 ഏക്കര്‍ സ്ഥലം കോര്‍പ്പറേഷന്‍ നോഡല്‍ ഏജന്‍സിക്ക് കൈമാറിയിരുന്നു.

ഞെളിയന്‍പറമ്പിലെ നിര്‍ദ്ദിഷ്ട വേസ്റ്റ് എനര്‍ജി പ്ലാന്റിന്റെ മാതൃക

കോഴിക്കോട് നഗരത്തില്‍ നിലവില്‍ ഒരുദിവസം 150 ടണ്‍ ജൈവമാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 50 ടണ്ണോളം അതതിടങ്ങളില്‍ സംസ്‌ക്കരിക്കുന്നുണ്ട്. 80-90 ടണ്‍ ആണ് ഞെളിയന്‍പറമ്പില്‍ എത്തിക്കുന്നത്. പുതിയ പ്ലാന്റില്‍ 200-300 ടണ്‍വരെ മാലിന്യം വൈദ്യുതി ഉത്പാദനത്തിന് വേണ്ടിവരും. അതിനാല്‍ കോര്‍പ്പറേഷന്‍ പരിധിക്ക് പുറമേ ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര നഗരസഭകള്‍, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെയെത്തിച്ച് സംസ്‌ക്കരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

കോര്‍പ്പറേഷന്‍ ഞെളിയന്‍ പറമ്പിലെത്തിക്കുന്ന മാലിന്യം കത്തിച്ച് അതുവഴി ലഭിക്കുന്ന ആവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുയും ചെയ്യുന്നതാണ് വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകളുടെ പ്രവര്‍ത്തനരീതി. ഇതുവഴി ലഭിക്കുന്ന വൈദ്യുതിയില്‍ ഒന്നര മെഗാവാട്ട് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. അഞ്ച് മെഗാവാട്ട് നല്ലളം സബ് സ്റ്റേഷനിലെത്തിച്ച് കെഎസ്ഇബിക്ക് നല്‍കാനുമാണ് ധാരണ.

അതേസമയം, വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം കേരളത്തില്‍ വലിയ പരാതികളില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് കേരള സര്‍ക്കാര്‍ വീണ്ടും ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം പരീക്ഷിക്കുന്നതെന്ന വിരോധാഭാസവും ഇവിടെ നിലനില്‍ക്കുന്നു. നേരത്തെ ബ്രഹ്മപുരം പ്ലാന്റിലും ഇതേ പദ്ധതി കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായിരുന്നില്ല. കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ വിളപ്പിന്‍ശാല സമരത്തെയെല്ലാം സര്‍ക്കാര്‍ മറക്കുകയാണോയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം. ഇതോടെ ഉറവിട മാലിന്യ സംസ്‌ക്കരണം ഉള്‍പ്പെടെ വീണ്ടും പരാജയപ്പെടുമോയെന്ന ആശങ്കയും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നു.

കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാര്‍ഗങ്ങള്‍ ഒന്നിച്ച് ഒരിടത്ത് മുന്നോട്ടുപോകില്ല. മാലിന്യ സംസ്‌ക്കരണത്തിന് മുമ്പ് സ്വീകരിച്ച നയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് സര്‍ക്കാര്‍ ഇത്തരമൊരു കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതിയുമായി വരുന്നത്. കേരളത്തിലെ ജൈവവളങ്ങളില്‍ 70 ശതമാനവും ജലാംശമാണ്. ഇവ കത്തിക്കണമെങ്കില്‍ ആദ്യം മാലിന്യത്തിലെ ജലാംശം കളഞ്ഞ് ഉണക്കണം. പറമ്പില്‍ വിരിച്ച് ഉണക്കിയെടുക്കാമെന്ന് വച്ചാല്‍ അതിനുമാത്രം സ്ഥലസൗകര്യമുള്ള ഒരിടവും കേരളത്തിലില്ല. ചൂടാക്കി കത്തിക്കുകയാണ് പിന്നെയുള്ള ഒരു പോംവഴി. ഇതിനായി ഡീസലോ വൈദ്യുതിയോ വേണം. അതായത് ഇപ്പറയുന്ന എനര്‍ജി പ്ലാന്റില്‍നിന്ന് ഒരു യൂണിറ്റ് വൈദ്യതി ഉണ്ടാക്കാന്‍ ഒന്നര യൂണിറ്റ് വൈദ്യുതി ചെലവാക്കേണ്ട ആവശ്യം വരുമെന്ന് ചുരുക്കം. അതോടെ പദ്ധതി അവതാളത്തിലാകും. പണ്ട് വിളപ്പിന്‍ശാലയിലുണ്ടായ അതേ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നിങ്ങും. ഇന്ത്യയിലെ മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലാന്റുകള്‍ സ്ഥാപിച്ച പലയിടങ്ങളിലും തിരിച്ചടി മാത്രമാണുണ്ടായത് - കെ.എന്‍. ഷിബു പറഞ്ഞു.

ഞെളിയന്‍പറമ്പ് മാലിന്യ പ്ലാന്റ്. ചിത്രം: ജിതേഷ്

വികേന്ദ്രീകൃത രീതിക്ക് പരിമിതിയുണ്ടെന്ന് കോര്‍പ്പറേഷന്‍

വികേന്ദ്രീകൃത സംസ്‌ക്കരണം തന്നെയാണ് നല്ലതെങ്കിലും അതിന് ഒരുപാട് പരിമിതികളുണ്ട്. വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് വരുന്നത് കോര്‍പ്പറേഷന്‌ ഉപകാരപ്രദമാണെന്നും ഒന്നോ രണ്ടോ വലിയ പ്ലാന്റുകളുണ്ടെങ്കില്‍ മാലിന്യ സംസ്‌ക്കരണം എളുപ്പമാകുമെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ പറയുന്നു. വര്‍ഷങ്ങളായി ഞെളിയന്‍പറമ്പില്‍ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം അരിച്ചെടുത്ത് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ പുതിയ പ്ലാന്റിനുള്ള നിര്‍മാണം ആരംഭിക്കുമെന്നും മഴ മൂലമാണ് ജോലികള്‍ നീണ്ടുപോയതെന്നും ജയശ്രീ വിശദീകരിച്ചു.

'കോര്‍പ്പറേഷന്‍ വികേന്ദ്രീകൃത രീതി ഒഴിവാക്കുകയല്ല ചെയ്യുന്നത്. ഒരു പ്രതിസന്ധി വന്നാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന പ്ലാന്റുകളുള്ളത് നല്ലതാണ്. ആ രീതിയിലാണ് ഇത്തരം വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകളെ നമ്മള്‍ കാണേണ്ടത്. എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും വികേന്ദ്രീകൃത സംസ്‌ക്കരണ കേന്ദ്രങ്ങള്‍ വേണെന്നാണ് ചട്ടം. എന്നാല്‍ എത്രത്തോളം ഫലപ്രദമായി ഇതെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നോക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും പ്രൈവറ്റ് ഓഫീസുകളിലുമെല്ലാം ഇതിനുള്ള സംവിധാനം വേണമെന്ന് പറയുന്നുണ്ട്. എന്നാല്‍ എത്രപേര്‍ ഇതെല്ലാം സ്ഥാപിക്കാന്‍ തയ്യാറായിട്ടുണ്ട്? എന്റെ വീട്ടിലുള്ള മാലിന്യം ഒന്ന് മാറ്റി കിട്ടിയാല്‍ മതിയെന്ന് മാത്രമാണ് ആളുകള്‍ക്കുള്ളത്. അത് എങ്ങോട്ട് പോകുന്നു എന്നുള്ളത് അവര്‍ക്കൊരു പ്രശ്നമല്ല. നാലായിരമോ അയ്യായിരമോ ചെലവാക്കിയാല്‍ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനം വീട്ടില്‍ സ്ഥാപിക്കാം. അതിന് കഴിയുന്ന ഒരുപാട് പേര്‍ കോഴിക്കോട്ടുണ്ട്. എന്നാല്‍ എത്ര പേരുടെ വീട്ടില്‍ ഇതെല്ലാമുണ്ട്. അവയെല്ലാം നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പുതിയ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകളെക്കുറിച്ച് ചിന്തിക്കുന്നത്. വികേന്ദ്രീകൃത യൂണിറ്റുകള്‍ മോശമായതുകൊണ്ടല്ല മറിച്ച് അത് പ്രാവര്‍ത്തികമാക്കുന്നതിലെ ബുദ്ധിമുട്ടാണ് പ്രശ്‌നം. പുതിയ പ്ലാന്റ് വന്നാലും വികേന്ദ്രീകൃത രീതി അതുപോലെ നിലനില്‍ക്കും' - ജയശ്രീ പറഞ്ഞു.

ഡോ. എം.പി. സുകുമാരന്‍ നായര്‍

കേരളത്തിലെ മാലിന്യത്തിന്റെ സ്വഭാവം വെച്ചുനോക്കുമ്പോള്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ഇവിടെ ഒരിക്കലും സാമ്പത്തികമായി വിജയിക്കില്ലെന്ന് സെന്റര്‍ ഫോര്‍ ഗ്രീന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍ പറയുന്നു. കോര്‍പ്പറേഷന്‍ പരിധിയിലുള്ള മാലിന്യം പെട്ടെന്നെടുത്ത് കത്തിച്ചതുകൊണ്ട് അത് എനര്‍ജിയാകില്ല. വേണ്ടത്ര കലോറീസ് വാല്യുവുള്ള മാലിന്യമല്ല ഇവിടെയുള്ളതെന്നതാണ് അതിന് കാരണം. ഇത്തരം പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന പലയിടങ്ങളിലും കാര്‍ബണ്‍ കൂടുതലുള്ള ടയര്‍, വേസ്റ്റ് ഓയില്‍, കലോറീസ് വാല്യു കൂടുതലുള്ള മറ്റു മാലിന്യങ്ങളെല്ലാം കത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

(മാലിന്യ സംസ്‌ക്കരണത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വവും മാലിന്യം എങ്ങനെ വീടുകളില്‍ സംസ്‌ക്കരിക്കാം എന്നതിനെക്കുറിച്ചും അടുത്ത ഭാഗത്തില്‍ വായിക്കാം)

തുടരും....

ആദ്യ ഭാഗം - പൂട്ടിപ്പോയവ നിരവധി, സര്‍ക്കാരിന് പാഠങ്ങള്‍ പലത്; ആവിക്കലിന്റെ ഭാവിയെന്ത്?

മൂന്നാം ഭാഗം - വലിയ റോക്കറ്റ് സയന്‍സ് ഒന്നുമല്ല, മനസ്സുണ്ടായാല്‍ മതി; മാലിന്യം ഇനിയും വലിച്ചെറിയരുത്

Content Highlights: thumboormuzhi aerobic compost model, best waste management model


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented