ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുതൊട്ട് ഇസ്രയേലിനെതിരേ തങ്ങളും യുദ്ധത്തിനിറങ്ങുമെന്ന് ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ള നിലപാടെടുത്തിരുന്നു. നേരിട്ട് യുദ്ധത്തിനിറങ്ങാതെ ഇസ്രയേലിലേക്ക് അവർ മിസൈലുകൾ തൊടുത്തു. ഏതാനും ഇസ്രയേൽ സൈനികർ മരിച്ചു. പ്രത്യാക്രമണങ്ങളിൽ ഹിസ്ബുള്ളയ്ക്കും വലിയ ആൾനഷ്ടമുണ്ടായി. പലസ്തീനിലെ ഹമാസിനൊപ്പം ചേരാൻ ഹിസ്ബുള്ളയെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പരിശോധിച്ചാൽ പതിറ്റാണ്ടുകളുടെ ഏറ്റുമുട്ടലുകളുടെ കഥയറിയാം. കേവലം ഇസ്രയേലും പലസ്തീനും ലെബനനുമിടയിൽ ഒതുങ്ങുന്ന പ്രശ്നങ്ങളും പരിഹാരങ്ങളുമല്ല ഇവിടെയുള്ളത്. പശ്ചിമേഷ്യയാകെ വേരോടുന്ന സായുധവിപ്ലവത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് മേഖലയിൽ അരങ്ങേറുന്നത്. ലെബനനും ഇസ്രയേലും ചിരവൈരികളായത് എങ്ങനെയെന്നു നോക്കാം.

To advertise here,

ലെബനനിലേക്കൊഴുകിയ അഭയാർഥികൾ

ദീർഘകാലം ഏറ്റുമുട്ടിയവരാണ് ഇസ്രയേലും ലെബനനും. ഏറിയും കുറഞ്ഞും ഇന്നുമത് തുടരുന്നുണ്ട്. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘർഷം 1948 മുതൽ ലെബനനിലേക്കും വ്യാപിച്ചെന്നു പറയാം. ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായതും പാലസ്തീനികൾ രാജ്യത്തുനിന്ന് കുടിയിറക്കപ്പെട്ടതുമൊക്കെയായിരുന്നു പശ്ചാത്തലം. ഇസ്രയേൽ അധിനിവേശം മറ്റേതൊരു അറബ് രാജ്യത്തേക്കാളും ബാധിച്ചത് ലെബനനെയാണ്. 1948-ൽ ഏകദേശം 1,10,000 പലസ്തീനുകാർക്ക് ലെബനൻ അഭയം കൊടുക്കേണ്ടിവന്നു. ഇന്നത് ഏകദേശം രണ്ടര ലക്ഷത്തിലെത്തി നിൽക്കുന്നു (56 ലക്ഷമാണ് ലെബനന്റെ ജനസംഖ്യ). 1975 മുതൽ 1990 വരെ ലെബനനിൽ ആഭ്യന്തരയുദ്ധമായിരുന്നു. രാജ്യത്തെ പാലസ്തീൻ സേനകളും (പ്രധാനമായും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ) പരമ്പരാഗതമായി അവിടെ കഴിഞ്ഞുപോന്ന മരോനൈറ്റ് ക്രിസ്ത്യാനികളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. 1975-ൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിലേക്ക് മറ്റു വിഭാഗങ്ങളും വിദേശശക്തികളും പക്ഷം പിടിക്കാനെത്തി. ഇടതുപക്ഷ, മുസ്ലീം, പാൻ-അറബിസ്റ്റ് ലെബനീസ് ഗ്രൂപ്പുകൾ പലസ്തീനികളുമായി സഖ്യമുണ്ടാക്കി. പോരാട്ടം കനത്തു. ലെബ്നനിലെ ക്രിസ്ത്യൻ സായുധസംഘങ്ങളെ ഇസ്രയേലും സിറിയയും പിന്തുണച്ചു (സുന്നി ഇസ്ലാമിസ്റ്റുകളുടെയും മറ്റും സെല്ലുകൾക്ക് രഹസ്യമായി അഭയം നൽകിയ ലെബനനിൽ സിറിയയ്ക്ക് രാഷ്ട്രീയവും പ്രാദേശികവുമായ താൽപര്യങ്ങളുണ്ടായിരുന്നു). ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പാശ്ചാത്യ പിന്തുണയുമുണ്ടായിരുന്നു. തങ്ങളെ ആക്രമിക്കാൻ ലെബനനെ താവളമായി ഉപയോഗിച്ച പലസ്തീൻ സായുധസംഘങ്ങളെ അടിച്ചമർത്താനുള്ള അവസരമായി ഇസ്രയേൽ ഇതുപയോഗിച്ചു. ലെബനനിൽ നിന്ന് പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ തുടച്ചുനീക്കുന്നതിനും ബെയ്റൂട്ടിൽ ഇസ്രായേൽ അനുകൂല ക്രിസ്ത്യൻ സർക്കാർ സ്ഥാപിക്കുന്നതിനുമായി 1982-ൽ ഇസ്രയേൽ ലെബനനെ ആക്രമിച്ചു. പക്ഷേ, ലക്ഷ്യങ്ങളൊന്നും നേടാനായില്ല. ലെബനൻ ആഭ്യന്തരയുദ്ധത്തിൽ 1,20,000-ഓളം പേർക്കു ജീവൻ നഷ്ടമായി. പത്തുലക്ഷത്തോളം പേർ രാജ്യംവിട്ടോടി. അതിന്റെ മുറിപ്പാടുകൾ മറക്കാൻ ഇതുവരെ ലെബനൻകാർക്കായിട്ടില്ല. മൾട്ടിനാഷണൽ ഫോഴ്സ്, ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന തുടങ്ങി വിവിധ സമാധാന സേനകളും സംഘർഷ സമയത്ത് രാജ്യത്ത് നിലയുറപ്പിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പേരിൽ ഒട്ടേറെ ലെബനന്കാർക്ക് പാലസ്തീൻ അഭയാർഥികളോട് നീരസമുണ്ട്. യുദ്ധമുണ്ടായത് അവർ കാരണമാണെന്ന് പലരും കരുതുന്നു.  


ഇറാനിൽ വാർത്തെടുത്ത ലെബനനിലെ ഹിസ്ബുള്ള

ഒരേസമയം ലെബനനിലെ ഷിയാക്കളുടെ രാഷ്ട്രീയപ്പാർട്ടിയായും സായുധസംഘമായും പ്രവർത്തിക്കുന്ന ശക്തിയാണ് ഹിസ്ബുള്ള. ലെബനൻ ആഭ്യന്തരയുദ്ധത്തിൽ മധ്യത്തിൽ അറബ് രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വളർത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ഇറാൻ വാർത്തെടുത്ത സംഘടന. മേഖലയിലെ പ്രധാന ഷിയാ ഭരണകൂടമായ ഇറാന്റെയും സിറിയയുടെയും പിന്തുണയോടെ 1982-ൽ ഹിസ്ബുള്ള രൂപവത്കരിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഹിസ്ബുള്ളയ്ക്ക് ഫണ്ടും പരിശീലനവും ആയുധവും നൽകി.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ (ഇറാനിയൻ റെവല്യൂഷൻ) സ്വാധീനം മേഖലയിലുടനീളം വ്യാപിപ്പിക്കാനുള്ള ഇറാന്റെ തന്ത്രമായിരുന്നു ഇതെന്ന് നിരീക്ഷകർ പറയുന്നു. ഒപ്പം ശത്രുപക്ഷത്തുണ്ടായിരുന്ന ഇസ്രയേലിനും പാശ്ചാത്യരാജ്യങ്ങൾക്കും എതിരേയുള്ള ആയുധവും. പശ്ചിമേഷ്യയിലെ പാശ്ചാത്യ ഇടപെടലിനെയും ഇസ്രയേലിനെയും ഹിസ്ബുള്ള എതിർത്തു. ടെഹ്റാനിലെ ഷിയ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രം പങ്കുവെച്ച്, ലെബനീസ് ഷിയാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു.

placeholder
ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന് ശേഷം ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്റല്ല പ്രതികരിക്കുന്നു Photo: Reuters

സാമൂഹികസേവനം നൽകിയും ആരോഗ്യസംവിധാനം, സ്കൂളുകൾ തുടങ്ങിയ സൗകര്യങ്ങൾ ചെയ്തും സംഘടന ജനങ്ങൾക്കിടയിൽ വേരിറക്കി. രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായും അവർ അറിയപ്പെടാൻ തുടങ്ങി. ഇറാന്റെ പ്രതിനിധിയെന്നും കളിപ്പാവയെന്നും ഹിസ്ബുള്ളയെ വിമർശിക്കാറുണ്ട്. ഇസ്രായേൽ ലെബനനിലേക്ക് രണ്ടുതവണ നടത്തിയ അധിനിവേശമാണ് ഹിസ്ബുള്ളയുടെ പിറവിക്ക് പെട്ടെന്നുണ്ടായ കാരണമെന്ന് വേണമെങ്കിൽ പറയാം.
സമീപകാലത്ത് ഇറാൻ ഭരണകൂടം പ്രതിവർഷം കോടിക്കണക്കിന് ഡോളർ ഹിസ്ബുള്ളയ്ക്ക് അനുവദിച്ചിട്ടുണ്ടെന്ന് അമേരിക്ക പറയുന്നു. പശ്ചിമേഷ്യയിലുടനീളം ഇറാന്റെ സഖ്യകക്ഷികളായ സായുധസംഘങ്ങൾക്ക് ശക്തി പകരുന്നവരാണ് ഹിസ്ബുള്ള. ഇറാഖിലെ സായുധസംഘങ്ങൾക്ക് പരിശീലനം നൽകുകയും അവർക്കൊപ്പം യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. യെമെനിൽ ഇറാൻ സഖ്യകക്ഷികളായ ഹൂതി വിമതർക്കൊപ്പം ഹിസ്ബുള്ള യുദ്ധത്തിനിറങ്ങിയെന്ന് സൗദി അറേബ്യ ആരോപിക്കുന്നു.

രാഷ്ട്രീയസ്വാധീനവും സൈനികശക്തിയും

ഒരു നിഴൽസംഘത്തിൽ നിന്ന് ലെബനീസ് ഭരണകൂടത്തിൽ സ്വാധീനമുള്ള വലിയ സായുധ സേനയായി ഹിസ്ബുള്ള മാറിയത് അതിവേഗമാണ്. ലെബനൻ ഔദ്യോഗികസൈന്യത്തേക്കാൾ വലുതും ശക്തവുമാണ് ഇന്ന് ഹിസ്ബുള്ള സേന.  രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ശക്തി.

ഇറാന്റെ പിന്തുണയും ഷിയാ അനുയായികൾക്കിടയിലെ ശക്തമായ ഇഴയടുപ്പവുമെല്ലാമാണ് ഇതിനു കാരണം. ഷിയാക്കൾക്ക് സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സേവനങ്ങളും ഹിസ്ബുള്ള ഉറപ്പാക്കുന്നു. എല്ലാ ഷിയാക്കളും ഹിസ്ബുള്ളയല്ലെങ്കിലും അവരോട് കൂറുള്ളവരാണ് ഭൂരിഭാഗവും. ലെബനനുള്ളിലെ മറ്റൊരു ശക്തിയായി പ്രവർത്തിക്കുമ്പോഴും അവർക്ക് സർക്കാരിൽ മന്ത്രിമാരും പാർലമെന്റിൽ അംഗങ്ങളുമുണ്ട്.

ലെബനനിലെ സെക്ടേറിയൻ സംവിധാനത്തിൽ ഹിസ്ബുള്ളയേക്കാൾ മെച്ചമുണ്ടാക്കിയ സംഘടനയില്ല. ദേശീയ പ്രതിസന്ധികളെല്ലാം നിസ്സാരമായിട്ടേ അവരെ ബാധിക്കാറുള്ളൂ. റോക്കറ്റുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള ആയുധശേഖരമുണ്ടവർക്ക്. ഇസ്രയേലിന്റെ എല്ലാ ഭാഗങ്ങളിലും ആക്രമണം നടത്താൻ ശേഷിയുണ്ടെന്ന് 2021-ൽ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്റുള്ള അവകാശപ്പെട്ടിരുന്നു. സംഘത്തിന് 100,000 പ്രവർത്തകരുണ്ടെന്നും.

ആയുധശേഖരവും പരിശീലനവും

സമീപ വർഷങ്ങളിൽ പശ്ചിമേഷ്യയിലുണ്ടായ മാറ്റങ്ങൾ നോക്കിയാൽ, ഒരിടത്ത് പൊട്ടിപ്പുറപ്പെടുന്ന അക്രമം മറ്റിടങ്ങളിലേക്കും ആളിക്കത്താനുള്ള പ്രവണത കാണാം. വിവിധ രാജ്യങ്ങളിലെ ഇസ്രയേൽ വിരുദ്ധ ശക്തികളെ ഒന്നിച്ചുകൊണ്ടുവരാൻ ഇറാനുണ്ടാക്കിയ ശൃംഖലയ്ക്ക് ഇവിടെ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ഗാസ, ലെബനൻ, സിറിയ, ഇറാഖ്, യെമെൻ എന്നിവിടങ്ങളിലെ സായുധ സംഘങ്ങൾ ഒരു കാലത്ത് വെവ്വേറെ യുദ്ധം ചെയ്തിരുന്നവരാണ്, പക്ഷേ തങ്ങളെല്ലാം ഒരേ തൂവൽപക്ഷികളാണെന്ന തോന്നൽ ഇപ്പോൾ പലർക്കുമുണ്ട്. അവരുടെ കമാൻഡർമാരിൽ പലരും ഇറാനിൽ നിന്നോ ഹിസ്ബുള്ളയിൽ നിന്നോ സമാനമായ പരിശീലനം നേടിയവരാണ്. കൂടാതെ ആയുധങ്ങളുടെ ഉപയോഗത്തിലും ശത്രുക്കളെ നിരീക്ഷിക്കുന്നതിലുമൊക്കെയുള്ള അറിവ് അവർ പരസ്പരം പങ്കിടുന്നു. ഇറാൻ ഒരു നിഴൽപോലെ ഇവരെ നയിക്കുന്നു.

ഹിസ്ബുള്ളയും ഇസ്രയേലും ഏറ്റുമുട്ടിയപ്പോൾ

ലെബനനിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം മറ്റ് ഗ്രൂപ്പുകൾ നിരായുധരായപ്പോൾ, ഇസ്രയേൽ സേനയെ നേരിടാൻ ഹിസ്ബുള്ള ആയുധങ്ങൾ സൂക്ഷിച്ചു. തെക്കൻ ലെബനനിൽ അധിനിവേശം നടത്തിയ ഇസ്രയേൽ സേനയ്ക്കെതിരേ പരിശീലനം ലഭിച്ച ഗറില്ലകൾ ആക്രമണത്തിനിറങ്ങി. വർഷങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ 2000 മെയ് മാസത്തിൽ, തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്.) പിൻവാങ്ങി. അതിർത്തികടന്നുള്ള ഏറ്റുമുട്ടൽ ശമിച്ചപ്പോൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ഐക്യരാഷ്ട്രസഭ താത്കാലികമായി ഒരു അതിർവരമ്പുണ്ടാക്കി. ബ്ലൂ ലൈൻ. ഇസ്രയേലും ലെബനനും യു.എന്നും അംഗീകരിച്ച താത്കാലിക അതിര്. ഇസ്രയേലിന്റെ പിൻവാങ്ങൽരേഖ നീല ബാരലുകൾ നിരത്തി ഐക്യരാഷ്ട്രസഭ അടയാളപ്പെടുത്തിയതിനാലാണ് ബ്ലൂലൈൻ എന്നറിയപ്പെടുന്നത്. ഏറ്റുമുട്ടലുകൾ പിന്നെയുമുണ്ടായി. 2006-ൽ ഇസ്രയേലുമായുള്ള അഞ്ചാഴ്ചത്തെ യുദ്ധവേളയിൽ ഹിസ്ബുള്ള സൈനികശക്തി തെളിയിച്ചു. ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തു. അതിൽ ലെബനനിൽ 1,200 പേർ കൊല്ലപ്പെട്ടു, കൂടുതലും സാധാരണക്കാർ. 158 ഇസ്രയേലികളും കൊല്ലപ്പെട്ടു, ഭൂരിഭാഗവും സൈനികർ.

ഹിസ്ബുള്ള ഭീകരസംഘടനകളുടെ പട്ടികയിൽ

രൂപവത്കരിച്ച് അധികം വൈകാതെ ലെബനനിലെ യു.എസ്.-ഫ്രഞ്ച് താവളങ്ങളിൽ ആക്രമണം നടത്തി ഹിസ്ബുള്ള ഇറാനൊരു മുതൽക്കൂട്ടായി. 80-കളിൽ ലെബനനിലെ പാശ്ചാത്യ എംബസികൾക്കു നേരെ ഹിസ്ബുള്ള ചാവേർ ആക്രമണം നടത്തുകയും പാശ്ചാത്യരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നെന്ന് ലെബനൻ സുരക്ഷാ ഉദ്യോഗസ്ഥരും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവും പറയുന്നു. അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും വൈകാതെ ഹിസ്ബുള്ളയെ ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തി. സൗദി അറേബ്യ ഉൾപ്പെടെ യുഎസിന്റെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങളും. യൂറോപ്യൻ യൂണിയൻ ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തെ തീവ്രവാദ ഗ്രൂപ്പായി കണക്കാക്കുന്നുവെങ്കിലും അതിന്റെ രാഷ്ട്രീയ വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. 1994-ൽ ബ്യൂണസ് ഏറീസിലെ ജൂത കമ്മ്യൂണിറ്റി സെന്ററിൽ 85 പേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിനും 1992-ൽ ബ്യൂണസ് ഐറിസിലെ ഇസ്രയേൽ എംബസിക്ക് നേരെയുണ്ടായ 29 പേർ കൊല്ലപ്പെട്ട ആക്രമണത്തിനും പിന്നിൽ ഹിസ്ബുള്ളയും ഇറാനുമാണെന്ന് അർജന്റീന ആരോപിക്കുന്നു. ആരോപണം ഇറാനും ഹിസ്ബുള്ളയും നിഷേധിച്ചു. ഹിസ്ബുള്ളയെ എതിർക്കുന്ന ലെബനൻ പാർട്ടികൾ സംഘടന രാജ്യത്തെ ദുർബലപ്പെടുത്തിയെന്നും ഏകപക്ഷീയമായി സായുധ സംഘട്ടനങ്ങളിലേക്ക് വലിച്ചിഴച്ചെന്നും ആരോപിക്കുന്നു.


ക്രിസ്ത്യൻ പ്രസിഡന്റും സുന്നി പ്രധാനമന്ത്രിയും

ലെബനനിലെ പാർലമെന്റ് സംവിധാനം സവിശേഷമാണ്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട എല്ലാ മതവിഭാഗക്കാർക്കും പാർലമെന്റിൽ നിശ്ചിത സീറ്റുകൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. അധികാരസ്ഥാനങ്ങളും അങ്ങനെതന്നെ. പരമ്പരാഗതമായി മരോനൈറ്റ് ക്രിസ്ത്യാനികൾക്കാണ് പ്രസിഡന്റ് സ്ഥാനം. പ്രധാനമന്ത്രി സുന്നി മുസ്ലീമും പാർലമെന്റ് സ്പീക്കർ ഷിയാ മുസ്ലീമുമായിരിക്കും. 1943 മുതൽ ഈ അലിഖിത ദേശീയ ഉടമ്പടി രാജ്യത്തുണ്ട്. 1932-ൽ നടന്ന സെൻസസ് പ്രകാരം ക്രിസ്ത്യാനികൾക്കായിരുന്നു ഭൂരിപക്ഷം. അതുകൊണ്ടാണ് പ്രസിഡന്റ് പദവി അവർക്കു നൽകിയത്. തൊട്ടുതാഴെ ആനുപാതികമായിട്ടാണ് മറ്റു മതങ്ങൾ. വിവിധക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളും ഡ്രൂസുകളുമടക്കം 18 അംഗീകൃത മതങ്ങളുണ്ട് ലെബനനിൽ. എല്ലാവരുടെയും പ്രാതിനിധ്യമുറപ്പാക്കുന്ന സർക്കാരിന് പക്ഷേ രാഷ്ട്രീയ അസ്ഥിരതയാണ് ദീർഘനാളായി നേരിടേണ്ടി വന്നത്. ആഭ്യന്തരയുദ്ധത്തിനുശേഷം രാജ്യത്തെ ജനസംഖ്യയിൽ മുമ്പിൽ ഷിയാക്കളാണെ (30 ശതമാനം മുതൽ 40 ശതമാനം വരെ) ന്നാണ് പുതിയ റിപ്പോർട്ട്. 1932-ന് ശേഷം ഔദ്യോഗിക സെൻസസ് നടക്കാത്തതിനാൽ കൃത്യമായ കണക്കുകളില്ല. വിദേശത്തുള്ള ലെബനൻകാരിലെ നിലവിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളാണ്. 1989-ലെ തായിഫ് അക്കോർഡ് അനുസരിച്ച് മുസ്ലിം വിഭാഗങ്ങൾക്കും ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പാർലമെന്റിൽ തുല്യസീറ്റുകളാണ്. 64.

പ്രസിഡന്റില്ലാതെ ലെബനൻ

ആഭ്യന്തരയുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഇതിനോടകം ദുർബലമാക്കിയതാണ് ലെബനനെ. ജനസംഖ്യയുടെ മൂന്നിലൊന്നും കൊടും ദാരിദ്ര്യത്തിൽ. ഒരുകാലത്ത് രാജ്യത്തേക്ക് പണമൊഴുകിയിരുന്നത് സൗദി അറേബ്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമൊക്കെയായിരുന്നു. ഈ രാജ്യങ്ങളുമായുള്ള ബന്ധമുലഞ്ഞതാണ് രാജ്യത്തെ കൊടുംപട്ടിണിയിലേക്ക് നയിക്കാൻ പ്രധാനപ്പെട്ടൊരു കാരണം. യെമെനിലെ ആഭ്യന്തരയുദ്ധത്തിൽ ഔദ്യോഗിക സർക്കാരിനെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം യുദ്ധരംഗത്തുണ്ട്. എന്നാൽ അവിടുത്തെ ഹൂതി വിമതർക്കുവേണ്ടി ലെബനീസ് ഹിസ്ബുള്ള യുദ്ധത്തിനിറങ്ങിയത് സൗദിയെ ചൊടിപ്പിച്ചു.

ലെബനീസ് രാഷ്ട്രീയത്തിൽ ഹിസ്ബുള്ളയുടെ ആധിപത്യം വർധിച്ചതോടെ 2021-ൽ, സൗദി ലെബനനിൽ നിന്നുള്ള കാർഷിക കയറ്റുമതി നിരോധിച്ചു. യെമെനിലെ സൗദി അറേബ്യയുടെ യുദ്ധത്തെ ‘അസംബന്ധം’ എന്ന് ഒരു മന്ത്രി വിളിച്ചതിനു പിന്നാലെ ലെബനനിൽ നിന്നുള്ള എല്ലാ കയറ്റുമതിയും നിരോധിച്ചു.

ശിഥിലമായ രാഷ്ട്രീയ വ്യവസ്ഥയും ദുർബലമായ ഭരണകൂടവുമായിരുന്നിട്ടും 2011-ൽ തുടങ്ങിയ സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കാലത്തുപോലും ലെബനന് പേരിനെങ്കിലും പിടിച്ചുനിൽക്കാനായിയിരുന്നു. പക്ഷേ, 2019 ഒക്ടോബറിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. സാമ്പത്തിക ദുരുപയോഗം, അമിതമായ കടമെടുപ്പ്, വിദേശത്തുനിന്നുള്ള പണമൊഴുക്കിലെ ഇടിവ് എന്നിവ ലെബനീസ് സമ്പദ് വ്യവസ്ഥയെ തകർച്ചയിലേക്ക് നയിച്ചു. സാമ്പത്തികസ്ഥിതി ഏറ്റവും മോശമായി. സർക്കാർവിരുദ്ധ പ്രക്ഷോഭം രാജ്യത്തെ സംഘർഷഭരിതമാക്കി. 2020 ഓഗസ്റ്റിൽ ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനം സ്ഥിതി കൂടുതൽ വഷളാക്കി. സുരക്ഷിതമല്ലാതെ സൂക്ഷിച്ച അമോണിയം നൈട്രേറ്റിന്റെ വൻശേഖരം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 225 പേർ കൊല്ലപ്പെടുകയും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടാവുകയും ചെയ്തു. മൂന്നു ലക്ഷത്തോളം പേർക്കാണ് അതേത്തുടർന്ന് വീട് നഷ്ടമായത്. രാഷ്ട്രീയ അസ്ഥിരത കാരണം ലെബനന് 2022 ഒക്ടോബർ മുതൽ പ്രസിഡന്റില്ല. ഏറെ വിവാദങ്ങൾക്കൊടുവിലാണ് മൈക്കൽ ഔൺ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. പുതിയ നേതാവിനെ തീരുമാനിക്കാൻ പലതവണ ശ്രമമുണ്ടായെങ്കിലും തർക്കങ്ങളിൽ കുരുങ്ങിനിന്നു. നജീബ് മിക്കാതി താൽക്കാലിക പ്രധാനമന്ത്രിയായി കാര്യങ്ങൾ നോക്കുന്നു.

2014 മുതൽ 2016 വരെയും ലെബനന് പ്രസിഡന്റുണ്ടായിരുന്നില്ല. 2016-ലാണ് ഹിസ്ബുള്ളയുടെ സഖ്യകക്ഷിയും ക്രിസ്ത്യൻ രാഷ്ട്രീയക്കാരനുമായ മൈക്കൽ ഔൺ പ്രസിഡന്റാവുന്നത്. നിലവിൽ രാഷ്ട്രീയത്തിൽ വലിയൊരു ശക്തിയായി മാറിയിരുന്ന ഹിസ്ബുള്ളയുടെ ജനപിന്തുണ വിവാദങ്ങളിൽ തട്ടി ഇടിയുകയാണ്.

‘യുദ്ധത്തിനിറങ്ങിയാൽ ലെബനനെ ശിലായുഗത്തിലേക്കയക്കും’

ലെബനൻ യുദ്ധം ചെയ്യണോയെന്നത് ആത്യന്തികമായി ലെബനൻ സർക്കാരിന്റെ തീരുമാനമല്ലെന്നതാണ് വാസ്തവം. ഹിസ്ബുള്ളയും ഇറാനുമാണ് തീരുമാനശക്തികൾ. തീരുമാനമെടുക്കാൻ തനിക്ക് അധികാരമില്ലെന്ന് താത്കാലിക പ്രധാനമന്ത്രി മിക്കാതി തുറന്നുപറഞ്ഞു. ഹിസ്ബുള്ളയുടെ സൈനിക മേധാവിത്വത്തെ പരമ്പരാഗതമായി എതിർത്തിരുന്ന ഡ്രൂസുകളും മരോനൈറ്റ് രാഷ്ട്രീയ നേതാക്കളും നിലവിലെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാതിയും യുദ്ധത്തിനെതിരേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിലെ പലസ്തീനികളെ പിന്തുണച്ചുകൊണ്ട് ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഹിസ്ബുള്ള പങ്കുചേരുകയാണെങ്കിൽ അത് ലെബനന്റെ ചരിത്രത്തിലെ മറ്റൊരു ദുരന്തമായിരിക്കും. അങ്ങനെ വന്നാൽ ലെബനനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, തെക്കൻ ഇസ്രയേലിലും ഗാസയിലും ഇതിനകം തന്നെയുണ്ടായ അക്രമവും നാശവുമെല്ലാം ലെബനനിലേക്കും, ഒരുപക്ഷേ,  പശ്ചിമേഷ്യയിലാകമാനം തന്നെ പടരുമെന്ന് വിലയിരുത്തലുകളുണ്ട്. ജീവഹാനിയുമുണ്ടാവും. ലെബനൻ അതിർത്തിയോടു ചേർന്നുള്ള ഇസ്രയേൽ പ്രദേശത്തുള്ളവരെയെല്ലാം ഇസ്രയേൽ ഇതിനകം ഒഴിപ്പിച്ചുതുടങ്ങി. യുദ്ധത്തിൽ മുഴുവനായും ചേരണമോ എന്ന കാര്യത്തിൽ ഹിസ്ബുള്ളയുടെ തീരുമാനം നിർണായകമാവും. ലെബനന്റെ പരമാധികാരം സംരക്ഷിക്കലാണ് പ്രധാനദൗത്യമെന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല ആവർത്തിക്കുമ്പോഴും മറുവശത്ത്, ഇറാനോടുള്ള പ്രതിബദ്ധത  അവർക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പ്രതിരോധശേഷിയുമായി തട്ടിച്ചുനോക്കുമ്പോൾ ഹമാസിനേക്കാൾ എന്തുകൊണ്ടും ഹിസ്ബുള്ള ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം  അപകടകാരിയാണ്. ദീർഘദൂര മിസൈലുകളും, ലക്ഷ്യംവെച്ച് തൊടുക്കാവുന്ന മിസൈലുകളും സൈബർ സൗകര്യങ്ങളും ഹിസ്ബുള്ളയ്ക്കുണ്ട്. ഇസ്രയേലിൽ കനത്ത ആൾനഷ്ടമുണ്ടാക്കാൻ ലെബനന് സാധിക്കും. അതേസമയം, ഹിസ്ബുള്ളയുടെ വിദഗ്ധരായ ഗറില്ലകളെയും ഹമാസിനെയും ഒരേസമയം പ്രതിരോധിക്കാനും അവർക്കാവുമെന്ന് വിദഗ്ദർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും നശിപ്പിക്കപ്പെടുന്ന തീവ്രമായ ഇസ്രായേലി വ്യോമാക്രമണങ്ങളെ ലെബനന് നേരിടേണ്ടിവരും. ഇരുവിഭാഗങ്ങൾക്കും നഷ്ടപ്പെടാൻ ധാരാളമുണ്ട്. ഹിസ്ബുള്ള ഭീഷണി മുഴക്കുമ്പോഴും ലെബനനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ താത്പര്യം പ്രകടപ്പിച്ചിട്ടില്ല.

സിറിയയും ഹമാസുമായുള്ള ബന്ധം

ഗാസയെ നിയന്ത്രിക്കുന്ന ഹമാസും ഇറാന്റെ പിന്തുണയുള്ള മറ്റൊരു പലസ്തീൻ വിഭാഗമായ ഇസ്ലാമിക് ജിഹാദുമായും ഹിസ്ബുള്ളയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ഇസ്രയേൽ ആക്രമിച്ച ദിവസം ഹമാസ് നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്ന് ഹിസ്ബുള്ള പറയുന്നു. അന്നുമുതൽ അതിർത്തിക്കപ്പുറത്തേക്ക് ഹിസ്ബുള്ള ഒട്ടേറെത്തവണ വെടിവയ്പ് നടത്തി. ലെബനനിൽ സാന്നിധ്യമുള്ള ഹമാസും ഇസ്ലാമിക് ജിഹാദും ആദ്യമായി ലെബനന്റെ മണ്ണിൽ നിന്ന് ഇസ്രയേലിനെതിരേ ആക്രമണം അഴിച്ചുവിട്ടു. ഇസ്ലാമിക് ജിഹാദ് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ നേരിട്ടുള്ള പങ്കാളിത്തമായിരുന്നു ഹിസ്ബുള്ളയ്ക്ക്. ഷിയാ വിഭാഗക്കാരനായ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് സർക്കാരിനുവേണ്ടി വിമതസുന്നികൾക്കെതിരേ ഹിസ്ബുള്ള യുദ്ധത്തിനിറങ്ങി. സിറിയൻ മണ്ണിലായിരുന്നു യുദ്ധം. അതുപോലെയാവില്ല ഹമാസിനുവേണ്ടി ഇസ്രയേലുമായി യുദ്ധത്തിനിറങ്ങിയാൽ. നഷ്ടം വലുതായിരിക്കും. യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ യുദ്ധം ഒഴിവാക്കാൻ ശ്രമം നടത്തിവരുന്നു.