അഫ്ഗാനിസ്താൻ താഴ്‌വരകളിൽ ഇപ്പോഴും കറപ്പുചെടികൾ പൂക്കുന്നുണ്ട്. ചുവപ്പും വെള്ളയും പിങ്കും നിറത്തിൽ മനോഹരമായ പൂക്കൾ വിടർത്തുന്ന ഒപിയം പോപ്പി. പക്ഷേ, മുമ്പത്തെപോലെ സമൃദ്ധമല്ല. കറപ്പിന്റെ സുവർണകാലത്തിന് താത്കാലികമെങ്കിലും ഇടവേള വന്നിരിക്കുന്നു. ഹെറോയിന്റെ പ്രധാന അസംസ്കൃത വസ്തുവായ കറപ്പ് ഒളിയും മറയുമില്ലാതെ തുറന്ന പാടങ്ങളിൽ കൃഷി ചെയ്തുപോന്നവരാണ് അഫ്ഗാനികൾ. ഭക്ഷ്യവിളകളേക്കാൾ കറപ്പെന്ന നാണ്യവിളയെ മുറുകെപ്പിടിച്ചവർ. ഭീകരപ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാൻ താലിബാനും കറപ്പുപാടങ്ങൾ നട്ടുവളർത്തിയിരുന്നു. അഫ്ഗാൻ മണ്ണിൽ പല കാലങ്ങളിൽ കറപ്പ് വേരിറക്കിയ കഥയിലൂടെ...  

To advertise here,

അഫ്ഗാന്റെ കറപ്പുചരിത്രം

1970-കളിലും 80-കളിലും അഫ്ഗാനിസ്താൻ കറപ്പുത്പാദനത്തിൽ മുൻനിരയിലേക്ക് വന്നു. അതുവരെ മ്യാൻമാറിലെ ‘ഗോൾഡൻ ട്രയാംഗിൾ’, ഇറാൻ, പാകിസ്താൻ, തുർക്കി തുടങ്ങിയ ഇടങ്ങളായിരുന്നു ലോകത്തെ കറപ്പിന്റെ പ്രധാനസ്രോതസ്സുകൾ. 70-കളിൽ ഇറാനും തുർക്കിയും മയക്കുമരുന്നു വിരുദ്ധനയം കടുപ്പിച്ചു. അതോടെ അവിടങ്ങളിൽ നിന്നുള്ള കറപ്പിന്റെ വരവ് കുറഞ്ഞു. രാഷ്ട്രീയ അസ്ഥിരതയും നീണ്ട കാലത്തെ വരൾച്ചയും കാരണം ഗോൾഡൻ ട്രയാംഗിളും ഉത്പാദനത്തിൽ പിന്നിലായ സമയം. ആ വിടവിലേക്ക് അഫ്ഗാൻ പതിയെ കയറിവരികയായിരുന്നു. 1970-കളുടെ മധ്യത്തിൽ അഫ്ഗാനിസ്താനും പാകിസ്താനും കറപ്പുകൃഷി വ്യാപകമാക്കി, പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രധാന കറപ്പുവിതരണക്കാരായി. വൈകാതെ അഫ്ഗാൻ ഒന്നാമതുമെത്തി.

മയക്കുമരുന്നുണ്ടാക്കുന്ന പോപ്പി ചെടികളുടെ ഉറവിടം ലോകത്തെവിടെയെന്നതിൽ കൃത്യമായ അറിവില്ല, പേർഷ്യൻ സ്വദേശിയാണെന്ന് ഒരു കൂട്ടർ പറയുന്നു. വേദന ശമിപ്പിക്കാൻ ചരിത്രാതീതകാലം തൊട്ട് മനുഷ്യർ കറപ്പ് ഉപയോഗിച്ചിട്ടുണ്ട്. ബി.സി. 3400-ൽ സുമേറിയക്കാർ കറപ്പു വളർത്തി. സുമേറിയൻ യുദ്ധവേളയിൽ മരണഭയം ഇല്ലാതാക്കാൻ യോദ്ധാക്കളെ കറപ്പിന് അടിമകളാക്കിയിരുന്നത് ചരിത്രം. ഇറാഖ്, സിറിയ, തെക്കൻ തുർക്കി എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു. യൂറോപ്പിൽനിന്നും കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുമാണ് ഏഷ്യയിലേക്ക് കറപ്പെത്തുന്നത്. ചൈനയിൽ നിന്ന് സിൽക്ക് റൂട്ട് വഴി അഫ്ഗാനിസ്താനിലും. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിൽ കറപ്പ് സുലഭമായിരുന്നു. യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് വേദനസംഹാരിയായി കറപ്പ് നൽകിപ്പോന്നു. വേദനസംഹാരിയിൽനിന്ന് ലഹരിയായി കറപ്പു വളർന്നത് അതിവേഗവും.

മയക്കുമരുന്നുവിപണിയിലെ രാജാവ്

ലോകത്ത് ഏറ്റവുമധികം ഉപയോഗത്തിലുള്ള ലഹരികളിലൊന്നാണ് മസ്തിഷ്കത്തെയും നാഡികളെയും തളർത്താൻ ശേഷിയുള്ള കറപ്പ്. ലാറ്റിനമേരിക്കയിൽ കൊക്കെയ്ൻ ഉണ്ടാക്കുന്ന കൊക്കപ്ലാന്റ് കൃഷിയേക്കാളുമധികം സ്ഥലത്ത് അഫ്ഗാനിസ്താനിൽ കറപ്പു കൃഷി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പാശ്ചാത്യരാജ്യങ്ങളിലടക്കം ഒഴുകുന്ന മയക്കുമരുന്നിന്റെ പ്രധാന ഉറവിടമാണ് അഫ്ഗാൻ. യൂറോപ്യൻ വിപണിയിലെത്തുന്ന ഹെറോയിന്റെ 95 ശതമാനവും 2020-ൽ ലോകവിപണിയിലെത്തിയ കറപ്പിന്റെ 85 ശതമാനവും അഫ്ഗാന്റെ സംഭാവനയാണ്. ഹെറോയിനു പുറമെ ചികിത്സയ്ക്കുപയോഗിക്കുന്ന മോർഫിൻ, കൊടീൻ തുടങ്ങിയവയും കറപ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്നു.

പോപ്പിയിൽനിന്ന് കറപ്പെടുക്കുന്നത്

തൈ നട്ട് 80 ദിവസത്തിനുള്ളിൽ പോപ്പിച്ചെടി പൂക്കും. കായ മൂപ്പെത്താൻ വേണ്ടത് മൂന്നാഴ്ച. പാകമാകുന്ന മുറയ്ക്ക് കായുടെ പുറംതൊലിൽ നേർത്ത സൂചികൊണ്ട് മുറിവിടും. അതിൽനിന്ന് ഊർന്നുവരുന്ന കറ അരിവാൾ കൊണ്ട് ചുരണ്ടിയെടുക്കും. ഉണങ്ങുമ്പോൾ കറപ്പുനിറമാകുന്ന ആ കറ (ലാറ്റക്സ്) യാണ് കറപ്പ്. അത് ചില രാസവസ്തുക്കൾ ചേർത്ത് ശുദ്ധീകരിച്ചാണ് മോർഫിനും ഹെറോയിനുമൊക്കെ ഉണ്ടാക്കുന്നത്. രണ്ടു ഗ്രാമിൽ കൂടുതൽ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിച്ചേക്കുമെന്ന് പറയപ്പെടുന്നു. പോപ്പി വിത്തുകൾ ഭക്ഷ്യോത്പന്നമാണ്. ഇതിൽ ലഹരിയുടെ അംശമുണ്ടാവില്ല. പോപ്പി ചെടികളിൽ പൂക്കളുടെ നിറവും വലിപ്പവും വ്യത്യാസപ്പെട്ടിരിക്കുന്ന ധാരാളം ഉപവർഗങ്ങളുണ്ട്. മയക്കുമരുന്നുണ്ടാക്കുന്ന ഒപിയം പോപ്പിതന്നെ പലതരം.

placeholder
Photo: Getty Images

കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പച്ചപ്പാടങ്ങൾ

കുറച്ചുനാൾ മുമ്പുവരെ അഫ്ഗാനിസ്താന്റെ ആകാശദൃശ്യങ്ങളിൽ താഴെ കിലോമീറ്ററുകൾ പരന്നുകിടക്കുന്ന പച്ചപ്പാടങ്ങൾ കാണാമായിരുന്നു. അതൊന്നും കാർഷികവിളകളല്ല. പോപ്പിച്ചെടികൾ. പാതയോരങ്ങളിലും വീടിനോടു ചേർന്നും നാട്ടുകാർ പോപ്പിപാടങ്ങൾ വളർത്തി. പല രാജ്യങ്ങളിലും പോപ്പി കൃഷി ചെയ്യുന്നത് ശിക്ഷാർഹമാണെങ്കിൽ അഫ്ഗാനിൽ ഇതൊരു തുറന്ന കൃഷിയായിരുന്നു. കുടുംബവും കുഞ്ഞുങ്ങളും ഒന്നിച്ചുചെയ്യുന്ന കൃഷി. രാജ്യത്തെ 34 പ്രവിശ്യകളിൽ 23-ലും വലിയതോതിൽ പോപ്പി കൃഷിയുണ്ട്. രാഷ്ട്രീയക്കാരും ഗവർണർമാരുമടക്കം അനധികൃത കൃഷിയിൽ ഫണ്ടിറക്കും. വരണ്ട കാലാവസ്ഥയും കാർഷിക ഉൽപന്നങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും അഫ്ഗാനിൽ ഭക്ഷ്യവിളകളെ പിന്നോട്ടടിച്ചു. കറപ്പുചെടി വരൾച്ചയെ പ്രതിരോധിക്കും, ദീർഘദൂര യാത്രകളിൽ കേടാകില്ലെന്നതിനാൽ സംഭരണവും ട്രാൻസ്പോർട്ടേഷനും എളുപ്പം. ഉയർന്ന വിലയിൽ വിൽക്കുകയുമാവാം.

താലിബാന്റെ ഇരട്ടത്താപ്പ്

1996 മുതൽ 2001 വരെയാണ് താലിബാൻ ആദ്യം അഫ്ഗാനിസ്താൻ ഭരിക്കുന്നത്. 2000-ൽ നേതാവ് മുല്ല മുഹമ്മദ് ഉമർ രാജ്യത്ത് കറപ്പ് നിരോധിച്ചു. പോപ്പി വളർത്തൽ അനിസ്ലാമികമാണെന്നായിരുന്നു വിശദീകരണം. രാജ്യത്തെ ഹെറോയിൻ ഉത്പാദനം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുമായി ഭരണകൂടം ചേർന്നു പ്രവർത്തിക്കുകയും ചെയ്തു. നിർബന്ധിത ഉന്മൂലനമായിരുന്നു താലിബാന്റെ മാർഗം. നിയമലംഘകരെ പരസ്യമായി ശിക്ഷിച്ചു. താലിബാൻ നിയന്ത്രിത പ്രദേശങ്ങളിലെ കറപ്പുകൃഷി 99 ശതമാനമാണ് ഇക്കാലയളവിൽ കുറച്ചത്.

2001-ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേന അഫ്ഗാനിസ്താനിൽ താലിബാനെ വീഴ്ത്തി. വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച അൽ ഖായിദയ്ക്ക് താലിബാൻ സംരക്ഷണം കൊടുത്തതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. താലിബാന്റെ ‘ഇസ്ലാമിക് എമിറേറ്റി’നെ താഴെയിറക്കിയ യു.എസ്. മൂന്നു കൊല്ലത്തിനു ശേഷം രാജ്യത്ത് അന്താരാഷ്ട്ര അംഗീകാരമുള്ള ‘ഇസ്ലാമിക് റിപ്പബ്ലിക്ക്’ സ്ഥാപിക്കാനും പിന്തുണ നൽകി. ഭരണം പോയ താലിബാന്റെ കറപ്പുനിരോധന നീക്കങ്ങളും അതോടെ തടസ്സപ്പെട്ടു. പിന്നീടങ്ങോട്ട് താലിബാൻ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. സർക്കാർ നിയന്ത്രിത മേഖലകളിൽ സ്ഫോടനത്തിനും പ്രചാരണത്തിനും പണം വേണം. ഒടുവിൽ നിരോധിച്ചവർ തന്നെ തങ്ങളുടെ അധീനമേഖലകളിൽ കറപ്പ് കൃഷി ചെയ്ത് പണം വാരി.

സർക്കാർ പോപ്പി നിരോധിച്ചെങ്കിലും താലിബാൻ അനുസരിച്ചില്ല. ആയുധങ്ങളുടെ കാവലിൽ താലിബാന്റെ പാടങ്ങൾ സമൃദ്ധമായി. അവരുടെ 60 ശതമാനം ഫണ്ടും കറപ്പിൽ  നിന്നായിരുന്നു. സർക്കാരിന് ഒന്നും ചെയ്യാനായില്ല. സമ്പദ്​വ്യവസ്ഥയുടെ തകർച്ചയും മറ്റ് വരുമാന സ്രോതസ്സുകളുടെ ദൗർലഭ്യവും കാരണം കർഷകരും പോപ്പികൃഷിയിലേക്ക് തിരിച്ചുപോയി. ദീർഘകാലത്തെ സൈനികസാന്നിധ്യം അവസാനിപ്പിച്ച് 2021-ൽ അമേരിക്കൻ-നാറ്റോ സേനാംഗങ്ങൾ പൂർണമായും രാജ്യത്തുനിന്ന് പിൻമാറി. അതോടെ 2021 ഓഗസ്റ്റിൽ സർക്കാരിനെ കീഴ്‌പ്പെടുത്തി താലിബാൻ വീണ്ടും ഭരണത്തിൽ. 2022-ൽ വീണ്ടും കറപ്പുനിരോധനം. മിക്ക പ്രവിശ്യകളിലും അപ്പോഴേക്കും കറപ്പ് സിരയിറക്കിക്കഴിഞ്ഞിരുന്നു. അത് പെട്ടെന്ന്  പറിച്ചെടുത്തുകളയാൻ താലിബാന് സാധിക്കുമോയെന്ന് ലോകം സംശയിച്ചു.

placeholder
Photo: BBC

താലിബാന്റെ പ്രഖ്യാപനം കറപ്പിന്റെ വിലകൂട്ടി

2022 ഏപ്രിലിലാണ് അഫ്ഗാനെ ഒരു നാർക്കോ രാഷ്ട്രമാക്കാൻ സമ്മതിക്കില്ലെന്ന് താലിബാൻ നിലപാടറിയിച്ചത്. ‘‘മതനിയമത്തിന് എതിരാണത്. നിയമം ലംഘിക്കുന്നവരെ ശരിയത്ത്‌ നിയമപ്രകാരം ശിക്ഷിക്കും’’- താലിബാൻ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദയുടെ പ്രഖ്യാപനം വന്നു. പിന്നാലെ കറപ്പിന്റെ വില രണ്ടിരട്ടിയും മൂന്നിരട്ടിയുമായി. വിലക്കയറ്റം കർഷകരെ ഭ്രമിപ്പിച്ചു. പോപ്പി കൃഷി നിർത്താൻ മാസങ്ങളുടെ സാവകാശംകൂടി ഭരണകൂടം കൊടുത്തതിനാൽ അത്തവണ അവർ കൂടുതൽ കൃഷിയിറക്കി. ചുരുങ്ങിയ കാലയളവിൽ പോപ്പികൃഷി മുൻവർഷത്തേക്കാൾ 32 ശതമാനം കൂടി (56,000 ഹെക്ടർ അധികം). 2022 മാർച്ചിൽ കിലോഗ്രാമിന് 116 യു.എസ്. ഡോളറായിരുന്നു കറപ്പിന്റെ വില. പ്രഖ്യാപനശേഷം ഉടനെയത് 203 ഡോളറിലേക്കെത്തി.

കറപ്പുകർഷകർ വൻ ലാഭമുണ്ടാക്കിയ വർഷമാണതെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) റിപ്പോർട്ട് ചെയ്യുന്നു. 2022-ലെ വിളവെടുപ്പു കാലത്ത് രാജ്യത്ത് 2.33 ലക്ഷം ഹെക്ടറോളം പാടമുണ്ടായിരുന്നെന്നാണ് കണക്ക്. തെക്കുപടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു കൃഷിയുടെ സിംഹഭാഗവും. കറപ്പിൽനിന്ന് കർഷകർ നേടിയ വരുമാനം 2021-ൽ 42.5 കോടി ഡോളറായിരുന്നെങ്കിൽ 2022-ൽ അത് 140 കോടി ഡോളറിലേക്ക് കുതിച്ചു.

ഗോതമ്പു വേണ്ട, കറപ്പു മതി

നാലു ലക്ഷത്തിലധികം പേർക്കാണ് കറപ്പുകൃഷി രാജ്യത്ത് ജോലി നൽകുന്നത്. അഫ്ഗാൻ ദേശീയ സുരക്ഷാ സൈന്യത്തിന്റെ അംഗബലത്തേക്കാളും വരുമിത്. കർഷകരേക്കാൾ കറപ്പുവ്യാപാരികൾ കാബൂളിൽ സമ്പന്നരാണ്. കറപ്പിന്റെ വരുമാനത്തിൽ നാലിലൊന്നേ കർഷകർക്കുള്ളൂ. ബാക്കി കടത്തുകാർക്കും വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമാണ്. കറപ്പു വിറ്റയിനത്തിൽ വരവ് കൂടിയെങ്കിലും ആളുകളുടെ വരുമാനം കൂടിയെന്നു പറയാനൊക്കില്ലായിരുന്നു. കാരണം ദീർഘകാലത്തെ യുദ്ധം താറുമാറാക്കിയ രാജ്യത്ത് ഭക്ഷണം വാങ്ങാൻ പൊന്നുംവില നൽകണം. വിലക്കയറ്റത്തിൽ പണമെത്രയുണ്ടെങ്കിലും ആളുകളുടെ വാങ്ങൽശേഷി കൂടിയില്ല. വരുമാനത്തിന്റെ 60-70 ശതമാനവും ഭക്ഷണത്തിന് ചെലവിടേണ്ടിവന്നു. കറപ്പ് തുടച്ചുനീക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ സമ്പദ്​വ്യവസ്ഥയെ രക്ഷിക്കാൻ പകരം സംവിധാനങ്ങളൊന്നും താലിബാൻ ഒരുക്കിയില്ല.

കാലങ്ങളായി കറപ്പ് കൃഷി ചെയ്തവർക്ക് പെട്ടെന്നൊരു ദിവസം ഭക്ഷ്യവിളകൾ കൃഷിചെയ്യാൻ സാധിക്കുമായിരുന്നില്ല. കൃഷിക്കു വേണ്ട ഭക്ഷ്യവിളകളുടെ വിത്തോ കർഷകസൗഹൃദമായ ചുറ്റുപാടുകളോ രാജ്യത്തില്ല. ഗോതമ്പുകൃഷി ജീവിക്കാനുള്ള വകയും നൽകില്ല. ജീവിതച്ചെലവ് കണ്ടെത്താൻ നല്ല പ്രതിഫലം കിട്ടുന്ന കറപ്പുതന്നെ കൃഷിചെയ്യണം. അന്താരാഷ്ട്ര വിപണിയിലെ വില കണ്ട് കർഷകർ ഒളിച്ചും പാത്തും കറപ്പുകൃഷിക്ക് മുതിർന്നു. പക്ഷേ, താലിബാൻ അടിച്ചമർത്തി. ഏക വരുമാനമാർഗം നിലച്ചതോടെ സാധാകർഷകരുടെ ജീവിതം വഴിമുട്ടി. അഫ്ഗാന് ഒരിക്കലും ഭക്ഷ്യോത്പന്നത്തിൽനിന്ന് ലാഭമുണ്ടാക്കാനായിട്ടില്ലെന്ന് കർഷകർ പറയുന്നു. കറപ്പ് സമൂഹത്തിലുണ്ടാക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാം. അത് നിരോധിച്ചതാണ്. എന്നിട്ടും എന്തിനാണത് ചെയ്യുന്നതെന്നു ചോദിച്ചാൽ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്ന് അവർ പറയും. മാത്രമല്ല, ഭൂമി കൈവശമില്ലാത്തവരാണ് അഫ്ഗാനിസ്താനിലെ കൃഷിക്കാരിലധികവും. ഗോതമ്പിൽനിന്ന് ലാഭം കിട്ടണമെങ്കിൽ വലിയ പ്രദേശത്ത് കൃഷിചെയ്യണം. കറപ്പാകുമ്പോൾ കുറച്ചു സ്ഥലത്ത് കൃഷി ചെയ്താൽ തന്നെ അത്യാവശ്യം ജീവിക്കാനുള്ള വക കണ്ടെത്താം.

placeholder
Photo: BBC

മലക്കം മറിഞ്ഞ യു.എസ്. നയം

സോവിയറ്റ് യൂണിയന്റെ പിന്തുണയുള്ള സർക്കാർ അഫ്ഗാനിസ്താൻ ഭരിച്ചിരുന്ന സമയത്ത് അവർക്കെതിരേ ഉയർന്നുവന്ന മുജാഹിദ്ദീൻ ഒളിപ്പോരാളികളാണ് പിന്നീട് താലിബാനായി വളർന്നത്. സോവിയറ്റ് അധിനിവേശത്തിനെതിരേ യുദ്ധം ചെയ്ത മുജാഹിദ്ദീന് ആദ്യനാളുകളിൽ യു.എസ്. സഹായം നൽകി. സോവിയറ്റ് യൂണിയനെതിരേ യു.എസ്. നടത്തിയ കരുനീക്കമായിരുന്നു അത്. മുജാഹിദ്ദീന്റെ സാമ്പത്തികശേഷി കൂട്ടാൻ പോപ്പി കൃഷി ചെയ്യാനും അതിന് വിപണി കണ്ടെത്തിക്കൊടുക്കാനും അമേരിക്കൻ രഹസ്യാന്വേഷണവിഭാഗമായ സി.ഐ.എ. അകമഴിഞ്ഞ് സഹായിച്ചു. പിന്നീട് സംഘടിതശക്തിയായി മാറിയ താലിബാൻ അൽഖായിദയെ പിന്തുണച്ചതോടെ യു.എസ്. അവരെ ശത്രുപക്ഷത്ത് നിർത്തുകയായിരുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ താലിബാന്റെ ഉടമസ്ഥതയിലുള്ള പോപ്പിപാടങ്ങൾ നശിപ്പിക്കാൻ അമേരിക്കൻ സേന ബില്യൺ കണക്കിന് ഡോളറുകൾ ചെലവിട്ടിട്ടുണ്ട്. പാടങ്ങളിൽ വ്യോമാക്രമണം നടത്തി. കറപ്പുശേഖരങ്ങൾക്കും സംസ്കരണശാലകൾക്കും തീയിട്ടു. അതേസമയം, മറ്റിടങ്ങളിൽ പോപ്പി വളരാനും വിട്ടു. അമേരിക്കൻ സേനയുടെ കൺമുമ്പിലാണ് രാജ്യത്തെ മറ്റിടങ്ങളിൽ പോപ്പി വിളഞ്ഞിരുന്നത്. പക്ഷേ, താലിബാൻ വിരുദ്ധദൗത്യവുമായെത്തിയ യു.എസിന് അതിൽ കവിഞ്ഞ് രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല.  

ഒടുവിൽ ലക്ഷ്യത്തോടടുത്ത് താലിബാൻ

അഫ്ഗാനിലെ പോപ്പി കൃഷിക്കും മയക്കുമരുന്നു നിർമാണത്തിനും അറുതിവരുത്താനുളള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാലമത്രയും ആരു ശ്രമിച്ചിട്ടും നടക്കാത്ത കാര്യം താലിബാന് സാധിച്ചിരിക്കുന്നുവെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താലിബാൻ ഏറെക്കുറെ പ്രഖ്യാപിത ലക്ഷ്യത്തോടടുക്കുന്നു. കറപ്പു വിളഞ്ഞിരുന്ന പ്രവിശ്യകളിൽ ഉത്പാദനം 80 ശതമാനം കുറഞ്ഞു. ലാഭകരമല്ലെങ്കിലും പോപ്പി പാടങ്ങളിൽ ഗോതമ്പ് സ്ഥാനം പിടിച്ചുവരുന്നു. 2022-ൽ ഉണ്ടായിരുന്നതിന്റെ 20 ശതമാനമായി രാജ്യത്തെ പോപ്പികൃഷി ചുരുങ്ങുമെന്നാണ് അഫ്ഗാന്റെ മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദഗ്ദൻ ഡേവിഡ് മൻസ്ഫീൽഡ് പറയുന്നത്.

ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ പഠനം നടത്തുന്ന ബ്രിട്ടിഷ് സ്ഥാപനം അൽസിസിന്റെ വിവരങ്ങൾ ഉദ്ധരിച്ചാണിത്. താലിബാനെ ഭയന്ന് ധാരാളം പേർ കറപ്പുകൃഷി വിട്ടു. എതിർക്കുന്ന കർഷകരെ ആയുധങ്ങളുമായാണ് നേരിടുന്നത്. പതിനായിരക്കണക്കിന് ഹെക്ടറുകളിലെ കൃഷി ഇതിനകം നശിപ്പിച്ചു. ഇതിനിടെ, വെടിവെപ്പും മരണവുമെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കറപ്പുത്പാദന പ്രവിശ്യയായ ഹെൽമണ്ടിലെ പോപ്പി പാടങ്ങളിൽ 99 ശതമാനവും ഇല്ലാതായെന്നാണ് അൽസിസിന്റെ വിലയിരുത്തൽ. മുൻവർഷം 129,000 ഹെക്ടറുണ്ടായിരുന്നിടത്ത് ഇപ്പോൾ കൃഷി 740 ഹെക്ടറിൽ താഴെ മാത്രം. നംഗർഹറിൽ 7000 ഹെക്ടറിൽ നിന്ന് 865-ലേക്കും ചുരുങ്ങി.

ലോകം സിന്തറ്റിക് ഡ്രഗിലേക്ക് നീങ്ങിയേക്കും

അഫ്ഗാൻ പോപ്പിയുടെ വരവ് കുറയുമ്പോൾ നാർക്കോട്ടിക് യുഗത്തിന് അന്ത്യമാകുമെന്ന് ചിലരെങ്കിലും കണക്കുകൂട്ടുന്നുണ്ട്. പക്ഷേ, കാത്തിരിക്കുന്നത് വലിയ അപകടമെന്ന വിലയിരുത്തലാണ് മുമ്പിലുള്ളത്. 2000-ത്തിലെ കറപ്പു നിരോധനകാലത്ത് അന്താരാഷ്ട്ര വിപണിയിൽ ഹെറോയിന്റെ വിലയും വിപണിയും ഇടിഞ്ഞിരുന്നില്ല. ഡ്രഗ് ട്രാഫിക്കിങ് റൂട്ടുകൾ വേറെയും ധാരാളമുണ്ടായിരുന്നു എന്നുവേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. ആ നിരോധനത്തിന് മറ്റൊരു പ്രത്യാഘാതമുണ്ടായിരുന്നു. കറപ്പിന്റെ ലഭ്യത കുറഞ്ഞതോടെ വിപണിയിലെത്തിയ ഹെറോയിനിൽ മായം കലർന്നു. ഡ്രഗിന് അടിമപ്പെട്ടവർ ഓവർഡോസ് വന്ന് മരിക്കാൻ തുടങ്ങി. അന്നത്തെ നിരോധനം തീർത്ത ക്ഷീണത്തിൽനിന്ന് യൂറോപ്പ് മുക്തരാവാൻ ഏകദേശം രണ്ടു വർഷമെടുത്തുവെന്നാണ് കണക്ക്.

ഇത്തവണയും അങ്ങനെയൊരു ഭീതി മുന്നിലുണ്ട്. മാത്രമല്ല, കറപ്പിന്റെ കുതിച്ചുപാഞ്ഞ വില പതിയെ ഇടിഞ്ഞും തുടങ്ങി. അതിനർഥം ലോകത്ത് മറ്റെവിടെ നിന്നോ കറപ്പോ കറപ്പിനു പകരം വെക്കാവുന്ന ഉത്പന്നമോ എത്തുന്നു. ഹെറോയിന്റെ നിർമാണവും വ്യാപാരവും തുടരുന്നു. യൂറോപ്പിലും ബ്രിട്ടനിലുമെല്ലാം ഹെറോയിൻ അടിമകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ അഫ്ഗാനിൽ നിന്നുള്ള വരവ് കുറഞ്ഞാൽ ആളുകൾ കറപ്പിനേക്കാൾ പൈശാചികതയുള്ള സിന്തറ്റിക് ഡ്രഗുകളിലേക്ക് വഴിമാറിയേക്കും.  

അഫ്ഗാനിസ്താനും ലോകത്തിനും അപകടം

1980 മുതൽ സംഘർഷഭരിതമായിരുന്നു അഫ്ഗാൻ മണ്ണ്. ബോംബുകളുടെ ശബ്ദംകേൾക്കാത്ത ദിവസങ്ങൾ വന്നുതുടങ്ങിയെങ്കിലും സമാധാനം ഇനിയുമെത്തിയിട്ടില്ല. ദാരിദ്ര്യവും ക്ഷാമവും യുദ്ധത്തിന്റെ ശേഷിപ്പുകൾ. ലോകരാജ്യങ്ങളെല്ലാം പതിയെ സഹായങ്ങൾ നിർത്തിത്തുടങ്ങി. ദാരിദ്ര്യം മറികടക്കാൻ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാരിനും ആവുന്നില്ല. 3.7 കോടിയോളം ജനങ്ങളുള്ളതിൽ 40 ലക്ഷവും മയക്കുമരുന്നിന് അടിമകളാണ്. തൊഴിലില്ല. ഈയവസ്ഥയിൽ താലിബാന്റെ പോപ്പി നിരോധനം അനുചിതം തന്നെയെന്നാണ് വിലയിരുത്തൽ. കറപ്പിന്റെ വരുമാനം നിലയ്ക്കുന്നതോടെ സമ്പദ്​വ്യവസ്ഥ തിരിച്ചുവരാനാവാത്ത വിധം കൂപ്പുകുത്തും. അഭയാർഥികൾ ഇനിയും അഫ്ഗാനിസ്താനിൽനിന്ന് പുറത്തേക്കൊഴുകും. നിരോധനങ്ങൾ ദീർഘകാലത്തേക്ക് കൊണ്ടുപോയ ചരിത്രം അഫ്ഗാനിസ്താനിലില്ല. അതേസമയം, താലിബാൻ അധികാരത്തിൽ തുടർന്നാൽ പോലും കറപ്പുനിരോധനമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാനാവുമോയെന്ന് കണ്ടറിയണം. മറ്റു വഴികൾ പൂർണമായും അടയുമ്പോൾ വീണ്ടും കറപ്പിലേക്ക് തിരികെപ്പോകാനുള്ള സാധ്യതയും തള്ളാനാവില്ല.

placeholder
Photo: BBC

മ്യാൻമാറിലെ ഗോൾഡൻ ട്രയാംഗിൾ

മ്യാൻമാർ, തായ്ലാൻഡ്, ലാവോസ് എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന പ്രശസ്തമായ ‘ഗോൾഡൻ ട്രയാംഗിൾ’ കറപ്പുകൃഷിയുടെയും ഹെറോയിൻ ഉത്പാദനത്തിന്റെയും പേരിൽ കുപ്രസിദ്ധമാണ്. 1950 മുതലാണിവിടം കറപ്പുകേന്ദ്രമാവുന്നത്.

അഫ്ഗാനിസ്താൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കറപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം മ്യാൻമാറാണ്. ആഗോളവിപണിയിലെ വിലയും ആഭ്യന്തരസംഘർഷവും കാരണം മ്യാൻമാറിൽ കറപ്പുകൃഷി ഒൻപതുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ ജനുവരിയിൽ റിപ്പോർട്ട് ചെയ്തു. 2021-ൽ 423 മെട്രിക് ടൺ കറപ്പാണ് രാജ്യം ഉത്പാദിപ്പിച്ചത്. 2022-ൽ ഇത് 795 മെട്രിക് ടണ്ണായി. മൊത്തം കൃഷി 40,100 ഹെക്ടറായും വർധിച്ചു. താലിബാന്റെ കറപ്പുനിരോധനവും മ്യാൻമാറിലെ കൃഷിയുയരാൻ കാരണമായിട്ടുണ്ടാവാം. പട്ടാള അട്ടിമറിയും സംഘർഷാവസ്ഥയും സാമ്പത്തികപ്രതിസന്ധിയിലാക്കിയതാണ് ഇവിടെയും ആളുകൾ കറപ്പുകൃഷിയിലേക്ക് പോവാൻ കാരണം. മ്യാൻമാറിലെ കറപ്പുവിപണി ഏകദേശം 200 കോടി യു.എസ്. ഡോളറിന്റേതാണ്.  

കറപ്പ് ഇന്ത്യയിൽ

19-ാം നൂറ്റാണ്ടിൻെ ആദ്യദശകങ്ങളിലാണ് ഇന്ത്യയിൽ കറപ്പ് കൃഷി തുടങ്ങുന്നത്. മരുന്നാവശ്യത്തിന് കറപ്പ് കൃഷി ചെയ്യാൻ ഇന്ത്യൻ സർക്കാർ ലൈസൻസ് നൽകുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്തെ ഉത്പാദനം. ടെൻഡർ വിളിച്ച് ലൈസൻസ് കൊടുത്താണ് കൃഷി. സീസണിൽ 60 കിലോ എങ്കിലും ഉത്പാദിപ്പിക്കുന്നവർക്കേ അടുത്ത സീസണിൽ ലൈസൻസ് പുതുക്കി നൽകൂ. മൂന്നാർ ദേവികുളത്ത് അനധികൃതമായി പോപ്പി ചെടികൾ വളർത്തിയത് പിടിച്ചെടുത്തിരുന്നു. ഓസ്ട്രേലിയ, ഓസ്ട്രിയ, ഫ്രാൻസ്, ചൈന, ഹംഗറി, നെതർലാൻഡ്സ്, സ്ലോവേനിയ, സ്പെയ്ൻ, ചെക്ക് റിപബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും പോപ്പി കൃഷി ചെയ്യുന്നുണ്ട്.