അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ചൈനയ്ക്ക് പുതുമയല്ല. കടലിലും കരയിലും അയല്‍രാജ്യങ്ങളുമായി അതിര്‍ത്തിയെച്ചൊല്ലി ദീര്‍ഘകാലമായി തര്‍ക്കത്തിലാണവര്‍. ഇതിനിടെയാണ് ഇന്ത്യയുടെ അരുണാചല്‍ പ്രദേശും ലഡാക്കിന്റെ ഭാഗമായ അക്‌സായി ചിന്‍ പ്രദേശവും ഉള്‍പ്പെടുത്തി പുതിയ 'സ്റ്റാന്‍ഡേര്‍ഡ് മാപ്പ്' ചൈന കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഓഗസ്റ്റ് 28-ന് പുറത്തിറക്കിയ പുതിയ ഭൂപടത്തില്‍ ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശും 1962- ലെ യുദ്ധത്തില്‍ കൈവശപ്പെടുത്തിയ അക്സായ് ചിന്‍ (Aksai Chin) പ്രദേശവും തങ്ങളുടെ ഭാഗമായാണ് അവര്‍ കാണിക്കുന്നത്. ഇതിന് പുറമേ ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും റഷ്യയുമായി തര്‍ക്കമുള്ള ഭാഗങ്ങളും തങ്ങളുടേതാക്കി കാണിക്കുന്നുണ്ട്. പുതിയ ഔദ്യോഗിക ഭൂപടം പുറത്തിറക്കുക വഴി ഏഷ്യ-പസഫിക് മേഖലയില്‍ പുതിയ അസ്വസ്ഥതയ്ക്കാണ് ചൈന വഴിമരുന്നിട്ടിരിക്കുന്നത്. അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിന് സമീപമുള്ള ഒരു പട്ടണം ഉള്‍പ്പെടെ, സംസ്ഥാനത്തെ 11 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുമെന്ന് ഏപ്രിലില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പുതിയ ഭൂപടം പുറത്തുവന്നത്. 

To advertise here,

ദേശീയ ഭൂപട അവബോധന വാരാഘോഷത്തിന്റെ ഭാഗമായാണ് ചൈനയുടെ പ്രകൃതി വിഭവമന്ത്രാലം പുതിയ ഭൂപടം പുറത്തിറക്കിയത്. ജി-20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് ചൈനയുടെ വിവാദനീക്കമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതേസമയം, അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. ഭൂപടം പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇന്ത്യ രംഗത്ത് എത്തി. അതിര്‍ത്തികളെക്കുറിച്ചുള്ള ചര്‍ച്ചാവിഷയങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇടയാക്കുകയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റൊരു രാജ്യത്തിന്റെ പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്​ശങ്കറും പറഞ്ഞു. ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്നാം, തയ്​വാന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളും ഭൂപടത്തെ തള്ളി രംഗത്തെത്തി. എന്താണ് ചൈനയുടെ പുതിയ 'സ്റ്റാന്‍ഡേര്‍ഡ്' ഭൂപടം, എന്തുകൊണ്ടാണ് ഇത്രയധികം രാജ്യങ്ങള്‍ അതിനെ എതിര്‍ക്കുന്നത്?

അയല്‍ക്കാരെ ചൊടിപ്പിച്ച് ചൈനയുടെ പുതിയ ഭൂപടം

കഴിഞ്ഞ മാസം 28-നാണ് ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഒരു പുതിയ 'സ്റ്റാന്‍ഡേര്‍ഡ്' ദേശീയ ഭൂപടം പുറത്തിറക്കിയത്. 'പ്രശ്‌നങ്ങളുള്ള ഭൂപടങ്ങള്‍' ഒഴിവാക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായി പുതിയ 'സ്റ്റാന്‍ഡേര്‍ഡ്' ദേശീയ ഭൂപടം പുറത്തിറക്കുന്നു എന്നായിരുന്നു ഇതിന് ചൈനീസ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, സ്വന്തം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അവകാശവാദം ഉന്നയിക്കുന്നതായിരുന്നു ചൈനയുടെ പുതിയ 'സ്റ്റാന്‍ഡേര്‍ഡ്' ദേശീയ ഭൂപടം. ഹിമാലയന്‍ പര്‍വതനിരകള്‍ മുതല്‍ ദക്ഷിണ ചൈനാ കടലിന്റെ തീരങ്ങള്‍ വരെ ഒരു വലിയ പ്രദേശത്തിന് മേലാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. ഭൂപടത്തില്‍ U ആകൃതിയിലുള്ള ഒരു രേഖ വഴി ദക്ഷിണ ചൈനാ കടലിന്റെ സിംഹഭാഗവും തങ്ങളുടെ പരമാധികാരത്തിന് കീഴിലാണെന്ന് ചൈന അവകാശവാദം ഉന്നയിക്കുന്നു. ഓരോ വര്‍ഷവും ട്രില്യണ്‍ കണക്കിന് ഡോളര്‍ വ്യാപാരം നടക്കുന്ന വിഭവസമ്പന്നവും തന്ത്രപരമായി പ്രധാനപ്പെട്ടതുമായ ഒരു പ്രദേശം പിടിച്ചടക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്. 

തയ്​വാനെയും തര്‍ക്കപ്രദേശമായ ദക്ഷിണ ചൈന കടല്‍ പ്രദേശങ്ങളെ പൂര്‍ണമായും ചൈനയുടെ ഭാഗമായി ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുന്നു. ദക്ഷിണ ചൈനാ കടലില്‍ തയ്​വാന്‍ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തില്‍ ചൈനീസ് പ്രദേശമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങള്‍ക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേല്‍ അവകാശവാദമുണ്ട്. ഇതിനെയെല്ലാം റഷ്യയുമായുള്ള അതിര്‍ത്തിയില്‍ ചൈനയുടെ വടക്കുകിഴക്കന്‍ മൂലയില്‍ അമുര്‍ (Amur) , ഉസ്സൂരി (Ussuri) നദികളുടെ സംഗമസ്ഥാനത്തുള്ള ബോള്‍ഷോയ് ഉസ്സൂരിസ്‌കി ദ്വീപ് (Bolshoy Ussuriysky Island) ചൈനീസ് പ്രദേശമായി കാണിക്കുന്നു. ദ്വീപ് വിഭജിക്കാന്‍ രാജ്യങ്ങള്‍ ഏകദേശം 20 വര്‍ഷം മുമ്പ് ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശും ഡോക്‌ലാം പീഠഭൂമി (Doklam Plateau)യും വ്യക്തമായി ചൈനീസ് അതിര്‍ത്തികള്‍ക്കുള്ളില്‍ കാണിച്ചിരിക്കുന്നു. 1962-ലെ യുദ്ധത്തില്‍ കൈവശപ്പെടുത്തിയ അക്സായ് ചിന്‍ പ്രദേശവും തങ്ങളുടെ ഭാഗമായാണ് ചൈന കാണിക്കുന്നത്. 

placeholder
തയ്‌വാന്‍ ദേശീയപതാക | Photo: AP

ഇന്ത്യ- ചൈന തര്‍ക്കങ്ങളുടെ കാരണം 

ലോകത്തിലെ ഭൂരിഭാഗം അതിര്‍ത്തിത്തര്‍ക്കങ്ങളേയും പോലെ ബ്രിട്ടീഷുകാര്‍ നിശ്ചയിച്ച അതിര്‍ത്തി തന്നെയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുമുള്ള തര്‍ക്കങ്ങളുടെ മൂലകാരണം. 1913-ലാണ് ബ്രിട്ടീഷ് ഇന്ത്യ, ടിബറ്റ്, ചൈന എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ ഷിംലയില്‍, അതിര്‍ത്തി നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ചൈനയ്ക്കും ടിബറ്റിനും ഇടയിലും ടിബറ്റിനും ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലുള്ള അതിര്‍ത്തി ബ്രിട്ടീഷ് പ്രതിനിധി സര്‍ ഹെന്റി മക്മഹോണ്‍ (Henry McMahon) നിര്‍ണയിച്ചു. എന്നാല്‍, അവസാന ഘട്ടത്തില്‍ ചര്‍ച്ചകളില്‍നിന്ന് ചൈനീസ് പ്രതിനിധി ഇറങ്ങിപ്പോയി. ഇതോടെ ഹെന്റി മക്മഹോണ്‍ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിക്കുകയും ടിബറ്റന്‍ പ്രതിനിധി അത് അംഗീകരിക്കുകയും ചെയ്തു. ടിബറ്റിനെയും ബ്രിട്ടീഷ് ഇന്ത്യയെയും വിഭജിക്കുന്ന രേഖ, പിന്നീട് മക്മോഹന്‍ രേഖ (McMahon Line) എന്നറിയപ്പെട്ടു. ഇതാണ് ഇന്നും അതിര്‍ത്തിയായി ഇന്ത്യ അംഗീകരിക്കുന്നത്. എന്നാല്‍, ടിബറ്റ് എല്ലാക്കാലത്തും തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അവര്‍ക്ക് സ്വന്തം നിലയില്‍ മറ്റൊരു രാജ്യവുമായി ഉടമ്പടിയിലെത്താന്‍ അവകാശമില്ലെന്നുമാണ്‌ ചൈന പിന്നീട് അവകാശപ്പെട്ടത്. 

ഷിംല കരാര്‍ ഒപ്പുവെച്ചെങ്കിലും രണ്ട് പതിറ്റാണ്ടിന് ശേഷവും മക്മോഹന്‍ രേഖ നടപ്പാക്കാൻ ബ്രിട്ടീഷ് അധികാരികള്‍ ഒന്നും ചെയ്തില്ല. 1951 ഒക്ടോബര്‍ വരെ ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിട്ടിരുന്നുമില്ല. മാവോ സേ തുങ് സ്ഥാപിച്ച പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഔദ്യോഗികമായി ടിബറ്റിനെ പിടിച്ചെടുത്തതോടെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന അവസ്ഥ വന്നത്. 1959-ല്‍ ടിബറ്റില്‍ ചൈനയുടെ നിയന്ത്രണത്തിനെതിരേ ജനകീയ പ്രക്ഷോഭം ഉണ്ടായി. അറസ്റ്റ് ഭയന്ന് ടിബറ്റന്‍ നേതാവ് ദലൈലാമ അതിര്‍ത്തി കടന്ന് തവാങ്ങിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ധര്‍മശാലയില്‍ ടിബറ്റന്‍ പ്രവാസ സര്‍ക്കാരും സ്ഥാപിച്ചു. ഇതിനേച്ചൊല്ലി ഇന്ത്യയുമായി ഉരസലിലായിരുന്നു ചൈന. എന്നാല്‍, പ്രശ്നങ്ങള്‍ വഷളായത് 1962-ലാണ്. ആ വര്‍ഷം ഒക്ടോബര്‍ 20-ന് ചൈനീസ് സൈന്യം തവാങ്ങിലേക്ക് കടന്ന് അതിര്‍ത്തിയില്‍ വേണ്ടത്ര സജ്ജരായ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചു. പിന്നാലെ ഏകപക്ഷീയമായ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. അതോടെ സൈന്യത്തെ മക്മോഹന്‍ രേഖയ്ക്ക് പിന്നിലേക്ക് മാറ്റി. തവാങ്ങില്‍നിന്നും ഇന്നത്തെ അരുണാചല്‍ പ്രദേശില്‍നിന്നും ചൈന സ്വമേധയാ പിന്‍വാങ്ങിയെങ്കിലും തന്ത്രപ്രധാനമായ അക്സായി ചിന്‍ അവരുടെ നിയന്ത്രണത്തിലാക്കി. 

ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നം മാത്രമല്ല, രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂപ്രദേശമാണ് അരുണാചല്‍. ചൈന, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് തന്ത്രപ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യത്തിനു ശേഷവും നോര്‍ത്ത് ഈസ്റ്റ് ഫ്രൊണ്ടിയര്‍ ഏജന്‍സി (North-East Frontier Agency)യുടെ ഭാഗമായിരുന്നു അരുണാചല്‍ പ്രദേശ്. 1972 ജനുവരി 20-ന് ഷില്ലോങ് ആസ്ഥാനമായി അരുണാചല്‍ കേന്ദ്രഭരണ പ്രദേശമായി. രണ്ട് വര്‍ഷത്തിന് ശേഷം തലസ്ഥാനം ഇറ്റാനഗറിലേക്ക് മാറ്റി. 1987 ഫെബ്രുവരി 20-ന് അരുണാചലിന് സംസ്ഥാന പദവി ലഭിച്ചു. തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമേ വനങ്ങള്‍, ധാതുക്കള്‍, ജലവൈദ്യുത പദ്ധതിക്ക് സാധ്യതയുള്‍പ്പെടെ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് അരുണാചല്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഈ പ്രദേശത്തിന്റെ പ്രകൃതി വിഭവങ്ങള്‍ വലിയ പ്രാധാന്യമുള്ളതാണ്. വിവിധ ഗോത്രങ്ങളുടെ ജന്മഭൂമിയുമാണ് ഈ പ്രദേശം. 

ചൈനയുടെ ഭാഗത്തുനിന്ന് 1962-ലേത് പോലെ ഒരു ആക്രമണമുണ്ടായാല്‍ അതിനെ നേരിടാനുള്ള തന്ത്രപ്രധാനമായ സ്ഥലം കൂടിയാണിത്. ചൈന ഉയര്‍ത്തുന്ന സാധ്യമായ ഏത് ആക്രമണത്തെയും തടയാന്‍ വിവിധ തലത്തില്‍ വ്യോമപ്രതിരോധ സംവിധാനം ഒരുക്കാനുള്ള മികച്ച സ്ഥലമാണിത്. ചൈനയെ സംബന്ധിച്ചിടത്തോളം ഈ അനുകൂല സാഹചര്യങ്ങള്‍ക്ക് ഇന്ത്യയ്ക്ക് നിഷേധിക്കുന്നതിന് അരുണാചലിന് മേലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. വാസ്തവത്തില്‍, അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ ഇന്ത്യക്ക് മാത്രമല്ല, ഭൂട്ടാനും സുരക്ഷാ ഭീഷണിയാണ്. ചൈനയുടെ പദ്ധതികളെ പരാജയപ്പെടുത്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ റോഡ്-റെയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സൈനിക സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ ഇപ്പോള്‍ നാല് വിമാനത്താവളങ്ങളുണ്ട്. മക്മോഹന്‍ രേഖയ്ക്ക് സമീപം നിരവധി ഹെലിപാഡുകള്‍ ഉണ്ട്. ഇവയെല്ലാം ചൈനീസ് ഭീഷണി മുന്നില്‍ക്കണ്ട് ഒരുക്കിയതാണ്. 

ചൈനയുടെ അവകാശവാദങ്ങള്‍

അരുണാചല്‍ പ്രദേശിനെ 'ദക്ഷിണ ടിബറ്റ്' (സാങ്‌നാന്‍ -Zangnan) എന്നാണ് ചൈന വളിക്കുന്നത്. ഈ ഭൂപ്രദേശം മുഴുവനായും തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ടിബറ്റുമായുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് ചൈനയുടെ അവകാശവാദങ്ങള്‍. അരുണാചല്‍ പ്രദേശിലെ, പ്രത്യേകിച്ച് തവാങ്ങിലെ പല പ്രദേശങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കുന്നത് അതെല്ലാം ടിബറ്റിന്റെ ഭാഗമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പകുതി വരെ ബ്രിട്ടീഷുകാര്‍ തവാങ്ങിനെ ടിബറ്റിന്റെ ഭാഗമായി കണക്കാക്കിയിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ 1913-ല്‍ ബ്രിട്ടീഷ്, ചൈന, ടിബറ്റന്‍ പ്രതിനിധികള്‍ ഷിംലയില്‍ ചേര്‍ന്ന യോഗത്തോടെ കാര്യങ്ങള്‍ മാറി. ബ്രിട്ടീഷ് ഇന്ത്യ, ചൈന, ടിബറ്റ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ തീരുമാനിക്കുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹെന്റി മക്മഹോണ്‍ ടിബറ്റിന്റെ അന്നത്തെ പ്രധാനമന്ത്രി ലോചെന്‍ ഷാത്രയുമായി നേരിട്ട് ചര്‍ച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. എന്നാല്‍ ഇത് ചൈന അംഗീകരിക്കുന്നില്ല. 

തവാങ്ങിനാകട്ടെ ടിബറ്റിന്റെ സംസ്‌കാരത്തില്‍ എക്കാലവും സവിശേഷമായ ഒരു സ്ഥാനമുണ്ട്. ടിബറ്റന്‍ ബുദ്ധമതക്കാര്‍ക്ക് വലിയ പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ആറാമത്തെ ദലൈലാമ സാങ്യാങ് ഗ്യാറ്റ്‌സോ (Tsangyang Gyatso) ജനിച്ചത് തവാങ്ങിന് അടുത്തുള്ള പട്ടണമായ ഉര്‍ഗിലിങ്ങി (Urgelling)ലാണ്. 14-ാം ദലൈലാമ 1959-ല്‍ ചൈന അധിനിവേശ ടിബറ്റില്‍നിന്ന് പലായനം ചെയ്തതും തവാങ്ങിലൂടെയാണ്. തവാങ് മൊണാസ്ട്രിയില്‍ അദ്ദേഹം കുറച്ചുകാലം കഴിയുകയും ചെയ്തിരുന്നു. മേഖലയിലെ ചില ഗോത്രങ്ങള്‍ക്ക് ടിബറ്റിലെ സംസ്‌ക്കാരവുമായി വലിയ സാമ്യമുണ്ട്. ഇവിടുത്തെ മോന്‍പ ഗോത്രവിഭാഗം ടിബറ്റിന്റെ ചില ഭാഗങ്ങളില്‍ പിന്തുടരുന്ന അതേ ആചാരങ്ങളാണ് പിന്തുടരുന്നത്. ഇതെല്ലാം മുന്‍നിര്‍ത്തി അരുണാചല്‍ അവകാശവാദമുന്നയിച്ച് ടിബറ്റിന്റെ മേല്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാനാണ് ചൈന ഉദ്ദേശിച്ചത്. തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി അരുണാചല്‍ പ്രദേശം ചൈനയുടെ ഭാഗമാണെന്ന് ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പതിവായി പ്രസിദ്ധീകരിക്കാറുണ്ട്. കൂടാതെ, ഇത് അരുണാചലിലെ സ്ഥലങ്ങള്‍ക്ക് പതിവായി പുതിയ പേരുകള്‍ നല്‍കുകയും ചെയ്യാറുണ്ട്. 

placeholder
തെക്കന്‍ ചൈന കടലിലെ പ്രദേശങ്ങള്‍ക്ക് മേല്‍ വിവിധ രാജ്യങ്ങളുടെ അവകാശവാദം

തെക്കന്‍ ചൈന കടല്‍ എന്ന തര്‍ക്കപ്രദേശം 

ശാന്തസമുദ്രത്തിന്റെ ഭാഗമാണ് അതീവ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുള്ളതും 35 ലക്ഷം ചതുരശ്ര കിലോ മീറ്ററില്‍ പരന്നുകിടക്കുന്നതുമായ തെക്കന്‍ ചൈന കടല്‍. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഏറ്റവും ഗൗരവമേറിയ നയതന്ത്ര പ്രതിസന്ധിയാണ് ഈ കടല്‍ മേഖയ്ക്കു മേലുള്ള അവകാശത്തര്‍ക്കം. ചൈന, വിയറ്റ്‌നാം, തയ്‌വാന്‍, ഫിലിപ്പീന്‍സ്, ബ്രൂണൈ, മലേഷ്യ, കംബോഡിയ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് തെക്കന്‍ ചൈന കടലിന്റെ അതിര്‍ത്തികളിലുള്ളത്. ഈ രാജ്യങ്ങള്‍ തന്നെയാണ് തെക്കന്‍ ചൈന കടലിന് മുകളില്‍ പൂര്‍ണമായോ ഭാഗികമായോ അവകാശവാദം ഉന്നയിക്കുന്നതും. പ്രധാനമായും സ്‌കാര്‍ബറോ ഷോള്‍ (Scarborough Shoal) അടക്കമുള്ള കടല്‍ മേഖലയുടെയും പരാസെല്‍സ് (Paracel), സ്പ്രാറ്റ്‌ലി (Spratly)  ദ്വീപസമൂഹങ്ങളുടെയും പേരിലാണ് അവകാശത്തര്‍ക്കങ്ങളിലധികവും. ജനവാസമില്ലാത്ത പല ദ്വീപുകളിലും പാറക്കൂട്ടങ്ങളുടെമേല്‍പോലും പല രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നു. മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും (പി.ആര്‍.സി.) റിപ്പബ്ലിക് ഓഫ് ചൈനയും (തയ് വാന്‍) ഏതാണ്ട് മുഴുവന്‍ കടല്‍മേഖലയും തങ്ങളുടേതാണെന്നാണ് അവകാശപ്പെടുന്നത്. നയണ്‍ ഡാഷ് ലൈനിന്റെ (Nine-dash line) ഉള്ളിലാണ് ഈ കടല്‍ മേഖല എന്നാണ് ചൈനയുടെ വാദം. ഈ മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളുടെയും അവകാശവാദങ്ങളുമായി ഓവര്‍ ലാപ്പ് ചെയ്യുന്നതാണ് ചൈനയുടെ ഈ അവകാശവാദങ്ങള്‍. 

ദക്ഷിണ ചൈന കടല്‍ നൂറ്റാണ്ടുകളായി തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍, 1940-ന് മുമ്പ് വരെ തെക്കന്‍ ചൈന കടലില്‍ ചൈന അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങള്‍ പറയുന്നത്. 1947-ല്‍ പരാസെല്ലിന്റെയും സ്പ്രാറ്റ്‌ലിന്റെയും മേല്‍ അവകാശം ഉറപ്പിച്ചുകൊണ്ടുള്ള മാപ്പ് ചൈന പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ അതേവര്‍ഷം തന്നെ പരാസെല്‍ ദ്വീപസമൂഹം വിയറ്റ്‌നാമില്‍നിന്നു ചൈന പിടിച്ചെടുത്തു. 1988-ല്‍ സ്പ്രാറ്റ്‌ലി ദ്വീപുകള്‍ക്ക് വേണ്ടി ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോഴും വിയറ്റ്‌നാമിനായിരുന്നു ആള്‍ നാശം. 1996-ല്‍ സ്പ്രാറ്റ്ലി ദ്വീപുകളില്‍ ഫിലിപ്പീന്‍സ് നാവികസേനയുടെ ബോട്ടിനെതിരേ ചൈനീസ് സേന ആക്രമണം നടത്തി. 2012-ല്‍ ഷി ജിന്‍പിങ് ചൈനയുടെ അധികാരം ഏറ്റെടുത്തതോടെ തെക്കന്‍ ചൈന കടല്‍ മേഖലയെച്ചൊല്ലി നടന്നിരുന്ന ഏറ്റുമുട്ടലുകള്‍ ശക്തമാവുകയും ചൈനയുടെ വിദേശനയത്തില്‍ കാര്യമായ വ്യതിയാനം സംഭവിക്കുകയും ചെയ്തു. തെക്കന്‍ ചൈന കടലിലെ സൈനികവല്‍ക്കരണവും 2012 മുതല്‍ ശക്തമായി. മേഖലയില്‍ ചൈന കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുക മാത്രമല്ല, ഈ ദ്വീപുകളില്‍ വ്യാപകമായ സൈനികവല്‍ക്കരണം നടത്തുകയും ചെയ്തു. 2014 മുതല്‍, ചൈന പാരസല്‍ ദ്വീപുകളെ സൈനികവല്‍ക്കരിക്കുന്നുണ്ട്. അവിടെ മിസൈലുകള്‍ വിന്യസിക്കുകയും യുദ്ധവിമാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. 2018-ല്‍ ഒരു ചൈനീസ് ബോംബര്‍ വിമാനം ആദ്യമായി പാരസെലുകളില്‍ ഇറങ്ങുകയും ചെയ്തു. ഇതിന് സമാനമായി സ്പ്രാറ്റ്ലി ദ്വീപുകളുടെ സൈനികവല്‍ക്കരണവും വേഗത്തില്‍ തുടരുകയാണ്.

placeholder
ദക്ഷിണ ചൈനാ കടലിലെ സ്പ്രാറ്റ്‌ലി ദ്വീപുകളിലെ സുബി റീഫില്‍ ചൈന നിര്‍മ്മിച്ച കൃത്രിമ ദ്വീപിലെ എയര്‍ഫീല്‍ഡും കെട്ടിടങ്ങളും | Photo : Ezra Acayan/Getty Images

പ്രതിഷേധവുമായി ഇന്ത്യ, പതിവ് നടപടിയെന്ന് ചൈന

അരുണാചല്‍ പ്രദേശ്, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ അക്സായി ചിന്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടത്തിനെതിരേ ഇന്ത്യ കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. ഇതിനെതിരേ ഇന്ത്യ നയതന്ത്ര തലത്തില്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള പ്രദേശത്തെക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. അതിര്‍ത്തികളെക്കുറിച്ചുള്ള ചര്‍ച്ചാവിഷയങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ മാത്രമേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇടയാക്കുകയുള്ളൂവെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. മറ്റൊരു രാജ്യത്തിന്റെ പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ​ശങ്കറും  പറഞ്ഞു.

ആദ്യമായല്ല ചൈനയുടെ നീക്കമെന്നും അസംബന്ധമായ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങള്‍ സ്വന്തമായി മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവിലുള്ള നിയമപ്രകാരം രാജ്യത്തിന്റെ പരമാധികാരം സംബന്ധിച്ച സാധാരണ നടപടിക്രമമാണ് പുതിയ ഭൂപടമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടത്. ഇത്തരത്തില്‍ ഭൂപടം പുതുക്കുന്നത് പതിവുരീതിയാണെന്നും അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞത്.

placeholder
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ചൈനീസ് എംബസിക്ക് പുറത്ത്, ദക്ഷിണ ചൈനാ കടലിലെ ചൈനീസ് നാവിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ (ഫയല്‍ ചിത്രം) | Photo : Ezra Acayan/Getty Images

ചൈനയുടെ ഭൂപടം തള്ളി കൂടുതല്‍ രാജ്യങ്ങള്‍

ഇന്ത്യ മാത്രമായിരുന്നില്ല ചൈനീസ് ഭൂപടത്തെ തള്ളിപ്പറഞ്ഞത്. പുതിയ അവകാശവുമായി ചൈന പുറത്തുവിട്ട ദേശീയ ഭൂപടം തള്ളി ഇന്ത്യക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത് എത്തി. ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്നാം, തയ്‌വാന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളാണ് പുതിയ ഭൂപടത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. ദക്ഷിണ ചൈനാ സമുദ്രത്തിലെ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ രൂക്ഷമാക്കാനേ ഈ ഭൂപടം ഉപയോഗപ്പെടൂ എന്നാണ് ഈ രാജ്യങ്ങളുടെ പൊതുകാഴ്ച്ചപ്പാട്. അതിര്‍ത്തികള്‍ സംബന്ധിച്ച ചൈന ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ പ്രകോപനപരമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി. ഭൂപടത്തില്‍ ദക്ഷിണ ചൈനാക്കടലിന്റെ സിംഹഭാഗവും ചൈനാ അവരുടേതെന്ന് അവകാശപ്പെട്ടതാണ് ഫിലിപ്പീന്‍സിനെ ചൊടിപ്പിച്ചത്. അന്താരാഷ്ട്രനിയമങ്ങളെ കാറ്റില്‍പ്പറത്തുകയാണ് ചൈന ചെയ്തതെന്ന് ഫിലിപ്പീന്‍സ് വിദേശമന്ത്രാലയം കുറ്റപ്പെടുത്തി. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാനും അന്താരാഷ്ട്ര കരാറുകള്‍ പാലിക്കാനും ചൈന തയ്യാറാകണമെന്ന് ഫിലിപ്പീന്‍സ് ആവശ്യപ്പെട്ടു.

ദക്ഷിണ ചൈനാ കടലിലെ അവകാശവാദം സംബന്ധിച്ച് ചൈനയ്ക്ക് പ്രതിഷേധക്കുറിപ്പ് അയയ്ക്കുമെന്ന് മലേഷ്യയും അറിയിച്ചു. ചൈനയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. സാംബ്രി അബ്ദുള്‍ കാദിര്‍ പറഞ്ഞു. ഹോങ് സാ (പാരസല്‍), ട്രൂങ് സാ (സ്പ്രാറ്റ്‌ലി) എന്നിവയുടെമേല്‍ ചൈന അവകാശവാദമുന്നയിച്ചതാണ് വിയറ്റ്‌നാമിനെ പ്രകോപിപ്പിച്ചത്. ഭൂപടം തള്ളിക്കളയുന്നതായും അവര്‍ അറിയിച്ചു. ചൈന സ്വന്തം പ്രദേശമെന്ന് അവകാശപ്പെടുന്ന തയ്‌വാന്‍ 'രാജ്യാന്തര സമൂഹം അംഗീകരിക്കാത്ത ഭൂപട'മെന്നാണ് പുതിയ മാപ്പിനെ വിശേഷിപ്പിച്ചത്. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദം ലോകം അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജെഫ് ലിയു ( Jeff Liu) പറഞ്ഞു. ചൈന ഒരിക്കലും തയ്‌വാനെ ഭരിച്ചിട്ടില്ലെന്നത് ഓര്‍മ വേണമെന്നും ഈ സാഹചര്യത്തില്‍ ഭൂപടം പിന്‍വലിക്കാന്‍ ചൈന തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തയ്‌വാന്‍ സ്വതന്ത്ര രാജ്യമാണെന്നും ചൈനയുടെ അംഗരാജ്യമല്ലെന്നും അവര്‍ നിലപാട് കടുപ്പിച്ചു.