2002-ലെ ഗുജറാത്ത് കലാപത്തെ അതിജീവിച്ച ഒരാളുടെ ഓർമക്കുറിപ്പുകളാണ് സാറാ ചൗധരിയുടെ 'ദ ലക്കി വൺസ്'. പുസ്തകത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം.

To advertise here,

ഭാഗ്യം ചെയ്തവർ എന്നാണ് സാറ ചൗധരി തന്നെയും ഉറ്റ ബന്ധുക്കളെയും കുറച്ച് സുഹൃത്തുക്കളേയും വിശേഷിപ്പിക്കുന്നത്. സാറയുടെ പുസ്തകം 'The Lucky Ones' പുറത്തിറങ്ങിയത് 2024-ലാണ്. പക്ഷേ, ഈ ജനുവരിയിൽ 2026-ന്റെ തുടക്കത്തിലാണ് സാറയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും ആദ്യമായി കേട്ടത്. കഴിഞ്ഞ വർഷം മനസ്സിനെയും ഹൃദയത്തെയും തൊട്ട പുസ്തകങ്ങളെക്കുറിച്ച് ഇന്ത്യയിൽ അറിയപ്പെടുന്ന കുറച്ചുപേരുടെ അഭിപ്രായങ്ങൾ ഹിന്ദു ദിനപ്പത്രം കൊടുത്തിരുന്നു. ശശി തരൂർ ഉൾപ്പെടെ പലരും എടുത്തുപറഞ്ഞ ഒരു പുസ്തകം അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' ആയിരുന്നു. മേരി റോയിയെക്കുറിച്ച് മകൾ എഴുതുന്ന പുസ്തകം.

അടുത്ത കാലത്തൊന്നും ഇത്രയധികം മനസ്സ് കവർന്ന മറ്റൊരു പുസ്തകമുണ്ടായിരുന്നില്ല. ആദ്യവസാനം ഒറ്റയിരുപ്പിൽ വായിച്ചുപോകും. അമ്മയുടെ മാത്രം കഥയല്ല ‘മദർ മേരി കംസ് ടു മീ’. അത് മകളുടെയും കഥയാണ്, അരുന്ധതിയുടെ സഹോദരൻ ക്രിസ്റ്റഫറിന്റെയും അമ്മാവൻ ഐസക്കിന്റെയും കഥയാണ്, പിതാവ് റോയിയുടെയും പ്രദീപ് ക്രിഷന്റെയും പല പല മനുഷ്യരുടെയും കഥയാണ്. കോട്ടയവും മീനച്ചിലാറും ഡൽഹിയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും നമുക്ക് മുന്നിൽ മനുഷ്യജീവിതങ്ങളുടെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ആഖ്യായികകൾ നിവർത്തിയിടുന്നു. എന്തൊരു അനുഭവം, എന്തൊരു ഭാഷ എന്ന് അറിയാതെ പറഞ്ഞുപോകുന്നു. അരുന്ധതി എങ്ങനെയാണ് അരുന്ധതിയാവുന്നതെന്ന് ഈ ആത്മകഥ പറഞ്ഞുതരും.

ടി.ജെ.എസ്. ജോർജിനെക്കുറിച്ചും ഭാര്യ അമ്മുവിനെക്കുറിച്ചും മകൻ ജീത് തയ്യിൽ എഴുതിയ എൽസ്‌വേറിയൻസ് എന്ന പുസ്തകവും ഇതോടൊപ്പം വായിച്ചു. ടി.ജെ.എസ്സിനെക്കുറിച്ച് ഒട്ടേറെ ഉൾക്കാഴ്ചകൾ ജീത് തയ്യിൽ പകരുന്നുണ്ട്. വിയറ്റ്‌നാമിൽ പിതാവിനുണ്ടായിരുന്ന പ്രണയിനിയെത്തേടി മകൻ നടത്തുന്ന യാത്ര അവിസ്മരണീയമാണ്. അവരുമായി നേർക്ക് നേർ വരുന്ന നിമിഷം ജീത് എഴുതുന്നതിനെ അസാധ്യം എന്നേ പറയാനാവൂ. പക്ഷേ, ഇടയ്ക്ക് വെച്ച് ജീതിന് താളം തെറ്റുന്നതുപോലെ തോന്നി. കുറച്ചു കൂടി മികച്ച എഡിറ്റിങ്ങിൽ ഒന്നുകൂടി ചെത്തി ഒതുക്കിയിരുന്നെങ്കിൽ എൽസ്‌വേറിയൻസ് ശരിക്കും ഒരു മാഗ്‌നം ഒപ്പസ് ആകുമായിരുന്നു.

ഉമർ ഖാലിദിനെ തൊട്ട പുസ്തകം
മോദി സർക്കാർ അഞ്ചര വർഷത്തോളമായി തിഹാർ ജയിലിൽ തടവിലാക്കിയിരിക്കുന്ന ഉമർ ഖാലിദ്, ഹിന്ദുവിൽ തനിക്ക് വായിക്കാൻ കഴിഞ്ഞ മികച്ച പുസ്തകങ്ങളെക്കുറിച്ച് എഴുതിയത് വലിയ ജിജ്ഞാസയോടെയാണ് വായിച്ചത്. ഉമർ പരാമർശിച്ച പുസ്തകം 'The Lucky Ones' ആയിരുന്നു. 'Reading it brought back many memories of my own childhood of witnessing the first televised riot of India; how I started feeling the weight of our identity. It was as if the entire world was looking at you, talking about you, obsessing about you, caricaturing you. But at the same time if you were to be killed tomorrow, your personhood, you as an individual, will be forgotten. The book moved me to tears.' സാറയുടെ പുസ്തകം വായിച്ച് കരഞ്ഞുപോയെന്നാണ് ഉമർ എഴുതിയത്. ഉമറിനെ തൊട്ട പുസ്തകം മോശമാവില്ല എന്ന് മനസ്സ് പറഞ്ഞു. സാറയുടെ പുസ്തകം ഓർഡർ ചെയ്യാൻ പിന്നെ ഒട്ടുംതന്നെ താമസമുണ്ടായില്ല.

സാറയുടെ പുസ്തകവും ആത്മകഥയാണ്. അരുന്ധതിയെപ്പോലെ, ജീത് തയ്യിലിനെപ്പോലെ സാറ ചൗധരിയും അവരുടെ ജീവിതം എഴുതുന്നു. പക്ഷേ, സാറയുടെ രചന ഇവർ രണ്ടുപേരുടേതിൽനിന്നു വ്യത്യസ്തമാണ്. കാരണം അത് ജീവിതത്തിന്റെ പുസ്തകമെന്നതുപോലെ തന്നെ മരണത്തിന്റെയും പുസ്തകമാവുന്നു. ജീവിതത്തിന്റെ മുനമ്പിൽ നിന്നാണ് അരുന്ധതിയും ജീതും ഓർമക്കുറിപ്പുകൾ എഴുതുന്നതെങ്കിൽ സാറ എഴുതുന്നത് മരണത്തിന്റെ മുനമ്പിൽ നിന്നുകൊണ്ടാണ്. ‘മദർ മേരി കംസ് ടു മി’ വായിച്ചുകഴിയുമ്പോൾ ആത്മകഥകൾ എങ്ങനെയാണ് സാഹിത്യത്തിലെ പ്രകൃഷ്ട കൃതികളാവുന്നത് എന്ന് നമ്മൾ അറിയും.

ഇനി എന്നാണ് ഇത്തരമൊരു ആത്മകഥയുണ്ടാവുക എന്നും നമ്മൾ ചോദിച്ചുപോവും. പക്ഷേ, സാറയുടെ പുസ്തകം ഈ അതിശയങ്ങൾ മായ്ക്കുന്നു, ഓരോ ജീവിതവും എത്രമാത്രം വിചിത്രവും ഗാഢവുമാണെന്ന് നമ്മോട് പറയുന്നു. ഓരോ തലമുറയ്ക്കും ഓരോ ജനതയ്ക്കും അവരുടേതായ അരുന്ധതിമാരുണ്ടാവുന്നുണ്ട്. അനുഭവങ്ങളുടെ തീക്കനലുകളിൽ ചൂട്ടെടുക്കപ്പെടുന്ന ഭാഷയിൽ അവർ എഴുത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും തീർക്കുന്നു. വെറും ഭാഗ്യംകൊണ്ടു മാത്രം മരണത്തിൽനിന്ന് രക്ഷപ്പെട്ടവരാണ് സാറയും കുടുംബവും. 2002-ലെ ഗുജറാത്ത് കലാപത്തിൽ മറ്റ് ഒട്ടേറെ മുസ്ലിങ്ങളെപ്പോലെ മരണത്തിന്റെ കച്ചവടക്കാരുടെ കൈകളിൽ സാറയും കുടുംബവും എപ്പോൾ വേണമെങ്കിലും അകപ്പെടാമായിരുന്നു.

ജാസ്മിൻ സി - 8 
അഹമ്മദാബാദിൽ 2002 ഫെബ്രുവരി 27-ന് വൈകീട്ട് ഏഴ് മണിക്ക് അമ്മയെ കാത്തിരിക്കുന്ന ഒരു 16-കാരിയുടെ ആകാംക്ഷയിലും ആശങ്കയിലുമാണ് ‘ദ ലക്കി വൺസ്’ തുടങ്ങുന്നത്. സാറയുടെ അമ്മ പുറത്ത് പോയിട്ട് തിരിച്ച് വന്നിട്ടില്ല. കുറച്ചു മുമ്പാണ് ഗോധ്രയിൽ ഒരു തീവണ്ടിയിൽ തീപിടിത്തമുണ്ടായതും അമ്പതോളം പേർ വെന്ത് മരിച്ചതായുമുള്ള വാർത്ത ടിവി ചാനലുകൾ ഫ്‌ളാഷ് ചെയ്യാൻ തുടങ്ങിയത്. അയോധ്യയിൽനിന്ന് മടങ്ങിയ കർസേവകരാണ് തീവണ്ടിയിലുണ്ടായിരുന്നതെന്നും ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രി മോദിയുടെ പ്രഖ്യാപനവും ടിവി സ്‌ക്രീനിൽ തെളിഞ്ഞുകൊണ്ടിരിക്കുന്നു. സാറയുടെ പിതാവ് സഹീർ വീടിനുള്ളിൽ വെപ്രാളപ്പെട്ട് നടക്കുന്നു. സഹീറിന്റെ അമ്മ, സാറയുടെ ദാദി പ്രാർത്ഥനയിലാണ്. ഒരു കലാപം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം. ഈ അമ്മ ഇതെവിടെപ്പോയി കിടക്കുകയാണ്... സാറയും അനിയത്തി മിസ്ബയും ഉൾക്കിടിലത്തോടെ പുറത്തേക്ക് നോക്കുന്നു. ജാസ്മിൻ എന്ന് പേരുള്ള ഫ്‌ളാറ്റ് സ്മുച്ചയത്തിലെ എട്ടാം നിലയിലാണ് സാറയുടെ വീട്. വീടിന്റെ ബാൽക്കണിയിൽനിന്ന് നോക്കിയാൽ വലിയ ദൂരത്തോളം തെരുവ് കാണാം. റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു. അപ്പോൾ എട്ടാം നിലയിൽ ലിഫ്റ്റ് വന്നു നിൽക്കുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്ന് സാറയുടെ അമ്മ. ഇരു കൈകളിലും സഞ്ചികൾ. പച്ചക്കറികളും മുട്ടയും ഇറച്ചിയും. കർഫ്യൂ ഉണ്ടായേക്കാമെന്ന ഭീതിയിൽ ഒരാഴ്ചത്തേക്കെങ്കിലുമുള്ള സാധനങ്ങളുമായാണ് താൻ വന്നിരിക്കുന്നതെന്ന് സാറയുടെ അമ്മ രുക്‌സാന പറയുന്നു.

പിന്നീടങ്ങോട്ട് കലാപത്തിന്റെ വരവാണ്. ഗുജറാത്തിലെ തെരുവുകളിൽ കലാപം കത്തിപ്പടരുന്നു. നരോദ്യപാട്യയിൽനിന്നും ഗുൽബർഗ് സൊസൈറ്റിയിൽനിന്നും മരണത്തിന്റെ കാറ്റ് ആഞ്ഞുവീശുന്നു. എഹ്‌സാൻ ജെഫ്രി എന്ന മുൻ കോൺഗ്രസ് എംപിയെയും കൂടെയുള്ളവരേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ വാർത്തകൾ വരുന്നു. ബിൽക്കിസ് ബാനുവിനും കുടുംബത്തിനുമുണ്ടായ ദുരന്തം കേട്ട് സാറയും കുടുംബവും അസ്ത്രപ്രജ്ഞരാവുന്നു. എപ്പോൾ വേണമെങ്കിലും കലാപകാരികൾ സാറയുടെ വീടിരിക്കുന്നിടത്തേക്കുമെത്താം. പക്ഷേ, സാറയുടെ പരിസരത്ത് മുസ്ലിങ്ങൾ കൂടുതലാണ്. പുഴയുടെ അപ്പുറത്ത് ഹിന്ദുക്കളാണ് കൂടുതലെങ്കിൽ പാലത്തിനിപ്പുറത്ത് മുസ്ലിങ്ങൾക്കാണ് ഭൂരിപക്ഷം.

പല പല ജീവിതങ്ങൾ 
കലാപകാരികളെയല്ല കലാപത്തിനിരയാവുന്നവർക്ക് നേരെയാണ് പോലീസ് വെടിവെയ്ക്കുന്നതെന്ന റിപ്പോർട്ടുകൾ വരുന്നു. പട്ടാളം അടുത്ത ദിവസംതന്നെ അഹമ്മദാബാദിലെത്തിയെങ്കിലും സംസ്ഥാന സർക്കാർ സഹകരിക്കാതിരുന്നതിനാൽ തെരുവിലിറങ്ങി നിയമവാഴ്ച നടപ്പാക്കാൻ പട്ടാളത്തിന് പിന്നെയും ദിവസങ്ങൾ വേണ്ടി വരുന്നു. അതിനിടയിൽ കലാപകാരികൾ സാറയുടെ വീടിരിക്കുന്ന ഭാഗത്തേക്കുമെത്തുന്നു. പക്ഷേ, അവിടെയുള്ള സാധാരണക്കാരായ മുസ്ലിങ്ങൾ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. പുറത്തുനിന്നുവരുന്ന കലാപകാരികൾക്ക് ഈ ചെറുത്തുനിൽപ് ഭേദിക്കാനാവുന്നില്ല. വീടിനുള്ളിൽ സാറയും അനിയത്തിയും സാറയുടെ പിതാവിന്റെ സഹോദരിയുടെ മകളും പേടിച്ചരണ്ട് കട്ടിലിനടയിൽ ഒളിക്കുന്നു. ബിൽക്കിസ് ബാനുവിനെ ചീന്തിയെറിഞ്ഞതുപോലെ തന്നെയും കീറിപ്പറിക്കുമെന്ന് സാറ ഉറപ്പിക്കുന്നു. എങ്ങനെയാണ് രക്ഷപ്പെടാനാവുക? പിതാവിന് തങ്ങളെ സംരക്ഷിക്കാനാവുമോ? കലാപകാരികൾ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് കടന്നാൽ ഏതെങ്കിലും വഴിയിലൂടെ ഓടി രക്ഷപ്പെടാൻ ആവുമോ?

‘ദ ലക്കി വൺസ്’ ഒരൊറ്റ ജീവിതമല്ല പറയുന്നത്. ഒരു വീട്ടിനുള്ളിൽ ഭാര്യയും ഭർത്താവും ജീവിക്കുന്ന വ്യത്യസ്ത ലോകങ്ങൾ, അതിനിടയിൽ കുട്ടികൾ നേരിടുന്ന അസ്തിത്വ പ്രതിസന്ധികൾ ഇവയെല്ലാം തന്നെ അങ്ങേയറ്റം ആർദ്രമായും തീവ്രമായും സാറ എഴുതുന്നു. ആഴ്ചകളോളം മാറ്റിവെച്ച ശേഷം എസ്എസ്എൽസി പരീക്ഷയ്ക്കായി സാറ പോകുന്നത് ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാവൂ. പോകുന്ന വഴിയിൽ, പരീക്ഷാഹാളിനുള്ളിൽ താൻ ആക്രമിക്കപ്പെടുമെന്ന ഭീതിയാണ് ആ പതിനാറുകാരിയെ ചൂഴ്ന്നു നിൽക്കുന്നത്.

പരീക്ഷാഹാളിൽ ഇൻവിജിലേറ്റർ തന്റെ ഹാൾ ടിക്കറ്റിലേക്ക് നോക്കി പേര് ഉറക്കെപ്പറയുമോ എന്ന പേടി ഉള്ളിന്റെയുള്ളിൽ തേരട്ടയെപ്പോലെ ഇഴയുന്നു. ഈ വർഷം പരീക്ഷ എഴുതാതിരുന്നുകൂടെ എന്ന ബന്ധുക്കളുടെ നിർദേശം അനുസരിക്കാതിരുന്നത് മണ്ടത്തരമായോ എന്ന ചിന്തയിൽ സാറയുടെ ഉള്ള് പിടയുന്നു. പരീക്ഷയല്ല, ജീവനാണ് കൂടുതൽ വലുത് എന്ന് അവളോട് ആരൊക്കെയോ വിളിച്ചുപറയുന്നു. എന്നിട്ടും സാറ പരീക്ഷ എഴുതുന്നു, ജീവൻ കൈയിൽപിടിച്ചുകൊണ്ട്.

ഒരു പരീക്ഷയുടെ ഓർമ
പരീക്ഷ എഴുതാൻ എത്തിയവരിൽ ഒരാളെ സാറ തിരിച്ചറിയുന്നു. സാറയുടെ സുഹൃത്ത് സാബ. ''നീ ഒകെ അല്ലേ?'' സാബ ചോദിക്കുന്നു. സുഹൃത്തിനെ ജീവനോടെ കാണാനായതിന്റെ സന്തോഷാശ്രുക്കളോടെ സാറ തലകുലുക്കുന്നു, രണ്ടു പേരും കെട്ടിപ്പിടിക്കുന്നു. മുസ്ലിം പേരുകൾ ഒരിക്കലും പരസ്യമായി വിളിക്കരുതന്ന് സാറയ്ക്കും സുഹൃത്തുക്കൾക്കും നിർദേശം കിട്ടിയിട്ടുണ്ട്. തങ്ങളെ അറിയാവുന്ന ആരെങ്കിലും തങ്ങളുടെ പേര് ഉറക്കെ വിളിച്ച് അടുത്തേക്ക് വരുമോ എന്ന ഭീതിയിലാണ് സാറയും സാബയും. പെട്ടെന്ന് ആരോ വിളിക്കുന്നു ''സാബ'' അവരുടെ സ്‌കൂളിൽനിന്നുള്ള മറ്റൊരു പെൺകുട്ടിയാണ്. സാറ സാബയെ നോക്കുന്നു. സാബയുടെ മുഖം വിളറി വെളുത്തിരിക്കുന്നു. ''ബ്ലഡി ഇഡിയറ്റ്'' സാറയുടെ പിതാവ് സഹീർ പിറുപിറുക്കുന്നു. ഭാഗ്യത്തിന് പരീക്ഷയ്ക്കുള്ള സമയമായി എന്നറിയിച്ച് മണി മുഴങ്ങുന്നു. സാബയും സാറയും ഹാളിനുള്ളിലേക്ക് കയറുന്നു. അപ്പോൾ പിതാവ് സഹീർ മകളോട് പറയുന്നു; ''തല കുനിച്ചുപിടിച്ച് എഴുതിക്കൊണ്ടേയിരിക്കുക.''

മരണം അടുത്തെത്തിയാൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് താൻ പലവട്ടം ആലോചിച്ചിട്ടുണ്ടെന്ന് സാറ എഴുതുന്നുണ്ട്. തെരുവിൽ കലാപകാരികൾ ഉദ്‌ഘോഷിക്കുന്നു: ''ആ പട്ടികളെ കൊല്ലൂ, കുത്തിക്കീറൂ.'' സാറ തുടർന്നെഴുതുന്നു; ''മരണം ഇത്രയും ഊർജ്ജത്തോടെ അടുത്തേക്ക് വരുമ്പോൾ നിങ്ങളുടെ ശരീരവും മനസ്സും മരവിപ്പിലേക്കാഴുന്നു. അപ്പോൾ എത്ര വലിയ വേദനയും നിങ്ങളെ സ്പർശിക്കില്ല. എന്റെ കൈൾക്കും കാലുകൾക്കും സ്പർശനശേഷി നഷ്ടപ്പെടുന്നത് എനിക്ക് തിരിച്ചറിയാനാവും. എന്റെ ശരീരത്തിന് സംഭവിക്കുന്ന ഒരു സംഗതി മാത്രമാണ് ബലാത്സംഗം എന്ന് എന്റെ തലച്ചോറ് എന്നോട് പറയുന്നു. മരണം അവസ്ഥയിലുണ്ടാവുന്ന മാറ്റം മാത്രമാണ്. ഒരു ദിവസം നിങ്ങൾ ശരീരമാണ്, അടുത്ത നിമിഷം ഓർമയും. മരണത്തെ നേരിടുന്നതെങ്ങിനെയാണെന്ന് കിടക്കയിൽ കിടന്നുകൊണ്ട് പലവട്ടം ഞാൻ എന്നെത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ മനസ്സിനെ എന്റെ ശരീരത്തിൽനിന്ന് വിമുക്തമാക്കണം. അതങ്ങനെ ഒഴുകി ഒഴുകി മുകളിലേക്ക് പോകുമ്പോൾ എനിക്ക് എന്നത്തന്നെ വേറിട്ട് കാണാനാവും. എനിക്ക് ചിലപ്പോൾ ഒന്നും തോന്നില്ല. ചിലപ്പോൾ ഞാൻ ഒന്നുമോർത്തേക്കില്ല.''

പിതൃ ഘടികാരം
പിതാവുമായുള്ള തന്റെയും അമ്മയുടെയും ആത്മസംഘർഷങ്ങൾ സാറ വിവരിക്കുന്നത് ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെയാണ്. അമേരിക്കയിൽ നിന്ന് എംബിഎ എടുത്ത ശേഷം ഗുജറാത്തിൽ തിരിച്ചെത്തി ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡിൽ മാനേജരായി ജോലിക്ക് കയറിയ സഹീറിനെ കാത്തിരിക്കുന്നത് വിവേചനങ്ങളും പീഡനങ്ങളുമാണ്. ഹിന്ദുത്വയുടെ പരീക്ഷണശാലയായി മാറിയ ഒരു സംസ്ഥാനത്ത് ഒരു മുസ്ലിം ഉദ്യോഗസ്ഥൻ നേരിടുന്ന പ്രതിസന്ധികൾ അയാളെ മുഴുക്കുടിയനാക്കുന്നു. സത്യസന്ധനായ, ഒരു ചില്ലിക്കാശുപോലും കൈക്കൂലി വാങ്ങാത്ത സഹീർ അടിക്കടി സ്ഥലം മാറ്റങ്ങൾക്ക് വിധേയനാവുന്നു. സഹീറിന്റെ പിതാവ് പഞ്ചാബ് സ്വദേശിയാണ്. വിഭജനക്കാലത്ത് പഞ്ചാബിലെ വീട്ടിൽനിന്നും ഒളിച്ചോടി ബേംബെയ്ക്ക് വന്നയാൾ. അദ്ദേഹം പിന്നീട് ആദായ നികുതി വകുപ്പിൽ ഉയർന്ന് ഉദ്യോഗസ്ഥനാവുന്നു. അദ്ദേഹത്തിന്റെ അമ്മയും സഹോദരങ്ങളും അതേസമയം പാകിസ്താനിലുള്ള പഞ്ചാബിലേക്ക് കുടിയേറുന്നു.

സഹീറിന്റെ അമ്മ ഗുജറാത്തിയാണ്. ഭാര്യ രുക്‌സാനയുടെ പിതാവ് തമിഴ് വംശജനും അമ്മ കൊങ്കൺ സ്വദേശിയുമാണ്. ഇന്ത്യയുടെ സാകല്യാവസ്ഥ സാറയിലുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. രുക്‌സാനയുടെ പിതാവ് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ പല ദേശങ്ങളിലായിട്ടായിരുന്നു രുക്‌സാനയുടെ പഠനം. ഗുജറാത്തിൽനിന്നുള്ള വിവാഹാലോചന വരുമ്പോൾ രുക്‌സാനയുടെ പിതാവ് ജീവിച്ചിരിപ്പില്ല. മകൾക്ക് കൂടുതൽ വിശാലമായ ലോകം തുറന്നു കിട്ടുമെന്നു കരുതിയാണ് രുക്‌സാനയുടെ അമ്മ ഈ കല്ല്യാണത്തിന് മുൻകൈ എടുക്കുന്നത്. പക്ഷേ, അഹമ്മദാബാദിൽ സ്വയം അന്യവൽക്കരിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ഭാര്യയായി രുക്‌സാനയ്ക്ക് സംഘർഷങ്ങൾ ഒഴിഞ്ഞ ദിവസങ്ങളേയില്ല.

ഓഫീസിലെ വിവേചനങ്ങൾ സഹീറിനെക്കൊണ്ട് വിആർഎസ് എടുപ്പിക്കുന്നു. അതോടെ, അയാൾ കൂടുതൽ കൂടുതൽ മദ്യപാനത്തിലേക്ക് നീങ്ങുന്നു. ഗുജറാത്ത് കലാപം കഴിഞ്ഞ് നാല് വർഷങ്ങൾക്കപ്പുറം അർബുദം ബാധിച്ച് 53-ാമത്തെ വയസ്സിലാണ് സഹീർ മരിക്കുന്നത്.

2002 മെയിൽ പത്താം ക്ലാസ് പരീക്ഷാ ഫലം വരുന്നതിന് മുമ്പേ സാറയും സഹോദരി മിസ്ബയും അമ്മ രുക്‌സാനയും തീവണ്ടിയിൽ ചെന്നൈക്ക് പോകുന്നു. അവിടെ രുക്‌സാനയുടെ അമ്മയുണ്ട്. രുക്‌സാനയുടെ സഹോദരങ്ങൾ അമേരിക്കയിലാണ്. ഗുജറാത്ത് അതിർത്തി വിട്ട് മഹാരാഷ്ട്രയിലേക്ക് തീവണ്ടി എത്തി എന്നറിയുമ്പോൾ ടിക്കറ്റ് പരിശോധകനോട് ഉറക്കെ തങ്ങളുടെ മുസ്ലിം പേരുകൾ വിളിച്ചു പറയുന്ന രുക്‌സാനയെ സാറ വിവരിക്കുന്നുണ്ട്. അതൊരു വല്ലാത്ത നിമിഷമാണ്. സ്വന്തം സ്വത്വം ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഈ ലോകത്തോട് ഒരു ഇന്ത്യൻ മുസ്ലിം കുടുംബം വിളിച്ചു പറയുന്ന നിമിഷം.

അമ്മ ഒരു രാഷ്ട്രമാണ്
തമിഴകം എങ്ങനെയാണ് ഇന്ത്യയുടെ ബഹുസ്വരതയുടെ കാവലാളും പ്രതിനിധിയും ആവുന്നതെന്ന് സാറ എഴുതുന്നുണ്ട്. ദക്ഷിണേന്ത്യ എങ്ങനെയാണ് ഉത്തരേന്ത്യയിൽനിന്നു വ്യത്യസ്തമാവുന്നതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തങ്ങളെന്നും സാറ എഴുതുന്നു. പിന്നീട് രണ്ടേ രണ്ട് തവണ മാത്രമാണ് സാറ അഹമ്മദാബാദിലെ സി എട്ട് ജാസ്മിനിലേക്ക് വരുന്നത്. മരണം കാത്തുകിടക്കുന്ന പിതാവ് സഹീറിനെ കാണുന്നതിനായിരുന്നു ആദ്യത്തെ വരവ്. അമേരിക്കയിൽ പഠനം കഴിഞ്ഞ് ജോലിയൊക്കെയായായ ശേഷമായിരുന്നു രണ്ടാം യാത്ര. ഗുജറാത്താണ് നമ്മുടെ നാടെന്നും നമ്മൾ ഇവിടെയാണ് ജനിച്ചതെന്നും ഇവിടെത്തന്നെ മരിക്കുമെന്നും സഹീർ മകളോട് പറയാറുണ്ടായിരുന്നു. അമേരിക്കയ്ക്ക് കുടിയേറാനുള്ള പേപ്പറുകൾ കീറിയെറിഞ്ഞുകൊണ്ടാണ് സഹീർ അങ്ങനെ പറഞ്ഞത്.

സാറയുടെ പുസ്തകം ആത്യന്തികമായി സ്‌നേഹത്തിന്റെ പുസ്തകമാണ്. അതിജീവനത്തിന്റെയും പ്രത്യാശയുടെയും പുസ്തകമാണ്. വെറുപ്പല്ല, ആർദ്രതയും അനുതാപവുമാണ് ഈ പുസ്തകത്തിന്റെ ഏടുകളിൽ എഴുന്നുനിൽക്കുന്നത്. ഗുജറാത്തിലെ മാത്രമല്ല, വടക്കേ ഇന്ത്യയിൽ മൊത്തത്തിൽ മുസ്ലിങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ഇത്രയും ആഴത്തിൽ നമ്മളെ തൊടുന്ന രചനകൾ അധികമില്ല. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് സാറ പരാമർശിക്കുന്നുണ്ട്. നാസികൾ മരണത്തിലേക്കെറിയുമ്പോൾ ആനിന് 15 വയസ്സായിരുന്നു പ്രായം. മരണത്തിന്റെ മുനമ്പിൽനിന്ന് രക്ഷപ്പെടുമ്പോൾ സാറയ്ക്ക് പതിനാറും. അമ്മയ്ക്കും വിശുദ്ധനായ സൂഫിക്കുമാണ് സാറ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

അമ്മമാരാണ് നമ്മുടെ ആദ്യരാഷ്ട്രമെന്ന് സാറ പറയുന്നു. അമ്മ എന്ന മണ്ണിലാണ് നമ്മുടെ കാലടികൾ മുളപൊട്ടുന്നത്. വീടിനുള്ളിലും പുറത്തും അമ്മ നടത്തിയ പോരാട്ടങ്ങൾ ഏറിയ കൂറും നിശ്ശബ്ദമായിട്ടായിരുന്നുവെന്ന് സാറ ഓർക്കുന്നു. രണ്ട് പെൺമക്കൾക്കായി, അവരുടെ മുന്നേറ്റത്തിനായി സ്വയം സമർപ്പിച്ച ജീവിതം. 'The Lucky Ones' നമ്മളെ കടഞ്ഞെടുക്കുന്നു. വിഷവും അമൃതും പുറത്തേക്ക് വരുന്നു. മനസ്സിനെ വിമലീകരിക്കുന്ന ദുരന്ത കഥാനുഗായികളെക്കുറിച്ച് അരിസ്റ്റോട്ടിൽ എഴുതിയത് എത്ര കൃത്യമായിരുന്നു. സാറയുടെ ആത്മകഥ വായിച്ചുതീരുമ്പോൾ കയ്പല്ല ഈ ഭൂമിയിൽ ഇനിയും ജീവിക്കാനുള്ള ത്വര തന്നെയാണ് ബാക്കിയാവുന്നത്. നന്ദി, സാറ ഇത്രയും ആർദ്രമായി ഗുജറാത്തിനെയും ഇന്ത്യയെയും എഴുതിയതിന്.