ഏതുതരം ജീവികളായിരിക്കും ലക്ഷം വര്‍ഷം കഴിഞ്ഞാല്‍ ഭൂമി വാഴുക? അന്ന് മനുഷ്യരുണ്ടാകുമോ? അതെല്ലാം പ്രവചനങ്ങള്‍ക്കപ്പുറമാണ്. പക്ഷേ, വരുന്ന ലക്ഷം വര്‍ഷത്തെ ഗ്യാരണ്ടിയില്‍ ഫിന്‍ലന്‍ഡുകാര്‍ ഒരു ഭീമന്‍ കലവറ പണിയുന്നുണ്ടിപ്പോള്‍. ആണവമാലിന്യത്തിന്റെ കല്ലറയെന്നിതിനെ വിശേഷിപ്പിക്കാം. പേര് ഓങ്കലോ. ജീവജാലങ്ങളുമായി നേരിയ തോതില്‍ സമ്പര്‍ക്കം വന്നാല്‍പോലും മരണകാരിയായ റേഡിയേഷനുണ്ടാക്കുന്ന ടണ്‍കണക്കിന് ആണവമാലിന്യം (ഉപയോഗിച്ച ആണവ ഇന്ധനം) രാജ്യത്തുണ്ട്. അവയെ ജീവനോടെ ഭൂമിക്കടിയില്‍ കുഴിച്ചിടാനാണ് ഈ 'കല്ലറ'. ആണവമാലിന്യത്തിന് ഒരു സ്ഥിരം സംഭരണിയുണ്ടാക്കുന്നത് ലോകത്താദ്യം. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) അടക്കമുള്ളവര്‍ ഓങ്കലോയെ ഒരു 'ഗെയിം ചെയ്ഞ്ചര്‍' ആയിക്കരുതുന്നു. ഭൂമുഖത്ത് വരുന്ന ലക്ഷം വര്‍ഷത്തില്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ജീവിവര്‍ഗങ്ങള്‍ക്ക് ഈ തലമുറയുണ്ടാക്കിയ ആണവമാലിന്യം ഭീഷണിയാവരുതെന്ന് നിര്‍ബന്ധമുണ്ട്, അതുകൊണ്ടാണ് ഇങ്ങനെയൊരു ആശയം നടപ്പാക്കുന്നതെന്ന് ഫിന്നിഷ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഭീമന്‍ കലവറയുടെ ലക്ഷം വര്‍ഷത്തെ സുരക്ഷ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ക്ക് ഒരേസമയം സംശയങ്ങളും പ്രതീക്ഷകളുമുണ്ട്. ഓങ്കലോയുടെ സാധ്യതകളും പതിയിരിക്കുന്ന അപകടവും എന്തെല്ലാമെന്നു നോക്കാം.  

To advertise here,
  • ഓങ്കലോ എന്ന മഹാഗുഹ

ഫിന്‍ലന്‍ഡിന്റെ തെക്കുപടിഞ്ഞാറുള്ള ഓള്‍കിലൂട്ടോ ദ്വീപ്, അതിന്റെ അടിത്തട്ടില്‍  450 മീറ്റര്‍ (1,500 അടി) ആഴത്തില്‍ തുരങ്കമുണ്ടാക്കിയാണ് മാലിന്യശേഖരണി ഒരുക്കുന്നത്. 20 കൊല്ലങ്ങള്‍ക്കു മുമ്പേ നിര്‍മാണം തുടങ്ങിയിരുന്നു. ഫിന്‍ലന്‍ഡിലെ ആണവനിലയങ്ങളില്‍നിന്ന് പുറംതള്ളുന്ന ഖരരൂപത്തിലുള്ള ഉപയോഗിച്ച ആണവ ഇന്ധനം (പ്രധാനമായും യുറേനിയം) ജീവജാലങ്ങള്‍ക്കു ഭീഷണിയില്ലാത്ത രീതിയില്‍ സംസ്‌കരിക്കുകയാണ് ദൗത്യം. നിര്‍മാണച്ചെലവ് ബില്യണ്‍ യൂറോ (ഏകദേശം 92,53 കോടി രൂപ).ഇത്  രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കണക്കുകൂട്ടല്‍. ഫിന്നിഷ് ഭാഷയില്‍ ഓങ്കലോ എന്നാല്‍ ഗുഹയെന്നും ഗര്‍ത്തമെന്നുമൊക്കെയാണ് അര്‍ഥം. രാജ്യത്തെ രണ്ട് ആണവനിലയങ്ങളുടെ ഉടമസ്ഥര്‍ ചേര്‍ന്നു സ്ഥാപിച്ച പോസിവ എന്ന കമ്പനിയാണ് ഓങ്കലോ സംഭരണി നിര്‍മിക്കുന്നതും നിയന്ത്രിക്കുന്നതും. സ്വീഡനില്‍ വികസിപ്പിച്ച കെ.ബി.എസ്.-3 എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സംവിധാനം.

placeholder
ഓള്‍കിലൂട്ടോ ദ്വീപ് | Photo Courtesy: nuclear news
  • ഓങ്കലോ പ്രവര്‍ത്തിക്കുന്നതിങ്ങനെ

ആണവ മാലിന്യങ്ങള്‍ എത്രകാലം അപകടവികിരണം പുറപ്പെടുവിക്കുമെന്ന് പ്രവചിക്കാനാവില്ല. അവ ജീവജാലങ്ങളില്‍ നിന്ന് അകറ്റി, ഒറ്റപ്പെട്ടയിടങ്ങളിലേക്ക് മാറ്റുക മാത്രമാണ് അപകടം തടയാനുള്ള പോംവഴി. ഓങ്കലോ നിലയത്തിന്റെ ഉപരിതലത്തിലുള്ള എന്‍ക്യാപ്‌സുലേഷന്‍ പ്ലാന്റിലാണ് ആണവമാലിന്യത്തിന്റെ സംസ്‌കരണപ്രക്രിയ തുടങ്ങുന്നത്. ആദ്യം ചെലവഴിച്ച ഇന്ധന ദണ്ഡുകള്‍ ഇവിടെവെച്ച്  ഡിസ്‌പോസല്‍ കാനിസ്റ്ററുകളില്‍ നിറയ്ക്കും. കാനിസ്റ്ററുകളുടെ അകംപാളി കാസ്റ്റ് അയേണും പുറംപാളി അഞ്ച് സെന്റിമീറ്റര്‍ കട്ടിയുള്ള കോപ്പറുമാണ്. ദണ്ഡുകളിട്ടശേഷം അടപ്പുപോലെ ഒരു ലിഡ് കാനിസ്റ്ററിലേക്ക് വിളക്കിച്ചേര്‍ക്കും. ഇതോടെ കാനിസ്റ്ററുകളില്‍ മാലിന്യം നിറയ്ക്കല്‍ പൂര്‍ത്തിയായി. ശേഷം അവയോരോന്നും 450 മീറ്റര്‍ (1,500 അടി) ആഴത്തില്‍ പാറ തുരന്നുണ്ടാക്കിയ വിലങ്ങനെയുള്ള ഡിപ്പോസിഷന്‍ ടണലുകളിലേക്ക് റോബോട്ടിക് ട്രാന്‍സ്ഫര്‍ വാഹനങ്ങളില്‍ കൊണ്ടുപോകും. ഓരോ ടണലിലിന്റെയും അടിവശത്ത് എട്ടു മീറ്റര്‍ ആഴത്തിലും രണ്ടു മീറ്റര്‍ വ്യാസത്തിലും വൃത്താകൃതിയില്‍ ഏകദേശം 40-ഓളം ദ്വാരങ്ങളുണ്ടാകും. ഈ ദ്വാരങ്ങളിലേക്കാണ് കാനിസ്റ്ററുകള്‍ ഇറക്കേണ്ടത്. അതിനായി ഓരോ ദ്വാരത്തിനുള്ളിലും ആദ്യം ബെന്റോണൈറ്റ് കളിമണ്ണിന്റെ കവചമൊരുക്കി അതിനുള്ളിലേക്ക് കാനിസ്റ്റര്‍ ഇറക്കിവെക്കും. ശേഷം ബെന്റോണൈറ്റ് കൊണ്ട് പൊതിഞ്ഞ് ദ്വാരമടയ്ക്കും. ബെന്റോണൈറ്റ് ഫില്ലിങ് കൊണ്ട് തുരങ്കവുമടയ്ക്കും. കാനിസ്റ്ററുകള്‍ പൂര്‍ണമായും പാറയ്ക്കുള്ളിലാവുമെന്ന് സാരം.

അഞ്ചുമീറ്റര്‍ നീളമുള്ള കാനിസ്റ്ററുകള്‍ നിറച്ചുകഴിഞ്ഞാല്‍ ഓരോന്നിനും 25 ടണ്‍ ഭാരം വരും. നിലവില്‍ 350 മീറ്റര്‍ നീളമുള്ള അഞ്ച് ഡെഡ്-എന്‍ഡ് ഡിപ്പോസിഷന്‍ ടണലുകള്‍ (ടെസ്റ്റ് ടണലുകള്‍) നിര്‍മ്മിച്ചുകഴിഞ്ഞു. ഭാവിയില്‍ 85 എണ്ണം കൂടി നിര്‍മിക്കും. അതോടെ, 3,300-ത്തോളം കാനിസ്റ്ററുകളെ ടണലുകള്‍ക്ക് ഉള്‍ക്കൊള്ളാനാവും. 5,500 ടണ്‍ മാലിന്യം ഇവിടെ എന്നന്നേക്കുമായി സംസ്‌കരിക്കാം. ഹൈഡ്രോളിക് കണ്ടക്റ്റീവിറ്റി കുറഞ്ഞ വസ്തുവാണ് ബെന്റോണൈറ്റ് കളിമണ്ണ്. കാനിസ്റ്ററുകളില്‍ വെള്ളംകയറാതിരിക്കാന്‍ ഇത് സഹായിക്കും. ടണലുകളുടെ ആകെ നീളം 42 കിലോ മീറ്റര്‍ വരുമെന്നാണ് കണക്കാക്കുന്നത്.  

  • നൂറു കൊല്ലത്തിനു ശേഷം നിലയമടയ്ക്കും

മാലിന്യങ്ങള്‍ നിറച്ച കാനിസ്റ്ററുകള്‍ അടുത്ത 100-120 വര്‍ഷം തുടര്‍ച്ചയായി ഓങ്കലോയില്‍ നിക്ഷേപിച്ചുകൊണ്ടേയിരിക്കും. അത്രയും വര്‍ഷം കൊണ്ടേ എല്ലാ ടണലുകളും നിറയൂ. ശേഷം ഓങ്കലോ എന്നന്നേക്കുമായി അടയ്ക്കും. ബാഹ്യശല്യങ്ങളില്ലാതെ പിന്നെ കാനിസ്റ്ററുകള്‍ക്ക് നിദ്രാവേളയാണ്. കുറഞ്ഞത് ലക്ഷം വര്‍ഷത്തേക്ക് കാനിസ്റ്ററുകള്‍ അങ്ങനെ അപകടമില്ലാതെ കിടക്കുമെന്ന് പോസിവ കണക്കുകൂട്ടുന്നു. അത്രയും കാലം ഉള്ളിലെ മാലിന്യത്തിന്റെ മാരകമായ റേഡിയോ ആക്ടീവ് കണ്ടന്റ് പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുകിടക്കും. ഓങ്കലോ അടച്ചുകഴിഞ്ഞാല്‍ നിലവില്‍ ഉപരിതലത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുകളഞ്ഞ് ഈ പ്രദേശത്തെ സ്വാഭാവികഭൂപ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും.

ഫിന്‍ലന്‍ഡിലെ അഞ്ച് ആണവ നിലയങ്ങളും അവയുടെ ആയുസ്സില്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ മാലിന്യങ്ങളും ഓങ്കലോയ്ക്ക് സംസ്‌കരിക്കാനാവും. ഉപയോഗിച്ച ആണവ ഇന്ധനം റിയാക്ടറുകളില്‍ നിന്ന് ശേഖരിക്കുമ്പോള്‍ ഉയര്‍ന്ന തോതില്‍ റേഡിയോആക്ടീവ് ആയിരിക്കുമെങ്കിലും കാലപ്പഴക്കം അത് നേര്‍പ്പിച്ചേക്കാം. അങ്ങനെ വന്നാല്‍ 500 കൊല്ലത്തിനുശേഷം കാനിസ്റ്ററുകളുടെ അപകടസാധ്യത കുറയുമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. പക്ഷേ, ദീര്‍ഘകാലം അപകടസ്ഥിതി തുടരുന്ന ഘടകങ്ങളുണ്ട്. അവ ഉപരിതലത്തിലെത്തുകയോ ഏതെങ്കിലും തരത്തില്‍ കുടിവെള്ളവുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അപകടമാണ്. 

  • ഭൂകമ്പമുണ്ടായാലോ?

ഫിന്‍ലന്‍ഡ് ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന മേഖലകളിലൊന്നാണ്. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത കുറഞ്ഞയിടവും. ഭൂമിശാസ്ത്രപരമായി വളരെ സ്ഥിരതയുള്ള ഇവിടെ മിഗ്മാറ്റൈറ്റ്-ഗ്‌നീസ് പാറകളാണ് (ഒരു പാറയില്‍ രണ്ട് വ്യത്യസ്ത തരം പാറകള്‍) ധാരാളമുള്ളതെന്ന് പോസിവയിലെ ജിയോളജിസ്റ്റുകള്‍ വിശദീകരിക്കുന്നു. വളരെ കട്ടിയേറിയ ഈ ശിലാപാളികള്‍ക്ക് ഏകദേശം 200 കോടി വര്‍ഷം പഴക്കമുണ്ട്. ഭൂമിക്കടിയില്‍ ആഴത്തില്‍ തുരങ്കങ്ങളുണ്ടാക്കാനും അതില്‍ തുളകളിടാനുമൊക്കെ പാറയുടെ ഉറപ്പും സ്ഥിരതയും ഗുണംചെയ്യും. അതേസമയം, ഭൂകമ്പസാധ്യതകൂടി പരിഗണിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സംഘം പറയുന്നു. അടുത്ത ദശലക്ഷക്കണക്കിന് വര്‍ഷങ്ങളില്‍ നിരവധി ഹിമയുഗങ്ങളുണ്ടാകും. ഓങ്കലോയുടെ മുകളില്‍ രണ്ടുമുതല്‍ മൂന്നുവരെ കിലോമീറ്ററുള്ള മഞ്ഞുപാളികള്‍ വരും. അത് ഭൂമിയുടെ പുറംതോടിനെ താഴേക്ക് തള്ളുകയും ഹിമയുഗം അവസാനിക്കുമ്പോള്‍ പുറംതോട് വീണ്ടും ഉയരാന്‍ തുടങ്ങുകയും ചെയ്യും. ഈ സമയത്ത് കാനിസ്റ്ററുകളെ തകര്‍ക്കാന്‍ ശക്തിയുള്ള ഭൂകമ്പങ്ങള് ഉണ്ടാവില്ലെന്ന് തീര്‍ത്തുപറയാനാവില്ല. അതിനാല്‍, അത്തരമൊരു അപകടം സംഭവിക്കാന്‍ സാധ്യത കുറഞ്ഞ ഭാഗമാണ് സംഭരണിക്കായി തിരഞ്ഞെടുത്തത്.

  • വരുംതലമുറയോട് ആരു പറയും ഇത് മാലിന്യത്തിന്റെ കല്ലറയാണെന്ന്?

നമ്മളിവിടെ ഉപേക്ഷിച്ച അപകടത്തെക്കുറിച്ച് ഭാവിതലമുറയിലേക്ക് ആര്, എങ്ങനെ വിവരം കൈമാറുമെന്നതാണ് സംഭരണിയെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാനചോദ്യം. ഇപ്പോഴിതിനെക്കുറിച്ച് ചിന്തിക്കുന്ന ഗവേഷകരും ശാസ്ത്രജ്ഞരും ഭാവിയില്‍ ഇത് നിയന്ത്രിക്കാനുണ്ടാവില്ല. ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്‌കാരങ്ങള്‍ നശിച്ചേക്കും. ഭാഷകള്‍ നശിച്ചേക്കും. റേഡിയേഷന്‍ എന്താണെന്ന് ആളുകള്‍ക്ക് അറിയാത്ത സമയവും വരാം. നിഗൂഢമായ ടണലുകളില്‍ എന്താണെന്നറിയാന്‍ സുരക്ഷാമുന്നൊരുക്കമില്ലാതെ അവ തുറന്നുനോക്കാന്‍ അന്നുള്ള മനുഷ്യര്‍ക്ക് തോന്നിയാലോ? ഈജിപ്തിലെ പിരമിഡ് ആളുകള്‍ കൊള്ളയടിച്ചതുപോലെ. ഇതിലെന്തോ കൗതുകമുള്ള വസ്തുവു ഒളിപ്പിച്ചിട്ടുണ്ടെന്നും ആളുകള്‍ കരുതാം. അതുമല്ല, ഇവിടെ വലിയ തോതില്‍ കോപ്പര്‍,  പ്ലൂട്ടോണിയം നിക്ഷേപമുണ്ടെന്ന് അന്നത്തെ ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തി, അതിനുവേണ്ടി ഇവിടം കുഴിക്കാന്‍ പദ്ധതിയിടാനും സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ റേഡിയേഷന്‍ കാരണം പോയിസനിങ്ങും മരണവുമൊക്കെയാണ് കാത്തിരിക്കുന്നത്. അതേസമയം, നിലയം അടയ്ക്കുമ്പോള്‍ അതിലെ യൂറേനിയത്തിന്റെയും പ്ലൂട്ടോണിയത്തിന്റെയും അളവ് ഏതുരീതിയില്‍ പുറത്ത് അടയാളപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിട്ടില്ല. അടുത്ത നൂറുമുതല്‍ 120 വര്‍ഷങ്ങള്‍ വരെ ഓങ്കലോ തുറന്നിരിക്കുമെന്നതിനാല്‍ തത്കാലം ആശങ്കകളുടെ ആവശ്യമില്ല.

  • അപകടകരമായ റേഡിയേഷന്‍

കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മാലിന്യമാണ് ചെലവഴിച്ച ഇന്ധനം. ഭീമമായ അളവിലുള്ള ഇവ സംസ്‌കരിക്കാനാവാതെ ലോകരാജ്യങ്ങള് കുഴങ്ങുന്ന വേളയിലാണ് ഫിന്‍ലാന്‍ഡ് അതിനായി മുന്നോട്ടുവരുന്നത്. ലോകമെമ്പാടും ഏകദേശം 370,000 ടണ്‍ ചെലവഴിച്ച ആണവ ഇന്ധനം ഇടക്കാലസംവിധാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി അസോസിയോഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ ഭൂരിഭാഗവും റിയാക്ടര്‍ സൈറ്റുകളില്‍ തന്നെയാണ്. 70 ശതമാനം സംഭരണ കുളങ്ങളിലും ബാക്കിയുള്ളവ ഡ്രൈ കാസ്‌കുകള്‍ എന്ന് വിളിക്കപ്പെടുന്ന കോണ്‍ക്രീറ്റ്-സ്റ്റീല്‍ സംഭരണികളിലും സൂക്ഷിച്ചിരിക്കുന്നു. നൂറുകണക്കിന് ആണവറിയാക്ടറുകള്‍ ഇന്ന് ലോകത്തുണ്ട്. പക്ഷേ, ഹൈലെവല്‍ റേഡിയോ ആക്ടീവ് മാലിന്യം തള്ളാന്‍ എവിടെയും സംവിധാനങ്ങളുണ്ടാക്കിയിട്ടില്ല. ജപ്പാനിലെ ഫുക്കുഷിമയില്‍ ആണവമാലിന്യം കലര്‍ന്ന ജലം നേര്‍പ്പിച്ച് കടലില്‍ ഒഴുക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. യു.എസിലെ യൂക്ക പര്‍വതനിരകളില്‍ ഉപരിതലത്തില്‍ നിന്ന് 300 മീറ്റര്‍ താഴെ ആണവമാലിന്യസംഭരണി നിര്‍മിക്കാന്‍ ആലോചന നടന്നിരുന്നു.  പക്ഷേ, അന്തിമതീരുമാനം പതിറ്റാണ്ടുകളായി രാഷ്ട്രീയപ്പോരില്‍ കുരുങ്ങിക്കിടക്കുന്നു.  

  • ആദ്യഘട്ടത്തില്‍ ഇന്ധനം റീ പ്രോസസ് ചെയ്യില്ല

ചെലവിട്ട ന്യൂക്ലിയര്‍ ഇന്ധനത്തില്‍ നിന്ന് പ്ലൂട്ടോണിയവും യുറേനിയവും വേര്‍തിരിക്കുന്നതിനെയാണ് റീപ്രൊസസിങ് എന്നു പറയുന്നത്. ഈ പ്രക്രിയയിലൂടെ പുനരുപയോഗിക്കാവുന്ന ആണവ വസ്തുക്കള് കിട്ടുന്നതിനൊപ്പം ഹൈലെവല്‍ ആണവമാലിന്യങ്ങളുമുണ്ടാകും. റീപ്രോസസിങ്ങിലൂടെ മൊത്തം മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാവുമെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തെ മൂന്നിലൊന്ന് ആണവമാലിന്യങ്ങളും റീപ്രോസസ് ചെയ്യുന്നുമുണ്ട്. പക്ഷേ, റീപ്രോസസിങ് ചെയ്യുന്നത് അപകടം കൂട്ടുമെന്നൊരു മറുവാദവുമുണ്ട്. റീപ്രോസസിങ്ങിലൂടെയുണ്ടാകുന്ന മാലിന്യം വെള്ളവുമായി കലര്‍ന്ന് ഭാവിയില്‍ അപകടമുണ്ടായേക്കുമെന്നാണതിന് വിശദീകരണം.  റീപ്രോസസിങ്ങിന് കൂടുതല്‍ സാങ്കേതികവിദ്യ ആവശ്യമാണെന്നതിനാലും ചിലവ് കൂടുമെന്നതിനാലും ആദ്യഘട്ടത്തില്‍ ഓങ്കലോ റീപ്രോസസ് ചെയ്യാതെയാണ് ഇന്ധനം സംസ്‌കരിക്കുകയെന്ന് പോസിവ അറിയിച്ചു.

  • പ്രകൃതിമനോഹരമായ ഓള്‍കിലൂട്ടോ ദ്വീപ്

ആകാശമുട്ടുന്ന പൈന്‍ മരങ്ങളും പരവതാനിപോലെ നിലംപൊതിഞ്ഞ ചെറുമഞ്ഞപ്പൂക്കളുമൊക്കെയായി ഓള്‍കിലൂട്ടോ ദ്വീപ് സസ്യജന്തുസമ്പന്നമാണ്. ഒരു വ്യാവസായികകേന്ദ്രമെന്ന് പെട്ടെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളയിടം. കടലിനോട് ചേര്‍ന്ന് മൂന്ന് ആണവറിയാക്ടറുകള്‍ ഇതിനകം തന്നെ നിര്‍മിച്ച ദ്വീപാണിത്. മൂന്നാമത്തേത് കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനക്ഷമമായത്. ഈ റിയാക്ടറും തെക്കന്‍ തീരത്തെ ലോവിസയിലെ മറ്റ് രണ്ട് റിയാക്ടറുകളും ഫിന്‍ലന്‍ഡിന്റെ വൈദ്യുതിയുടെ 33 ശതമാനവും ഉത്പാദിപ്പിക്കുന്നു. മൊത്തം നാല് ആണവറിയാക്ടറുകളാണ് ഫിന്‍ലന്‍ഡിലുള്ളത്. 

  • നാട്ടുകാര്‍ എതിര്‍ത്തില്ല; കാരണമിതാണ്

താമസസ്ഥലത്തിനടുത്ത് ആണവനിലയംപോലുള്ള നിര്‍മിതികള്‍ വന്നാല്‍ എതിര്‍ക്കാന്‍ മനോഭാവമുള്ളവരാണ് ഭൂരിഭാഗം ആളുകളും. 'എന്റെ വീടിനടുത്തു വേണ്ട'. ലോകത്തെല്ലായിടത്തും ഇതുതന്നെ സ്ഥിതി. പക്ഷേ, ഓങ്കലോ നിര്‍മിക്കാന്‍ ഓള്‍കിലൂട്ടോക്കാരില്‍ നിന്ന് കാര്യമായ എതിര്‍പ്പൊന്നും വന്നില്ല. കാരണം, ഇന്നാട്ടുകാര്‍ ഇതിനകം തന്നെ സ്വന്തം വാതില്‍പ്പടിയില്‍ ആണവോര്‍ജ്ജത്തെ പരിചയിച്ചവരാണ്. ഓങ്കലോയില്‍ അവര്‍ക്കത്ര പുതുമയൊന്നും തോന്നിയില്ല. ഇവിടെ ആണവമാലിന്യം നിക്ഷേപിക്കുമ്പോള്‍ സുരക്ഷിതത്വം സംബന്ധിച്ച സംശയങ്ങളുമുണ്ടായിരുന്നില്ല.  പൊതുജനങ്ങളുമായുള്ള സുതാര്യമായ ആശയവിനിമയത്തിലൂടെ അവരെ കാര്യങ്ങള്‍ ബോധിക്കുന്നതില്‍ ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ വിജയിച്ചു. ലോകത്തിനത് മാതൃകയായി.

  • ആണവോര്‍ജം

ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയില്‍ 10 ശതമാനമാണ് ആണവോര്‍ജത്തിന്റെ സംഭാവന. കുറഞ്ഞ അളവിലേ കാര്‍ബണ്‍ പുറന്തള്ളൂ എന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍  ആണവോര്‍ജത്തിന് നിര്‍ണായക പങ്കുവഹിക്കാനാവും. കഴിഞ്ഞ 60 കൊല്ലത്തിനിടെ ആണവോര്‍ജത്തില്‍ നിന്ന് മനുഷ്യരാശിക്ക് വലിയ നേട്ടങ്ങളുണ്ടായി. അതേസമയം, ഉയര്‍ന്ന ചെലവ്, ദൈര്‍ഘ്യമേറിയ നിര്‍മ്മാണ സമയം, ആണവ റിയാക്ടറുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയവ കാരണം പല രാജ്യങ്ങളും അകലം പാലിക്കുന്നു. മാലിന്യസംസ്‌കരണവും പ്രശ്‌നമായുണ്ട്. എന്നാല്‍, അമേരിക്കയും ബ്രിട്ടനുമടക്കം ഒട്ടേറെ രാജ്യങ്ങള്‍ പുതിയ റിയാക്ടറുകള്‍ നിര്‍മ്മിക്കുകയോ നിലവിലുള്ളവ ശേഷി വര്‍ധിപ്പിക്കാനായി നവീകരിക്കുകയോ ചെയ്യുന്നുന്നുണ്ട്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ആണവ വിപുലീകരണത്തിനും പദ്ധതിയിടുന്നു.

  • എതിര്‍വാദങ്ങള്‍

ഭൂമിക്കടിയില്‍ വായുരഹിതസാഹചര്യങ്ങളിലും കോപ്പര്‍ തുരുമ്പിക്കുമെന്ന പരീക്ഷണഫലം ചൂണ്ടിക്കാട്ടി സ്വീഡിഷ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ചില ആശങ്കകള്‍ പങ്കുവെക്കുന്നു. ടണലുകളില്‍ വെള്ളം കയറാനുമിടയുണ്ട്. അതിനാല്‍, പ്രതീക്ഷിച്ചതിലും വേഗം കോപ്പര്‍ കാനിസ്റ്ററുകള്‍ തുരുമ്പെടുത്തേക്കാമെന്ന് അവര്‍ പറയുന്നു. കാനിസ്റ്ററുകളില്‍ തുരുമ്പെടുത്താല്‍ 100 കൊല്ലത്തിനുള്ളില്‍ തന്നെ കേടുപാടുകള്‍ വന്നേക്കും.
എന്നാല്‍ ഭൂമിക്കടിയിലെ അറയില്‍ തുരുമ്പെടുക്കാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പോസിവ പറയുന്നത്. ലബോറട്ടറിയില്‍ പരീക്ഷണത്തിലൂടെ ഒരുപക്ഷേ കോപ്പര്‍ തുരുമ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടാകാം. പക്ഷേ, ഓങ്കലോയിലെ ഭൂമിയില്‍ നിന്ന് 450 മീറ്റര്‍ (1,500 അടി) താഴെയുള്ള അവസ്ഥയില്‍ ഈ പരീക്ഷണഫലം പ്രസക്തമല്ലെന്നും അവര്‍ പറയുന്നു.

  • സീഡനില്‍ സമാനമാതൃക

ഓങ്കലോക്ക് സമാനമായ കെബിഎസ്-3 തത്വത്തിലൂന്നിയുള്ള സംഭരണി സ്ഥാപിക്കാന്‍ സ്വീഡനും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്ക് മാറിയുള്ള ഫോര്‍സ്മാര്‍ക്കില്‍ നിര്‍മാണം തുടങ്ങുകയും ചെയ്തു. 2025-ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കരുതുന്നു. ഓങ്കലോയെപ്പോലെ ലക്ഷം വര്‍ഷം മുമ്പില്‍ കണ്ടാണ് സ്വീഡന്റെയും പദ്ധതി. എസ്.കെ.ബി. എന്ന കമ്പനിക്കാണ് നിര്‍മാണച്ചുമതല. ഉപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ താഴെയുണ്ടാക്കുന്ന സംഭരണിയില്‍ മാലിന്യം നിറച്ചുകഴിയാന്‍ 70 വര്‍ഷമെടുക്കും. അതിനുശേഷം ഓങ്കലോയെപ്പോലെത്തന്നെ ഈ നിലയവും അടയ്ക്കും. ഭൂഗര്‍ഭസംഭരണിക്കുമുകളിലുള്ള കെട്ടിടങ്ങള്‍ മുഴുവനും പൊളിച്ചുകളയും. ശേഷം പ്രദേശത്ത് മണ്ണൊരുക്കിയും മരങ്ങള്‍ നട്ടും ഭൂമിയെ പഴയ രീതിയില്‍ ആക്കിക്കൊണ്ടുവരാന്‍ ശ്രമിക്കും. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും യഥേഷ്ടം ജീവിക്കാം. എന്തിന് വീടുകള്‍ വരെ സംഭരണിക്കുമുകളില്‍ സാധാരണപോലെ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ 7500 ടണ്‍ മാലിന്യം സ്വീഡന്റെ ഇടക്കാല സംഭരണികളില്‍ സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്ത് മൂന്ന് ആണവനിലയങ്ങളാണുള്ളത്. 1970-ല്‍ ഇവ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇതുവരെ 8000 ടണ്‍ ആണനമാലിന്യങ്ങളുണ്ടായെന്നാണ് കണക്ക്.  

  • പദ്ധതി തയ്യാറാക്കിയ രാജ്യങ്ങള്‍

റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ സുരക്ഷിതമായ ദീര്‍ഘകാലസംസ്‌കരണത്തിന് നോര്‍വേ വ്യത്യസ്തരീതിയാണ് പരിഗണിക്കുന്നത്. ടണലുകള്‍ നിര്‍മിക്കാതെ 3,500 മീറ്റര്‍ (11,500 അടി) ആഴത്തിലുള്ള കുഴല്‍ക്കിണറിലേക്ക് കാനിസ്റ്ററുകള്‍ താഴ്ത്തുക എന്നതാണ് നോര്‍വേയുടെ ആശയം. നിലവില്‍ രാജ്യത്തെ രണ്ടിടങ്ങളിലായി സംഭരണികളില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് മാലിന്യങ്ങള്‍. ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യങ്ങള്‍ ഇതിനകം ദീര്‍ഘകാല ആണവസംഭരണികള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. സ്ഥലവും നിശ്ചയിച്ചു. ഇന്ത്യ, കാനഡ, ചൈന, ജര്‍മനി, ചെക്ക് റിപബ്ലിക്, ജപ്പാന്‍, സ്ലോവാക്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭാവിയില്‍ നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. ആണവമാലിന്യം റോക്കറ്റില്‍ ബഹിരാകാശത്തേക്കയക്കുക, മഞ്ഞുപാളികള്‍ക്കടിയില്‍ നിക്ഷേപിക്കുക തുടങ്ങിയ രീതികളും ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.