ഗുജറാത്ത് മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറിനെ 2022 ജൂലൈ രണ്ടിന് അഹമ്മദാബാദിലെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോവുന്നു | ഫോട്ടോ: പി.ടി.ഐ.
''അന്യായക്കാരനായ ഭരണാധികാരിയുടെ മുന്നിൽ സത്യം വിളിച്ചു പറയുക എന്നതാണ് ഏറ്റവും മഹത്തായ ജിഹാദ് (വിശുദ്ധ യുദ്ധം.).'' ആർ.ബി. ശ്രികുമാറിന്റെ 'Gujarat : Behind the Curtain' (ഗുജറാത്ത്: തിരശ്ശീലയ്ക്ക് പിന്നിൽ) എന്ന പുസ്തകത്തിന്റെ നാലാം അദ്ധ്യായം തുടങ്ങുന്നത് പ്രവാചകനായ മുഹമ്മദിന്റെ ഈ വചനത്തോടെയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ആർ.ബി. ശ്രീകുമാർ എന്ന ഗുജറാത്ത് മുൻ ഡി.ജി.പി. (1974-ലാണ് ആർ.ബി.എസ്. ഗുജറാത്ത് കേഡറിൽ ഐ.പി.എസ്. ജീവിതം തുടങ്ങുന്നത്) ചെയ്തുകൊണ്ടിരിക്കുന്നത് ഈ വിശുദ്ധയുദ്ധമാണ്. അധികാരത്തോട് സത്യം പറയുക എന്ന കർമ്മം. ഗുജറാത്ത് കലാപത്തിന്റെ അടരുകൾ നിഷ്‌കൃഷ്ടമായി വിശകലനം ചെയ്യുന്ന പുസ്തകം കഴിഞ്ഞയാഴ്ച വായിച്ച് തീർന്നയുടനെ ആവേശഭരിതനായി ആർ.ബി.എസിനെ (പുസ്‌കത്തിൽ മുഖവുരയുടെ അവസാനം ആർ.ബി.എസിന്റെ മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ട്) വിളിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിലെ ഗാന്ധിനഗറിൽ താമസിക്കുന്ന ആർ.ബി.എസ്. ഫോണെടുത്തില്ല. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു വിളിച്ചു. പുസ്തകത്തിന്റെ വെളിച്ചത്തിൽ വിശദമായൊന്ന് സംസാരിച്ചുകൂടേ എന്ന് ചോദിച്ചപ്പോൾ സസന്തോഷം സമ്മതിച്ചു.
ഈ അഭിമുഖം തുടങ്ങുന്നത് അങ്ങിനെയാണ്. അഭിമുഖം പൂർത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് (ജൂൺ 24) ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (Special Investigation Team) ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ സക്കിയ ജെഫ്രി (കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി. എഹ്സൻ ജെഫ്രിയുടെ ഭാര്യ) സമർപ്പിച്ച പരാതിയിൽ സുപ്രീം കോടതി വിധി പറഞ്ഞത്.
സന്നദ്ധ സേവന സംഘടന പ്രവർത്തക തീസ്ത സെതൽവാദ്, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥരായ ആർ.ബി. ശ്രീകുകമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ നിശിതവിമർശമാണ് സുപ്രീം കോടതി നടത്തിയത്. വിധിയുടെ പശ്ചാത്തലത്തിൽ തൊട്ടടുത്ത ദിവസം ജൂൺ 25-ന് ആർ.ബി.എസിനെ ഒന്നുകൂടി വിളിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ സംഭാഷണം ഒരു മണി വരെ നീണ്ടു. അന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ആർ.ബി.എസ്. അറസ്റ്റ് ചെയ്യപ്പെടുന്നത്.
ഗുജറാത്ത് കലാപം അടുത്തുനിന്ന് കണ്ട ഒരാൾ മാത്രമല്ല ആർ.ബി.എസ്. കലാപത്തിന് കാരണക്കാരെന്ന് താൻ വിശ്വസിക്കുന്നവർക്കെതിരെ സുധീരമായ നിലപാടെടുക്കുകയും അതിനായുള്ള നിയമപോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഒരു മാദ്ധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണം എന്ന നിലയ്ക്ക് കൂടി പ്രസക്തമാവുന്ന ഈ അഭിമുഖത്തിന്റെ വിശദ രൂപം മാതൂഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽനിന്നുള്ള ഭാഗങ്ങൾ:
അതിനിശിതമായ വിമർശമാണ് സുപ്രീം കോടതി താങ്കൾക്കെതിരെ നടത്തിയിരിക്കുന്നത്. അറസ്റ്റുണ്ടാകുമെന്ന് പേടിക്കുന്നുണ്ടോ?
അറസ്റ്റുണ്ടാകാം. എനിക്കും തീസ്തയ്ക്കും സഞ്ജിവ് ഭട്ടിനുമെതിരെ നടപടി എടുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. വിധി വന്ന ശേഷം ബി.ജെ.പി. നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞത് ചില പോലിസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി വേണമെന്നുമാണ്. അതുകൊണ്ട്തന്നെ നടപടി ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, പേടിയില്ല. ഞാൻ തയ്യാറെടുത്താണിരിക്കുന്നത്. എന്റെ അഭിഭാഷകരോട് സംസാരിച്ചിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കി എന്നൊക്കെയുള്ളതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്താനാവുക. അതുകൊണ്ടുതന്നെ ജാമ്യമില്ലാത്ത വകുപ്പുകൾകൂടി ഉൾപ്പെടുത്തിയായിരിക്കും ഗുജറാത്ത് പോലിസ് എന്നെത്തേടി വരികയെന്നാണ് ഞാൻ കരുതുന്നത്.
പ്രശ്‌നഭരിതമായ കാലമാണ് താങ്കളെ കാത്തിരിക്കുന്നതെന്ന് തോന്നുന്നു. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് തന്നെയാണ് താങ്കൾ സൂചിപ്പിക്കുന്നത്?
തീർച്ചയായും. ഇതിൽ കൂടുതൽ വ്യക്തിപരമായ നഷ്ടങ്ങളും ഉപദ്രവങ്ങളുമുണ്ടായാലും പോരാട്ടം തുടരും. എന്നാട് പല സഹപ്രവർത്തകരും ചോദിച്ചിട്ടുണ്ട്. എന്തിനാണ് നല്ലൊരു കരിയർ കളഞ്ഞ് കുളിച്ച് നിങ്ങൾ ഇങ്ങനെ അതിശക്തരായവരോട് ഏറ്റുമുട്ടുന്നതെന്ന്. ഗുജറാത്തിൽ കലാപത്തിന് തൊട്ടുപിന്നാലെ ഇന്റലിജൻസ് വിഭാഗം മേധാവിയായ ആളാണ് ഞാൻ. ഇന്റലിജൻസ് മേധാവി എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയുടെ വലംകൈയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരിക്കും എന്നാണ് വെയ്പ. എന്നാൽ, എന്റെ കൂറ് ഇന്ത്യൻ ഭരണഘടനയോട് മാത്രമാണ്. കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല ഇന്ത്യൻ ഭരണഘടനയാണ് ഞാൻ പിന്തുടരുന്നത്. സത്യം കർമ്മത്തിലാണ് വളരുന്നതെന്ന ഋഷിവചനമാണ് എന്നെ നയിക്കുന്നത്. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഞാൻ 2007-ൽ സർവ്വീസിൽനിന്ന് വിരമിച്ചതാണ്. ഇക്കഴിഞ്ഞ കാലം മുഴുവൻ ഭരണകൂടം കിണഞ്ഞ് ശ്രമിച്ചിട്ടും എനിക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഐ.എസ്.ആർ.ഒ. കേസ് കുത്തിപ്പൊക്കി എന്നെ കുടുക്കാൻ നോക്കുന്നത്. അവിടെയും ഞാൻ തെറ്റായൊന്നും ചെയ്തിട്ടില്ല. നമ്പി നാരായണനെ ഞാൻ ചോദ്യം ചെയ്തിട്ടുപോലുമില്ല. ഐ.ബിയിലായിരുന്നതിനാൽ നടന്ന കാര്യങ്ങൾ ഞാൻ അപ്പോഴപ്പോൾ അറിഞ്ഞിരുന്നു. നമ്പി നാരായണന്റേത് മറ്റൊരു കഥയാണ്. അതിപ്പോൾ സുപ്രീം കോടതിയുടെ മുന്നിലായതിനാൽ കൂടുതലൊന്നും പറയുന്നില്ല. ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽ ഞാൻ വിജയിച്ചതു കൊണ്ടാണ് ഗുജറാത്ത് കലാപത്തിൽ ഉത്തരവാദികൾ ആയവർക്കെതിരെ വകുപ്പ് തലത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഞാൻ ഗവർണ്ണർക്ക് കത്തെഴുതിയത്. ഗവർണ്ണർ നടപടി ആവശ്യപ്പെട്ട് ചീഫ്സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തു. പക്ഷേ, ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് നിയമസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് കള്ളത്തരം മറുപടിയായി നൽകുകയും ചെയ്തു. നിയമസഭയെ തെറ്റിദ്ധർിപ്പിച്ചതിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെടണമെന്ന് അന്ന് കോൺഗ്രസ് നേതാക്കളോട് പറഞ്ഞെങ്കിലും അവർക്കൊന്നും ഒരു താൽപര്യവുമുണ്ടായില്ല.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പുതിയ പതിപ്പാണിത്. ആദ്യ പതിപ്പ് എന്നാണ് പ്രസിദ്ധീകരിച്ചത്?
2016-ൽ. ഡൽഹിയിലെ മാനസ് പബ്‌ളിക്കേഷൻസ് ആയിരുന്നു പ്രസാധകർ. പുസതകം പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് അവർ ഇങ്ങോട്ട് വരികയായിരുന്നു. ആർ.എസ്.എസിന്റെ ഇടപെടൽ ഇവർക്ക് പിന്നിലുണ്ടായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. പുസ്തകം വിതരണം ചെയ്യപ്പെടരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഞാനയച്ചു കൊടുത്ത കയ്യെഴുത്ത് പ്രതിയിൽ ഇരുപത്തഞ്ചോളം തിരിമറികളാണ് അവർ നടത്തിയത്. 2007-ൽ വിരമിച്ച ശേഷം ഞാൻ തീസ്ത തെസൽവാദിന്റെ എൻ.ജി.ഒയിൽ ചേർന്നെന്നായിരുന്നു അവർ നടത്തിയ ഒരു തിരുത്ത്. മോദിക്കെതിരെ വലിയ പോരാട്ടം നടത്തിയ സ്ത്രീയാണ് തീസ്ത. തീസ്തയുടെ ഏജന്റാണ് ഞാൻ എന്ന് വരുത്തി എന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമായിരുന്നു മാനസ്സിന്റേത്. തീസ്തയെ എനിക്കറിയാം. പക്ഷേ, ഞാൻ അവരുടെ എൻ.ജി.ഒയിൽ ചേരുകയോ അവർക്ക് വേണ്ടി പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഈ തിരിമറികൾ ഒഴിവാക്കിയില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോഴാണ് അവർ അതിന് തയ്യാറായത്. കുറച്ച് കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ച് നാനൂറോളം കോപ്പികൾ ബാക്കിയുണ്ടെന്നും അവ വിതരണം ചെയ്യുന്നതിന് അവർക്ക് പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞു. പിന്നെ , ഞാൻ തന്നെ അവ പകുതി വിലയ്ക്ക് വാങ്ങുകയായിരുന്നു. ഏറ്റവുമാദ്യം ഹാർപ്പർ കൊളിൻസിനാണ് പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി നൽകിയത്. ആദ്യം താൽപര്യം പ്രകടിപ്പിച്ചെങ്കിലും മൂന്നു മാസം കഴിഞ്ഞപ്പോൾ അവർ തിരിച്ചു തന്നു. പെൻഗ്വിൻ ആദ്യമേ തന്നെ അവരുടെ നിസ്സഹായത വെളിപ്പെടുത്തി. രൂപ പബ്‌ളിക്കേഷൻസും പുസ്തകം അച്ചടിച്ചാൽ അവർ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞു. കുറച്ചുകൂടി വിവരങ്ങൾ ചേർത്ത് പുതുക്കിയ പതിപ്പ് ഇറക്കാൻ ആലോചിച്ചത് ഇതേത്തുടർന്നാണ്. ഒടുവിൽ ഡൽഹിയിൽനിന്നു തന്നെയുള്ള ഫറോസ് മീഡിയയാണ് പ്രസാധനത്തിന് തയ്യാറായത്.
.jpg?$p=47550bb&&q=0.8)
പുതുക്കിയ പതിപ്പിൽ കൂടുതലായി ചേർത്തിട്ടുള്ള വിവരങ്ങൾ എന്തൊക്കെയാണ്?
ഗുജറാത്ത് കലാപം അന്വേഷിക്കാൻ മോദി സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ എങ്ങിനെയാണ് കലാപവുമായി ബന്ധപ്പെട്ട പല പ്രധാന വസ്തുതകളും തമസ്‌കരിച്ചതെന്ന് പ്രതിപാദിക്കുന്ന 'Sycophantic Servility of Judicial Commission' എന്ന അദ്ധ്യായം പുതുതായി ചേർത്തതാണ്. അതുപോലെ, ആർ.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എങ്ങിനെയാണ് സത്യം കണ്ടെത്തുന്നതിൽനിന്ന് പിന്നാക്കം പോയതെന്നതിനെ കുറിച്ചും കൂടുതൽ വിവരങ്ങളുണ്ട്.
ഗുജറാത്ത് കലാപത്തിൽ ഇപ്പോഴും ഒരു കടങ്കഥയായി നിലനിൽക്കുന്ന സംഗതി ഗോധ്രയിൽവെച്ച് സബർമതി എക്‌സ്പ്രസിന് 2002 ഫെബ്രുവരി 27-ന് തീ പിടിച്ചതാണ്. ഈ തീപ്പിടിത്തത്തിൽ 59 കർസേവകർ മരിച്ചതാണ് ഗുജറാത്ത് കലപാത്തിന് വഴിയൊരുക്കിയത്. എങ്ങിനെയാണ് ഈ തീപ്പിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് ഇപ്പോഴും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണുള്ളത്. താങ്കൾ ഈ പുസ്തകത്തിൽ പറയുന്ന ഒരു കാര്യം പ്രത്യേക അന്വേഷണ സംഘം ഉൾപ്പെടെയുള്ളവർ വിട്ടകളഞ്ഞ, അല്ലെങ്കിൽ മനപ്പൂർവ്വം ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ഈ തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന യു.പിയിൽ നിന്നുള്ള പോലിസുകാരുടെ മൊഴികളാണ്. എന്തിനായിരുന്നു യു.പിയിൽനിന്നുള്ള പോലിസുകാർ ഈ തീവണ്ടിയിൽ സഞ്ചരിച്ചത്?
അന്ന് യു.പിയിൽ ഇന്റലിജൻസ് വിഭാഗം മേധാവി എന്റെ ബാച്ച്‌മേറ്റായിരുന്നു. അദ്ദേഹമാണ് എന്നോട് ഈ വിവരം പറഞ്ഞത്. അയോദ്ധ്യയിൽ കർസേവയ്ക്ക് വരുംവഴി ഗുജറാത്തിൽ നിന്നുള്ള കർസേവകർ പലയിടങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യു.പി. പോലിസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള നാല് പോലിസുകാരെ സബർമതി എക്‌സ്പ്രസിൽ നിയോഗിച്ചത്. യു.പിയുടെ അതിർത്തി വരെ പോകാനായിരുന്നു ഈ പോലിസുകാർക്കുള്ള ഇൻസ്ട്രക്ഷൻ. അഹമ്മദാബാദിൽ തുണിത്തരങ്ങൾക്ക് വളരെ വിലക്കുറവാണ്. അപ്പോൾ വീടുകളിലേക്ക് കുറച്ച് തുണി കൂടി വാങ്ങാം എന്ന ഉദ്ദേശ്യത്തോടെ ഈ പോലീസുകാർ യാത്ര ഗുജറാത്തിലേക്ക് നീട്ടിക്കോട്ടെ എന്ന് ചോദിച്ചു. മേലധികാരികൾ സമ്മതിക്കുകയും ചെയ്തു.
അതായത് ഈ പോലീസുകാർ തീപ്പിടിത്തം നടക്കുമ്പോൾ സബർമതി എക്‌സ്പ്രസിലുണ്ടായിരുന്നു?
അതെ. ഗുജറാത്ത് കലാപത്തിൽ ഭരണകൂടം ഒളിച്ചുവെച്ച സത്യങ്ങൾ പുറത്തുപറയാൻ തുടങ്ങിയതോടെ മാദ്ധ്യമങ്ങളിൽ എന്റെ പേര് വന്നുകൊണ്ടിരുന്നു. ആ സമയത്താണ് എന്റെ സുഹൃത്തും ബാച്ച്‌മേറ്റുമായ യു.പിയിലെ പോലിസ് ഓഫീസർ ഇക്കാര്യം എന്നോട് പറഞ്ഞത്.
ഈ പോലീസുകാർ താങ്കളുടെ സുഹൃത്തും അവരുടെ മേലധികാരിയുമായിരുന്ന പോലീസ് ഓഫീസർക്ക് തീപിടിത്തത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നോ?
നൽകിയിരുന്നു.
എങ്ങിനെയാണ് തീപിടിച്ചതെന്നാണ് അവർ പറഞ്ഞത്?
അതറിയില്ല. കാരണം റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പറയാൻ അദ്ദേഹം തയ്യാറായില്ല.
അപ്പോൾ, ഗോധ്ര തീപിടിത്തം ഇപ്പോഴും ഒരു മിസ്റ്ററിയാണ്?
ഒരു പരിധി വരെ.
താങ്കളുടെ അനുമാനം എന്താണ്?
പുറത്തു നിന്നാരോ തീവണ്ടിയുടെ ഉള്ളിൽ കയറി തീവെച്ചതാണെന്നൊരു സംശയമുണ്ട്. അതേസമയം തന്നെ ഭക്ഷണമുണ്ടാക്കുന്നതിനും മറ്റുമായി കർസേവകർ കൊണ്ടുവന്ന സ്റ്റൗവ്വിൽ നിന്നാണ് തീ പടർന്നതെന്നും വാദമുണ്ട്.
ശരിക്കും തീപിടിത്തമുണ്ടായത് ഗോദ്ര സ്റ്റേഷനിൽ വെച്ചാണോ?
അല്ല. ഗോധ്രയിൽനിന്നു വിട്ട് സിഗ്‌നൽ ഫാലിയയിൽ എത്തുമ്പോഴാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്. തങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ ഗോധ്ര സ്റ്റേഷനിൽനിന്നു വണ്ടിയിൽ കയറാൻ വിട്ടുപോയെന്ന് സംശയിച്ചാണ് കർസേവകർ ചങ്ങല പിടിച്ച് വണ്ടി നിർത്തിയത്. വണ്ടി നിന്ന സ്ഥലം കുറച്ച് ഉയരത്തിലായിരുന്നു. അതായത് റെയിൽപ്പാളം തറനിരപ്പിൽനിന്നു കുറച്ചധികം മുകളിലായിരുന്നു. ഗോധ്രയിൽ വെച്ച് ഒരു അനിഷ്ട സംഭവമുണ്ടായി. അവിടെ തീവണ്ടിയിൽ കയറാൻ കാത്തു നിന്നിരുന്ന ഒരു മുസ്ലിം സ്ത്രീയെയും അവരുടെ മകളെയും ചില കർസേവകർ ബലം പ്രയോഗിച്ച് അവരുടെ കമ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. എന്നാൽ, അവിടെയുണ്ടായിരുന്ന കർസേവകരായ സ്ത്രീകൾ എതിർത്തതോടെ ഈ അമ്മയയെയും മകളെയും അടുത്ത വാതിലിലൂടെ തിരിച്ച് സ്റ്റേഷനിലേക്ക് തന്നെ പറഞ്ഞയച്ചു. ഇവരുടെ നേരെ മാനഭംഗ ശ്രമമൊന്നും നടന്നിരുന്നില്ല. എന്നാൽ, ഈ സംഭവം അറിഞ്ഞ് സ്റ്റേഷനിലും പരിസരത്തും ഉണ്ടായിരുന്നവർ ബഹളം വെച്ചു. അപ്പോഴേക്കും സമയമായതുകൊണ്ട് വണ്ടി നീങ്ങാൻ തുടങ്ങി. ഈ ബഹളത്തിനിടയിൽ ചിലർ തിരിച്ചുകയറിയിട്ടില്ലെന്ന് കരുതിയാണ് കോച്ച് നമ്പർ എസ് ആറിലെ കർസേവകർ ചങ്ങല വലിച്ചത്.
ഏകദേശം എത്ര മണിയോടെയായിരിക്കും ഈ സംഭവം?
രാവിലെ 7.20-നും 7.25-നുമിടയിലാണ് എന്നാണ് റിപ്പോർട്ടുകളിലുള്ളത്. സിഗ്‌നൽ ഫാലിയയിൽ വെച്ചാണ് ഈ സംഭവമുണ്ടായത്. ഇവിടെ ഞാൻ നേരത്തെ പറഞ്ഞതുപോലെ റെയിൽപ്പാളം തറനിരപ്പിൽനിന്നു നല്ല ഉയരത്തിലാണ്. പതിനഞ്ചടിയെങ്കിലും ഉയരമുണ്ടാവും. താഴെ നിന്ന് കല്ലൊക്കെ വലിച്ചെറിയാനാവും എന്നാൽ, തീപ്പന്തമൊന്നും തീവണ്ടിയുടെ ഉള്ളിലേക്ക് വലിച്ചെറിയാനാവില്ല. അതായത് പുറത്തുനിന്ന് പെട്രോൾ ബോംബോ അതുപോലുള്ള സാധനങ്ങളോ തീവണ്ടിക്കുള്ളിലേക്ക് വലിച്ചെറിയാനാവില്ല എന്നർത്ഥം.
തീപിടിക്കുന്നത് തീവണ്ടി നിന്നതിന് ശേഷമാണോ?
അതെ. ചെയിൻ വലിച്ച് തീവണ്ടി നിർത്തിയതിന് ശേഷമാണ് തീപ്പിടിത്തമുണ്ടാവുന്നത്.
ഒന്നുകിൽ പുറത്തുനിന്നാരോ ഉള്ളിൽ കയറി തീവെച്ചിരിക്കണം, അല്ലെങ്കിൽ കോച്ചിനുള്ളിൽനിന്നു തന്നെ തീ പടർന്നിരിക്കണം?
ഇതിലൊന്നിനാണ് സാദ്ധ്യത. ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി.എ. സർക്കാർ 2004-ൽ അധികാരത്തിൽ വന്നപ്പോൾ അന്ന് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് ബാനർജി കമ്മീഷനെ നിയമിച്ചിരുന്നു. തീ പിടിച്ചത് തീവണ്ടിക്കുള്ളിൽനിന്നു തന്നെയാണെന്നായിരുന്നു ബാനർജി കമ്മീഷന്റെ നിഗമനം. കർസേവകർ കൊണ്ടുവന്ന സ്റ്റൗവ്വിൽ നിന്നായിരിക്കാം തീ പടർന്നതെന്നാണ് ബാനർജി കമ്മീഷൻ നിരീക്ഷിച്ചത്. ഈ റിപ്പോർട്ട് പക്ഷേ, പുറത്ത് വിടുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നതിന് കോൺഗ്രസുകാർക്ക് പോലും താൽപര്യമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. നർത്തകിയായ മല്ലിക സാരാബായ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പതോളം കേസുകൾ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയിരുന്നു. അന്നീ വിഷയത്തിൽ സുപ്രീം കോടതി മൻമോഹൻ സിങ് സർക്കാരിനോട് അഭിപ്രായം തേടിയെങ്കിലും ഒരു മറുപടിയും രണ്ടു വർഷത്തോളം കൊടുത്തില്ല.
നിർത്തിയിട്ടിരുന്ന വണ്ടിയിലാണ് തീപിടിച്ചത്. കുറച്ചുപേർക്കെങ്കിലും എസ് ആറിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നോ?
ഇരുപത്തിയഞ്ച് പേരോളം രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷേ, ഇവരിലാരിൽ നിന്നും അന്വേഷണ സംഘങ്ങൾ മൊഴിയെടുത്തില്ല. ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തിന് നേതൃത്വം നൽകിയത് ഇന്നിപ്പോൾ മോദി സർക്കാരിന്റെ പ്രത്യേക താൽപര്യപ്രകാരം ഡൽഹിയിൽ പോലിസ് കമ്മീഷണറായി തുടരുന്ന രാകേഷ് അസ്താനയാണ്. ഗോധ്ര തീപിടിത്തത്തിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന സിദ്ധാന്തം അവതരിപ്പിച്ചത് അസ്താനയാണ്. ഗോധ്ര കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ചില മുസ്ലിം തീവ്രവാദികൾ അമ്പത് ലിറ്ററോളം മണ്ണെണ്ണ വാങ്ങി സുൂക്ഷിച്ചിരുന്നെന്നും ഈ മണ്ണെണ്ണ ഉപയോഗിച്ചാണ് സബർമതി എക്‌സ്പ്രസിന് തീകൊളുത്തിയതെന്നുമായിരുന്നു അസ്താനയുടെ കണ്ടെത്തൽ. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ബി. ജോയിന്റ് ഡയറക്ടർ രാജേന്ദ്രകുമാർ ഇതിലേക്ക് പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയേയും കൊണ്ടുവന്നു. ഇക്കാര്യം അന്നത്തെ ഗുജറാത്ത് ഡി.ജി.പി. ചക്രവർത്തി എന്നോട് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് രാജേന്ദ്രകുമാറിന് ഈ വിവരം എങ്ങിനെയാണ് കിട്ടിയതെന്ന് അറിയേണ്ടതുണ്ടെന്ന് പറഞ്ഞു. എന്റെ സാന്നിദ്ധ്യത്തിൽ അപ്പോൾതന്നെ ചക്രവർത്തി ഇക്കാര്യം രാജേന്ദ്രകുമാറിനോട് ചോദിച്ചു. അപ്പോൾ രാജേന്ദ്രകുമാർ പറഞ്ഞത് തീപിടിത്തത്തിന് ശേഷം ഗോധ്രയിൽനിന്ന് രണ്ട് മുസ്ലിങ്ങൾ പാക്കിസ്താനിലുള്ള ബന്ധുക്കളെ ടെലിഫോണിൽ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചുവെന്നാണ്. ഈ സംഭാഷണത്തിന്റെ പുറത്താണ് ഐ.ബി. ഗോധ്ര സംഭവത്തിൽ പാക്ക് ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. അസ്താനയുടെ അന്വേഷണ റിപ്പോർട്ടിൽ ഈ ഗൂഢാലോചന സിദ്ധാന്തം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ഗോധ്രയോടുള്ള ആദ്യ പ്രതികരണങ്ങൾ എങ്ങിനെയായിരുന്നു?
പലയിടത്തും മുസ്ലിങ്ങൾക്കെതിരെ ആക്രമണമുണ്ടായി. ഫെബ്രുവരി 27-ന് ഉച്ചയോടെ ബറോഡ സ്റ്റേഷനിൽ തീവണ്ടി കാത്തിരുന്ന താടിക്കാരായ രണ്ട് മുസ്ലിങ്ങളെ കുത്തിക്കൊന്നു. വൈകുന്നേരത്തോടെ സംസ്ഥാന വ്യാപകമായി ബന്ദാചരിക്കണമെന്ന ആഹ്വാനമുണ്ടായി.
അന്ന് വൈകീട്ടല്ലേ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ മീറ്റിങ് നടന്നത്? സംസ്ഥാന ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ യോഗത്തിൽ മുഖ്യമന്ത്രി ഇങ്ങനെ സംസാരിച്ചതായി താങ്കൾ പുസ്തകത്തിൽ എടുത്തുകൊടുത്തിട്ടുണ്ട്: ''In communal riots, police normally take action against Hindus and Muslims on one-to-one proportion; this will not do now, allow Hindus to give vent to their anger.'' അതായത് ഗോധ്രയ്‌ക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി മോദി സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു?
അതാണ് ഉണ്ടായത്. മുഖ്യമന്ത്രി ഗുജറാത്തിയിൽ പറഞ്ഞതിന്റെ ഇംഗ്ലിഷ് രൂപമാണിത്. ഒരു മുഖ്യമന്ത്രി ഒരിക്കലും പറയരുതാത്ത വാക്കുകളായിരുന്നു ഇത്. ഓരോ ചെയ്തിക്കും സമാനവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാവുമെന്ന ന്യൂട്ടന്റെ നിയമം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവ്യവസ്ഥയുടെ പച്ചയായ ലംഘനം. ഇതിനെതിരെ പക്ഷേ, അന്നാ മുറിയിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥനും ഒന്നും മിണ്ടിയില്ല.
അപ്പോഴേക്കും ഗോധ്രയിൽ നിന്നുള്ള ജഡങ്ങൾ അഹമ്മദാബാദിലെത്തിച്ച് ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനുള്ള ശ്രമം പൂർത്തിയായി കഴിഞ്ഞിരുന്നു?
നിയമം ലംഘിച്ചുള്ള നടപടിയായിരുന്നു ഇത്. മൃതദേഹങ്ങൾ മരിച്ചവരുടെ ഉറ്റബന്ധുക്കൾക്ക് മാത്രമേ കൈമാറാൻ പാടുള്ളു. ഇവിടെ പക്ഷേ, വി.എച്.പി. നേതാക്കൾക്കാണ് മൃതദേഹങ്ങൾ കൈമാറിയത്. ഗുജറാത്തിലെ ഒരു ജില്ലയിൽ ഞാൻ എസ്.പി. ആയിരിക്കുമ്പോൾ ഒരു മുഖ്യമന്ത്രി എന്നോട് ഒരാളുടെ മൃതദേഹം അയാളുടെ അമ്മയ്ക്ക് കൈമാറണമെന്ന് പറഞ്ഞു. മരിച്ചയാളുടെ അമ്മയും ഭാര്യയും തമ്മിൽ പിണക്കമായിരുന്നു. അപ്പോൾ ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞത് മരിച്ചയാളുടെ ഭാര്യയ്ക്ക് മാത്രമേ മൃതദേഹം കൈമാറാനാവുകയുള്ളു എന്നാണ്. അതാണ് നിയമം അനുശാസിക്കുന്നത്.പക്ഷേ, ഗോധ്രയിൽ ഈ നിയമം കാറ്റിൽ പറത്തപ്പെട്ടു. അങ്ങിനെയാണ് മൃതദേഹങ്ങളും വഹിച്ച് അഹമ്മദാബാദിൽ റാലി നടത്തിയത്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ( എസ്.ഐ.ടി.) ഗോധ്ര തീപിടിത്തത്തിന്റെ ഉള്ളുകള്ളി കണ്ടെത്താൻ സമാനമായ സാഹചര്യത്തിൽ ഒരു കൃത്രിമ ബോഗിയുണ്ടാക്കി തീപിടിക്കുന്നതെങ്ങിനെയാണെന്ന് പരീക്ഷണം നടത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അഭയ കേസിലും മറ്റും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ, നാനാവതി കമ്മീഷൻ അതിന് തയ്യാറായില്ല.
പൊളിറ്റിക്കൽ ക്യാപിറ്റൽ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബി.ജെ.പി. നേതൃത്വം കണ്ടത്. നരേന്ദ്ര മോദി ഈ വിഷയത്തിൽ ശരിക്കുമൊരു മാസ്റ്ററാണ്. ഗുജറാത്തിലെ 30 ജില്ലകളിൽ 11 ജില്ലകളിലാണ് കനത്ത അക്രമം നടന്നത്. സത്യസന്ധരായ പോലിസ് ഓഫീസർമാർ തലപ്പത്തുണ്ടായിരുന്ന ജില്ലകളിൽ കാര്യമായ അതിക്രമങ്ങളൊന്നും തന്നെയുണ്ടായില്ല. സൂററ്റ് ഇതിന് നല്ല ഉദാഹരണമാണ്. വി.കെ. ഗുപ്ത എന്ന കാര്യപ്രാപ്തിയുള്ള ഓഫീസർക്കായിരുന്നു സൂററ്റിൽ പോലിസ് സേനയുടെ ചുമതല. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ വലിയ കലാപമാണ് സൂററ്റിലുണ്ടായത്. അന്ന് 25 പേരോളം അവിടെ കൊല്ലപ്പെട്ടു. മുസ്ലിം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന്റെ വീഡിയോകൾ വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ, ഗോധ്രയ്ക്ക് ശേഷം സൂററ്റിൽ കലാപമുണ്ടായില്ല. പി.കെ. ഗുപ്തയുടെ അവസരോചിതമായ ഇടപെടലാണ് ഇതിനെ തടഞ്ഞത്. 11 ജില്ലകളിൽ ഇതുപോലെ ഭരണഘടനയോട് കൂറുള്ള ഓഫീസർമാർ കലാപ സാദ്ധ്യതകൾ ഇല്ലാതാക്കി.

ഒരു കലാപവും ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടക്കില്ലെന്ന് നിരീക്ഷണമുണ്ട്. ഭരണകൂടം മൗനാനുമതി കൊടുക്കാതെ ജനക്കൂട്ടത്തിന് നിയമം കൈയ്യിലെടുക്കാനാവില്ല എന്നത് വാസ്തവമല്ലേ?
തീർച്ചയായും. ഫെബ്രുവരി 28-ന് രാവിലെ ഞാൻ എന്റെ ഓഫീസിലേക്ക് വരുമ്പോൾ വഴിയിൽ പലയിടത്തും കലാപകാരികൾ അഴിഞ്ഞാടുന്നത് കണ്ടു. ഇതെല്ലാം നോക്കി നിൽക്കുന്ന പോലീസുകാരോട് എന്താണ് നിങ്ങൾ നടപടി എടുക്കാത്തതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് ''സർ, മുകളിൽനിന്ന് ഉത്തരവ് കിട്ടിയിട്ടില്ല'' എന്നാണ്. അതേസമയം, ഞാൻ നേരത്തെ പറഞ്ഞ 11 ജില്ലകളിൽ പോലിസ് ഓഫീസർമാർ കൃത്യമായി നടപടികളെടുത്തു. അവരിൽ ഒരാളാണ് രാഹുൽ ശർമ്മ. ഇദ്ദേഹത്തെക്കുറിച്ചും ഞാൻ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. വർഗ്ഗീയ ലഹള നേരിടുമ്പോൾ കലാപകാരികൾക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന നിലപാടായിരുന്നു രാഹുലിന്. കൂടുതൽ ഫോഴ്‌സിനെ വിളിച്ചു വരുത്തുന്നതിന് മുമ്പ് കലാപകാരികൾക്കെതിരെ നിറയൊഴിച്ചിരിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരുന്നത്.
2002 മാർച്ച് ഒന്നിന് രാഹുൽ ശർമ്മ ഭാവ്‌നഗറിൽ ഒരു മദ്രസയ്ക്കും യത്തിംഖാനയ്ക്കും നേർക്കുണ്ടായ കലാപം പരാജയപ്പെടുത്തിയതിനെക്കുറിച്ച് താങ്കൾ പുസ്തകത്തിൽ എഴുതുന്നുണ്ട്. പക്ഷേ, 23 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ അപ്രധാനമായൊരു പദവിയിലേക്ക് മാറ്റുകയാണ് ഗുജറാത്ത് സർക്കാർ ചെയ്തത്?
പിന്നീടങ്ങോട്ട് സർക്കാർ അദ്ദേഹത്തെ നിരന്തരം പീഡിപ്പിക്കുയായിരുന്നു. ഒടുവിൽ മനസ്സ് മടുത്ത് രാഹുൽ ശർമ്മ ഐ.പി.എസ്. ഉപേക്ഷിച്ച് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. 2002 ഫെബ്രുവരി 28-ന് ഉച്ചയേുടെ ഞാൻ ഓഫിസിലിരിക്കുമ്പോൾ നരോദപാട്യ (ഇവിടെയാണ് 96 മുസ്ലിങ്ങൾ നിഷ്ഠൂരമായി കൊല്ലപ്പെട്ടത്)യ്ക്കടുത്തുള്ള പോലിസ് ക്യാമ്പിൽനിന്ന് കമാന്റന്റ് ഖുർഷിദ് അഹ്‌മദ് എന്നെ ഫോണിൽ വിളിച്ചു. അഞ്ഞൂറോളം മുസ്ലിങ്ങൾ അഭയം തേടി പോലിസ് ക്യാമ്പിന് മുന്നിലെത്തിയിട്ടുണ്ടന്നും എന്ത് ചെയ്യണമെന്നുമാണ് ഖുർഷിദ് ചോദിച്ചത്. എല്ലാവരേയും ക്യാമ്പിനുള്ളിൽ പ്രവേശിപ്പിച്ച് സംരക്ഷിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. ഭാവിയിൽ ഇക്കര്യത്തിൽ ക്യാമ്പിലെ ഓഫീസർമാർക്ക് പ്രശ്‌നമില്ലാതിരിക്കാൻ അപ്പോൾതന്നെ ഫാക്‌സ് മുഖാന്തരം ഉത്തരവ് രേഖാമൂലം നൽകുകയും ചെയ്തു. പിന്നീട് മോദി സർക്കാർ മനുഷ്യാവകാശ കമ്മീഷനും മറ്റും മുന്നിൽ ഈ മുസ്ലിങ്ങളുടെ സംരക്ഷണം കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാൽ, പിന്നീട് കുറെ മുസ്ലിം അഭയാർത്ഥികളെ ക്യാമ്പിൽ പ്രവേശിപ്പിക്കാൻ ഈ ഓഫിസർമാർ തയ്യാറായില്ല. ലോക്കൽ ബി.ജെ.പി. നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവർ ഈ നിലപാട് എടുത്തതെന്നാണ് ഞാൻ അറിഞ്ഞത്. നരോദപാട്യയിൽ കൊല്ലപ്പെട്ട 96 പേരിൽ ഭൂരിപക്ഷവും ഇങ്ങനെ പുറത്താക്കപ്പെട്ടവരായിരുന്നു. ഇതിനുള്ള പ്രത്യുപകാരമെന്നോണം ഖുർഷിദിനെ സൂററ്റ് സിറ്റിയിൽ ഡെപ്യൂട്ടി കമ്മീഷണറും അദ്ദേഹത്തിന്റെ ഭാര്യ ഷാമിന ഹുസൈനെ (ഐ.എ.എസ്. 1997 ബാച്ച്) വത്സദ് ജില്ലയിൽ ജില്ലാ വികസന ഓഫിസറായും നിയമിച്ചു. വലിയ ഡിമാന്റ് ഉള്ള പോസ്റ്റുകളാണിത്.
വിവിധ തലങ്ങളിലാണ് കലാപങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും. ആദ്യഘട്ടത്തിൽ വരുന്നത് സംഘാടകരാണ്. മോദി അടക്കമുള്ള ഉന്നത നേതൃത്വം. രണ്ടാം ഘട്ടത്തിൽ കലാപം പ്ലാൻ ചെയ്യുന്നവർ. പാർട്ടിയുടെ ജില്ലാതല നേതാക്കളാണ് ഇതിൽ വരുന്നത്. മൂന്നാമത്തെ കൂട്ടരാണ് കലാപത്തിനുള്ള ആയുധങ്ങൾ നൽകുന്നത്. ഗ്യാസ് സിലിണ്ടറും മറ്റ് മാരകായുധങ്ങളും ഇവരാണ് നൽകുന്നത്. പാർട്ടിയുടെ ലോക്കൽ നേതാക്കളാണ് ഈ പട്ടികയിലുണ്ടാവുക. ഏറ്റവും അടിത്തട്ടിലാണ് കലാപം നടത്തുന്നവർ. ഇവരെയാണ് പ്രത്യേക അന്വേഷണ സംഘം കൂടുതലായും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവരിൽ 120 പേർ പിന്നീട് ശിക്ഷിക്കപ്പെട്ടു. എന്നാൽ, അതിനും മുകളിലുള്ള ആസൂത്രകരും സംഘാടകരും നിയമത്തിന്റെ പിടിയിൽനിന്ന് വിദഗ്ദ്ധമായി രക്ഷപ്പെട്ടു. കലാപങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സംഘപരിവാറിനുള്ള മികവ് കാണാതിരിക്കാനാവില്ല. ഇരുന്നൂറോളം കേസുകളിൽ തെളിവില്ലെന്ന് പറഞ്ഞ് ആരെയും അറസ്റ്റ് ചെയ്തില്ല. ഹിന്ദുത്വയുടെ പരീക്ഷണശാലയായാണ് സംഘപരിവാർ ഗുജറാത്തിനെ കണ്ടത്. ഈ സംഭവങ്ങളെല്ലാം നടന്നതിന് ശേഷം സംഘപരിവാറിലെ ഒരു ഉന്നതൻ പറഞ്ഞത് ''Now , we will declare Gujarat as the exhibition hall of Hindutva'' എന്നാണ്. മോദിയെ ഇപ്പോൾ പരിവാർ വിശേഷിപ്പിക്കുന്നത് ശിവജി രണ്ടാമൻ, ഹിന്ദു ഹൃദയസാമ്രാട്ട് എന്നൊക്കെയാണന്നും നമ്മൾ മറക്കരുത്.
ഇടയ്ക്ക് ഒരു കാര്യം ചോദിച്ചോട്ടെ. മോദി ഉദ്യോസ്ഥരോട് ഗുജറാത്തിയിലാണോ ഹിന്ദിയിലാണോ സംസാരിക്കുന്നത്?
കൂടുതലും ഹിന്ദിയിലാണ്. അദ്ദേഹം 19 വർഷത്തോളം ആർ.എസ്.എസ്. പ്രചാരകനായിരുന്നു. ഇത്രയും കാലം പ്രചാരകനായിരുന്ന ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് ഇതാദ്യമായാണ്. ഹിന്ദി അദ്ദേഹത്തിന് നന്നായി വഴങ്ങും. ഗുജറാത്തിൽ പൊതുയോഗങ്ങളിലാണ് മോദി കൂടുതലായും ഗുജറാത്തിയിൽ സംസാരിക്കുക.
താങ്കൾക്ക് ഗുജറാത്തി എങ്ങനെയാണ്?
എനിക്ക് ഗുജറാത്തി എഴുതാനും വായിക്കാനും നന്നായി അറിയാം.
2202 ഏപ്രിൽ എട്ടിനാണ് താങ്കൾ ഗുജറാത്തിൽ ഇന്റലിജൻസ് മേധാവിയുടെ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിക്കപ്പെടുന്നത്. സെപ്റ്റംബർ 17-ന് താങ്കളെ അവിടെനിന്നും തീർത്തും അപ്രധാനമായ മറ്റൊരു പദവിയിലക്കേ് മാറ്റുകയും ചെയ്തു?
ഗുജറാത്ത് കലാപത്തിന് ശേഷം നടത്തിയ ഗൗരവ് യാത്രയ്ക്കിടെ മോദി വർഗ്ഗീയത ഇളക്കിവിടുന്ന രീതിയിൽ മുസ്ലിങ്ങളെ അധിക്ഷേപിച്ചിരുന്നു. ഇത് ഞാൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഒരു പകർപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷനും അയച്ചുകൊടുത്തു. ഇത് ചെയ്യരുതെന്നാവശ്യപ്പെട്ട് ഡി.ജി.പി. എനിക്ക് രേഖാമൂലം നിർദ്ദേശം നൽകി. എന്നാൽ, ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഞാൻ ഡി.ജി.പിയോട് പറഞ്ഞു. ഡി.ജി.പി. ചക്രവർത്തി വാസ്തവത്തിൽ ഒരു പാവമായിരുന്നു. മുകളിൽനിന്നുള്ള സമ്മർദ്ദം കാരണമാണ് അദ്ദേഹം അങ്ങിനെ ഒരു ഉത്തരവിട്ടത്. ഞാൻ അത് തള്ളിക്കളഞ്ഞതോടെ രാത്രിക്ക് രാത്രി എനിക്ക് സ്ഥലം മാറ്റമായി. രാത്രി ഒന്നര മണിയോടെയാണ് ഒരു പോലിസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തി എനിക്ക് സ്ഥലംമാറ്റ ഉത്തരവ് കൈമാറിയത്.
(തുടരും)
Content Highlights: R.B. Sreekumar, RBS, Gujarat DGP, Godhra Train Fire, Narendra Modi, Arrest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..