ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സുരേഷ് ഗോപി? നല്ല ഒന്നാന്തരം സ്ഥാനാര്‍ത്ഥി ആ സമയത്തുവരും. ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും തോല്‍പ്പിക്കും. അതില്‍ രണ്ടാം സ്ഥാനം ആര്‍ക്ക്, മൂന്നാം സ്ഥാനം ആര്‍ക്ക് എന്ന കാര്യത്തിലേ സംശയം ഉള്ളൂ എന്നാണ് ബിനോയ് വിശ്വം പറയുന്നത്. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാല് ലോക്‌സഭ സീറ്റുകളില്‍ മത്സരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. സെക്രട്ടറി എന്ന നിലയ്ക്ക് ഇത് എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് എതിരായി ആരെ ഇറക്കും.

സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളാന്‍ പ്രാപ്തനായ സ്ഥാനാര്‍ത്ഥി രംഗത്ത് ഉണ്ടാവും. തൃശ്ശൂരില്‍ സി.പി.ഐ. ജയിക്കുകയും ചെയ്യും. ആ കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. രാഷ്ട്രീയ ചലനങ്ങളെക്കുറിച്ച് അറിയാവുന്ന, സമൂഹത്തിന്റെ പള്‍സ് അറിയാവുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക്, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയ്ക്ക് ആ കാര്യത്തില്‍ എനിക്ക് സംശയമേ ഇല്ല. ആരെല്ലാം വന്നാലും എന്തെല്ലാം മാജിക് കളിച്ചാലും എന്തെല്ലാം ഗ്യാരണ്ടി പ്രവാഹം ഉണ്ടായാലും അതിനെ എല്ലാം തൃശ്ശൂരിലെ ജനങ്ങള്‍ തള്ളിപ്പറയും. സുരേഷ് ഗോപി സ്‌ക്രീനിലെ ആളാണ്, സ്‌ക്രീനിലെ ഡയലോഗ് കൊണ്ടൊന്നും കാര്യമില്ല. രാഷ്ട്രീയം എന്തെന്ന് അറിയുന്ന ആരും സുരേഷ് ഗോപിയെ ഗൗരവമുള്ള സ്ഥാനാര്‍ത്ഥിയായി കാണില്ല. സിനിമാ ഡയലോഗ് സ്‌റ്റൈലില്‍ അദ്ദേഹം ഒരു വട്ടം തൃശ്ശൂരില്‍ പയറ്റി, ഇങ്ങോട്ട് താ എന്ന് പറഞ്ഞിട്ട് ജനങ്ങള്‍ അദ്ദേഹത്തെ തോല്‍പ്പിച്ചു. രണ്ടാം വട്ടം വന്നിട്ട്  അസംബ്ലിയിലേക്ക് മത്സരിച്ചു, അപ്പോളും ജനങ്ങള്‍ പറഞ്ഞു സലാം. തൃശ്ശൂരിലെ ജനങ്ങള്‍ അത്ര നിസ്സാരക്കാരല്ല. രണ്ട് വട്ടം സുരേഷ് ഗോപിയെ തോല്‍പ്പിച്ചവരാണ് അവര്‍. എന്നിട്ടും തൃശ്ശൂര്‍ സീറ്റ് എന്ന് പറഞ്ഞാല്‍ അത് എന്തോ സുരേഷ് ഗോപിക്ക് വേണ്ടിയുള്ളതെന്നാണ് ചിലര്‍ പറയുന്നത്. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തൃശ്ശൂരില്‍ ഉണ്ട്. ആ സ്ഥാനാര്‍ത്ഥി ജയിക്കും.

അങ്ങനെയെങ്കില്‍ മത്സരം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലായിരിക്കും എന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത് എന്തുകൊണ്ട് ?

അത് കോണ്‍ഗ്രസിന്റെ പരാജയഭീതിയാണ്. കോണ്‍ഗ്രസിന്റെ പഴയ എം.പിയുടെ ഓരോ വാക്കിലും ആ പരാജയഭീതി ഉണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ ബി.ജെ.പിയും യു.ഡി.എഫും ഒരു പോലെ പരാജയഭീതിയിലാണ്. അത് മൂടി വെക്കാനുള്ള സര്‍ക്കസാണ് അവര്‍ കാണിക്കുന്നത്. ഞങ്ങള്‍ അതിര് കവിഞ്ഞ ഒരു കോപ്രായത്തിലേക്കും പോവുന്നില്ല. കോപ്രായം ഞങ്ങളുടെ വഴിയല്ല. ജനങ്ങളാണ് യജമാനന്‍മാര്‍. അവരെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് അവരിലേക്ക് എത്താനുള്ള എല്ലാ വഴികളും ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ ആ വഴിയിലാണ്. നല്ല ഒന്നാന്തരം സ്ഥാനാര്‍ത്ഥി ആ സമയത്ത് വരും. ആ സ്ഥാനാര്‍ത്ഥി ബി.ജെ.പിയെ തോല്‍പ്പിക്കും. കോണ്‍ഗ്രസിനെ തോല്‍പ്പിക്കും. രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും വേണ്ട മത്സരമേ അവിടെ ഉള്ളൂ. ഒന്നാം സ്ഥാനം എൽ.ഡി.എഫിനാണ് .

രാജ്യത്തിന് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ജയിക്കണമെന്ന്‌ ഞങ്ങള്‍ക്കറിയാം. എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാന്‍ വീണ്ടും പറയുന്നു, എല്‍.ഡി.എഫ് ജയിച്ചാലേ ഇന്ത്യാ സഖ്യം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ആളുണ്ടാവൂ. അത് ഞങ്ങളുടെ ബോധ്യമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു തൂക്ക് പാര്‍ലമെന്റ് ഉണ്ടായി എന്ന് സങ്കല്‍പ്പിക്കാം, ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതാവുകയും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ചെയ്താല്‍, ബി.ജെ.പി. വിരിക്കുന്ന വലയില്‍ ഏത് കോണ്‍ഗ്രസ്‌കാരനാണ് വീഴാത്തത്? പണം വാരിയെറിഞ്ഞാല്‍ ആ ചാക്കില്‍ കയറാത്തത്? ആ കോണ്‍ഗ്രസില്‍ നിന്ന് ആര് ജയിച്ചാലും ബി.ജെ.പി. വേണ്ടിവന്നാല്‍ റിസര്‍വ്ഡ് ഫോഴ്‌സ് ആയി അവിടെ അവര്‍ ഉണ്ടാവും. എന്നാല്‍ ജയിക്കുന്നത് എല്‍.ഡി.എഫ്. ആണെങ്കില്‍ ലോകത്ത് നിന്നുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഉണ്ടായാലും. എല്‍.ഡി.എഫില്‍ നിന്ന് ഒരാളും ബി.ജെ.പിക്ക് വേണ്ടി കൈ പൊക്കില്ല. ആ ഉറപ്പ് ഞങ്ങള്‍ക്ക് ഉണ്ട്. അതാണ് ഞങ്ങളുടെ ഗ്യാരണ്ടി.

placeholder
Suresh Gopi | File Photo: Mathrubhumi
സുരേഷ് ഗോപി | ഫയൽ ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍നിന്ന് ശശി തരൂരും ബി.ജെ.പിയില്‍നിന്ന് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായ ഒരാളും മത്സരിക്കുകയാണെങ്കില്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വം ആയിരിക്കുമോ?

പാര്‍ട്ടി സെക്രട്ടറി മത്സരിക്കാന്‍ പോകുന്നില്ല, പോകാന്‍ പാടില്ല. പാര്‍ട്ടി സെക്രട്ടറി ഈ പോരാട്ടത്തെ കോര്‍ത്തിണക്കി നയിക്കേണ്ട സഖാവാണ്. അയാള്‍ മത്സരിക്കാന്‍ പോയാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ പങ്ക് നിര്‍വഹിക്കാന്‍ കഴിയില്ല. അതാണ് മുഖ്യം. മത്സരങ്ങളോ സ്ഥാനമാനങ്ങളോ അല്ല പാര്‍ട്ടി സെക്രട്ടറിഷിപ്പാണ് മുഖ്യം. ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ ചുമതല അതാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടത് മുന്നണി തയ്യാറായി കഴിഞ്ഞോ? നിലവിലെ പ്രവര്‍ത്തനശൈലി വെച്ച് കോണ്‍ഗ്രസ് ശക്തമായ എതിരാളി ആണെന്ന് തോന്നുന്നുണ്ടോ?

നിങ്ങള്‍ കാണുന്നില്ലേ കോണ്‍ഗ്രസിന്റെ അവസ്ഥ, എന്താ കോണ്‍ഗ്രസിന്റെ അവസ്ഥ? അതൊരു ഡിവൈഡഡ് ഹൗസ് ആണ്. ഒരു വലിയ സമരം നടക്കുകയാണ് ആ പാര്‍ട്ടിക്ക് അകത്ത്. ഒന്നും രാഷ്ട്രീയമല്ല. വ്യക്തിപരമായ, വ്യക്തിനിഷ്ഠമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മോഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും വേണ്ടി സ്വന്തം പാര്‍ട്ടിക്കകത്ത് കലാപം കൂട്ടുന്ന കോണ്‍ഗ്രസ്, ഗൗരവമുള്ള ഒരു രാഷ്ട്രീയ പോരാട്ടത്തിലും ഒരു പങ്കും വഹിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. ആ സത്യം നമ്മുടെ മുന്നിലുണ്ട്. അതിനെയാണ്‌ ബി.ജെ.പി. കാണുന്നത്. പക്ഷെ, ഒരു കാര്യം കേരളത്തില്‍ ഞാന്‍ ഉറപ്പായിട്ട് പറയുന്നു ബി.ജെ.പി. അവിടേയും ഇവിടേയും ഉയര്‍ത്തുന്ന വെല്ലുവിളിക്ക് ഇന്നത്തെ കോണ്‍ഗ്രസ് ഒരു പരിഹാരം അല്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ അല്ല മത്സരിക്കേണ്ടത്, ഉത്തരേന്ത്യയില്‍ ആണെന്ന് താങ്കള്‍ ഉള്‍പ്പടെ ഉള്ളവര്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധിയെ ഉത്തരേന്ത്യയില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ചെടുക്കാന്‍ ഉള്ള സംഘടനാ ശേഷി കോണ്‍ഗ്രസിനും  മത്സരിച്ച് ജയിക്കാന്‍ ഉള്ള നേതൃപാടവം രാഹുല്‍ ഗാന്ധിക്കും ഉണ്ടോ? എങ്ങനെ വിലയിരുത്തുന്നു?

രാഹുല്‍ ഗാന്ധിയെ പ്രതീക്ഷയോടെ കാണുന്ന ഇന്ത്യക്കാരില്‍ ഒരാളാണ് ഞാന്‍. അത് ഞാന്‍ മറച്ച് വെക്കുന്നില്ല, രാഹുല്‍ ഗാന്ധിക്ക് പരിമിതികളുണ്ട്. അദ്ദേഹം സീസണ്‍ഡ് ആയ രാഷ്ട്രീയക്കാരന്‍ ഒന്നും അല്ല. പക്ഷേ രാഹുല്‍ ഗാന്ധിക്ക് ഒരു ഉദ്ദേശ്യശുദ്ധിയുണ്ട്. ചില വിഷയങ്ങളില്‍ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ അടിമയായിട്ട് കോണ്‍ഗ്രസ് നേതൃത്വം മാറിക്കൂട എന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസുകാരില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയും ആര്‍.എസ്.എസ്സും ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ബോധ്യമുള്ള ഒരാളാണ് രാഹുല്‍ ഗാന്ധി. അതെല്ലാം രാഹുല്‍ ഗാന്ധിയെ പ്രതീക്ഷയുള്ള ഒരാളാക്കി മാറ്റുന്നു. ആ രാഹുല്‍ ഗാന്ധി വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് ഉത്തരേന്ത്യയില്‍ അല്ലേ, അതാണ് ഈ സമരത്തിന്റെ കേന്ദ്രസ്ഥലം. ഇരുപത് എം.പിമാരെ അയക്കുന്ന കേരളമല്ല ഈ സമരത്തിന്റെ കേന്ദ്രം.

ഉത്തരേന്ത്യയാണ് ഈ പോരാട്ടത്തിന്റെ ജയവും പരാജയവും ആത്യന്തികമായി തീരുമാനിക്കുന്നത്. ആ ഉത്തരേന്ത്യയില്‍ മത്സരിക്കാന്‍ ഭയപ്പെട്ടുകൊണ്ടോ വിസമ്മതിച്ചുകൊണ്ടോ കോണ്‍ഗ്രസിലെ ഏറ്റവും വലിയ പടത്തലവന്‍ ആ കളം ഒഴിഞ്ഞ് തെക്കേ ഇന്ത്യയിലേക്ക് ഓടി വന്ന്, ഒറ്റ ബി.ജെ.പിക്കാരന്‍ പോലും ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഇവിടെ മത്സരിക്കാന്‍ പോകുമ്പോള്‍ ഒരു ചോദ്യം ഉണ്ടായി വരും. അത് കാണേണ്ട ബാധ്യത കോണ്‍ഗ്രസിന് ഇല്ലേ? ഇവിടുത്തെ പ്രശ്‌നം എന്താ? കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ വിസ്ഡം ഇസ് അറ്റ് സ്റ്റേക്ക്. അതാണ് ചോദ്യചിഹ്നം ആവുന്നത്. പോരാട്ടത്തിന്റെ പ്രധാന വേദി ഉത്തരേന്ത്യ ആണെന്ന് മനസ്സിലാക്കാന്‍ കോണ്‍ഗ്രസിനാവുന്നുണ്ടോ എന്നത് ഒരു ചോദ്യം, കോണ്‍ഗ്രസിന് ഈ പോരാട്ടത്തിലെ മുഖ്യ എതിരാളി ഇടതുപക്ഷമാണോ ആര്‍.എസ്.എസ് ആണോ എന്നത് രണ്ടാമത്തെ ചോദ്യം. ഈ രണ്ട് ചോദ്യത്തിനും ഉത്തരം പറയാന്‍ ഉള്ള കഴിവാണ് ചോദ്യം ചെയ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നാല്‍ സര്‍വശേഷിയും ഉപയോഗിച്ച് ഞങ്ങള്‍ ഫൈറ്റ് ചെയ്യും. അതില്‍ സംശയം ഇല്ല. ഞങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുന്നില്ല. പക്ഷെ ലോജിക്കലായിട്ടും സെന്‍സിബിള്‍ ആയിട്ടും ഐഡിയോളജിക്കല്‍ ആയിട്ടും ചിന്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയാതെ പോവുന്നു. ഇത് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായുള്ള വിമര്‍ശമല്ല.

placeholder
Rahul Gandhi | PTI
രാഹുൽ ഗാന്ധി | Photo: PTI

അതിനുള്ള സംഘടനാശേഷി കോണ്‍ഗ്രസിന് വേണ്ടേ?

കോണ്‍ഗ്രസിന്റെ കഴിവിനെകുറിച്ചുള്ള ചോദ്യമാണ് അത്. ഇന്ത്യാ സഖ്യത്തിലെ എല്ലാവരേയും കൂട്ടിയിണക്കി ഇത് ഒരു വലിയ സമരമാണെന്നും ഉത്തരേന്ത്യയിലെ സീറ്റിലെല്ലാം ഒരു വണ്‍ടു വണ്‍ ഫൈറ്റാക്കി ഇതിനെ മാറ്റാനും കോണ്‍ഗ്രസിന് രാഷ്ട്രീയ ധാരണ ഉണ്ടെങ്കില്‍, അങ്ങനെ വന്നാല്‍, ഒന്നല്ല നിരവധി സീറ്റുകള്‍ വിജയിക്കാന്‍ പറ്റും. കോണ്‍ഗ്രസിനല്ല, കോണ്‍ഗ്രസ് അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന്. അവിടെ കോണ്‍ഗ്രസിന്റെ മാത്രം കഴിവല്ല, ഇന്ത്യാ സഖ്യത്തിന്റെ ഐക്യത്തിന്റെ മികവാണ് അപ്പോള്‍ പ്രസക്തമാകുന്നത്. അതിന് പറ്റിയ എത്രയോ സീറ്റുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയം ആകെ മാറി വരുന്നു. മോദി അജയ്യനാണ്‌ എന്നൊരു പ്രതീതി ഉണ്ടാക്കുന്നുണ്ട്, പ്രചരണ കോലാഹലങ്ങളിലൂടെ. അത് പ്രചരണം കോലാഹലം മാത്രമാണ്, സോപ്പ് കുമിളയാണ്. ഈ മോദി തരംഗത്തെ ഇല്ലാതാക്കാന്‍ പറ്റുമെന്ന് ബോധ്യമുള്ള ഒരു ജനതയെ നമുക്ക് ഉറപ്പാക്കാന്‍ പറ്റിയാല്‍, ഉറപ്പാക്കാന്‍ പറ്റും ഇപ്പോള്‍, ഇന്ത്യാ സഖ്യത്തെ രാഷ്ട്രീയത്തെ ആശയത്തെ ഐക്യബോധ്യത്തെ ഫലപ്രദമായി മുന്നോട്ട് നയിക്കാന്‍ പറ്റിയാല്‍ ജനങ്ങള്‍ക്കത് ബോധ്യപ്പെടും. ജനങ്ങളെ ആ വഴിക്ക് നയിക്കലാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അങ്ങനെ പറ്റിയാല്‍ ഒന്നും ഒന്നും രണ്ടല്ല,  പത്തോ പതിനഞ്ചോ ഒക്കെയാവും. തീര്‍ച്ചയായിട്ടും പറ്റും, മോദിയെ പരാജയപ്പെടുത്താന്‍ പറ്റും. ഇപ്പോള്‍ തന്നെ മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, രാജസ്ഥാനില്‍ അതിന്റെ പാഠം എന്താണ്? അതിന്റെ പാഠം ഇന്ത്യാ സഖ്യത്തിന്റെ കരുത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍ക്കൊണ്ടിരുന്നു എങ്കില്‍ മധ്യപ്രദേശില്‍ ബി.ജെ.പി വരില്ലായിരുന്നു.

കോണ്‍ഗ്രസ് അത് ഉള്‍ക്കൊണ്ടില്ലെന്ന് വിമര്‍ശനം ഉണ്ടോ?

കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടിട്ടില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഇന്ത്യാ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളേയും കൂട്ടി ഇണക്കിക്കൊണ്ട് ന്യായമായ ഒരു ഐക്യത്തിന് കോണ്‍ഗ്രസ് തയ്യാറായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ബി.ജെ.പിയുടെ വരവിനെ തടയാന്‍ പറ്റുമായിരുന്നു. അത് രാഷ്ട്രീയത്തിലെ ഒരു മൗലിക പാഠമാണ്. ആ പാഠം അറിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണ്, അവരിങ്ങനെ തപ്പിത്തടയുകയാണ്. വ്യക്തിപരമായ, ആത്മനിഷ്ഠമായ, രാഷ്ട്രീയ വ്യാമോഹം കൊണ്ട്, നിലാവത്തെ കോഴിയെപോലെ നടക്കുകയാണ് കോണ്‍ഗ്രസ്. നിലാവത്തെ കോഴിയുടെ കാര്യമല്ല രാഷ്ട്രീയം. ഇത് വ്യക്തതയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ആണ്. അത് കോണ്‍ഗ്രസ് മനസ്സിലാക്കണം

കോണ്‍ഗ്രസ് ഇപ്പോളും ഒരു ലഗസി തലയില്‍ പേറി കൊണ്ട് നടക്കുകയാണ് എന്ന് തോന്നുണ്ടോ?

തഴമ്പ് എന്നും ഉണ്ടാവില്ല. ഉപ്പൂപ്പാക്ക് ആന ഉണ്ടായിരുന്നു, അത് കൊണ്ട് തഴമ്പ് ഉണ്ടാവുമോ? ആനയും പോയി ഉപ്പൂപ്പായും പോയി എല്ലാം പോയി. കോണ്‍ഗ്രസ് തറയില്‍ കിടക്കുകയാണ്. ആ കോണ്‍ഗ്രസിനെ പിടിച്ച് എഴുന്നേല്‍പ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത് ഈ ജോഡോ യാത്രയൊക്കെ വഴി. പക്ഷെ എന്നാലും ചിലര്‍ എന്നെ പിടിക്കണ്ട ഞാന്‍ ഇവിടേയേ കിടക്കൂ എന്ന്, അത് മാറ്റിയെടുക്കാന്‍ പറ്റണം. വളരെ കുറച്ചേ ഉള്ളൂ, എങ്കിലും സമയം ഉണ്ട്, കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയ കര്‍ത്തവ്യത്തെ പറ്റി തിരിച്ചറിയേണ്ട ഘട്ടം ആയിരിക്കുന്നു

അങ്ങനെ ഒരു തിരിച്ചറിവ് കോണ്‍ഗ്രസിന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?

എനിക്കറിയില്ല, കോണ്‍ഗ്രസിന് ഉണ്ടായാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറ്റും. എന്‍.ഡി.എയെ തോല്‍പ്പിക്കാന്‍ പറ്റും. ഇവിടെ കോണ്‍ഗ്രസ് ഉത്കണ്ഠപെടേണ്ട. കേരളത്തില്‍ ആ സമരത്തില്‍ കോണ്‍ഗ്രസിന് ഒരു റോളും ഇല്ല. ഇവിടെ ആ സമരം നയിക്കാന്‍ എല്‍.ഡി.എഫ്. ഉണ്ട്. ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. ഞങ്ങള്‍ ആ പോരാട്ടം ജയിക്കുകയും ചെയ്യും. പക്ഷെ കേരളം അല്ല ഇന്ത്യ. അത് ഞങ്ങള്‍ക്കറിയാം. കേരളത്തില്‍ കോണ്‍ഗ്രസ് ഇങ്ങനെ ഒക്കെ ആയിക്കോട്ടെ ഞങ്ങള്‍ക്ക് കുഴപ്പം ഇല്ല. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുഗതിയെ ബാധിക്കാന്‍ പോകുന്ന കാര്യമല്ല. അതിന് ഇവിടെ എല്‍.ഡി.എഫ്. ഉണ്ട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍. ചിന്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അതറിയാം.

സി.പി.ഐയുടെ മുന്‍കാല നേതാക്കളെല്ലാം സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളേയും ഭരണത്തിലെ പോരായ്മകളേയും എല്ലാം വിമര്‍ശിച്ചുകൊണ്ട് തന്നെ മുന്നോട്ട് നടന്നവരാണ് താങ്കളും ആ പാത തന്നെ പിന്തുടരുമോ?

സി.പി.ഐ. എന്നത് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ വേണ്ടി ജനിച്ച പാര്‍ട്ടിയാണ് എന്നത് ഒരു മാധ്യമ നരേറ്റീവ് ആണ്. അല്ലാതെ വലിയ കഴമ്പ് ഉള്ള കാര്യമല്ല. എന്നാല്‍ അതിനര്‍ഥം വിമര്‍ശിക്കില്ല എന്നല്ല. സി.പി.ഐക്ക് നല്ല രാഷ്ട്രീയം ഉണ്ട്. എന്റെ മുന്നേ കടന്ന് പോയവര്‍ക്കും ആ രാഷ്ട്രീയം ഉണ്ട്. ഞാന്‍ അവരുടെ പിന്‍ഗാമിയാണ്. ഞങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കാതലായ ധര്‍മ്മം എന്താണെന്നും ഞങ്ങളുടെ ധര്‍മ്മം എന്താണെന്നും നന്നായി അറിയാം. ആ ധര്‍മ്മം എന്ന് പറയുന്നത് മുഖ്യശത്രുവായി നില്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ ഉള്ള സഖ്യം ഉണ്ടാക്കലാണ്. ആ സഖ്യത്തില്‍ ഞങ്ങളുടെ ഏറ്റവും അടുത്ത സമരസഖാവ് എക്കാലത്തും സി.പി.എം. ആണെന്നും സി.പി.ഐക്ക് അറിയാം. ഇതാണ് കുറച്ച് പേര്‍ക്കെങ്കിലും അറിയാതെ പോയത്. എന്നാല്‍ അതിന്റെ അര്‍ഥം ഞങ്ങള്‍ മിണ്ടില്ല എന്നല്ല. മിണ്ടേണ്ട ഘട്ടം വന്നാല്‍ മിണ്ടേണ്ട വേദികള്‍ ഉണ്ട്. സി.പി.ഐക്കും സി.പി.എമ്മിനും തമ്മില്‍ കാണാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ട്. ഒരു ഫോണ്‍ കോളില്‍ തന്നെ അത് ചെയ്യാന്‍ പറ്റും.

placeholder
A photograph taken during Nava Kerala Sadas programme in Malappuram. I Photo: MBI
മലപ്പുറത്ത് നടന്ന നവകേരള സദസിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

 
നവകേരള സദസ്സിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും എങ്ങനെ വിലയിരുത്തുന്നു?

സി.പി.ഐ. സെക്രട്ടറി മുഖ്യമന്ത്രിയെ എല്‍.ഡി.എഫിന്റെ ലക്ഷ്യബോധ്യമുള്ള ശക്തനായ നേതാവായും ഈ ഐക്യത്തിന്റെ യഥാര്‍ത്ത മൂല്യങ്ങളെ സൂക്ഷിക്കുന്ന നേതാവായും അങ്ങോട്ട് ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കാന്‍ മനസ്സുള്ള വ്യക്തിയായുമാണ് കാണുന്നത്. അദ്ദേഹത്തിന് വ്യക്തിപരമായോ, രാഷ്ട്രീയപരമായോ കേള്‍ക്കാന്‍ താത്പര്യം ഇല്ലാത്ത കാര്യം പറയാന്‍ ചെന്നാലും അത് കേള്‍ക്കാന്‍ മനസ്സുള്ള നേതാവാണ് അദ്ദേഹം. നവകേരള യാത്ര എന്ന് പറയുന്നത് കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റം ആയിരുന്നു. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തി അവരെ കാണാനും കേള്‍ക്കാനും പതിനായിരങ്ങള്‍ തടിച്ചുകൂടി. അവരെ കണ്ടു, കേട്ടു, പിന്തുണച്ചു. അങ്ങനെ നോക്കിയാല്‍ നവകേരള സദസ്സുകള്‍ വലിയ രാഷ്ട്രീയ ക്യാമ്പയിനുകള്‍ ആയി മാറി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അനീതിയെ പറ്റി, എല്ലാ സ്ഥലങ്ങളിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റിയ വലിയൊരു ക്ലാസായിരുന്നു അത്. നവകേരള സദസ്സ് ഞങ്ങളുടെ പൂര്‍ണ പിന്തുണ ഉള്ള ഒരു പരിപാടി ആയിരുന്നു. അതിനോട് നൂറ് ശതമാനം യോജിപ്പാണ്.

പത്തനംതിട്ടയില്‍ എന്താണ് സി.പി.ഐയുടെ പ്രശ്‌നം, കെ.ഇ. ഇസ്മായിലിനെ പോലെ ഉള്ളവര്‍ എന്തുകൊണ്ട് നിരന്തരം തഴയപ്പെടുന്നു?

പത്തനംതിട്ടയിലെ പ്രശ്‌നം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഉണ്ടാവാന്‍ പാടില്ലാത്ത ചില പ്രവണതകള്‍ ഉണ്ടായി എന്നതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നേതാവിന്റെ പാര്‍ട്ടിയല്ല. അതില്‍ ജനാധിപത്യം ഉണ്ട്. മറ്റ് ഏത് പാര്‍ട്ടിയേക്കാള്‍ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം അതിന് ഉണ്ട്. ഒരു വിമര്‍ശനം പാര്‍ട്ടിക്കകത്ത് വന്നു. ഒരുപാട് നേരത്തെ വന്നതാണ്, പാര്‍ട്ടി അതിനെ പറ്റി അന്വേഷിച്ചു. ഒരു അന്വേഷണ കമ്മീഷനെ വച്ചു. അവര്‍ ഒരു റിപ്പോര്‍ട്ട് തന്നു.  ആരോപിക്കപ്പെട്ട പല കാര്യങ്ങളിലും കഴമ്പ് ഉണ്ടെന്ന് കണ്ടെത്തി. അതിന്റെ വെളിച്ചത്തില്‍ പാര്‍ട്ടിക്ക് ബന്ധപ്പെട്ട സഖാവിനെ കേള്‍ക്കേണ്ട കടമയുണ്ട്. ആ സഖാവിനെ കേട്ടു. അതിന് ശേഷം പാര്‍ട്ടി ഒരു നടപടി എടുത്തു. ആ നടപടി ബന്ധപ്പെട്ട സഖാവിനെ ഇല്ലാതാക്കാന്‍ വേണ്ടിയല്ല. ഒരു പാളിച്ച പറ്റിയപ്പോള്‍ തിരുത്താന്‍ ശ്രമിച്ചതാണ്. ആ തിരുത്തല്‍ പാര്‍ട്ടിക്കകത്ത് വേണം. അനുഭവസമ്പത്ത് ഏറെ ഉള്ള ആ സഖാവ് ആ നടപടിയെ ആ സെന്‍സില്‍ കാണും എന്നാണ് എന്റെ വിശ്വാസം. പാര്‍ട്ടിയുടെ അച്ചടക്കത്തിനും വികാരത്തിനും വിധേയനായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ട്, സംശുദ്ധമായ പ്രവര്‍ത്തനത്തിന്റെ മികവുകൊണ്ട് ആ തെറ്റുകള്‍ തിരുത്തി അദ്ദേഹം രംഗത്ത് വന്നാല്‍ പാര്‍ട്ടി തീര്‍ച്ചയായും ഇരു കൈയ്യും നീട്ടി ആ സഖാവിനെ സ്വാഗതം ചെയ്യും.

ഇസ്മയില്‍ എന്ന സഖാവ് ഞങ്ങളുടെ നേതാവാണ്, അദ്ദേഹം തഴയപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ഒരു തീരുമാനം ഉണ്ടായി. അത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ആണ്. പാര്‍ട്ടിക്കകത്ത് യുവത്വം കൂടുതല്‍ ഉണ്ടാവണം. ഇന്നത്തെ ഭാരമേറിയ സംഘടനാ ദൗത്യങ്ങള്‍, സംഘടനാ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ടിക്ക് കുറച്ചുകൂടി പ്രവര്‍ത്തനശേഷി വേണം. അതുകൊണ്ട് കുറച്ചുകൂടി പുതിയ ആളുകള്‍ എല്ലാ സമിതികളിലും വേണമെന്ന ചിന്ത പാര്‍ട്ടിക്കകത്ത് ഉണ്ടായി. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത ശേഷം തീരുമാനിച്ചത് പ്രായപരിധി വേണം എന്നാണ്. ആ പ്രായപരിധി അംഗീകരിച്ചു. അത് പ്രകാരം കുറച്ച് സഖാക്കള്‍ക്ക് അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സമിതികളില്‍ അംഗത്വം ഇല്ലാതായി. അതുകൊണ്ട് അവരാരും നിസ്സാരക്കാരല്ല. കെ.ഇ. ഇസ്മായില്‍ എന്ന സഖാവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവഗണിക്കാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ഘടകം നോക്കിയാണോ അദ്ദേഹത്തിന്റെ സ്ഥാനം? അത് അദ്ദേഹത്തിന് ബോധ്യമാകും എന്നാണ് എന്റെ വിശ്വാസം. അത് ബോധ്യമായാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ തരത്തിലും അദ്ദേഹത്തെ ആദരിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ഇടതുമുന്നണി നേടും?

ഉറപ്പായും ഇരുപത് സീറ്റുകള്‍ നേടും. ഞാന്‍ പറഞ്ഞല്ലോ കോണ്‍ഗ്രസ് ഒരു സീരിയസ് എതിരാളി പോലും ആവുന്നില്ല, അതുപോലും അല്ല കോണ്‍ഗ്രസ്. ഇത്രയും ഗൗരവകരമായ ഒരു സമരം നടക്കുമ്പോള്‍ തെക്ക് വടക്കു നടക്കുകയാണ് അതിലെ ആളുകള്‍. കേരളത്തിലെ കോണ്‍ഗ്രസിനെപ്പറ്റി എല്ലാവര്‍ക്കും അറിയാം. അതിന്റെ ദേശീയ നേതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം എന്നാണ് ഞാന്‍ കരുതുന്നത്.