
1970-കളില്‍ പരിഷ്‌കാരമുള്ള സുഗന്ധവ്യഞ്ജനമായിരുന്നു അമേരിക്കക്കാര്‍ക്ക് വെളുത്തുള്ളി. വെളുത്തുള്ളിക്കൃഷി ഒരു ഫാഷനും. ആരോഗ്യഗുണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും യൂറോപ്യന്‍മാരുടെ വെളുത്തുള്ളിപ്രേമവുമെല്ലാം അമേരിക്കയിലേക്കും ഈ സുഗന്ധക്കാറ്റടിക്കാന്‍ കാരണമായി. ജീവന്റെ സുഗന്ധവ്യഞ്ജനമെന്നും വെളുത്തുള്ളി അന്നറിയപ്പെട്ടു. 79-ല്‍ സംവിധായകന്‍ ലെസ് ബ്ലാങ്ക് 'ഗാര്‍ലിക് ഇസ് ആസ് ഗുഡ് ആസ് ടെന്‍ മദേഴ്‌സ്' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി സിനിമയിറക്കി. സ്റ്റാന്‍ലി ക്രോഫോര്‍ഡ് വെളുത്തുള്ളിയിലെ പരീക്ഷണങ്ങള്‍ വിവരിച്ച് 'എ ഗാര്‍ലിക് ടെസ്റ്റമെന്റ്' എന്ന പേരില്‍ പുസ്തകവും. ഇതെല്ലാം സാധാരണജനങ്ങളില്‍ വെളുത്തുള്ളിയെക്കുറിച്ചുള്ള അറിവും അതിനോടുള്ള താത്പര്യവും കൂട്ടി. അടുക്കളയില്‍ വെളുത്തുള്ളി രാജാവായി. വാങ്ങാന്‍ ആളുകൂടിയപ്പോള്‍ വെളുത്തുള്ളികൃഷിയും വളര്‍ന്നു. 90-കളില്‍
അമേരിക്ക വെളുത്തുള്ളിയുടെ സ്വപ്നവിപണിയായി.
പക്ഷേ, സ്വദേശി കര്‍ഷകര്‍ക്കിത് സന്തോഷത്തിനു വകനല്‍കിയില്ല. തക്കംപാര്‍ത്ത് ചൈന രംഗപ്രവേശം നടത്തിയതായിരുന്നു കാരണം. ചൈനയില്‍ വ്യാപകമായി കൃഷിയിറക്കി, തുച്ഛമായ വിലയ്ക്കവര്‍ അമേരിക്കയിലേക്ക് വെളുത്തുള്ളിയെത്തിച്ചു. വിലകൂടിയ അമേരിക്കന്‍ വെളുത്തുള്ളിക്ക് ആവശ്യക്കാരില്ലാതായി, ചൈന വിപണി കൈപ്പിടിയിലുമാക്കി. തൊലിയുരിച്ച് പായ്ക്കറ്റുകളിലെത്തുന്ന ചൈനീസ് വെളുത്തുള്ളി അമേരിക്കക്കാരുടെ ദൈനംദിന ആവശ്യമായി അതിവേഗം മാറി. ചൈന കയറ്റുമതി പൊടിപൊടിക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ ഗിലോറിയാണ് യു.എസിലെ വെളുത്തുള്ളി ഇന്‍ഡസ്ട്രിയുടെ കേന്ദ്രം. അവിടുത്തെ മൂന്ന് വലിയ ഉത്പാദകര്‍ക്കു മാത്രമാണ് ചൈനയുടെ വിലക്കുറവെന്ന തന്ത്രത്തെ അതിജീവിക്കാനായത്. ബാക്കിയെല്ലാവരും കൃഷിനിര്‍ത്തി. 2010-ഓടെ അമേരിക്കക്കാര്‍ കഴിക്കുന്ന വെളുത്തുള്ളിയുടെ 41 ശതമാനവും ചൈനയുടെ വിളവായിരുന്നു (മെക്‌സിക്കോ, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളും യു.എസിലേക്ക് വെളുത്തുള്ളി ഇറക്കുമതി ചെയ്യുന്നു). ആഗോളമാര്‍ക്കറ്റില്‍ വെളുത്തുള്ളിയുടെ ഭൂരിഭാഗവുമെത്തുന്നത് ഒറ്റ രാജ്യത്തുനിന്നാണ്, ചൈന. വിലക്കുറവ് എക്കാലത്തും ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പനതന്ത്രമാണ്. വെളുത്തുള്ളിയുടെ കാര്യത്തിലുമതെ. ഇത്രയും വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ചൈനയ്ക്കു സാധിച്ചതിനു പിന്നില്‍ അടിമവേലയുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജിന്‍ഷിയാങ്ങും ഭംഗിയേറും ചൈനീസ് വെളുത്തുള്ളിയും
ചൈനയിലെ ഏറ്റവും വലിയ കാര്‍ഷികപ്രവിശ്യകളിലൊന്നായ ഷാങ്‌ഡോങ്ങിലാണ് വെളുത്തുള്ളിയുടെ ഭൂരിഭാഗവും വിളയുന്നത്. കൃത്യമായി പറഞ്ഞാല്‍ ഷാങ്‌ഡോങ്ങിലെ ജിന്‍ഷിയാങ്, ലോകത്തെ വെളുത്തുള്ളിയുടെ തലസ്ഥാനമെന്ന് ഇവിടം അറിയപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന ചൈനീസ് വെളുത്തുള്ളിയുടെ 80 ശതമാനവും ഇവിടെനിന്നാണ്. ഉള്ളിത്തണ്ടും കയറ്റുമതിയുണ്ട്. വലിയ അല്ലികളും (4-5 സെന്റിമീറ്റര്‍) നിറക്കൂടുതലുമുണ്ട് ചൈനീസ് വെളുത്തുള്ളിക്ക്. കാഴ്ചയില്‍ ഭംഗിയുള്ള ഇതിനോട് അമേരിക്കക്കാര്‍ക്കും യൂറോപ്യന്‍മാര്‍ക്കു വലിയ പ്രിയമാണ്. ഇതില്‍തന്നെ കൂടുതല്‍ സ്‌പൈസിയായ പര്‍പ്പിള്‍ ഗാര്‍ലിക്കിനാണ് ആവശ്യക്കാരേറെ.
യു.എസ്. സര്‍ക്കാര്‍ വെറുതെയിരുന്നില്ല
കുറഞ്ഞ വിലയില്‍ ടണ്‍ കണക്കിന് വെളുത്തുള്ളി ചൈന അക്ഷരാര്‍ഥത്തില്‍ യു.എസില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. അതുമൂലം, യു.എസിലെ കര്‍ഷകരില്‍ നിന്ന് മാന്യമായ തുകയ്ക്ക് വെളുത്തുള്ളി വാങ്ങാന്‍ സ്വദേശികള്‍ തയ്യാറായില്ല. വലിപ്പമുള്ള ചൈനീസ് വെളുത്തുള്ളി കുറഞ്ഞ വിലയില്‍ കിട്ടുമ്പോള്‍ എന്തിന് വലിയ വിലകൊടുത്ത് യു.എസിലേത് വാങ്ങണം! അമേരിക്കന്‍ വിപണിയില്‍ ന്യായവിലയേക്കാള്‍ തുച്ഛമായ വിലയ്ക്ക് വിദേശഉത്പന്നങ്ങള്‍ 'ഡംപ്' ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ആന്റി ഡംപിങ് നിയമം. ചൈനീസ് വെളുത്തുള്ളി തങ്ങള്‍ക്ക് ഭീഷണിയാണെന്നു കണ്ടപ്പോള്‍ രാജ്യത്തെ ഉത്പാദകര്‍ പ്രക്ഷോഭം തുടങ്ങി. 1994-ല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും കുറ്റക്കാരായ ചൈനീസ് കമ്പനികള്‍ക്ക് ആന്റി ഡംപിങ് നിയമപ്രകാരം 376 ശതമാനം വരെ തീരുവ ചുമത്താന്‍ തീരുമാനിക്കുകയും ചെയ്തു. കമ്പനികള്‍ക്കെല്ലാം റിവ്യൂവും നിര്‍ബന്ധമാക്കി. പക്ഷേ, നിയമത്തിലെ പഴുതുകളിലൂടെ ചൈനീസ് കമ്പനികള്‍ എളുപ്പം ഇതിനെ മറികടന്നു. യു.എസിലേക്ക് വീണ്ടും വിലകുറഞ്ഞ വെളുത്തുള്ളിയൊഴുകി.
2019-ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ ചൈനീസ് വെളുത്തുള്ളിക്ക് യു.എസ്. 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. സ്വാഭാവികമായും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ചൈനീസ് വെളുത്തുള്ളിക്ക് വില കൂട്ടേണ്ടിവന്നു. ഇത് യു.എസിലെ കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസം പകരുന്നതായിരുന്നു. പക്ഷേ, അപ്പോഴും ആഭ്യന്തര ഉത്പന്നവുമായി തട്ടിച്ചുനോക്കുമ്പോള്‍ വിലക്കുറവ് ചൈനീസ് വെളുത്തുള്ളിക്കുതന്നെ.യൂറോപ്യന്‍ യൂണിയനും ചൈനീസ് വെളുത്തുള്ളിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയിരുന്നു. തീരുവ വെട്ടിക്കാന്‍ ചൈനയില്‍ നിന്ന് നോര്‍വേ വഴി യൂറോപ്പിലേക്ക് വെളുത്തുള്ളി കടത്തി പിടിക്കപ്പെട്ടവര്‍ ധാരാളമാണ്. യൂറോപ്യന്‍ രാജ്യമല്ലാത്ത നോര്‍വേയില്‍ വെളുത്തുള്ളിക്ക് ഇറക്കുമതിത്തീരുവയില്ല, അതിനാല്‍ ചൈനയില്‍ നിന്ന് ആദ്യം ലോഡ് അവിടെയെത്തിക്കും, അവിടെനിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. യൂറോപ്പിലേക്ക് ചൈനീസ് ഗാര്‍ലിക് കടത്തുന്ന വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തടവുപുള്ളികളും ചെലവുകുറയ്ക്കലും
വിചാരണത്തടവുകാരെ പാര്‍പ്പിച്ച ചൈനയിലെ ജയിലുകളിലേക്ക് ലോറികളില്‍ വെളുത്തുള്ളി കൊണ്ടുപോകുന്നതും തിരിച്ചിറങ്ങിവരുന്നതും കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് വലിയ വാര്‍ത്തയായിരുന്നു. വെളുത്തുള്ളി തൊലിയുരിയാന്‍ തടവുപുള്ളികളെ ഉപയോഗിക്കുന്നുണ്ടെന്ന വസ്തുതയിലേക്കാണ് വിദേശമാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിരല്‍ ചൂണ്ടുന്നത്. ചൈന കുറഞ്ഞവിലയ്ക്ക് വെളുത്തുള്ളിവ്യാപാരം നടത്തുന്നത് തടവുപുള്ളികളടക്കമുള്ളവരെ അടിമപ്പണി ചെയ്യിപ്പിച്ചാണെന്ന സംശയമുയരാന്‍ മറ്റൊന്നും വേണ്ടിവന്നില്ല. 2018-ല്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ റോട്ടന്‍ എന്ന ഡോക്യൂമെന്ററിയില്‍ ഇതിന്റെ തെളിവുകള്‍ കാണാം. ജയിലിനകത്തെ ഒളിക്യാമറ ദൃശ്യങ്ങളടക്കം ഉദ്ധരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. വൃത്തിഹീനമായ സാഹചര്യവും വെളുത്തുള്ളി പൊളിച്ച് തടവുപുള്ളികളും നഖം പറിഞ്ഞുപോരുന്നതുമായ അവസ്ഥയുമൊക്കെ ക്യാമറാദൃശ്യങ്ങളില്‍ കാണാമെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു. വെളുത്തുള്ളികമ്പനികള്‍ക്ക് സര്‍ക്കാരിന്റെ സഹകരണമുണ്ട്. തടവുപുള്ളികള്‍ക്ക് 14 മുതല്‍ 16 മണിക്കൂര്‍ വരെ അടിമപ്പണി ചെയ്യേണ്ടിവരുന്നു. പ്രതിഫലം തുച്ഛമായിരിക്കും. ചിലപ്പോള്‍ നല്‍കിയെന്നും വരില്ല. ആരെക്കൊണ്ടെങ്കിലും നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചുള്ള ഉത്പന്നം ഇറക്കുമതി ചെയ്യുന്നത് യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചതാണ്. പക്ഷേ, ആരോപണങ്ങളുടെ പേരില്‍ ചൈനയില്‍ നിന്നുള്ള വെളുത്തുള്ളി നിരോധിക്കാനൊന്നും യു.എസ്. മുതിര്‍ന്നിട്ടുമില്ല. ഇത്തരം ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയും ചെയ്യുന്നു.
ഉയ്ഗൂറുകളും ചൈനയിലെ അടിമവേലയും
തടവുപുള്ളികളെയും മുസ്ലിം മതന്യൂനപക്ഷങ്ങളെയും നിര്‍ബന്ധിത തൊഴിലെടുപ്പിക്കുന്നത് ചൈനയില്‍ പുതിയ സംഭവമല്ല. വിചാരണത്തടവുകാരടക്കം 23 ലക്ഷത്തോളം ജയില്‍ജനസംഖ്യയുണ്ടിവിടെ(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്രിമിനല്‍ പോളിസി റിസെര്‍ച്ച് കണക്ക്). യു.എസ്. കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ജയില്‍ ജനസംഖ്യ ചൈനയിലാണ്. ഹാന്‍ഡ് ബാഗുകള്‍ തൊട്ട് വാഷിങ് മെഷീനുകള്‍ വരെയുണ്ടാക്കുന്ന കമ്പനികള്‍ തടവുപുള്ളികളെ പണിക്കുപയോഗിക്കുന്നുണ്ടെന്ന് ജയില്‍മോചിതര്‍ പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഈ കമ്പനികളെ അകമഴിഞ്ഞ് സഹായിക്കുകയുംചെയ്യും. ഉയ്ഗൂര്‍, കസാഖ് വംശജര്‍ അടങ്ങുന്ന ലക്ഷക്കണക്കിന് മുസ്ലിം ന്യൂനക്ഷക്കാരെ ക്യാമ്പുകളിലും മറ്റ് തടവുകേന്ദ്രങ്ങളിലും പാര്‍പ്പിച്ച് ചൈന അടിമവേല ചെയ്യിക്കുന്നുവെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബ്രിട്ടനിലും യു.എസിലും ക്രിസ്മസ് വേളയില്‍ വില്‍പനയ്‌ക്കെത്തിയ ചൈനീസ് ഹാന്‍ഡ് ബാഗിലും അലങ്കാരങ്ങളിലുമൊക്കെ തടവുപുള്ളികള്‍ ചൈനീസ് ഭാഷയിലെഴുതി രഹസ്യമായി ഒളിച്ചുകടത്തിയ കത്തുകള്‍
കണ്ടെത്തിയിട്ടുണ്ട്. ഗ്വാങ്ഷിയിലെ ജയിലില്‍ നിന്നുള്ളയാള്‍ എഴുതിയത് ഇങ്ങനെയാണ്, 'ഞങ്ങള്‍ ദിവസവും 14 മണിക്കൂര്‍ ജോലി ചെയ്യാന് നിര്‍ബന്ധിതരാവുന്നു. അവര്‍ പറഞ്ഞത്ര പണി അതിനുള്ളില്‍ ചെയ്തുതീരാത്തവര്‍ അധികസമയമിരിക്കണം. അല്ലെങ്കില്‍ മര്‍ദ്ദിക്കും.' ചൈനയില്‍ 50-ലധികം പ്രിസണ്‍ കമ്പനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭ്യമായ രജിസ്‌ട്രേഷന്‍ വിവരങ്ങളനുസരിച്ച് നിര്‍മാണത്തൊഴിലിലേക്കടക്കം ഈ കമ്പനികള്‍ വ്യാപിച്ചുകിടക്കുന്നു. ചൈനയില്‍ തൊഴിലെടുക്കാന്‍ യുവാക്കളെ കിട്ടാനില്ലാത്തതും ജനസംഖ്യയിലെ ആനുപാതികപ്രശ്‌നങ്ങളുമെല്ലാം (മുതിര്‍ന്നവര്‍ കൂടുതലും യുവാക്കള്‍ കുറവും) ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ക്ക് ആക്കംകൂട്ടുന്നുണ്ട്.
പോളി സിലിക്കണും തടവുപുള്ളികളും
സോളാര്‍ പാനലുണ്ടാക്കാനുള്ള പോളിസിലിക്കണ്‍ നിര്‍മാണമാണ് മറ്റൊന്ന്. സോളാര്‍ ഗ്രേഡിലുള്ള പോളിസിലിക്കണ്‍ ഉത്പാദിപ്പിക്കുന്നതില്‍ ലോകത്ത് ഒന്നാമതാണ് ചൈന. ഇതില്‍ 50 ശതമാനവും വരുന്നത് ഷിന്‍ഷിയാങ്ങില്‍ നിന്നും. ഉയ്ഗ്ുര്‍, കസാഖ് വംശജര്‍ അടങ്ങുന്ന മുസ്ലിം ന്യൂനക്ഷക്കാരെ ക്യാമ്പുകളിലും തടവുകേന്ദ്രങ്ങളിലും പാര്‍പ്പിച്ച് ഇത്തരം പണികളെടുപ്പിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിന്ഷിയാങ്ങിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറികളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. കുറേപ്പേരെ ചൈനയിലെ മറ്റു ദേശങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്. സൗരോര്‍ജ്ജവും പോളിസിലിക്കണുമടക്കം ഊര്‍ജമേഖല വികസിപ്പിക്കാന്‍ ഷിന്‍ഷിയാങ് തയ്യാറെടുക്കുകയാണെന്നും അതിനു മുന്നോടിയായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ധാരാളം ഉയ്ഗൂറുകളെ വര്‍ക്ക് സൈറ്റുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു. ബലപ്രയോഗത്തിലൂടെയാണ് ഉയ്ഗൂറുകളെ പലപ്പോഴും ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. പുറംലോകവുമായി ആശയവിനിമയത്തിനോ സ്വതന്ത്രമായി ചലിക്കാനോ തൊഴിലാളികള്‍ക്ക് അവകാശമില്ല. നിരന്തരം ഇവര്‍ നിരീക്ഷണത്തിലായിരിക്കും. ശാരീരിക ഉപദ്രവം, സാമൂഹികജീവിതം നിഷേധിക്കല്‍, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങളും നേരിടുന്നു.
കുട്ടികളെ തൊഴിലിനുപയോഗിക്കുന്നു
ചൈനയില്‍ ലിഥിയം-അയേണ്‍ ബാറ്ററികള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന കൊബാള്‍ട്ട് ഐര് ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ (ഡി.ആര്‍.സി.)യിലെ ഖനികളില്‍ നിന്നാണ് ശേഖരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കൊബാള്‍ട്ട് ഉണ്ടാക്കുന്നത് ഡി.ആര്‍സി.യാണ്. ഇവിടുത്തെ ഒട്ടുമിക്ക ഖനികളുടെയും ഉടമസ്ഥരോ അല്ലെങ്കില്‍ അവര്‍ക്ക് സാമ്പത്തികസഹായം ചെയ്യുന്നതോ ചൈനീസ് കമ്പനികളാണ്. ഈ ഖനികളില്‍ കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ടെന്നാണ് യു.എസ്. റിപ്പോര്‍ട്ട്.
ചൈനയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുണ്ടാക്കാന്‍ 13-നും 15-നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകള്‍ എന്‍.ജി.ഒ.കളും മാധ്യമങ്ങളും കണ്ടെത്തി. ഹെനാന്‍, ഷാങ്ഷി, സിച്വാന്‍ പ്രവിശ്യകളില്‍ നിന്നാണ് ഇവിടേക്ക് പ്രധാനമായും കുട്ടികളെ കൊണ്ടുവരുന്നത്. ചില ഫാക്ടറികള്‍ സ്‌കൂളുകളുമായി സഹകരിച്ചും കുട്ടികളെ ജോലിക്കെത്തിക്കും. സ്റ്റുഡന്റ് അപ്രന്റിസ്ഷിപ്പ്‌സ് എന്നാണ് ഈ തൊഴിലിന് പേരിട്ടിരിക്കുന്നത്. കുട്ടികളുടെ കൂലിയില്‍ നല്ലൊരു ശതമാനവും പോകുന്നത് സ്‌കൂളുകള്‍ക്കാണ്. ട്യൂഷന്‍ ഫീയും ഭക്ഷണത്തിന്റെ ഫീസും കട്ട് ചെയ്ത് കുട്ടികളുടെ കൈകളിലേക്കെത്തുന്നത് വളരെ തുച്ഛമായ തുകയും. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഗ്വാങ്‌ഡോങില്‍ വില്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുടിയുത്പന്നങ്ങള്, കളിപ്പാട്ടങ്ങള്‍, വൈന്‍
ആഗോള വിപണിയിലേക്കെത്തുന്ന വിഗ് പോലുള്ള മുടിയുത്പന്നങ്ങളില്‍ 80 ശതമാനത്തിലധികവും ചൈനയില്‍ നിന്നാണ്. മതന്യൂനപക്ഷങ്ങളെ അടിമവേല ചെയ്യിക്കുന്നുവെന്നാണ് ഈ മേഖല നേരിടുന്ന ആരോപണം. സിച്വാന്‍, ഗ്വാങ്ഷി എന്നിവിടങ്ങളില്‍ നിന്നുള്ള 'യി' വംശത്തിലുള്ള കുട്ടികളെ ഗ്വാങ്‌ഡോങ്ങിലേക്ക് കളിപ്പാട്ടമുണ്ടാക്കാന്‍ കൊണ്ടുപോകുന്നു. 40000 മുതല്‍ ലക്ഷം വരെ കുട്ടികളെ പരുത്തികൃഷിയിലും വ്യവസായത്തിലും ഉപയോഗിക്കുന്നുണ്ട്. മതപരമായി നിഷിദ്ധമായ വൈനുണ്ടാക്കുന്ന ജോലികള് ചൈനയിലെ ഉയ്ഗൂറുകള്‍ക്ക് ചെയ്യേണ്ടിവരുന്നു. ഫോട്ടോവോള്‍ട്ടായിക് ഇങ്കോട്ട്‌സ്, വേഫേഴ്‌സ്, സോളാര്‍ സെല്‍, സോളാര്‍ മൊഡ്യൂള്‍സ് ഫിഷിങ് മേഖല എന്നിവയ്ക്ക് ഫിലിപ്പീന്‍സില്‍ നിന്നും ഇന്‍ഡൊനേഷ്യയില്‍ നിന്നുമുള്ള കുടിയേറ്റതൊഴിലാളികളെ ഉപയോഗിക്കുന്നു. എട്ടിനും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഷാന്‍ഷി, ഹെനാന്‍ പ്രവിശ്യകളില്‍ ഇഷ്ടികയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പാവപ്പെട്ടവര്‍ക്ക് തൊഴില്‍സാധ്യതയുണ്ടാക്കിക്കൊടുത്തു എന്നാണ് ആരോപണങ്ങളോടുള്ള ചൈനീസ് സര്‍ക്കാരിന്റെ പ്രതികരണം,
ഷിന്‍ഷിയാങ്ങിലെ ഉയ്ഗൂറുകളും റീ എജ്യുക്കേഷന്‍ ക്യാമ്പുകളും
ചൈനയുടെ വടക്കുപടിഞ്ഞാറുള്ള പ്രവിശ്യയാണിത്. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയും. ടിബറ്റുപോലെ ഒരു സ്വയംഭരണമേഖല. ഭൂരിഭാഗവും മരുപ്രദേശമാണ്. എണ്ണ, പ്രകൃതിവാതക സമ്പുഷ്ടവും. മതന്യൂനപക്ഷമായ ഉയ്ഗൂര്‍ വംശജര്‍ കാലങ്ങളായി കഴിഞ്ഞുപോരുന്ന പ്രദേശമാണ് ഷിന്‍ഷിയാങ്. നിലവില്‍ പ്രവിശ്യയിലെ ജനസംഖ്യയുടെ പകുതിയും ഇവരാണ് (1.2 കോടിയോളംങ്). ടര്‍ക്കിഷുമായി സാമ്യമുള്ള സ്വന്തം ഭാഷയുള്ളവരാണ് ഉയ്ഗൂറുകള്‍. സാംസ്‌കാരികമായും വംശീയമായും മധ്യേഷ്യയുമായി അടുപ്പം. ചൈനയിലെ വംശീയഭൂരിപക്ഷമായ ഹാന്‍ സമുദായക്കാര്‍ക്ക് ഉയ്ഗൂറുകളോട് ചതുര്‍ഥിയാണ്. അടിമകളായാണ് അവരെ കാണുന്നത്. ഉയ്ഗൂറുകള്‍ക്കെതിരേ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ഷിന്‍ഷിയാങ്ങിലെ ഉയ്ഗൂറുകളടക്കമുള്ളവരെ ചൈന കൂട്ടുക്കുരുതി നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയവര്‍ ആരോപിക്കുന്നു.
ഉയ്ഗൂര്‍ മേഖലകളിലേക്ക് കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്കിടെ ഹാന്‍ വംശജര്‍ ധാരാളമായി കുടിയേറുന്നുണ്ട്. ഇത് പലപ്പോഴും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകുന്നു. പ്രദേശത്ത് ഉയ്ഗൂറുകളുടെ മേല്‍ക്കൈ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നേരിട്ടാണ് ഹാന്‍ വംശജരെ ഇവിടേക്ക് കൊണ്ടുവരുന്നതെന്ന് ആരോപണമുണ്ട്. പള്ളികളും കുഴിമാടങ്ങളും നശിപ്പിച്ച് മുസ്ലിം സംസ്‌കാരം രാജ്യത്തില്ലാതാക്കാനും ചൈന ശ്രമിക്കുന്നു. എന്നാല്‍, ഭീകരപ്രവര്‍ത്തനം തടയാനെന്ന പേരിലാണ് ചൈന ഉയ്ഗൂറുകളെ വേട്ടയാടുന്നത്. 'റീ എജ്യുക്കേഷന്‍ ക്യാമ്പി'ലേക്കെന്ന പേരിലാണ് ഉയ്ഗൂറുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ക്യാമ്പുകളിലും തടവുകേന്ദ്രങ്ങളിലും നിര്ബന്ധപൂര്‍വം പാര്‍പ്പിക്കുന്നത്. 380-ലധികം റീ എജ്യുക്കേഷന്‍ ക്യാമ്പുകള്‍ ഷിന്‍ഷിയാങ്ങിലുണ്ടെന്നാണ് കണക്ക്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉയ്ഗൂറുകള്‍ ഷിന്‍ഷിയാങ്ങിനെ സ്വതന്ത്രമായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, 1949-ല് ചൈനയില്‍ പുതിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നപ്പോള്‍ മേഖല പൂര്‍ണമായും അതിനു കീഴിലായി.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരുത്തി നിരോധിച്ചു
ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ പരുത്തിയുടെ അഞ്ചിലൊന്നും ഷിന്‍ഷിയാങ്ങില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഷിന്‍ഷിയാങ് പ്രവിശ്യയില്‍ നിന്നുള്ള പരുത്തി ഉത്പന്നങ്ങളുടെ ഇറക്കുമതി യു.എസ്. നിരോധിച്ചു. ഉയ്ഗൂറുകളെ ഇവിടെ നിര്‍ബന്ധിതതൊഴിലെടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഉയ്ഗുര്‍ ഫോഴ്‌സ്ഡ് ലേബര്‍ പ്രിവെന്‍ഷന്‍ ആക്ട് പ്രകാരമാണ് നിയന്ത്രണം. ഇറക്കുമതി ചെയ്യുന്നത് അടിമവേലയിലൂടെ ഉത്പാദിപ്പിച്ച അസംസ്‌കൃതവസ്തുക്കളല്ലെന്ന് വാങ്ങുന്ന കമ്പനികള്‍ തെളിയിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നയം. തുടര്‍ന്ന് പടിഞ്ഞാറന്‍ ബ്രാന്‍ഡുകള്‍ ഇവിടെനിന്നുള്ള പരുത്തി ശേഖരിക്കുന്നത് നിര്‍ത്തിവെച്ചു. യു.എസ് കോണ്‍ഗ്രസിന്റെ കണക്കുപ്രകാരം പത്തുലക്ഷത്തിലധികം ഉയ്ഗൂറുകളെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും 2017 ഏപ്രില്‍ മുതല്‍ ഷിന്‍ഷിയാങ്ങില്‍ ചൈന തടവിലാക്കിയിട്ടുണ്ട്. ഇതില്‍ നല്ലൊരു ശതമാനത്തെയും ശമ്പളമില്ലാതെയോ തുച്ഛമായ ശമ്പളത്തോടെയോ ജോലിചെയ്യിപ്പിക്കുന്നു.
വെളുത്തുള്ളിക്കയറ്റുമതി വര്‍ധിപ്പിച്ച് ഇന്ത്യ
ഇക്കൊല്ലം ഇന്ത്യയുടെ സുഗന്ധവ്യഞ്ജനക്കയറ്റുമതിയില്‍ ഇടിവുവന്നെങ്കിലും വെളുത്തുള്ളിക്കയറ്റുമതി കുത്തനെ ഉയര്‍ന്നു. കോവിഡ് കാരണം ചൈനയില്‍ നിന്നുള്ള വെളുത്തുള്ളി 20-25 ശതമാനം വരെ കുറഞ്ഞതായിരുന്നു കാരണം. 2022-നും 2023-നുമിടയിലുള്ള കാലയളവില്‍ 47,329 ടണ്‍ വെളുത്തുള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ചൈനീസ് വെളുത്തുള്ളിയുടെ വരവു കുറഞ്ഞപ്പോള്‍ ആഫ്രിക്കന്‍, ഏഷ്യന് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ വെളുത്തുള്ളിക്ക് ആവശ്യമുയരുകയായിരുന്നു.ചൈനീസ് വെളുത്തുള്ളിയുടെ വില വര്‍ധിച്ചതോടെ, തുര്‍ക്കി പോലുള്ള ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും വെളുത്തുള്ളിക്ക് ഇന്ത്യയെ സമീപിച്ചു. എന്നാല്‍, വില കൂടിയിട്ടും ചൈനീസ് വെളുത്തുള്ളിയെ കൈവിടാന്‍ യൂറോപ്പും യുഎസും തയ്യാറായില്ല.
ഇന്ത്യയില്‍ മധ്യപ്രദേശിലാണ് ഏറ്റവുമധികം വെളുത്തുള്ളി കൃഷിചെയ്യുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം, ഒഡിഷ, ഹരിയാന, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഉത്പാദിപ്പിക്കുന്നു. മലേഷ്യ, തായ്‌ലാന്‍ഡ്, നേപ്പാള്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി കൂടുതലും. 8000 കൊല്ലങ്ങള്‍ക്കുമുമ്പേ മനുഷ്യന് വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി അറിയാമായിരുന്നുന്നെന്ന് പുരാതന ചൈനീസ് ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍, ഇന്ത്യന്‍ സംസ്‌കാരങ്ങളിലും ഇതു പ്രതിപാദിച്ചിട്ടുണ്ട്. മധ്യേഷ്യയാണ് വെളുത്തുള്ളിയുടെ ഉദ്ഭവപ്രദേശമെന്ന് കരുതുന്നു (പടിഞ്ഞാറന്‍ ചൈന, കിര്‍ഗിസ്ഥാന്‍, കസാഖ്സ്ഥാന്‍).
Content Highlights: China's Garlic Strategy
Published: 02 Oct 2023, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented