തായ്പേയ്: ചൈനയുമായി ഏതു നിമിഷവും ആളിപ്പടരാവുന്ന സംഘർഷം നിലനിൽക്കെ, യുഎസുമായി 11.1 ബില്യൺ ഡോളറിന്റെ(ഒരു ലക്ഷം കോടി രൂപ) ആയുധ ഇടപാട് പ്രഖ്യാപിച്ച് തായ്‌വാൻ. പ്രസിഡന്റ് ട്രംപ് അധികാരമേറ്റ ശേഷം നടന്ന രണ്ടാമത്തെ വലിയ ആയുധ ഇടപാടാണിത്.

To advertise here,

യുക്രൈനിൽ പരീക്ഷിച്ച' HIMARS മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ, ശക്തമായ സ്വയം പ്രൊപ്പൽഡ് ഹോവിറ്റ്‌സറുകൾ, ജാവലിൻ, TOW ടാങ്ക് വിരുദ്ധ മിസൈലുകൾ, നിരീക്ഷണം, യുദ്ധ ഡ്രോണുകൾ, നിലവിലുള്ള ഉപകരണങ്ങൾക്കുള്ള സ്‌പെയർ പാർട്സുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

'ഇത് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച രണ്ടാമത്തെ വമ്പൻ ആയുധ വിൽപ്പനയാണ്. ഇത് തായ്‌വാന്റെ സുരക്ഷയോടുള്ള യുഎസ് പ്രതിബദ്ധത ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.' തായ്‌വാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഒരു മാസത്തിനകം ആയുധ വിൽപ്പന പ്രാബല്യത്തിൽ വരുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഇടപാടിന് യു.എസ്. കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണെങ്കിലും, തായ്‌വാന്റെ പ്രതിരോധത്തെക്കുറിച്ച് യുഎസിലെ പാർട്ടികൾക്കു പൊതുവായ ധാരണയുള്ളതിനാൽ പരാജയപ്പെടാൻ സാധ്യതയില്ല. ചൈനയുടെ സൈനിക സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുമെന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ് ടെ നേരത്തേ വ്യക്തമാക്കിയിരുന്നു.

തായ്‌വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ നിലപാട്. തായ്‌വാനു സമീപമുള്ള സമുദ്രത്തിൽ ചൈന അടിക്കടി സൈനിക അഭ്യാസങ്ങളും നടത്താറുണ്ട്. അതേസമയം, തായ്‌വാൻ ആ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു. 2001-ലും യുഎസുമായി 18 ബില്യൺ ഡോളറിന്റെ ആയുധ ഇടപാട് തായ്‌വാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ചർച്ചകൾക്കു ശേഷം അത് വളരെ ചെറുതായി.