ന്യൂഡൽഹി: നാൽപ്പത് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യുവരിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ശനിയാഴ്ച ഏഴാണ്ട് തികയും. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ സി.ആർ.പി.എഫ്. കോൺവോയ് വാഹനത്തിനുനേരേ 2019 ഫെബ്രുവരി 14-നാണ് ചാവേർ സ്ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിനുനേരേ ഇടിച്ചുകയറുകയായിരുന്നു. സ്ഫോടനത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായി. 35-ലേറെപ്പേർക്ക് പരിക്കേറ്റു.

To advertise here,

പാകിസ്താൻ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു. ചാവേറായിവന്ന ആദിർ അഹ്‌മദ് ദറിന് ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പിന്നീട് തെളിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഭവങ്ങൾ രാജ്യത്തിന്റെ സൈനിക, നയതന്ത്ര രൂപവത്കരണത്തെ സ്വാധീനിച്ചു. ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായി. പുൽവാമ ഭീകരാക്രമണത്തിന് കൃത്യം 12 ദിവസത്തിനകം ഇന്ത്യ തിരിച്ചടിനൽകി. 2019 ഫെബ്രുവരി 26-ന് ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ഭീകരവാദ പരിശീലനകേന്ദ്രങ്ങളിലേക്ക് കയറിച്ചെന്ന് ആക്രമണമഴിച്ചുവിട്ടു.

പുൽവാമ സംഭവത്തിന്റെ ഓർമ്മയിൽ ഫെബ്രുവരി 14 ഇന്ത്യ കറുത്തദിനമായി ആചരിക്കുന്നു. ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവരെ എല്ലാവർഷവും രാജ്യം ആദരിക്കുന്നു. ഏഴാം വാർഷികത്തിന് മുന്നോടിയായി സുരക്ഷാനടപടികൾ ശക്തമാക്കി. ശ്രീനഗറിലും മറ്റ് തിരക്കേറിയ പ്രദേശങ്ങളിലും പോലീസ് മിന്നൽപ്പരിശോധന നടത്തി.