ന്യൂഡല്‍ഹി: 2019 ലെ പുല്‍വാമ ഭീകരാക്രമണം, 2022 ല്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന ആക്രണം തുടങ്ങിയവയ്ക്കുള്ള സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴിയെന്ന് ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ഭീകരസംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി. ലോകവ്യാപകമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്. ഭീകരസംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസമാഹരണം, വിതരണം എന്നിവയ്ക്കായി ഡിജിറ്റര്‍ ഉപകരണങ്ങളും സാമ്പത്തിക സാങ്കേതികവിദ്യകളും ചൂഷണം ചെയ്യുകയാണെന്ന് എഫ്എടിഎഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ല്‍ നടന്ന പുല്‍വാമ ആക്രണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കളിലെ പ്രധാന അസംസ്‌കൃത വസ്തുവായ അലുമിനിയം പൗഡര്‍ ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന നടത്തിയ പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ഏഴ് വിദേശ പൗരരുള്‍പ്പെടെ 19 പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍, ഒളിത്താവളങ്ങള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
2022 ഏപ്രിലില്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഭീകരസംഘടനയായ ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രതി ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഐഎസിന്റെ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഇയാള്‍ ഏകദേശം 6.7 ലക്ഷം രൂപ പേപാല്‍ വഴി കൈമാറ്റം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തന്റെ ലൊക്കേഷന്‍ മറച്ചുവെക്കുന്നതിനായി വിവിധ വിപിഎന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയും 44 അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുകയും ചെയ്തു. വിപിഎന്‍ സേവനദാതാക്കള്‍ക്ക് പണം നല്‍കുന്നതിനായി ഇന്ത്യന്‍ ബാങ്ക് അക്കൗണ്ട് ഇയാള്‍ ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ ഇടപാടുകളില്‍ സംശയം ജനിച്ചതോടെ പേപാല്‍ ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വളര്‍ച്ച ഭീകരസംഘടനകള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതായും എഫ്എടിഎഫ് പറയുന്നു. സ്‌ഫോടകവസ്തുക്കളുടെ നിര്‍മാണത്തിനുള്ള രാസവസ്തുക്കളും മറ്റും വാങ്ങുന്നത് ഓണ്‍ലൈന്‍ വഴിയാണെന്ന് എഫ്എടിഎഫ് പറയുന്നു. ജനപ്രിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം സംഘടനകള്‍ ധനസഹായം അഭ്യര്‍ഥിക്കുന്നതെന്നും എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിരിക്കുന്നു. വ്യാജപേരുകളും വ്യാജഅക്കൗണ്ടുകളും ഉപയോഗപ്പെടുത്തുന്നത് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം പ്രയാസമേറിയതാക്കുന്നതായും എഫ്എടിഎഫ് പറയുന്നു.
ചില രാജ്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും എഫ്എടിഎഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ രാജ്യങ്ങളുടെ പേരുകള്‍ എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, വിപിഎന്‍ ഉപയോഗം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം കൂടുതല്‍ ശക്തമാക്കണമെന്നും എഫ്എടിഎഫ് അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Content Highlights: FATF report reveals terror groups utilize e-commerce, online payments, and VPNs for funding attacks
Published: 09 Jul 2025, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented