ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞരിൽ ഒരാളാണ്‌ എം.കെ. നാരായണൻ. ഒറ്റപ്പാലം എന്ന ഗ്രാമം സൃഷ്ടിച്ച തിളക്കമുള്ള താരങ്ങളിൽ ഒരാൾ. സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് രാജ്യം അദ്ദേഹത്തിന് പദ്മ പുരസ്കാരം നൽകി ആദരിച്ചു. 1955-ൽ ഐ. പി.എസിൽ ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1987 മുതൽ 1990 വരെ ഐ.ബി. മേധാവിയായിരുന്നു. വിരമിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും പിന്നീട് സഹമന്ത്രി പദവിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി. മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായിരിക്കെ ഒപ്പിട്ട ഇന്ത്യ-യു.എസ്‌. ആണവക്കരാറിൽ നിർണായക പങ്കുവഹിച്ചു. പശ്ചിമബംഗാളിൽ ഗവർണറായും സേവനമനുഷ്ഠിച്ചു. മാർച്ചിൽ നവതിയിലേക്കെത്തുന്ന അദ്ദേഹം ചെന്നൈയിലാണ് സ്ഥിരതാമസം. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്‌ നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ

To advertise here,

2023-ല്‍ ജി-20 അധ്യക്ഷപദവിയടക്കം തിളക്കമുള്ള സ്ഥാനത്തിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, 2024 പുലരുമ്പോള്‍ അതല്ല സ്ഥിതി, മാലദ്വീപുപോലെയുള്ള ഒരു ചെറുരാജ്യം അവിടെയുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജി-20 രാജ്യങ്ങളുടെ അധ്യക്ഷപദവി ഇന്ത്യയ്ക്ക് ഗുണം ചെയ്‌തെന്ന് കരുതുന്നുണ്ടോ

അങ്ങനെ കരുതുന്നില്ല. ഇന്ത്യയ്ക്ക് ലഭിച്ച ജി-20 അധ്യക്ഷപദവി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കും അതിന്റെ നേതൃത്വത്തിനുമുള്ള വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നതാണ്. എന്നാല്‍, അതിന്റെ ഫലമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ നാം ഒരുന്നതമായ സ്ഥാനം കൈവരിച്ചെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അതിന് പല കാരണങ്ങളുമുണ്ട്. ഇന്ത്യയ്ക്ക് ജി-20 അധ്യക്ഷപദവി ലഭിക്കുന്നതെപ്പോഴെന്ന ചോദ്യം മാത്രമേ നമ്മുടെ മുന്നിലുണ്ടായിരുന്നുള്ളൂ. പ്രതീക്ഷകളും അഭിലാഷങ്ങളും കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഇപ്പോഴത്തെ തീവ്രമായ താത്പര്യം പ്രകടമായിരുന്നു. ഇന്ത്യയെപ്പോലെയുള്ള ഒരു രാഷ്ട്രം ജി-20 അധ്യക്ഷപദവിനേടിയെടുത്തെന്ന വസ്തുത നമ്മുടെ തൊപ്പിയിലെ പൊന്‍തൂവലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ജി-20-യുടെ മുന്‍നേതൃത്വങ്ങളും മൂന്നാംലോകരാഷ്ട്രങ്ങളെന്നോ രണ്ടാംലോകരാഷ്ട്രങ്ങളെന്നോ അറിയപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുതന്നെയായിരുന്നെന്ന കാര്യം നാം ഓര്‍ക്കണം. നാം ജി-20 ഒരു വന്‍വിജയമാക്കുകയും അത് ഒരു വലിയ കാര്യമാണെന്ന് ലോകം സമ്മതിക്കുകയും ചെയ്തുവെന്നതൊഴിച്ചാല്‍ മറ്റുപ്രാധാന്യമൊന്നും  അതിന് ഞാന്‍ നല്‍കുന്നില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരദേശരാജ്യങ്ങളെ സംബന്ധിച്ചാണ് എന്റെ രണ്ടാംചോദ്യം. പ്രത്യേകിച്ച് മാലദ്വീപിനെപ്പറ്റി

നമുക്കറിയാം മാലദ്വീപും ഇന്ത്യയും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത് ഇതാദ്യമല്ല. പലപ്പോഴും വിള്ളലുകളുണ്ടായിട്ടുണ്ട്. ഗയ്യൂം പ്രസിഡന്റായിരുന്ന കാലത്ത് നമ്മളുമായി നല്ല ബന്ധമായിരുന്നു. ഗയ്യൂമിന് അധികാരം നഷ്ടപ്പെട്ടശേഷം വന്ന പുതിയസര്‍ക്കാര്‍ നല്ല രീതിയിലല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. പിന്നീടുവന്ന പ്രസിഡന്റ് നഷീദ് ഇന്ത്യാ അനുകൂലിയായിരുന്നു. കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു മാലദ്വീപുമായുള്ള ബന്ധം. വലിയ രാജ്യങ്ങള്‍ തങ്ങളില്‍ അമിതമായ സ്വാധീനം ചെലുത്തുന്നെന്ന തോന്നലാണ് പലപ്പോഴും ചെറുരാജ്യങ്ങള്‍ക്ക് അനുഭവപ്പെടാറ്. ഇന്ത്യയെക്കൂടാതെ മുന്നോട്ടുപോവുക മാലദ്വീപിനെ സംബന്ധിച്ച് അസാധ്യമാണ്.  ടൂറിസത്തിന് അനന്തസാധ്യതയുള്ള ഇടമാണെങ്കില്‍ക്കൂടി ഇന്ത്യയുടെ പിന്തുണയില്ലാതെയുള്ള അതിജീവനം ദുഷ്‌കരമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കിടമത്സരവും വഷളായ ബന്ധവും മുതലെടുക്കാനാണ് മിക്ക രാജ്യങ്ങളുടെയും ശ്രമം. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സമദൂരം പാലിക്കുക എന്ന നയത്തിനായിരുന്നു പ്രാധാന്യം. എന്നാല്‍, ഇപ്പോഴതിനു മാറ്റംവന്നിരിക്കുന്നു. നെഹ്റുവിനെ ചിലര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യ-ചൈനാ ബന്ധം മെച്ചപ്പെടുന്നകാലത്ത് തീര്‍ച്ചയായും അതിന് മാറ്റം വരുമെന്ന് ഞാന്‍ കരുതുന്നു.

ചൈനയുമായുള്ള ബന്ധം ശരിയായ രീതിയില്‍ നാം നിര്‍വചിച്ചിട്ടെല്ലന്ന വസ്തുത താങ്കള്‍ അംഗീ കരിക്കുന്നുണ്ടോ

ഇതൊരു വലിയ ചോദ്യമാണ്. ഇതേക്കുറിച്ച് ഭൂരിഭാഗവും എങ്ങനെയാണോ ചിന്തിക്കുന്നത് അതുപോലെയാണ് ഞാനും ചിന്തിക്കുന്നത്. ചൈനയെ മറ്റാരെക്കാളും നന്നായി എനിക്കറിയാം. ആറുവര്‍ഷം ചൈനയുമായുള്ള അതിര്‍ത്തിചര്‍ച്ചകള്‍ക്കായി ഇന്ത്യ നിയോഗിച്ച പ്രത്യേക പ്രതിനിധിയായിരുന്നു ഞാന്‍. ഞാന്‍ യഥാര്‍ഥത്തിലുയര്‍ത്തുന്ന പോയിന്റ്, രണ്ട് ഏഷ്യന്‍ ശക്തികളും സമാധാനപരമായും സഹവര്‍ത്തിത്വത്തോടെയും നിലകൊള്ളണമെന്നതാണ്. ഹു ജിന്താവോ ചൈനീസ് പ്രസിഡന്റായിരുന്നപ്പോള്‍ തീര്‍ച്ചയായും നമുക്ക് അങ്ങനെയൊരു കാലമുണ്ടായിരുന്നു. അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അങ്ങനെ സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തിയകാലത്തൊന്നും ഒരു രാജ്യം മറ്റൊന്നിനെക്കാള്‍ മികച്ചതാണെന്ന് ഇന്ത്യയോ ചൈനയോ കണ്ടിരുന്നില്ല. ചൈനക്കാര്‍ ഇന്ത്യയുമായി നല്ലബന്ധം പുലര്‍ത്തണമെന്നുതന്നെയാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. അപ്പോള്‍പ്പിന്നെ എന്തിന് അവര്‍ നമ്പര്‍ വണ്ണാണെന്നും നമ്മള്‍ ടു ആണെന്നുമുള്ള വാദം ഇന്ത്യ അംഗീകരിക്കണം.

ഇന്ത്യ ചൈനയെക്കാള്‍ മികച്ചതാണെന്ന് കരുതുന്നുണ്ടോയെന്ന് ഒരിക്കല്‍ അതിര്‍ത്തിചര്‍ച്ചകള്‍ക്കുള്ള ചൈനയുടെ പ്രതിനിധി എന്നോട് ചോദിക്കുകയുണ്ടായി. നമ്മള്‍ ചൈനയെക്കാള്‍ മികച്ചതാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെ പറയാത്തതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അതാണ് ഇന്ത്യയുടെ സംസ്‌കാരം. മറ്റൊരാളുടേമേല്‍ ആധിപത്യം പുലര്‍ത്താന്‍ നമ്മളാഗ്രഹിക്കുന്നില്ല. പക്ഷേ, ചൈനക്കാര്‍ അവരൊരു മുന്തിയ സംസ്‌കാരമാണെന്ന് സ്വയം ചിന്തിക്കുന്നു. ഇത് സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. പക്ഷേ, പാശ്ചാത്യരാജ്യങ്ങളാഗ്രഹിക്കുന്നത് നമ്മള്‍ തമ്മില്‍ തോക്കും മറ്റെന്തെല്ലാമായുധമുണ്ടോ അതെല്ലാമുപയോഗിച്ചുള്ള സംഘര്‍ഷമാണ്. ഇവിടെ ചോദ്യം ഏതുമാതൃകയാണ് ലോകം പിന്തുടരേണ്ടതെന്നാണ്. ജി.ഡി.പി.യുടെയും മറ്റും അടിസ്ഥാനത്തില്‍ താരതമ്യേന പുരോഗതിയില്‍ പിറകില്‍നില്‍ക്കുന്ന ഇന്ത്യയുടെ ജനാധിപത്യമാതൃകയാണ് ഒന്ന്. ലോകത്തിന് സമാധാനപരമായി ജീവിക്കാന്‍ പറ്റുന്ന കൂടുതല്‍ തുറന്ന ഒന്നാണ് ഈ മാതൃക. ചൈനക്കാരുടേത് ആധിപത്യത്തിന്റേതാണ്. അത് സംഘര്‍ഷത്തിന്റെ രീതിയാണ്. ഈ രാജ്യങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാവുകയില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് ഇരുഭാഗത്തുമുള്ള നേതാക്കളുടെ ചുമതലയാണ്. കാരണം അങ്ങനെയൊരു സംഘട്ടനമുണ്ടാല്‍ അത് ഇന്ത്യയ്ക്കും ചൈനയ്ക്കും അങ്ങേയറ്റം ദുരന്തപൂര്‍ണമായിരിക്കും.

ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം 'ഓക്കസ്' പ്രവേശ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ക്വാഡിലെ അംഗത്വം അതിലേക്കൊക്കെ  ഇന്ത്യ തെറ്റായി വലിച്ചിഴയ്ക്കപ്പെട്ടതാണെന്ന് കരുതുന്നുണ്ടോ ?കാരണം ഇന്തോ-പസഫിക്  മേഖലയില്‍ ചൈനയെ പ്രതിരോധിക്കുക എന്നതാണ് അവയുടെ പ്രധാന ലക്ഷ്യമായി  പറയുന്നത്. ഈ കാര്യം കൈകാര്യം ചെയ്യുന്നതില്‍ നമ്മള്‍ കുറെക്കൂടി ബുദ്ധിപരമായി നീങ്ങേണ്ടതായിരുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ

അതൊരു വിശാലമായ ചോദ്യമാണ്. അത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. നമ്മള്‍ ക്വാഡിന്റെ ഭാഗമായതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടായതായി ഞാന്‍ കാണുന്നില്ല. പ്രായംചെന്ന ആള്‍ എന്ന നിലയ്ക്ക് ഈ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഞാന്‍ പ്രാപ്തനല്ല. ഇന്തോ- പസഫിക്കില്‍ നമുക്ക് വലിയ താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട്  നമുക്ക് വലിയ താത്പര്യങ്ങള്‍ ഉണ്ട്. അവിടെ നാം ചെയ്യേണ്ടത് ക്വാഡ് സഖ്യത്തില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ്. ഞാന്‍ പറഞ്ഞുവരുന്നത് ഇന്ത്യയെ ഓക്കസിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. നമ്മള്‍ അതിന്റെ ഭാഗമല്ല. ക്വാഡ് ഭാഗികമായി പസഫിക്കിന് വേണ്ടിയുള്ളതാണ്. എല്ലാ മേഖലകളും പ്രധാനമാണെങ്കിലും  ഇന്ത്യയുടെ താത്പര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്ര പ്രധാനപ്പെട്ട മേഖലയല്ല  അത്. ചൈനയ്‌ക്കെതിരേയോ മറ്റേതെങ്കിലും രാജ്യത്തിനെതിരേയോ പസഫിക് മേഖലയില്‍ യുദ്ധം ചെയ്യുന്നതിനായി ഏതെങ്കിലും ഒരു സഖ്യത്തില്‍ ഇന്ത്യ ചേരുന്നതിന് ഒരു കാരണവും ഞാന്‍ കാണുന്നില്ല. ഇതിനു പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ എനിക്കറിയാത്ത മറ്റെന്തെങ്കിലും ആവാം. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തും അതിനുമുമ്പും ഇത്തരം കൂട്ടുകെട്ടുകളുടെ ഭാഗമാക്കാതിരിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് ക്വാഡ് കൊണ്ട്  ഇന്ത്യക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല.

ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഐ.എം. ഇ.( ഇന്ത്യ -മിഡില്‍ ഈസ്റ്റ് സാമ്പത്തിക ഇടനാഴി) പോലെയുള്ള കൂടുതല്‍ കൂട്ടുകെട്ടുകള്‍  ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടോ

നമ്മുടെ നയതന്ത്രജ്ഞരായാലും വിദേശതന്ത്രജ്ഞരായാലും നയരൂപകര്‍ത്താക്കളെക്കാള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ് എന്നാണ് ഞാന്‍ കരുതുന്നത്. അവരാണ് അതിന്റെ ആത്യന്തികഫലം എന്താണെന്നാലോചിക്കാതെ ഇത്തരം കാര്യങ്ങള്‍ പൊക്കിക്കൊണ്ടുവരുന്നത്. പിന്നീട് ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അത് ദോഷകരമായി തീരുകയും ചെയ്യും. ഇവകൊണ്ട് കാര്യമായി പ്രയോജനം ഒന്നും തന്നെയില്ല.

 രാജ്യത്തിന്റെ നയങ്ങളും നമ്മള്‍ പിന്തുടരുന്ന നയതന്ത്രവഴിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേട് ഉണ്ടെന്നാണോ താങ്കള്‍അര്‍ഥമാക്കുന്നത്?

അല്ല, താങ്കള്‍ നോക്കൂ, ഏതെങ്കിലും ഒരു പ്രത്യേകസമയത്ത് അത് കൂടുതല്‍ ക്ഷണികമാണെന്നു ഞാന്‍ പറയും. ഒരു ഘട്ടത്തില്‍ നമ്മളെല്ലാവരും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പലപ്പോഴും യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ വളരെ പ്രധാനമായിരുന്നു. അത് അമേരിക്കയുടെ സമീപനത്തില്‍ മാറ്റംവരുത്തി. ഇന്ത്യ ഒരു പ്രധാന ശക്തിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുവരെ ഇന്ത്യയെ അവര്‍ പ്രത്യേകിച്ച് പ്രാധാന്യം ഒന്നുമില്ലാത്ത ഒരു മൂന്നാംലോകരാജ്യമായാണ് കണ്ടിരുന്നത്. ഇന്ത്യ അവരില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയിരുന്നില്ല. അവര്‍ക്ക് യുദ്ധവും തോക്കുംവേണ്ടാ എന്നൊക്കെയായിരുന്നു കാഴ്ചപ്പാട്. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ആഗോളപ്രശ്‌നങ്ങളോടുള്ള ഇന്ത്യയുടെ സമീപനത്തിലും മാറ്റംവന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇന്ത്യയെ ഉറ്റുനോക്കാന്‍ തുടങ്ങി. അതോടെ നമ്മള്‍ കുറെ ഉയരത്തില്‍ ആണെന്ന തോന്നലുണ്ടായി. നയതന്ത്രത്തില്‍ നമ്മള്‍ കൂടുതലായി വ്യാപരിക്കണം. അതിന്റെഭാഗമായി നമ്മള്‍ ചില നടപടികള്‍ സ്വീകരിക്കുന്നു. അതില്‍ ചിലത് നല്ലതായിരിക്കും. ചിലത് അത്ര നന്നായിരിക്കണമെന്നില്ല. ഇതൊരുതരം ജിക്സോ പസിലാണ്. നിങ്ങളുടെ നയങ്ങള്‍ക്ക് പലപ്പോഴും അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കണമെന്നില്ല.

മന്‍മോഹന്‍ സിങ്ങിന്റെ കീഴില്‍ പത്തുവര്‍ഷം, മോദിയുടെ കീഴില്‍ അടുത്ത പത്തുവര്‍ഷം, നയതന്ത്രത്തിന്റെ രണ്ടുപതിറ്റാണ്ട് കൃത്യമായി വേര്‍തിരിക്കാവുന്ന ഒരു ഘട്ടത്തിലാണ് നാം എത്തിനില്‍ക്കുന്നത്? എങ്ങനെയാണ് ഈ കാലഘട്ടങ്ങളെ താരതമ്യംചെയ്യുന്നത്

അതൊരു വലിയ ചോദ്യമാണ്. ഒരു രാജ്യത്തിന്റെ മികച്ച നയതന്ത്രനയങ്ങള്‍ ആ രാജ്യത്തിന്റെ നേതാവിന്റെ ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. നമുക്കിവിടെ രണ്ടുപേരാണുള്ളത്. ഒന്ന് മന്‍മോഹന്‍ സിങ്, മറ്റേത് നരേന്ദ്ര മോദി. അവര്‍ നയതന്ത്രകാര്യങ്ങള്‍ പൂര്‍ണമായും കൈകാര്യംചെയ്യുന്നു എന്നല്ല, അവരുടെ പ്രതിച്ഛായ അതില്‍ ഒരു നിര്‍ണായക പങ്കുവഹിക്കുന്നു.

മന്‍മോഹന്‍സിങ്ങിനെ ഞാന്‍ അമിതമായി അനുകൂലിക്കുന്നു എന്ന് എന്നെ നിങ്ങള്‍ കുറ്റപ്പെടുത്തിയേക്കാം. പക്ഷേ, ലോകനേതാക്കള്‍ അദ്ദേഹത്തോട് പെരുമാറിയ രീതി നിങ്ങള്‍ മനസ്സിലാക്കണം. അദ്ദേഹം ഒരു മികച്ച രാഷ്ട്രീയക്കാരനോ നേതാവോ ഒന്നുമായിരുന്നില്ല. പക്ഷേ, അദ്ദേഹം അസാധാരണമാംവിധം മികച്ച വ്യക്തിത്വമുള്ള, വളരെ ബുദ്ധിമാനായ ഒരു നേതാവായിരുന്നു. ബുഷിനുശേഷം ബരാക് ഒബാമ പ്രസിഡന്റ് ആയപ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കണ്ടിരുന്നു. യു.എസ്. ആദ്യമായി ദേശീയവിരുന്ന് നല്‍കിയ ഇന്ത്യന്‍നേതാവ് മന്‍മോഹന്‍സിങ് ആണ്. ഈയിടെയുണ്ടായ മോദിയുടെ 'സ്റ്റേറ്റ് വിസിറ്റി'നെക്കുറിച്ച് നാം ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. പക്ഷേ, മന്‍മോഹന്റേതാണ് ആദ്യത്തേത്. അന്ന് ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഭാഗ്യമെന്നു പറയട്ടെ, ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സഹായിയായി ഞാനാണ് ഉണ്ടായിരുന്നത്. ചര്‍ച്ചതുടങ്ങിയ ഉടന്‍ ഒബാമ പറഞ്ഞു: ''മിസ്റ്റര്‍ മന്‍മോഹന്‍സിങ്, താങ്കളാണ് എന്റെ ഗുരു, താങ്കള്‍ പറയുന്നതനുസരിച്ച് ഞാന്‍ പോകും.''

ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ചായിരുന്നോ ആ പരാമര്‍ശം

അല്ല. അങ്ങനെയാണ് അദ്ദേഹം ഒരു വിഷയം തുറന്നത്. പ്രതിച്ഛായയെക്കുറിച്ചാണെങ്കില്‍ ബരാക് ഒബാമ പറഞ്ഞതില്‍ എല്ലാമുണ്ട്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ എന്നത് രാജ്യത്തിന്റെ പ്രതിച്ഛായതന്നെയാണ്. മറിച്ചും. ഇന്ത്യ-അമേരിക്ക ആണവക്കരാറിനെക്കുറിച്ച് പറയുകയാണെങ്കില്‍, തങ്ങളുടെ നേട്ടമാണെന്ന് പലരും അവകാശപ്പെടുന്നുണ്ട്. എന്നാല്‍, അതിന്റെ ശില്പി യഥാര്‍ഥത്തില്‍ മന്‍മോഹനാണ്. അത് ബുഷും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള കരാര്‍ ആയിരുന്നു. മന്‍മോഹന്‍ ഒരു നല്ലമനുഷ്യനാണെന്നും സഹായിക്കേണ്ടതുണ്ടെന്നും ബുഷ് പറയുമായിരുന്നു. പല കാര്യങ്ങളും ഞാനിവിടെ പ്രതിപാദിക്കുന്നില്ല. പക്ഷേ, മന്‍മോഹന്‍ സിങ്ങിന്റെ പ്രതിച്ഛായയുടെ ഒരു ദൃഷ്ടാന്തമാണ് ആ കരാര്‍. പഴയകാലത്ത് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ഗുരുക്കന്മാരെയും ഋഷിമാരെയുംപോലുള്ള ഒരു നേതാവിനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.  അദ്ദേഹം മോദിയില്‍നിന്ന് വ്യത്യസ്തനാണ്.

മോദിയല്ല, യഥാര്‍ഥ 'വിശ്വ ഗുരു' മന്‍മോഹന്‍ ആണെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്

അവര്‍ രണ്ടുപേരും രണ്ട് വ്യത്യസ്ത വ്യക്തികളാണ്. മന്‍മോഹന്‍ വിശ്വഗുരു ആയിരുന്നെങ്കില്‍പ്പോലും അങ്ങനെ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലായിരുന്നു. അദ്ദേഹത്തിന് അതിഷ്ടമല്ല.

ഇത് മോദിയുടെ പകിട്ടുമായി താരതമ്യമില്ലെന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്

ഒരുപക്ഷേ, അങ്ങനെ ആയിരിക്കാം. നമ്മളില്‍ പലരും ആണവക്കരാറിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുമായി അടുത്ത് ബന്ധമുള്ളയാള്‍ എന്നനിലയ്ക്ക് എനിക്ക് പറയാന്‍കഴിയും ബുഷ് ഒരിക്കലും ഇന്ത്യക്ക് ഇക്കാര്യം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. മന്‍മോഹന്‍ സിങ് അല്ലായിരുന്നെങ്കില്‍ ഈ കരാര്‍ നടപ്പാകുമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചനടക്കുന്ന ഓരോ സന്ദര്‍ഭത്തിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമായിരുന്നു. ഞാനും മുന്‍ യു.എസ് സുരക്ഷാ ഉപദേഷ്ടാവായിരുന്ന സ്റ്റീഫന്‍ ഹാഡ്ലിയും (അദ്ദേഹം അപ്പോള്‍ ഏഷ്യയില്‍ ആയിരുന്നു) ഇന്ത്യയിലേക്ക് വന്നപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായി. യു.എസ്. വിദേശകാര്യവകുപ്പും ഊര്‍ജവകുപ്പും പലകാര്യങ്ങളിലും എതിര്‍പ്പുയര്‍ത്തിയിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ മൂല്യം കോണ്‍ഗ്രസ് മനസ്സിലാക്കാതെ പോയെന്നു താങ്കള്‍ കരുതുന്നുണ്ടോ

ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് അറിയാമല്ലോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ. അദ്ദേഹം പുറത്തുനിന്ന് വന്നയാളാണെന്ന തോന്നലുള്ള ഒരുപാടുപേര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും ഉണ്ടായിരുന്നു. കക്ഷിരാഷ്ട്രീയത്തിലെ ചില പഴയശീലങ്ങളുണ്ട്. അമേരിക്കക്കാര്‍ താത്പര്യപൂര്‍വം നമുക്ക് എന്തെങ്കിലും വെച്ചുനീട്ടിയാല്‍ അത് സ്വീകരിക്കുന്നത് അപകടകരമായിരിക്കും എന്ന ഒരു ചിന്താഗതിയാണ് അതിലൊന്ന്. കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പലരും ആണവക്കരാറിനെ എതിര്‍ത്തു. പ്രതിപക്ഷവും വലിയ എതിര്‍പ്പുയര്‍ത്തി. മന്‍മോഹന്‍ സിങ് ഒരു വലിയ വാഗ്മി ഒന്നുമായിരുന്നില്ല. അദ്ദേഹം ആണവക്കരാറിനുവേണ്ടി വാദിച്ച രീതി, അദ്ദേഹത്തിന്റെ ആത്മാര്‍ഥത വെളിപ്പെടുത്തുന്നതായിരുന്നു. യോഗത്തിന്റെ അന്തിമദിനം അദ്ദേഹത്തിന്റേതായിരുന്നു. യോഗത്തിന്റെ തുടക്കത്തില്‍ എല്ലാവരും കരാറിനെ എതിര്‍ത്തെങ്കിലും  അവസാനം 70 ശതമാനവും അനുകൂലിച്ചു.

പാകിസ്താനുമായുള്ള ബന്ധങ്ങള്‍ എങ്ങനെയായിരുന്നു.

മന്‍മോഹന്‍ സിങ് പാകിസ്താനില്‍ ജനിച്ചയാളാണ്. ഇന്ത്യയില്‍ ജനിച്ച മുഷറഫിനെപ്പോലെ. പാകിസ്താനുമായി നമുക്ക് മികച്ചബന്ധം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. അതിനാല്‍ ഞങ്ങളില്‍ പലരും ചെയ്യാത്ത ഇളവുകളെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. മോദി വ്യത്യസ്തനാണ്. മോദി എന്താണു പറയാന്‍ ആഗ്രഹിക്കുന്നത് അതാണ് അദ്ദേഹം ലോകത്തെ അറിയിക്കുന്നത്, അദ്ദേഹം ഒരു മികച്ച വാഗ്മിയാണ്, അദ്ദേഹത്തിന് ഉജ്ജ്വലമായ ഓര്‍മ ശക്തിയുമുണ്ട്. മാത്രമല്ല, താന്‍ എന്താണു പറയാന്‍ ആഗ്രഹിക്കുന്നതെന്ന കൃത്യമായ ബോധ്യവും അദ്ദേഹത്തിനുണ്ട്. ഇരുവരുടെയും പത്തുവര്‍ഷത്തെ ഭരണകാലം വൈരുധ്യങ്ങളുടെ നീണ്ടനിരതന്നെയാണ്.

ഖലിസ്താന്‍ വിഘടനവാദി നേതാവ് പന്നൂന്‍  കേസില്‍ അമേരിക്ക ഇന്ത്യയെ ചോദ്യംചെയ്യുന്നത് നാം കാണുന്നു. പൊടുന്നനെ ലോകവേദിയില്‍ നമുക്കല്പം അഭിമാനക്ഷതം സംഭവിക്കുന്നു. അധികാരത്തള്ളിച്ചയുടെ ഊന്നല്‍ നയതന്ത്രകാര്യങ്ങളില്‍  മാറ്റം ഉണ്ടാക്കിയോ

പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇന്ത്യയെ അനുകൂലിക്കുന്നതോ പ്രതികൂലിക്കുന്നതോ ആയ വിഭാഗങ്ങള്‍ യു.എസില്‍ എല്ലായ്പ്പോഴുമുണ്ട്. പന്നൂന്‍ വധശ്രമം,  നിജ്ജര്‍ വധം എന്നിവയുടെ പേരില്‍  യു.എസുമായും കാനഡയുമായുണ്ടായ നയതന്ത്രപ്രതിസന്ധി ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, ഇന്ത്യക്ക് ഇതില്‍ പങ്കുണ്ടോ എന്നകാര്യം ജൂറി പുറത്തുവിടുന്നതിന് മുമ്പുതന്നെ ഈ രണ്ട് കേസുകള്‍ക്കും പിന്നില്‍ ഇന്ത്യയാണെന്നു  വിശ്വസിക്കുന്ന പലരുമുണ്ട്. ഇന്ത്യക്ക് പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് വലിയദേഷ്യത്തിനുകാരണം.

ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ യഥാര്‍ഥജീവിതത്തിലെ ഹീറോ ആക്കാനുള്ള ശ്രമം ഇത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുന്നുണ്ടല്ലോ.  ചാരവൃത്തി വ്യവസായത്തിലെ ഒരു അവതാരമായാണ് ഡോവലിനെ കണക്കാക്കുന്നത്

അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനായിരുന്നു. എന്റെ പ്രിയപ്പെട്ട ഓഫീസര്‍മാരില്‍ ഒരാളും.  ഇന്ത്യയില്‍ നമുക്കുണ്ടായിരുന്ന ഏറ്റവുംമികച്ച സുരക്ഷാ ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം എന്നു ഞാന്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തെ എനിക്കറിയാം. അദ്ദേഹവുമായി ഇപ്പോഴും നല്ലസമവാക്യവും പുലര്‍ത്തുന്നു. യഥാര്‍ഥത്തിലുള്ള കാര്യം ഇതാണ്, ഒരു വിഷയമുണ്ടാകുമ്പോള്‍ 'ഡോവല്‍ തന്ത്രം' എന്ന നിഗമനത്തിലേക്ക് നിങ്ങള്‍ അതിനെ എത്തിക്കരുതെന്ന് ഞാന്‍ കരുതുന്നു. അതിനുപിന്നില്‍ അദ്ദേഹം ആയിരുന്നെങ്കില്‍ അതിങ്ങനെ ആകില്ല.  അതെനിക്ക് ഉറപ്പാണ്.  ഇത് ഇന്ത്യ കാലേക്കൂട്ടി ആസൂത്രണംചെയ്തു നടപ്പാക്കിയ ഓപ്പറേഷനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഇതൊക്കെ ഇതിനേക്കാള്‍ മികച്ചരീതിയില്‍ ചെയ്യാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്ത് വലിയൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്ന്  ജനങ്ങള്‍ പറയുന്നു. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്

വലിയ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാന്‍ നാം സജ്ജരാണ്. ലോകത്തെ പ്രധാന ഭീകരസംഘടനകളില്‍ പലതും ഇപ്പോള്‍ താറുമാറായ  അവസ്ഥയിലാണ്. അത് ഐ. എസ്സോ  അല്‍ഖായിദയോ മറ്റ് പാക് ഭീകരസംഘടനകളോ ഏതുമാകട്ടെ. മുംബൈയില്‍നടന്ന ഭീകരാക്രമണത്തേക്കാള്‍ കനത്തരീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അപ്പോള്‍ അത് ഭീകരപ്രവര്‍ത്തനങ്ങളുടെ അഭാവമല്ല. അവ പ്രതിരോധിക്കാന്‍ നമുക്കുമുകളില്‍ ഒരു പ്രത്യേകവ്യക്തിയോ ഒരുകൂട്ടം ആളുകളോ ഉണ്ടെന്നുള്ളതുകൊണ്ടാണ് നടക്കാതെപോകുന്നത്. ഒരു ഭീകരാക്രമണം നടന്നാല്‍ നാം കൂടുതല്‍ സജ്ജരാകും. മറ്റൊന്ന് രഹസ്യാന്വേഷണത്തിന്റെ കാര്യമാണ്. ചിലപ്പോള്‍ നമുക്ക് നല്ല ഉറവിടങ്ങളുണ്ടാകും, ചിലപ്പോള്‍ ഉണ്ടാകില്ല.

അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് മണിപ്പുരില്‍ പുകഞ്ഞ അഗ്‌നിപര്‍വതം ഇന്റലിജന്‍സ് കാണാതെപോയത്

സത്യംപറഞ്ഞാല്‍ എനിക്കറിയില്ല. ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ വസ്തുതകളെ എത്രനന്നായി വ്യാഖ്യാനിക്കാം എന്നതാണ് ഇന്റലിജന്‍സിന്റെ അടിസ്ഥാനം. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷമാണ് മറ്റൊരു ക്ലാസിക് ഉദാഹരണം. എല്ലാതരം ആക്രമണങ്ങളെയും ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും അത്യാധുനികരീതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇസ്രയേലാണ് നമുക്കുമുന്നിലുള്ളത്. എന്നാല്‍, ഹമാസിന് ഇസ്രയേലിനെ ആക്രമിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഹമാസിന് ഇസ്രായേലിനുമേല്‍ ആക്രമണം നടത്താന്‍ കഴിയില്ലെന്ന  ഉറച്ച അനുമാനമായിരുന്നു അതിനുകാരണം.  മണിപ്പുരിലും അതേ അവസ്ഥയുണ്ടായി.

കശ്മീരില്‍ സമാധാനം കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് സഹായിക്കുമോ

സുപ്രീംകോടതി വിധിക്കുശേഷം കശ്മീരിലെ സാഹചര്യം എന്താകുമെന്ന് ഒരു ഇന്ത്യക്കാരനെന്നനിലയില്‍ ഞാന്‍ ഭയപ്പെട്ടിരുന്നു. വിധിവന്ന് ഇതുവരെ കശ്മീരികള്‍ മുഖ്യധാരയുമായി അടുത്തിട്ടില്ല. സ്വാതന്ത്ര്യം ആഗ്രഹിച്ച കശ്മീരികളുടെ മനസ്സില്‍ വിശ്വാസം നേടിയെടുക്കാന്‍ നമ്മുടെ മുന്‍ഗാമികള്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു അവര്‍ക്കുള്ള പ്രത്യേകപദവി. മുന്‍സര്‍ക്കാരുകള്‍ക്ക് അവരുടെ വികാരത്തെ ജയിക്കാനായിരുന്നില്ല. റദ്ദാക്കിയെങ്കിലും ആര്‍ട്ടിക്കിള്‍ 370 അവരുടെ മനസ്സിലുണ്ട്. വിധിക്കും രാഷ്ട്രീയത്തിനുമപ്പുറം അവരെ തിരികെക്കൊണ്ടുവരാന്‍ അവരുടെ മനസ്സില്‍ വിശ്വാസം നേടിയെടുക്കണം. ആര്‍ട്ടിക്കിള്‍ 370 ഒരു പ്രത്യേക സാഹചര്യത്തിലുള്ള യാഥാര്‍ഥ്യമായിരുന്നു.

പ്രധാനമന്ത്രി എന്നനിലയില്‍ മോദിയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു

ഇന്ത്യയില്‍  മോദി വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് ഞാന്‍ കരുതുന്നു. സ്വാധീനവും ധാരണകളും തമ്മില്‍ വ്യത്യാസമുണ്ട്. ഗാന്ധിക്കോ നെഹ്റുവിനോ  ഉണ്ടായിരുന്ന സ്വാധീനവുമായി പലതരത്തില്‍ അതിനെ താരതമ്യപ്പെടുത്താവുന്നതാണെന്ന് ഞാന്‍ കരുതുന്നു. മന്‍മോഹന്‍ സിങ് ആ നിലവാരത്തില്‍ ഒരിടത്തും എത്തുന്നില്ല. അദ്ദേഹം  ചില നയങ്ങളിലാണ് സ്വാധീനംചെലുത്തിയത്. മന്‍മോഹന്‍ സിങ് ആരാണെന്ന് പലരോടും ചോദിച്ചാല്‍ അവര്‍ക്കറിയില്ലെന്നുറപ്പാണ്. എന്നാല്‍,  മോദി വളരെക്കാലം ഓര്‍മിക്കപ്പെടും. പലരും അദ്ദേഹത്തെ അഭിനന്ദിക്കാം, മറ്റുപലരും ശകാരിക്കാം. അത് വേറെ കാര്യം. എന്നാല്‍, അദ്ദേഹം സമര്‍ഥനാണ്.

വിപണിമൂല്യമുള്ള ഒരു നായകനെവെച്ച്‌ സിനിമയെടുക്കുന്നതുപോലെയാണ് ഇത് എന്ന്  കരുതുന്നില്ലേ

അതെ, ഒരുപക്ഷേ അത് വിറ്റഴിക്കപ്പെടുകയാണെങ്കിലോ. സിനിമയില്‍ എന്താണ് സംഭവിക്കുന്നത്. നിങ്ങള്‍ സിനിമ വില്‍ക്കുന്നു. അതില്‍ ഷാരൂഖുണ്ടെങ്കില്‍  നിങ്ങള്‍ ആ സിനിമ കാണും. അത് സംസാരവിഷയമാകും. അതിനാല്‍ അത് ഒരു മാതൃകയാണ്. എന്നാല്‍, നമ്മള്‍ ശീലിച്ച മാതൃക അതല്ല, അതിനോട് ഏറ്റവും അടുത്തെത്തിയത് ശരിക്കും ഇന്ദിരാഗാന്ധിയായിരുന്നു. പക്ഷേ, അവര്‍ ചരിത്രത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ശ്രമിച്ചില്ല. നെഹ്റുവിന്റെ മകളായിരുന്നതിനാല്‍ അവര്‍ക്ക് സ്വന്തം ഭൂതകാലത്തില്‍നിന്ന് മുക്തിനേടാനുമായില്ല.

മിസിസ് ഗാന്ധി ഒരു അസാധാരണവ്യക്തിയായിരുന്നു. അവരെ സാമാന്യം നന്നായി അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. അങ്ങനെനോക്കിയാല്‍ മോദി ഒരു പുതിയ മാതൃകയാണ്. നിലവില്‍, അദ്ദേഹം തീര്‍ച്ചയായും പലതരത്തിലും വിജയിയാണ്. ഒരിക്കല്‍ അദ്ദേഹം പടിയിറങ്ങിക്കഴിഞ്ഞാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷവും അതേപ്രഭാവം ശാശ്വതമായി അദ്ദേഹത്തിന് ഉണ്ടാകുമോ   എന്നൊന്നും എനിക്കറിയില്ല. അദ്ദേഹം സംസാരിക്കുന്നു, എല്ലാവരും അദ്ദേഹത്തെ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി ആരാണെന്ന് എനിക്കറിയില്ലെന്ന് ഇന്ത്യയിലെ ആര്‍ക്കും പറയാനാവില്ല. അതിനാല്‍, അദ്ദേഹം ഒരു 'പുതിയ മാതൃക' ഉണ്ടാക്കി എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യരാജ്യത്തിന് ഇത് നല്ലതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ

അതൊരു ആഴമേറിയ ചോദ്യമാണ്.  ജനാധിപത്യത്തിലെ പല തുടര്‍ച്ചകളും നാം കണ്ടിട്ടുള്ളതാണല്ലോ, അതിനാല്‍തന്നെ ഈ ചോദ്യത്തിന്  ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് രാഷ്ട്രീയത്തില്‍ വളരെ പ്രധാനമായ കാര്യമാണ്. കൂടാതെ എല്ലാവിധത്തിലും മോദി വിജയിയായി. 'ഛോട്ടാ ബച്ചാ'(ചെറിയ കുട്ടി)യെന്നു പറഞ്ഞ് നിങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയെ താഴെയിറക്കാം. മിസ്റ്റര്‍ രാഹുല്‍ഗാന്ധിക്ക് തന്റെ ചുമതലകളുണ്ട്.  പലരും മോശമായി പ്രചരിപ്പിച്ചതിനേക്കാള്‍ എത്രയോ മികച്ചതാണ് അദ്ദേഹത്തിന്റെ ചില ആശയങ്ങള്‍. എന്നാല്‍, ഒരര്‍ഥത്തില്‍ അദ്ദേഹം 'ഗോലിയാത്തി'നെ എതിര്‍ക്കുന്നു എന്നതാണ് പ്രധാനകാര്യം.

രാഹുലിന്റെ മുത്തശ്ശിയോടൊപ്പവും ജോലിചെയ്തിട്ടുള്ളതിനാല്‍ ചോദിക്കട്ടെ, താങ്കള്‍ക്ക്  രാഹുലില്‍ കാണാന്‍കഴിയാത്ത ഒരു കാര്യം എന്താണ്

അദ്ദേഹത്തിന് ഒരു നല്ല ടീം ഇല്ല. നോക്കൂ, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍  ആര്‍ക്കും ഒരുതരത്തിലും കഴിയില്ല. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഇത്തരമൊരു ടീം വര്‍ക്കാണ്. അവരുടെ  ടീം ദുര്‍ബലമാണെന്ന്  ഞാന്‍ കരുതുന്നു. അവര്‍ പദ്ധതികള്‍ വിശദമായി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

ജോഡോ യാത്ര ഒരു ഫലവും ചെയ്യില്ല എന്നാണോ

 അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുള്ളതായി എനിക്ക് തോന്നുന്നില്ല.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus