ഇന്ന് പഠനത്തിനും വിനോദത്തിനും അറിവ് നേടുന്നതിനുമെല്ലാം നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്റർനെറ്റിനെയും ഡിജിറ്റൽ ഉപകരണങ്ങളെയുമാണ്. ലോകത്തെ വിരൽത്തുമ്പിലെത്തിക്കാൻ ഇന്റർനെറ്റിന് സാധിക്കും. എന്നാലോ കൃത്യമായ ജാഗ്രതയില്ലെങ്കിൽ അത് അനവധി അപകടങ്ങളിലും ചതിക്കുഴികളിലും നമ്മെ കൊണ്ടെത്തിക്കും.
സൈബർ ലോകത്ത് നമ്മൾ സുരക്ഷിതരാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൗതിക ലോകത്ത് കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്ത് നിയമങ്ങളുള്ളതുപോലെ ഇന്റർനെറ്റ് ലോകത്തെ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യയിലുള്ള പ്രധാന നിയമമാണ് ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 2000 (IT Act, 2000). 2000 ഒക്ടോബർ 17-നാണ് ഈ നിയമം നിലവിൽ വന്നത്.
ഓൺലൈനിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് നിയമസാധുത നൽകുക, കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും വഴിയുള്ള ഡാറ്റ മോഷണം, ഹാക്കിംഗ്, വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കൽ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുക എന്നിവയെല്ലാം ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഐടി ആക്ടിലെ ചില സെക്ഷനുകൾ പരിചയപ്പെടാം
സെക്ഷൻ 65:
കമ്പ്യൂട്ടറിന്റെ സോഴ്‌സ്‌കോഡിൽ (Source Code) നാശം വരുത്തുന്നതുമായി ബന്ധപ്പെട്ടതാണിത്.
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്വെയർ പ്രവർത്തിക്കാൻ സഹായിക്കുന്ന അടിസ്ഥാന കോഡുകൾ ഉടമസ്ഥന്റെയോ അധികൃതരുടെയോ അനുവാദമില്ലാതെ മനഃപൂർവ്വം നശിപ്പിക്കുക, അതിൽ മാറ്റം വരുത്തുക എന്നതെല്ലാം ഇതിൽപ്പെടും.
ഐടി ആക്ട് പ്രകാരം ഈ കുറ്റത്തിന് 2 ലക്ഷം രൂപ വരെ പിഴയോ, 3 വർഷം വരെ തടവോ രണ്ടുംകൂടിയോ ലഭിക്കും.
സെക്ഷൻ 66 B:
കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ, ടാബോ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ മോഷണം പോയതാണെന്ന് അറിഞ്ഞുകൊണ്ട് അത് വാങ്ങുന്നതും, സൂക്ഷിക്കുന്നതും, ഉപയോഗിക്കുന്നതും കുറ്റകരമാണ്.
1 ലക്ഷം രൂപവരെ പിഴയോ, 3 വർഷം വരെ തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.
വില കുറച്ച് കിട്ടുന്നു എന്ന് കരുതി ബില്ലോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ അപരിചിതരിൽ നിന്ന് ഉപയോഗിച്ച മൊബൈൽ ഫോണുകളോ ടാബുകളോ വാങ്ങരുത്. അത് ചിലപ്പോൾ മോഷണം പോയവ ആകാം!
സെക്ഷൻ 66 C:
ഡിജിറ്റൽ ലോകത്ത് ഒരാളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ച് ആളുകളെ വഞ്ചിക്കുന്നത് തടയാനുള്ള വകുപ്പാണിത്. ഇത് ഐഡന്റിറ്റി തെഫ്റ്റ് എന്നറിയപ്പെടുന്നു. പാസ് വേർഡ്, ബയോമെട്രിക് ഡാറ്റ, ഡിജിറ്റൽ ഒപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. 1 ലക്ഷം രൂപ വരെ പിഴയും 3 വർഷം വരെ തടവും ഈ കുറ്റത്തിന് ലഭിക്കുന്നു.
സെക്ഷൻ 66 D:
കമ്പ്യൂട്ടർ വിവരങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ ഈ സെക്ഷൻ പ്രകാരം അകത്താവും. കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിച്ച് മറ്റൊരാളാണെന്ന് വ്യാജേന അഭിനയിച്ച് അല്ലെങ്കിൽ വ്യാജ വിലാസം കാട്ടി ആളുകളെ പറ്റിച്ച് പണമോ മറ്റ് സാധനങ്ങളോ തട്ടിയെടുക്കുന്നതാണ് സെക്ഷൻ 66D പ്രകാരമുള്ള കുറ്റം. 1 ലക്ഷം രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണിത്.
സെക്ഷൻ 66 E:
ഒരാളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. ഡിജിറ്റൽ ലോകത്ത് ഓരോ വ്യക്തിക്കുമുള്ള സ്വകാര്യതാ അവകാശത്തെ (Right to Privacy) സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. സ്വകാര്യതാ ലംഘനത്തിന് 2 ലക്ഷം രൂപവരെ പിഴയോ, 3 വർഷം വരെ തടവോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.
മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കുന്നത് നല്ലൊരു ഡിജിറ്റൽ പൗരന്റെ കടമയാണ്.
സെക്ഷൻ 66 F:
സൈബർ ടെററിസം ഉൾപ്പെടുന്ന സെക്ഷനാണിത്. ഒരു രാജ്യത്തിന്റെ മൊത്തം സുരക്ഷയെയും സമാധാനത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന രീതിയിൽ ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതികവിദ്യയും ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ സെക്ഷൻ ഉപയോഗിക്കുന്നു.
ഭൗതിക ലോകത്ത് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതുപോലെ തന്നെ അപകടകരമാണ് ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് രാജ്യത്തെ വ്യവസ്ഥകളെ തകരാറിലാക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷാ കേന്ദ്രങ്ങൾ, ബാങ്കുകൾ, വൈദ്യുതി വിതരണ സംവിധാനങ്ങൾ, റെയിൽവേ നെറ്റ്വർക്കുകൾ തുടങ്ങിയവയുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് രാജ്യത്തെ മൊത്തം പണിമുടക്കിക്കുക, പ്രതിരോധ നയങ്ങൾ, സൈനിക രഹസ്യങ്ങൾ എന്നിവ ഇന്റർനെറ്റിലൂടെ ചോർത്തുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നിവയെല്ലാം ഈ സെക്ഷന്റെ പരിധിയിൽപ്പെടും. കുറ്റം വലുതായതിനാൽ ശിക്ഷയും കൂടും. ജീവപര്യന്തം തടവ് ലഭിക്കാനുള്ള കുറ്റമാണിത്.
സെക്ഷൻ 67 ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കൽ:
ഇന്റർനെറ്റിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അശ്ലീല സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. ആദ്യമായി കുറ്റം ചെയ്താൽ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. വീണ്ടും ആവർത്തിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഫോണുകളിൽ വരുന്ന മോശം സന്ദേശങ്ങളോ ചിത്രങ്ങളോ മറ്റുള്ളവർക്ക് ഷെയർ ചെയ്യരുത്. അത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മാതാപിതാക്കളെയോ അധ്യാപകരെയോ വിവരമറിയിക്കണം.
സെക്ഷൻ 67 A ഇലക്ട്രോണിക് രീതിയിൽ ലൈംഗിക അതിക്രമം പ്രചരിപ്പിക്കൽ:
ലൈംഗിക അതിക്രമം അടങ്ങിയ ചിത്രങ്ങളും വീഡിയോകളും ഡിജിറ്റലായി അയക്കുന്നതും അപ്ലോഡ് ചെയ്യുന്നതും തടയാനുള്ള വകുപ്പാണിത്.
ശിക്ഷ: ആദ്യ കുറ്റത്തിന് 5 വർഷം വരെ തടവും 10 ലക്ഷം പിഴയും. കുറ്റം ആവർത്തിച്ചാൽ 7 വർഷം വരെ തടവും പിഴയും.
സെക്ഷൻ 67 B - ഇലക്ട്രോണിക് രീതിയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം പ്രചരിപ്പിക്കൽ:
കുട്ടികളെ ഉൾപ്പെടുത്തിയുള്ള അശ്ലീല ചിത്രങ്ങളോ വീഡിയോകളോ നിർമ്മിക്കുക, കാണുക, മൊബൈലിൽ സൂക്ഷിക്കുക, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക എന്നിവയൊക്കെ തടയുന്ന ഏറ്റവും കർശനമായ വകുപ്പാണിത്.
ആദ്യ കുറ്റത്തിന് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ആവർത്തിച്ചാൽ 7 വർഷം വരെ തടവും പിഴയും ലഭിക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട അവകാശങ്ങളും ചുമതലകളുമാണ് ഐടി ആക്ട് മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ ലോകത്ത് എങ്ങനെ ഉത്തരവാദിത്വമുള്ള പൗരന്മാരായി പെരുമാറാമെന്നും അപരിചിതരിൽ നിന്നുള്ള സൈബർ ഭീഷണികളെ എങ്ങനെ നേരിടാമെന്നും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ടതുണ്ട്.
Content Highlights: Overview of the Information Technology Act 2000 and its establishment date (October 17, 2000).
Published: 05 Oct 2026, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented