
ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് തയ്‌വാന്‍ പ്രസിഡന്റായി കടുത്ത ചൈനാവിരുദ്ധനും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവുമായ വില്യം ലായ് (ലായ് ചിങ്ങ്-ടെ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്വയംഭരണ മേഖലയായ തയ്‌വാന് ചുറ്റുമുള്ള സൈനിക കടന്നുകയറ്റം ചൈന അവസാനിപ്പിക്കണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യപ്രസംഗത്തില്‍ ലായ് ആവശ്യപ്പെട്ടത്. പക്ഷേ, ലായ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തയ്‌വാന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ചുകൊണ്ടാണ് ചൈന ഇതിന് മറുപടി നൽകിയത്. 'വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ' എന്ന വിശേഷണത്തോടെയാണ് തയ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയില്‍ ചൈന വലിയ തോതിലുള്ള, രണ്ട് ദിവസത്തെ സൈനിക അഭ്യാസങ്ങള്‍ ആരംഭിച്ചത്. ചൈനയുടെ അഭ്യാസങ്ങളെ 'യുക്തിരഹിതമായ പ്രകോപനങ്ങള്‍' എന്നു പറഞ്ഞാണ് തയ്വാൻ അപലപിച്ചത്.
രാഷ്ട്രീയവും സൈനികവുമായ നടപടികളിലൂടെ തയ്‌വാനെ ചൈനയ്ക്ക് ഒപ്പം ചേര്‍ക്കുമെന്ന് ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. തയ്‌വാന്‍ മുന്‍പ്രസിഡന്റ് സായ് ഇങ് വെന്നിനെപ്പോലെ തയ്‌വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുംവേണ്ടി നിലകൊള്ളുന്ന നേതാവായ വില്യം ലായ്‌യാണ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. 40 ശതമാനത്തിലധികം വോട്ടുനേടിയായിരുന്നു ലായ്‌യുടെ വിജയം. ചൈനയോട് കൂറുള്ള കുമിന്താങ് പാര്‍ട്ടി നേതാവ് ഹു യു-യി 33 ശതമാനം വോട്ടോടെ രണ്ടാമതായി. തിരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ ചൈന ശ്രമം നടത്തിയെങ്കിലും ജനങ്ങള്‍ വില്യം ലായ്‌ക്കൊപ്പം നിന്നു. 2049-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ശതാബ്ദി ആഘോഷിക്കുന്നതിന് മുമ്പ് ഏക ചൈനയെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വപ്നം എന്തു വിലകൊടുത്തും സാക്ഷാത്കരിക്കുമെന്ന ഷീ ജിന്‍ പിങിന്റെ പ്രഖ്യാപനത്തിന് ഏറ്റ തിരിച്ചടികൂടിയാണ് ലായ്‌യുടെ വിജയം വിലയിരുത്തുന്നത്. ഏക ചൈനയെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി ശക്തനായ നേതാവായ ലായ് അധികാരത്തിലെത്തുന്നതോടെ എന്താവും ചൈന-തയ്‌വാന്‍ ബന്ധം? ഇത് ഏത് തരത്തിലാകും മേഖലയുടെ സമാധാനത്തെ ബാധിക്കുക? ചൈനയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ലായ്ക്ക് സാധിക്കുമോ?
ചൈനയ്ക്കും തയ്‌വാനും ഇടയിലെന്ത് ?
ചൈന വര്‍ഷങ്ങളായി അവകാശവാദമുന്നയിക്കുന്ന സ്വയംഭരണപ്രദേശമാണ് തയ്‌വാന്‍. ഏഴു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ തര്‍ക്കമാണ് ചൈനയ്ക്കും തയ്‌വാവുമിടയിലുള്ളത്. 1949-ലെ ആഭ്യന്തരയുദ്ധത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ പരാജയപ്പെടുത്തി മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകള്‍ ചൈനയുടെ അധികാരം പിടിച്ചെടുത്തു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചൈനയില്‍ അധികാരത്തിലെത്തിയപ്പോള്‍ കുമിന്താങ്ങുകള്‍ തയ്‌വാനിലേക്ക് പലായനം ചെയ്തു. പലായനം ചെയ്തെത്തിയ കുമിന്താങ്ങുകള്‍ തയ്‌വാനില്‍ റിപ്പബ്ലിക്ക് ഓഫ് ചൈന (ആര്‍.ഒ.സി) രൂപവത്കരിച്ചു. പിന്നാലെ അവര്‍ ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മറുവശത്ത് തയ്‌വാന്റെ ഭരണഘടനയെയും ജനാധിപത്യ സര്‍ക്കാരിനെയും ചൈന അംഗീകരിക്കുന്നില്ല. തയ്‌വാന് സ്വന്തമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനയും സര്‍ക്കാരുമുണ്ടെങ്കിലും ഇതിനെ അംഗീകരിക്കാന്‍ ചൈന തയ്യാറാവുന്നില്ല.
1950-ല്‍ തയ്‌വാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായി. തുടര്‍ന്ന് തയ്‌വാന്റെ സംരക്ഷണത്തിനായി കപ്പല്‍പ്പടയെ അമേരിക്ക വിന്യസിച്ചു. ശീതയുദ്ധം കാരണം, മിക്ക പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും 1970-കള്‍ വരെ തയ്‌വാനെ മാത്രമാണ് അംഗീകരിച്ചിരുന്നത്. 1971-ല്‍ ഐക്യരാഷ്ട്രസഭ അവരെ പുറത്താക്കുകയും പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുകയും ചെയ്തു. ഇതോടെ മിക്ക രാജ്യങ്ങളും തയ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും ചൈനയെ അംഗീകരിക്കുകയും ചെയ്തു. 1979-ല്‍ അമേരിക്ക തയ്‌വാനുമായുള്ള നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ച് ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. പക്ഷേ, അമേരിക്ക തയ്‌വാനുമായി വ്യാപാര-സൈനിക ബന്ധങ്ങള്‍ തുടര്‍ന്നു. ഇത് തയ്‌വാനെ ബലപൂര്‍വം പിടിച്ചടക്കാമെന്ന ചൈനീസ് തന്ത്രത്തിന് തിരിച്ചടിയായി. 1987-ല്‍ തയ്‌വാന്‍ സൈനിക നിയമം പിന്‍വലിച്ചു. പിന്നാലെ തയ്‌വാനിലെ ജനങ്ങള്‍ക്ക് ചൈനയിലെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു. 1990-കള്‍ക്ക് ശേഷം ചൈനയുമായുള്ള ബന്ധത്തില്‍ മാറ്റം വന്നു. സിംഗപ്പൂരില്‍ ഇരുപക്ഷവും തമ്മില്‍ ആദ്യ നേരിട്ടുള്ള ചര്‍ച്ച നടന്നു. പക്ഷ, തയ്‌വാന്‍ പ്രസിഡന്റ് ലീ ടെങ് ഹ്യൂയ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയതിനെതുടര്‍ന്ന് 1995-ല്‍ ചൈന തയ്‌വാനുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചു.
1996-ല്‍ തയ്‌വാനിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് വേളയില്‍ ചൈന മിസൈലുകള്‍ പ്രയോഗിച്ചു. തയ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് 2005-മാര്‍ച്ചില്‍ ചൈന പ്രഖ്യാപിച്ചു. 2016-ല്‍ സായ് ഇങ് വെന്‍ തയ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സായ് ഇങ് വെന്നുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. ചൈന-തയ്‌വാന്‍ ഏകീകരണം ഒഴിവാക്കാനാവാത്തതാണെന്ന് 2019-ല്‍ ഷി ജിന്‍ പിങ് പ്രഖ്യാപിച്ചു. 2021-ല്‍ തയ്‌വാന്റെ പ്രതിരോധ മേഖലയിലേക്ക് ചൈന നൂറ് നുഴഞ്ഞുകയറ്റങ്ങള്‍ നടത്തി. തയ്‌വാനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ 2021 ഒക്ടോബറില്‍ പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റില്‍ ചൈനയുടെ വിലക്ക് ലംഘിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശനം നടത്തി. തിരിച്ചടിയെന്നോണം ചൈന വലിയ സൈനികാഭ്യാസം നടത്തി. 2023-ഏപ്രിലില്‍ സായ് ഇങ് വെന്‍ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി യു.എസില്‍ ഇറങ്ങുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2024 ജനുവരി ഒന്നിന് എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയോട് ചേര്‍ക്കുമെന്ന് ഷീ ജിന്‍ പിങ് പ്രഖ്യാപനം നടത്തി.

ചൈനയെ പ്രകോപിപ്പിച്ച തിരഞ്ഞെടുപ്പ്
രാഷ്ട്രീയ-സൈനിക നടപടിയിലൂടെ തയ്‌വാനെ ചൈനക്കൊപ്പം ചേര്‍ക്കുമെന്ന് പുതുവത്സരദിനത്തിലാണ് ഷി ജിങ് പിങ് പ്രഖ്യാപിച്ചത്. ഇതുകഴിഞ്ഞ് 13 ദിവസത്തിനകമായിരുന്നു തയ്‌വാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് വട്ടം കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന് മത്സരിക്കാന്‍ അയോഗ്യതയുണ്ടായിരുന്നു. ഇതോടെയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി പാര്‍ട്ടി (ഡി.പി.പി.) അധ്യക്ഷനും വൈസ് പ്രസിഡന്റുമായിരുന്ന ലായ് ചിങ്ങ്-ടെ എന്ന വില്യം ലായ് സ്ഥാനാര്‍ഥിയാകുന്നത്. പ്രതിപക്ഷമായ കുമിന്റാങ് നിലവിലെ ന്യൂ തായ്‌പേയ് മേയര്‍ ഹു യു-യിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. യു.എസിനോടും ചൈനയോടും ഒരേ സമീപനം പുലര്‍ത്തുന്ന തയ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടി (ടി.പി.പി.) അവരുടെ നേതാവും തായ്പേയ് മുന്‍ മേയറുമായ കോ വെന്‍-ജെയെ സ്ഥാനാര്‍ഥിയാക്കി. യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സരമാണിതെന്നും വോട്ടവകാശം ശരിയായി വിനിയോഗിക്കണമെന്നും പറഞ്ഞ് അവസാനമണിക്കൂറിലും ചൈന തായ് ജനതയെ ഭീഷണിപ്പെടുത്തി. തിരഞ്ഞെുപ്പ് മുന്നില്‍ കണ്ട് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തയ്‌വാന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ എന്ന ഹാഷ്ടാഗ് ഹോലും നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വിവരങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത് തടയുക എന്നതാണ് ഇതുകൊണ്ട് ചൈന ലക്ഷ്യമിട്ടത്.
ചൈനയും അമേരിക്കയും ഒരുപോലെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു തയ്‌വാനിലേത്. ചൈന വലിയ തോതില്‍ ശ്രമം നടത്തിയെങ്കിലും 40 ശതമാനം വോട്ടുനേടി അവര്‍ക്ക് അപ്രിയനായ യു.എസിനോട് ചായ്വുള്ള വില്യം ലായ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ ഭീഷണിക്ക് വഴങ്ങാതെ തയ്‌വാന്‍ സ്വതന്ത്രമായി നിലനില്‍ക്കുമെന്ന നിലപാടാണ് അദ്ദേഹത്തെ ചൈനക്ക് അനഭിമിതനാക്കുന്നത്. ചൈനയോട് കൂറുള്ള കുമിന്താങ് പാര്‍ട്ടിയിലെ ഹുയു-യി 33 ശതമാനം വോട്ടോടെ രണ്ടാമതായി. യുവാക്കളുടെ പിന്തുണയുള്ള ടി.പി.പി സ്ഥാനാര്‍ഥി കോ വെന്‍-ജെ മൂന്നാമത് എത്തി. 2000-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു വിജയിക്ക് 50 ശതമാനത്തില്‍ താഴെ വോട്ട് ലഭിക്കുന്നത് ഇതാദ്യമായാണ്. 1996-ല്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പ് നിലവില്‍ വന്നതിന് ശേഷം ഒരു പാര്‍ട്ടി തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതും ഇതാദ്യമാണ്. ചൈനയുടെ ഭീഷണിയില്‍നിന്ന് തയ്‌വാനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് തിരഞ്ഞെടുപ്പിന് പിന്നാലെ വില്യം ലായ് പ്രതികരിച്ചത്. ''തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ നീക്കം തയ്‌വാന്‍ ജനത തള്ളിയിരിക്കുന്നു. തയ്വാൻ കടലിടുക്കില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തും. ചൈനയില്‍നിന്നുള്ള തുടര്‍ച്ചയായ ഭീഷണികളില്‍നിന്ന് തയ്‌വാനെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞയെടുക്കുന്നു'' -അദ്ദേഹം വിജയപ്രസംഗത്തില്‍ പറഞ്ഞു.

ആതുരസേവനത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്
വടക്കന്‍ തയ്‌വാനിലെ തീരദേശ പട്ടണമായ വാന്‍ലിയിലെ ഒരു കല്‍ക്കരി ഖനി തൊഴിലാളിയുടെ മകനായി 1958 ഒക്ടോബര്‍ ആറിനാണ് വില്യം ലായ് എന്ന ലായ് ചിങ്-ടെ ജനിച്ചത്. ലായ്ക്ക് രണ്ട് വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്നതിനിടെ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റായിരുന്നു മരണം. തുടര്‍ന്ന് മാതാവാണ് ചെറിയ ജോലികള്‍ ചെയ്ത് ലായ്‌യേയും അഞ്ച് സഹോദരങ്ങളെയും വളര്‍ത്തിയത്. ദാരിദ്ര്യത്തില്‍ വളരുമ്പോഴും കുട്ടിക്കാലം മുതല്‍ ഒരു ഡോക്ടറാകണമെന്ന് ലായ് സ്വപ്നം കണ്ടു. തായ്പേയ് സിറ്റിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലായ്, ടെയ്നാനിലെ നാഷണല്‍ ചെങ് കുങ് യൂണിവേഴ്സിറ്റിയിലും തായ്പേയ്യിലെ നാഷണല്‍ തയ്‌വാന്‍ യൂണിവേഴ്സിറ്റിയിലുമായി മെഡിസിനില്‍ ഉന്നതവിദ്യാഭ്യാസം നേടി. പിന്നീട് ഹാര്‍വാര്‍ഡില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. നട്ടെല്ലിന്റെ ശസ്ത്രക്രിയയില്‍ അദ്ദേഹം വിദഗ്ധനായി പേരെടുത്തു.
1980-കളുടെ അവസാനത്തില്‍ തയ്‌വാന്‍ 40 വര്‍ഷത്തെ പട്ടാളനിയമം അവസാനിപ്പിക്കുകയും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന സമയത്താണ് ലായ് രാഷ്ട്രീയ പ്രവേശനത്തിനായി മെഡിക്കല്‍ പ്രാക്ടീസ് ഉപേക്ഷിക്കുന്നത്. 1994-ല്‍ തയ്വാന്‍ പ്രവിശ്യാ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ചെന്‍ ഡിങ്-നാന്‍ മത്സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് സംഘത്തില്‍ ലായ് പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലായ്‌യുടെ രാഷ്ട്രീയ പ്രവേശനം. 1996-ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ലായ് പിന്നീട് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടിയുടെ ന്യൂ ടൈഡ് വിഭാഗത്തില്‍ ചേര്‍ന്നു. 1998-ലെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചു. പിന്നീട് 2001, 2004, 2008 വര്‍ഷങ്ങളില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം നിയമസഭാംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം തയ്‌വാനിലെ മികച്ച നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതല്‍ 2019 വരെ തയ്‌വാനിലെ പ്രീമിയറായും പ്രസിഡന്റിന്റെ പ്രധാന ഉപദേശകനായും സേവനമനുഷ്ഠിച്ചു. 2019 നവംബറില്‍ ലായി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെയാണ് സായ് ഇങ് വെന്നിന് പിന്മാഗാമിയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിനിറങ്ങിയത്.

ചൈനീസ് മുന്നറിയിപ്പ് തള്ളി തായ് ജനത
ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും ചൈനയോട് കൂറുപുലര്‍ത്തുന്ന കുമിന്താങ് പാര്‍ട്ടിയും യു.എസിനേയും ചൈനയേയും ഉള്‍ക്കൊള്ളുന്ന സന്തുലന സമീപനമാണ് വേണ്ടതെന്ന് വാദിക്കുന്ന തയ്വാൻ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലള്ള ത്രികോണ മത്സരത്തിനാണ് തയ്‌വാന്‍ സാക്ഷ്യം വഹിച്ചത്. പക്ഷേ, വിജയം ഡി.പി.പിക്കും വില്യം ലായ്ക്കും ഒപ്പം നിന്നു. തയ്വാനില്‍ ജനിച്ചുവളര്‍ന്ന് തയ്വാൻ സ്വയംഭരണ പ്രദേശമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഡി.പി.പിയുടെ പ്രധാന വോട്ടര്‍മാര്‍. ചൈനയുടെ ഭാഗമായി നിലനിന്നുകൊണ്ട് ഹോങ്കോങിലുള്ളത് പോലുള്ള ദ്വിഭരണം ഇവിടെ ആവശ്യമില്ലെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, കുമിന്താങ്ങുകള്‍ക്കാകട്ടെ ചൈനയുടെ ഒപ്പം നില്‍ക്കാനാണ് താല്പര്യം. 1949-ലെ ആഭ്യന്തരയുദ്ധത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പരാജയപ്പെട്ട് ചിയാങ് കൈഷക് തന്റെ സൈന്യത്തിനൊപ്പം തയ്‌വാനിലേക്ക് എത്തിയതാണെങ്കിലും കുമിന്താങ്ങുകള്‍ ചൈന ദേശീയവാദ നിലപാടാണ് പിന്തുടരുന്നത്. നിലവില്‍ മിതവാദികളായാണ് അവര്‍ അറിയപ്പെടുന്നത്. തയ്‌വാനിലെ ജനാധിപത്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനയുമായി സമാധാനപൂര്‍ണമായ ബന്ധമാണ് പ്രദേശത്തിന്റെ നല്ല ഭാവിക്ക് സഹായകം എന്നാണ് അവരുടെ നിലപാട്.
തയ്വാൻ ചൈനയുടെ ഭാഗമാണെന്നും ശരിയായ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ വോട്ടുചെയ്യണമെന്നുമാണ് പോളിങ് ബൂത്തില്‍ പോവുന്നതിന് മുമ്പ് ചൈന തയ്‌വാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, ഈ മുന്നറിയിപ്പൊന്നും തയ്‌വാനിലെ വോട്ടര്‍മാര്‍ ചെവിക്കൊണ്ടില്ല. ഡി.പി.പിയും കുമിന്താങ്ങുകളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നായിരുന്നു കരുതപ്പെട്ടത്. ഒപ്പം തയ്വാൻ പീപ്പിള്‍സ് പാര്‍ട്ടി നിര്‍ണായകമാവുമെന്നും കരുതിയിരുന്നു. പക്ഷേ, തായ് ജനത ഡി.പി.പിക്ക് ഒപ്പം നിന്നു. തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയെങ്കിലും ഡി.പി.പിയുടെ വിജയം തയ്വാൻ രാഷ്ട്രീയത്തെ സംഘര്‍ഷഭരിതമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ അലയൊലികള്‍ ആരംഭിച്ചുകഴിഞ്ഞു. ചൈനയുടെ കടന്നുകയറ്റത്തിനേതിരേ അമേരിക്കയുടെ പിന്തുണയോടെ തയ്‌വാന്‍ നീങ്ങിയേക്കുമെന്ന ഭയം ചൈന എല്ലാക്കാലത്തും ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്. ഡി.പി.പി സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കിയേക്കുമെന്നും ചൈന കരുതുന്നു. ഇതോടെയാണ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തയ്വാന് ചുറ്റും രണ്ട് ദിവസത്തെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങള്‍ ചൈന ആരംഭിച്ചത്.

ലായ്ക്ക് മുന്നിലുള്ളത് കഠിനവഴി
ചൈനയ്ക്ക് വില്യം ലായ്‌യോടുള്ള ഇഷ്ടക്കേട് രഹസ്യമല്ല. തയ്‌വാന്റെ പരമാധികാരത്തെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടുള്ള അദ്ദേഹത്തെ 'വിഘടനവാദി' ആയാണ് ചൈന കണക്കാക്കുന്നത്. തയ്വാന്‍ സ്വാതന്ത്ര്യത്തിനായി പ്രായോഗികമായി പ്രവര്‍ത്തിക്കുന്നയാളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ലായ് 2017 മുതല്‍ ചൈനയുമായി പരസ്യമായി വിയോജിപ്പിലാണ്. സമീപകാലത്ത് ഔപചാരിക സ്വാതന്ത്ര്യം എന്ന വാദത്തില്‍ നിന്ന് ലായ് പിന്നാക്കം പോയെങ്കിലും നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ചൈനയുടെ കണ്ണിലെ കരടാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി, ചൈന അദ്ദേഹത്തെ നുണയന്‍ എന്നാണ് വിശേഷിപ്പിച്ചത്. തയ്‌വാന്റെ ഔപചാരിക സ്വാതന്ത്ര്യത്തിലേക്കുള്ള ഏതൊരു നീക്കവും യുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ചൈന അദ്ദേഹത്തിന്റെ ചര്‍ച്ചകള്‍ക്കുള്ള ആഹ്വാനവും നിരാകരിച്ചു. ലായ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ തയ്വാൻ കടലിടുക്കില്‍ വീണ്ടും പിരിമുറുക്കം രൂക്ഷമായിരിക്കുകയാണ്. ജനാധിപത്യപരമായി അധികാരത്തിലെത്തിയ ലായ് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചൈന തയ്‌വാനെ വലയം ചെയ്ത് സൈനികാഭ്യാസങ്ങള്‍ ആരംഭിച്ചു. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'ശിക്ഷ' എന്ന് ചൈന വിശേഷിപ്പിച്ച അഭ്യാസങ്ങള്‍ മേഖലയെ വലിയ വീണ്ടും അസ്വസ്ഥമാക്കുന്നതാണ്.
തയ്വാൻ തങ്ങളുടെ ഭാഗമാണെന്നും ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കുമെന്നുമാണ് ചൈന എല്ലാക്കാലത്തും അവകാശപ്പെടുന്നത്. ചൈനയുടെ ഇടപെടലില്‍ നിന്ന് തയ്‌വാനെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് പ്രസിഡന്റ് എന്ന നിലയില്‍ ലായ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2.36 ദശലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന സ്വയംഭരണ ദ്വീപ് ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുമെന്നാണ് ചൈന നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഷി ജിന്‍ പിങ്ങിന്റെ കീഴില്‍ ഭീഷണികള്‍ ഉയര്‍ത്തുന്ന ചൈന സൈനിക പ്രവര്‍ത്തനങ്ങളിലൂടെ തയ്‌വാനെ വരിഞ്ഞുമുറുക്കാനാണ് ശ്രമം നടത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പോലും ചൈന ഈ ഭീഷണി തുടര്‍ന്നു. തന്റെ പ്രചാരണവേളയില്‍ തല്‍സ്ഥിതി നിലനിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത ലായ് സമാധാനം സംരക്ഷിക്കാനും ദ്വീപിന്റെ പ്രതിരോധം വര്‍ധിപ്പിക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പറഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ തയ്‌വാന്റെ ആഗോള പദവി ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലായ്‌യുടെ വിജയത്തോട് സൈനികാഭ്യസത്തിലൂടെ ഉടന്‍ മറുപടി നല്‍കിയ ചൈന തുടര്‍ന്നും എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. എന്തായാലും അധികാരക്കസേരയില്‍ ലായ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല.
Content Highlights: William Lai the new president of Taiwan, Lai Ching-te
Published: 24 May 2024, 03:30 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented