വലിയ റോക്കറ്റ് സയന്‍സ് ഒന്നുമല്ല, മനസ്സുണ്ടായാല്‍ മതി; മാലിന്യം ഇനിയും വലിച്ചെറിയരുത്‌ | പരമ്പര


ജിതേഷ് പൊക്കുന്ന്സ്വന്തം വീടുപോലെ സ്വന്തം നാടും മാലിന്യമുക്തമാക്കണം എന്ന പുരോഗമന ചിന്തയാണ് നാം ആര്‍ജിക്കേണ്ടത്. തന്റെ വീട്ടില്‍ നിന്ന് ഒരുമാലിന്യവും പുറത്തുപോകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തിയാല്‍ പ്രശ്ന പരിഹാരത്തിന് മാറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടതില്ല. എവിടെ സംസ്‌ക്കരിക്കും ഈ മാലിന്യക്കൂമ്പാരം | പരമ്പര മൂന്നാം ഭാഗം

SERIES

പ്രതീകാത്മക ചിത്രം

'അങ്ങ് ജര്‍മനിയിലും ഓസ്‌ട്രേലിയയിലുമെല്ലാം വന്‍ വിജയമാണ്, ഇനിയിപ്പം ഒന്നുംനോക്കണ്ട ഈ പ്ലാന്റ് കേരളത്തിലും സംഭവമായിരിക്കും'. പണ്ട് വിളപ്പിന്‍ശാലയിലും ബ്രഹ്മപുരത്തുമെല്ലാം മാലിന്യ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ സര്‍ക്കാറിന്റെ അവകാശവാദം ഇങ്ങനെയൊക്കെയായിരുന്നു. പറഞ്ഞ കാര്യത്തില്‍ തെറ്റൊന്നുമില്ല. വിദേശ രാജ്യങ്ങളില്‍ ഇതെല്ലാം വിജയകരമായിരിക്കും. എന്നാല്‍ അതേ പ്ലാന്റ് കേരളത്തില്‍ എത്തുമ്പോള്‍ സ്ഥിതിമാറും. ഇതിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവവും സര്‍ക്കാരിന്റെ പിടിപ്പുകേടും മാത്രമല്ല. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം മാലിന്യ സംസ്‌ക്കരണത്തില്‍ നിര്‍ണായകമാണ്. ടെക്‌നോളജി നല്ലതാണോ ചീത്തയാണോ എന്നതല്ല ചോദ്യം. ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നതാണ്. ഇതിലൊന്നും ദീര്‍ഘവീക്ഷണമില്ലാതെ കൊണ്ടുവന്ന മാലിന്യ പ്ലാന്റുകളാണ് ഇന്ന് പലയിടത്തും ചിതലരിച്ച് കിടക്കുന്നത്.

ഈ തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം കേരളം ഒരുവിധം നന്നായി നടപ്പാക്കിയിരുന്നു. അത്ര വലിയ റോക്കറ്റ് സയന്‍സ് ഒന്നുമല്ല മാലിന്യ സംസ്‌ക്കരണമെന്ന് ഇതിലൂടെ തന്നെ വ്യക്തമായതുമാണ്. എന്നിട്ടും നമ്മുടെ മാലിന്യ പ്രശ്‌നത്തിന് ഇന്നും ശാശ്വതമായ പരിഹാരമായിട്ടില്ല. മുകളില്‍ പറഞ്ഞത് തന്നെയാണ് ഇതിന്റെയെല്ലാം കാരണം. സ്ഥലം കേരളമായതിനാല്‍ അതൊന്നും അത്ര പെട്ടെന്ന് പരിഹരിക്കപ്പെടാന്‍ പറ്റിയേക്കില്ല. എന്നാല്‍ എല്ലാത്തിനും സര്‍ക്കാരിനെ മാത്രം പഴിച്ചതുകൊണ്ടും കാര്യമില്ല. ജൈവമാലിന്യ പ്രശ്‌നത്തിന് ഉറവിട സംസ്‌ക്കരണമാണ് ഇന്ന് കേരളം പിന്തുടരുന്ന പ്രധാന മാര്‍ഗം. എന്നാല്‍ അത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്തെ എത്ര വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്? അതില്‍ എത്ര വീടുകളില്‍ ഇതിപ്പോഴും കുഴപ്പമൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്? എന്തുകൊണ്ടാണ് എല്ലാ വീടുകളിലേക്കും ഇവ വ്യാപിപ്പിക്കാന്‍ പറ്റാത്തത്?

ഹരിതകര്‍മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്നു

കേന്ദ്രീകൃത പ്ലാന്റുകള്‍ പൂട്ടി, പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ മാലിന്യക്കൂമ്പാരമാകാന്‍ തുടങ്ങിയ 2012 കാലഘട്ടത്തിലാണ് കേരളം വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണത്തിലേക്ക് നീങ്ങിയത്. തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണം അക്കാലത്ത് ഹിറ്റായി. ഒട്ടുമിക്ക പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നഗരസഭയിലും തുമ്പൂര്‍മുഴി എയറോബിക് കംമ്പോസ്റ്റ് സ്ഥാനംപിടിച്ചു. ഇതോടൊപ്പം വീടുകളില്‍ ചെറിയ കംമ്പോസ്റ്റ് യൂണിറ്റുകളും പരീക്ഷിച്ച് തുടങ്ങി. ആദ്യം ആലപ്പുഴയിലും പിന്നാലെ തിരുവനന്തപുരത്തുമെല്ലാം ഇത് വിജയം കണ്ടതോടെയാണ് മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണമെന്ന നയത്തിലേക്ക് സംസ്ഥാനം എത്തിയത്. 2016ല്‍ ഇതേ നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്ര നിയമവും പ്രാബല്യത്തില്‍വന്നു. ഇതോടെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി കംമ്പോസ്റ്റ് യൂണിറ്റുകള്‍ നല്‍കുന്ന പദ്ധതിക്ക് വേഗമേറി. എന്നാല്‍ ഇന്നും ഇവ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേക്കും എത്തിയിട്ടില്ല.

തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കാതെ കംമ്പോസ്റ്റ് യൂണിറ്റുകള്‍ നേരിട്ടുവാങ്ങി വീടുകളില്‍ സ്ഥാപിച്ചവരും നിരവധിയുണ്ട്. എന്നാല്‍ അവശേഷിക്കുന്ന വലിയൊരു വിഭാഗത്തിന് ഇപ്പോഴും മാലിന്യ സംസ്‌ക്കരണം ശാസ്ത്രീയമാക്കാന്‍ താത്പര്യം വന്നിട്ടില്ല. മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകര്‍മ സേനാംഗങ്ങള്‍ വീടുകളിലേക്കെത്തുമ്പോള്‍ വലിയ അവഗണനയാണ് നേരിടുന്നതെന്നും പലരും പ്ലാസ്റ്റിക് മാലിന്യമൊന്നും നല്‍കാതെ മടക്കിവിടുകയാണ് പതിവെന്നും ശുചിത്വ മിഷന്‍ അധികൃതര്‍ പറയുന്നു.

Also Read
SERIES

പൂട്ടിപ്പോയവ നിരവധി, സർക്കാരിന് പാഠങ്ങൾ ...

SERIES

മാതൃകയുണ്ട്, പിന്തുടരാൻ സർക്കാരിനാണോ മടി? ...

സംസ്ഥാനത്തെ 50 ശതമാനത്തോളം വീടുകളിലും ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഘട്ടംഘട്ടമായി അവശേഷിക്കുന്ന വീടുകളിലും ഇവ സ്ഥാപിക്കുമെന്നും ശുചിത്വമിഷന്‍ ഖരമാലിന്യ സംസ്‌കരണവിഭാഗം ഡയറക്ടര്‍ ജി ജ്യോതിഷ് ചന്ദ്രന്‍ പറയുന്നു. 90 ശതമാനം സബ്സിഡി നല്‍കിയാണ് കംമ്പോസ്റ്റ് യൂണിറ്റ്‌ വീടുകളില്‍ വിതരണം ചെയ്തത്. എന്നാല്‍ ചില വീടുകളില്‍ ഇതൊന്നും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ നല്‍കിയ യൂണിറ്റുകള്‍ ഉപയോഗിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്. എല്ലാ വീട്ടുകാരും ഇവ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ജ്യോതിഷ് ചന്ദ്രന്‍ പറയുന്നു.

ജി. ജ്യോതിഷ് ചന്ദ്രന്‍

സബ്സിഡിയുണ്ട്, കുറഞ്ഞ ചെലവില്‍ വീട്ടിലെത്തിക്കാം

ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് ധാരാളം മാര്‍ഗമുണ്ട്. റിംഗ് കമ്പോസ്റ്റിംഗ്, വെര്‍മി കമ്പോസ്റ്റിംഗ്, പൈപ്പ് കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ്, ബക്കറ്റ് കമ്പോസ്റ്റിംഗ്, ബയോ-ബിന്‍ കമ്പോസ്റ്റിംഗ്, പെഡസ്റ്റല്‍ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകള്‍ തുടങ്ങിയവയെല്ലാം ഫലപ്രദമായ മാര്‍ഗങ്ങളാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ ബജറ്റിന് അനുസരിച്ച് ഇതില്‍ ഏതും വീട്ടില്‍ സ്ഥാപിക്കാം. ജൈവളം ലഭ്യമാക്കുന്ന മാതൃകകളാണ് ഇവയെല്ലാം. അടുക്കളത്തോട്ടം, ടെറസ് കൃഷി എന്നിവയ്ക്ക് വളം തേടി അലയുന്നത് ഇതുവഴി ഒഴിവാക്കാം. ബയോഗ്യാസ് ഉപയോഗിക്കുന്നതിലൂടെ പാചകവാതക ചെലവും ഗണ്യമായി കുറയ്ക്കാം. ശുചിത്വ മിഷന്റെ മേല്‍നോട്ടത്തിലാണ് ഇവ വീടുകളില്‍ സ്ഥാപിച്ച് നല്‍കുക. ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ഇവയ്ക്ക് പരമാവധി 90 ശതമാനം വരെ സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കിയിരുന്നു. മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇവ സൗജന്യമായും ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു

  • ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 75 ശതമാനം സബ്സിഡി (ശുചിത്വ മിഷന്‍ സബ്സിഡിയുടെ 50 ശതമാനം പരമാവധി 5000 രൂപയും, തദ്ദേശ സ്ഥാപനങ്ങള്‍ 25 ശതമാനവും)
  • റിങ് കമ്പോസ്റ്റിംഗ്, ബക്കറ്റ് ബിന്‍ കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ് എന്നിവയ്ക്ക് 90 ശതമാനം സബ്സിഡി (75 ശതമാനം ശുചിത്വ മിഷനും 15 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും)
  • കൃഷി ഫാം, ആശുപത്രികള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഉറവിട മാലിന്യ സൗകര്യങ്ങളൊരുക്കാന്‍ 50 ശതമാനം സബ്സിഡി (പരമാവധി ഒരു ലക്ഷം രൂപ വരെ)
ബയോഗ്യാസ് പ്ലാന്റ്‌

പോട്ട് കമ്പോസ്റ്റിങ്രണ്ട് മണ്‍കലങ്ങള്‍ ഉപയോഗിച്ച് മാലിന്യം സംസ്‌ക്കരിക്കാവുന്ന വളരെ ലളിതമായ രീതി
കിച്ചണ്‍ ബിന്‍ കമ്പോസ്റ്റ്ഒരു ബക്കറ്റില്‍ പ്ലാസ്റ്റിക് ചാക്ക് ഇറക്കിവച്ച് നടത്താവുന്ന കമ്പോസ്റ്റിങ് രീതി
മുച്ചട്ടി കമ്പോസ്റ്റ്പ്രത്യേകം രൂപകല്‍പ്പന ചെയ്ത കളിമണ്‍ ഭരണികള്‍ തട്ടുകളമായി അടുക്കിവച്ചുള്ള കമ്പോസ്റ്റിങ്
റിംഗ് കമ്പോസ്റ്റ്ഫെറോസിമന്റ് സ്ലാബും ഫെറോസിമന്റ് റിംഗും ഉപയോഗിച്ച് ചെയ്യുന്ന കമ്പോസ്റ്റിങ്
ബയോഗ്യാസ് പ്ലാന്റ്മാലിന്യം സംസ്‌ക്കരിച്ച് ഇന്ധനമാക്കി മാറ്റാം. പലതരം അളവിലും മാതൃകയിലും ലഭ്യമാണ്.
പോട്ട് കംമ്പോസ്റ്റ് മോഡല്‍

സബ്സിഡിയൊക്കെ കിട്ടി കുറഞ്ഞ ചെലവില്‍ കംമ്പോസ്റ്റ് യൂണിറ്റ്‌ വാങ്ങിവെച്ചതുകൊണ്ട് മാത്രമായില്ല. കൃത്യമായ രീതിയില്‍ പരിപാലിക്കുകയും വേണം. ഇല്ലെങ്കില്‍ ഇവ വീട്ടുകാര്‍ക്ക് തന്നെ ശല്യമായി മാറും. പുഴുവരിച്ച് ദുര്‍ഗന്ധം വമിച്ച് ഉപയോഗിക്കാനേ സാധിക്കുന്നില്ലെന്ന പരാതികളും ധാരാളമുണ്ട്. എന്നാല്‍ പരിപാലനം കൃത്യമാകാത്തതുകൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നതെന്നാണ് ശുചിത്വ മിഷന്‍ പറയുന്നത്.

പല വീട്ടുകാരും കംമ്പോസ്റ്റ് തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതാണ് അതില്‍ പുഴു വരാനെല്ലാം കാരണം. ഇതോടെ വീട്ടുകാര്‍ക്ക് ഇത് ഉപയോഗിക്കാന്‍ താത്പര്യമില്ലാതാകും. മാലിന്യത്തില്‍ തളിക്കാനുള്ള ഇനോക്കുലവും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. അതാണ് പലയിടത്തേയും പ്രശ്‌നം. ഇതിന് പരിഹാരം കാണാന്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിവരുകയാണ്. പ്രയാസങ്ങള്‍ നേരിടുന്നവരുടെ വീട്ടിലെത്തി അവര്‍ പ്രശ്‌നം പരിഹരിക്കും. മാസത്തിലൊരിക്കല്‍ അജൈവ മാലിന്യം ശേഖരിക്കാന്‍ എത്തുന്ന ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് കംമ്പോസ്റ്റ് യൂണിറ്റുകളുടെ ശരിയായ പരിപാലത്തിന് ആവശ്യമായ നിര്‍ദേശവും പരിശീലനവും നല്‍കുമെന്നും ജ്യോതിഷ് ചന്ദ്രന്‍ പറയുന്നു.

'എല്ലാം പഞ്ചായത്ത് ചെയ്യണം മുനിസിപ്പാലിറ്റി ചെയ്യണമെന്ന ചിന്തയാണ് ജനങ്ങള്‍ക്കുള്ളത്. മാലിന്യ സംസ്‌ക്കരണത്തില്‍ കുറച്ചൊക്കെ ജനങ്ങള്‍ക്കും പങ്കുണ്ട്. ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ജനങ്ങളുടെ പിന്തുണകൂടി വേണം. ബോധവത്ക്കരണമെല്ലാം ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും അനുസരിക്കുന്നവര്‍ വളരെ കുറവാണ്. പ്ലാസ്റ്റിക് ഇല്ലെന്ന് പറഞ്ഞ് ഹരിതകര്‍മ സേനാംഗങ്ങളെ പറഞ്ഞയച്ച ശേഷം വീടിന് മുന്നിലിട്ട് പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.. അല്‍പം മനസ്സുണ്ടെങ്കില്‍ വീടുകളിലുള്ള ഒരു മാലിന്യവും പുറത്തേക്ക് വലിച്ചെറിയേണ്ട കാര്യമില്ല. എന്നാല്‍ കവറില്‍ കെട്ടി പുറത്തുതള്ളുന്നതാണ് പലര്‍ക്കും എളുപ്പമായി തോന്നുന്നത്. ഇതിനെതിരേ നടപടി ശക്തമാക്കും. എല്ലാ ജില്ലയിലും രണ്ട് സ്‌ക്വാഡ് രൂപീകരിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തും'- ജ്യോതിഷ് ചന്ദ്രന്‍ പറഞ്ഞു.

സമൂഹത്തെ പൗരബോധമുള്ളവരാക്കി മാറ്റണം

വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണമെല്ലാം ഒരുപരിധി വരെ നല്ല രീതിയില്‍ നടന്നിട്ടും മാലിന്യ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനാകാത്തതിന് കാരണം സമൂഹത്തെ പൗരബോധമുള്ളവരാക്കി മാറ്റാന്‍ അധികാരികള്‍ക്ക് സാധിക്കാത്തതാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ പറയുന്നത്. മാലിന്യ സംസ്‌ക്കരണത്തിന് ബദല്‍ സംവിധാനമുണ്ടാക്കിയിട്ടും അതൊന്നും പാലിക്കാതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴ ചുമത്തുകയും കര്‍ശന ശിക്ഷ നല്‍കുകയും വേണം. ശിക്ഷ കൊടുത്തതുകൊണ്ട് മാത്രം കുറ്റം ഇല്ലാതാകുമെന്നല്ല, എങ്കിലും അതുവേണം. മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് പരിസരം വൃത്തിഹീനമാക്കുന്നതെല്ലാം അധികാരികള്‍ വളരെ ഗൗരവമായി കാണണമെന്നും സി.ആര്‍ നീലകണ്ഠന്‍ പറയുന്നു.

ഉറവിട മാലിന്യ സംസ്‌ക്കരണത്തില്‍ ക്യത്യമായ നിരീക്ഷണവും പരിശോധനയും നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെല്ലാം ഇത് നന്നായി ചെയ്യാനാകും. ആഴ്ചയിലൊരിക്കലെങ്കിലും ഓരോ പ്രദേശത്തെയും വീടുകളില്‍ പോയി അവിടെ മാലിന്യം സംസ്‌ക്കരിക്കുന്ന സംവിധാനം പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി റിപ്പോര്‍ട്ട് തയ്യാറാക്കണം. എല്ലാ വീടുകളിലും ഇത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണം. വ്യാപര സ്ഥാപനങ്ങളും ഹോട്ടലുകളും ഫ്ളാറ്റുകളിലുമെല്ലാം ഈ രീതി പിന്തുടരണം. അതിനുള്ള എല്ലാ സാധ്യതയും സഹായങ്ങളും ഇവിടെ ലഭ്യമാണ്. എന്നാല്‍ നമ്മള്‍ എപ്പോഴും ഒരു വിളപ്പിന്‍ശാലയും ബ്രഹ്മപുരവും അന്വേഷിച്ച് പോകും. കാരണം അതാണ് എല്ലാവര്‍ക്കും ലാഭകരം - സിആര്‍ നീലകണ്ഠന്‍.

സിആര്‍ നീലകണ്ഠന്‍

വീടുകളില്‍ ജൈവമാലിന്യം ഉണ്ടാക്കുന്നത് നമ്മള്‍ ഓരോരുത്തരുമാണ്. അതിനാല്‍ അത് സംസ്‌ക്കരിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. എന്നാല്‍ അജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണം ഒരുവ്യക്തിക്ക് ചെയ്യാന്‍ പറ്റില്ല. അതുണ്ടാക്കുന്നത് നമ്മളല്ല. അവയുടെ സംസ്‌ക്കരണം അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. അജൈവ മാലിന്യം എല്ലാ വീടുകളില്‍നിന്നും കൃത്യമായ ഇടവേളകളില്‍ ശേഖരിച്ചു കൊണ്ടുപേകണം. പ്ലാസ്റ്റിക് മാലിന്യം എങ്ങനെയാണ് വേര്‍തിരിച്ചുവയ്ക്കുന്നത് ആളുകളെ പഠിപ്പിക്കണം. വിദേശരാജ്യങ്ങലെല്ലാം ചെയ്യുന്നത് അതാണ്. മൂന്ന് കളറുള്ള ബാസ്‌ക്കറ്റുകളാണ് അവിടെയെല്ലാമുള്ളത്. ഓരോന്നിലും എന്തെല്ലാം ഇടണമെന്നെല്ലാം ശുചിത്വ ജീവനക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. സാക്ഷരത കേരളത്തില്‍ ഈ സംവിധാനമെല്ലാം എവിടെയാണ് നടപ്പാക്കാന്‍ പറ്റാത്തതെന്നും സി.ആര്‍ നീലകണ്ഠന്‍ ചോദിക്കുന്നു.

നിയമമുണ്ട്, അത് കര്‍ശനമായി നടപ്പാക്കണം

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും കുറ്റകരമാണ്. ഇതിന് കനത്ത പിഴയും തടവ് ശിക്ഷയുമെല്ലാം നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ റോഡില്‍ കാണുന്ന ഹെല്‍മെറ്റ് വേട്ടയുടെ അത്ര ഉത്സാഹം ഈ നിയമലംഘകരെ പിടികൂടാന്‍ നമ്മുടെ പോലീസിനില്ല. നിയമം ലംഘിച്ചാലും ആരും ശിക്ഷിക്കില്ലെന്ന ധൈര്യമാണ് വഴിയോരത്തും പുഴകളിലും മാലിന്യമെറിയാന്‍ മലയാളിക്ക് ധൈര്യം നല്‍കുന്നത്. ശിക്ഷാനടപടി കര്‍ക്കശമാക്കിയാല്‍ തന്നെ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞ് കുന്നുകൂടുന്ന സാഹചര്യം ഇല്ലാതാക്കാനാകും. ഇക്കാര്യം തിരിച്ചറിയാതിരുന്നിട്ടാകില്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനൊന്നും മുന്നിട്ടിറങ്ങാത്തത്.

ശാസ്ത്രീയമായി മാലിന്യം സംസ്‌ക്കരിക്കേണ്ട വിധം നമ്മള്‍ ശീലിക്കാത്തതാണ് പ്രശ്നം. കേരളത്തില്‍ മാലിന്യത്തിന്റെ പകുതിയും വീടുകളില്‍ നിന്നെത്തുവയാണ്. ഇതു പൊതുസ്ഥലത്ത് എത്താതിരുന്നാല്‍ തന്നെ മാലിന്യ പ്രശ്നം പകുതി തീരും. മൊത്തം മാലിന്യത്തിന്റെ മുക്കാല്‍ ഭാഗവും ജൈവ മാലിന്യമാണ്. ഇത് ഉറവിടങ്ങളില്‍തന്നെ സംസ്‌ക്കരിക്കപ്പെട്ടാല്‍ പ്രശ്നം പരമാവധി പരിഹരിക്കപ്പെടും. സ്വന്തം വീടുപോലെ സ്വന്തം നാടും മാലിന്യമുക്തമാക്കണം എന്ന പുരോഗമന ചിന്തയാണ് നാം ആര്‍ജിക്കേണ്ടത്. തന്റെ വീട്ടില്‍ നിന്ന് ഒരുമാലിന്യവും പുറത്തുപോകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തിയാല്‍ പ്രശ്ന പരിഹാരത്തിന് മാറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടതില്ല.

  • കത്തിക്കുന്നത് മൂലമുള്ള അപകടങ്ങള്‍: മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തുവരുന്ന ഡയോക്സിന്‍, ഫ്യൂറാന്‍ തുടങ്ങിയ മാരകവിഷാംശങ്ങള്‍ അടങ്ങിയ പുക ശ്വസിക്കുന്നത് കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
  • വലിച്ചെറിയുന്നത് മൂലമുള്ള അപകടങ്ങള്‍: അജൈവ മാലിന്യങ്ങളിലെ അപകടകരമായ ഖന ലോഹങ്ങള്‍ ജലം, വായു, മണ്ണ് എന്നിവ മലിനമാക്കും. ജലസ്രോതസുകളും അപകടകരമാവിധം മലിനമാകും. പിന്നീട് അവ ആഹാരത്തിലൂടെ മനുഷ്യനില്‍ എത്തുകയും കാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
പ്രതീകാത്മക ചിത്രം

പ്രളയവും കോവിഡും തീര്‍ത്ത വെല്ലുവിളി

തുടര്‍ച്ചയായ രണ്ട് പ്രളയവും കോവിഡും തീര്‍ത്ത വെല്ലുവിളി മാലിന്യ സംസ്‌ക്കരണത്തേയും പ്രതികൂലമായി ബാധിച്ചിരുന്നു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും കടകളുടെയും മറ്റും അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും എന്തുചെയ്യണമെന്ന് പോലും അറിയാതെ വിഷമിച്ച ഘട്ടമുണ്ടായിരുന്നു. കൊച്ചിയില്‍ പ്രളയം അവശേഷിപ്പിച്ച ഇത്തരം മാലിന്യങ്ങളെല്ലാം ബ്രഹ്മപുരം പ്ലാന്റില്‍ കുന്നുകൂടി കിടക്കുന്നുണ്ട്. പ്രവചിക്കാന്‍ പോലുമാകാതെ കാലം തെറ്റി പെയ്യുന്ന മഴ ഇന്ന് മാലിന്യ സംസ്‌ക്കരണത്തെയും തകിടം മറിക്കുന്നതാണ് കാഴ്ച. വെള്ളം കയറുന്നതോടെ പല വീടുകളിലും ഉറവിട മാലിന്യ സംസ്‌ക്കരണ രീതിയെല്ലാം അവതാളത്തിലാകുന്ന സ്ഥിതിയുണ്ട്.

ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് സര്‍ക്കാര്‍ വീണ്ടും കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരത്തിലേക്ക് തിരിയാന്‍ ശ്രമിക്കുന്നത്. ഞെളിയന്‍ പറമ്പില്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ഉടന്‍ വരുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ കൃത്യമായ ആസൂത്രണവും നിരീക്ഷണവുമില്ലെങ്കില്‍ പണ്ട് പൂട്ടിപ്പോയ പ്ലാന്റുകളുടെ അതേ അവസ്ഥയാകും ഇതിന്റെയും വിധിയെന്നും തിരിച്ചടി കിട്ടുമ്പോഴേ സര്‍ക്കാര്‍ പാഠം പഠിക്കുകയള്ളുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി അവസാനിപ്പിക്കില്ലെന്നും മറിച്ച് ഇവരണ്ടും ഒന്നിച്ചുകൊണ്ടുപോകുമെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ എസ്. ജയശ്രീ പറയുന്നത്. ഒന്നോ രണ്ടോ വലിയ പ്ലാന്റുകളുണ്ടെങ്കില്‍ മാലിന്യ സംസ്‌ക്കരണം എളുപ്പമാകും. ഒരു പ്രതിസന്ധി വന്നാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന പ്ലാന്റുകളുള്ളത് നല്ലതാണ്. ആ രീതിയിലാണ് ഇത്തരം പ്ലാന്റുകളെ നമ്മള്‍ കാണേണ്ടതെന്നും ജയശ്രീ പറയുന്നു. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടി വരും.

ഡോ. എസ് ജയശ്രീ

സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ പൊതിഞ്ഞുകെട്ടി പുറത്ത് ഉപേക്ഷിക്കാനുള്ളതാണെന്ന ചിന്താഗതി മാറ്റാതെ ഫലപ്രദമായ മാലിന്യ സംസ്‌ക്കരണ സംവിധാനം സാധ്യമല്ല. മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓരോ പൗരനുമുണ്ട് ഉത്തരവാദിത്വം. അതില്‍നിന്ന് ആര്‍ക്കും പിന്‍മാറാനാകില്ല. പരിസ്ഥിതി സംരക്ഷണം ആത്യന്തികമായി ഓരോ പൗരന്റെയും ചുമതലയാണെന്ന് മറക്കാതിരിക്കുക. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാധിക്കണം.

അവസാനിച്ചു

ഒന്നാം ഭാഗം - പൂട്ടിപ്പോയവ നിരവധി, സര്‍ക്കാരിന് പാഠങ്ങള്‍ പലത്; ആവിക്കലിന്റെ ഭാവിയെന്ത്?
രണ്ടാം ഭാഗം - മാതൃകയുണ്ട്, പിന്തുടരാന്‍ സര്‍ക്കാരിനാണോ മടി? മാലിന്യ സംസ്‌ക്കരണത്തില്‍ മുതലെടുപ്പ് വേണ്ട

Content Highlights: decentralized solid waste management


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented