
അരുണി(പേര് യഥാര്‍ഥമല്ല)ന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നിയതോടെയാണ് ഭാര്യ വിജി(പേര് യഥാര്‍ഥമല്ല) അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. പല തവണ കാര്യം തിരക്കിയിട്ടും അയാള്‍ ഒന്നും പറയാന്‍ തയ്യാറായില്ല. ഇടയ്ക്കിടെ ഫോണ്‍ വരുന്നതും ഫോണും കൊണ്ട് അയാള്‍ പരിഭ്രാന്തിയോടെ പുറത്തേക്കിറങ്ങുന്നതും വിജിയില്‍ സംശയം ജനിപ്പിച്ചു. സുഹൃത്തുക്കളോട് കാര്യമന്വേഷിച്ചെങ്കിലും ആര്‍ക്കും സംഭവത്തെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും ഉറക്കക്കുറവും ശ്രദ്ധയില്‍ പെട്ടതോടെ വിജി അരുണിനെ നിര്‍ബന്ധിപ്പിച്ച് ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചു. കുറച്ചു നാളുകളായി താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അപ്പോഴാണ് അയാള്‍ തുറന്നുപറയുന്നത്. പലയിടത്തുനിന്നായി കടം വാങ്ങിയ രണ്ടു ലക്ഷത്തോളം രൂപ അതിനകം അയാള്‍ക്ക് ലോട്ടറിത്തട്ടിപ്പില്‍ നഷ്ടപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് വിജി ആദ്യമൊന്നു പകച്ചുപോയെങ്കിലും ഭർത്താവിനെ കുറ്റപ്പെടുത്താതെ തന്നെ ധെെര്യം നല്‍കി കൂടെനിന്നു. കൃത്യസമയത്ത് വിജിക്ക് എന്തോ പന്തികേടുള്ളതായി തോന്നിയതും ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചതുമാണ് അരുണിന്റെ മാനസികാരോഗ്യം കൂടുതല്‍ വഷളാകാതെ, മറ്റു ചിന്തകളിലേക്കെത്തിക്കാതെ ആ കുടുംബത്തെ രക്ഷിച്ചത്.
സൈബര്‍ തട്ടിപ്പുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നെ അവരുടെ മാനസികാരോഗ്യത്തെ പരിഗണിച്ചുകൊണ്ടാണ് പോലീസുകാര്‍ കേസെടുക്കാറുള്ളത്. കുറ്റവാളികളെ പിടികൂടുന്നതുപോലെ പ്രധാനമാണ് തട്ടിപ്പിന് ഇരയായവരുടെ മാനസികനില സുരക്ഷിതമാക്കുന്നതും. തട്ടിപ്പിനിരയായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കുകയും അര്‍ഹിച്ച ശിക്ഷ വാങ്ങിനല്‍കുകയും മാത്രമല്ല പോലീസ് ചെയ്യുന്നത്. മറിച്ച്, സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായുള്ള പ്രതിരോധ നടപടികളും അവര്‍ കൈക്കൊള്ളുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ക്ലാസെടുക്കുന്ന പോലീസുകാര്‍, ഇരകളെ ചേര്‍ത്തുപിടിക്കുന്നവര്‍ അങ്ങനെ ആ കണ്ണിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ ജോലിയെടുക്കുന്നു.
Also Read
![]() |
തട്ടിപ്പിനിരയായാല്‍ എന്തുചെയ്യണമെന്ന ചില നിര്‍ദേശങ്ങള്‍ സൈബര്‍ സെല്ലില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു ഉദ്യോഗസ്ഥന്‍ പങ്കുവെച്ചു. (ഒരുപാട് ഇരകളേയും പ്രതികളേയും കണ്ടിട്ടുള്ള, നിരവധി കേസുകള്‍ തെളിയിച്ചിട്ടുള്ള ഇദ്ദേഹം പേരു നല്‍കാന്‍ അനുവാദം നല്‍കിയില്ല). തന്റെ നിര്‍ദേശങ്ങള്‍ കണ്ണടച്ചു പാലിക്കണമെന്നല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. മറിച്ച്, ഇതെല്ലാം ഏതെങ്കിലും തരത്തില്‍ ഒരാളെയെങ്കിലും സഹായിച്ചാല്‍ ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അതു നല്‍കുന്ന സംതൃപ്തി വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. സൈബര്‍ കെണിയില്‍ വീഴാതിരിക്കാനും വീണുപോയാല്‍ തളരാതെ പൊരുതാനും ഈ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാണെന്നും പലതും പരീക്ഷിച്ച് വിജയം കണ്ടെത്തിയ മാര്‍ഗങ്ങളാണെന്നും തന്റെ അനുഭവ പരിചയത്തിന്റെ ബലത്തില്‍ അദ്ദേഹം പറയുന്നു.
ഇരയാകാതെയിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
1. ഹിന്ദിയിൽ സംസാരിക്കുന്ന അജ്ഞാതർ, ഒഴിവാക്കണം ആ ഫോൺ കോളുകൾ
അജ്ഞാത നമ്പരുകളിൽനിന്നു വരുന്ന ഫോൺ കോളുകൾ എപ്പോഴും ശ്രദ്ധയോടെ സമീപിക്കണം. ഹിന്ദി, തമിഴ് മുതലായ അന്യഭാഷകളിലാണ് അജ്ഞാതൻ സംസാരിക്കുന്നതെങ്കിൽ പ്രത്യേക കരുതൽ ഉറപ്പായും വേണം. നമ്മളെ വിളിക്കാൻ സാധ്യതയുള്ള സേവനദാതാക്കളായ ടെലികോം, ബാങ്കിങ് മുതലായവർക്കൊക്കെ മലയാളം ഏജന്റുമാർ ഉണ്ടാകും. പിന്നെന്തിന് മറ്റു ഭാഷ സംസാരിക്കുന്ന അജ്ഞാതരുമായി നാം സമയം ചെലവാക്കണം. നമുക്ക് പൂർണമായി ആ ഭാഷ മനസിലായില്ലെങ്കിൽ പിന്നെ സംസാരം തുടരേണ്ട ആവശ്യമെന്താണ്?. അജ്ഞാതരുമായി മണിക്കൂറുകളുടെ സംഭാഷണം നടത്തുകയും കെണിയിൽ അകപ്പെടുകയും ചെയ്യുന്ന നിരവധി കേസുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം അനാവശ്യ ഫോൺ വിളികൾ ഉപേക്ഷിച്ചാൽതന്നെ ഒരു പരിധിവരെ തട്ടിപ്പുകളെ നിയന്ത്രിക്കാനാകും.
2. ഉറപ്പായും വേണം രണ്ട് ബാങ്ക് അക്കൗണ്ടുകൾ
ടെക്നോളജി വളർന്ന ഇക്കാലത്ത് ഉറപ്പായും രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കണം. ഒന്ന് നമ്മുടെ ശമ്പളവും സമ്പാദ്യവും സൂക്ഷിക്കുന്ന ഒരു മെയിൻ അക്കൗണ്ട്. രണ്ടാമത്തേത് ട്രാൻസാക്ഷനുകൾക്കായി ഉപയോഗിക്കേണ്ട പുതിയൊരു അക്കൗണ്ട്. എന്തിന് ഇങ്ങനെ ഉപയോഗിക്കണം എന്ന് സംശയം തോന്നാം. അതിന് കാരണമുണ്ട്.
ട്രാൻസാക്ഷനുകൾക്കായി നമ്മൾ ഉപയോഗിക്കുന്ന അക്കൗണ്ട് പ്രത്യക്ഷത്തിൽ പലയിടത്തും എക്സ്പോസ് ആകുന്നുണ്ട്. ഡെബിറ്റ് കാർഡുകൾ ആയാലും ഇത്തരത്തിൽ വെളിപ്പെടുന്നു. ദിനംപ്രതിയുള്ള ആവശ്യങ്ങൾക്ക് ആ അക്കൗണ്ടിൽ നിന്നും നിരവധി ട്രാൻസാക്ഷനുകളാണ് നടത്തുന്നത്. എത്രയെത്ര ഇടങ്ങളിൽ ആ അക്കൗണ്ടിലൂടെ ഇടപാട് നടത്തുന്നു. എത്രയെത്ര മെഷീനുകളിലാണ് ആ അക്കൗണ്ടിൻ്റെ ഡെബിറ്റ് കാർഡ് സ്വെെപ്പ് ചെയ്യുന്നത്. എത്രയെത്ര ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഈ അക്കൗണ്ടിൻ്റെ ഡീറ്റെയിൽസ് നൽകുന്നു. ട്രാൻസാക്ഷന് ഉപയോഗിക്കുന്ന ഈ അക്കൗണ്ട് എപ്പോഴെങ്കിലും തട്ടിപ്പിനിരയായാലോ? പെെസ മുഴുവൻ പോകുമെന്ന് ഉറപ്പാണ്. സാലറി വരുന്ന അക്കൗണ്ട് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായാലോ, നഷ്ടം ഭീകരമായിരിക്കും.
ഇവിടെയാണ് രണ്ട് അക്കൗണ്ടുകളുടെ ഗുണം. സാലറി വരുന്ന, നമ്മുടെ വരുമാനം സൂക്ഷിക്കുന്ന അക്കൗണ്ട് എക്സ്പോസ് ആകാതെ സൂക്ഷിക്കുക. ട്രാൻസാക്ഷനുകൾക്കും മറ്റുമായി രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിക്കുക. ആ അക്കൗണ്ടിൽ കുറച്ച് പണം മാത്രം സൂക്ഷിക്കുക. അബദ്ധത്തിൽ അക്കൗണ്ട് തട്ടിപ്പിനിരയായാലും നഷ്ടമാകുക വളരെ തുച്ഛമായ തുക മാത്രമായിരിക്കും. ഒരു പരിധി വരെ ഭീമമായ നഷ്ടമുണ്ടാകുന്നത് ഇത്തരത്തിൽ ഒഴിവാക്കാം.
3. കരുതാം രണ്ട് ഫോണുകളും നമ്പരും
ഒട്ടുമിക്ക ആളുകൾക്കും രണ്ട് നമ്പറുകൾ കാണും. എന്നാൽ രണ്ട് ഫോണുകൾ കെെയിൽ കരുതണമെന്ന് പറയുന്നത് പ്രായോഗികമാക്കാൻ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഒരുപാട് ട്രാൻസാക്ഷനുകളും ഫോൺ വിളികളും പണമിടപാടും നിത്യേന നടത്തുന്നവരെ സംബന്ധിച്ച് ഇത് ഉപകാരപ്രദമാണ്. രണ്ട് ഫോണുകളും നമ്പരും കരുതുന്നത് കൊണ്ട് ഉപകാരങ്ങളേറെയാണ്.
ഇപ്പോൾ സൂപ്പർമാർക്കറ്റുകളിലും മറ്റും നമ്മുടെ നമ്പർ ആവശ്യപ്പെടുന്നുണ്ട്. രണ്ടാമതൊരു നമ്പർ കെെവശമുണ്ടെങ്കിൽ ഈ സ്ഥലങ്ങളിൽ അത് ഉപയോഗിക്കാനാകും. ഇതിലൂടെ നമ്മുടെ പ്രെെവെറ്റ് നമ്പർ പുറത്ത് പോകുന്നത് തടയാം. ബാങ്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്പർ ഇത്തരത്തിൽ സുരക്ഷിതമായി സൂക്ഷിക്കാം. ആപ്പുകളിലും മറ്റും പാൻ, ആധാർ എന്നിവയുമായി ബന്ധിപ്പിക്കാത്ത നമ്പർ ഉപയോഗിക്കുന്നത് നമ്മുടെ സുരക്ഷ വർധിപ്പിക്കുന്നു.
4. സെെബർ തട്ടിപ്പിന് ഇരയായാല്‍...
സെെബർ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാൽ ആശങ്കപ്പെടാതെ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടാൽ എത്രയും വേഗം ബാങ്കിൽ ബന്ധപ്പെടുകയും സെെബർ പോലീസിൽ വിവരം അറിയിക്കുകയും വേണം. ഇക്കാര്യത്തിൽ അമാന്തം പാടില്ല. സെെബർ സെല്ലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് വിവരം അറിയിക്കുക.
ഭീഷണികളെ ഭയക്കേണ്ട, വേണം ജാഗ്രത
തട്ടിപ്പുകാരുടെ ലോൺ ആപ്പിൽ നിന്ന് പണം എടുത്തിട്ട് കൃത്യമായി തിരിച്ചടച്ചാലും ഇല്ലെങ്കിലും ഭീഷണികൾ വരാൻ സാധ്യതയുണ്ട്. ആദ്യം അവർ വിളിച്ച് ഭീഷണി മുഴക്കും. പിന്നീട് ഗാലറിയിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് നിങ്ങൾക്ക് അയച്ച് പരിഭ്രാന്തരാക്കും. നാം കൊടുക്കുന്ന പെർമിഷനുകളിലൂടെ നമ്മുടെ മൊബെെലിൽ നുഴഞ്ഞുകയറിയോ അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെയോ അവർ ചിത്രങ്ങൾ കരസ്ഥമാക്കും. പിന്നീട് ഇവർ നമ്മുടെ കോൺടാക്ട് ലിസ്റ്റിലുള്ള ആളുകൾക്ക് ഈ ചിത്രങ്ങൾ അയച്ചുകൊടുക്കും. ഇതോടെ തട്ടിപ്പിനിരയായവർ മാനസികമായി തളരും. പിന്നാലെ ഭീഷണികൾ വരും. ഗതിമുട്ടി ആത്മഹത്യ ചെയ്ത കേസുകൾ പലതും നമ്മൾ കണ്ടതല്ലേ...
![]() |
തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളുടെ അണിയറക്കാർ ഒരിക്കലും ഇരകളുടെ മുന്നിൽ വരാറില്ല. അവർക്ക് ഇരകളുമായി ബന്ധപ്പെടാനുള്ള ഏക മാർഗം മൊബെെൽ ഫോൺ മാത്രമാണ്. ലോൺ ആപ്പിൽനിന്ന് ഭീഷണികൾ വന്നുതുടങ്ങിയാൽ ചെയ്യേണ്ട ചില അപ്രഖ്യാപിത മാർഗങ്ങളുണ്ട്. സെെബർ ഉദ്യോഗസ്ഥൻ നൽകുന്ന ചില നിർദ്ദേശങ്ങൾ നോക്കാം. മാനസികമായി തളർന്ന് പോകുന്നുവെന്ന് തോന്നുന്നവർക്ക് ഈ രീതികൾ സ്വീകരിക്കാം. അല്ലാത്തവർ ഭീഷണിപ്പെടുത്തുന്നവരോട് നിയമപരമായി നേരിടാമെന്ന് കടുപ്പിച്ച് പറയുക തന്നെ വേണം.
1. ഫെയ്സ്ബുക്ക് ലോക്ക് ചെയ്യുക അഥവാ പ്രെെവെറ്റ് ആക്കുക
അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചാൽ ആദ്യം ചെയ്യേണ്ടത് സോഷ്യൽ മീഡിയ സേഫ് ആക്കുക എന്നതാണ്. ഉടനടി ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള അക്കൗണ്ടുകൾ പ്രെെവറ്റ് ആക്കുക. ഇതിലൂടെ ഫോട്ടോകളും മറ്റും അജ്ഞാതർക്ക് ലഭിക്കുന്നത് തടയാം. നമ്മളെ ഭീഷണിപ്പെടുത്താൻ സാധ്യതയുള്ള ഒരു വാതിൽ നമ്മൾ തന്നെ അടയ്ക്കുകയാണ് ഇതിലൂടെ.
2. ഫെയ്സ്ബുക്കിൽ വിശദമായ കുറിപ്പ്
നമ്മൾ സെെബർ ആക്രമണത്തിന് ഇരയായ വിവരം മറ്റുള്ളവരെ അറിയിക്കുകയാണ് അടുത്തതായി വേണ്ടത്. സോഷ്യൽ മീഡിയയിലൂടെ സംഭവിച്ച കാര്യം പറയുന്നതിലൂടെ ഒരു മുൻകരുതൽ നമ്മൾ സ്വീകരിക്കുകയാണ്. നമ്മളുടെ വ്യാജ ചിത്രങ്ങൾ ഇനി സുഹൃത്തുക്കൾക്ക് അയച്ചാലും ബാക്കി അവർ നോക്കിക്കോളും. ഇത്തരം കാര്യങ്ങൾ ഒളിച്ചുവെക്കുന്നത് മറ്റുള്ളവരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ലഭിക്കേണ്ട പിന്തുണ നഷ്ടപ്പെടുന്നു.
3. എല്ലാ സോഷ്യൽ മീഡിയകളിലെയും പ്രൊഫെെൽ ചിത്രം ഒഴിവാക്കുക.
ഇത്രയും ചെയ്തിട്ടും ഭയം തോന്നുന്നവർ വാട്സാപ്പ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയകളിലെ പ്രൊഫെെൽ പിക്ചറുകൾ താത്കാലികമായി ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഒരു മാർഗത്തിലൂടെയും നമ്മുടേയോ പരിചയക്കാരുടേയോ ചിത്രങ്ങൾ സ്വന്തമാക്കാൻ ഇത്തരം തട്ടിപ്പുകാരെ അനുവദിക്കാതിരിക്കുക.
4. വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാം
ഫോട്ടോകൾ സുരക്ഷിതമാക്കിയാൽ പിന്നെ ചെയ്യാനുള്ളത് നമ്മളെ ബന്ധപ്പെടാൻ ഒരവസരവും തട്ടിപ്പുകാർക്ക് നൽകാതിരിക്കുക എന്നതാണ്. മാനസികമായി തളർത്തിയാണ് ലോൺ ആപ്പിലൂടെ തട്ടിപ്പുകാർ നേട്ടം കൊയ്യുന്നത്. തട്ടിപ്പുകാരാണെന്ന് ബോധ്യം വന്നാൽ ഇവരോടുള്ള സംഭാഷണം ഒഴിവാക്കി പോലീസിന്റെ പക്കലെത്തുക. വാട്സാപ്പ് താത്കാലികമായി ഒഴിവാക്കുന്നതിലൂടെ വ്യാജ ചിത്രങ്ങൾ അയച്ച് നമ്മളെ ഭീഷണിപ്പെടുത്താനുള്ള മാർഗമാണ് ഇല്ലാതാകുന്നത്.
5. സിം ഊരിമാറ്റുക
ഇത്രയും ചെയ്യുമ്പോൾ തന്നെ മാനസികമായി കരുത്ത് ആർജിക്കാൻ തട്ടിപ്പിന് ഇരയായവർക്ക് സാധിക്കുന്നു. ഇനി മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിൽ ലഭിച്ചവർ കാര്യം തിരക്കി എത്തുന്ന ഘട്ടമാണ്. അക്കൂട്ടത്തിൽ നമ്മളെ ദ്രോഹിക്കുക എന്ന ചിന്തയുള്ളവരും സഹായിക്കുക എന്ന ചിന്തയുള്ളവരും കാണും. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെടാൻ മറ്റ് മാർഗങ്ങൾ ഉറപ്പായുമുണ്ടാകും. അതിനാൽ എത്രയും വേഗം ഫോൺ ഓഫ് ചെയ്ത് വെക്കുകയോ സിം ഊരിവെക്കുകയുകയോ ചെയ്യാം.ഇതിലൂടെ കാര്യമന്വേഷിച്ച് എത്തുന്നവരോട് മറുപടികൾ പറഞ്ഞ് ക്ഷീണിക്കുകയും വേണ്ട, ഭീഷണിപ്പെടുത്തുന്നവരോടുള്ള സംഭാഷണങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ബാക്കി ജോലികൾ പോലീസ് നോക്കിക്കോളും. നേരത്തെ പറഞ്ഞതുപോലെ രണ്ട് സിം, രണ്ട് ഫോൺ ഒക്കെയുണ്ടെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഗുണം ചെയ്യും.
നമ്മളെ യാതൊരു തരത്തിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കണ്ടാൽ മിക്ക തട്ടിപ്പുകാരും പിൻവലിയുകയാണ് പതിവ്. വിദഗ്‌ധോപദേശം നമ്മൾ തേടിയെന്ന ബോധ്യം തട്ടിപ്പുകാരന് ഉണ്ടാകും. നമ്മൾ പ്രതിരോധങ്ങൾ തീർക്കുന്നതോടെ അവർ ഭയപ്പെടും, തിരിഞ്ഞോടും. നമ്മളെക്കാൾ ദുർബലരായ ഇരകളെ തപ്പിയാകും പിന്നെ അവർ പോകുക.
ഓരോരുത്തരുടേയും പരാധീനതകളെ മുന്‍നിര്‍ത്തി ചെറിയ പണം തരികയും പിന്നാലെ ഭീമമായ തുക തിരികെ വാങ്ങുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ ശീലം. ക്രെഡിറ്റ് സ്കോർ നോക്കില്ലെങ്കിലും കോൺടാക്ട് ലിസ്റ്റിലുള്ള ആളുകളുടെ എണ്ണം ഇവർ പരിശോധിക്കുന്നു. സിബിൽ സ്കോറിന്റെ ഒക്കെ പേരും പറഞ്ഞ് ഭീമമായ തുകയാണ് ഭീഷണിയിലൂടെ തട്ടിപ്പുകാർ കെെക്കലാക്കുന്നത്. ആർ.ബി.ഐ അംഗീകാരമില്ലാത്ത ഇവർ എങ്ങനെയാണ് നമ്മുടെ സിബിൽ സ്കോറിനെ തൊട്ടുകളിക്കുക എന്ന് ചിന്തിച്ചുനോക്കൂ. പല കേസുകളിലും ഭയമില്ലാതെ തട്ടിപ്പുകാരെ നേരിടുന്നവർ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട ചരിത്രമുണ്ടെന്ന് പോലീസ് വിശദമാക്കുന്നുണ്ട്. നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യം ഉണ്ടാകേണ്ടത് പ്രധാനമാണ്.
![]() |
മുൻകരുതൽ നൂറുശതമാനം ഫലപ്രദമാകണമെന്നില്ല. തട്ടിപ്പ് നടന്നാൽ പോലീസിന്റെ ഭാഗം അവർ നോക്കിക്കോളും. പക്ഷേ നമ്മുടെ മാനസികാരോഗ്യം കെെമോശം വരാതെ നോക്കുക എന്നത് നമ്മുടെ ബാധ്യസ്ഥതയാണ്. തട്ടിപ്പ് നടന്നതിന്ശേഷം പോലീസ് നിർദ്ദേശിക്കുന്ന മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്ത ഒരുപാട്പേർ ചിരിച്ച മുഖവുമായി വീട്ടിലേയ്ക്ക് മടങ്ങിയിട്ടുള്ളത് ഉദ്യോഗസ്ഥൻ ഓർക്കുന്നു. ഇതൊരു സാധ്യതയാണ്, 100 പേരിൽ ഒരാളെങ്കിലും ഇത്തരം ചെറിയ പ്രതിരോധത്തിലൂടെ വീഴാതെ പിടിച്ചു നിന്നാൽ അതൊരു പോരാട്ടത്തിന്റെ തുടക്കമാകും, മുഖംമൂടിയിട്ട തട്ടിപ്പുകാര്‍ക്കെതിരേയുള്ള ശക്തമായ പോരാട്ടം. ചില കേസുകളിൽ തട്ടിപ്പിന്റെയും ലോണ്‍ ആപ്പുകളുടെയും പേരുകള്‍ വലിച്ചിഴച്ച് യഥാർഥ സംഭവങ്ങളെ മൂടി വെക്കുന്ന പ്രവണതകൾ ഉള്ളതും പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നുണ്ട്.
ശ്രദ്ധ വേണം ഡിജിറ്റൽ ഇടപാടിൽ, സുരക്ഷിതമാക്കണം ഡെബിറ്റ് കാർഡുകൾ
പണം ഡിജിറ്റൽ ആയതോടെ പോക്കറ്റടിക്കാരെ പേടിക്കേണ്ടെങ്കിലും അതിലും വലിയ വിരുതന്മാരെ ഭയക്കേണ്ട സ്ഥിതിയാണുള്ളത്. എ.ടി.എം. കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. സെെബർ തട്ടിപ്പുകളിൽ പ്രധാനിയാണ് എ.ടി.എം. കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകൾ. ഇത്തരം തട്ടിപ്പുകൾ തടയാൻ എ.ടി.എം. കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യങ്ങൾ അടക്കം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ്ബാങ്കിംഗ് വഴിയും എ.ടി.എം. കാർഡുകൾ ബ്ലോക്ക് ചെയ്യാനും ഇടപാടുകൾ നിയന്ത്രിക്കാനും സംവിധാനമുണ്ട്.
![]() |
ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്‌ഷനിൽ നിന്നും എ.ടി.എം. ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം മാനേജ് കാർഡ് എന്ന ഓപ്‌ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത എല്ലാ ഓപ്‌ഷനും നമുക്ക് ഡിസേബിൾ ചെയ്യാൻ സാധിക്കും. ഇത് എല്ലാ ആർ.ബി.ഐ. അംഗീകൃത ബാങ്കുകളുടെ കാർഡുകളിലും ലഭ്യമാണ്.
കാർഡ് സ്വെെപ്പ് ചെയ്തുള്ള പി.ഒ.എസ് (POS) ട്രാൻസാക്ഷൻ, ഇ-കൊമേഴ്‌സ് ട്രാൻസാക്ഷൻ, ഡൊമസ്റ്റിക് യൂസേജ്, ഇന്റർനാഷണൽ യൂസേജ് തുടങ്ങിയവയിൽ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്താൻ സാധിക്കും. ഈ സേവനങ്ങൾ പിന്നീട് ആവശ്യമെങ്കിൽ അപ്പോൾ വീണ്ടും ആപ്ലിക്കേഷൻ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ഈ രീതിയിൽ ഉപയോഗത്തിന് ശേഷം താത്കാലികമായി കാർഡിലെ സേവനങ്ങൾ നിയന്ത്രിച്ചാൽ തന്നെ കാർഡിലെ വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പ് പൂർണമായും തടയാനാകുമെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു. എ.ടി.എം. വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ്, ഉപയോക്താക്കൾ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നത്.
പരിഹാസവും ഉപദേശവുമല്ല, വേണം ചേർത്തുനിർത്തൽ
സെെബർ തട്ടിപ്പിന് ഇരയാകുന്നവർ സാധാരണക്കാർ മാത്രമല്ല, കോടീശ്വരന്മാരും അതിൽ ഉൾപ്പെടുന്നുണ്ട്. ഉന്നത ജോലികളിലിരിക്കുന്ന വിദ്യാസമ്പന്നരും സ്കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവരും എല്ലാം സെെബറിടങ്ങളിലെ സാമ്പത്തിക തട്ടിപ്പുകളുടെ ഇരയാണ്. പ്രായത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ, എല്ലാ വിഭാഗത്തിലുള്ളവരും ഇതിൽ പെടുന്നുണ്ട്. കൗമാരക്കാരേയും കുട്ടികളേയും അപേക്ഷിച്ച് കണക്കുകൾ പ്രകാരം കൂടുതലും ഇരയാകുന്നത് പ്രായമായവരാണെന്ന് മാത്രം. അക്കൂട്ടത്തിൽ വിശ്രമ ജീവിതം നയിക്കുന്ന റിട്ട. ഉദ്യോഗസ്ഥർ പ്രധാന ഇരകളാണ്.
ചിലപ്പോൾ അശ്രദ്ധ, അതുമല്ലെങ്കിൽ ആർത്തി, ചിലപ്പോൾ ഗതികേട് ഒക്കെ തട്ടിപ്പിനിരയാകാൻ കാരണമായി മാറാറുണ്ട്. തട്ടിപ്പിന് ഇരയായവരെ പഴിക്കുന്നവരും കളിയാക്കുന്നവരുമാണ് ചുറ്റിനും, പിന്തുണയുമായി കൂടെ നിൽക്കുന്നവർ ചുരുക്കം. പലപ്പോഴും തട്ടിപ്പുകൾ പുറംലോകം അറിയാത്തത് ഈ കളിയാക്കലുകളെ ഭയന്നാണ്. ഞാൻ തട്ടിപ്പിന് ഇരയായെന്ന് അറിഞ്ഞാൽ നാണക്കേടല്ലേ എന്ന ചിന്ത. പക്ഷേ ആ ചിന്ത ഒരു ക്രിമിനലിനെ രക്ഷിക്കുന്നു അല്ലെങ്കിൽ വീണ്ടും തട്ടിപ്പ് നടത്താൻ പ്രേരിപ്പിക്കുന്നു എന്ന് മാത്രം ഓർക്കുന്നില്ല. തട്ടിപ്പിനിരയായവരെ ചേർത്ത് നിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലിനിക്കൽ സെെക്കോളജിസ്റ്റ് ജി. സെെലേഷ്യ സംസാരിക്കുന്നു...
![]() ( ക്ലിനിക്കൽ സെെക്കോളജിസ്റ്റ് ) 'താൻ പറ്റിക്കപ്പെടുകയാണെന്ന് മനസിലായില്ലെന്ന തിരിച്ചറിവുണ്ടാകുമ്പോൾ തന്നെ തട്ടിപ്പിനിരയായവരുടെ ആത്മവിശ്വാസം കുറയുന്നു. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാകുമ്പോൾ സ്വയം വിലകുറച്ചുകാണുന്ന ഒരു മാനസികാവസ്ഥ ആളുകളിൽ ഉണ്ടാകുന്നു. സ്വാഭിമാനത്തെ നന്നായി ഇത് ബാധിക്കുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പുറത്തുവരുമ്പോൾ അത് സ്വകാര്യതയെ കൂടി ബാധിക്കുകയാണ്. ആ സമയത്ത് എന്തൊക്കെ ചെയ്യേണ്ടി വന്നാലും എത്ര കഠിനമായ തീരുമാനം എടുക്കേണ്ടി വന്നാലും ഒപ്പം നിൽക്കാൻ ആളുണ്ടാകുമെന്ന ഉറപ്പാണ് ചുറ്റുമുള്ളവർ ആദ്യം നൽകേണ്ടത്. ഈ ഒരു സംഭവം നടന്നതുകൊണ്ട് അവരുടെ കഴിവിനെ ഒരിക്കലും വിലകുറച്ച് കാണരുത്. 'ശ്രദ്ധിക്കണ്ടേ' എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളും ഒഴിവാക്കണം. 'ഇത് ആർക്ക് വേണമെങ്കിലും സംഭവിക്കാം, ഇതൊരു അപകടമായി കണ്ടാൽ മതി'യെന്ന് പറഞ്ഞ് അവരുടെ കഴിവിനെ തെല്ലും സംശയിക്കാതെ കൂടെ നിൽക്കുന്നവരെയാണ് അവർക്ക് ഈ ഘട്ടത്തിൽ ആവശ്യം. ഇത്തരം തട്ടിപ്പ് നടന്ന് കഴിയുമ്പോൾ ചിലർ ഭയങ്കരമായിട്ട് കുറ്റപ്പെടുത്തും. എനിക്കും നിനക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും ആർക്ക് വേണമെങ്കിലും സംഭവിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ് വേണ്ടത്. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഡാമേജ് കൺട്രോളാണ്. കൂടുതൽ നഷ്ടം അത് ഡേറ്റയായാലും തട്ടിപ്പിന് ഇരയായവർ അത് തന്നെ മുഴുവൻ സമയവും ആലോചിച്ചിരിക്കും. 'എന്നാലും എനിക്കിത് സംഭവിച്ചല്ലോ' എന്ന് പഴിചാരുമ്പോഴാണ് ചിലർക്ക് കൂടുതൽ വിഷമമാകുന്നത്. ആ ചിന്തയ്ക്ക് പകരം ഇനി ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ മാനസികമായും ശാരീരികമായും താൻ കരുത്തോടെയിരിക്കണം, ജാഗ്രതയോടെയിരിക്കണം എന്ന ധാരണയിൽ പതിവ് ദിനചര്യയിലേയ്ക്ക് തിരികെ പോകുക എന്നതാണ് പ്രധാനം. എല്ലാ കാര്യവും സംശയത്തോടെ, അതീവ ശ്രദ്ധയോടെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആശങ്കയോടെ കാണുകയും ചെയ്യുന്ന ഒരാളായി മാറാതിരിക്കുക. നമ്മുടെ സ്വകാര്യതയ്ക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത തരത്തിൽ സെെബർ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നത് വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷേ ഇത്തരം സംഭവം നടക്കുമ്പോൾ സ്വന്തം ജീവിതം അവസാനിപ്പിക്കുക എന്നത് പരിഹാരമല്ല. പരിഹാരമല്ലാത്തതും മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കുന്നതുമായ മാർഗം തിരഞ്ഞെടുക്കുന്നത് ഒരിക്കലും ശരിയല്ല. ഈ സമയത്താണ് മനുഷ്യർക്ക് അനുകമ്പയുള്ള ആളുകളുടെ പിന്തുണ വേണ്ടത്. അവരുടെ കൂടെ നിൽക്കുന്നവരുടെ മനസിലെ അനുകമ്പയാണ് തട്ടിപ്പിന് ഇരയായവരെ ശാന്തരായി നിർത്താൻ സഹായിക്കുന്നത്. തന്നോട് അനുകമ്പയുണ്ടെന്ന് ഉറപ്പുള്ളവരോട് മാത്രം ഇതിനെപ്പറ്റി സംസാരിക്കുക. 'ഞാൻ പറഞ്ഞതല്ലേ, ഇപ്പോൾ എന്തായി' എന്ന മട്ടിൽ ചിലർ പുച്ഛിച്ച് സംസാരിക്കും. അങ്ങനെയുള്ളവരിൽ നിന്ന് മാറി നിൽക്കുക. നമ്മളോട് ഉള്ളലിവുള്ള, ആത്മാർഥമായി നിൽക്കുന്നവരോട് മാത്രം കാര്യങ്ങൾ ചർച്ച ചെയ്യുക. വെെരുധ്യമുള്ള അഭിപ്രായങ്ങൾ കേൾക്കുന്നത് മാനസികമായി തളർത്തുകയേ ഉള്ളൂ. ഒരു ലോൺ കിട്ടിക്കഴിഞ്ഞാൽ ആശ്വാസമാകും എന്ന് കരുതുന്നവരെയാണല്ലോ തട്ടിപ്പുകാർ ഉന്നമിടുന്നത്. സാമൂഹിക വിരുദ്ധ മനോഭാവമുള്ളവരാണ് ആളുകളുടെ ദുരവസ്ഥയെ മുതലെടുത്ത് കൊണ്ട് തട്ടിപ്പ് നടത്തുന്നത്. ഇത്തരക്കാരോട് മൃദുസമീപനം പാടില്ല. ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നമുക്ക് സംഭവിച്ചത് നാളെ മറ്റൊരാൾക്ക് കൂടി സംഭവിക്കരുത് എന്ന ചിന്തയോടെ തുടർ നടപടികൾ കെെക്കൊള്ളണം, പൊരുതണം, ബോധവാന്മാരാക്കണം' . |
തട്ടിപ്പിന് ഇരയായവരുടെ മാനസികാരോഗ്യം വളരെ പ്രധാനമാണ്. അവർ ചേർത്ത് നിർത്തലുകൾ അർഹിക്കുന്നുണ്ട്. ഒരു നിമിഷത്തെ പിഴവിനെക്കുറിച്ച് തമാശരൂപേണ പറയുമ്പോൾ അവർക്കത് എരിതീയിലെ എണ്ണയാകാം. നഷ്ടമാകുന്ന പണം ചിലപ്പോൾ തിരികെ ലഭിച്ചേക്കാം, പക്ഷേ ജീവനോ? എത്രയെത്ര ജീവനുകളാണ് സാമ്പത്തിക തട്ടിപ്പ് മൂലം, ലോൺ ആപ്പുകളുടെ ഭീഷണി മൂലം നഷ്ടമാകുന്നത്. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണികൾ എത്ര ജീവനുകളെടുത്തിട്ടുണ്ടാവാം. സാമ്പത്തിക ബാധ്യതയിലുപരി അപമാനഭാരമാകും കൂടുതലായും ആത്മഹത്യകളിലേയ്ക്ക് നയിക്കുന്നത്.
ഫോണിലേയ്ക്ക് ഒരു അജ്ഞാതൻ സുഹൃത്തിന്റെ നഗ്നദൃശ്യം അയക്കുമ്പോൾ അത് എഡിറ്റ് ചെയ്തതാണെന്ന് മനസ്സിലാക്കാൻ ഏതൊരാൾക്കും സാധിക്കും. പലപ്പോഴും സുഹൃത്തിനെയും ബന്ധുക്കളെയും ഒക്കെ ഇക്കാര്യം വിളിച്ചറിയിക്കാതെ സമാധാനമുണ്ടാകാറില്ല. എഡിറ്റ് ചെയ്തതാണെന്ന് അറിയാമെങ്കിലും ഒരു സംശയത്തിന്റെ നിഴലുള്ള നോട്ടമോ ചിരിയോ ചിലരെങ്കിലും പ്രകടിപ്പിക്കും. ഇതുകാണുന്നവരുടെ മാനസികാവസ്ഥ ഓർക്കാറില്ല. സാമ്പത്തിക തട്ടിപ്പിന് പുറമേയുള്ള ആഘാതമായിരിക്കും കൂടെയുള്ളവരുടെ ഇത്തരം പ്രവൃത്തികള്‍.
![]() |
തട്ടിപ്പുകാർ ഫോണിലുള്ള 500 കോൺടാക്ടിലേയ്ക്ക് വ്യാജദൃശ്യം അയച്ചെന്ന് കരുതുക. എല്ലാവരും ഇത് കണ്ടെന്നും സംശയത്തോടെ തന്നെ കാണുന്നുവെന്നും മനസിലാക്കുന്ന ഒരാളുടെ മാനസികാവസ്ഥ ഭീകരമായിരിക്കും. ഇതൊന്നും വിഷയമല്ല എന്ന് കരുതുന്നവർ ധീരമായി നേരിടുന്നു.
ഒരുപക്ഷേ, സുഹൃത്തിന്റെ വ്യാജ ഫോട്ടോ കിട്ടുമ്പോൾ നാം തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞാലോ, അല്ലെങ്കിൽ ലാഘവത്തോടെ എഡിറ്റ് ചെയ്ത ചിത്രം കിട്ടിയെന്ന് നിസാരവത്കരിച്ചുകൊണ്ട് സുഹൃത്തിനോട് സംസാരിച്ചാലോ? രണ്ടാണെങ്കിലും അത് അയാൾക്ക് നൽകുന്ന ആശ്വാസം വലുതായിരിക്കും. വ്യാജ ദൃശ്യം ഉറപ്പായും ഇരയ്ക്ക് അജ്ഞാതൻ അയച്ചിട്ടുണ്ടാകും. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച കാര്യവും അറിയിക്കും. തന്റെ സുഹൃത്തുക്കളാരും ഇതേക്കുറിച്ച് സംശയത്തോടെ ചോദിക്കാതിരുന്നാൽതന്നെ അത് ആ വ്യക്തിക്ക് നൽകുന്ന മാനസിക പിന്തുണ വലുതായിരിക്കും. 'ഏതോ ഒരുത്തൻ നിന്റെയൊരു വ്യാജ ചിത്രം അയച്ചിരിക്കുന്നു, ഓരോരോ ഉടായിപ്പ്. ഞാനപ്പോൾ തന്നെ രണ്ട് പറഞ്ഞിട്ട് ആ ചിത്രം ഡിലീറ്റ് ചെയ്തു', ഇത്തരത്തിലുള്ള ഒരു വാചകം ഉറപ്പായും ഒരു ധെെര്യമല്ലേ? വ്യാജ ചിത്രങ്ങൾ അയച്ചിട്ടും യാതൊന്നും സംഭവിക്കുന്നില്ലെന്ന് മനസിലാക്കുന്ന അജ്ഞാതൻ പിന്നെ ആ വഴിക്ക് വരാനുള്ള സാധ്യതയും വിരളം. ഇത്തരം ചേർത്ത് നിർത്തലുകൾ ഒരു ജീവൻ രക്ഷപ്പെടാൻ കാരണമായേക്കാം. തട്ടിപ്പിനിരയായവരെ പഴിക്കാതെ കൂടെ നിൽക്കുന്നതും ചേർത്ത് പിടിക്കുന്നതും പോരാട്ടമാണ്, മുഖംമൂടിയണിഞ്ഞ തട്ടിപ്പുകാര്‍ക്കെതിരേയുള്ള ശക്തമായ പോരാട്ടം. സെെബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ വേണം അവബോധവും ജാഗ്രതയും, തുടരണം പ്രതിരോധം.
(വായനക്കാര്‍ നേരിട്ടിട്ടുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെയ്ക്കാം. മെയില്‍ ഐ.ഡി- onlinedeskmbi@mpp.co.in)
(അവസാനിച്ചു)
Content Highlights: cyber financial frauds in kerala series cyber crime awareness
Published: 20 Oct 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented