കാസര്‍കോട്, കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല. വികസനത്തിലാകട്ടെ ആരോഗ്യമേഖലയിലാകട്ടെ, കേരളത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച്‌ ഏറെ പിന്നിലാണ് കാസര്‍കോട്. അതുകൊണ്ടുതന്നെ അവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് അയല്‍സംസ്ഥാനത്തെ നഗരങ്ങളെ ആശ്രയിക്കുകയാണ് വര്‍ഷങ്ങളായി ഇവിടുത്തെ ജനങ്ങള്‍. അതിര്‍ത്തി കൊട്ടിയടച്ച കോവിഡ് ദുരന്തനാളുകളില്‍ പത്ത് ദിവസത്തിനുള്ളില്‍ ഇവിടെ ചികിത്സ കിട്ടാതെ മരിച്ചത് പത്തുപേരാണ്. അത്യാഹിതം സംഭവിച്ചാല്‍ തലപ്പാടി അതിര്‍ത്തിയിലൂടെ രോഗിയേയും വഹിച്ച് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു പോകുന്ന കാഴ്ചകള്‍ നിത്യം. വിരലിലെണ്ണാവുന്ന ആരോഗ്യസ്ഥാപനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പറയത്തക്ക ആരോഗ്യസംവിധാനങ്ങളൊന്നും ജില്ലയിലില്ല. പേരിനെന്ന പോല്‍ കെട്ടിപ്പടുത്ത ഒരു മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ കഴുത്തറുപ്പന്‍ രീതി. ജില്ലയിലെ മറ്റു മേഖലകളിലെ വികസനവും ശൈശവദശയിലാണ്. 

To advertise here,

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കുന്നതിനായുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കേരളയാത്രയുടെ ഉദ്ഘാടനത്തിനായുള്ള ഒരു ജില്ല എന്ന ആക്ഷേപം കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചേറെയായി. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ബാക്കിപത്രമായി ഒരുകൂട്ടം മനുഷ്യര്‍ ഇന്നും ജീവിച്ചുതീര്‍ക്കുന്നുണ്ട് ജില്ലയില്‍. അത്യാവശ്യമെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്രത്തിന്റെ പരിഗണനയിലുള്ള എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പരിഗണനാ ലിസ്റ്റില്‍ കാസര്‍കോട് വേണമെന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ട് കാലമേറെയായി. ഇതിനെല്ലാം പുറമേയാണ് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതത്തിനുമേല്‍ ഇടിത്തീ വീഴ്ത്തുംപോലെ സര്‍ക്കാരിന്റെ പുതിയ നീക്കം. 2011-ന് ശേഷം എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ ദുരിതബാധിത പട്ടികയില്‍നിന്ന് പുറത്താക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നടപടി. കാസര്‍കോട് ജില്ലയിലെ ശോചനീയാവസ്ഥയിലുള്ള ആരോഗ്യമേഖലയെക്കുറിച്ചും അവശ്യമെത്തിക്കേണ്ട സഹായങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലുകളുടെ അനിവാര്യതയെക്കുറിച്ചും അന്വേഷിക്കുകയാണ് മാതൃഭൂമി ഡോട്ട് കോം

കോവിഡ് കാലം തുറന്നുകാട്ടി, കാസര്‍കോടിന്റെ ആരോഗ്യം

placeholder
Photo: February 04, 2020/ Mathrubhumi

കോവിഡിന്റെ ഉറവകേന്ദ്രമായ ചൈനയില്‍ 361 മരണം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്ന ഫെബ്രുവരി മൂന്നിനാണ് കേരളത്തില്‍ മൂന്നാമത്തെ ആള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. വുഹാനില്‍ നിന്നെത്തിയ കാഞ്ഞങ്ങാട്ട് സ്വദേശിയായ വിദ്യാര്‍ഥിക്കായിരുന്നു രോഗം. കോവിഡിന്റെ വരവോടെയാണ് കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. മഹാമാരിക്കൊപ്പം കാസര്‍കോട് നേരിടുന്ന ആരോഗ്യപ്രതിസന്ധി സര്‍ക്കാരിന് വലിയ വെല്ലുവിളികളാണ് സൃഷ്ടിച്ചത്. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, ചികിത്സയ്ക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ജില്ലയിലെ ആരോഗ്യരംഗം അത്യാസന്നനിലയിലാണെന്ന് കേരളം മുഴുവന്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. 

അതിർത്തിയടച്ച് വിലക്ക് കല്പിച്ച നാളുകൾ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് വിലങ്ങിട്ടതോടെ മണ്‍കൂമ്പാരങ്ങളിട്ട് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചു. മംഗളുരുവിനെ ആശ്രയിക്കുന്ന കാസര്‍കോട്ടെ ഭൂരിഭാഗം ജനങ്ങളും ഒറ്റരാത്രികൊണ്ട് ഒറ്റപ്പെട്ടു. ചികിത്സയ്ക്കായും ജോലിക്കായും വിദ്യാഭ്യാസത്തിനായും ദിനേന അതിര്‍ത്തി കടന്നിരുന്ന ജനങ്ങള്‍ പെരുവഴിയിലായി. നൂറുക്കണക്കിന് രോഗികള്‍, ഡയാലിസിസിന് വിധേയമാകേണ്ടവർ ഉള്‍പ്പടെയുള്ള നൂറുകണക്കിന് രോഗികള്‍ അതിര്‍ത്തിവരെയെത്തി മടങ്ങി. പലരും ചികിത്സ കിട്ടാതെ മരിച്ചു. ഇതോടെ കാസര്‍കോട്ടെ ആരോഗ്യരംഗത്തെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് വേവലാതി ഉയരാന്‍ തുടങ്ങി. 

placeholder
March 30, 2020/ Mathrubhumi

2011-ലെ സെന്‍സസ് പ്രകാരം കാസര്‍കോട് ജില്ലയിലെ ജനസംഖ്യ 1,307,375 ആണ്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കുമ്പളയിലെ ജില്ലാ സഹകരണാശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, മംഗല്‍പാടി താലൂക്ക് ആശുപത്രി എന്നിവയാണ് കാസര്‍കോട്ടെ ജനങ്ങളുടെ ചികിത്സാകേന്ദ്രങ്ങള്‍. മഞ്ചേശ്വരം മണ്ഡലത്തിലെ മിക്ക ആളുകളും ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്. കാസര്‍കോട്ടുള്ള ആശുപത്രികളില്‍ അവശ്യ സൗകര്യങ്ങളോ മതിയായ ഡോക്ടര്‍മാരുടെ സേവനങ്ങളോ ഇല്ല. ആരോഗ്യപ്രവര്‍ത്തകരും മതിയായ ഉദ്യോഗസ്ഥരും കുറവുതന്നെയാണ്. 

placeholder

മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം, ടാറ്റ ആശുപത്രി

കോവിഡ് കാലത്തെ ആരോഗ്യരംഗത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയെന്നോണമാണ് പാതിവഴിയിലായിരുന്ന മെഡിക്കല്‍ കോളേജിനെ അവശ്യപണികള്‍ തിടുക്കപ്പെട്ട് നടത്തി കോവിഡ് ആശുപത്രിയായി ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍, അതുകൊണ്ട് മാത്രം തീരുന്ന ഒന്നായിരുന്നില്ല കാസര്‍കോടിന്റെ ആരോഗ്യരംഗത്തെ വരള്‍ച്ച. ക്വാറന്റൈന്‍, അവശ്യചികിത്സ, കോവിഡ് ചികിത്സ ഇതിനെല്ലാം പരിഹാരമായാണ് അതേകാലയളവില്‍ ടാറ്റയുടെ കോവിഡ് ആശുപത്രി നിര്‍മിക്കുന്നത്. കോവിഡ് കാലത്ത് ജില്ലയിലെ ഏറ്റവും വലിയ ആശ്വാസമായിരുന്നു ടാറ്റ ആശുപത്രി. കോവിഡിന്റെ തുടക്കത്തില്‍ ജനറല്‍ ആശുപത്രികളിലും മറ്റും കോവിഡ് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നതിനാല്‍ സാധാരണ ചികിത്സ പല ആശുപത്രികളിലും ലഭ്യമായിരുന്നില്ല. ഈ അവസരത്തിലാണ് ടാറ്റയുടെ ഇടപെടലുണ്ടായത്.

placeholder
April 07, 2020/ Mathrubhumi

വികസനം തടയാന്‍ മാഫിയയും?

കാസര്‍കോട്ടെ വികസനത്തിന് ആരൊക്കെയോ തുരങ്കം വെക്കുന്നുണ്ടെന്ന ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള ആരോപണത്തിനിടയിലാണ് അത് ഉറപ്പിക്കുന്ന രീതിയിലുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ തുറന്നുപറച്ചിലുണ്ടാകുന്നത്. തന്നെ കാസര്‍കോട് കൊണ്ടുവരാതിരിക്കാന്‍ ആരോ ശ്രമിച്ചെന്നും ആ മാഫിയ ആരെന്ന് അന്വേഷിക്കണമെന്നുമാണ് കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടറിയാനെത്തിയ മന്ത്രി ജനങ്ങളോട് പറഞ്ഞത്. 

കാസര്‍കോട്ടെ പൊടുന്നനെയുള്ള മന്ത്രിയുടെ സന്ദര്‍ശനം ജില്ലയിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിനാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. 'വര്‍ഷം പത്ത് കഴിഞ്ഞിട്ടും തറക്കല്ലിട്ട് കെട്ടിപ്പടുത്ത് പകുതിവഴിയില്‍ നില്ക്കുന്ന മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ സംവിധാനങ്ങളും വേണ്ട നടപടികള്‍ എടുക്കുന്നില്ല, അപ്പോഴാണ് മന്ത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി കാസര്‍കോട്ടേക്ക്‌ എത്തുന്നത്' എന്നതരത്തില്‍ വ്യാപകമായ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഉണ്ടായി. രണ്ടു വര്‍ഷം കൊണ്ട് ജില്ലയിലുയര്‍ന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കുമെന്ന് ബന്ധപ്പെട്ട ആശുപത്രി അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 

ആരോഗ്യമന്ത്രി വീണ ജോര്‍ജ് സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ഏജന്റായി മാറിയെന്ന് പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. വിമര്‍ശനം കടുത്തതോടെ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തില്‍ മന്ത്രി പങ്കെടുത്തില്ല. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനല്ല, സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ വന്നതാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഒപ്പം തന്റെ വരവിന് മാഫിയ വിലങ്ങുതടിയാകുന്നുണ്ടെന്ന് കൂടി മന്ത്രി പറഞ്ഞുവെച്ചു.'മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ വന്നതാണെന്ന് ആരു പറഞ്ഞ നുണയാണെന്ന് എനിക്കറിയില്ല. ഞാന്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിനും വന്നതല്ല. എന്നെ കാസര്‍കോട്ടേക്ക് കൊണ്ടുവരാതിരിക്കാന്‍ ആരോ ശ്രമിച്ചതാണ്. ആ മാഫിയ ആരാണെന്നാണ് അന്വേഷിക്കേണ്ടത്'- എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

കാസര്‍കോട്ടെ ആരോഗ്യമേഖലയുടെ പ്രതിസന്ധികള്‍ നേരിട്ട് കണ്ടറിഞ്ഞാണ് മന്ത്രി തിരികെപോയത്. ജില്ലയില്‍ വിരലിലെണ്ണാവുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂവെന്നതുകൊണ്ട് സന്ദര്‍ശനത്തിന് മന്ത്രിക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. ആകെയുള്ള ആരോഗ്യ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ചെന്ന് ജനങ്ങളുമായി സംസാരിച്ചു, അവിടെ ആവശ്യമായ കാര്യങ്ങളെന്തെന്ന് മനസ്സിലാക്കി, കുറിച്ചെടുത്തു. വീണ ജോര്‍ജിന്റെ സന്ദര്‍ശനം കാസര്‍കോടിനെ ഏതുതരത്തില്‍ സഹായിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.