
അണ്‍നോണ്‍ നമ്പര്‍ - ഹലോ, രവി സാര്‍ അല്ലേ...?
രവി - അതെ, ആരാണ്...?
അണ്‍നോണ്‍ നമ്പര്‍ - സര് ഞാന്‍ എച്ച്സിസി ബാങ്കില്‍നിന്നാണ് വിളിക്കുന്നത്. സാറിന്റെ ഡെബിറ്റ് കാര്‍ഡ് നാളെ എക്സ്പയര്‍ ആകും. വാലിഡിറ്റി എക്സ്റ്റെന്റ് ചെയ്യാന്‍ വേണ്ടിയാണ് വിളിക്കുന്നത്. സാറിന്റെ ഫോണില്‍ ഒരു ഒ.ടി.പി വന്നിട്ടുണ്ട്. അതൊന്നു പറയാമോ?
രവി - ഒ.ടി.പിയോ, അതൊന്നും ഷെയര്‍ ചെയ്യാന്‍ പാടില്ലല്ലോ...
അണ്‍നോണ്‍ നമ്പര്‍ - അതെ, സാര്‍ ബാങ്കില്‍ നിന്നല്ലാതെ ആര് വിളിച്ചാലും ഇതൊന്നും ഷെയര്‍ ചെയ്യരുത്. സാറിന്റെ കാര്‍ഡിന്റെ ലാസ്റ്റ് 4 ഡിജിറ്റുകൾ 4567 അല്ലെ. ഞങ്ങള്‍ ബാങ്കില്‍നിന്നാണ് വിളിക്കുന്നത്. ധൈര്യമായി ഒ.ടി.പി. പറഞ്ഞോളൂ...
രവി - ഓക്കെ...2011
ഇതൊരു സാങ്കല്പിക സാഹചര്യമാണ്. എവിടെയോ സംഭവിച്ചിരിക്കാൻ ഇടയുള്ള, നിങ്ങൾ നേരിട്ടിട്ടുള്ള, അല്ലെങ്കിൽ അറിഞ്ഞിരിക്കാൻ ഇടയുള്ള ഒരു സംഭവം. ക്ലൈമാക്സ് ഊഹിക്കാമല്ലോ...നിമിഷങ്ങൾക്കുള്ളിൽ രവിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ്.
വിദ്യാഭ്യാസമുള്ള, ലോകപരിചയമുള്ള രവിയെന്ന റിട്ടയേഡ് ഉദ്യോഗസ്ഥൻ പറ്റിക്കപ്പെട്ടു. ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ബോധ്യമുള്ള ആളുകൾവരെ കബളിപ്പിക്കപ്പെടുന്നു, അപ്പോൾ നമ്മുടെ നാട്ടിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ കാര്യമോ? പെട്രോൾ പമ്പിലും സൂപ്പർ മാർക്കറ്റിലും പച്ചക്കറിക്കടയിലും തുടങ്ങി 10 രൂപയ്ക്ക് കപ്പലണ്ടി വാങ്ങാൻ പോലും ഡിജിറ്റൽ പണം ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും.
കോവിഡ് കാലത്തിന് ശേഷം ഡിജിറ്റൽ പണമിടപാടിൽ വൻ കുതിച്ചുചാട്ടമാണ് വന്നിട്ടുള്ളത്. കണക്കുകൾ പ്രകാരം ഇരുപത് ശതമാനത്തിലധികം വർധനവാണ് ഡിജിറ്റൽ പണമിടപാടിലുണ്ടായിരിക്കുന്നത്. ![]() |
പഴ്സിലും ബാഗിലും പണം സൂക്ഷിച്ചിരുന്നപ്പോൾ പോക്കറ്റടിക്കാരെയാണ് പേടിച്ചിരുന്നെങ്കിൽ ഇപ്പോൾ ഭയക്കേണ്ടത് ഡിജിറ്റൽ തട്ടിപ്പുകാരെയാണ്, സെെബർ ലോകത്തെ മുഖംമൂടിയണിഞ്ഞ കൊള്ളക്കാരെ. 2023 ഓഗസ്റ്റ് വരെ 25,000 സെെബർ തട്ടിപ്പുകളാണ് രാജ്യതലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. 2022-നെ അപേക്ഷിച്ച് 212 ശതമാനത്തിൻ്റെ വളർച്ച. കേരളത്തിലേയും സ്ഥിതി മറിച്ചല്ല. അതിൽ കൂടുതലും സാമ്പത്തിക തട്ടിപ്പുകളാണെന്നതാണ് വസ്തുത.
സെെബർ ലോകത്തെ സാമ്പത്തിക തട്ടിപ്പുകള്‍
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാങ്കേതിക വിദ്യാരംഗത്ത് വളരെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് കുട്ടികളുടെ വരെ വിരല്‍ത്തുമ്പിലെത്തി കഴിഞ്ഞു. ഓരോ മണിക്കൂറിലും, എന്തിനേറെ പറയുന്നു നിങ്ങള്‍ ഇത് വായിക്കുമ്പോഴും ടെക്നോളജി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ അനന്തസാധ്യതകള്‍ മനസ്സിലാക്കി സ്റ്റാര്‍ട്ടപ്പുകള്‍, വെബ്സൈറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തുടങ്ങിയ സാധ്യതകളിലൂടെ വിജയം നേടുന്നവര്‍ നിരവധിയാണ്. അതിനൊപ്പമോ ഒരുപക്ഷേ തുലോം കൂടുതലോ ആണ് സൈബര്‍ രംഗത്തെ തട്ടിപ്പ്. കുറ്റവാളികളുടെ വിഹാരകേന്ദ്രമായി എന്നോ മാറിക്കഴിഞ്ഞു സൈബര്‍ ലോകം. അന്താരാഷ്ട്ര ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, പെണ്‍വാണിഭം, മനുഷ്യക്കടത്ത്, ലഹരിമരുന്ന് വ്യാപാരങ്ങള്‍, ലോണ്‍ ആപ്പുകള്‍, വ്യാജ ലോട്ടറി സ്കാം.. പട്ടിക നീളുന്നു.
ഓരോ വർഷവും സെെബർ കുറ്റകൃത്യങ്ങളിൽ വൻകുതിച്ച് ചാട്ടമാണ് രേഖപ്പെടുത്തുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സെെബർ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ വളരെ കൂടുതലാണ്. ![]() |
സൈബര്‍ തട്ടിപ്പുകളുടെ ഉള്ളറയിലേയ്ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലെ ഒരു സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിൽ ഒരാള്‍ അവിടേക്ക് കടന്നുവന്നു. ലോണ്‍ ആപ്പ് തട്ടിപ്പില്‍ അയാളുടെ ഒന്നര ലക്ഷം രൂപ നഷ്ടമായി എന്നായിരുന്നു പരാതി. കാശിന് അത്യാവശ്യം വന്നപ്പോള്‍ ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍നിന്നു പണമെടുക്കാന്‍ ശ്രമിച്ചു. ആദ്യം മൊബൈല്‍ നമ്പര്‍ നല്കി സൈന്‍ അപ്പ് ചെയ്തപ്പോള്‍ തന്നെ 10 ലക്ഷം രൂപ ക്രെഡിറ്റ് ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് ലോണ്‍ എടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പ്രോസസിങ് ഫീ അടക്കണമെന്ന നിര്‍ദേശം വന്നു. ഇത്തരത്തില്‍ പ്രൊസസിങ് ഫീ എന്ന പേരില്‍ പലതവണയായി ഒന്നര ലക്ഷം രൂപ ഇദ്ദേഹത്തില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
പറ്റിക്കപ്പെട്ടയാള്‍ ഒരു കൂലിപ്പണിക്കാരനാണ്. പലപ്പോഴായി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടം വാങ്ങിയാണ് ലോണ്‍ കിട്ടുന്നതിനായി ലോണ്‍ ആപ്പുകാര്‍ക്ക് ഇയാള്‍ പണം നല്‍കിയത്. ഇനി കാശ് ലഭിക്കാതെ മറ്റു ഫീസുകളൊന്നും അടയ്ക്കാനാവില്ലെന്ന് അറിയിച്ചതോടെ അയാളുടെ അക്കൗണ്ട് തന്നെ അവര്‍ മരവിപ്പിച്ചു. പിന്നെ ഒരു വിവരവും ഇല്ല. കാശും പോയി ലോണും ഇല്ല. എന്ത് മണ്ടത്തരമാണ് ഇയാള്‍ ചെയ്തതെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം തോന്നിയേക്കാം. ഇത്തരം വിവരക്കേടൊന്നും ഞാന്‍ കാണിക്കില്ലെന്ന് ചിന്തിക്കുന്ന ബുദ്ധിമാന്മാര്ക്കുപോലും ഇത് സംഭവിക്കാം. കാരണം ലോണ്‍ ആപ്പുകാര്‍ ചൂഷണം ചെയ്യുന്നത് നമ്മുടെ അത്യാവശ്യങ്ങളെയും അത്യാര്ത്തിയെയുമാണ്.
ഒന്നര ലക്ഷം രൂപ കടം വാങ്ങി നല്‍കിയാലെങ്കിലും അത്യാവശ്യത്തിനുള്ള 10 ലക്ഷം രൂപ കിട്ടുമെന്ന പ്രതീക്ഷയാണ് നേരത്തെ പറഞ്ഞയാള്‍ക്ക് പണം നഷ്ടപ്പെടാനുള്ള കാരണം. അയാളുടേത് ആശുപത്രി ആവശ്യമോ മറ്റെന്തെങ്കിലും അത്യാവശ്യമോ ആയിരുന്നിരിക്കാം. കടുത്ത സാമ്പത്തിക ബാധ്യതയില്‍ കിടപ്പാടം വരെ നഷ്ടപ്പെട്ടേക്കുമോ എന്ന അവസ്ഥയില്‍ ആരായാലും ചിലപ്പോള്‍ സൈബറിടങ്ങളില്‍ വിരിച്ചിരിക്കുന്ന കെണിയില്‍ വീണേക്കാം. ബാങ്കില്‍നിന്നും പലിശക്കാരില്‍ നിന്നുമൊക്കെ ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യ ചെയ്ത എത്രയെത്ര കേസുകളാണ് ദിനവും നമ്മുടെ മുന്നിലെത്തുന്നത്. ജപ്തി ഭീഷണികളും സ്ഥിരംകാഴ്ചയായിരുന്നു. ക്രെഡിറ്റ് സ്കോറുകളും മറ്റും ബാങ്ക് ലോണുകള്‍ക്ക് വിലങ്ങുതടി ആകുമ്പോഴാണ് ആളുകള്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ അഭയം തേടുന്നത്. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ച ലോണ്‍ ആപ്പ് വെബ്സൈറ്റുകള്‍ ഗവണ്മെന്റ് പൂട്ടിയെങ്കിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വെബ്സൈറ്റുകള്‍ ഇന്നും സജീവമാണ്.
ബാങ്കിലെ നൂലാമാലകളില്‍ നിന്നുള്ള രക്ഷനേടല്‍
ബാങ്കില്‍നിന്ന് ലോണ്‍ കിട്ടുക അത്ര എളുപ്പമല്ല. ഈടായി സ്ഥലം, ജാമ്യം ഒക്കെ വേണം. തരക്കേടില്ലാത്ത ക്രെഡിറ്റ് സ്കോറും നിര്‍ബന്ധമാണ്. ഈടുകള്‍ നല്കി ബാങ്കുകളില്‍ കയറിയിറങ്ങി ലോണ്‍ എടുക്കാതെ തന്നെ പണം ലഭിക്കുന്ന ലോണ്‍ ആപ്പുകള്‍ അവതരിച്ചതോടെ ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവര്‍ പോലും ഇത്തരം ആപ്പുകളെ ആശ്രയിച്ചു തുടങ്ങി. വിരല്‍ത്തുമ്പില്‍ പണം ലഭിക്കുമ്പോള്‍ ബാങ്കില്‍ കയറിയിറങ്ങി ചെരുപ്പു തേയുന്നത് എന്തിന്? പക്ഷേ, ലോണ്‍ കിട്ടുന്നത് ആര്.ബി.ഐ. അംഗീകൃത ബാങ്കുകളില്‍ നിന്നാണ് എന്നതിനാല്‍ തന്നെ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. തിരിച്ചടയ്ക്കാത്തവരില്നിന്ന് ഈടായി നല്കിയ വസതുവകകള് കണ്ടുകെട്ടുകയോ ചിലപ്പോള്‍ ഇളവുകള്‍ അനുവദിക്കുകയോ ബാങ്കുകള്‍ ചെയ്യാറുണ്ട്. ആര്.ബി.ഐ. അംഗീകൃത ലോണ്‍ ആപ്പുകളാണെങ്കില്‍ വായ്പയെടുക്കാന്‍ കൃത്യമായ രേഖകളും ഭേദപ്പെട്ട ക്രെഡിറ്റ് സ്കോറും നിര്‍ബന്ധമാണ്.
തേഡ് പാര്‍ട്ടി ലോണ്‍ ആപ്പുകളില്‍നിന്ന് പണം ലഭിക്കാന്‍ കാര്യമായ ഒരു രേഖയും വേണ്ട. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാറിന്റെ ഒരു കോപ്പി അയച്ചുകൊടുത്താല്‍ മാത്രം മതി, ലോണ്‍ റെഡി. രേഖകള്‍ കൈമാറിയ ശേഷം ലോണ്‍ തുക അവര്‍ അക്കൗണ്ടിലേക്ക് കൈമാറും. പക്ഷേ, സ്വകാര്യതയിലേയ്ക്കുള്ള ചില ആക്സസുകള്‍ അവര്‍ ചോദിക്കും. എസ്.എം.എസ്., കോണ്ടാക്ട്, കോള്‍ ലോഗ്, ഗാലറി, ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ തുടങ്ങി സകല പെര്മിഷനുകളും നല്‍കണം. അത്യാവശ്യക്കാരനായതിനാല്‍ നമ്മളത് കണ്ണും പൂട്ടി കൊടുക്കുകയും ചെയ്യും. ആപ്പിന്റെ ഫാന്‍സി പേരുകളല്ലാതെ മറ്റെന്താണ് അറിയാവുന്നത്? ഒരു വ്യക്തിയോടാണോ കമ്പനിയോടാണോ കടപ്പെടുന്നത്? ഒരു കസ്റ്റമര്‍ കെയര്‍ സപ്പോര്‍ട്ട് നമ്പരെങ്കിലും ഉണ്ടെന്ന് തിരക്കാന്‍ മിനക്കെടാറുണ്ടോ? ഈ ചോദ്യങ്ങള്‍ സ്വയമൊന്ന് ചോദിച്ചാല്‍ തന്നെ നാം തിരിഞ്ഞുനടക്കും.

ഇത്തരം ആപ്പുകളില്‍ പണം അതിവേഗം ലഭിക്കും, കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്യും. കാര്യങ്ങള്‍ അതുവരെ സുരക്ഷിതമാണ്. പക്ഷേ, പിന്നെ കഥ മാറും. 10,000 രൂപ ലോണിന് അവര്‍ 13,000 രൂപയാകും ആവശ്യപ്പെടുക. ലോണായി നല്‍കാമെന്ന് പറയുന്ന തുക പോലും തികച്ച് നമ്മുടെ അക്കൗണ്ടില്‍ എത്തുന്നില്ലെന്നത് വിരോധാഭാസം. സര്‍വീസ് ചാര്‍ജ്, ഇന്‍ഷുറന്‍സ്, നികുതി, പ്രോസസിങ് ചാര്‍ജ് തുടങ്ങി പല പേരില്‍ കാശ് ഇക്കൂട്ടര്‍ ഈടാക്കും. ഒടുവിലാണ് ഈ ഭീഷണി. 1000 രൂപ ലോണ്‍ എടുത്ത് 3000-മായി തിരിച്ചടച്ചിട്ടും ബാധ്യത ബാക്കിയുള്ള കേസുകള്‍ എത്രയെണ്ണം കേട്ടിരിക്കുന്നു. അവര്‍ പറയുന്ന പണം തിരിച്ചടച്ചാലും അധികത്തുക ചിലപ്പോള്‍ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. അതിന് പല കാരണങ്ങള്‍ നിരത്തും, 'പ്രൊസസിങ് ഫീ' ഉള്‍പ്പടെയുള്ള നൂലാമാലകള്‍ കാണിച്ചുതരും. പതിയെ അത് ഭീഷണിയിലേക്ക് വഴിമാറും. ഫോണ്‍ നിലയ്ക്കാതെ ബെല്ലടിക്കും. നമ്മുടെ മാത്രമല്ല, കോണ്ടാക്ട് ലിസ്റ്റിലുള്ള ഓരോരുത്തരേയും മാറിമാറി അവര്‍ വിളിക്കും. കൃത്യമായി അടയ്ക്കുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ തിരിച്ചടവ് മുടങ്ങുന്നവരുടെ കാര്യമോ?
കുറച്ചുനാള്‍ ലോണ്‍ ആപ്പുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍, വീണ്ടും ആപ്പുകള്‍ ചതിക്കുഴികള്‍ ഒരുക്കി സജീവമായിരിക്കുകയാണ്. ലോണ്‍ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ച് പോലീസില്‍ പരാതിപ്പെടുന്നതിനുള്ള നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍ ഓരോ വര്‍ഷവും ആയിരത്തിലധികം കോളുകളാണ് വരുന്നത്. ആപ്പുകള്‍ വിരിച്ച വല എത്ര വലുതാണെന്ന് നോക്കൂ.
ആ ലിങ്കില്‍ ക്ലിക്ക് ചെയ്യല്ലേ
മൊബൈലിലേക്ക് വരുന്ന അനാവശ്യമായ ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അതിലൂടെ ഫോണ്‍ ക്ലോണാവുകയാണ്. ഇങ്ങനെ പിന് നമ്പറുള്‍പ്പടെയുള്ള വിവരങ്ങള്‍ അവര്‍ മനസിലാക്കുന്നു. ഗാലറി പോലും ഹാക്ക് ചെയ്യപ്പെടും. ലോണ്‍ ആപ്പുകാര്‍ ഗാലറിയിലെ ചിത്രങ്ങളാണ് ലക്ഷ്യം വെയ്ക്കുക. ഫോണിലുളള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം മൊബൈലിലുള്ള കോണ്ടാക്ടുകളിലേക്ക് അവ അയച്ചുകൊടുക്കും. പലപ്പോഴും ലോണ്‍ ആപ്പുകാര്‍ക്ക് വന്‍തുക നല്കിയ ശേഷമായിരിക്കും നാം പരാതി നല്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.
| നിത്യജീവിതത്തിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു മൊബൈല്‍ ഫോണുകള്‍. നിരവധി ആപ്പുകളാണ് നിത്യോപയോഗത്തിനായി നാം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളത്. അപ്പോഴെല്ലാം ആപ്പുകള്‍ ഗാലറി ഉള്‍പ്പടെയുള്ള വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നുകയറാനുള്ള അനുവാദം ആവശ്യപ്പെടാറുള്ളത് ശ്രദ്ധിച്ചിട്ടില്ലേ? നമ്മളില്‍ പലരും മറ്റൊന്നുമാലോചിക്കാതെ പെര്മിഷന് നല്‍കുകയും ചെയ്യും. അബദ്ധങ്ങളുടെ തുടക്കം അവിടെ ആരംഭിക്കുന്നു. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ ഇരകളെ ഭീഷണിപ്പെടുത്തുന്നത് ഇത്തരം പെര്മിഷനുകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഫോണ്‍ കോളുകള്‍, സ്ക്രീന്‍ റെക്കോര്‍ഡിങ്, ഫോട്ടോകള്‍ ഗാലറി എന്നിവയിലേക്കുള്ള പെര്മിഷന് ആണ് സാധാരണയായി ആപ്പുകള്‍ ചോദിക്കാറുള്ളത്. അനുവാദം നല്കിക്കഴിഞ്ഞാല് ഫോണിലേക്ക് റിമോട്ട് ആയി ആക്സസ് ചെയ്യാനും ഡേറ്റ കൈവശപ്പെടുത്താനും ഇവര്‍ക്ക് സാധിക്കും. |
ചോര നീരാക്കിയ സമ്പാദ്യം ഒലിച്ചുപോകുമ്പോൾ
മുതിര്‍ന്നവരും കുട്ടികളുമാണ് സൈബര്‍ കെണികളില്‍ അകപ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചുള്ള അറിവില്ലായ്മ തന്നെയാണ് അതിനുള്ള പ്രധാന കാരണം. ഗൂഗിള്‍, ഇ-മെയില്‍, വാട്സാപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് സൈബര്‍ ലോകത്തെ അമിതമായി ആശ്രയിക്കുന്ന സമൂഹമായി നാം മാറിക്കഴിഞ്ഞു. എന്നാല്‍, സുരക്ഷിതമായി ഇതെല്ലാമുപയോഗിക്കാന് എത്ര പേര്‍ക്കറിയാം? ദൂരയാത്രയ്ക്ക് പോകുമ്പോള്‍ അപരിചിതരുടെ കൈയില്‍നിന്ന് മിഠായി പോലും വാങ്ങിക്കഴിക്കരുതെന്ന് ഉപദേശിക്കുന്ന നമ്മളാണ് കണ്ടുപരിചയം പോലുമില്ലാത്ത, ശബ്ദപരിചയം മാത്രമുള്ള, അല്ലെങ്കില്‍ ചാറ്റില്‍ വന്നുമാത്രം കാര്യങ്ങള്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ചോദിക്കുമ്പോള്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നത്. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും കോടിക്കണക്കിന് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്ര കേസുകള്‍ കാണും? തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗം ജാഗ്രതയും മുന്‍കരുതലും മാത്രമാണ്.
സാമ്പത്തികമായുള്ള ആവശ്യങ്ങളും ട്രാന്‍സാക്ഷനുകളും എളുപ്പത്തിലും വേഗത്തിലുമാക്കി എന്നതാണ് ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തിന്റെ ഏറ്റവും വലിയ വിജയം. ഇതേ സംവിധാനത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വന്‍തട്ടിപ്പുകളും ഇതിനോടൊപ്പം വ്യാപകമാണ്. വ്യക്തികള്‍ മാത്രമല്ല, വമ്പന്‍ കമ്പനികള്‍ മുതല്‍ എന്തിനേറെ പറയുന്നു ബാങ്കുകള്‍പോലും തട്ടിപ്പിനിരയാകുന്നുണ്ട്. കൂടുതലായും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.
CERT-In (ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) ഡേറ്റ പ്രകാരം 2022-ലെ ആദ്യ രണ്ട് മാസങ്ങളില്‍ 2018-നെക്കാള്‍ കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈബര്‍ സുരക്ഷാ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് സിഇആര്‍ടി-ഇന്‍, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2018 മുതല്‍ സൈബര്‍ ക്രൈം കേസുകള്‍ക്ക് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018-ല്‍ ഇന്ത്യയില്‍ 2,08,456 സൈബര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019-ല്‍ 3,94,499-ഉം 2020-ല്‍ 11,58,208 കേസുകളും 2021-ല്‍ 14,02,809 കേസുകളുമാണ് പിഐബി(പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-നും 2021-നും ഇടയില്‍ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കേസുകളുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ചതായി കാണാം.
ആദ്യം പണം, പിന്നെ ഭീഷണി; നോവായി കടമക്കുടി
സൈബര്‍ തട്ടിപ്പുകളില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോകുന്നവരാണ് ഭൂരിഭാഗം പേരും. ലോണ്‍ ആപ്പുകളില്‍നിന്ന് പണമെടുത്ത് കുടുങ്ങിയവരും ഓണ്‍ലൈന്‍ ജോലി സ്വപ്നം കണ്ട് കടക്കെണിയിലായവരും ഏറെയാണ്. കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാക്കെണിയായിരുന്നു. മരിച്ച യുവതി ഓണ്‍ലൈന്‍ വായ്പ ആപ്പില്‍നിന്ന് പണം വായ്പയെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതോടെ ഓണ്‍ലൈന്‍ ആപ്പുകാര്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണി സന്ദേശങ്ങള്‍ അയച്ചതാണ് ആ കുടുംബത്തെ മരണത്തിലേക്ക് നയിച്ചത്. കടമക്കുടി മാടശ്ശേരി നിജോ(39), ഭാര്യ ശില്പ(29) മക്കളായ ഏയ്ബല്(ഏഴ്), ആരോണ്‍(അഞ്ച്) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നാലംഗ കുടുംബത്തിന്റെ മരണത്തിന് പിന്നാലെ ഓണ്‍ലൈന്‍ വായ്പാക്കാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്കും ലഭിച്ചു. ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മരണപ്പെട്ട ശില്പ ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് 9000 രൂപയോളം വായ്പ എടുത്തിരുന്നതായും ഇത് എത്രയുംവേഗം തിരിച്ചടക്കാന്‍ പറയണമെന്നുമാണ് ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍ ലഭിച്ച സന്ദേശം. ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഓണ്‍ലൈന്‍ ആപ്പുകാര്‍ ബന്ധുക്കള്‍ക്ക് നല്കി. പണം തിരിച്ചടച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് കൂട്ടആത്മഹത്യയ്ക്ക് പിറകിലെ ഓണ്‍ലൈന്‍ വായ്പാ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്.
കേരളത്തെ ഞെട്ടിച്ച കടമക്കുടി ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികളും മുന്‍കരുതലുകളുമാണ് നമുക്കാവശ്യം. ഇനിയൊരു ജീവന് കൂടി പൊലിയാതിരിക്കാന്‍ ജാഗ്രത പാലിക്കണം, പ്രതിരോധം തീര്‍ക്കണം. അതിനാദ്യം വേണ്ടത് ഡിജിറ്റല്‍ സാക്ഷരതയും സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധവുമാണ്.
പരമ്പരയുടെ രണ്ടാം ഭാഗം നാളെ(ചൊവ്വാഴ്ച്ച) രാവിലെ10.30-ന്:
'അയച്ചത് നാലു രൂപ, പോയത് ഒന്നേകാൽ ലക്ഷം; എടുക്കാത്ത ലോട്ടറിയിൽ നഷ്ടപ്പെട്ടത് ഒന്നേ കാൽ കോടി
(വായനക്കാര്‍ നേരിട്ടിട്ടുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെയ്ക്കാം. മെയില്‍ ഐ.ഡി- onlinedeskmbi@mpp.co.in)
(തുടരും)
Content Highlights: cyber financial frauds in kerala
Published: 16 Oct 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented