പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം താത്കാലിക വെടിനിര്‍ത്തലിലെത്തിയ ആശ്വാസത്തിലാണ് ലോകം. അതിനിടെ
മറ്റൊരു കോണില്‍ തയ്‌വാനെതിരേ ചൈനയുടെ പ്രകോപനം കൂടുതല്‍ രൂക്ഷമാകുന്നു. തയ്‌വാനെ ലക്ഷ്യമിട്ട് കാലങ്ങളായി ചൈന നടത്തുന്ന സൈനിക നീക്കങ്ങളും ശക്തിപ്രകടനവും അടുത്തകാലത്തായി കൂടിവരികയാണ്. കഴിഞ്ഞ മാസം ബ്രിട്ടീഷ് നാവികസേന കപ്പല്‍ തയ്‌വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്തിയതിന് പിന്നാലെ തായ് ദ്വീപിന് ചുറ്റും വ്യോമസേനാ വിമാനങ്ങള്‍ വിന്യസിച്ച് ചൈന തങ്ങളുടെ അധികാരം അടയാളപ്പെടുത്തി. ദക്ഷിണ ചൈനീസ് കടലിടുക്കില്‍ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ വേറെയുമുണ്ട്. തയ്‌വാന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി അമേരിക്ക ആയുധങ്ങള്‍ കൈമാറുന്നതും ചൈനയ്ക്ക് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ തയ്‌വാനെ പിടിച്ചടക്കാനുള്ള പദ്ധതിയിലാണ് ചൈനയുള്ളത് എന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. അതിനുള്ള പരിശീലനങ്ങള്‍ പോലും ചൈനീസ് സൈന്യം ആരംഭിച്ചതായി അവര്‍ ആരോപിക്കുന്നുമുണ്ട്. എന്തിനാണ് ചൈന തയ്‌വാനെ പിടിച്ചടക്കുന്നത്? കാലങ്ങളായി ഇരു രാജ്യങ്ങള്‍ക്കും ഇടയിലെന്താണ്? തയ്‌വാനെതിരേ ചൈന സൈനിക നടപടി തുടങ്ങിയാല്‍ അമേരിക്ക അതിലിടപെടുമോ? 

To advertise here,

റിപ്പബ്ലിക് ഓഫ് ചൈന അഥവാ തയ്‌വാന്‍

ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കന്‍ തീരത്ത് നിന്ന് 180 കിലോ മീറ്റര്‍ മാത്രം അകലെയാണ് പ്രധാനപ്പെട്ട ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന തയ്‌വാന്‍ എന്ന 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. തയ്‌വാന്‍ കടലിടുക്കിനാല്‍ ഇരു രാജ്യങ്ങളും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തയ്‌വാന്‍ ഔദ്യോഗിക രേഖകളില്‍ അറിയപ്പെടുന്നത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് മെയിന്‍ലാന്‍ഡ് ചൈന അറിയപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന ഭരിക്കുന്നത്. ജനാധിപത്യ സര്‍ക്കാരാണ് തയ്‌വാനിലുള്ളത്. സ്വതന്ത്ര രാജ്യങ്ങളായാണ് പ്രവര്‍ത്തിച്ചുവരുന്നതെങ്കിലും തയ്‌വാന് മേല്‍ ചൈന അവകാശവാദമുന്നയിക്കുന്നതാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം.

ഏഴു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ തര്‍ക്കമാണ് ചൈനയ്ക്കും തയ്‌വാനുമിടയിലുള്ളത്. തയ്‌വാന്‍ തങ്ങളുടെ പ്രദേശത്തിന്റെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുമ്പോഴും ഇതുവരെ തയ്‌വാന്‍ ദ്വീപിനെ ചൈന ഭരിച്ചിട്ടില്ല. എങ്കിലും ഒരു വിമത പ്രവിശ്യയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ തയ്‌വാനെ ചൈനയുമായി ചേര്‍ക്കാനാണ് ശ്രമങ്ങള്‍. സമാധാനപരമായ മാര്‍ഗങ്ങളോ ആവശ്യമെങ്കില്‍ ബലപ്രയോഗം തന്നെയോ നടത്തുമെന്നാണ് ചൈനയുടെ ശപഥം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും രണ്ടരക്കോടിയോളം ജനസംഖ്യയുമുള്ള തയ്‌വാന്‍ ചൈനീസ് അധീനത ഒരിക്കലും അംഗീകരിക്കുന്നില്ല. മേഖലയിലെ ചൈനീസ് അധിനിവേശത്തേയും ഇടപെടലുകളേയും തയ്‌വാന്‍ നിരന്തരം വിമര്‍ശിക്കുകയും അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ദ്വീപിന്റെ നിലയെക്കുറിച്ചും ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം തയ്‌വാന് സ്വതന്ത്ര നിലപാടുണ്ട്. 

ചൈനയുടെ ഭാഗം തന്നെയായിരുന്നു ഒരിക്കല്‍ തയ്‌വാന്‍. 1949-ലെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ചൈനീസ് ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കുമിന്താങ്ങ് പാര്‍ട്ടിയെ പരാജയപ്പെടുത്തി മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകള്‍ ചൈനയുടെ അധികാരം പിടിച്ചെടുത്തു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചൈനയില്‍ അധികാരത്തിലെത്തിയപ്പോള്‍ കുമിന്താങ്ങുകള്‍ തയ്‌വാനിലേക്ക് പലായനം ചെയ്തു. പലായനം ചെയ്‌തെത്തിയ അവര്‍ തയ്‌വാനില്‍ റിപ്പബ്ലിക്ക് ഓഫ് ചൈന (ആര്‍.ഒ.സി) രൂപീകരിക്കുകയും ചൈനയ്ക്ക് വേണ്ടി അവകാശമുന്നയിക്കുകയും ചെയ്തു. പതിയെ അവര്‍ ചൈനയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. 

ചൈനയ്ക്ക് തയ്‌വാന്‍ തങ്ങളില്‍നിന്നു വേര്‍പെട്ട ഒരു പ്രവിശ്യ മാത്രമാണെങ്കില്‍ 1949 മുതല്‍ അതു ഫലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. ചൈനയുടെ ഭരണം പിആര്‍സി അഥവാ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കാണെങ്കില്‍ തയ്‌വാന്‍ പോലെയുള്ള സമീപ ദ്വീപുകളുടെ നിയന്ത്രണം ആര്‍ഒസി അഥവാ റിപ്പബ്ലിക് ഓഫ് ചൈനയ്ക്കാണ്. ഈ ദ്വീപുകളുടെ ഭരണം നിര്‍വഹിക്കുന്ന കേന്ദ്രീകൃത ഭരണ സംവിധാനമാണ് റിപ്പബ്ലിക് ഓഫ് ചൈന. തയ്‌വാന് സ്വന്തമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനയും സര്‍ക്കാരുമുണ്ടെങ്കിലും ഇതിനെ അംഗീകരിക്കാന്‍ ചൈന ഒരിക്കലും തയ്യാറായിട്ടില്ല. 

placeholder
Tsai Ing-wen
സായ് ഇങ് വെന്‍

തയ്‌വാനും അമേരിക്കയും 

1950-ലാണ് അമേരിക്ക തയ്‌വാന്റെ സഖ്യകക്ഷിയായത്. തുടര്‍ന്ന് തയ്‌വാന്റെ സംരക്ഷണത്തിനായി നാവികപ്പടയെ അമേരിക്ക വിന്യസിക്കുക പോലും ചെയ്തു. 1954 മുതല്‍ 79 വരെ അമേരിക്കയും തയ്‌വാനും തമ്മില്‍ പ്രതിരോധ കരാര്‍ നിലനിന്നിരുന്നു. റിപ്പബ്ലിക് ഓഫ് ചൈനയാണ് യഥാര്‍ഥ ചൈനയെന്ന നിലപാടിലായിരുന്നു അന്ന് അമേരിക്ക. 70-കളില്‍ റിച്ചാര്‍ഡ് നിക്‌സണ്‍ നയിക്കുന്ന അമേരിക്കന്‍ ഭരണകൂടം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായും ആരോഗ്യകരമായൊരു ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചൈനയും സോവിയറ്റ് യൂണിയനുമായുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇത് മുതലെടുക്കാനായിരുന്നു നിക്‌സന്റെ ശ്രമം. നിക്‌സന് ശേഷം പ്രസിഡന്റായി അധികാരത്തിലേറിയ ജിമ്മി കാര്‍ട്ടറിനും ഇതുതന്നെയായിരുന്നു നയം. 1970-കള്‍ വരെ ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും തയ്‌വാനെ മാത്രമാണ് അംഗീകരിച്ചിരുന്നത്. 1971-ല്‍ ഐക്യരാഷ്ട്രസഭ അവരെ പുറത്താക്കുകയും പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുകയും ചെയ്തു. ഇതോടെ മിക്ക രാജ്യങ്ങളും തയ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും ചൈനയെ അംഗീകരിക്കുകയും ചെയ്തു. അമേരിക്കയും ഇതുതന്നെയാണ് ചെയ്തത്. 

1979-ലാണ് അമേരിക്ക തയ്‌വാനുള്‍പ്പെടുന്ന റിപ്പബ്ലിക് ഓഫ് ചൈനയുമായുള്ള നയതന്ത്ര-പ്രതിരോധ ബന്ധം വിച്ഛേദിച്ചത്. ഒപ്പം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും കാര്‍ട്ടര്‍ ഒപ്പുവെച്ച തയ്‌വാന്‍ റിലേഷന്‍സ് ആക്റ്റ് പ്രകാരം തയ്‌വാനുമായി ഔദ്യോഗികമല്ലാത്ത വ്യാപാര-സൈനിക ബന്ധങ്ങള്‍ തുടര്‍ന്നു. ഈ നിയമം പ്രകാരമാണ് അമേരിക്ക തയ്‌വാന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവരില്‍ പ്രധാനി തയ്‌വാനാണ്. തായ്‌പേയിക്ക്(തയ്‌വന്‍) ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താനും ബന്ധം അവസാനിപ്പിക്കാനും ചൈന നിരവധി തവണ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലവത്തായില്ല.

അമേരിക്കയുമായുള്ള സഹകരണം തയ്‌വാന്‍ പിടച്ചടക്കാനുള്ള ചൈനീസ് മോഹത്തിനും തിരിച്ചടിയായി. 1987-ലാണ് തയ്‌വാന്‍ സൈനിക നിയമം പിന്‍വലിച്ചത്. പിന്നാലെ തയ്‌വാനിലെ ജനങ്ങള്‍ക്ക് ചൈനയിലെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു. 1990-കള്‍ക്ക് ശേഷം ചൈനയുമായുള്ള തയ്‌വാന്റെ ബന്ധത്തില്‍ നേരിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. സിംഗപ്പൂരില്‍ ഇരുപക്ഷവും തമ്മില്‍ ആദ്യ നേരിട്ടുള്ള ചര്‍ച്ച നടന്നു. പക്ഷ, തയ്‌വാന്‍ പ്രസിഡന്റ് ലീ ടെങ് ഹ്യൂയ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയതിനെതുടര്‍ന്ന് 1995-ല്‍ തയ്‌വാനുമായുള്ള ചര്‍ച്ച ചൈന അവസാനിപ്പിച്ചു. തയ്‌വാന്‍-അമേരിക്ക ബന്ധത്തെ ചൈന അന്നുതൊട്ടേ എതിര്‍ത്തിരുന്നു. 

1996-ല്‍ തയ്‌വാനിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് വേളയില്‍ ചൈന മിസൈലുകള്‍ പ്രയോഗിച്ചു. തയ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് 2005-മാര്‍ച്ചില്‍ ചൈന പ്രഖ്യാപിച്ചു. 2016-ല്‍ സായ് ഇങ് വെന്‍ തയ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സായ് ഇങ് വെന്നുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. ചൈന-തയ്‌വാന്‍ ഏകീകരണം ഒഴിവാക്കാനാവാത്തതാണെന്ന് 2019-ല്‍ ഷി ജിന്‍ പിങ് പ്രഖ്യാപിച്ചു. 2021-ല്‍ തയ്‌വാന്റെ പ്രതിരോധ മേഖലയിലേക്ക് ചൈന നൂറ് നുഴഞ്ഞുകയറ്റങ്ങള്‍ നടത്തി.

തയ്‌വാനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ 2021 ഒക്ടോബറില്‍ പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റില്‍ ചൈനയുടെ വിലക്ക് ലംഘിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശനം നടത്തി. തിരിച്ചടിയെന്നോണം ചൈന വലിയ സൈനികാഭ്യാസം നടത്തി. 2023-ഏപ്രിലില്‍ സായ് ഇങ് വെന്‍ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി യു.എസില്‍ ഇറങ്ങുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2024 ജനുവരി ഒന്നിന് എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയോട് ചേര്‍ക്കുമെന്ന് ഷീ ജിന്‍ പിങ് പ്രഖ്യാപനം നടത്തിയതോടെ ബലപ്രയോഗത്തിനുള്ള സാധ്യതകളും മുന്നില്‍ നിരന്നു. 2027-നുള്ളില്‍ തയ്‌വാനെ ഏത് വിധേനേയും തങ്ങള്‍ക്കൊപ്പം കൂട്ടാനാണ് ചൈന ലക്ഷ്യമിടുന്നത്. 

placeholder
നാൻസി പെലോസിയുടെ തയ്വാൻ സന്ദർശത്തിന്റെ പേരിൽ ചൈന അനുകൂലികൾ നടത്തിയ പ്രതിഷേധം

നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശത്തിന്റെ പേരിൽ ചൈന അനുകൂലികൾ നടത്തിയ പ്രതിഷേധം

തയ്‌വാന് അമേരിക്കയുടെ സഹായം

പതിറ്റാണ്ടുകളായി തയ്‌വാന് ശക്തമായ സൈനിക പിന്തുണയാണ് അമേരിക്ക നല്‍കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് 18 ബില്യണ്‍ ഡോളറിലധികം വരുന്ന ആയുധങ്ങളാണ് തയ്‌വാന് വിറ്റത്. ഇതുകൂടാതെ തായ്പേയിലുള്ള തങ്ങളുടെ എംബസിക്കായി 250 മില്യണ്‍ ഡോളറിന്റെ കെട്ടിട സമുച്ചയം അമേരിക്ക തുറക്കുകയും ചെയ്തു. അമേരിക്ക തയ്‌വാനുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ സൂചനകളായിരുന്നു ഇത്. ആദ്യ തവണ ട്രംപ് അധികാരത്തിലേറുന്നതിന് മുന്‍പ് തയ്‌വാന്‍ പ്രധാനമന്ത്രി സായ് ഇങ് വെന്നുമായും ട്രംപ് ടെലിഫോണില്‍ സംസാരിച്ചിരുന്നു. 1979-ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ഏറ്റവും ഉന്നതതലത്തിലുള്ള ഇടപെടലായിരുന്നു അത്. അധികാരത്തിലിരിക്കെ കാബിനറ്റ് അംഗം ഉള്‍പ്പെടെയുള്ള നിരവധി ഉന്നത ഭരണ ഉദ്യോഗസ്ഥരെ തായ്പേയിലേക്ക് അയക്കുകയും ചെയ്തിരുന്നു. ആദ്യ ടേമിന്റെ അവസാനത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് തയ്‌വാനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് എടുത്തുകളയുകയും ചെയ്തു. 

ബൈഡന്‍ ഭരണകൂടകാലത്തും അമേരിക്ക തയ്‌വാനുമായി ആയുധവില്‍പന തുടര്‍ന്നു. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് തയ്‌വാനീസ് ഉദ്യോഗസ്ഥരുമായി കൂടുതല്‍ സ്വതന്ത്രമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ബൈഡന്‍ സര്‍ക്കാര്‍ ശരിവെക്കുകയും ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെ തയ്‌വാന്റെ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കും ക്ഷണം ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നീക്കം അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതൊന്നും കൂടാതെ അമേരിക്ക തയ്‌വാനുമായി സൈനിക പരിശീലനങ്ങളിലും അഭ്യാസങ്ങളിലും പങ്കെടുക്കുകയും മേഖലയിലെ തങ്ങളുടെ സൈനിക സാന്നിധ്യം പ്രകടിപ്പിക്കാന്‍ ഇടയ്ക്കിടെ തയ്‌വാന്‍ കടലിടുക്കിലൂടെ കപ്പല്‍ വിന്യാസം നടത്തുകയും ചെയ്യാറുണ്ട്. 

തയ്‌വാനുള്ള യുഎസ് സൈനിക പിന്തുണ ശക്തിപ്പെടുത്തുന്നതിനായി യുഎസ് കോണ്‍ഗ്രസും പ്രസിഡന്റ് ബൈഡനും ഒട്ടേറെ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. യുഎസ് ആയുധങ്ങള്‍ വാങ്ങുന്നതിനായി തയ്‌വാന് വായ്പകളും ഗ്രാന്റുകളും അനുവദിക്കാനും പ്രതിവര്‍ഷം 100 കോടി ഡോളര്‍ വരെ വിലമതിക്കുന്ന യുഎസ് പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുമുള്ള സാഹചര്യം തയ്‌വാന് ലഭിച്ചത് ഇങ്ങനെയൊരു നിയമത്തിലൂടെയാണ്. തയ്‌വാന്‍ കൂടാതെ ലോകത്ത് യുക്രൈന് മാത്രമാണ് ഇത്തരമൊരു മേല്‍ക്കോയ്മ ഉള്ളത്. ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ യുഎസ്-തയ്‌വാന്‍ വ്യാപാര ബന്ധവും കൂടുതല്‍ ശക്തമായി. സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ചേര്‍ന്ന് U.S.-Taiwan Initiative on 21st Century Trade എന്ന പേരിലൊരു വ്യാപാര കരാര്‍ പാസാക്കി. അമേരിക്കയുടെ സെമികണ്ടക്ടര്‍ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള CHIPS and Science Act-ല്‍ ബൈഡന്‍ ഒപ്പുവെക്കുകയും ചെയ്തു. സെമികണ്ടക്ടര്‍ ചിപ് വ്യവസായത്തില്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കമ്പനിയായ തയ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിക്ക് അമേരിക്കയില്‍ നിക്ഷേപിക്കാനും പ്രവര്‍ത്തിക്കാനും അവസരം നല്‍കുന്നതായിരുന്നു ഇത്. തയ്‌വാനെ സംബന്ധിച്ച് ഇത് വ്യാവസായിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ഈ നീക്കത്തിന് പിന്നില്‍ ഭൗമരാഷ്ട്രീയ കാരണങ്ങളും നിലനിന്നിരുന്നു. 

വര്‍ഷങ്ങളായി തയ്‌വാന്‍ അമേരിക്കയില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. 2022 ഓഗസ്റ്റില്‍, അന്നത്തെ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. 1997-ല്‍ ന്യൂട്ട് ഗിംഗ്രിച്ച് സന്ദര്‍ശിച്ചതിനു ശേഷം ആദ്യമായി അങ്ങനെ ചെയ്ത സ്പീക്കറായിരുന്നു പെലോസി. തയ്‌വാന്‍ പ്രസിഡന്റ് സായിയുമായും പെലോസി കൂടിക്കാഴ്ച നടത്തി. ഇത് ചൈനയെ പ്രകോപിപ്പിക്കുകയും നാന്‍സിയുടെ സന്ദര്‍ശനത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഇതിന് മറുപടിയായി വലിയ തോതിലുള്ള സൈനികാഭ്യാസങ്ങളാണ് ചൈന ആരംഭിച്ചത്. ദ്വീപിനെ ഉപരോധിക്കാനുള്ള തങ്ങളുടെ ശേഷി പ്രകടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ചൈനയുടെ സൈനികാഭ്യാസം. എന്നിട്ടും മതിയാവാതെ തയ്‌വാനില്‍ നിന്നുള്ള ചില പഴങ്ങളുടെയും മത്സ്യങ്ങളുടെയും ഇറക്കുമതിക്ക് ചൈന നിരോധനമേര്‍പ്പെടുത്തി.

ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തായ് പ്രധാനമന്ത്രി യുഎസ്സിലെ കാലിഫോര്‍ണിയയിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെ അന്നത്തെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം മുപ്പത് വര്‍ഷത്തിനിടെ യു.എസ്. മണ്ണില്‍ ഒരു തയ്‌വാന്‍ പ്രസിഡന്റിനെ കാണുന്ന ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള യു.എസ്. ഉദ്യോഗസ്ഥനായിരുന്നു മക്കാര്‍ത്തി. സന്ദര്‍ശനം ഹ്രസ്വമായിരുന്നിട്ടുകൂടി ഇതും ചൈനയെ പ്രകോപിപ്പിച്ചു. എന്നത്തേയും പോലെ അപലപിക്കല്‍, പുതിയ ഉപരോധങ്ങള്‍, തയ്‌വാന്‍ കടലിടുക്കില്‍ ശക്തിപ്രകടനം എന്നിവയായിരുന്നു ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍. 2024-ലെ തയ്‌വാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് ലായിയെയും പ്രസിഡന്റ് സായിയെയും അഭിനന്ദിക്കാനും തയ്‌വാന്റെ ജനാധിപത്യത്തിന്റെ സംരക്ഷണം ആഘോഷിക്കാനുമായി വാഷിംഗ്ടണ്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം തയ്‌വാനിലെത്തിയിരുന്നു. 

ചൈന തയ്‌വാനെ ആക്രമിച്ചാല്‍ അമേരിക്ക രംഗത്തിറങ്ങുമോ? 

ഒറ്റ ചൈനാ നയമാണ് അമേരിക്കയുടെ നിലപാടെങ്കിലും ഒറ്റ ചൈന തത്വമാണ് ചൈനയുടേത്. സമാനമെന്ന് തോന്നുമെങ്കിലും ഇവ രണ്ടും വ്യത്യസ്തമാണ്. ഒരൊറ്റ ചൈന മാത്രമേയുള്ളൂവെന്നും തയ്‌വാന്‍ അതിന്റെ ഭാഗമാണെന്നതുമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് തന്നെയാണ് ചൈനയുടെ നിലപാടെങ്കിലും അവരുടെ അവകാശവാദങ്ങളെ അമേരിക്ക പൂര്‍ണമായും അംഗീകരിക്കുന്നില്ല. ഏക ചൈനാ തത്വമാണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന വെച്ചുപുലര്‍ത്തുന്നത്. ചൈന എന്ന് പേരുള്ള ഒരു പരമാധികാര രാജ്യം മാത്രമേയുള്ളൂ, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ് ഏക നിയമാനുസൃതമായ ഭരണകൂടം, തയ്‌വാന്‍ ചൈനയുടെ അവിഭാജ്യമായ ഭാഗമാണെന്നുമാണ് ഈ തത്വം പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തുന്നതിനെ അമേരിക്ക അംഗീകരിക്കുന്നില്ല. മാത്രമല്ല, തയ്‌വാനുമായി സാംസ്‌കാരിക, വാണിജ്യ, സൈനിക ബന്ധങ്ങള്‍ നിലനിര്‍ത്തുമെന്നും സ്വയം പ്രതിരോധത്തിനായി തയ്‌വാന് ആയുധങ്ങള്‍ വില്‍ക്കാന്‍ പ്രതിബദ്ധതയുണ്ടെന്നും അമേരിക്ക നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

തയ്‌വാന്‍ കടലിടുക്കില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. തയ്‌വാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി തയ്‌വാന് വിപുലമായ സൈനിക പിന്തുണയാണ് അമേരിക്ക നല്‍കുന്നതെങ്കിലും ചൈനയുടെ ആക്രമണമുണ്ടായാല്‍ ദ്വീപിന്റെ പ്രതിരോധത്തിനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന് നയതന്ത്രപരമായി വ്യക്തമാക്കാന്‍ അവര്‍ ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. തയ്‌വാനെ തങ്ങളുടെ അധികാരപരിധിയില്‍ കൊണ്ടുവരാന്‍ ബലം പ്രയോഗിക്കുന്നതിനുള്ള സാധ്യത ചൈന തള്ളിക്കളഞ്ഞിട്ടില്ല. ചൈന ആക്രമിച്ചാല്‍ തയ്‌വാന്റെ പ്രതിരോധത്തിനായി അമേരിക്ക വരുമെന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയുടെ നയം അതല്ല എന്നായിരുന്നു ബൈഡന്റെ പ്രതികരണത്തിന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. 

തയ്‌വാന്റെ പേരില്‍ യുദ്ധമുണ്ടാവുമോ? 

തയ്‌വാനെ സ്വന്തമാക്കാന്‍ ചൈന എന്ത് ചെയ്യും? എന്തും ചെയ്‌തേക്കാമെന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ സാധ്യതകള്‍ കല്‍പിക്കുന്നത്. തയ്‌വാന് ചുറ്റുമുള്ള അഭ്യാസങ്ങള്‍ കടുപ്പിക്കുക, വ്യാപാര ഉപരോധങ്ങളിലൂടെ തയ്‌വാനെ സമ്മര്‍ദ്ദത്തിലാക്കുക തുടങ്ങിയ തന്ത്രങ്ങളല്ലാതെ ബലപ്രയോഗത്തിലൂടെ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദശകങ്ങളിലോ ഈ അടുത്തകാലത്തോ ഒന്നും ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അഥവാ അത്തരം ശ്രമങ്ങളുണ്ടായാല്‍ പോലും തയ്‌വാന്റെ സഖ്യകക്ഷികള്‍, നയപ്രഖ്യാപനം ഇല്ലെങ്കിലും അമേരിക്ക പോലും എങ്ങനെ പ്രതികരിക്കുമെന്ന് കണക്കുകൂട്ടാന്‍ ചൈനയ്ക്കാവില്ല. അതുകൊണ്ട് തയ്‌വാനെതിരേ പെട്ടന്നൊരു സൈനികനടപടിയിലേക്ക് ചൈന നീങ്ങിയേക്കില്ല. അതേസമയം, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ തയ്‌വാനെ തങ്ങളുടെ അധീനതയിലാക്കാനുള്ള നീക്കങ്ങള്‍ ചൈന നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

സായുധ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും ഈ അടുത്തായി വിവിധതരം ഭീഷണി തന്ത്രങ്ങള്‍ ചൈന പ്രയോഗിക്കുന്നുണ്ട്. ബലപ്രയോഗമില്ലാതെ തയ്‌വാന്‍-ചൈന പുനരേകീകരണത്തിനുള്ള വഴികളാണ് ചൈന തേടുന്നത്. തയ്‌വാനെ തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളവയാണ് ഇതെല്ലാം. ഇത്തരം സമ്മര്‍ദ്ദങ്ങളില്‍നിന്ന് രക്ഷതേടാനുള്ള ഒരേയൊരു ശാശ്വതമായ പോംവഴി ചൈനയ്‌ക്കൊപ്പം ചേരുകയാണെന്ന് ദ്വീപിലെ ജനങ്ങളെ പ്രേരിപ്പിക്കാനാണ് ഇത്തരം തന്ത്രങ്ങള്‍. ഗ്രേ സോണ്‍ തന്ത്രങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. 2016-ല്‍ തയ്‌വാന്റെ പ്രധാനപ്പെട്ട ഓഫീസുമായി ബന്ധപ്പെട്ടുകിടക്കുന്ന കടലിടുക്കിന് കുറുകെയുള്ള ഔദ്യോഗിക ആശയവിനിമയ ചാനല്‍ ചൈന റദ്ദാക്കിയിരുന്നു. തയ്‌വാനിലേക്കുള്ള ടൂറിസം നിയന്ത്രിച്ചും തയ്‌വാനെ ഒരു ചൈനീസ് പ്രവിശ്യയായി ലിസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര യാത്രാ കോര്‍പ്പറേഷനുകളില്‍ സമ്മര്‍ദം ചെലുത്തുകയുമെല്ലാം ചൈനയുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളായിരുന്നു.

തയ്‌വാന്റെ സര്‍ക്കാര്‍ ഏജന്‍സികളെ ആയിരക്കണക്കിന് സൈബര്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി തയ്‌വാന്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. തയ്‌വാനുമായി ബന്ധമുള്ള രാജ്യങ്ങളെയും ചൈന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ ലിത്വാനിയിന്‍ തയ്‌വാന്‍ ഓഫീസ് ആരംഭിച്ചെന്ന കാരണത്താല്‍ ചൈന ലിത്വാനിയയുമായുള്ള വ്യാപാരം നിര്‍ത്തിവെച്ചിരുന്നു. 2024 ഒക്ടോബറില്‍ പ്രസിഡന്റ് ലായിയുടെ ദേശീയദിന പ്രസംഗത്തിന് പിന്നാലെ തയ്‌വാന്‍ കടലിടുക്കിന് സമീപം ചൈന വന്‍തോതിലുള്ള നാവിക അഭ്യാസങ്ങളും യുദ്ധപ്രകടനങ്ങളും നടത്തിയിരുന്നു. തയ്‌വാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നായിരുന്നു ചൈന അന്ന് പ്രഖ്യാപിച്ചത്. ചൈനയുടെ സൈനികശേഷിയും ദൃഢതയും സൈന്യത്തിന്റെ ആധുനികവത്ക്കരണവും വര്‍ധിച്ചുവരികയാണ്. ദക്ഷിണ ചൈന കടലിലെ സംഘര്‍ഷാവസ്ഥ സംഘര്‍ഷത്തിന് തിരികൊളുത്താന്‍ സാധ്യതയുണ്ട് എന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തയ്‌വാനുമായുള്ള ഏകീകരണം നേടാന്‍ ബലം പ്രയോഗിക്കില്ലെന്ന് ചൈന പറഞ്ഞിട്ടില്ല, ചൈന ആക്രമിച്ചാല്‍ തയ്‌വാനെ പ്രതിരോധിക്കാന്‍ അമേരിക്ക രംഗത്തിറങ്ങില്ലെന്നും പറയാന്‍ കഴിയില്ല. 

അമേരിക്കയും ചൈനയും ഏറ്റുമുട്ടിയാല്‍? ഒരുങ്ങി ജപ്പാന്‍ 

അമേരിക്ക- ചൈന സംഘര്‍ഷം മുന്നില്‍ കണ്ട് പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ജപ്പാന്‍. ചൈനയുമായുള്ള അമേരിക്കയുടെ സംഘര്‍ഷം യുദ്ധത്തില്‍ എത്തിയാല്‍ ഏറ്റവും കൂടുതല്‍ പരുക്കേല്‍ക്കുന്നത് ജപ്പാനായിരിക്കും. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ജപ്പാന്‍. അമേരിക്ക ഏറ്റവും കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത് ജപ്പാനിലാണ്. ജപ്പാനാവാട്ടെ സൈന്യമില്ലാത്ത രാഷ്ട്രമാണുതാനും. സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് ആണ് ജപ്പാനായി പ്രതിരോധ നിരയിലുള്ളത്. 

2027-ഓടെ തയ്‌വാനെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചൈനീസ് സൈന്യം പരിശീലനത്തിലാണെന്നും ആക്രമണം ആസന്നമായിരിക്കാം എന്നുമാണ് സിംഗപ്പൂര്‍  ഉച്ചകോടിയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആരോപിച്ചത്. സമീപകാല പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ കണക്കിലെടുക്കുമ്പോള്‍,  യുഎസ്-ചൈന സംഘര്‍ഷം യുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍ മുന്‍കൂട്ടി കണ്ട് ബോംബ് ഷെല്‍ട്ടറുകളടക്കം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ജപ്പാന്‍. അടുത്ത വര്‍ഷം മുതല്‍ തയ്വാനടുത്തുള്ള തങ്ങളുടെ വിദൂര ദ്വീപുകളില്‍ ബോംബ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും പടിഞ്ഞാറുള്ള ജനവാസമുള്ള ദ്വീപായ യൊനാഗുനിയില്‍ ആദ്യ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും. തയ്‌വാനില്‍ നിന്ന് 110 കിലോമീറ്റര്‍  ദൂരത്താണ് യൊനാഗുനി. എന്നാല്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സൈനിക പ്രവര്‍ത്തനങ്ങളും 2022-ല്‍ യൊനാഗുനിക്കടുത്ത് ചൈനീസ് മിസൈലുകള്‍ പതിച്ചതുപോലുള്ള സംഭവങ്ങളും ജപ്പാനെ ഭയപ്പെടുത്തുന്നുമുണ്ട്. 

രണ്ടാഴ്ച വരെ തങ്ങാന്‍ സൗകര്യമൊരുക്കുന്ന ബോംബ് ഷെല്‍ട്ടറുകള്‍ ഇരിയോമോട്ടെ, ഇഷിഗാകി, താരാമ, മിയാക്കോ എന്നീ ദ്വീപുകളില്‍ 2028-ല്‍ നിര്‍മ്മിക്കുമെന്ന് ജപ്പാനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈന ആക്രമണം തുടങ്ങുകയാണെങ്കില്‍ ഈ ദ്വീപുകളില്‍നിന്ന് ഒരു ലക്ഷത്തിലധികം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരാഴ്ചയെങ്കിലും എടുത്തേക്കാമെന്നാണ് ജപ്പാന്‍ കരുതുന്നത്. അതിനാല്‍, അടിയന്തര ഷെല്‍ട്ടറുകള്‍ താല്‍ക്കാലിക അഭയം നല്‍കും.