
ശ്രീനഗർ: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളെ പാക് അധീന കശ്മീരിൽ അജ്ഞാതർ കൊലപ്പെടുത്തി. മുസഫറാബാദിൽവെച്ചാണ് ഹംസ ബുർഹാൻ എന്ന ഭീകരനെ വെടിവെച്ചുകൊന്നത്. അൽ ബദർ ഭീകരസംഘടനയിലെ അംഗമാണ് ഇയാൾ. പുൽവാമ നിവാസിയായ ഇയാൾ ‘ഡോക്ടർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2022-ൽ ഹംസയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
അർജുമന്ദ് ഗുൽസാർ ദാർ എന്നാണ് യഥാർഥപേര്. 2017-ൽ ഉന്നതപഠനത്തിന് പാകിസ്താനിലേക്കുപോയി. പിന്നീട് അൽ ബദറിൽ ചേർന്നു. താമസിയാതെ ഭീകരസംഘടനയുടെ കമാൻഡറായി. ഒട്ടേറെ യുവാക്കളെ ഇതിലേക്ക് കൊണ്ടുവന്നത് ഇയാളാണ്. കശ്മീരിൽ പുൽവാമമുതൽ ഷോപിയാൻവരെ ഇയാൾ ഭീകരശൃംഖല വ്യാപിപ്പിച്ചു. പുൽവാമയിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഭീകരർ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റി 40 ജവാന്മാരാണ് വീരമൃത്യുവരിച്ചത്. 2020-ൽ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർക്ക് നേരേയുണ്ടായ ഗ്രനേഡ് ആക്രമണത്തിലും ബുർഹാൻ പങ്കാളിയാണ്. തുടർന്ന് ഇയാളെ പിടികൂടാൻ സൈന്യം വലവിരിച്ചെങ്കിലും പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെട്ടു.
അവസാനിപ്പിച്ച് അജ്ഞാതർ
- ഈയിടെ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘടനകളിലെ കമാൻഡർമാരെ അജ്ഞാതർ പാകിസ്താനിൽവെച്ച് കൊന്നിരുന്നു
- കഴിഞ്ഞ ഏപ്രിലിൽ ലഷ്‌കർ സ്ഥാപക അംഗം അമീർ ഹംസയെ ലഹോറിൽവെച്ച് കൊലപ്പെടുത്തി
- മാർച്ചിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ മൂത്ത സഹോദരൻ താഹിർ അൻവറും പാകിസ്താനിൽ കൊല്ലപ്പെട്ടിരുന്നു
- കഴിഞ്ഞവർഷം പാകിസ്താനിലെ ഝലംസിന്ധിൽവെച്ചാണ് ലഷ്‌കർ ഭീകരനായ അബു ഖത്തൽ വെടിയേറ്റ് മരിച്ചത്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ അനുയായിയായിരുന്നു
Content Highlights: Hamza Burhan, a key Pulwama attack conspirator, was killed in Muzaffarabad., The target was a commander of the Al-Badr terrorist organization., He was declared a terrorist by the Indian Ministry of Home Affairs in 2022., Multiple high-profile terrorist commanders have been eliminated in Pakistan by unknown assailants recently.
Published: 22 May 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented