തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ എന്നത്തേക്കാളും നിര്‍ണായകമാണ്. ലോകമിന്ന് ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലാണ്. തായ്‌വാന്റെ ഊര്‍ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമാണ് സന്ദര്‍ശനം. തായ്‌വാനുള്‍പ്പെടെ ലോകത്തെവിടേയും ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് -

2022 ആഗസ്ത് നാലിന് ചൈനയുടെ വിലക്ക് ലംഘിച്ച് തായ്‌വാന്‍ സന്ദര്‍ശിച്ച യു.എസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അന്ന് പറഞ്ഞ വാക്കുകളായിരുന്നു ഇത്.

കാലങ്ങളായി നിലനില്‍ക്കുന്ന ചൈന-തായ്‌വാന്‍ തര്‍ക്കത്തിനിടെ നാന്‍സി പെലോസി നടത്തിയ തായ്‌വാന്‍ സന്ദര്‍ശനത്തിനെതിരേ ചൈന വലിയ പ്രതിഷേധമുയര്‍ത്തുകയും സൈനിക വിന്യാസമടക്കം നടത്തി യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു എതിര്‍പ്പ് വകവെക്കാതെയുള്ള നാന്‍സി പെലോസിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ പ്രതികാര നടപടിയെന്ന നിലയ്ക്ക് നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന രാജ്യത്ത് ഉപരോധം  ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

To advertise here,
placeholder
നാൻസി പെലോസിക്കെതിരേ നടന്ന പ്രതിഷേധം| Getty
നാൻസി പെലോസിക്കെതിരേ നടന്ന പ്രതിഷേധം | Photo: Getty Images

ഈ സന്ദര്‍ശനം കഴിഞ്ഞ് കൃത്യം ഏഴ് മാസം പിന്നിടുമ്പോള്‍ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ മധ്യഅമേരിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എസിലെത്തിയിരിക്കുകയാണ്. ഇതോടെ മുന്നറിയിപ്പും പ്രകോപനങ്ങളുമായി ചൈന വീണ്ടും രംഗത്തെത്തുകയും ചെയ്തു. യു.എസ്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയാല്‍ തിരിച്ചടി നേരിടേണ്ടി  വരുമെന്ന ഭീഷണിയാണ് ചൈന നല്‍കിയിരിക്കുന്നത്. തായ്‌വാന്റെ കാര്യത്തില്‍ അമിത പ്രതികരണവും ഇടപെടലും നടത്തുന്നത് ഒഴിവാക്കാന്‍ ചൈനയ്ക്ക് യു.എസും മുന്നറിയിപ്പ് നല്‍കി. തായ്‌വാന്‍ കടലിടുക്കിന് ചുറ്റും ആക്രമണസജ്ജമായ ഇടത്താവളമായി തായ്‌വാനെ ചൈന ഉപയോഗിക്കരുതെന്നും യു.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.

placeholder
നാൻസി പെലോസി-ഫോട്ടോ:എ.എഫ്.പി
നാൻസി പെലോസി | ഫോട്ടോ:എ.എഫ്.പി.

സ്വയംഭരണാവകാശ മേഖലയായ തായ്‌വാന്‍ ദ്വീപ് തങ്ങളുടേതാണെന്നാണ് നാളുകളായുള്ള ചൈനയുടെ അവകാശവാദം. ഇതിനെ തായ്‌വാന്‍ അംഗീകരിക്കുന്നില്ല. അതേസമയം 2049-ന് മുന്നെ തായ്‌വാനെയടക്കം ചേര്‍ത്തുകൊണ്ട് ഒറ്റചൈനയാക്കുമെന്ന നിലപാടില്‍ മുന്നോട്ടുപോവുകയാണ് ചൈന. ഇതിനായി വേണമെങ്കില്‍ ബലപ്രയോഗം നടത്താന്‍ മടിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

2021 ജൂലായില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കവേയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ചൈനയുടെ മക്കള്‍ പുനരേകീകരണം ആഗ്രഹിക്കുന്നു, സ്വാതന്ത്ര്യത്തിന് വേണ്ടി തായ്‌വാന്‍ ശ്രമിച്ചാല്‍ ശക്തമായി അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നായിരുന്നു ഷീയുടെ മുന്നറിയിപ്പ്. എന്നാല്‍ ചൈനയുടെ മുന്നറിയിപ്പിനെയൊന്നും മുഖലിലയ്‌ക്കെടുക്കാതെയുള്ള നിലപാടായിരുന്നു ഇതുവരെ തായ്‌വാനുള്ളത്. ഇത് വര്‍ഷങ്ങളായി അമേരിക്കയും ജപ്പാനും നല്‍കുന്ന നിരുപാധിക പിന്തുണയുടെ ബലത്തിലാണ്. അത് പലപ്പോഴും യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. 

placeholder
ഷീ ജിൻ പിങ്-എ.പി
ഷീ ജിന്‍ പിങ്-AP

ഷീ അധികാരത്തിലേറിയ ശേഷം ചൈന നിരന്തരമായി തായ്‌വാനെതിരേ പ്രകോപനവുമായി രംഗത്തുണ്ട്. യുദ്ധവിമാനങ്ങളടക്കം പല തവണ തായ്‌വാന്‍ ആകാശ അതിര്‍ത്തി ഭേദിച്ചു. എന്നാല്‍ അമേരിക്ക ആയുധ വാഗ്ദനങ്ങളടക്കം നല്‍കിയ ശക്തമായ പിന്തുണയും നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തായ്‌വാന്‍ അധിനിവേശം ചൈനയ്ക്ക് അത്ര എളുപ്പമാവില്ലെന്നതാണ് സത്യം. ഇതിനിടയിലാണ് തായ്‌വാന്‍ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുന്നതും വിഷയം വീണ്ടും വലിയ ചര്‍ച്ചയാവുന്നതും.

ചൈനയും തായ്‌വാനും

ചൈനയുടെ തെക്കുകിഴക്കന്‍ തീരത്തുനിന്ന് ഏതാണ്ട് 160 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് തായ്‌വാന്‍. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് ഔദ്യോഗിക നാമം. 35,985 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ദ്വീപില്‍ രണ്ടരക്കോടിയോളം ജനങ്ങളുണ്ട്. സ്വന്തമായ ഭരണഘടനയും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള ഈ ഭൂപ്രദേശത്തെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായാണ് ചൈന കാണുന്നത്. അതേസമയം, തങ്ങള്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന നിലപാടിലാണ് തായ്‌വാന്‍.

1949-ലാണ് ഈ തര്‍ക്കം തുടങ്ങിയത്. ചൈനയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ മാവോ സെ തുങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചു. ഇതോടെ കുമിന്താങ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ദേശീയസര്‍ക്കാര്‍ ബെയ്ജിങ് വിട്ട് തായ്‌വാന്‍ ദ്വീപിലേക്ക് പലായനംചെയ്തു. തങ്ങളുടെ പ്രവിശ്യയാണ് തായ്‌വാനെന്ന് അവകാശപ്പെടുന്ന ചൈന ഈ പ്രദേശത്തെ ചൈനീസ് തായ്‌പെയ് എന്നാണ് വിളിക്കുന്നത്. പിന്നീട് റിപ്പബ്ലിക് ഓഫ് ചൈന സര്‍ക്കാരിന്റെ ആസ്ഥാനമായി തായ്‌പേയ് മാറുകയും ചെയ്തു. അതേസമയം, കമ്യൂണിസ്റ്റുകള്‍ ബെയ്ജിങ് ആസ്ഥാനമായി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും സ്ഥാപിച്ചു.

placeholder
സായ് ഇങ് വെന്‍| Getty
സായ് ഇങ് വെന്‍ | Photo: Getty

ശീതയുദ്ധത്തിന്റെ സ്വാധീനം ചൈന-അമേരിക്ക തര്‍ക്കത്തിലും നിഴലിച്ചു. സോവിയറ്റ് യൂണിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചു. എന്നാല്‍, റിപ്പബ്ലിക് ഓഫ് ചൈനയെയാണ് അമേരിക്ക പിന്തുണച്ചത്. അമേരിക്കന്‍ പിന്തുണയുടെ ബലത്തില്‍ ഐക്യരാഷ്ട്രസഭാ സ്ഥിരാംഗത്വത്തില്‍ റിപ്പബ്ലിക് ഓഫ് ചൈന തുടര്‍ന്നു. അപ്പോഴും തായ്‌വാനെ ചൈനയുടെ ഭാഗമായാണ് ബെയ്ജിങ് പരിഗണിച്ചത്. 1950-കളുടെ തുടക്കത്തില്‍ത്തന്നെ ബലപ്രയോഗത്തിലൂടെ ഈ ദ്വീപിനെ ചൈനയോട് ചേര്‍ക്കാനുള്ള രണ്ട് സൈനികനീക്കങ്ങള്‍ നടന്നു.

അമേരിക്കയുടെ സൈനികപിന്തുണയാണ് രണ്ടു തവണയും തായ്‌വാനെ രക്ഷിച്ചത്. കാലക്രമേണ ചൈനയുടെ പ്രധാന ഭൂപ്രദേശങ്ങളില്‍ പരമാധികാരം സ്ഥാപിച്ച പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ ഔദ്യോഗിക ചൈനയായി ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. 1979-ല്‍ ആണ് യു.എസ്. ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അതോടെ തായ്‌വാനിലെ സ്ഥാനപതി കാര്യാലയം യു.എസ്. അടച്ചു. പകരം അവശ്യഘട്ടങ്ങളില്‍ പിന്തുണ നല്‍കുന്നതിന് തായ്‌വാന്‍ ബന്ധുത്വനിയമം പാസാക്കി. ഐക്യരാഷ്ട്രസഭാഗങ്ങളില്‍ 13 രാജ്യങ്ങളില്‍ മാത്രമാണ് തായ്‌വാനെ സമ്പൂര്‍ണരാജ്യമായി അംഗീകരിക്കുന്നത്. യു.എസ്. ഉള്‍പ്പെടെ ബാക്കി എല്ലാ രാജ്യങ്ങളും ഏകചൈനാ നയം അംഗീകരിക്കുന്നുണ്ട്.

placeholder
സായ് ഇങ് വെൻ-ഫോട്ടോ:എ.പി
സായ് ഇങ് വെൻ | ഫോട്ടോ:എ.പി.

ചൈനീസ് സ്വപ്നം

ചൈനീസ് ലിബറേഷന് മുന്‍പുണ്ടായിരുന്ന തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാണ് ഷി ജിന്‍പിങ് കൊണ്ടുവന്ന ചൈനീസ് സ്വപ്നമെന്ന ആശയത്തിന്റെ അടിസ്ഥാനം. 2049 ല്‍ കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികത്തിന് മുന്‍പായി തങ്ങളില്‍നിന്ന് അടര്‍ന്ന് പോയ പ്രദേശങ്ങളും കൂട്ടിച്ചേര്‍ക്കണമെന്നുള്ളതാണ് ഈ സ്വപ്നം. ചൈനയുടെ സമ്പൂര്‍ണ പുനരേകീകരണം എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്നാണ് 2021-ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യദിവസം നടത്തിയ പ്രസംഗത്തില്‍ ഷീ പ്രഖ്യാപിച്ചത്. 

തായ്‌വാന്‍ പ്രശ്‌നം ചൈനതന്നെ പരിഹരിക്കുമെന്നും തായ്‌വാനെ  സമാധാനപൂര്‍വം കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍, ഒരിക്കലും ബലം പ്രയോഗിക്കില്ലെന്നു വാഗ്ദാനം ചെയ്യുന്നില്ലെന്നും ഷീ വ്യക്തമാക്കിയിരുന്നു. ഇതിനിടെയായിരുന്നു കാല്‍നൂറ്റാനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന യു.എസിലെ ഏറ്റവും ഉന്നത ജനപ്രതിനിധിയെന്ന നിലയില്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം. തായ്‌വാന്റെ സ്വയംഭരണം സംരക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനം സുദൃഢമാണെന്നുറപ്പു നല്‍കിയായിരുന്നു യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി ഒരു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസിലേക്ക് മടങ്ങിയത്. ഇതിനെതിരേ 'തെറ്റുകള്‍ക്ക്' അമേരിക്ക വലിയ വില കൊടുക്കേണ്ടിവരുമെന്നായിരുന്നു ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷീ ഫെങ് പ്രസ്താവിച്ചത്. ചൈനയെ പിടിച്ചുെകട്ടാന്‍ തായ്‌വാന്‍ വിഷയം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

placeholder
Getty Images
Getty Images

 പെലോസിയുടെ സന്ദര്‍ശനത്തിലുള്ള രോഷം പ്രകടിപ്പിക്കാന്‍ തായ്‌വാനുചുറ്റും ചൈന സൈനികാഭ്യാസം ശക്തിപ്പെടുത്തിയിരുന്നു. ജെ-20 യുദ്ധവിമാനം, ഡി.എഫ്-17 ശബ്ദാതിവേഗ മിസൈലുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ശക്തിപ്രകടനം. സൈനികാഭ്യാസങ്ങള്‍ക്കുപുറമേ തായ്‌വാന് വ്യാപാരനിയന്ത്രണങ്ങളും ചൈന പ്രഖ്യാപിച്ചിരുന്നു. പഴം, മത്സ്യ ഇറക്കുമതിയെല്ലാം നിര്‍ത്തിവെച്ചു. തായ്‌വാനിലേക്ക് പ്രകൃതിദത്ത മണല്‍ കയറ്റിയയക്കുന്നതും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ജനാധിപത്യം സംരക്ഷിക്കുമെന്നുമായിരുന്നു പ്രസിഡന്റ് സായ് ഇങ് വെന്‍ അന്ന് പ്രതികരിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സായ് ഇങ് വെന്‍ തന്നെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്. 

അമേരിക്കയുടെ മുന്‍കരുതല്‍

തെക്കന്‍ ചൈനക്കടലില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് യു.എസ് തായ്‌വാന്റെ കാര്യത്തില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ജനാധിപത്യവാദിയായ സായ് ഇങ് വെന്‍ 2016-ല്‍ തയ്വാന്റെ പ്രസിഡന്റ് ആയതുമുതല്‍ ചൈനയുമായള്ള ബന്ധം വഷളാവുകയും ചെയ്തു.  

തായ്‌വാനെ എന്ത് വിലകൊടുത്തും സംരക്ഷിച്ചുപോരുമെന്ന് പറയുന്ന അമേരിക്ക അണിയറയില്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടുതല്‍ സൈനിക പരിശീലകരെ തായ്‌വാനിലേക്കയക്കുന്നു. ഇതിനിടെ തായ്‌വാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത സൈനിക സേവനം നാല് മാസത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഉയര്‍ത്തുകയും ചെയ്തു. റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തായ്‌വാന് വേണ്ടി കൂടുതല്‍ ആയുധങ്ങളും മറ്റ് യുദ്ധ ഉപകരണങ്ങളും നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസും ജോ ബൈഡനോട് ആവശ്യപ്പെട്ടിട്ടണ്ട്. തായ്‌വാന്‍ അധിനിവേശത്തിനായി 2027-ല്‍ ഷി ജിന്‍ പിങ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയോട് ഉത്തരവിടുമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

placeholder
തയ്‌വാന്‍ സൈനികര്‍‌| Getty
തായ്‌വാന്‍ സൈനികര്‍‌ | Photo: Getty Images

ചൈനയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സൈനിക ശേഷികളൊന്നായ തങ്ങള്‍ക്ക് തായ്‌വാന്‍ ഒരു വെല്ലുവിളിയേ അല്ലെങ്കിലും അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയാണ് തിരിച്ചടി. അങ്ങനെയാവുമ്പോള്‍ ചൈന-തായ്‌വാന്‍ യുദ്ധം എന്നതിനപ്പുറം അത് ചൈന-അമേരിക്ക യുദ്ധം എന്ന നിലയിലേക്ക് മാറുകയും ചെയ്യും.

ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയില്‍ 20 ലക്ഷം സജീവ സൈനികരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1,63,000 മാത്രമാണ് തായ്‌വാന്റെ സൈനിക ശേഷി. അതുകൊണ്ടു തന്നെ അമേരിക്കയുടെ വലിയ സൈനിക പിന്തുണയും തായ്‌വാനുണ്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ പോലെയാണ് ചൈനയുടെ തായ്‌വാന്‍ തയ്യാറെടുപ്പെന്നും അത് തുറന്ന് കാട്ടി അന്താരാഷ്ടട്ര പിന്തുണ നേരത്തെ തന്നെ നേടുകയെന്നതാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. ഇതിലൂടെ ചൈനയെ ഒറ്റപ്പെടുത്താനാവുമെന്നും അമേരിക്ക കരുതുന്നു.

എന്നാല്‍ നിലവില്‍ തായ്‌വാന്‍ വിഷയത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചൈനയുടേയും യു.എസിന്റെ പക്ഷം പിടിക്കുന്നതാണ് ലോകരാജ്യങ്ങളുടെ നിലപാട്. യുക്രൈനില്‍നിന്നും ആഭ്യന്തരപ്രശ്നങ്ങളില്‍നിന്നും ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് യു.എസ് ശ്രമിക്കുന്നതെന്നാണ് ഇതിനെ റഷ്യ കുറ്റപ്പെടുത്തിയത്. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം മേഖലയിലെ ശാന്തിയേയും സ്ഥിരതയേയും ഗുരുതരമായി ബാധിച്ചെന്ന് പാകിസ്താനും കുറ്റപ്പെടുത്തി. ഉത്തര കൊറിയ, ഇറാന്‍ എന്നിവരും യു.എസിനെ വിമര്‍ശിക്കുന്നുണ്ട്. തൽസ്ഥിതി മാറ്റാന്‍ ഏകപക്ഷീയ നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് ഓസ്ട്രേലിയ പ്രതികരിച്ചത്.

placeholder
ജോ ബൈഡൻ-Getty Images
ജോ ബൈഡൻ | Photo: Getty Images

അമേരിക്കയും തായ്‌വാനും ഭായ് ഭായ്

1970-കളിലാണ്  അമേരിക്കയുടെ ചൈനാനയത്തില്‍ കാതലായ മാറ്റം വന്നത്. തുടക്കത്തില്‍ ചൈനയെ അംഗീകരിക്കാതിരുന്ന അമേരിക്ക 1979-ല്‍ ജിമ്മി കാര്‍ട്ടറുടെ കാലത്ത്, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം ആരംഭിച്ചു. മേഖലയിലെ റഷ്യന്‍ സ്വാധീനം തടയാനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നയംമാറ്റം. തായ്‌വാനുമായുള്ള ഔദ്യോഗിക നയതന്ത്രസൗഹൃദം അവസാനിപ്പിച്ചെങ്കിലും അനൗദ്യോഗിക സഹകരണം അമേരിക്ക തുടര്‍ന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുമ്പോള്‍ത്തന്നെ റിപ്പബ്ലിക് ഓഫ് ചൈനയെ പിന്തുണയ്ക്കുന്ന ഇരട്ട തന്ത്രമാണ് അമേരിക്കയന്ന് പിന്തുടര്‍ന്നത്.

ബെയ്ജിങ്ങില്‍ നയതന്ത്രകാര്യാലയം തുറന്നതിനു പിന്നാലെ തായ്‌വാന്‍ റിലേഷന്‍സ് ആക്ട് പാസാക്കി തായി സര്‍ക്കാരിനോടുള്ള പ്രതിബദ്ധത അമേരിക്ക പ്രകടിപ്പിച്ചു. തായ്‌വാനുമായുള്ള വ്യാപാരസാംസ്‌കാരിക ബന്ധം ഊഷ്മളമായി തുടരുമെന്നും തായ്‌വാന്‍ ജനതയുടെ സുരക്ഷയുറപ്പാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും 1949 ഏപ്രില്‍ പത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ തായ്‌വാന്‍ റിലേഷന്‍സ് ആക്ട് അടിവരയിട്ടു. പ്രതിരോധരംഗത്ത് തായ്‌വാന് അമേരിക്കയുടെ കൈയയച്ചുള്ള സഹായം കിട്ടി. ആയുധവില്‍പ്പന നിര്‍ബാധം തുടര്‍ന്നു. തായ്‌വാനിലെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാന്‍ (എ.ഐ.ടി) വഴിയാണ് അമേരിക്ക തായ്‌വാന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. യഥാര്‍ഥത്തില്‍ തായ്‌വാനിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന്റെ ചുമതലയാണ് എ.ഐ.ടി. വഹിച്ചുവരുന്നത്. 

placeholder
നാൻസി പെലോസി-Getty Images
നാൻസി പെലോസി | Photo: Getty Images

2049-ലെ ചൈനീസ് ഏകീകരണം

ചൈനയുടെ വിദേശനയത്തിന്റെ കാതലാണ് 2049- ന് മുമ്പുള്ള ചൈനീസ് ഏകീകരണം. 1980-കളുടെ തുടക്കത്തില്‍ ചൈന തായ്‌വാനോടുള്ള സമീപനം മയപ്പെടുത്തിയിരുന്നു. ചൈനയുടെ അവിഭാജ്യ ഘടകമായി മാറാന്‍ തയ്യാറായാല്‍ തായ്‌വാന് കൂടുതല്‍ സ്വയംഭരണാധികാരം അനുവദിക്കാമെന്നായിരുന്നു ചൈനയുടെ വാഗ്ദാനം. ഹോങ് കോങ്ങില്‍ വിജയകരമായി നടപ്പാക്കിയ ഈ ഏകചൈന ദ്വിഭരണ നയം തായ്‌വാന്‍ പക്ഷെ അംഗീകരിച്ചില്ല. എന്നാല്‍ ചൈനയിലേക്കുള്ള സഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള നിയന്ത്രണം ഇളവുചെയ്ത് ചൈനയോടുള്ള മൃദുസമീപനം തായ്‌വാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ചൈന-തായ്‌വാന്‍ പ്രതിനിധികള്‍ തമ്മിലുള്ള അനൗദ്യോഗികചര്‍ച്ചകളും നടന്നു. 1992-ല്‍ തായ്‌വാന്‍ ഭരണകക്ഷിയായ കുമിന്താങ് പാര്‍ട്ടിയും ചൈനീസ് പ്രതിനിധികളും തമ്മില്‍ അനുരഞ്ജനക്കരാര്‍ ഒപ്പുവെച്ചു. ഈ കരാറനുസരിച്ച് തായ്‌വാന്‍ പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഏകചൈന തങ്ങളാണെന്നാണ് തായ്‌വാന്റെ നിലപാട്.

തങ്ങളുമായി നയന്ത്ര ബന്ധം കാത്ത് സൂക്ഷിച്ചുപോരുന്ന മധ്യ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ബെലീസ് പോലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തായ് പ്രസിഡന്റ് സായ് ഇങ് വെന്‍ അമേരിക്കയിലും തങ്ങുന്നത്. പുറത്തുനിന്നുള്ള സമ്മര്‍ദം കൊണ്ട് അന്താരാഷ്ട്ര സമൂഹത്തിലേക്ക് നീങ്ങുന്നതില്‍ നിന്ന് തായ്‌വാനെ തടസ്സപ്പെടുത്താനാവില്ലെന്ന്  സായ് ഇങ് വെന്‍ ന്യൂയോര്‍ക്കില്‍ പറഞ്ഞു. തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ വേണമെന്നും സായ് ഇങ് വെന്‍ ആവശ്യപ്പെട്ടു. തായ്‌വാനിലേക്കുള്ള മടക്കയാത്രയില്‍ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി സായ് കൂടിക്കാഴ്ച നടത്തും. യു.എസ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടുമെന്ന് ചൈന ഭീഷണിമുഴക്കിയിരുന്നു. ഏകചൈനാ നയം അംഗീകരിച്ച രാജ്യങ്ങള്‍ ചൈനയുമായും തായ്‌വാനുമായും ഒരേസമയം, നയതന്ത്രബന്ധം പുലര്‍ത്തരുതെന്നാണ് ചൈനയുടെ നിരന്തര ആവശ്യം.