അഹമ്മദാബാദ് ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അന്ന് പ്രാര്‍ഥനായോഗത്തിന് എത്തിയതായിരുന്നു അവര്‍. 2002 ഫെബ്രുവരിയിലെ 27 ലെ ഗ്രോധ സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലം.സൊസൈറ്റിയുടെ പുറത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. തങ്ങള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയില്‍ പ്രാര്‍ഥനാ യോഗത്തിനെത്തിയവര്‍ സൊസൈറ്റിയിലെ താമസക്കാരനും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ഇഹ്സാന്‍ ജഫ്രിയുടെ വീട്ടില്‍ അഭയം തേടി.
ആക്രമം ഭയന്ന് പലതവണ ഇഹ്‌സാന്‍ ജഫ്രി പോലീസിനെ ബന്ധപ്പെട്ടു. പക്ഷെ ആരുമെത്തിയില്ല. ഇതോടെ പുറത്ത് തടിച്ചുകൂടിയ ജനം സൊസൈറ്റിയുടെ മതിലുകള്‍ തകര്‍ക്കുകയും ആക്രമിക്കുകയും സൊസൈറ്റിക്കും വീടുകള്‍ക്കും തീവെക്കുകുയും ചെയ്തു. അങ്ങന 2002 ഫെബ്രുവരി 28 ന് ഇഫ്രാന്‍ ജഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ടു. ഇതാണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയായി പിന്നീട് അറിയപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ എല്ലാം കണ്‍മുന്നില്‍ കാണുകയായിരുന്നു ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി. തുടര്‍ന്നായിരുന്നു സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്ന് ഗുജറാത്ത് കലാപത്തിന്റെ നിയമപോരാട്ടത്തിന്റെ മുന്‍ നിരയിലേക്ക് സാക്കിയ എത്തുന്നത്.
തന്റെ ഭര്‍ത്താവായ ഇഫ്രാന്‍ ജഫ്രിയടക്കമുള്ള ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് 20 വര്‍ഷം നിയമപോരാട്ടം നടത്തി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അടക്കം ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോരാട്ടം. പക്ഷെ 2022 ജുലായ് മാസം എല്ലാ കേസുകളില്‍ നിന്നും സുപ്രീംകോടതി മോദിയടക്കമുള്ളവരെ കുറ്റ വിമുക്തനാക്കുകുയും ചെയ്തു. അപ്പോഴും സാക്കിയ ജഫ്രി പ്രതികരിച്ചത് മരണം വരെ തന്റെ പോരാട്ടം തുടരുമെന്നായിരുന്നു. ഒടുവില്‍ 86 ാം വയസ്സില്‍ മരണപ്പെടുമ്പോള്‍ വലിയൊരു പോരാട്ട ചരിത്രമാണ് സാക്കിയ എഴുതി ചേര്‍ത്തിരിക്കുന്നത്.
നാലു പെണ്‍കുട്ടികളെ കലാപക്കാര്‍ പിടിച്ചുകൊണ്ടുപോകുന്നത് താന്‍ നേരില്‍ കണ്ടുവെന്നും ഭര്‍ത്താവിനെയടക്കം തീക്കൊളുത്തി കൊലപ്പെടുത്തിയത് തന്റെ മുന്നില്‍വെച്ചായിരുന്നുവെന്നായിരുന്നു സാകിയയുടെ പരാതിയിലുണ്ടായിരുന്നത്. ഇക്കാര്യമുന്നയിച്ച് 2006 ല്‍ ആയിരുന്നു സാകിയ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുഢാലോചന ആരോപിച്ച് പരാതിപ്പെട്ടത്. 2008 ല്‍ സമഗ്രാന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) രൂപവത്കരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. സി.ബി.ഐ ഡയറക്ടറായിരുന്ന ആര്‍.കെ രാഘവന്റെ നേതൃത്വത്തിലായിരുന്നു സംഘം. മോദിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് പറഞ്ഞ് മോദി ഉള്‍പ്പെടെയുള്ള 64 പേര്‍ക്ക് എസ്.ഐ.ടി. 2012 ല്‍ ക്ലീന്‍ചിറ്റ് നല്‍കി.
എസ്.ഐ.ടിയുടെ ക്ലീന്‍ചിറ്റിനെതിരേ സാകിയ പിന്നീട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ 2013 ല്‍ മജിസ്‌ട്രേറ്റ് കോടതിയും എസ്.ഐ.ടി റിപ്പോര്‍ട്ട് ശരിവെച്ചു. വിധിക്കെതിരേ സാകിയ ഗുജറാത്ത് ഹൈക്കോതിയെ സമീപിച്ചു. 2017 ല്‍ ഹൈക്കോടതിയും വിധി ശരിവെച്ചതോടെ പിന്നെ സുപ്രീംകോതിയിലായി സാകിയയുടെ പോരാട്ടം. 2018 ല്‍ ആയിരുന്നു സാകിയ സുപ്രീംകോടതിയെ സമീപിച്ചത് പക്ഷെ 2022 ജൂണ്‍ 24 ന് മോദിക്കും മറ്റ് 64 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ എസ്.ഐ.ടി റിപ്പോര്‍ട്ട് സുപ്രീംകോടതിയും ശരിവെക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു. ഇക്കാര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍.ബി ശ്രീകുമാര്‍, രാഹുല്‍വര്‍മ, എന്നിവരുടെ തെളിവുകളില്‍ അന്വേഷണം നടത്തിയില്ലെന്നായിരുന്നു സാക്കിയ ജഫ്രിയുടെ ആരോപണം. ഈ ഉദ്യോഗസ്ഥരെല്ലാം പിന്നീട് സര്‍ക്കാരിന്റെ പ്രതികാര നടപടി നേരിട്ടത് ചരിത്രം. കലാപത്തിന് മുന്നെ ഭര്‍ത്താവും എം.പിയുമായ ഇഹ്‌റാന്‍ ജഫ്രിയുടെ ഫോണ്‍ വിളികളടക്കം അവഗണിച്ചുവെന്നായിരുന്നു മോദിക്കെതിരായുള്ള പ്രധാന ആരോപണം.
Content Highlights: Zakia Jafri Who Fought Legal Battle In Gujarat Riots Cases
Published: 01 Feb 2025, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented