കൊച്ചി: മരിച്ചതിന് ശേഷവും കടമക്കുടിയിലെ നാലംഗകുടുംബത്തെ വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍. കുട്ടികളടക്കം നാലുപേരുടെ കൂട്ടമരണത്തിന്റെ ദുഃഖത്തിനിടെയും ഓണ്‍ലൈന്‍ ആപ്പുകാര്‍ മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഭീഷണിസന്ദേശം അയക്കുന്നതും തുടരുന്നതായാണ് ബന്ധുക്കളുടെ പരാതി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് ബന്ധുക്കള്‍ക്ക് ഭീഷണിസന്ദേശം വാട്സാപ്പില്‍ ലഭിച്ചത്.
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്സാപ്പില്വന്നിട്ടുള്ളത്. ചിലര്‍ക്ക് ഹിന്ദിയിലുള്ള ഒരു ഓഡിയോസന്ദേശവും ലഭിച്ചിട്ടുണ്ട്. പലനമ്പറുകളില്നിന്നാണ് സന്ദേശങ്ങള്‍ വരുന്നതെന്നും ഇതിനെതിരേ എത്രയുംവേഗം നടപടിവേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോയെയും ഭാര്യ ശില്പയെയും ഏഴും അഞ്ചും വയസ്സുള്ള മക്കളായ എയ്ബല്‍, ആരോണ്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയില്‍ കണ്ടെടുത്ത കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, സാമ്പത്തിക ബാധ്യതയില്‍ കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യത നാട്ടുകാരും ബന്ധുക്കളും തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഓണ്‍ലൈന്‍ ആപ്പുകാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചത്.
ശില്‍പയെടുത്ത വായ്പയില്‍ 9300 രൂപ കുടിശ്ശികയുണ്ടെന്നു കാണിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് നിജോയുടെ ബന്ധുവിനാണ് ഓണ്‍ലൈന്‍ ആപ്പുകാര്‍ ആദ്യം സന്ദേശം അയച്ചത്. അടച്ചുതീര്‍ക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്മെന്റും ശില്പയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പം അയച്ചു. വിളിച്ചിട്ട് ശില്പ ഫോണ്‍ എടുക്കുന്നില്ലെന്നും പണം ഉടന്‍തന്നെ അടച്ചില്ലെങ്കില്‍ ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ശില്പയുടെ ഫോണ്ലിസ്റ്റിലുള്ളവര്ക്ക് അയച്ചു നല്‍കുമെന്നുമായിരുന്നു ഭീഷണി.
ഫോണ്‍ലിസ്റ്റില്‍ ഉള്ള 25 പേരുടെ നമ്പരും ബന്ധുവായ സ്ത്രീക്ക് അയച്ചു. കൂട്ടമരണത്തിന്റെ ആഘാതത്തിലായിരുന്ന ബന്ധു അതത്ര കാര്യമായെടുത്തില്ല. എന്നാല്‍, രാത്രി ഒന്‍പതരയോടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ബന്ധുവിന്റെ ഫോണിലേക്ക് എത്തി. മറ്റു പല നമ്പരുകളിലേക്കും ഇതേ ചിത്രം അയച്ചു. ഭീഷണി സന്ദേശവും മോര്‍ഫ് ചെയ്ത ചിത്രവും അയച്ച നമ്പരിലേക്ക് പോലീസും നാട്ടുകാരും വിളിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടുന്നില്ല. ഈ നമ്പരിലേക്ക് വിളിച്ചാല്‍ ശ്രീലങ്കയിലേക്കാണ് കോള്‍ പോകുന്നതെന്നാണ് പോലീസിന്റെ പ്രതികരണം.
കുറച്ചു ദിവസങ്ങളായി ഓണ്‍ലൈന്‍ ആപ്പുകാര്‍ ശില്പയെ ഭീഷണിപ്പെടുത്തി പണം തിരികെ അടപ്പിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നാണ് പോലീസ് അനുമാനിക്കുന്നത്. ശില്പയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണെന്നും മുനമ്പം പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kadamakudy family death online loan app workers again sending morphed photos and messages
Published: 14 Sept 2023, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented