ഞാൻ ഉപനിഷദ് ഹിന്ദുവാണ്, മരിക്കാൻ പേടിയില്ല- ആർ.ബി. ശ്രീകുമാർ


കെ.എ. ജോണി

മരണമൊക്കെ ദൈവത്തിന്റെ കയ്യിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമുക്ക് വിധിച്ചിട്ടുള്ള മരണം എപ്പോഴായാലും വരും. അതിൽ പേടിച്ചിട്ട് ഒരു കാര്യവുമില്ല.  

ആർ.ബി. ശ്രീകുമാർ | ഫോട്ടോ: കെ.കെ. സന്തോഷ് കുമാർ | മാതൃഭൂമി

ഗുജറാത്ത് കലാപം അടുത്തുനിന്ന് കണ്ട ഒരാൾ മാത്രമല്ല ആർ.ബി. ശ്രീകുമാർ. കലാപത്തിന് കാരണക്കാരെന്ന് താൻ വിശ്വസിക്കുന്നവർക്കെതിരെ സുധീരമായ നിലപാടെടുക്കുകയും അതിനായുള്ള നിയമ പോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഒരു മാദ്ധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണം എന്ന നിലയ്ക്ക് കൂടി പ്രസക്തമാവുന്ന ഈ അഭിമുഖത്തിന്റെ വിശദരൂപം മാതൂഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖത്തിന്റെ അവസാന ഭാഗമാണിത്.

ഒന്നാം ഭാഗം: ഗോധ്ര തീപ്പിടിത്തം നടക്കുമ്പോൾ യു.പിയിൽനിന്നുള്ള പോലീസുകാർ ട്രെയിനിൽ ഉണ്ടായിരുന്നു: ആർ.ബി. ശ്രീകുമാർ

രണ്ടാം ഭാഗം: മോദിക്കെതിരെ നീങ്ങാൻ കോൺഗ്രസിന് താൽപര്യം ഉണ്ടായിരുന്നില്ല- ആർ.ബി. ശ്രീകുമാർ


മൊറാർജി ദേശായിയുമായി എപ്പോഴെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ?

ഇല്ല. വത്‌സദ് ജില്ലയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിട്ടുണ്ട്. മൊറാർജിയുടെ ജന്മനാട് അവിടെയാണ്. അവിടത്തെ തറവാട്ടുവീട്ടിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. അവർ വളരെ ആദർശവതിയായ സ്ത്രീയായിരുന്നു. ഗാന്ധിയന്മാരുടെ അവസാനത്തെ കണ്ണികളിൽ ഒന്ന്. അടിയന്തരവാസ്ഥയ്ക്ക് ശേഷമാണ് ജനസംഘം ബി.ജെ.പിയായത്. ആർ.എസ്.എസുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്ന് വാജ്പേയിയും അദ്വാനിയും ജെ.പിക്ക് വാക്ക് കൊടുത്തിരുന്നെങ്കിലും ആ വാക്കിൽ നിന്നവർ പിന്മാറുകയായിരുന്നു. മെജോറിറ്റേറിയൻ രാഷ്ട്രമെന്ന ലക്ഷ്യം നേടിയെടുക്കേണ്ടത് എങ്ങനെയാണെന്ന് ആർ.എസ്.എസിന് നന്നായി അറിയാം. എതിരാളികളെ സ്വാംശീകരിച്ചുകൊണ്ട് ഇല്ലാക്കുക എന്നതാണ് ഹിന്ദുത്വയുടെ പദ്ധതിയെന്ന് ചരിത്രകാരനായ ആർനോൾഡ് ടോയൻബി പറഞ്ഞിട്ടുണ്ട്. അംബദ്കറെ എത്ര വിദഗ്ദ്ധമായാണ് ആർ.എസ്.എസ്. ഏറ്റെടുക്കുന്നത്. Abosrb, Assimilate and Annihilate എന്നാണ് ടോയൻബി പറഞ്ഞത്. വേദങ്ങളെ തള്ളിപ്പറഞ്ഞ ഗൗതമബുദ്ധനെ അവർ വേദിക് ദൈവമാക്കി മാറ്റിയതും കാണാതിരിക്കാനാവില്ല.

ഇതിനിടയിൽ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി. ഇന്നിപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായ്ക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടായിരുന്നോ?

അമിത് ഷാ അന്ന് താരതമ്യേന ഒരു ജൂനിയർ നേതാവായിരുന്നു. അദ്ദേഹം കലാപത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ കേസൊന്നും ഉണ്ടായിരുന്നില്ല.

അമിത് ഷായെ പരിചയമുണ്ടായിരുന്നോ?

ഇല്ല. മോദിയുടെ ഹനുമാൻ എന്ന നിലയിലായിരുന്നു ഷാ അറിയപ്പെട്ടിരുന്നത്. മോദിയെപ്പോലെ അമിത് ഷാ ഒരു മാസ്സ് ലീഡറല്ല. പൊളിറ്റിക്കൽ സ്ട്രാറ്റജി എങ്ങിനെ ഉപയോഗിക്കണമെന്ന് മോദിയെപ്പോലെ അറിയാവുന്ന മറ്റൊരു നേതാവ് ഇന്നിപ്പോൾ ഇന്ത്യയിലില്ല. ഒരു കാര്യം നേടിയെടുക്കാൻ ഏതറ്റം വരെയും അദ്ദേഹം പോകും. മാനേജ്മെന്റിൽ ഒരു തിയറിയുണ്ട്. Pre active, pro active, process active, post active. ഇതെല്ലാം തന്നെ സുന്ദരമായും കാര്യക്ഷമമായും പരിശീലിക്കുന്ന നേതാവാണ് മോദി. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കം അടുത്ത ദിവസം തന്നെ അദ്ദേഹം തുടങ്ങും.

ശങ്കർ സിങ് വഗേല | Photo: PTI

മോദിയെ ഗുജറാത്തിലേക്ക് കൊണ്ടുവന്നതിൽ ബി.ജെ.പിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നില്ലേ?

ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മുൻഗാമി കേശുഭായ് പട്ടേലിന്റെ പ്രതിച്ഛായ തകർന്ന് തരിപ്പണമായിരിക്കുകയായിരുന്നു. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം മോദി ഗുജറാത്തിൽ ബി.ജെ.പിയെ തന്റെ വരുതിയിലാക്കി. എതിരാളികളെ ഒന്നാന്നായി ഒതുക്കി. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ത്രാസിന്റെ ഒരു തട്ടിലും മറ്റെ തട്ടിൽ മോദിയുടെ ചെരിപ്പും വെച്ചാൽ മോദിയുടെ ചെരിപ്പിരിക്കുന്ന തട്ട് താഴ്ന്ന് നിൽക്കും. അതാണ് മോദി. ശങ്കർ സിങ് വഖേലയെപ്പോലുള്ളവരെയൊക്കെ മോദി എത്ര സമർത്ഥമായാണ് കൈകാര്യം ചെയ്തത്. ഹിന്ദുരാഷ്ട്രമാണ് ആർ.എസ്.എസിന്റെ ലക്ഷ്യം. അത് നേടിയെടുക്കുന്നതിന് സ്വയം സമർപ്പിച്ചിട്ടുളള ആർ.എസ്.എസ്. പ്രചാരകരാണ് ബിജെപിയുടെ കരുത്ത്.

2025 ആർ.എസ്.എസിന്റെ ശതാബ്ദി വർഷമാണ്. മോദിയെ 2001-ൽ ഗുജറാത്തിലേക്ക് ഇറക്കിയത് ആർ.എസ്.എസിന്റെ ഒരു ദിർഘകാല പദ്ധതിയുടെ ഭാഗമായിരുന്നോ?

ആയിരുന്നിരിക്കണം. ആർ.എസ്.എസ്. എല്ലാം കൃത്യമായി ആസൂത്രണം ചെയ്യുന്നവരാണ്.

മോദിക്ക് മുമ്പും ബി.ജെ.പിയിൽ വലിയ നേതാക്കളുണ്ടായിരുന്നു. വാജ്പേയിയും അദ്വാനിയുമൊക്കെ തനിക്ക് താൻ പോന്ന നേതാക്കളാണ്. പക്ഷേ, ഇവരിൽനിന്നു മോദിയെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം അദ്ദേഹത്തിന്റെ കോർപറേറ്റ് ബന്ധങ്ങളാണ്. ഇതെക്കുറിച്ച് എന്താണ് പറയാനുള്ളത്?

മോദി വ്യക്തിപരമായി അഴിമതിക്കാരനല്ല. കുടുംബത്തിന് ഒരു സഹായവും അദ്ദേഹം ചെയ്യാറില്ല. സഹോദരന്മാർക്കൊന്നും തന്നെ മോദിയിൽ ഒരു സ്വാധീനവുമില്ല. ഓർഗനൈസേഷനൽ കറപ്ഷൻ ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല. സുപ്രീം കോടതി പോലും ശ്രദ്ധിക്കുന്നില്ല. ഇലക്ടറൽ ബോണ്ടുകളെക്കുറിച്ച് സുപ്രീം കോടതി എന്തു കൊണ്ടാണ് ഒരു തീരുമാനവുമെടുക്കാത്തത്?

കഴിഞ്ഞ ദിവസം ശ്രിലങ്കയിൽനിന്ന് വന്ന ഒരു വാർത്ത അവിടത്തെ ഒരു വൈദ്യുതി നിലയം അദാനിക്ക് വിട്ടുകൊടുക്കണമെന്ന് മോദി നേരിട്ട് നിർബ്ബന്ധിച്ചെന്ന് ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ നടത്തിയ പ്രസ്താവനയാണ്. ഈ പ്രസ്താവന അദ്ദേഹം പിന്നീട് പിൻവലിച്ചെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നതിന്റെ സൂചനകൾ അതിലുണ്ടായിരുന്നു. അദാനിയുടെ വളർച്ചയെക്കുറിച്ച് എന്താണ് തോന്നുന്നത്?

അദാനിയുടെ മാത്രമല്ല, അംബാനിയുടെ വളർച്ചയും ശ്രദ്ധേയമാണ്. ലോകചരിത്രത്തിൽ തന്നെ രണ്ട് വ്യവസായ ഗ്രൂപ്പുകൾ ഇത്രയും വേഗത്തിൽ ഇത്രയും വ്യാപ്തിയിൽ വളർന്നിട്ടില്ല. രണ്ടു പേരും ഗുജറാത്തികളാണ്. അതിൽ തന്നെ മോദിക്ക് വ്യക്തിപരമായി കൂടുതൽ അടുപ്പം അദാനിയുമായാണ്. അരവിന്ദ് കെജ്‌രിവാൾ ഒരിക്കൽ ആരോപിച്ചത് മോദിയുടെ ബിനാമിയാണ് അദാനിയെന്നാണ്. ഇന്ത്യയെ ഒരു മെജോറിറ്റേറിയൻ രാഷ്ട്രമാക്കുക എന്ന ആർ.എസ്.എസ്. അജണ്ടയ്ക്ക് ഏറ്റവുമധികം തുണ നൽകുന്നത് ഈ കോർപറേറ്റുകളാണ്.

മോദി ഇതിൽ കൃത്യമായി ശ്രദ്ധിച്ച ഒരു കാര്യം പേഴ്സണൽ കറപ്ഷൻ ഇല്ലാതിരിക്കുക എന്നതാണ്?

അതെ. അധികാരമുണ്ടെങ്കിൽ വ്യക്തിപരമായ കറപ്ഷൻ ആവശ്യമില്ലെന്ന് മോദി തിരിച്ചറിയുന്നുണ്ട്. ഒരു പ്രധാനമന്ത്രിക്ക് കിട്ടാത്ത എന്ത് സൗകര്യമാണ് ഇന്ത്യയിലുള്ളത്? സ്വന്തം സമുദായത്തെയും മോദി എടുത്തുകാണിക്കാറില്ല. പിന്നാക്ക വിഭാഗക്കാരായ തൈലി എന്ന ചെറിയ സമുദായമാണത്.

പിന്നാക്ക വിഭാഗമാണെങ്കിലും ബ്രാഹ്‌മണരുടെയും ക്ഷത്രിയരുടെയും പിന്തുണ ആർജ്ജിക്കാൻ മോദിക്ക് കഴിഞ്ഞു?

ആർ.എസ്.എസ്. പ്രചാരകനായിരുന്നതിന്റെ ഗുണമാണത്. രണ്ട് പതിറ്റാണ്ടോളം ആർ.എസ്.എസ്. പ്രചാരകനായിരുന്നു മോദി. യു.പി.എ. സർക്കാർ 2004-ൽ അധികാരത്തിൽ വന്നപ്പോൾ ഗുജറാത്ത് കലാപം അന്വേഷിക്കാൻ ഒരു സെൻട്രൽ കമ്മീഷൻ വന്നേക്കുമെന്ന് മോദിക്ക് ഭയമുണ്ടായിരുന്നു. പക്ഷേ, അതൊന്നുമുണ്ടായില്ല. ഹിന്ദു വർഗീയതയെയും മുസ്ലിം വർഗീയതയെയും ഒരു പോലെ പ്രീണിപ്പിക്കുന്ന നയമായിരുന്നു കോൺഗ്രസിന്റേത്. കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വി.എച്.പി. നേതാവ് തൊഗാഡിയയ്ക്കും പി.ഡി.പി. നേതാവ് മഅദനിക്കുമെതിരെയുള്ള കേസുകൾ പിൻവലിച്ചത്.

2002-ൽ ഭീകരാക്രമണം നടന്ന ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച ശേഷം പ്രധാനമന്ത്രി എ.ബി. വാജ്‌പേയി മാധ്യമങ്ങളുമായി സംസാരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി സമീപം | Photo: Sebastian d'souza/AFP

തൊഗാഡിയയുടെ പേര് പറഞ്ഞപ്പോഴാണ് ഒരു കാര്യം ചോദിക്കണമെന്ന് കരുതിയത്. മോദി ഗുജറാത്തിൽ എത്തിയപ്പോൾ തൊഗാഡിയ ആയിരുന്നു അവിടെ ബി.ജെ.പിയെ നിയന്ത്രിച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. അതിൽ എത്ര മാത്രം ശരിയുണ്ട്?

ശരിയാണ്. ഗുജറാത്ത് കലാപത്തിൽ തൊഗാഡിയയുടെ പങ്ക് വളരെ വലുതാണ്. ഭരണകൂടത്തിന്റെ സഹായം ലഭ്യമാക്കി എന്നതാണ് മോദി പ്രധാനമായും ചെയ്തത്. പിന്നീട് മോദിയും തൊഗാഡിയയും തമ്മിൽ തെറ്റി. തന്നേക്കാൾ വലിയൊരു നേതാവിനെ മോദിക്ക് സഹിക്കാനാവില്ല. അദ്വാനിയെ മോദി ഒതുക്കിയതും നമ്മൾ കണ്ടതാണ്. ഗുജറാത്ത് കലാപത്തിന് ശേഷം ഏപ്രിൽ ആദ്യം വാജ്പേയി ഗുജറാത്തിൽ വന്നിരുന്നു. അന്ന് ഒരു യോഗത്തിൽ വാജ്പേയി പറഞ്ഞത് ഭരണകൂടം രാജധർമ്മം പാലിക്കണമെന്നാണ്. അപ്പോൾ വാജ്പേയിയുടെ തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന മോദി ഉടനെ പറഞ്ഞത് ഞങ്ങൾ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ്. നിങ്ങളുടെ എഡിറ്റോറിയൽ യോഗത്തിൽ ചീഫ് എഡിറ്റർ നിങ്ങളോട് എഡിറ്റോറിയൽ വകുപ്പിന്റെ ധർമ്മം അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഞങ്ങൾ അതാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പറയാൻ നിങ്ങൾ തയ്യാറാവുമോ? അത്തരമൊരു ഔദ്ധത്യത്തിന് പൊതുവെ ആരും ഒരുങ്ങില്ല. പക്ഷേ, മോദിയുടെ ഈഗൊ അത്രയും വലുതാണ്.

കലാപങ്ങൾ നേരിടുന്നതിന് പോലിസ് മാനുവലിൽ സ്റ്റാൻഡേഡ് ഓപ്പറേഷൻ പ്രൊസീജർ (SOP) ഉണ്ട്. ഇതനുസരിച്ച് നടപടി എടുത്ത ഒരു ജില്ലയിലും അതിക്രമങ്ങൾ ഉണ്ടായില്ല. എസ്.ഒ.പി. നടപ്പാക്കാത്തതാണ് കൂട്ടക്കൊലകൾക്ക് വഴിയൊരുക്കിയത്. ഇതിനെതിരെയാണ് ഞാൻ മൊഴി കൊടുത്തത്. എനിക്ക് മോദിയോട് വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. നിരപരാധികളായ മനുഷ്യർ കൊല ചെയ്യപ്പെടുന്നതിന് വഴിയൊരുക്കിയതിനോട് എനിക്ക് പക്ഷേ, യോജിക്കാനാവില്ല. കാണാതായവരെക്കൂടി കണക്കിലെടുത്താൽ രണ്ടായിരത്തോളം പേരാണ് ഗുജറാത്ത് കലാപത്തിൽ ഇല്ലാതായത്. എസ്.ഒ.പി. നടപ്പാക്കിയ 11 ജില്ലകളിൽ ഒരു അതിക്രമവും നടക്കാതിരുന്നത് ജസ്റ്റിസ് നാനാവതി കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കലാപം തടഞ്ഞ ജില്ലാ ഭരണാധികാരികളിൽനിന്ന് അതേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ചോദിച്ചു വാങ്ങണമെന്ന് ഞാൻ നാനാവതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കമ്മിഷൻ ഒരു മറുപടി പോലും അയച്ചില്ല. മാത്രമല്ല, ഈ 11 ജില്ലകളിലെ ഭരണാധികാരികളെയും മോദി സർക്കാർ ഭീഷണിപ്പെടുത്തി സർക്കാരിന് അനുകൂലമായ സത്യവാങ്മൂലം വാങ്ങിക്കുകയും ചെയ്തു. ഭരണകൂടം അനുകൂലമായതു കൊണ്ടാണ് ഗുജറാത്ത് കലാപമുണ്ടായത്.

മഹാഭാരതത്തിൽ ദ്രൗപദി അപമാനിക്കപ്പെട്ടപ്പോൾ നോക്കി നിന്ന മഹാരഥന്മാരായ ഭീഷ്മരും ദ്രോണരും വിദരുരുമൊക്കെ ചെയ്തത് ഇതാണ്. അന്ന് രാജഭരണമായിരുന്നതിനാൽ രാജാവിനെ മറുത്തുപറഞ്ഞാൽ ഈ മഹാരഥന്മാർ ഉടനടി ശിക്ഷിക്കപ്പെടുമായിരുന്നു. പക്ഷേ, നമ്മുടെ കാലത്ത് ധർമ്മത്തിന്റെ കൂടെ നിന്നാൽ ഐ.എ.എസ്., ഐ.പി.എസ്. ഓഫീസർമാരെ ഉടനടി പിരിച്ചുവിടുകയൊന്നും ഇല്ല. അധർമ്മം കണ്ടിട്ടും അതിന് അനുകൂലമായി ഇടപെടുന്നതാണ് ഗുജറാത്തിൽ നമ്മൾ കണ്ടത്.

മോദിയുമായി താങ്കൾ പല തവണ നേർക്ക് നേർ സംസാരിച്ചിട്ടുണ്ട്. മോദിയുടെ പല നിർദ്ദേശങ്ങളും, ഉദാഹരണത്തിന് ശങ്കർ സിങ് വഖേലയുടെ ഫോൺ ചോർത്തണം, മേജർ ജനറൽ സമീറുദ്ദീൻ ഷായെ രഹസ്യമായി നിരീക്ഷിക്കണം എന്നൊക്കെയുള്ള മോദിയുടെ നിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്നും അത് ചെയ്യാൻ പറ്റില്ലെന്നും താങ്കൾ മോദിയുടെ മുഖത്ത് നോക്കി പറയുകയും ചെയ്തിട്ടണ്ട്. പക്ഷേ, ഇത്തരത്തിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോഴും അത് പ്രകടിപ്പിക്കുന്നവരോട് പ്രത്യക്ഷത്തിൽ ഒരലേസരവും മോദി കാണിക്കാറില്ലെന്ന് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് അസ്വസ്ഥകരമായ ചോദ്യങ്ങൾ ചോദിച്ചതിനെത്തുടർന്ന് കരൺ താപ്പറുമായുള്ള അഭിമുഖം മോദി മൂന്ന് മിനിറ്റിൽ അവസാനിപ്പിക്കുന്നുണ്ട്. എന്നാൽ, അതിന് ശേഷവും ഒരു മണിക്കൂറോളം തന്നെ സ്വീകരണമുറിയിലിരുത്തി ചായയും മധുരപലഹാരങ്ങളും തന്ന് നല്ല വാക്കുകൾ പറഞ്ഞാണ് മോദി യാത്രയാക്കിയതെന്ന് താപ്പർ എഴുതിയിട്ടുണ്ട്. അതേസമയം, പിന്നീടൊരിക്കലും താപ്പറുമായി ഒരഭിമുഖത്തിനും മോദി തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, മോദി മന്ത്രിസഭയിലെ ഒരാൾ പോലും താപ്പറെ കാണാതിരിക്കുന്ന അവസ്ഥയുമുണ്ടായി. സമാനമായ പെരുമാറ്റമാണോ മോദിയിൽനിന്ന് താങ്കൾക്കുമുണ്ടായത്?

ശരിയാണ്. മോദി പ്രത്യക്ഷത്തിൽ ഒരിക്കലും നമ്മോട് അപ്രീതി കാണിക്കില്ല. ടെലിഫോൺ ചോർത്തണമെന്ന് മോദി പറഞ്ഞപ്പോൾ അത് നിയമവിരുദ്ധമാണെന്നും ചെയ്യാനാവില്ലെന്നും ഞാൻ പറഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി മിശ്രയും ചീഫ് സെക്രട്ടറി സുബ്ബറാവുവും സി.എം. പറഞ്ഞാൽ അത് ചെയ്യേണ്ടേ എന്നെന്നോട് ചോദിച്ചു. അപ്പോൾ മോദി പറഞ്ഞത് അത് വിട്ടുകള എന്നാണ്. അദ്ദേഹത്തിന്റെ കൂടെയല്ല നമ്മൾ എന്ന് മനസ്സിലാക്കിയാൽ പിന്നെ മോദി ഒരിക്കലും നമ്മളെ അതിന് നിർബ്ബന്ധിക്കില്ല. കലാപത്തിന് ശേഷം നടത്തിയ ഗൗരവ് യാത്രയിൽ മുസ്ലിങ്ങളെ അധിക്ഷേപിച്ച് മോദി നടത്തിയ പരാമർശം റിപ്പോർട്ട് ചെയ്തതിനാണ് എന്നെ ഇന്റലിജൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയത്.

എന്തായിരുന്നു ആ അധിക്ഷേപം?

ഞങ്ങൾക്ക് അഞ്ച് പേർ, അഞ്ച് പേർക്ക് 25 എന്നാണ് മോദി പ്രസംഗിച്ചത്. ഓരോ മുസ്ലിമിനും അഞ്ച് കെട്ടാമെന്നും ആ അഞ്ചിൽനിന്ന് 25 കുട്ടികളുണ്ടാവുമെന്നുമായിരുന്നു ഇതിന്റെ ധ്വനി. മുസ്ലിം വിരോധം ആളിക്കത്തിക്കുകയായിരുന്നു ലക്ഷ്യം. ഇത് റിപ്പോർട്ട് ചെയ്യരുതെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും എന്നോട് ആവശ്യപ്പെട്ടു. ഞാൻ വഴങ്ങിയില്ല. വർഗീയത പരത്തുന്ന പ്രസംഗങ്ങൾ അക്ഷരംപ്രതി റിപ്പോർട്ട് ചെയ്യണമെന്നാണ് പോലിസ് മാനുവലിലുള്ളതെന്നും അതനുസരിക്കാതെ വയ്യെന്നും ഞാൻ പറഞ്ഞു. ഇത് ഞങ്ങളുടെ ഉത്തരവാണെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. എന്നാൽ പിന്നെ അതെഴുതിത്തരണമെന്ന് ഞാൻ പറഞ്ഞു. ചീഫ് സെക്രട്ടറി എഴുതിത്തരാൻ തയ്യാറായില്ല. ഡി.ജി.പി. തന്നു. രേഖാമൂലമുള്ള ഉത്തരവും ഈ വിഷയത്തിൽ അനുസരിക്കാൻ ആവില്ലെന്ന് ഞാൻ ഡി.ജി.പിയോട് പറഞ്ഞു. പോലിസ് മാനുവൽ ലംഘിക്കണമെന്ന് പറയാൻ ഡി.ജി.പിക്കും അധികാരമില്ലെന്ന് ഞാൻ ചൂണ്ടിക്കാട്ടി. ഞാൻ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് അയക്കുകയും ചെയ്തു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അന്ന് സംസ്ഥാന സർക്കാരിനോട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാൻ റിപ്പോർട്ട് നൽകിയ സ്ഥിതിക്ക് അതവർക്ക് അയക്കാതിരിക്കാനും ആവുമായിരുന്നില്ല. തൊട്ടുപിന്നാലെ എനിക്ക് ട്രാൻസ്ഫർ ഓർഡർ വന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ഞാൻ റിപ്പോർട്ട് നൽകിയത്. അന്ന് രാത്രി ഒന്നര മണിയോടെ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ കൈവശം എന്റെ സ്ഥലംമാറ്റ ഉത്തരവ് വിട്ടിലേക്ക് കൊടുത്തുവിടുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം മോദിയുടെ പെരുമാറ്റം എങ്ങിനെയായിരുന്നു?

ഞാനൊരു അടിയുറച്ച ഹിന്ദുവാണെന്ന് മോദിക്കറിയാം. വേദങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും സാമാന്യം നല്ല ധാരണയുണ്ടെന്നും മോദിക്കറിയാം. അതുകൊണ്ടുതന്നെ, എനിക്കെതിരെ എങ്ങിനയൊണ് നീങ്ങേണ്ടതെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ മോദിക്ക് ചിലപ്പോൾ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാവാം.

ഗുജറാത്ത് കലാപത്തിന്റെ ഐക്കണായി മാറിയ ചിത്രങ്ങൾ

ഭീഷണികൾ താങ്കൾ നേരിട്ടിട്ടുണ്ടെന്നറിയാം.എന്നാൽ പ്രലോഭനങ്ങൾ ഉണ്ടായിട്ടുണ്ടോ?

2002 ഓഗസ്റ്റിൽ ഗുജറാത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ജിസി മുർമുവും (ഇദ്ദേഹം പിന്നിട് സി.എ.ജി. ആയി) അണ്ടർ സെക്രട്ടറി ദിനേഷ് കപാഡിയയും ഗവൺമെന്റ് പ്ലീഡർ അരവിന്ദ പാണ്ഡ്യയും എന്നെ അഹമ്മദാബാദിലെ ഒരു പ്രൈവറ്റ് ഗസ്റ്റഹൗസിൽ വിളിച്ചുവരുത്തി സർക്കാരിനെതിരെ നിലപാട് എടുക്കരുതെന്ന് പറഞ്ഞു. ഈ സംഭാഷണമത്രയും ഞാൻ രഹസ്യമായി ടേപ്പ് ചെയ്തിരുന്നു.സർക്കാരിനെതിരെ മൊഴി കൊടുത്താൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും എന്നാണ് അവർ പറഞ്ഞത്. അരവിന്ദ പാണ്ഡ്യയുടെ സ്വരത്തിൽ ശരിക്കും ഭീഷണിയുണ്ടായിരുന്നു. പക്ഷേ , സത്യം പറയാതിരിക്കാൻ എനിക്കാവില്ലെന്ന് ഞാൻ ഉറച്ച നിലപാടെടുത്തു. ഇപ്പോൾ ഐ.എസ്.ആർ.ഒ. കേസിൽ എനിക്കെതിരെ കേസെടുത്തിരിക്കുന്നത് ഈ പ്രതികാര നടപടികളുടെ തുടർച്ചയായാണ്.

2002 സെപ്റ്റംബർ 17-നാണ് എന്നെ ഇന്റലിജൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. അതിനും ഒരു മാസം മുമ്പ് എനിക്ക് ഗതാഗതവകുപ്പിന്റെ ചുമതല കൂടി തന്നിരുന്നു. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കൈക്കൂലി കിട്ടുന്ന വകുപ്പാണിത്. സ്റ്റേറ്റ് ട്രാഫിക്കിൽ പോസ്റ്റിങ് കിട്ടണമെങ്കിൽ പോലീസുകാർ തന്നെ വൻതുക കോഴ കൊടുക്കണം. കോൺസ്റ്റബിൾ തൊട്ടുള്ള എല്ലാ പോലിസുകാർക്കും ഈ വകുപ്പിൽ ചുമതല കിട്ടിയാൽ പിന്നെ ചാകരയാണ്. ഇവിടെ ജോലി നോക്കുന്ന ഒരു ഡിവൈ.എസ്.പിക്ക് മാസം പത്ത് ലക്ഷം രൂപയൊക്കെ വളരെ എളുപ്പത്തിലുണ്ടാക്കാം. കാരണം മദ്യ നിരോധിത സംസ്ഥാനമായ ഗുജറാത്തിലേക്ക് രാജസ്ഥാനിൽനിന്നും ദമനിൽ നിന്നുമൊക്കെ വൻതോതിലാണ് അനധികൃത മദ്യം വരുന്നത്. ഈ മദ്യവുമായി വരുന്ന ട്രക്കുകൾ കടത്തിവിട്ടാൽ മാത്രം ലക്ഷങ്ങൾ കിട്ടും. ഞാൻ ഏതെങ്കിലും വിധത്തിൽ പണമുണ്ടാക്കുന്നുണ്ടോ എന്നറിയാനായിരിക്കും എനിക്ക് ഈ വകുപ്പിന്റെ ചുമതല തന്നത്. എവിടെയെങ്കിലും എപ്പോഴെങ്കിലും ഞാൻ വിട്ടുവീഴ്ച്ച ചെയ്താൽ തെളിവുസഹിതം എന്നെ പിടികൂടി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് അവർ വിചാരിച്ചുകാണും. ആ കെണിയിൽ ഞാൻ വീണില്ല. കർശന നടപടികൾ എടുത്തതോടെ അധികം താമസിയാതെ തന്നെ എന്നെ ആ വകുപ്പിൽനിന്ന് ഒഴിവാക്കി. ആ സമയത്താണ് ഞാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഗുജറാത്തിൽ ക്രമസമാധനനില തൃപ്തികരമല്ലെന്നും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമായിട്ടില്ലെന്നും റിപ്പോർട്ട് കൊടുത്ത്. എന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജെ.എം. ലിങ്ദൊയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് നീട്ടിവെയക്കുകയും ചെയ്തു. കലാപത്തിന് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് നടത്തി രാഷ്ട്രീയലാഭം കൊയ്യാമെന്ന് കരുതിയ മോദിക്കും കൂട്ടർക്കും അത് വൻ തിരിച്ചടിയായി. ഇതേത്തുടർന്നാണ് ജെ.എം. ലിങ്ദൊ ക്രിസ്ത്യനാണെന്നും സോണിയ ഗാന്ധിയുമായി പള്ളിയിൽവെച്ച് കൂടിക്കാഴ്ച്ച നടത്താറുണ്ടെന്നുമൊക്കെ മോദി ആക്ഷേപമുയർത്തിയത്.

നിയമസഭ പിരിച്ചുവിട്ട ഉടനെ മോദി സർക്കാർ കലാപത്തിലെ ഇരകൾ താമസിച്ചിരുന്ന ക്യാമ്പുകൾ പിരിച്ചുവിട്ടു. ഇതേത്തുടർന്ന് നൂറുകണക്കിന് മുസ്ലിങ്ങൾക്ക് താമസിക്കാൻ ഇടമില്ലാതെ അലയേണ്ടിവന്നു. അന്ന് മോദി സർക്കാരിന്റെ ഉപദേശകനായിരുന്ന കെ.പി.എസ്. ഗില്ലിനോട് ഞാൻ ഇക്കാര്യം പറഞ്ഞു. ഗിൽ അത് മോദിയുടെ ശ്രദ്ധയിൽപെടുത്തി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. മാത്രമല്ല, ഉപദേശക പദവി കഴിഞ്ഞ് ഗിൽ തിരിച്ചുപോയപ്പോൾ ഒരു യാത്രയയപ്പ് പോലും മോദി സർക്കാർ അദ്ദേഹത്തിന് നൽകിയില്ല. നേരത്തെ അദ്ദേഹത്തിന് കൊടുത്തിരുന്ന വാഗ്ദാനം കാശ്മീരിൽ ലഫ്റ്റ്നന്റ് ഗവർണ്ണർ ആക്കാമെന്നായിരുന്നു. പക്ഷേ, തങ്ങളുടെ ഇംഗിതത്തിന് ഗിൽ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അവർക്ക് ഗില്ലിനോടുള്ള താൽപര്യം പോയി.

താങ്കൾക്ക് പോലിസ് സംരക്ഷണമുണ്ടായിരുന്നോ?

ഉണ്ടായിരുന്നു. സായുധരായ രണ്ട് പോലിസുകാരെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ സംവിധാനം. എന്നാൽ, മോദി പ്രധാനമന്ത്രിയായി രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സുരക്ഷ പിൻവലിച്ചു.

ഇപ്പോൾ എന്ത് സുരക്ഷയാണുള്ളത്? ലൈസൻസുള്ള തോക്ക് കൈവശമുണ്ടോ?

നേരത്തെ തോക്കുണ്ടായിരുന്നു. പിന്നീട് ഞാനത് തിരിച്ചുകൊടുത്തു. ഇപ്പോൾ അങ്ങിനെയുള്ള ഒരു സുരക്ഷയുമില്ല.

മോദിക്കെതിരെ ഇത്രയും ശക്തമായ നിലപാടെടുത്തിട്ടും താങ്കൾ ഇപ്പോഴും അഹമ്മദാബാദിൽ ഗാന്ധിനഗറിലാണ് താമസിക്കുന്നത്. താങ്കൾക്ക് മരണഭയമില്ലേ?

ഇവിടെ ഞാൻ താമസിക്കുന്ന കോളനിയിൽ പല റിട്ടയേഡ് ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും താമസിക്കുന്നുണ്ട്. അവരൊന്നും എന്നോട് സംസാരിക്കാറില്ല. അവർക്കൊക്കെ ഭയമാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഒരു പേടിയുമില്ല. മരണമൊക്കെ ദൈവത്തിന്റെ കയ്യിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമുക്ക് വിധിച്ചിട്ടുള്ള മരണം എപ്പോഴായാലും വരും. അതിൽ പേടിച്ചിട്ട് ഒരു കാര്യവുമില്ല.

ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി കിട്ടും എന്ന് താങ്കൾ ഇപ്പോഴും കരുതുന്നുണ്ടോ?

നിരപരാധികളുടെ രക്തമാണ് ഗുജറാത്തിൽ വീണത്. ഒരു മുസ്ലിം ഗുണ്ട പോലും കലാപത്തിൽ കൊല്ലപ്പെട്ടില്ല. മുസ്ലിം അധോലോകം ഒന്നടങ്കം ബി.ജെ.പിക്ക് പിന്തുണയായിരുന്നു. ഏറ്റവും ദരിദ്രരായ മുസ്ലിങ്ങളാണ് കലാപത്തിൽ കൂടുതലായും കൊല്ലപ്പെട്ടത്.

മുൻ കോൺഗ്രസ് എം.പി. എഹ്സൻ ജെഫ്രിയെപ്പോലുള്ളവരും വധിക്കപ്പെട്ടില്ലേ?

ശരിയാണ്. അദ്ദേഹത്തിനൊക്കെ നേരത്തെ തന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നു. കലാപമുണ്ടാവുമെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും അദ്ദേഹത്തോട് പലരും പറഞ്ഞിരുന്നു. പക്ഷേ, സർക്കാർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം.

സാകിയ ജെഫ്രി | Photo: UNI

മോദി അടക്കമുള്ള പലരേയും അദ്ദേഹം ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നത് ശരിയാണോ?

ശരിയാണ്. അദ്ദേഹം മോദിയെ വിളിച്ചിരുന്നു, സോണിയ ഗാന്ധിയെ വിളിച്ചിരുന്നു. സഹായം ലഭ്യമാക്കാം എന്നാണ് മോദി പറഞ്ഞത്. പക്ഷേ, ഒന്നും നടന്നില്ല. അദ്ദേഹം നിർദ്ദയം വധിക്കപ്പെട്ടു. 1977-ൽ അടിയന്തരവാസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില കോൺഗ്രസ്സുകാരിൽ ഒരാളായിരുന്നു ജെഫ്രി. സി.പി.ഐയിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിലേക്ക് വന്നത്. ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, അങ്ങിനെയാണെങ്കിൽ നിങ്ങൾ കമ്മ്യൂണിസ്റ്റ്കാരൻ ആയിരിക്കുമല്ലോ എന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. മോദി ആദ്യമായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു ജെഫ്രി എന്നതും ഓർക്കേണ്ടതുണ്ട്.

കലാപം നേരിടാൻ കേന്ദ്ര സർക്കാർ അയച്ച പട്ടാളത്തിന്റെ ചുമതല സമീറുദ്ദിൻ ഷാ എന്ന മേജർ ജനറലിനായിരുന്നു. നമ്മുടെ നടൻ നസീറുദ്ദിൻ ഷായുടെ കസിനാണ് സമീറുദ്ദിൻ. വളരെ സമർത്ഥനും കാര്യപ്രാപ്തിയുമുള്ള ഓഫിസർ. കലാപത്തിന്റെ ആദ്യദിനങ്ങളിൽ സംസ്ഥാന പോലിസിൽനിന്നു വളരെ മോശം പിന്തുണയാണ് കിട്ടിയതെന്ന് സമീറുദ്ദിൻ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ആളല്ല എന്ന് മനസ്സിലാക്കിയപ്പോൾ സമീറുദ്ദിനെ തിരിച്ചുവിളിപ്പിക്കാൻ എന്താണ് വഴിയെന്ന് മോദി സർക്കാർ ആലോചിച്ചു. സമീറുദ്ദിന് ഒരു യുവതിയുമായി വഴിവിട്ട ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നും മോദിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി എ.കെ. ശർമ്മ എന്നോട് പറഞ്ഞു. സി.എമ്മിന് നേരിട്ട് കിട്ടിയ വിവരമാണെിതെന്നാണ് ശർമ്മ പറഞ്ഞത്. പട്ടാളക്കാരെ രഹസ്യമായി നിരീക്ഷിക്കാൻ പോലിസിനാവില്ലെന്നും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നും ഞാൻ പറഞ്ഞു.

താങ്കൾ ഈ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: Will we go down in history as people endowed with knowledge but bereft of wisdom and will power to correct our course of action? ഗുജറാത്ത് കലാപത്തിന്റെ യാഥാർത്ഥ്യം നമുക്കറിയാമെങ്കിലും ആ തെറ്റ് തിരുത്താൻ കഴിയാത്ത ഒരു ജനതയായാണോ നമ്മൾ ചരിത്രത്തിൽ അറിയപ്പെടുക എന്ന സന്ദേഹമാണ് താങ്കൾ ഉയർത്തുന്നത്?

അറിവ് സമൃദ്ധമാവുന്നത് പ്രവൃത്തിയിലാണ് എന്ന വചനമാണ് കേരള സർവ്വകലാശാലയുടെ ആപ്തവാക്യം. എനിക്ക് ഇഡ്ഡലി ഉണ്ടാക്കേണ്ടതിന്റെ തിയറി അറിയാം. പക്ഷേ, ഞാൻ ഇന്നുവരെ ഇഡ്ഡലി ഉണ്ടാക്കിയിട്ടില്ല. എന്റെ അറിവ് കർമ്മത്തിലൂടെ സമ്പന്നമായിട്ടില്ലെന്നർത്ഥം. ഇതു തന്നെയാണ് ഗുജറാത്ത് കലാപത്തിലുമുണ്ടായത്. കലാപം എന്തുകൊണ്ട് ഉണ്ടായി, ആരാണ് കുറ്റവാളികൾ എന്നൊക്കെ നമുക്കറിയാം. പക്ഷേ, അവർക്കാർക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ നമുക്കായിട്ടില്ല.

താങ്കളുടെ പ്രതീക്ഷ എന്താണ്? നീതി കിട്ടാൻ ഇനിയും സാദ്ധ്യതയുണ്ടോ?

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇനിയിപ്പോൾ നിയമപോരാട്ടം എങ്ങിനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് കാര്യമായി ആലോചിക്കേണ്ടി വരും. ഒരു റിവ്യു പെറ്റീഷന് സാദ്ധ്യതയുണ്ടോ എന്നറിയില്ല. എന്നാലും പ്രതീക്ഷകൾ ഞാൻ കൈവിടുന്നില്ല.

നമ്മൾ ഈ അഭിമുഖം അവസാനിപ്പിക്കുകയാണ്. മോദിയെ ഒന്ന് വിവരിക്കാൻ പറഞ്ഞാൽ താങ്കളുടെ മറുപടി എന്തായിരിക്കും?

അദ്ദേഹം അസാമാന്യനായ ഒരു നേതാവാണ്. തന്റെ ലക്ഷ്യമെന്താണെന്നും അത് എങ്ങിനെയാണ് നേടിയെടുക്കേണ്ടതെന്നും കൃത്യമായി അറിയുന്ന നേതാവ്. ഈ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുള്ള അവ്യക്തതകളുമില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം എന്നതാണ് ആ ലക്ഷ്യം.

2024-ൽ മൂന്നാം വട്ടവും മോദി അധികാരത്തിൽ വരുമോ?

ഒരു സംശയവുമില്ല. പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണുമ്പോൾ അതിനാണ് എല്ലാ സാദ്ധ്യതയും. പക്ഷേ, ഇന്ത്യയെ അങ്ങിനെയങ്ങ് ഹിന്ദുരാഷ്ട്രം ആക്കാനാവും എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയുടെ ആധാരശിലകൾ അതിന് സമ്മതിക്കില്ല. അടിസ്ഥാനപരമായി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ബാബറി മസ്ജിദ് തകർത്തതിനെ ഹിന്ദുമതം അംഗീകരിക്കുന്നില്ല. ഏതു രൂപത്തിലും ഭാവത്തിലും എന്നെ ആരാധിക്കാമെന്നും ഞാൻ അനുഗ്രഹം ചൊരിയുമെന്നുമാണ് കൃഷ്ണൻ പറയുന്നത്. അടിസ്ഥാനപരമായി ഇന്ത്യ വർഗീയമല്ല. ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികരികൾക്ക് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ കഴിഞ്ഞില്ല. പോർച്ചുഗിസുകാർക്കും ഡച്ചുകാർക്കും ബ്രിട്ടീഷുകാർക്കും ഇന്ത്യയെ അവരുടെ മതരാഷ്ട്രമാക്കാനായില്ല.

ഇത് ഹിന്ദു മതമൗലികവാദികൾക്കും ബാധകമാണ്?

തീർച്ചയായും. ആർ.എസ്.എസും എസ്.ഡി.പി.ഐയും ഇരട്ട സഹോദരങ്ങളാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ. ഇന്ത്യയുടെ ആന്തരികശക്തി ഗംഭീരമാണ്. എല്ലായിടത്തുനിന്നും വിശുദ്ധമായ ചിന്തകൾ വരട്ടെ എന്നതാണ് ഇന്ത്യയുടെ ആപ്തവാക്യം. ഇത് എന്റേതാണ്, ഇത് മറ്റെയാളുടേതാണ് എന്ന് കരുതുന്നവർ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നും ലോകംമുഴുവൻ ഒരു തറവാടാണ് (വസുധൈവ കുടുംബകം) എന്ന് കരുതുന്നവരാണ് ഭാരതീയരെന്നുമാണ് നമ്മുടെ ഋഷികൾ പറഞ്ഞിട്ടുള്ളത്. അതിന്റെ നിരാകരണവും നിഷേധവുമാണെ് ഗുജറാത്തിലുണ്ടായത്. എന്തിനാണ് കരിയർ നശിപ്പിച്ചത്? നിങ്ങളൊരു വിഡ്ഡിയാണ് എന്നൊക്കെ പലരും എന്നോട് പറയാറുണ്ട്. അവരോട് ഞാൻ പറയാറുള്ളത് ഇതാണ്: കള്ളം പറയേണ്ട ഒരു ബാദ്ധ്യതയും എനിക്കില്ല. അതുകൊണ്ടുള്ള ഒരു പുരോഗതിയും എനിക്ക് ആവശ്യമില്ല.

Content Highlights: RB Sreekumar, RBS, Gujarat Riot, Narendra Modi, Interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented