ഇന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമാണ് പറക്കാല പ്രഭാകര്‍. ഡല്‍ഹിയിലെ  ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പി.എച്.ഡി.യും നേടിയിട്ടുള്ള പറക്കാല പ്രഭാകര്‍ 1990-കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് കുറച്ചു കാലം ബി.ജെ.പി.യില്‍. അതിനു ശേഷം പ്രജാരാജ്യം, തെലുഗു ദേശം പാര്‍ട്ടി എന്നിവയിലും അംഗമായി. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ല.  സാമൂഹിക രാഷ്ട്രീയ വിമര്‍ശകന്‍, കമ്മ്യൂണിക്കേഷന്‍സ് സ്ട്രാറ്റജിസ്റ്റ് എന്നീ നിലകളില്‍ സജീവം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഭാര്യ. മകള്‍ വാങ്മയി പത്രപ്രവര്‍ത്തകയാണ്. പറക്കാല പ്രഭാകര്‍ എഴുതിയ  ' The Crooked Timber Of New India' എന്ന പുസ്തകം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പറക്കാലയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളാണ് ഇവിടെ കൊടുക്കുന്നത്.

To advertise here,

ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ നിന്നും ഓഗസ്റ്റ് 15-ന് നടത്താറുള്ള പ്രസംഗങ്ങള്‍ സൂക്ഷ്മമായി ശ്രവിക്കാറുണ്ടെന്ന് താങ്കള്‍ താങ്കളുടെ പുസ്തകത്തില്‍ (The Crooked Timber Of New India)എഴുതുന്നുണ്ട്. 2014-ല്‍ പ്രധാനമന്ത്രി മോദി നടത്തിയ ആദ്യപ്രസംഗത്തിലെ ഊന്നല്‍ വികസനത്തിലും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിലുമായിരുന്നെന്നും താങ്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി മോദി നടത്തിയ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗവും താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. 2014-ല്‍ നിന്നും 2023-ലേക്കുള്ള മോദിയുടെയും ബി.ജെ.പിയുടെയും സഞ്ചാരവും പരിണാമവും താങ്കള്‍ എങ്ങനെ കാണുന്നു?

2014-ലെ പ്രസംഗം ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ഇന്ത്യ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ഭരണപക്ഷത്തിന്റെ മാത്രമല്ലെന്നും പ്രതിപക്ഷത്തിന്റേതു കൂടിയാണെന്നും മോദി ആ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നിന്ന് അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെ പോരാടണം എന്നതായിരുന്നു ആ പ്രസംഗത്തിന്റെ കാതല്‍. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2023-ലേക്കെത്തുമ്പോള്‍  അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരെയുള്ള സംഘടിത പോരാട്ടങ്ങള്‍ അപ്രസക്തമായിരിക്കുന്നു. എല്ലാവരും ഒന്നിച്ചെന്നുള്ള സമീപനം അപ്രത്യക്ഷമായിരിക്കുന്നു. ആദ്യ പ്രസംഗത്തില്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരെയും മോദി പേരെടുത്ത് പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ നെഹ്രുവിന്റെ പേര് പറയാത്തതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ സമുന്നത നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് പോലും ഉച്ചരിക്കപ്പെടുന്നില്ല. ഇപ്പോള്‍ ഒരൊറ്റ നേതാവേയുള്ളു. ടീം ഇന്ത്യ എന്ന് പറഞ്ഞാല്‍ നേരത്തെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ജനങ്ങളും അടങ്ങിയതായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി മാത്രമേയുള്ളു. വികസനമല്ല വര്‍ഗീയതയും വിഭാഗീയതയുമാണ് ഇപ്പോഴത്തെ മുദ്രാവാക്യങ്ങള്‍.

ഇത്തവണത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞ ഒരു കാര്യം അടുത്ത വര്‍ഷവും അദ്ദേഹം ചെങ്കോട്ടയില്‍ എത്തുമെന്നും ബി.ജെ.പി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയുമെന്നുമാണ്. നരേന്ദ്ര മോദി സ്വയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന കാഴ്ചയായിരുന്നു അത്. വ്യക്തികളല്ല പ്രസ്ഥാനമാണ് വലുതെന്നാണ് ബി.ജെ.പി.യും ആര്‍.എസ്.എസും എപ്പോഴും പറയാറുള്ളത്. പക്ഷേ, ഇവിടെ നമ്മള്‍ കാണുന്നത് ഒരു വ്യക്തി പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും അതീതനായി നില്‍ക്കുന്നതാണ്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

പ്രസ്ഥാനങ്ങളും സംഘടനകളുമാണ് വലുതെന്ന കാഴ്ചപ്പാട് മണ്‍മറഞ്ഞുപോയിരിക്കുന്നു. വ്യക്തികള്‍ പ്രസ്ഥാനങ്ങള്‍ക്ക് മുകളില്‍ വരുന്നത് നമ്മള്‍ നേരത്തെയും കണ്ടിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയെ മറക്കാനാവില്ല. പക്ഷേ, ഇപ്പോഴത്തെ കാഴ്ചകള്‍ ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ല. ഇതുമായി തുലനം ചെയ്യുമ്പോള്‍ ഇന്ദിരയൊക്കെ അമച്ച്വറിഷ് ആയിരുന്നെന്ന് പറയേണ്ടി വരും. ഇപ്പോഴത്തേത് ശരിക്കും പ്രൊഫഷനല്‍ ആണ്.  എല്ലാ തലങ്ങളിലും ഒരു വ്യക്തിയെ മാത്രമാണ് നമ്മള്‍ കാണുന്നത്. സാങ്കേതിക വിദ്യയുടെയും ആശയവിനിമയ ഉപാധികളുടെയും സഹായത്തോടെ തികച്ചും ആസൂത്രിതമായി നടക്കുന്ന പ്രക്രിയയാണ് നമുക്ക് മുന്നിലുള്ളത്.

പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പി.യില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണെന്ന് നമുക്കറിയാം. പക്ഷേ, ആര്‍.എസ്.എസും അദ്ദേഹത്തിന് കീഴടങ്ങിയെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല. ബി.ജെ.പി.യും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തിന്റെ അടരുകള്‍ എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, പ്രത്യക്ഷത്തില്‍ അങ്ങനെയാണ് നമുക്ക് തോന്നുന്നത്. ബി.ജെ.പി.യും ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇതര പ്രസ്ഥാനങ്ങളും മോദിയുടെ നേതൃത്വം ഒരു പോലെ അംഗീകരിക്കുന്നുണ്ട്.

താങ്കളുടെ പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. ഗ്ലാഡിയേറ്റര്‍ എന്ന ഹോളിവുഡ് സിനിമയില്‍ രണ്ട് സെനറ്റര്‍മാര്‍ തമ്മിലുള്ള സംഭാഷണം താങ്കള്‍ പുസ്തകത്തില്‍ എടുത്തുകൊടുത്തിട്ടുണ്ട്. അതില്‍ ഒരു സെനറ്റര്‍  ചക്രവര്‍ത്തിയായ സീസറിനെക്കുറിച്ച് പറയുന്നത് ഇതാണ്: '' റോം എന്താണെന്ന് സീസറിനറിയാം. റോം ആള്‍ക്കൂട്ടമാണ്. മായാജാലത്തിലൂടെ അവരുടെ ശ്രദ്ധ തിരിച്ചുവിടാം.അവരുടെ സ്വാതന്ത്ര്യം എടുത്തുമാറ്റിക്കോളൂ, എന്നാലും അവര്‍ അട്ടഹസിച്ചുകൊണ്ടേയിരിക്കും. സീസര്‍ മരണം കൊണ്ടുവരും, ആള്‍ക്കൂട്ടം അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടും.'' മണിപ്പൂരുള്‍പ്പെടെ  പലയിടങ്ങളിലും നടക്കുന്ന കലാപങ്ങളും മരണങ്ങളും, ഒരു രാഷ്ട്രം ഒരു ജനത, ഇന്ത്യയോ ഭാരതമോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ -  സമകാലിക ഇന്ത്യയുടെ ചിത്രം കൂടിയല്ലേ ഈ റോമന്‍ സെനറ്ററുടെ വാക്കുകളിലുള്ളത്?

തീര്‍ച്ചയായും! അത്തരമൊരു ലക്ഷ്യത്തോടെതന്നെയാണ് ഈ വാക്കുകള്‍ ഉദ്ധരിച്ചിട്ടുള്ളത്. നോട്ട് നിരോധനത്തെക്കുറിച്ച് ഒന്നോര്‍ത്ത് നോക്കൂ. എന്തു മാത്രം ദുരിതമാണ് അത് ഇന്ത്യന്‍ ജനതയുടെ മേല്‍ വരുത്തിവെച്ചത്. കള്ളപ്പണത്തിനെതിരെയുള്ള മിന്നല്‍പ്രഹരമായിട്ടാണ് നോട്ട് നിരോധനം വ്യാഖ്യാനിക്കപ്പെട്ടത്. അമ്പത് ദിവസം എനിക്ക് തരൂ അത് കഴിഞ്ഞ് നിങ്ങള്‍ക്ക് എന്നെ എന്തും ചെയ്യാം എന്നൊക്കെയുള്ള നാടകീയ പ്രസ്താവനകളുണ്ടായി. പക്ഷേ, എന്താണ് സംഭവിച്ചത്. കള്ളപ്പണത്തിന് ഒരു കുഴപ്പവുമുണ്ടായില്ല. 99 ശതമാനം കറന്‍സിയും തിരിച്ചുവന്നു. പേപ്പര്‍ കറന്‍സി ഇല്ലാതാക്കും, ഭീകരര്‍ക്കുള്ള സാമ്പത്തിക ഉറവിടങ്ങള്‍ തകര്‍ക്കും, കളളപ്പണം വേരോടെ പിഴുതെറിയും എന്നൊക്കെയായിരുന്നു പ്രഖ്യാപനം. പേപ്പര്‍ കറന്‍സിയുടെ വ്യവഹാരം വാസ്തവത്തില്‍ കൂടുകയാണ് ചെയ്തത്. ഭീകര പ്രവര്‍ത്തനം ഇപ്പോഴും തുടരന്നുവെന്ന് കാശ്മീര്‍ വിളിച്ചു പറയുന്നു. കള്ളപ്പണം പണത്തിന്റെ രൂപത്തിലാണ് സൂക്ഷിക്കപ്പെടുന്നതെന്ന് കരുതുന്നത് എത്രമാത്രം അസംബന്ധമാണെന്നും തെളിഞ്ഞു.   അപ്പോള്‍പിന്നെ നോട്ട് നിരോധനത്തിലൂടെ നമ്മള്‍ നേടിയതെന്താണ്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന അസംഘടിത മേഖല അപ്പാടെ തകര്‍ന്നുപോയി. ഏഴു കൊല്ലം കഴിഞ്ഞിട്ടും നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല.

അതിന് പിന്നാലെയാണ് കോവിഡ് മഹാമാരി വന്നത്. പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെതുടര്‍ന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ മരിച്ചു. നൂറുകണക്കിന് ജഡങ്ങളാണ് ഗംഗയില്‍ ഒഴുകിനടന്നത്. എന്നിട്ടും , ഈ കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും യു.പി.യില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തി. 2019-ല്‍ മോദി സര്‍ക്കാരും രണ്ടാംവട്ടം തിരഞ്ഞെടുക്കപ്പെട്ടു. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവയൊന്നും തന്നെ ഇപ്പോള്‍ മോദി ഭരണകൂടത്തെ അലട്ടുന്നില്ല. സമൂഹത്തിന്റെ അടിത്തട്ടിലുള്ള തിന്മയുടെയും അധാര്‍മ്മികതയുടെയും ശക്തികളെ അഴിച്ചുവിടുകയാണ് വോട്ടുകിട്ടാന്‍ നല്ലതെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടാണ് മുസ്ലിങ്ങള്‍ക്കെതിരെയുള്ള കലാപ ആഹ്വാനങ്ങള്‍ ഹരിദ്വാറില്‍ നിന്നും മറ്റ് പലയിടങ്ങളില്‍ നിന്നും ഉയരുമ്പോള്‍ മോദി ഭരണകൂടത്തിലെ ആരും തന്നെ അതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്തത്. എല്ലാ മേഖലകളിലും വീഴ്ചകളുണ്ടായിട്ടും ഈ സര്‍ക്കാരിനെ ജനങ്ങള്‍ ശിക്ഷിക്കുന്നില്ല എന്നതാണ് വിചിത്രമായ യാഥാര്‍ത്ഥ്യം. കോര്‍പറേറ്റുകളുമായുള്ള അവിഹിത ബന്ധമടക്കം എത്രയോ ആരോപണങ്ങളുടെ നിഴലിലാണ് ഈ സര്‍ക്കാര്‍. എന്നിട്ടും അവര്‍ രക്ഷപ്പെടുന്നത് ആ റോമന്‍ സെനറ്റര്‍ ചൂണ്ടിക്കാട്ടിയതുപോലെ ജനങ്ങളുടെ ശ്രദ്ധ സമര്‍ത്ഥമായി വഴിതിരിച്ചുവിടാന്‍ കഴിയുന്നതുകൊണ്ടാണ്.

പക്ഷേ, മോദി ഭരണകൂടം പറയുന്നത് ഇന്ത്യ പുരോഗതിയുടെ പാതയില്‍ കുതിക്കുകയാണെന്നാണ്?

ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടിക്കഴിഞ്ഞെന്നും ലോകത്ത് ഇന്നിപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നുമാണ് മോദി ഭരണകൂടത്തിന്റെ അവകാശ വാദം. കോവിഡ് കാലത്തെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്താല്‍ ഏത് ചെറിയ വളര്‍ച്ചയും വലിയ വളര്‍ച്ചയായി തോന്നും. വാസ്തവത്തില്‍ അതിനും മുമ്പ് ഇന്ത്യ കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുമായാണ് ഇപ്പോഴത്തെ വളര്‍ച്ച നമ്മള്‍ തട്ടിച്ചുനോക്കേണ്ടത്. ഇപ്പോഴത്തെ ഈ 7.2 ശതമാനം വളര്‍ച്ചയില്‍ എന്താണുള്ളത്? പൊതു ഭരണ ച്ചെലവില്‍ മുഖ്യമായും വരുന്നത് ശമ്പളം, പെന്‍ഷന്‍, പ്രതിരോധം എന്നിവയിലുള്ള ചെലവുകളാണ്.  എന്നാല്‍ നിര്‍മാണ മേഖലയില്‍ 1.3 ശതമാനം മാത്രമാണ് വളര്‍ച്ച.  നേരത്തെ നാലു വരിപ്പാത ഒരു കിലോമീറ്റര്‍ വികസിപ്പിച്ചാല്‍ അത് ഒരു കിലോമീറ്ററായിരുന്നു. എന്നാല്‍ ഇപ്പോള്‍  അത് നാല് കിലോമീറ്റര്‍ വികസനമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. 

ഭരണകൂടത്തിന്റെ വലിയ അവകാശവാദങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും സ്വകാര്യ മേഖല പിന്മാറുകയാണ്. ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നും വിട്ടുപോവുന്നതാണ് നമ്മള്‍ മറക്കരുതാത്ത മറ്റൊരു കാര്യം.  ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 2014-ന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല. 2021-ല്‍ മാത്രം ഏഴരക്കോടി ജനങ്ങളാണ് ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്ക് കീഴിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1990-കള്‍ക്ക് ശേഷം ഈ തലത്തിലുണ്ടായ ഏറ്റവും വലിയ വര്‍ദ്ധന. ലോകത്തെ ദരിദ്രരുടെ 60 ശതമാനമാണിത്. യുവാക്കളുടെ തൊഴിലില്ലായ്മ ഇപ്പോള്‍ 23 ശതമാനമാണ്. യെമന്‍, സിറിയ, ലെബനന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായാണ് ഇക്കാര്യത്തില്‍ നമ്മുടെ കൂട്ടുകെട്ട്. ബംഗ്ളാദേശില്‍ യുവാക്കളുടെ തൊഴിലില്ലായ്മ ഇന്ത്യയുടെ പകുതിയോളമേ ഉള്ളു. ഇത് ജനങ്ങള്‍ക്ക് പ്രശ്നമല്ലെങ്കില്‍, ഭരണകൂടത്തിന് ഇത് പ്രശ്നമല്ലെങ്കില്‍ അടിസ്ഥാനപരമായി എവിടെയോ പിശകുണ്ടെന്നാണര്‍ത്ഥം.

ശത കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദാരിദ്ര്യ രേഖയുടെ താഴേക്ക് പുതുതായി വന്നവര്‍ ഏഴരക്കോടിയാണ്. ഭക്ഷ്യ വസ്തുക്കളുടെ മേലുള്ള പണപ്പെരുപ്പം വളരെക്കൂടുതലാണ്. നിക്ഷേപം ഇറക്കാന്‍ മടിച്ചുനില്‍ക്കുന്ന സ്വകാര്യ മേഖല- ഇതെല്ലാം എന്താണ് നമ്മോട് പറയുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്ക് ഒരു തകര്‍ച്ചയുടെ മുനമ്പിലാണെന്നാണ് ഇവ വിളിച്ചുപറയുന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പുസ്തകത്തിന്റെ ഉപ ശീര്‍ഷകം ' Essays on a Republic in Crisis' എന്നാക്കിയത്.

ഇന്ത്യയില്‍ നിക്ഷേപം ഇറക്കുന്നതിന് സ്വകാര്യ മേഖല മടിക്കുകയാണെന്ന് താങ്കള്‍ പറയുകയുണ്ടായി. എന്നാല്‍ മോദി ഭരണകൂടം ഇടക്കാലത്ത് പറഞ്ഞത് ചൈനയില്‍ നിന്നും പല ആഗോള വ്യവസായ ശാലകളും ഇന്ത്യയിലേക്ക് വരുമെന്നാണ്. പക്ഷേ, ഈ അവകാശ വാദം യാഥാര്‍ത്ഥ്യമാവുന്നത് കണ്ടില്ല. എന്താവാം ഇതിന്റെ കാരണം?

ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയില്‍ ഫോറിന്‍ ഇന്‍സ്റ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് സംതൃപ്തരല്ല. രണ്ടാമത്തെ കാരണം  വിദഗ്ദരായ തൊഴിലാളികളുടെ ക്ഷാമമാണ്. ഇതിനെക്കുറിച്ച് എന്റെ പുസ്തകത്തില്‍ ഒരദ്ധ്യായം തന്നെയുണ്ട്. ഇന്ത്യന്‍ ജനതയില്‍ 54 ശതമാനം പേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. പക്ഷേ, ഇവരില്‍ ഭൂരിപക്ഷവും നൈപുണ്യത്തില്‍ പിന്നാക്കമാണ്.  നമ്മുടെ തൊഴില്‍ സേനയില്‍ വെറും അഞ്ച് ശതമാനത്തിന് മാത്രമേ ഏതെങ്കിലും ഒരു തൊഴിലില്‍ വൈദഗ്ധ്യമുള്ളു. ഇംഗ്ലണ്ടില്‍ ഇത് 65 ശതമാനവും ജര്‍മ്മനിയില്‍ 75 ശതമാനവും അമേരിക്കയില്‍ 52 ശതമാനവും ജപ്പാനില്‍ 80 ശതമാനവും ദക്ഷിണ കൊറിയയില്‍ 96 ശതമാനവുമാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ 2022-നുള്ളില്‍ രാജ്യത്ത് വിദഗധരായ  15 കോടി തൊഴിലാളികളുടെ  അഭാവമുണ്ടായിട്ടുള്ളതായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. വാഹന നിര്‍മ്മാണ മേഖലയില്‍ മൂന്നരക്കോടി വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്.  അതായത് നമ്മുടെ തൊഴിലാളികളില്‍ യുവാക്കളുടെ എണ്ണം ഏറുമെങ്കിലും അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇന്ത്യയ്ക്കുണ്ടാവാന്‍ പോവുന്നില്ല. അതായത് ജനസംഖ്യാ ശാസ്ത്രപരമായ മെച്ചം വെറുതെയാവുന്നു. ഭരണപരവും രാഷ്ട്രീയപരവുമായ സുസ്ഥിരത വെറുതെയാവുന്നു.  തുടര്‍ച്ചയായിക്കിട്ടിയ ജനവിധികള്‍ പാഴാവുന്നു. ഒമ്പതര വര്‍ഷം തുടര്‍ച്ചയായി ഭരിക്കാനായിട്ടും മോദി സര്‍ക്കാരിന് രാജ്യത്തിനായി ഒന്നും ചെയ്യാനാവുന്നില്ല.

ജി20 സമ്മേളനത്തിന്റെ വിജയം ഇന്ത്യയുടെ പ്രത്യേകിച്ച് മോദി സര്‍ക്കാരിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിക്ക് ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. മോദി വിശ്വ ഗുരുവാകുന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ജി20  സമ്മേളനം എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. താങ്കള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?

ബി.ജെ.പി. ആസ്ഥാനത്ത് പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണം ലഭിച്ചതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. അതൊരു ആസൂത്രിത വരവേല്‍പാണ്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ , വിവിധ തട്ടുകളിലുള്ള അസമത്വം - ഇവയൊക്കെ പരിഹരിക്കുന്നതിലൂടെയാണ് ഭരണാധികാരികള്‍ വിശ്വ ഗുരുവായി മാറുക. ജി20 സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുപോയ ഏതെങ്കിലും ഭരണത്തലവന് ഇതുപോലെ സ്വീകരണം ലഭിച്ചോ? അവരൊന്നും ഇത്തരം സ്റ്റേജ് ഷോകളില്‍ താല്‍പര്യമുള്ളവരല്ല. ഇന്ത്യയുടെ ബഹുസ്വരതയെ കൈയ്യൊഴിയുന്ന ഒരു ഭരണകൂടത്തിന് എങ്ങിനെയാണ് വിശ്വ ഗുരുവാകാനാവുക? പാര്‍ലമെന്റില്‍ ബി.ജെ.പി.ക്ക് ഒരു മുസ്ലിം പ്രതിനിധി പോലുമില്ല. ഇതില്‍ ആശങ്കകളില്ലാത്തവര്‍ക്ക് എങ്ങനെയാണ് ലോകത്തോട് നീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കാനാവുക?
 
പുസ്തകത്തില്‍ താങ്കള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു കാര്യം ഇന്ത്യയില്‍ ഹിന്ദുത്വയുടെ വളര്‍ച്ചയാണ്. ഇന്ത്യന്‍ വിഭജനത്തിന്റെ നാളുകളില്‍ ഹിന്ദുത്വയ്ക്ക് വളരാന്‍ ഫലഭൂയിഷ്ടമായ മണ്ണും അന്തരീക്ഷവുമുണ്ടായിരുന്നു. ഗോള്‍വാള്‍ക്കറെയും ശ്യാമ പ്രസാദ് മുഖര്‍ജിയെയും,  ബല്‍രാജ് മഥോക്കിനെയും കര്‍പാത്രി മഹാരാജിനെയും പോലുള്ള നേതാക്കള്‍ , വര്‍ഗീയ കലുഷിതമായ അന്തരീക്ഷം . എന്നിട്ടും ആ ദിനങ്ങളില്‍  ഹിന്ദുത്വയ്ക്ക് വേരുകള്‍ പടര്‍ത്താനായില്ല. കാരണം എതിര്‍ നിരയില്‍ ഗാന്ധിയെയും നെഹ്രുവിനെയും അംബദ്കറെയും പട്ടേലിനെയും പോലുള്ള നേതാക്കളുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഇത്തരം നേതാക്കളുടെ അഭാവവും ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാവുന്നില്ലേ?

തീര്‍ച്ചയായും. ഇതൊരു പ്രശ്നമാണ്. ഗാന്ധിജിയുടെ വധവും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി. പക്ഷേ, പിന്നീടങ്ങോട്ട് മതേതര ശക്തികള്‍ ആലസ്യത്തിലേക്കമരുന്നതാണ് ഇന്ത്യ കണ്ടത്. ഹിന്ദുത്വ ഭീഷണി ഒഴിഞ്ഞുപോയെന്ന കണക്കുകൂട്ടലിലായിരുന്നു മതേതര ശക്തികള്‍. സുപ്രധാനമായ പ്രത്യയശാസ്ത്ര യുദ്ധത്തില്‍ നിന്ന് മതേതര ശക്തികള്‍ പിന്മാറി എന്നതാണ് ഇത്തേുടര്‍ന്നുണ്ടായ ദുരന്തം.

ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാവുമോ? ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അധികാര കേന്ദ്രീകരണത്തിലാണ് ശ്രദ്ധിച്ചത്. പ്രാദേശിക നേതാക്കള്‍ ഒന്നടങ്കം പാര്‍ശ്വവത്കരിക്കപ്പെട്ടു. ഈ ഏകാധിപത്യ പ്രവണതയുടെ മേലല്ലേ ബി.ജെ.പി. അവരുടെ അജണ്ട കെട്ടിപ്പൊക്കിയത്?

ബി.ജെ.പി.യുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിനുള്ള പങ്ക് കാണാതിരിക്കാനാവില്ല.പക്ഷേ, ബി.ജെ.പി.യുമായി കൂട്ടുകൂടിയ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതില്‍ ഉത്തരവാദികളാണ്. ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഹിന്ദുത്വ ബി.ജെ.പി. ഒളിച്ചുകടത്തുന്നത് മുന്‍കൂട്ടി അറിയുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുപോയി. ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വര്‍ഗീയ ശക്തികള്‍ നേടിയ ഈ വിജയം നമ്മള്‍ ഒരിക്കലും ചെറുതാക്കി കാണരുത്. എത്രയോ ദീര്‍ഘകാലമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയാണിത്. ആയിരക്കണക്കിന് സ്വയം സേവകരുടെ കഠിനാദ്ധ്വാനം നമ്മള്‍ കാണാതെ പോവരുത്. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും കൃത്യവും സൂക്ഷ്മവുമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. ഗാന്ധിവധത്തെതുടര്‍ന്നുണ്ടായ തിരസ്‌കാരങ്ങളും വേട്ടയാടലുകളും ഒറ്റപ്പെടലും അവരെ തളര്‍ത്തിയില്ല. കാര്യമായ പ്രതിഫലമൊന്നുമില്ലാതെ , തീര്‍ത്തും ലളിതമായ ആവശ്യങ്ങള്‍ മാത്രം നിറവേറ്റായാണ് ഈ സ്വയം സേവകര്‍ ഹിന്ദുത്വയെ വളര്‍ത്തിയത്. ഇത്തരമൊരു പ്രവരത്തനം പ്രതിപക്ഷത്തിന്റെ ഭാഗത്തില്ല. അവര്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ ഇന്ത്യയെ ഗ്രസിച്ചിട്ടുള്ള വര്‍ഗീയതയുടെ വേരറുക്കണമെങ്കില്‍ ആര്‍.എസ്.എസ്.  അടിത്തട്ടില്‍ നടത്തുന്ന പ്രവര്‍ത്തനത്തെ അതേ രീതിയില്‍ തന്നെ ചെറുക്കണം.

ഇന്ത്യയുടെ വികസനത്തിന് ഗുജറാത്ത് മാതൃകയാണ് മോദിയും ബിജെപിയും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ താങ്കള്‍ വ്യക്തമാക്കുന്നത് ഗുജറാത്ത് മാതൃകയിലേക്കല്ല വികസനത്തിന്റെ കേരള മാതൃകയിലേക്കാണ് ഇന്ത്യ ഉറ്റുനോക്കേണ്ടതെന്നാണ്? എന്തുകൊണ്ടാണ് താങ്കള്‍ ഗുജറാത്ത് മോഡലിനെ തള്ളിക്കളയുന്ന്ത്?

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച പുരോഗതി ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? മതസൗഹാര്‍ദ്ധവും സമാധാനവും ഇല്ലാത്ത ഒരിടത്തും വികസനം സുസ്ഥിരമാവില്ല. ഇവിടെയും കേരളത്തിന്റെ റെക്കോഡ് എത്രയോ ഗംഭീരമാണ്. സമൂഹത്തെ വിഭജിച്ചല്ല ഒന്നിച്ച് നിര്‍ത്തിയാണ് മുന്നോട്ടുപോകേണ്ടത്. അപ്പോള്‍ മാത്രമാണ് വികസനം ശരിയായ അര്‍ഥത്തില്‍ വികസനമാവുന്നത്. ചോദ്യങ്ങള്‍ ചോദിക്കാനറിയാവുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം സുരഭിലവും സുന്ദരവുമാവുന്നത്. സംവാദങ്ങളും ചര്‍ച്ചകളും പോലെ ജനാധിപത്യത്തെ വളര്‍ത്തുന്ന മറ്റൊന്നില്ല. ഇതിലെല്ലാം തന്നെ ഗുജറാത്ത് ഒരു മാതൃകയേയല്ല. വികസനത്തിന്റെ മാതൃക കേരളമാണോ ഗുജറാത്താണോ എന്ന് ചോദിച്ചാല്‍ കേരളം എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല.

മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും താങ്കള്‍ കാണുന്നില്ലെന്നും വിമര്‍ശനം മാത്രമാണ് താങ്കള്‍ നടത്തുന്നതെന്നുമുള്ള ആരോപണത്തെക്കുറിച്ച് ?

ഭരണ കക്ഷിക്ക് നേരെ മാത്രമല്ല എന്റെ വിമര്‍ശം. പ്രത്യയശാസ്ത്രപരമായ പോരാട്ടത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന എല്ലാ പാര്‍ട്ടികളേയും ഞാന്‍ വിമര്‍ശിക്കുന്നുണ്ട്. നല്ലതൊന്നും കാണുന്നില്ലേ എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ മറുപടിയുണ്ട്. ഇടയ്ക്കെപ്പോഴെങ്കിലും പുകഴ്ത്തിക്കൊണ്ട് നിങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം നേടുക എന്റെ ലക്ഷ്യമല്ല. ഭരണകൂടം തെറ്റു ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുക എന്നത് ഒരു പൗരനെന്ന നിലയില്‍ എന്റെ അടിസ്ഥാനപരമായ അവകാശമാണ്.അതിനായി ആരെയും ഇടയ്ക്കൊന്ന് പുകഴ്ത്തേണ്ട ഒരു കാര്യവുമില്ല. മോദി ഭരണകൂടത്തെ പുകഴ്ത്താനും വാഴ്ത്താനും ഇവിടെ നൂറുകണക്കിന് മാധ്യമങ്ങളുണ്ട്. അവര്‍ അത് തുടരട്ടെ!  എന്റെ ദൗത്യം വിമര്‍ശമാണ്. അത് ഞാന്‍ തുടരുക തന്നെ ചെയ്യും.