കാലം സമവാക്യങ്ങള്‍ മാറ്റിയെഴുതും. ചിലതു മാറാതെയും നില്‍ക്കും. പശ്ചിമേഷ്യയിലെ ശക്തരായ ഇറാനും ഇസ്രയേലും ഇന്നു കാണുന്ന ശത്രുതയില്ലാതെ, സൗഹൃദമാഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മറ്റെല്ലാ അറബ് രാജ്യങ്ങളും ഇസ്രയേലിനോട് മുഖംതിരിച്ചുനിന്നപ്പോള്‍ ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളായിരുന്ന ഇറാനും തുര്‍ക്കിയും ആ രാജ്യവുമായി ഉറ്റചങ്ങാത്തം സൂക്ഷിച്ചു. ഇന്നത്തേതിന് നേര്‍വിപരീതം. ഇന്ന് ഇസ്രയേലിനെതിരേ പരിധിവിട്ട് ശബ്ദമുയര്‍ത്താന്‍ മറ്റ് അറബ് രാജ്യങ്ങളെല്ലാം തയ്യാറാവാതിരിക്കുമ്പോള്‍ ആയുധങ്ങളുടെയും എതിര്‍പ്പിന്റെയും ഭാഷയില്‍ മുമ്പിലാണ് ഇറാനും തുര്‍ക്കിയും.  

To advertise here,

1948-ല്‍ അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടാതെ, ഉടമസ്ഥാവകാശം പരിഹരിക്കപ്പെടാതെ ജൂതന്മാര്‍ ഇസ്രയേല്‍ രാഷ്ട്രമുണ്ടാക്കി, സ്വാതന്ത്യം പ്രഖ്യാപിച്ചു. ബ്രിട്ടിഷ് സൈന്യം ദൗത്യമവസാനിപ്പിച്ച് മേഖല വിട്ടതോടെയായിരുന്നു ഇത്. ഇസ്രയേലുമായുള്ള തര്‍ക്കത്തില്‍ സ്ഥലവും ആളുകളെയും നഷ്ടപ്പെട്ട പാലസ്തീന്‍ ജനതയെയോര്‍ത്ത് അറബ് രാഷ്ട്രങ്ങള്‍ കണ്ണീരൊഴുക്കി. ജൂതന്‍മാര്‍ അനധികൃതമായി മേഖല പിടിച്ചെടുത്തെന്ന് കാട്ടി അവര്‍ പരസ്യമായി ഇസ്രയേലിനു നേരെ യുദ്ധത്തിനിറങ്ങി. നീണ്ടകാലം അറബ് സഖ്യങ്ങളുമായി യുദ്ധത്തിലായിരുന്നു ഇസ്രായേല്‍. പക്ഷേ, തുര്‍ക്കിയും ഇറാനും അന്നൊന്നും ഇസ്രായേലിന്റെ എതിര്‍ചേരിയിലില്ല. മാത്രമല്ല, വളരെയടുത്ത സൗഹൃദത്തിലേക്ക് ഇരുരാജ്യങ്ങളും വേരൂന്നുകയും ചെയ്തു.  

ഇറാന്‍-ഇസ്രയേല്‍ സൗഹൃദം

placeholder
മുഹമ്മദ് റെസ പഹ്ലവി- Photo: mathrubhumi archives

നൂറ്റാണ്ടുകളോളം പേര്‍ഷ്യ എന്ന പേരിലറിയപ്പെട്ട മേഖലയില്‍ 1925 മുതല്‍ 1979 വരെ ഭരണം നടത്തിയത് പഹ്ലവി രാജവംശമാണ്. ആദ്യഭരണാധികാരിയായ റെസ ഷാ 1935-ല്‍ ഇറാന്‍ എന്ന് പേരുമാറ്റി. രണ്ടാം ലോകമഹായുദ്ധസമയത്ത്, ഇറാനില്‍ ആംഗ്ലോ-സോവിയറ്റ് അധിനിവേശമുണ്ടായി. റെസ ഷായുടെ അധികാരം നഷ്ടപ്പെടുന്നതിലാണ് ഇത് കലാശിച്ചത്. തുടര്‍ന്ന് റെസ ഷായുടെ മകനും  പഹ്ലവി രാജഭരണത്തിലെ അവസാനഭരണാധികാരിയുമായിരുന്ന മുഹമ്മദ് റെസ പഹ്ലവി 1941-ല്‍ അധികാരത്തില്‍ വന്നു, ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ ദി ഷാ എന്നു വിളിച്ചു. സര്‍ക്കാരില്‍ ഷായ്ക്കു കീഴില്‍ പ്രധാനമന്ത്രിയുമുണ്ടായിരുന്നു. മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണകാലത്ത്, ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എണ്ണ വ്യവസായം പ്രധാനമന്ത്രി മുഹമ്മദ് മൊസാദ്ദെഗ് ദേശസാത്കരിച്ചു, അതിന് ഇറാന്‍ പാര്‍ലമെന്റിന്റെ പിന്തുണ ഉണ്ടായിരുന്നു. മൊസാദ്ദെഗിനുള്ള പിന്തുണ ഷായെ ചൊടിപ്പിച്ചിരുന്നു. അങ്ങനെ, 1953-ല്‍ മൊസാദ്ദെഗിനെതിരേ പട്ടാളഅട്ടിമറി നടന്നു. ഭരണം പൂര്‍ണമായും ഷായുടെ നിയന്ത്രണത്തില്‍ വന്നു, അതിനു ചരടുവലിച്ചത് അമേരിക്കയും ബ്രിട്ടനുമായിരുന്നു. പകരമായി, 1954-ലെ കണ്‍സോര്‍ഷ്യം കരാറിലൂടെ വിദേശ എണ്ണക്കമ്പനികളെ ഷാ രാജ്യത്തിന്റെ വ്യവസായത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പടിഞ്ഞാറന്‍ ശക്തികളുടെ പിന്തുണയുള്ള സ്വേച്ഛാദിപത്യ സ്വഭാവമുള്ള ഭരണമാണ് ഷാ കാഴ്ചവെച്ചത്.  

ഇസ്രയേലിനെ അംഗീകരിക്കുന്നു

അക്കാലത്ത് പടിഞ്ഞാറേ ഏഷ്യയില്‍ ഏറ്റവുമധികം ജൂതരുള്ളത് ഇറാനിലാണ്. 1947-ല്‍ ഐക്യരാഷ്ട്രസഭ പാലസ്തീന്‍ വിഭജിച്ച് ഇസ്രയേല്‍-പാലസ്തീന്‍ രാഷ്ട്രങ്ങളുണ്ടാക്കാന്‍ പദ്ധതി നിര്‍ദ്ദേശിച്ചപ്പോള്‍ അതിനെതിരെ വോട്ട് ചെയ്ത 13 രാജ്യങ്ങളില്‍ ഇറാനുമുണ്ടായിരുന്നു. 1949-ല്‍ ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇസ്രയേലിന്റെ അംഗത്വത്തിനെതിരായും ഇറാന്‍ വോട്ടുചെയ്തു. തുടക്കത്തിലെ ശത്രുനിലപാടിനപ്പുറം പ്രായോഗിക ഭൗമരാഷ്ട്രീയവും നയതന്ത്ര താത്പര്യങ്ങളും താമസിയാതെ ഇറാനെയും ഇസ്രയേലിനെയും അടുപ്പിച്ചു. പരസ്യമായി, ഇറാന്‍ ഇസ്രയേലിനെ അംഗീകരിക്കാന്‍ വിസമ്മതിച്ചെങ്കിലും രഹസ്യമായി അടുപ്പം സൂക്ഷിച്ചു. പിന്നീടത് പരസ്യവുമാക്കി. 1950-ല്‍ തുര്‍ക്കിക്കു പിന്നാലെ ഇസ്രയേലിനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി ഇറാന്‍ മാറി.

ഇസ്രയേല്‍ രാഷ്ട്രമായപ്പോള്‍ അവരുമായി ഇറാന്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തി. അറബ് വിദ്വേഷത്തെ ചെറുക്കാന്‍ ഇസ്രയേലിന് ഇറാന്റെ കൂട്ട് സഹായകമായിരുന്നു. അറബ് രാജ്യങ്ങളുടെ സാമ്പത്തികഉപരോധത്തിനിടയിലും ഇറാന്‍ ഇസ്രയേലിന് എണ്ണവിറ്റു.

ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഏജന്‍സിയായ മൊസാദ് ഇറാനിലെ ഷായുടെ രഹസ്യ പോലീസ് സേനയായ സവാക് രൂപവത്കരിക്കാന്‍ സഹായിച്ചു. സേനയ്ക്ക് ആവശ്യമായ പരിശീലനവും നല്‍കി. ഇരുരാജ്യങ്ങള്‍ക്കും യു.എസിന്റെ പിന്തുണയുണ്ടായിരുന്നു എന്നതാണ് മറ്റൊരു വാസ്തവം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ എംബസി തുറന്നു, 1970-ല്‍ ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ കൈമാറി. വ്യാപാര ബന്ധം അഭിവൃദ്ധിപ്പെട്ടു. സൈനിക, സുരക്ഷാ സഹകരണം ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായി. ആയുധങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും പകരമായി ഇറാനില്‍ നിന്ന് എണ്ണയുടെ 40 ശതമാനം ഇസ്രായേല്‍ ഇറക്കുമതി ചെയ്തു.

placeholder
ഇറാനില്‍ നടക്കുന്ന ഇസ്രയേല്‍ വിരുദ്ധ റാലി-AP

ബന്ധം അഭിവൃദ്ധിയിലേക്ക്

ഇറാനില്‍ നിന്ന് ഇസ്രയേലിലേക്കും യൂറോപ്യന്‍ വിപണികളിലേക്കും ഇസ്രയേലി-ഇറാന്‍ സംയുക്ത പൈപ്പ് ലൈന്‍ വഴി എണ്ണ കയറ്റി അയച്ചിരുന്നു. ഇറാനില്‍ സജീവമായ ഇസ്രയേലി നിര്‍മ്മാണ സ്ഥാപനങ്ങളും എഞ്ചിനീയര്‍മാരും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഊര്‍ജസ്വലമാക്കി. ഇസ്രയേലി ദേശീയ വിമാനക്കമ്പനി ടെല്‍ അവീവിനും ടെഹ്‌റാനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. സൈനിക ബന്ധങ്ങളും പദ്ധതികളും രഹസ്യമായാണ് സൂക്ഷിച്ചതെങ്കിലും അവ വ്യാപകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രോജക്ട് ഫ്‌ളവര്‍ എന്ന പേരില്‍ പുതിയ മിസൈല്‍ വികസിപ്പിക്കാനുള്ള സംയുക്ത സൈനികപദ്ധതിയും ഇറാനും ഇസ്രയേലിനുമിടയില്‍ നടന്നിരുന്നു.  

വിമതസ്വരങ്ങള്‍

ഭരണകൂടം ഇസ്രായേലിനെ പിന്തുണച്ചപ്പോഴും ഇറാനില്‍ പലകോണുകളില്‍ നിന്നും ഇസ്രയേലുമായുള്ള സൗഹൃദത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. പാലസ്തീനികളോട് അലിവായിരുന്നു വലിയൊരു ജനവിഭാഗത്തിനും. പാലസ്തീനികള്‍ക്കുവേണ്ടി രാജ്യത്ത് ഫണ്ട് സമാഹാരണം നടക്കാറുണ്ടായിരുന്നു. എന്നാല്‍ 1970-ഓടെ ഭരണകൂടം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നേതൃത്വം നല്‍കിയവരെ അറസ്റ്റുചെയ്തു.

തുര്‍ക്കിയും ഇസ്രയേലും

ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിക്കെതിരെ വോട്ട് ചെയ്തെങ്കിലും, 1949-ല്‍ തുര്‍ക്കി ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിച്ചു. നയതന്ത്ര-സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കിയത്. ഇസ്രയേലില്‍ നിന്നും രഹസ്യവിവരങ്ങള്‍ക്കും സൈനിക പിന്തുണയ്ക്കും പകരമായി പബ്ലിക് റിലേഷന്‍സ് കാമ്പെയ്‌നുകള്‍ നടത്തിക്കൊടുക്കാനുള്ള രഹസ്യചര്‍ച്ചകള്‍ തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ നടന്നിരുന്നെന്ന് പറയപ്പെടുന്നു. 1967-ലെ ആറു ദിവസം നീണ്ട മൂന്നാം അറബ്- ഇസ്രയേല്‍ യുദ്ധത്തിനുശേഷം അതിനെ അപലപിച്ച തുര്‍ക്കി പാലസ്തീനിലെ അധിനിവേശമേഖലയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇസ്രയേലിനെ 'ആക്രമകാരിയായ രാഷ്ട്രം' എന്ന് പരാമര്‍ശിക്കുന്ന വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നു.

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന പ്രമേയത്തെ തുര്‍ക്കി മൊറോക്കോയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ യോഗത്തില്‍ എതിര്‍ക്കുകയും ചെയ്തു. 2008-ലെ ഇസ്രയേല്‍-ഗസ സംഘര്‍ഷത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ അപലപിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായി. 1987-ല്‍ പാലസ്തീന്റെ സ്വയംനിര്‍ണയ അവകാശത്തിന് പിന്തുണ അറിയിച്ചതടക്കമുള്ള നടപടികള്‍ തുര്‍ക്കിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പാലസ്തീന്‍ വിഷയങ്ങളില്‍ തട്ടി പലതവണ തുര്‍ക്കി-ഇസ്രയേല്‍ പിണക്കമുണ്ടായി. വീണ്ടും ഇണങ്ങി. 2011-ഓടെ ഇസ്രയേലുമായുള്ള തുര്‍ക്കിയുടെ നയതന്ത്രബന്ധം മുറിയുകയും സൈനികസഹകരണം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇസ്രയേല്‍ അംബാസഡറെ തുര്‍ക്കി പുറത്താക്കി. വീണ്ടും സഹകരണം പുനസ്ഥാപിച്ചുവെങ്കിലും എതിര്‍ചേരിയിലായി.

ഇറാനിലെ ഇസ്ലാമികവിപ്ലവം

1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ഷായെ അട്ടിമറിച്ച് മതഭരണകൂടം ഇറാനില്‍ അധികാരത്തിലെത്തി. ആയത്തൊല്ല റുഹൊല്ല ഖൊമേനിയുടെ നേതൃത്വത്തില്‍ വന്ന ഭരണകൂടം അതുവരെ ഇറാന്‍ പിന്തുടര്‍ന്ന ഇസ്രയേല്‍ സൗഹൃദ ആശയങ്ങളല്ല പിന്നീട് മുന്നോട്ടുവെച്ചത്. പാലസ്തീനിന്റെ മണ്ണില്‍ സ്വന്തം താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ വന്ന അധിനിവേശശക്തിയാണ് ഇസ്രായേലെന്ന് അവര്‍ പറഞ്ഞു. ഇസ്രായേലിനെ ചെറിയ സാത്താനെന്നും യു.എസിനെ വലിയ സാത്താനെന്നുമാണ് ഖൊമേനി വിശേഷിപ്പിച്ചത്. ഇറാനിലെ മതഭരണകൂടത്തെ അംഗീകരിക്കാന്‍ ഇസ്രായേലും തയ്യാറായിരുന്നില്ല.

ഇതിന്റെ ഫലമായി ഇറാന്‍ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചു, ജൂതരാഷ്ട്രത്തിലേക്കുള്ള യാത്രമാര്‍ഗങ്ങളും വിമാനസര്‍വീസുകളും നിര്‍ത്തി. ഇസ്രയേലി എംബസ്സി പാലസ്തീനി എംബസിയാക്കിമാറ്റി. പശ്ചിമേഷ്യയില്‍ തങ്ങളുടെ സ്വാധീനം വിശാലമാക്കാനായിരുന്നു ഇറാന്റെ തീരുമാനം. അതേസമയം, അനൗദ്യോഗിക സാമ്പത്തികബന്ധം ഇറാനും ഇസ്രായേലും തുടര്‍ന്നുപോന്നു.

ഇറാന്‍ മിലിഷ്യകളെ ഉണ്ടാക്കുന്നു

1980-നും 88-നുമിടയില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധവേളയില്‍ ഇസ്രയേല്‍ ഇറാന് ആയുധങ്ങള്‍ നല്‍കിയിരുന്നുവെന്നത് വസ്തുതയാണ്. സദ്ദാം ഹുസൈനോട് യുദ്ധം ചെയ്യാന്‍ 1500-ഓളം മിസൈലുകളാണ് ഇസ്രയേല്‍ ഇറാന് നല്‍കിയത്. പക്ഷേ, 1985 മുതല്‍, ഇറാനും ഇസ്രയേലും തമ്മില്‍ നേരിട്ടല്ലാത്ത, അതേസമയം എതിര്‍ചേരികളിലിരുന്നുകൊണ്ടുള്ള യുദ്ധം നടക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിന്റെ പരാജയത്തിനും പിന്നാലെ പശ്ചിമേഷ്യയിലെ താരതമ്യേന ശക്തരായി ഇറാനും ഇസ്രയേലും അപ്പോഴേക്കും മാറിയിരുന്നു. യുദ്ധം നടക്കുന്ന രാജ്യങ്ങളിലെ എതിര്‍ചേരികളെ സഹായിച്ചുകൊണ്ട് ഇറാനും ഇസ്രയേലും പ്രോക്സി യുദ്ധത്തിലേര്‍പ്പെട്ടു. പശ്ചിമേഷ്യയിലെ മൊത്തത്തിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തെയും ഭൗമരാഷ്ട്രീയത്തെയും ഇത് വളരെയധികം സ്വാധീനിക്കുകയും ചെയ്തു.  

ഈ പശ്ചാത്തലത്തിലാണ് സിറിയയിലും ഇറാഖിലും ലെബ്‌നാനിലും യെമെനിലുമെല്ലാം ഇറാന്‍ പ്രോക്‌സി മിലിഷ്യകളെ വളര്‍ത്താനാരംഭിച്ചത്. വലിയ ഫണ്ടുതന്നെ ഇതിനുവേണ്ടി മാറ്റിവെച്ചു. ഇസ്രയേലിനെതിരേ ആദ്യം ആയുധമെടുത്തവരില്‍ ഒരു കൂട്ടരായിരുന്നു ഇസ്ലാമിക് ജിഹാദ്, ഇറാന്റെ പിന്തുണയോടെ പാലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘടന. നേരിട്ട് പരസ്പരം യുദ്ധത്തിനിറങ്ങിയില്ലെങ്കിലും പശ്ചിമേഷ്യയിലുടനീളം ഇരുരാജ്യങ്ങളും തങ്ങളുടെ താത്പര്യങ്ങളെ പരസ്പരം ലക്ഷ്യമിട്ടു. വര്‍ഷങ്ങളോളം അതു തുടര്‍ന്നു.

കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

1982-ല്‍ ഇസ്രയേല്‍ ലെബ്‌നനില്‍ അധിനിവേശം നടത്തി. മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാലസ്തീനി സംഘങ്ങളെ തുരത്തുകയായിരുന്നു ലക്ഷ്യം. ഈ സമയത്താണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗ്വാര്‍ഡ് അവിടെ ഹിസ്ബുള്ള എന്ന സായുധസംഘത്തെ രൂപീകരിക്കാന്‍ സഹായിക്കുന്നത്. തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സേനയെ തുരത്തുകയായിരുന്നു ലക്ഷ്യം. 1992-ല്‍ അര്‍ജന്റീനയില്‍ ഇസ്രയേല്‍ എംബസിക്കുനേരെ ബോംബാക്രമണം നടത്തി 29 പേരെ വധിച്ചത് ഹിസ്ബുള്ളയാണെന്ന് കരുതപ്പെടുന്നു. 1994-ല്‍ 85 പേര്‍ കൊല്ലപ്പെട്ട ജൂത കമ്മ്യൂണിറ്റി സെന്റര്‍ ആക്രമണത്തിനു പിന്നിലും ഹിസ്ബുള്ളയാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഇറാന്റെ ആണവ സാങ്കേതികവിദ്യയുടെ വികസനവും ഇസ്രായേലിനെ ചൊടിപ്പിച്ചു.

അതിര്‍ത്തി കടന്ന പക

2006-ലെ ലെബനന്‍ യുദ്ധമാണ് പ്രോക്‌സി യുദ്ധങ്ങളില്‍ ഒന്ന്, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലി സംഘടനകളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളായിരുന്നു അത്. സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രസിഡന്റ് ബാശ്ശര്‍ അല്‍ അസ്സദ് ഭരണകൂടത്തെ ഇറാന്‍ സഹായിച്ചു. വിമതപക്ഷത്തെ സഹായിച്ച് ഇസ്രയേലും യു.എസും അപ്പോള്‍ രംഗത്തെത്തി. ആഭ്യന്തരയുദ്ധം യെമനില്‍ രൂക്ഷമായപ്പോള്‍ ഹൂതി വിമതര്‍ക്ക് ഇറാന്‍ പിന്തുണ നല്‍കി, ഔദ്യോഗികസര്‍ക്കാരിനെ പിന്തുണച്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഇസ്രയേലും ചേര്‍ന്നു. രണ്ടു രാജ്യങ്ങള്‍ക്കിടയിലെ ശത്രുത ആ രാജ്യങ്ങളിലൊതുങ്ങുന്നില്ല, ശത്രുതയുടെ തീ ഒരു മേഖല മുഴുവന്‍ പടരുമെന്നത് യുദ്ധത്തിന്റെ ഇരുണ്ട വശമാണ്.

നേതാക്കളുടെ വധം

ഇസ്രായേല്‍ ഗൂഢാലോചനയിലൂടെ ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും സൈനികനേതാക്കളെയും വധിക്കുകയും അവിടുത്തെ ആറ്റോമിക് സൈറ്റുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പല നേതാക്കളും പകപോക്കലിന്റെ ഭാഗമായി വധിക്കപ്പെട്ടു. ഇറാനിയന്‍ ആയുധ കയറ്റുമതി തടസ്സപ്പെടുത്താന്‍ ഇസ്രായേല്‍ സിറിയയിലെ വിമാനത്താവളങ്ങളില്‍ ബോംബിട്ടിരുന്നു. മറുവശത്ത്, ഇറാന്‍ പതിറ്റാണ്ടുകളായി ജൂതന്മാരെയും ഇസ്രയേലി താല്‍പ്പര്യങ്ങളെയും ലക്ഷ്യമിട്ട് നിരവധി ബോംബാക്രമണങ്ങളും വെടിവെയ്പ്പും നടത്തിയതായും കരുതപ്പെടുന്നു. 2005-ഓടെ ഇറാന്‍ രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചു. ഇത് അമേരിക്കയേയും ഇസ്രായേലിനേയും ഒരുപോലെ ഭീതിയിലാഴ്ത്തി.

2010-ല്‍, യുഎസും ഇസ്രയേലും ചേര്‍ന്ന് സ്റ്റക്‌സ്‌നെറ്റ് എന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ് വികസിപ്പിക്കുകയും ഇറാന്റെ ആണവ ശൃംഖലകള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.  ഇറാനിലെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലെ നിരവധി സെന്‍ട്രിഫ്യൂജുകള്‍ നശിപ്പിച്ച, വ്യാവസായിക യന്ത്രങ്ങള്‍ക്ക് നേരെയുള്ള അറിയപ്പെടുന്ന ആദ്യത്തെ സൈബര്‍ ആക്രമണമായിയിരുന്നു ഇത്. ഇറാനില്‍ നിന്നുമുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇസ്രായേല്‍ തങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

ഷിയാ ഭൂരിപക്ഷ രാഷ്ട്രമാണ് ഇറാന്‍. ഇറാനുമായി മതപരവും പ്രാദേശികവുമായ കാരണത്താല്‍ ശത്രുപക്ഷത്തുനില്‍ക്കുന്ന സുന്നി ഭൂരിപക്ഷ രജ്യമായ സൗദി അറേബ്യയുമായി ഇസ്രായേല്‍ ബന്ധം വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയതും മറ്റൊരു പ്രധാനനീക്കമായിരുന്നു.  2020 സെപ്റ്റംബറില്‍ സൗദി സഖ്യകക്ഷികളായ യു.എ.ഇ.യും ബഹ്റൈനും ഇസ്രായേലുമായി നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവച്ചു.

കടങ്ങള്‍

1979-ലെ കണക്കനുസരിച്ച്, ഇറാനിയന്‍ വിപ്ലവത്തിന് മുമ്പ് നടത്തിയ വ്യാപരത്തില്‍ ഇസ്രായേല്‍ ഇറാന് ഏകദേശം ഒരു ബില്യണ്‍ ഡോളറെങ്കിലും തിരിച്ചുനല്‍കാനുണ്ട്. പ്രധാനമായും എണ്ണയിടപാട് സംബന്ധിച്ച പണമാണിത്. ഇസ്രായേല്‍ കമ്പനികളും നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമായ ട്രാന്‍സ്-ഇസ്രായേല്‍ എണ്ണ പൈപ്പ്ലൈനിന്റെയും അനുബന്ധ തുറമുഖ സൗകര്യങ്ങളുടെയും പ്രവര്‍ത്തനത്തില്‍ നിന്നായി വലിയ തുക. 1979-ലെ യോഗത്തില്‍ കടങ്ങള്‍ തിരികെ നല്‍കേണ്ടെന്ന് ഇസ്രായേല്‍ തീരുമാനമെടുത്തു.

1980-കളില്‍ കടങ്ങള്‍ വീട്ടുന്നതിനായി ഇറാന്‍ യൂറോപ്യന്‍ കോടതികളില്‍ കേസ് നടത്തുകയും നിരവധി കേസുകളില്‍ വിജയിക്കുകയും ചെയ്തു. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളും ഇസ്രായേല്‍ ഇറാനെ ശത്രുരാജ്യമായി തരംതിരിച്ചതും കടങ്ങളുടെ തിരിച്ചടവ് സങ്കീര്‍ണമാക്കി. കടം തിരിച്ചുനല്‍കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചു.  

തര്‍ക്കഭൂമിയുടെ ചരിത്രം

ഇന്നത്തെ പാലസ്തീനും ഇസ്രയേലുമടങ്ങുന്ന പ്രദേശം തുര്‍ക്കിയിലെ ഓട്ടോമാന്‍ ഭരണത്തിന്റെ കോളനിയായിരുന്നു ഒരുകാലത്ത്. 1922-ല്‍ ലീഗ് ഓഫ് നേഷന്‍സ് ബ്രിട്ടന് മേഖലയുടെ ഭരണച്ചുമതല നല്‍കി. 1922 മുതല്‍ 1947 വരെയുള്ള ബ്രിട്ടിഷ് മാന്‍ഡേറ്റിന്റെ കാലത്ത് കിഴക്കന്‍ യൂറോപ്പില്‍ നിന്നടക്കം ഒട്ടേറെ ജൂതന്‍മാര്‍ മേഖലയിലേക്ക് കുടിയേറി. ജൂതന്മാര്‍ നേരത്തേ ഇവിടെയുണ്ടെങ്കിലും നാസി കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കുടിയേറ്റം വ്യാപകമാവുകയായിരുന്നു. ഇത് മേഖലയില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരിതിരിവിനും സംഘട്ടനത്തിനും കാരണമായി. മേഖലയില്‍ ദ്വിരാഷ്ട്രപരിഹാരം നിര്‍ദേശിച്ച ബ്രിട്ടന്‍ ഐക്യരാഷ്ട്രസംഘടനയുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ചു. അങ്ങനെ ജൂതര്‍ക്കും മുസ്ലിംകള്‍ക്കും രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളുണ്ടാക്കാന്‍ യു.എന്നും നിര്‍ദേശിച്ചു. പക്ഷേ, പലസ്തീനികള്‍ക്ക് ഇത് സമ്മതമായിരുന്നില്ല.

1948 മെയ് 15-ന് ബ്രിട്ടീഷ് സേന ഇവിടെനിന്ന് പിന്‍വാങ്ങിയതോടെ ഇസ്രായേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പിന്നാലെ അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങി. ഈജിപ്ത് ടെല്‍ അവീവില്‍ വ്യോമാക്രമണം നടത്തി. ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, സിറിയ, ലെബനന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള അറബ് സൈന്യം ജൂതന്മാര്‍ക്കുനേരെ സേനയെ അയച്ചു. പിന്നീടങ്ങോട്ട് സംഘര്‍ഷങ്ങള്‍ നിറഞ്ഞ വര്‍ഷങ്ങള്‍.