
മോദി സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന 2021 കാലം. ഗ്ലോബല്‍ ജാട്ട് ഉച്ചകോടിയിലേക്ക് മേഘാലയ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിന് ക്ഷണം ലഭിച്ചു. യോഗത്തില്‍ പങ്കെടുത്ത് കര്‍ഷകരെ പിന്തുണച്ചുകൊണ്ട് സത്യപാല്‍ മാലിക്ക് ഇങ്ങനെ പറഞ്ഞു. "നിങ്ങള്‍ക്ക് സിഖുകാരെ മറികടക്കാന്‍ കഴിയില്ല. ഗുരുവിന്റെ നാല് മക്കളും കൊല്ലപ്പെട്ടു. എന്നാല്‍ ഗുരു കീഴടങ്ങാന്‍ വിസമ്മതിച്ചു. സിഖ് സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബ്ലൂസ്റ്റാറിന് ഉത്തരവിട്ടതോടെ താന്‍ കൊല്ലപ്പെടുമെന്ന് ഇന്ദിര ഗാന്ധിക്ക് അറിയാമായിരുന്നു. അവര്‍ കൊല്ലപ്പെട്ടു. അതുകൊണ്ട് ഞാന്‍ വീണ്ടും പറയുകയാണ്. സിഖുകാരുടെ ക്ഷമ പരീക്ഷിക്കരുത്." സത്യപാല്‍ മാലിക്കിന്റെ ഈ പിന്തുണയ്ക്ക് വലിയ കൈയടിയാണ് അന്ന് കര്‍ഷക നേതാക്കളില്‍നിന്നും സിഖ്, ജാട്ട് സമുദായത്തില്‍നിന്നും ലഭിച്ചത്. ഇത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
ഭൂരിഭാഗ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നാവായി ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയുണ്ടാക്കുമ്പോള്‍ തങ്ങള്‍ നിയോഗിച്ച ഗവര്‍ണര്‍ ബി.ജെ.പിക്ക് തന്നെ തലവേദനയുണ്ടാക്കിയത് ഒരു പക്ഷെ സത്യപാല്‍ മാലിക്കിലൂടെ മാത്രമായിരിക്കും. കാരണം വിവാദങ്ങളുടെ തോഴനായിരുന്നു എന്നും സത്യപാല്‍ മാലിക്ക്. ഒരിടവേളയ്ക്ക് ശേഷം പുല്‍വാമ വിവാദ പ്രസ്താവനയിലൂടെ വീണ്ടും വാര്‍ത്തയില്‍ ഇടം നേടുകയും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരിക്കുകയാണ് മാലിക്ക്. ഒടുവില്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ. നോട്ടീസ് നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നീല്‍ ഗൂഢലക്ഷ്യമുണ്ടെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും. വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഇതിനകം ആയുധമാക്കുകയും ചെയ്തിട്ടുണ്ട്

സത്യപാല്‍ മാലിക്ക് പറഞ്ഞത്
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചമൂലമെന്നായിരുന്നു ആരോപണം. സേനാംഗങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങിനോട് വിമാനം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യപാല്‍ വ്യക്തമാക്കി. അത്രയും സേനാംഗങ്ങളെ കൊണ്ടുപോവാന്‍ അഞ്ച് വിമാനങ്ങള്‍ മതിയായിരുന്നു. പക്ഷേ, നല്‍കിയില്ല. 300 കിലോ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ 12 ദിവസം ഭീകരര്‍ കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിച്ചുവെന്നും ഇത് കണ്ടെത്താന്‍ ഇന്റലിജന്‍സിന് കഴിഞ്ഞില്ലെന്നും സത്യപാല്‍ ആരോപിച്ചു. ഭീകരാക്രമണത്തിനു ശേഷം മോദി വിളിച്ചപ്പോള്‍ ഇക്കാര്യങ്ങളെല്ലാം അറിയിച്ചെങ്കിലും പുറത്തു പറയരുതെന്നാണ് ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ ആവശ്യപ്പെട്ടതോടെ സംഭവത്തെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണെന്ന് മനസ്സിലായെന്നും മാലിക് പറഞ്ഞു.
വിവാദങ്ങളുടെ ഉറ്റതോഴന്‍
ഏകദേശം അമ്പത് വര്‍ഷത്തോളമുള്ള രാഷ്ട്രീയ ജീവിതത്തിനിടെ വിവാദങ്ങളായിരുന്നു സത്യപാല്‍ മാലിക്കിന്റെ പ്രധാന ഹൈലൈറ്റസ്. എം.എല്‍.എ, എം.പി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നീ പദവികളെല്ലാം വഹിച്ചെങ്കിലും സുവര്‍ണകാലം എന്നറയിപ്പെട്ടിരുന്നത് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നതിന് ശേഷമുള്ള ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന കാലമായിരുന്നു. പല പാര്‍ട്ടികളിലൂടെ കയറിയിറങ്ങിയാണ് സത്യപാല്‍ മാലിക്ക് 2004-ല്‍ ബി.ജെ.പിയിലെത്തിയത്. വലിയ കര്‍ഷക സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ എല്ലാ സ്ഥാനമാനങ്ങളും നല്‍കിയാണ് ബി.ജെ.പി. മാലിക്കിനെ സ്വീകരിച്ചത്. മോദി സര്‍ക്കാരില്‍ ടൂറിസം പാര്‍ലമെന്ററി കാര്യമന്ത്രിയായി. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി, കര്‍ഷകമോര്‍ച്ചയുടെ മുന്‍ നിര നേതാവുമായി. 2017 മുതല്‍ ഗവര്‍ണറായി. നാല് സംസ്ഥാനങ്ങളിലാണ് ആ സ്ഥാനം വഹിച്ചത്. ഗോവ, മേഘാലയ, ബിഹാര്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെല്ലാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തു കളഞ്ഞ കാലത്തും സത്യപാലായിരുന്നു ഗവര്‍ണര്‍ സ്ഥാനത്ത്. പക്ഷെ, അപ്പോഴെല്ലാം വിവാദ പ്രസ്താവനകളിലൂടേയും മറ്റുമാണ് ശ്രദ്ധ നേടിയതും.

കശ്മീര്‍ ഗവര്‍ണറായിരിക്കെ രണ്ട് പദ്ധതികള്‍ പാസാക്കാന്‍ 300 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് 2021 ഒക്ടോബറിലാണ്. 2018-ല്‍ ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി റിലയന്‍സ് കമ്പനിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാനായിരുന്നു 300 കോടി വാഗ്ദാനം ചെയ്തത്. പദ്ധതികളില്‍ കുഴപ്പമുണ്ടെന്ന് കണ്ടതോടെ ഇത് റദ്ദാക്കുകയായിരുന്നുവെന്നാണ് മാലിക് പറഞ്ഞത്. ഈ വെളിപ്പെടുത്തലില്‍ വലിയ രാഷ്ട്രീയ സൂനാമിക്കാണ് തിരികൊളുത്തിയത്. വെളിപ്പെടുത്തലില്‍ സി.ബി.ഐ. അന്വേഷണത്തന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തു. പലയിടത്തും പരിശോധനകള്‍ നടന്നു. കേസില്‍ മാലിക്ക് സാക്ഷിയാണ്. ഇതോടെ മാലിക്കിനെയടക്കം സി.ബി.ഐ. ചോദ്യം ചെയ്തു. ഈ ആരോപണങ്ങൾക്കെതിരേ ആർ.എസ്.എസ്. നേതാവ് രാം മാധവ് മാലിക്കിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ, മാപ്പ് പറയില്ലെന്നാണാണ് മാലിക്കിന്റെ നിലപാട്.
ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടുമെത്തിയത്. ഇതോടെ ഇന്‍ഷൂറന്‍സ് കുംഭകോണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന്റ പേരില്‍ ഈ മാസം28-ന് ഡല്‍ഹി സി.ബി.ഐ. ആസ്ഥാനത്ത് ഹാജരാവാനും സത്യപാലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചുകൊണ്ടിരിക്കെ അഴിമതിക്കാരെ കൊലപ്പെടുത്താന്‍ സായുധധാരികള്‍ തയ്യാറാവണമെന്ന് പറഞ്ഞതും വലിയ വിവാദമായിരുന്നു. നിങ്ങളുടെ രാജ്യത്തിന്റേയും കശ്മീരിന്റേയും സമ്പത്ത് കട്ടെടുക്കുന്നവരെ കൊല്ലണമെന്നായിരുന്നു മാലിക്കിന്റെ ആഹ്വാനം. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരുകയും ചെയ്തു. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയെന്ന ആരോപണമുയര്‍ന്നതോടെയാണ് മാപ്പ് പറയാന്‍ തയ്യാറായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതിയുള്ളത് കശ്മീരിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനെയും മാലിക്ക് എതിര്‍ത്തിരുന്നു. 2017-ല്‍ ബിഹാര്‍ ഗവര്‍ണറായിരിക്കെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയക്കാരും ബി.എഡ്. കോളേജ് ഉടമകളാണെന്ന് പറഞ്ഞ് രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ മാലിക് ക്ഷണിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെത്തിയ ശേഷം രാഹുലിനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ മാലിക് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുലിന്റെ സന്ദര്‍ശനം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അന്ന് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നത്. 2020 മാര്‍ച്ച് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബാഗ്പഥില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കശ്മീരിലെ ഗവര്‍ണര്‍മാരുടെ പ്രധാന പണി മദ്യപാനവും ഗോള്‍ഫ് കളിയുമാണെന്നും മറ്റൊരു പണിയുമില്ലെന്ന് പറഞ്ഞതും ചര്‍ച്ചയായി. കശ്മീര്‍ ഗവര്‍ണറുടെ മാത്രം അവസ്ഥയല്ല ഇതെന്നും രാജ്യത്തെ മൊത്തം ഗവര്‍ണര്‍മാരുടേയും അവസ്ഥ ഇതാണെന്നുമായിരുന്നു മാലിക്കിന്റെ അഭിപ്രായം. കശ്മീരില്‍ നിന്നും ഗോവയിലേക്കായിരുന്നു പിന്നീട് മാലിക്കിന്റെ സ്ഥലം മാറ്റം. പക്ഷെ അവിടെയും സര്‍ക്കാരിന് തലവേദന ആവുകയായിരുന്നു.
അന്നത്തെ ഗോവ ബി.ജെ.പി. മുഖ്യമന്ത്രി പ്രമോദ് സാവന്തിനും മന്ത്രിസഭയ്ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ഗോവയിലെ വെടിക്കെട്ടിന് മാലിക്ക് തുടക്കമിട്ടത്. കോവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഡോര്‍ ടു ഡോര്‍ സര്‍വീസിന് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ ഒരു പ്രത്യേക കമ്പനിയാണെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. സ്വന്തം സര്‍ക്കാരിനെതിരേ പ്രതിപക്ഷത്ത് നിന്നും ഒപ്പം തങ്ങള്‍ തന്നെ നിയോഗിച്ച ഗവര്‍ണറില്‍ നിന്നും ആരോപണം ഉയര്‍ന്നതോടെ പ്രമോദ് സാവന്തും ബി.ജെ.പിയും വലിയ പ്രതിരോധത്തിലാവുകയും ചെയ്തു.

അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി തൃണമൂലും രംഗത്തെത്തി. ഇതോടെ മാലിക്കിനെ ഗോവയില്‍നിന്നു മാറ്റി മേഘാലയയുടെ ഗവര്‍ണറാക്കി. എന്നാല്‍, അവിടെയും മിണ്ടാതിരിക്കാന്‍ മാലികിന് സാധിച്ചില്ല. കര്‍ഷകസമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാലിക് രംഗത്തെത്തിയതും കേന്ദ്രസര്‍ക്കാരിനെ ഉലച്ചു.
മൃഗങ്ങള്‍ ചത്തുപോയാല്‍ പോലും അനുശോചനക്കുറിപ്പിടുന്ന ഡല്‍ഹിയിലെ നേതാക്കളില്‍നിന്ന് കര്‍ഷക സമരത്തിന്റെ ഭാഗമായി മരിച്ചവര്‍ക്ക് വേണ്ടി ഒരു വാക്കു പോലുമുണ്ടായില്ലെന്ന് കര്‍ഷക സമരത്തെ കുറിച്ച് പറഞ്ഞതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വേണമെങ്കില്‍ അതിനായി ബലപ്രയോഗം വരെ നടത്തുമെന്നുമായിരുന്നു മാലിക്ക് പറഞ്ഞിരുന്നത്. മാത്രമല്ല, കര്‍ഷക സമരം പരിഹരിച്ചില്ലെങ്കില്‍ ബി.ജെ.പി. ഇനി അധികാരത്തില്ലെന്നും മാലിക്ക് ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രവും ബി.ജെ.പിയും ഏറെ പ്രതിരോധത്തിലായിരുന്ന സമയത്ത് മാലിക്കില്‍ നിന്നുണ്ടായ ഈ പ്രസ്താവന ചെറാതായല്ല സര്‍ക്കാരിനെ ഉലച്ചുകളഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരേ പരസ്യ പ്രസ്താവന നടത്തിയതായിരുന്നു പുല്‍വാമയ്ക്ക് മുമ്പിലുള്ള വിവാദം. കേന്ദ്രം യുവജനങ്ങളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നായിരുന്നു മാലിക്കിന്റെ ആക്ഷേപം. പക്ഷെ ഈ പ്രസ്താവനകളെല്ലാം നടത്തുമ്പോഴും സ്റ്റാറാവന്‍ വേണ്ടിയുള്ള മാലിക്കിന്റെ തന്ത്രം എന്ന നിലപാടാണ് ബി.ജെ.പി. നേതാക്കളില്‍ നിന്നും കേന്ദസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുമുണ്ടായത്. എന്നാല്‍, പുല്‍വാമ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ അത്ര ലളിതമായി തള്ളിക്കളയാന്‍ ബി.ജെ.പി. നേതൃത്വത്തിന് കഴിയുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകൂടി അടുക്കുന്നതോടെ മാലിക്ക് ലക്ഷ്യം വെക്കുന്നതെന്തെന്ന് സംബന്ധിച്ചും ബി.ജെ.പിക്ക് വ്യക്തതവരുന്നില്ല.പുല്‍വാമ വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി. നേതൃത്വവുമുള്ളത്.

ഭാരതീയ ക്രാന്തിദളില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം
1946 ജൂലായ് 24-ന് ഉത്തര്‍പ്രദേശിലെ ബാഗ്പതിലുള്ള ഹിസാവാദ ഗ്രാമത്തില്‍ ജാട്ട് കുടുംബത്തിലാണ് മാലിക്കിന്റെ ജനനം. മീററ്റ് സര്‍വകലാശാലയില്‍നിന്നു നിയമബിരുദം നേടിയ മാലിക് തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്ത്രി ദള്‍ അംഗമായി ബാഗ്പത്തില്‍ നിന്നുള്ള നിയമസഭാംഗമായിട്ടാണ് പൊതുജീവിതം ആരംഭിക്കുന്നത്. 1980 മുതല്‍ 1986 വരേയും 1986 മുതല്‍ 89 വരെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1984-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നും രാജ്യസഭാംഗമായി. 1989 മുതല്‍ 91 വരെ ജനതാദള്‍ ടിക്കറ്റില്‍ അലിഗഢില്‍ നിന്നുള്ള ലോക്‌സഭാംഗവുമായി. 1996-ല്‍ എസ്.പി ടിക്കറ്റില്‍ അലിഗഢില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് 2004-ല്‍ ബി.ജെ.പി. അംഗത്വമെടുത്തു. 2012-ല്‍ ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റുമായി. ബിഹാര്‍, ജമ്മുകശ്മീര്‍, ഗോവ, മേഘാലയ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. ജമ്മു കശ്മീരിന്റെ അവസാന ഗവര്‍ണറും മാലിക്കായിരുന്നു.
പിന്തുണയുമായി നേതാക്കള്‍, വിശ്വാസ്യത ചോദ്യം ചെയ്ത് അമിത്ഷാ
സത്യപാല്‍ മാലിക്കിന് പിന്തുണയുമായി ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വീടിനു സമീപം ശനിയാഴ്ച ഖാപ് നേതാക്കളുടെ വലിയ സംഘമാണ് തടിച്ച് കൂടിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹരിയാണ, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഗ്രാമമുഖ്യരും പ്രധാനികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വൈകീട്ടോടെ ഇവരെ വിട്ടയച്ചുവെങ്കിലും അറസ്റ്റ് ചെയ്‌തെന്ന ട്വീറ്റുമായി മാലിക്ക് രംഗത്തെത്തുകയും ചെയ്തു. മാലിക് താമസിക്കുന്ന സോം വിഹാറിലെ വീടിനു സമീപമുള്ള പാര്‍ക്കിലാണ് ഇവര്‍ ഒത്തുകൂടിയത്. ഇവിടെ യോഗം നടത്താനായി എല്ലാ സജ്ജീകരണവും നടത്തുകയും ചെയ്തിരുന്നു. പക്ഷെ, മുന്‍കൂട്ടി അനുമതിതേടിയില്ലെന്നുചൂണ്ടിക്കാട്ടി യോഗത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. എന്നിട്ടും സ്ഥലത്തു തുടര്‍ന്ന നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. അതോടെ, ഇവരെ മോചിപ്പിക്കാനാവശ്യപ്പെട്ട് മാലിക്കും പോലീസ് സ്റ്റേഷനിലെത്തി. ഇതിനിടെ, മാലിക്കിനെ അറസ്റ്റു ചെയ്തതായി അഭ്യൂഹം പ്രചരിച്ചെങ്കിലും പോലീസ് നിഷേധിച്ചു. തന്നെ ഭയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കില്ലെന്നായിരുന്നു മാലിക്കിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. തനിക്കൊപ്പം ജനങ്ങളുണ്ട്. അവരെ കാണാന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ മൗനം വെടിഞ്ഞ് മാലിക്കിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിശ്വാസ്യത ചോദ്യം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തി. മറച്ചുവെക്കേണ്ട ഒന്നും ബി.ജെ.പി. ചെയ്തിട്ടില്ലെന്നും വിഷയം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു. ക്രമക്കേടുകളെ കുറിച്ച് വിവരമുണ്ടെങ്കില്‍ തന്റെ ഭരണകാലത്ത് തന്നെ പറയണമായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. ആരോപണത്തിന്റെ വിശ്വാസ്യതയാണ് ഇത് ചോദ്യം ചെയ്യുന്നത്. ഏതെങ്കിലും രാഷ്ട്രീയ, വ്യക്തിഗത താല്‍പര്യം വെച്ചാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെങ്കില്‍ അത് ജനങ്ങള്‍ വിലയിരുത്തുമെന്നും അമത് ഷാ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ. വിളിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും നേരത്തെ അന്വേഷണം നടക്കുന്ന കേസാണിതെന്നും രണ്ടോ മൂന്നോ തവണ കേസുമായി ബന്ധപ്പെട്ട് മാലിക്കിനെ വിളിപ്പിച്ചതായിട്ടാണ് തനിക്ക് തോന്നുന്നതെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും മാലിക്കിന്റെ വെളിപ്പെടുത്തലിനെ അത്ര നിസ്സാരമായിട്ടല്ല കേന്ദ്രം നോക്കി കാണുന്നത്. മാലിക്കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി കൂടി രംഗത്തെത്തിയത് ആരോപണത്തിന് മൂര്‍ച്ച കൂട്ടുകയും ചെയ്തിരുന്നു.
Content Highlights: satyapal malik's allegation about pulwama terrorist attack
Published: 24 Apr 2023, 11:15 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented