മോദിക്കെതിരെ നീങ്ങാൻ കോൺഗ്രസിന് താൽപര്യം ഉണ്ടായിരുന്നില്ല- ആർ.ബി. ശ്രീകുമാർ


കെ.എ. ജോണി

വർഗീയതയ്ക്കെതിരെ അന്നുമിന്നും കോൺഗ്രസിന് ഒരു പൊളിറ്റിക്കൽ കൗണ്ടർ അജണ്ട ഇല്ല. കോൺഗ്രസിനുള്ളിലെ ആർ.എസ്.എസ്. ലോബി ഇതിന് സമ്മതിക്കില്ല.

ആർ.ബി. ശ്രീകുമാർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ|മാതൃഭൂമി

ഗുജറാത്ത് കലാപം അടുത്തു നിന്ന് കണ്ട ഒരാൾ മാത്രമല്ല ആർ.ബി. ശ്രീകുമാർ. കലാപത്തിന് കാരണക്കാരെന്ന് താൻ വിശ്വസിക്കുന്നവർക്കെതിരെ സുധീരമായ നിലപാടെടുക്കുകയും അതിനായുള്ള നിയമ പോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഒരു മാദ്ധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണം എന്ന നിലയ്ക്ക് കൂടി പ്രസക്തമാവുന്ന ഈ അഭിമുഖത്തിന്റെ വിശദരൂപം മാതൂഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

താങ്കളുടെ പുസ്തകത്തിലെ ഒരു സുപ്രധാന അദ്ധ്യായം ഗുജറാത്ത് കലാപം അന്വേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമി(SIT)നെ കുറിച്ചാണ്. ഡോ. ആർ.കെ. രാഘവന്റെ നേതൃത്വത്തിലുള്ള ഈ അന്വേഷണ സംഘത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് താങ്കൾ ഉൾപ്പെടെ പലർക്കും ഉണ്ടായിരുന്നത്. ഈ പ്രതീക്ഷകളത്രയും കരിഞ്ഞുപോയതിനെ കുറിച്ചാണ് താങ്കളുടെ പുസ്തകത്തിലെ ഒരദ്ധ്യായം. എങ്ങിനെയാണ് എസ്.ഐ.ടിയുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടെത്?

ആർ.കെ. രാഘവനെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം ആദ്യമേ വ്യക്തമാക്കേണ്ടതുണ്ട്. ഏത് പ്രതിസന്ധിയിൽനിന്നും കരകയറാൻ അദ്ദേഹത്തിനൊരു പ്രത്യേക മിടുക്കുണ്ട്.

ഇങ്ങനെ പറയാൻ എന്താണ് കാരണം?

തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ 1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാഘവനായിരുന്നു അവിടെ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്നത്. രാജിവിനെ ബെൽറ്റ് ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ധനു എന്ന തേന്മൊഴി രാജേന്ദ്രൻ രാജീവിന് അടുത്തെത്തുന്നതിന് മുമ്പ് രണ്ടോ മൂന്നോ മെറ്റൽ ഡിറ്റക്റ്ററുകൾ കടക്കുന്നുണ്ട്. ഈ മെറ്റൽ ഡിറ്റക്റ്ററുകൾ ബെൽ്റ്റ് ബോംബ് കണ്ടുപിടിക്കാതിരുന്നത് എന്തു കൊണ്ടാണെന്നതിന് രാഘവനാണ് ഉത്തരം പറയേണ്ടത്. പക്ഷേ, ധനുവിനെ അകത്തേക്ക് പ്രവേശിപ്പിച്ചത് രാജീവിന്റെ നിർബ്ബന്ധപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് രാഘവൻ ചെയ്തത്. ധനുവിനെ കടത്തിവിടാൻ രാജിവ് നിർദ്ദേശിച്ചിട്ടുണ്ടാവാം. പക്ഷേ, അങ്ങിനെ കടന്നുവരുന്നവരെ കൃത്യമായി പരിശോധിക്കേണ്ടത് സുരക്ഷാ വിഭാഗത്തിന്റെ ചുമതലയായിരുന്നു.

രാജീവിന്റെ സുരക്ഷയിലുണ്ടായ ഈ വീഴ്ചകളും അതിൽ രാഘവനുണ്ടായിരുന്ന പങ്കും കോൺഗ്രസ് നേതൃത്വം അറിഞ്ഞിരുന്നില്ലേ? ഇത്തരം വീഴ്ചകൾ വരുത്തിയ ഒരു പോലിസ് ഓഫീസറെ ഗുജറാത്ത് കലാപം അന്വേഷിക്കാൻ നിയോഗിക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എയുടെ ഭരണകാലത്തല്ലേ?

കോൺഗ്രസ് നേതൃത്വം ഗുജറാത്ത് കലാപത്തെക്കുറിച്ച് അത്രയധികമൊന്നും ആശങ്കാകുലരായിരുന്നില്ല. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വർഗീയ അജണ്ടകൾ നേരിടുന്നതിൽ കോൺഗ്രസ് വൻ പരാജയമായിരുന്നു.

സത്യസന്ധനും കാര്യപ്രാപ്തിയുമുള്ള ഒരു ഓഫീസർ എന്ന നിലയ്ക്കാണ് ഡോ. രാഘവൻ എസ്.ഐ.ടി. തലവനായി വരുന്നത്. പക്ഷേ, ഗുജറാത്തിലെത്തി അധികം കഴിയും മുമ്പ് തന്നെ അദ്ദേഹത്തിന്റെ നിലപാടുകൾ മാറിമറിഞ്ഞത് എന്തുകൊണ്ടാണ്?

2008 മാർച്ചിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് രാഘവൻ എസ്.ഐ.ടി. തലവനായി ഗുജറാത്ത് കലാപം അന്വേഷണം തുടങ്ങുന്നത്. അദ്ദേഹം വരുമ്പോൾ എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്. മൂന്ന് വർഷം മുമ്പ് 2005 മെയ് ആറിന് ഫ്രണ്ട്ലൈനിൽ എഴുതിയ ഒരുലേഖനത്തിൽ രാഘവൻ എന്നെക്കുറിച്ച് വളരെ നല്ല വാക്കുകൾ പറഞ്ഞിരുന്നു. ''Sreekumar has dared to take on the big fish, I am not sure what awaits him. I would watch with interest what happens to Sreekumar's petition. If he succeeds , it would be a matter of celebration, because in the context of Gujarat, it would be tantamount to an endorsement of integrity and fearlenssess. If he fails , it will send a wrong signal to all those young officers, who are confused over how they should conduct themselves vis- a- vis politicians.'' ഇതെഴുതിയ രാഘവനാണ് കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞാൻ സമർപ്പിച്ച തെളിവുകൾ നിഷ്‌കരുണം തള്ളിക്കളഞ്ഞത്. എങ്ങിനെയാണ് ഇത്തരത്തിലൊരു മനംമാറ്റം അദ്ദേഹത്തിന് ഉണ്ടായതെന്നത് വലിയൊരു ചോദ്യമാണ്.
അദ്ദേഹം ഗുജറാത്തിലേക്കെത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 'ശ്രീകുമാർ, ഇനിയിങ്ങനെ എന്നെ ബന്ധപ്പെടരുത്. നിങ്ങൾക്കാവശ്യമുണ്ടെങ്കിൽ എന്നെ കാണാം. എന്നാലും നമ്മൾ തമ്മിൽ ഇങ്ങനെ ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത്.'' ഈ വാക്കുകൾ കേട്ടപ്പോഴേ എന്തോ ഒരു വശപ്പിശകുണ്ടല്ലോ എന്നെനിക്ക് തോന്നി. തമിഴ്നാട്ടിൽ നിന്നുള്ള ഒരു ആർ.എസ്.എസ്. സൈദ്ധാന്തികനും പിന്നീട് ആന്ധ്രയിൽ ഗവർണ്ണറായ ഒരു ഐ.പി.എസ്. ഓഫീസറും വഴിയാണ് രാഘവനെ ബി.ജെ.പിയും ഗുജറാത്ത് സർക്കാരും സ്വാധീനിച്ചത് എന്നാണ് പിന്നീട് ഞാൻ മനസ്സിലാക്കിയത്.

ആദ്യ ഭാഗം: ഗോധ്ര തീപ്പിടിത്തം നടക്കുമ്പോൾ യു.പിയിൽനിന്നുള്ള പോലീസുകാർ ട്രെയിനിൽ ഉണ്ടായിരുന്നു: ആർ.ബി. ശ്രീകുമാർ

അവസാന ഭാഗം: ഞാൻ ഉപനിഷദ് ഹിന്ദുവാണ്, മരിക്കാൻ പേടിയില്ല- ആർ.ബി. ശ്രീകുമാർ

നാഷണൽ പോലീസ് അക്കാദമിയിൽ മികച്ച കാഡെറ്റിനുള്ള പുരസ്‌കാരം ആർ.ബി. ശ്രീകുമാർ സ്വീകരിക്കുന്നു | ഫോട്ടോ: ആർ.ബി. ശ്രീകുമാറിന്റെ ശേഖരത്തിൽനിന്ന്‌

ഹിന്ദുത്വ ബ്രിഗേഡിന്റെ ഇടപെടൽ ഇവിടെയുണ്ടായി എന്നാണോ താങ്കൾ അർത്ഥമാക്കുന്നത്?

അതെ, ബ്രാഹ്‌മണിക്കൽ ലോബിയുടെ ഇടപെടലാണിത്. ആർ.എസ്.എസിന്റെ അജണ്ടകൾ കൃത്യമായി നിശ്ചയിക്കുന്നത് ഈ ബ്രാഹ്‌മണിക്കൽ ലോബിയാണ്. മോദിയുടെ വളർച്ചയ്ക്ക് പിന്നിൽ ഈ ലോബിയുടെ പങ്ക് നിർണ്ണായകമാണ്. ഹിന്ദുമതവുമായി ഈ ഹിന്ദുത്വയ്ക്ക് ഒരു ബന്ധവുമില്ല. വാസ്തവത്തിൽ ഹിന്ദുവിരുദ്ധ തത്വശാസ്ത്രമാണ് ഹിന്ദുത്വ. രാഘവൻ ഈ ലോബിയുടെ ഭാഗമായി കഴിഞ്ഞുവെന്ന് പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങൾ തെളിയിച്ചു. അതിനുള്ള പ്രത്യുപകാരം രാഘവന് കിട്ടുകയും ചെയ്തു. 2017-ൽ മോദി സർക്കാർ അദ്ദേഹത്തെ സൈപ്രസിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എസ്.ഐ.ടിയുടെ അന്വേഷണത്തിൽ അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടി കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രീയുടെ ഭാര്യ സാകിയ ജഫ്രി കൊടുത്ത കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇത്തരമൊരു നടപടിക്ക് മോദി സർക്കാർ തയ്യാറായതെന്നത് ശ്രദ്ധേയമാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മകഥയിൽ രാഘവൻ പറയുന്ന ഒരു കാര്യം ഇവിടെ എടുത്തുകാണിക്കേണ്ടതായുണ്ട്. He says that his investigation of Gujarat riots 2002 had paved the way indirectly for the arrival of the strongest prime minister India has ever had, or possibly will ever have(A Road Well Travelled). ഇദ്ദേഹം എസ്.ഐ.ടി. തലവനായത് കോൺഗ്രസ് സർക്കാരിന് സംഭവിച്ച വീഴ്ചയാണ്.

ആത്മാവില്ലാത്ത മതേതരത്വമാണ് കോൺഗ്രസിന്റേതെന്ന് താങ്കൾ ഈ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തിന് ശേഷം രണ്ട് കൊല്ലത്തിനിപ്പുറം കോൺഗ്രസ് സർക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. പക്ഷേ, ഹിന്ദുത്വ പദ്ധതിയുടെ വലിയൊരു പരീക്ഷണമായിരുന്ന ഗുജറാത്ത് കലപാത്തിലെ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിൽ യു.പി.എ. സർക്കാർ പരാജയപ്പെട്ടുവെന്ന് താങ്കൾ പറയുന്നുണ്ട്?

കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഒരു സി.ബി.ഐ. ഓഫീസറെ നൽകുമോ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് അവർ ഒരു മറുപടി പോലും നൽകിയില്ല. 2004-ൽ അധികാരം കിട്ടിയത് കോൺഗ്രസിനെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

സോണിയ ഗാന്ധി അധികാരം വേണ്ടെന്ന് വെച്ച പരിസരത്തിൽ ഒരു ആക്സിഡന്റൽ പി.എം. ആയാണ് മൻമോഹൻ സിങ് വരുന്നത്. അദ്ദേഹം ഒരു പൊളിറ്റിക്കൽ ലീഡറായിരുന്നില്ല?

അതെ. മൻമോഹൻ സിങ് എക്സ്റ്റൻഡഡ് ബ്യൂറൊക്രാറ്റ് ആയിരുന്നു. മുകളിലുള്ള പൊളിറ്റിക്കൽ മാസ്റ്റേഴ്സ് പറയുന്നത് ചെയ്യുകയാണ് നമ്മുടെ മിക്കവാറും ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഗുജറാത്ത് കലാപത്തിൽ ഇത്തരം ഉദ്യോഗസ്ഥർ ചെയ്ത അതിക്രമങ്ങൾ ഞാൻ എന്റെ പുസ്തകത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

യു.പി.എയുടെ തലപ്പത്ത് രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തി എത്തിയതാണ് ഗുജറാത്ത് കലാപം ആഴത്തിൽ അന്വേഷിക്കുന്നതിൽനിന്നു കേന്ദ്ര സർക്കാരിനെ തടഞ്ഞതിലെ മുഖ്യകാരണം എന്നാണോ താങ്കൾ സൂചിപ്പിക്കുന്നത്?

മൻമോഹൻ സിങ്ങിന് കോൺഗ്രസിന്റെ ലെഗസി കൃത്യമായി അറിയുമായിരുന്നില്ല. വർഗീയതയോട് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് പിടിയുണ്ടായിരുന്നില്ല. ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട് മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ പകർപ്പ് രാഹുൽ ഗാന്ധി പാർലമെന്റിലെ ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ കീറിയെറിഞ്ഞത് ഓർക്കുന്നില്ലേ? മന്ത്രിസഭ അംഗീകരിച്ച്, പ്രധാനമന്ത്രി പ്രഖ്യാപിച്ച നിയമമാണ് പരസ്യമായി രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്. ആത്മാഭിമാനമുണ്ടെങ്കിൽ അന്ന് മൻമോഹൻ സിങ് രാജിവെയ്ക്കണമായിരുന്നു. മൻമോഹൻ സിങിന്റെ അതോറിറ്റിയാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടത്. ഭരണഘടന ഭരണഘടനയാവുന്നത് അത് കൈകാര്യം ചെയ്യാനറിയാവുന്ന എക്സിക്യൂട്ടിവ് അധികാരത്തിലിരിക്കുമ്പോഴാണെന്നാണ് ബി.ആർ. അംബദ്കർ പറഞ്ഞിട്ടുള്ളത് വെറുതെയല്ല. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച റാഷനൽ നേതാക്കളിൽ അഗ്രഗണ്യനായിരുന്നു അംബദ്കർ. അദ്ദേഹത്തെ പരിവർത്തനം ചെയ്യിക്കാൻ പല സെമിറ്റിക് മതങ്ങളും ശ്രമിച്ചിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് ഒരു റാഷനലിസ്റ്റിക് മതമായ ബുദ്ധമതമാണെന്നും നമ്മൾ മറക്കുരുത്. ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല രണ്ട് പുസ്തകങ്ങൾ അംബദ്കറിന്റെ 'ജാതിയുടെ ഉന്മൂലനവും ' ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും' എന്നീ കൃതികളാണ്. അംബദ്കറിന്റെയൊക്കെ വെളിച്ചത്തിൽ കൂടിയാണ് ഞാൻ ഒരു ഉപനിഷദ് ഹിന്ദുവായതും ഭഗവത്ഗീത ഹിന്ദു ആകാതിരുന്നതും.

യു.പി.എ. അധികാരത്തിലിരുന്നപ്പോൾ എപ്പോഴെങ്കിലും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയോ മറ്റേതെങ്കിലും ക്യാബിനറ്റ് മന്ത്രിമാരെയോ കണ്ടിരുന്നോ? ഗുജറാത്ത് കലാപത്തിൽ മോദി സർക്കാരിനെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കിയ ഒരാളെന്ന നിലയിൽ താങ്കളെ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചിരുന്നിരിക്കണം. അതുകൊണ്ട് കൂടിയാണ് ഈ ചോദ്യം ചോദിക്കുന്നത്?

മണിശങ്കർ അയ്യർ ശ്രദ്ധിച്ചിരുന്നുവെന്ന് തോന്നുന്നു. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയപ്പോൾ ഒരു കോപ്പി ഞാൻ അദ്ദേഹത്തിന് കൊടുത്തിരുന്നു. നിങ്ങളെക്കുറിച്ച് ഇത്രയും പുകഴ്ത്തിപ്പറഞ്ഞ രാഘവൻ നിങ്ങളുടെ തെളിവുകൾ മുഴുവൻ തമസ്‌കരിച്ചു കളഞ്ഞല്ലോ എന്നദ്ദേഹം എന്നോട് ചോദിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഐ.എ.എസ്. ഓഫീസർമാർ ഇത്തരം തെളിവുകൾ ഹാജരാക്കാതിരുന്നതെന്നും അദ്ദേ ഹം ചോദിച്ചു. സിവിൽ സർവ്വീസ് പരീക്ഷയിൽ കൂടുതൽ മാർക്ക് കിട്ടുന്ന ബുദ്ധിമാന്മാരാണ് ഐ.എ.എസുകാരാവുന്നതെന്നും കുഴപ്പങ്ങളിൽ ചെന്നു ചാടാതിരിക്കാനുള്ള ബുദ്ധി അവർക്കുണ്ടെന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അതാസ്വദിച്ച് ചിരിച്ചു.

വിജയലക്ഷ്മി പണ്ഡിറ്റിനൊപ്പം ആർ.ബി. ശ്രീകുമാർ | ഫോട്ടോ: ആർ.ബി. ശ്രീകുമാറിന്റെ ശേഖരത്തിൽനിന്ന്‌

ഗുജറാത്ത് കലാപം കൃത്യമായി അന്വേഷിക്കുന്നതിനുള്ള അവസരം കോൺഗ്രസ് സർക്കാർ കളഞ്ഞുകുളിച്ചു. അതുപോലെ തന്നയല്ലേ ഗുജറാത്ത് മന്ത്രിയായിരുന്ന ഹരെൻ പാണ്ഡ്യയുടെ വധവും ശരിയായി അന്വേഷിക്കപ്പെടാതെ പോയത്? മോദിക്കെതിരെ ഹരെൻ പാണ്ഡ്യ ജസ്റ്റിസ് കൃഷണയ്യരുടെ നേതൃത്വത്തിലുള്ള പൗരാവകാശ കമ്മീഷന് മൊഴി കൊടുത്തിരുന്നുവെന്നതും ഓർക്കേണ്ടതല്ലേ?

തീർച്ചയായും. ഗുജറാത്ത് കലാപം നടക്കുമ്പോൾ ഹരെൻ പാണ്ഡ്യ റവന്യു മന്ത്രിയായിരുന്നു.

ഹരെൻ പാണ്ഡ്യയുമായി താങ്കൾ സംസാരിച്ചിട്ടുണ്ടോ?

ഉണ്ട്. പലവട്ടം സംസാരിച്ചിട്ടുണ്ട്. കൃഷ്ണയ്യരെ കാണാൻ പാണ്ഡ്യ പോയിരുന്നുവെന്ന വിവരം ചോർന്നപ്പോൾ അന്ന് മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.കെ. മിശ്ര (മോദി കേന്ദ്രത്തിലേക്ക് പോയപ്പോൾ മിശ്രയും കൂടെപ്പോയി) എന്നെ വിളിച്ചിട്ട് ഈ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ വേണമെന്ന് പറഞ്ഞു. പാണ്ഡ്യയും കൃഷ്ണയ്യരുമായി കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്നും അവർ തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. അപ്പോൾ ഇത് എഴുതിത്തരാമോ എന്ന് മിശ്ര ചോദിച്ചു. അത് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എഴുതിക്കൊടുത്തിരുന്നെങ്കിൽ അതുവെച്ച് പാണ്ഡ്യയെ ബി.ജെ.പിയിൽനിന്ന് പുറത്താക്കാനായിരുന്നു മോദിയുടെ പദ്ധതി.

ഹരെൻ പാണ്ഡ്യയുമായി താങ്കൾ എപ്പോഴാണ് സംസാരിച്ചത്?

2002 സെപ്റ്റംബറിൽ എന്നെ ഇന്റലിജൻസ് വിങ്ങിൽനിന്ന് മാറ്റിയപ്പോൾ പാണ്ഡ്യ എന്നെ വിളിച്ചിരുന്നു. മോദിയുടെ ജന്മദിനം സെപ്റ്റംബർ 17 ആണ്. അന്നാണ് എന്നെ അപ്രധാനമായൊരു വകുപ്പിലേക്ക് മാറ്റിയത്. മോദിയുടെ ജന്മദിനത്തിൽ ശ്രീകുമാറിന് അവാർഡ് എന്ന തലക്കെട്ടിലാണ് അന്ന് ദേശാഭിമാനി ഈ വാർത്ത നൽകിയത്. കൃഷ്ണയ്യരുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് മോദി ചോദിച്ചിരുന്നോ എന്നാണ് പാണ്ഡ്യ അന്വേഷിച്ചത്. മോദിയല്ല, അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി മിശ്രയാണ് ചോദിച്ചതെന്ന് ഞാൻ മറുപടി പറഞ്ഞു. വാക്കാലാണ് പറഞ്ഞതെന്നും രേഖാമൂലം ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. രാജേന്ദ്ര സിങ് റാണെയാണ് അന്ന് ബി.ജെ.പിയുടെ ഗുജറാത്ത് ഘടകം പ്രസിഡന്റ്. രേഖാമൂലം തനിക്കെതിരെ ഒന്നും കൊടുത്തിട്ടില്ലെന്ന് റാണെയോട് പറയാമോ എന്ന് പാണ്ഡ്യ ചോദിച്ചു. റാണെയെ എനിക്ക് വളരെ നേരത്തെ അറിയാം. പറയാമെന്ന് ഞാൻ പറഞ്ഞപ്പോൾ റാണെയെ പാണ്ഡ്യ ടെലിഫോണിൽ വിളിച്ചു. ഞാൻ റാണെയോട് ഇക്കാര്യം പറയുകയും ചെയ്തു. അപ്പോൾ റാണെയാണ് എന്നോട് പറഞ്ഞത് ഇന്റലിജൻസ് വിങ് സർക്കാരിന് പാണ്ഡ്യയ്ക്കെതിരെ റിപ്പോർട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ പാണ്ഡ്യയ്ക്കെതിരെ അച്ചടക്കനടപടി എടുക്കാനായിരുന്നു മോദിയുടെയും കൂട്ടരുടെയും നീക്കമെന്ന്.

ഹരെൻ പാണ്ഡ്യയും മോദിയും തമ്മിൽ തെറ്റാൻ കാരണമെന്തായിരുന്നു?

2001-ൽ കേശുഭായ് പട്ടേലിനെ മാറ്റി ബി.ജെ.പി. മോദിയെ ഗുജറാത്തിൽ മുഖ്യമന്ത്രിയാക്കിയപ്പോൾ മോദിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ ഒരു മണ്ഡലം വേണമായിരുന്നു. അന്ന് ഹരെൻ പാണ്ഡ്യയുടെ മണ്ഡലമായിരുന്ന എല്ലിസ്ബ്രിഡ്ജിലിയിരുന്നു മോദിയുടെ കണ്ണ്. കാരണം അത് ബി.ജെ.പിയുടെ കോട്ടയായിരുന്നു. പക്ഷേ, പാണ്ഡ്യ അതിന് സമ്മതിച്ചില്ല. ഒടുവിൽ രാജ്കോട്ടിലെ വജുഭായ്‌വാല എം.എൽ.എയാണ് സീറ്റ് ഒഴിഞ്ഞുകൊടുത്തത്. മോദി പ്രധാനമന്ത്രിയായപ്പോൾ ഈ വജുഭായ്‌വാലയെ കർണ്ണാടകത്തിൽ ഗവർണറാക്കി. തനിക്ക് ഉപകാരം ചെയ്തവരെയും തന്നോട് ഉടക്കിയവരെയും മോദി ഒരു കാലത്തും മറക്കില്ല. മാത്രമല്ല, ഹരെൻ പാണ്ഡ്യ ഗുജറാത്ത് രാഷ്ട്രീയത്തിൽ ഉയർന്നുവന്നുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനായ നേതാവ് കൂടിയായിരുന്നു. ചിലപ്പോൾ പാണ്ഡ്യയിൽ ഭവിയിലെ ഒരു വെല്ലുവിളി മോദി കണ്ടിരിക്കാം. ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദിയുടെ മെന്റർ എന്ന് വിശേഷിപ്പിക്കാവുന്ന ശങ്കർ സിങ് വഖേലയെ മോദി കൈകാര്യം ചെയ്തത് എങ്ങിനെയാണെന്നത് ചരിത്രമാണ്.

ഹരെൻ പാണ്ഡ്യ എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് താങ്കളോട് പറഞ്ഞിരുന്നോ?

ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, മോദിയും കൂട്ടരും തനിക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദിവസവും രാവിലെ പ്രഭാതനടത്തത്തിന് പോകുന്ന പതിവ് പാണ്ഡ്യയ്ക്കുണ്ടായിരുന്നു. സ്വയം വണ്ടിയോടിച്ചാണ് അദ്ദേഹം ഇവിടേക്ക് വരാറ്. കൊല്ലപ്പെട്ട ദിവസവും അദ്ദേഹം ഇങ്ങനെതന്നെയാണ് പാർക്കിലേക്ക് വന്നത്. നാലോളം വെടിയുണ്ടകൾ ഏറ്റാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, അത്രയും രക്തമൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കാലിൽ പ്രഭാതനടത്തത്തിന് ഉപയോഗിക്കുന്ന ഷൂ ഉണ്ടായിരുന്നില്ല. വേറെ എവിടെയോ വെച്ച് കൊന്നിട്ട് പാണ്ഡ്യയെ പാർക്കിൽ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാറിലിടുകയായിരുന്നു എന്നാണ് ചില ആക്റ്റിവിസ്റ്റുകൾ പറയുന്നത്. ഈ പാർക്കിന്റെ സമിപത്തായി പച്ചക്കറി വിൽക്കുന്ന കടകളുണ്ടായിരുന്നു. പാണ്ഡ്യയുടെ കൊല നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ക്രൈംബ്രാഞ്ചുകാർ ഇവരെ ഇവിടെ നിന്നൊഴിപ്പിച്ചു. പാണ്ഡ്യയുടെ വധത്തിന് ദൃക്സാക്ഷികൾ ഇല്ലാതിരിക്കാനായിരുന്നു ഈ നീക്കമെന്ന് പിന്നീട് ആരോപണമുണ്ടായി. കേരളത്തിൽ ഡി.ജിപി. ആയിരുന്ന ലോകനാഥ് ബെഹ്റയാണ് ഈ കേസിൽ സി.ബി.ഐ. അന്വേഷണം നയിച്ചത്. ഹരെൻ പാണ്ഡ്യയുടെ ഭാര്യ ജാഗൃതി പാണ്ഡ്യ ഒരു ദിവസം എന്നെ വിളിച്ചു. സി.ബി.ഐ. സംഘം ജാഗൃതിയെ കണ്ടപ്പോൾ എന്റെ മൊഴിയെടുക്കുമെന്ന് അവരോട് പറഞ്ഞിരുന്നു. ഗുജറാത്ത് കലാപത്തിൽ സംസ്ഥാന സർക്കാരിനെതിരെ മൊഴി കൊടുത്ത പോലിസ് ഓഫീസർ എന്ന നിലയ്ക്ക് ഈ കേസിലും എനിക്ക് എന്തെങ്കിലും പറയാനുണ്ടായിരിക്കുമെന്നാണ് സി.ബി.ഐ. അവരോട് പറഞ്ഞത്. പക്ഷേ, ഒരു സി.ബി.ഐ. സംഘവും എന്റെ അടുത്തു വന്നില്ല. ബെഹ്റയെ എനിക്ക് കേരളത്തിൽനിന്നേ അറിയാമായിരുന്നു. പക്ഷേ, ഒരിക്കൽ പോലും പാണഡ്യയുടെ വധവുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. ഇക്കാര്യം ഞാൻ ജാഗൃതിയോട് പറയുകയും ചെയ്തു.

ഹരെൻ പാണ്ഡ്യ വധത്തിൽ സി.ബി.ഐയുടെ കണ്ടെത്തൽ എന്തായിരുന്നു?

മുസ്ലിം തീവ്രവാദികളാണ് വധത്തിന് പിന്നിലെന്നാണ് അവർ പറഞ്ഞത്. ചിലരെ അവർ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുക്തി സൂഫിയൻ എന്ന ഗാങ്സ്റ്ററാണ് ഇത് ആസൂത്രണം ചെയ്തതെന്നും അവർ പറഞ്ഞു. വധത്തിന് ശേഷം മുക്തി സൂഫിയൻ ബംഗ്ളാദേശിലേക്ക് കടന്നുകളഞ്ഞെന്നായിരുന്നു പോലിസിന്റെ റിപ്പോർട്ട്. ഇയാൾ പോലിസിന്റെ നിരീക്ഷണത്തിൽ ഉള്ളയാളായിരുന്നു. മുക്തി സൂഫിയനും കാമുകിയും കൂടി ബംഗ്ളാദേശിലേക്ക് പോയെന്നാണ് പോലിസ് പറഞ്ഞത്. പോലിസ് സർവൈലൻസിലായിരുന്ന ഒരാളാണ് ഇങ്ങനെ കടന്നുകളഞ്ഞതെന്ന് ഓർക്കണം. ഇതിനിടയിൽ വേറൊരു കാര്യം കൂടി പറയേണ്ടതായുണ്ട്. ആ ദിവസങ്ങളിൽ ഗുജറാത്ത് ചീഫ് സെക്രട്ടറി സുബ്ബറാവു ഡി.ജി.പി. ചക്രവർത്തിയോട് ചില മുസ്ലിം ഗ്രൂപ്പുകൾ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും അവരെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു. ഡി.ജി.പി. ഇതെന്നോട് പറഞ്ഞു. അതു കഴിഞ്ഞ് അഹമ്മദാബാദിൽ ഒരു സംഭവമുണ്ടായി. ലഞ്ച് ബോക്സിൽ ബോംബ് വെച്ചതിനെത്തുടർന്നുണ്ടായ സ്ഫോടനങ്ങളിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

അതിനിടയിലാണ് അഹമ്മദാബാദിലെ ഒരു പ്രശസ്തമായ ഉത്സവം വന്നത്. രഥയാത്രയായിരുന്നു അതിലെ പ്രധാന അനുഷ്ഠാനം. രഥയാത്രയ്ക്ക് സംരക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ്സെക്രട്ടറി ഒരു യോഗം വിളിച്ചു. അതിന് ശേഷം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചിട്ട് രഥയാത്രയ്ക്കിടെ ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ അവരെ തീർത്തേക്കണമെന്ന് പറഞ്ഞു. Eliminate them എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അനുസരിക്കാനാവില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇതൊരു അന്യായമായ ഉത്തരവാണെന്നും ഈ ഉത്തരവ് പാലിക്കാനാവില്ലെന്നുമാണ് ഞാൻ ചീഫ് സെക്രട്ടറിയോട് പറഞ്ഞത്. ഇതെല്ലാം ഞാൻ എന്റെ മൂന്നാമത്തെ സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ആയിടയ്ക്ക് ഗുജറാത്തിൽ നടന്ന 17 ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കാൻ ജസ്റ്റിസ് ബേദിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ സുപ്രീം കോടതി നിയമിച്ചിരുന്നു. ആ കമ്മീഷനോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു.

ഗുജറാത്ത് കലാപമായാലും ഹരെൻ പാണ്ഡ്യ വധമായാലും ശരിക്കുമൊരു അന്വേഷണം നടത്താൻ 2004-ൽ അധികാരത്തിൽ വന്ന യു.പി.എ. സർക്കാരിന് കഴിഞ്ഞില്ലെന്നും അന്നതിന് അവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊരു വിധത്തിലാകുമായിരുന്നു എന്നും താങ്കൾ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്?

കോൺഗ്രസ് സർക്കാരിന്റെ പിടിപ്പകേടുകൊണ്ട് ഉണ്ടായതാണിത്. കോൺഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല. ഇന്ത്യയിൽ രണ്ടു തരം വർഗീയവാദികളാണുള്ളത്. ഒന്ന് പ്രത്യക്ഷത്തിൽ തന്നെ വർഗീയത പറയുന്നവർ. ബി.ജെ.പി. ഈ ഗണത്തിലുള്ളതാണ്. രണ്ട് അവസരോചിതമായി വർഗീയത പുലർത്തുന്നവർ- കോൺഗ്രസ് ഈ വിഭാഗത്തിലാണ് പെടുക. ഹിന്ദു വർഗീയവാദികളെയും മുസ്ലിം വർഗീയവാദികളെയും ഒരു പോലെ പ്രീണിപ്പിക്കുകയാണ് പലപ്പോഴും കോൺഗ്രസ് ചെയ്തിട്ടുള്ളത്.

സമാജ്‌വാദി പാർട്ടിയുടെ കപട മതേതരത്വത്തെയും താങ്കൾ വിമർശിക്കുന്നുണ്ട്. 2002-ൽ ഗോദ്ര സംഭവത്തിന്റെ ഉള്ളുകള്ളികൾ പുറത്തുകൊണ്ടുവരാൻ അന്ന് യു.പി. ഭരിച്ചിരുന്ന മുലായം സിങ് സർക്കാരിനും കഴിയുമായിരുന്നു എന്നാണ് താങ്കൾ എഴുതുന്നത്. ഗോദ്ര തീപിടിത്തത്തിന് സാക്ഷികളായിരുന്ന യു.പി. പോലീസിന്റെ റിപ്പോർട്ട് പുറത്തുവിടാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് താങ്കൾ ഈ വിമർശം ഉന്നയിക്കുന്നത്?

മുലായം സിങ്ങിന്റെ പാർട്ടി ഒന്നും ചെയ്തില്ല. വർഗീയതയെ ഊട്ടിയുറപ്പിക്കുന്ന നടപടികളാണ് ഇവരുടെയൊക്കെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രഥമ യു.പി.എ. സർക്കാരിൽ പ്രതിരോധമന്ത്രി ആയിരുന്ന എ.കെ. ആന്റണിക്കും ആഭ്യന്തരമന്ത്രി ആയിരുന്ന സുശിൽകുമാർ ഷിൻഡെയ്ക്കും ഞാൻ കത്തെഴുതിയിരുന്നു. അവരാരും തന്നെ ഗുജറാത്ത് കലാപം അന്വേഷിക്കുന്നതിൽ ഒരൗത്സുക്യവും കാണിച്ചില്ല. ഇവരുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെഴുതി. കത്ത് കിട്ടിയെന്നും കത്തിന്മേൽ നടപടി ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും പകർപ്പ് അയച്ചിട്ടുണ്ടെന്നും കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു മറുപടി വന്നു. പക്ഷേ, തുടർന്നും ഒരു നടപടിയുമുണ്ടായില്ല.

ആർ.ബി. ശ്രീകുമാർ, ടീസ്ത സെതൽവാദ്, മുഹമ്മദ് സുബൈർ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നവർ

എ.കെ. ആന്റണിയെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിരുന്നോ?

ഇല്ല, ഈ സമയത്ത് കണ്ടിരുന്നില്ല.

താങ്കൾ പുസ്തകത്തിൽ വ്യക്തമാക്കുന്നത് ഈ വിഷയത്തിൽ ആകെ താൽപര്യമെടുത്തത് അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണെന്നാണ്?

മുല്ലപ്പള്ളി രാമചന്ദ്രൻ

അതെ. മുല്ലപ്പള്ളിക്ക് ശരിക്കും താൽപര്യമുണ്ടായിരുന്നു. അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞത് ആരും ഇതിൽ താൽപര്യമെടുക്കുന്നില്ല എന്നാണ്. ഐ.ബിയുടെ റിപ്പോർട്ട് എനിക്കെതിരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്റെ ഫോൺ ടാപ്പ് ചെയ്യപ്പെട്ടേക്കാമെന്ന് അറിയമായിരുന്നതുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ ഫോണിൽ നിന്നല്ല വിളിച്ചത്. ഇപ്പോൾ നമ്മൾ സംസാരിക്കുമ്പോഴും എന്റെ ഈ സംഭാഷണങ്ങൾ ടാപ്പ് ചെയ്പ്പെടുന്നുണ്ടാവാം. അന്ന് ഓസ്‌കർ ഫെർണാണ്ടസും ഗുജറാത്തിലെ കോൺഗ്രസ് പ്രസിഡന്റ് അർജുൻ മോട്ടുവാലിയയും എന്നെ വന്നു കണ്ടിരുന്നു. ഗുജറാത്ത് കലാപത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് വലിയ താൽപര്യമില്ലെന്നാണ് ഈ നേതാക്കൾ പറഞ്ഞത്. മോദിയുമായി ഒരു സംഘർഷം കോൺഗ്രസ് നേതൃത്വം ഇഷ്ടപ്പെടുന്നില്ല എന്നാണ് അവർ വ്യക്തമാക്കിയത്.
രണ്ടാം ലോകയുദ്ധത്തിന് ശേഷം മ്യൂണിച്ച് ഉടമ്പടിയുണ്ടായപ്പോൾ ചർച്ചിൽ പറഞ്ഞതാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. ഒരു മുതലയെ നിങ്ങൾ തീറ്റിപ്പോറ്റിയാൽ അത് പിന്നീടൊരിക്കലും നിങ്ങളെ ആക്രമിക്കില്ലെന്ന് കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢിത്തമാണെന്നാണ് ചർച്ചിൽ പറഞ്ഞത്. കോൺഗ്രസുകാരാണ് ബി.ജെ.പി. എന്ന വർഗീയമുതലയ്ക്ക് തീറ്റ കൊടുത്തത്. ഇപ്പോൾ അതിന്റെ ഫലമാണ് അവർ അനുഭവിക്കുന്നത്. കോൺഗ്രസിൽ ആകെ ഉമ്മൻചാണ്ടി മാത്രമാണ് ഒരിക്കൽ ഗുജറാത്തിൽ വന്നപ്പോൾ എന്നെ കണ്ടത്. അന്നദ്ദേഹം എനിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തു. റിട്ടയർമെന്റിന് ശേഷം ഗുജറാത്തിൽ ജിവിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും കേരളത്തിൽ ഒരു കോർപറേഷൻ ചെയർമാനായാൽ പദവിയിൽ വലിയ കാര്യമില്ലെങ്കിലും ജീവനിൽ പേടികൂടാതെ താമസിക്കാമെന്നുമാണ് ഉമ്മൻചാണ്ടി പറഞ്ഞത്. അപ്പോൾ തന്നെ സംസ്ഥാന സർക്കാരുമായി എനിക്ക് ഒന്ന് രണ്ട് കേസുണ്ടായിരുന്നതിനാൽ ആ ഓഫർ ഞാൻ നിരസിച്ചു. ഞാൻ യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും ഗുജറാത്ത് വിട്ടുപോരാനാവില്ലെന്നുമാണ് ഞാൻ ഉമ്മൻചാണ്ടിയോട് പറഞ്ഞത്. സത്യത്തിന് വേണ്ടി നിലകൊള്ളുന്നതിൽ അഭിനന്ദിക്കുന്നുവെന്നും എന്നാൽ തുടർന്നും ഗുജറാത്തിൽ താമസിക്കുമ്പോൾ കരുതലെടുക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കേന്ദ്രത്തിൽ സർവ്വിസിലുണ്ടായിരുന്ന എന്റെ പല സഹപ്രപവർത്തകരും കോൺഗ്രസ് നേതാക്കളെയും മന്ത്രിമാരെയും നേരിട്ടു കാണണമെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ അവരോട് പറഞ്ഞത് വേണമെങ്കിൽ ഗുരുവായൂരിൽ പോയി കുളിച്ച് തൊഴുത് ഗുരുവായൂരപ്പനെ കാണാമെന്നും അല്ലാതെ മന്ത്രിമാരെയും നേതാക്കന്മാരെയും കണാൻ ഞാനില്ലെന്നുമാണ്.

മൻമോഹൻ സിങ്ങിന് പകരം എസ്. ചന്ദ്രശേഖറിനെപ്പോലൊരാളാണ് പ്രധാനമന്ത്രിയായിരുന്നതെങ്കിൽ ഗുജറാത്ത് കലാപത്തിന്റെ സത്യാവസ്ഥ പുറത്തുവരുമായിരുന്നോ?

തീർച്ചയായും. ചന്ദ്രശേഖർ അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഡൽഹിയിൽ തമിഴർക്കെതിരെ കലാപമുണ്ടാവാതിരുന്നതിന്റെ പ്രധാന കാരണം അന്ന് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖർ എടുത്ത നടപടികളാണ്. അദ്ദേഹം ഡൽഹിയിൽ കലാപ സാദ്ധ്യതയുള്ള ഇടങ്ങളിൽ പട്ടാളത്തിനെ ഇറക്കി. അന്ന് ഐ.ബിയിലായിരുന്നതുകൊണ്ട് ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. അന്നെന്റെ വീട്ടിൽ സഹായത്തിന് ഒരു തമിഴ് സ്ത്രീയുണ്ടായിരുന്നു. ആ ദിവസങ്ങളിൽ പുറത്തുപോകാൻ അവർക്ക് പേടിയായിരുന്നു. പക്ഷേ, ഒരു പ്രശ്നവുമുണ്ടായില്ല. മൂന്നാം നാൾ പുറത്തുപോയതിന് ശേഷം അവർ പറഞ്ഞത് ഒരിടത്തും ഒരു കുഴപ്പവുമില്ലെന്നാണ്. വർഗീയതയ്ക്കെതിരെ അന്നുമിന്നും കോൺഗ്രസിന് ഒരു പൊളിറ്റിക്കൽ കൗണ്ടർ അജണ്ട ഇല്ല. കോൺഗ്രസിനുള്ളിലെ ആർ.എസ്.എസ്. ലോബി ഇതിന് സമ്മതിക്കില്ല.

കോൺഗ്രസിനുള്ളിൽ ആർ.എസ്.എസ്. ലോബിയുണ്ടെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?

അതെ! മദൻമോഹൻ മാളവ്യയിൽനിന്നും പുരുഷോത്തംദാസ് ടണ്ടനിൽ നിന്നുമൊക്കെ തുടങ്ങുന്ന ചരിത്രമാണിത്. ഗോവധം നിയമം മൂലം നിരോധിക്കണമെന്ന ആവശ്യം ഈ ലോബിയാണ് ആദ്യം ഉയർത്തിയത്. വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ വോട്ടുബാങ്കും വലിയ തോതിൽ ഹിന്ദുക്കൾ തന്നെയാണ്. ഈ കോൺസ്റ്റിറ്റിയുവൻസിയെ പരിപാലിക്കാൻ മൃദുഹിന്ദുത്വം നല്ലതാണെന്ന ചിന്ത കോൺഗ്രസിൽ രുഢമൂലമാവുന്നത് ആർ.എസ്.എസ്. ലോബിയിലൂടെയാണ്. മുസ്ലിം അധിനിവേശം വടക്കേ ഇന്ത്യയിലുണ്ടായത് ആക്രമണത്തിലൂടെയാണ്. ദക്ഷിണേന്ത്യയെപ്പോലെ കച്ചവടക്കാരായല്ല മുസ്ലിങ്ങൾ വടക്കേ ഇന്ത്യയിലെത്തിയത്. ഇതിന്റെ അനുരണനങ്ങൾ ഇപ്പോഴും അവിടെയുണ്ട്. വിഭജനം ഈ മുറിവുകൾ ഒന്ന്കൂടി രൂക്ഷമാക്കി.

ഈ വിടവ് ഇല്ലാതാക്കാനാണ് ഗാന്ധിജിയും നെഹ്രുവും ശ്രമിച്ചത്. പക്ഷേ, അവർക്കതിൽ വിജയിക്കാനായില്ല?

ശരിയാണ്. ആത്യന്തികമായി അവർ പരാജയപ്പെട്ടു. ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം അവരുടെ അജണ്ട കിറുകൃത്യമാണ്. അവർക്കതിൽ ഒരു സംശയവുമില്ല. അവരെ നേരിടാൻ ഈ അഴകൊഴമ്പൻ നിലപാടു കൊണ്ടെന്നും കോൺഗ്രസിനാവില്ല. നെഹ്രുവിനെപ്പോലും പറ്റിക്കാൻ ആർ.എസ്.എസ്. ലോബിക്കായി എന്നു മറക്കരുത്. പുരുഷോത്തം ദാസ് ടണ്ടനും ജി.ബി. പന്തുമായിരുന്നു ബാബറി മസ്ജിദിൽ രാമശില കൊണ്ടുവെയ്ക്കാന്നതിന് കളമൊരുക്കിയത്. അന്ന് അയോദ്ധ്യയിൽ മജിസ്ട്രേറ്റായിരുന്ന കെ.കെ. നായരും ഇതിന് കൂട്ടുനിന്നു. കോൺഗ്രസിനുള്ളിലെ ബ്രാഹ്‌മണ നേതാക്കളാണ് ഈ ആർ.എസ്.എസ്. ലോബിയെ നിയന്ത്രിക്കുന്നത്.

ഹരെൻ പാണ്ഡ്യയുടെ വധത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളായിരുന്നുവെന്നത് എത്ര മാത്രം ശരിയാണ്?

ഹരെൻ പാണ്ഡ്യ മുസ്ലിം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ, ഞാൻ മനസ്സിലാക്കിയത് ഹരെൻ പാണ്ഡ്യയ്ക്ക് ഈ രീതിയിലുള്ള ഭീഷണി താരതമ്യേന ലഘുവായിരുന്നുവെന്നാണ്. ഗുജറാത്ത് കലാപത്തിൽ പാണ്ഡ്യയും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, അദ്ദേഹം പിന്നീട് പറഞ്ഞത് മുസ്ലിങ്ങൾക്ക് നേരെയുള്ള ക്രോധം താൻ സ്ഥപാനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കുമൊക്കെ തിരിച്ചുവിടുകയായിരുന്നുവെന്നാണ്. പാണ്ഡ്യയുടെ മണ്ഡലത്തിൽ ആക്രമണങ്ങളിൽ ജീവഹാനി വളരെ കുറവായിരുന്നു. മദ്രസയ്ക്കും യത്തീംഖാനകൾക്കും നേരെ അതിക്രമമുണ്ടായി. എന്നാൽ, മുസ്ലിങ്ങളെ കൊല്ലാൻ താൻ കൂട്ടുനിന്നിട്ടില്ലെന്നാണ് പാണ്ഡ്യ പറഞ്ഞത്.

അതായത് മുസ്ലിം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ പാണ്ഡ്യ ഉണ്ടാവാൻ ഇടയുണ്ടെങ്കിലും മറ്റ് പലരുടെയും അത്ര വിരോധം ഇദ്ദേഹത്തോട് തോന്നാൻ ഇടയില്ലായിരുന്നുവെന്നാണോ?

അതെ! ഗുജറാത്തിലെ മറ്റ് പല ബി.ജെ.പി. നേതാക്കളുമായിരുന്നു തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ മുകളിലുണ്ടായിരുന്നത്. പാണ്ഡ്യയുടെ ഭാര്യ പിന്നീട് ബി.ജെ.പിയുടെ ആളായി. അവർക്ക് ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം പോലുള്ള ചില പദവികൾ ബി.ജെ.പി. നൽകുകയും ചെയ്തു. അവരെന്നോട് പറഞ്ഞത് അവർക്ക് രണ്ട് ആൺമക്കളാണെന്നും അവരുടെ ഭാവി കരുതിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നുമാണ്. സംസ്ഥാന സർക്കാരിനോട് വെറുതെ പോരാടിയിട്ട് എന്ത് ഫലമെന്നും അവർ ചോദിച്ചു. ആത്യന്തികമായി യു.പി.എ. സർക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഹരെൻ പാണ്ഡ്യയുടെ വധത്തിന് പിന്നിലെ യഥാർത്ഥ ശക്തികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്. സോണിയ ഗാന്ധിയുടെ വലംകയ്യായിരുന്ന അഹമ്മദ് പട്ടേലിന് ഈ സമീപനത്തിൽ നിർണ്ണായക പങ്കുണ്ടായിരുന്നു.

അഹമ്മദ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള നേതാവാണ്. അവിടെ അതിജീവനത്തിന് മൃദുഹിന്ദുത്വമാണ് നല്ലതെന്ന ചിന്തയിലാണോ അദ്ദേഹം ഇത്തരമൊരു സമീപനത്തിന് കോൺഗ്രസ് നേതൃത്വത്തെ നിർബ്ബന്ധിച്ചത്?

ആന്റി മോദി സമീപനം വേണ്ടെന്നതായിരുന്നു പൊതുവെ അന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കലാപത്തിന്റെ പേരിൽ മോദിക്കെതിരെ തിരിഞ്ഞാൽ ഹിന്ദുക്കളുടെ വോട്ട് നഷ്ടപ്പെടുമോയെന്ന ഭയം കോൺഗ്രസിനുണ്ടായിരുന്നു. പട്ടേലായിരുന്നു കോൺഗ്രസിന്റെ ഒരു മെയിൻ ഫണ്ട് റെയ്സർ എന്നതും ഇതോട് ചേർത്ത് വായിക്കണം.

അഹമ്മദ് പട്ടേലുമായി താങ്കൾക്ക് സമ്പർക്കമുണ്ടായിരുന്നോ?

ഇല്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് മാത്രം. എനിക്ക് പൊതുവെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പമില്ല. ഗുജറാത്തിലെ ഏഴ് ജില്ലകളിൽ എനിക്ക് പണിയെടുക്കേണ്ടി വന്നത് ഞാൻ രാഷ്ട്രീയ നേതാക്കളുടെ 'നല്ല' പുസ്തകത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണ്. 1969-ൽ കേരളസർവ്വകലാശാലയിൽനിന്ന് എം.എ. ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ ശേഷമാണ് ഞാൻ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയത്. ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ചരിത്രാദ്ധ്യാപകനായി ഇരിക്കവെയാണ് ഐ.പി.എസ്. കിട്ടി ഞാൻ ഗുജറാത്തിലേക്ക് വന്നത്. 1974-ൽ വത്സദ് ജില്ലായിലായിരുന്നു എന്റെ ആദ്യ നിയമനം. അവിടെനിന്ന് 1975-ൽ അമ്രേലി ജില്ലയിലെത്തി ഏഴ് മാസത്തിനുള്ളിൽ എനിക്ക് സ്ഥലംമാറ്റം ഉണ്ടായി. അന്ന് ആഭ്യന്തര മന്ത്രി പോപ്പട്ട് ഭായ് പട്ടേൽ എന്നോട് പറഞ്ഞത് ജനങ്ങൾക്ക് നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായമാണ്, പക്ഷേ, നിങ്ങൾ നേതാക്കൾ പറയുന്നത് കേൾക്കുന്നില്ലെന്നാണ്. അദ്ദേഹത്തിന് എന്നോട് താൽപര്യമുണ്ടായിരുന്നതുകൊണ്ട് എന്നെ സ്ഥലം മാറ്റിയത് കുറെക്കൂടി വലിയ ജില്ലയായ ഭാവ്നഗറിലേക്കാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് എന്റെ ജന്മനാട് മുവ്വായിരം കിലോ മീറ്റർ അകലെയാണ്. അതുകൊണ്ട് ഒരു ഇരുന്നൂറ് കിലോ മീറ്റർ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പോകാൻ എനിക്കൊരു വിഷമവുമില്ലെന്നാണ്. ഭാവ്നഗറിലും ഇതേ പ്രശ്നമുണ്ടായി. അവിടെയും നേതാക്കൾക്ക് തലവേദനയാണെന്ന് പറഞ്ഞാണ് എന്നെ അഹമ്മദാബാദിൽ ഡെപ്യൂട്ടി കമ്മീഷണറായി മാറ്റിയത്.

(തുടരും)

Content Highlights: RB Sreekumar, RBS, Narendra Modi, Congress, Gujarat Riot

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented