അഗ്നിപർവതങ്ങൾ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ട്രാൻസ്-മെക്സിക്കൻ വോൾക്കാനിക് ബെൽറ്റിന്റെ ഹൃദയഭാഗം. അവിടെ തീമലകൾ തുപ്പുന്ന ചാരമേറ്റ് ഫലഭൂയിഷ്ഠമായ പർവതമണ്ണിൽ നീണ്ടുപരന്നു കിടക്കുകയാണ് അവൊക്കാഡോ തോട്ടങ്ങൾ. പക്ഷേ, ഓട്ടോമാറ്റിക് തോക്കുകൾ പിടിച്ച സായുധസേനയുടെ കാവലിലാണെന്നുമാത്രം. അവൊക്കാഡോയുടെ ജന്മദേശമായ മെക്സിക്കോയിലെ  മിച്വോകാൻ സംസ്ഥാനമാണിത്. വിലപിടിപ്പുള്ള പഴങ്ങൾ കൊള്ളയടിക്കാൻ ലഹരിമരുന്നു സംഘങ്ങൾ തക്കംപാർത്തിരിക്കുന്നയിടം. ഒരു പഴം ഒരു ദേശത്തെ ഏറ്റുമുട്ടലിലേക്കെത്തിച്ച കഥയിലൂടെ....

To advertise here,

മെക്സിക്കോക്കാർക്ക് ‘പച്ചപ്പൊന്നാ’ണ് വെണ്ണപ്പഴം. രാജ്യത്തെ സമൃദ്ധമാക്കിയ അമൂല്യവിള. മെക്സിക്കോയുടെ സമ്പദ് വ്യവസ്ഥയിലേക്ക് ശതകോടിയുടെ ലാഭമൊഴുക്കുന്ന, പോഷകഗുണവും ആരോഗ്യഗുണങ്ങളുമേറെയുള്ള പഴം. പോഷകഗുണം കേമമെന്ന് മനസ്സിലാക്കി അമേരിക്കക്കാർ നെഞ്ചേറ്റിയതാണ് ഈ പഴത്തിന്റെ ജാതകം മാറ്റിയത്. അമേരിക്കക്കാർക്കു കഴിക്കാൻ വേണ്ട അവൊക്കാഡോയുടെ 80 ശതമാനത്തിലേറെ  കയറ്റുമതി ചെയ്യുന്ന മെക്സിക്കോയിൽ പക്ഷേ, കാര്യങ്ങളത്ര സമാധാനപരമല്ല. യു.എസിലേക്ക് ലഹരിമരുന്നൊഴുക്കിയ എൽ ചാപോ അടക്കമുള്ള ഡ്രഗ് കാർട്ടൽ തലവന്മാരുടെ തട്ടകമായ ഇവിടെ ചെറുസംഘങ്ങളായി ഇന്നും ധാരാളം മാഫിയാസംഘങ്ങളുണ്ട്. അവരിൽ നിന്ന് വിളകൾ സംരക്ഷിക്കാൻ നന്നേ പാടുപെടുകയാണ് കർഷകർ.  

placeholder
Photo: Getty Images

അവൊക്കാഡോ എന്ന പച്ചപ്പൊന്ന്

അമേരിക്കയിൽ വെണ്ണപ്പഴം തരംഗമാകുന്നത് 1980-കളിലാണ്. ആളുകൾ പോഷകാഹാരത്തിന് കൂടുതൽ പ്രാധാന്യം നൽകിയ സമയമായിരുന്നു ഇത്. ആയുസ്സ് കൂട്ടാനുള്ള മാർഗങ്ങൾ തിരഞ്ഞവർക്ക് കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തോടായി ഭ്രമം.  അവൊക്കാഡോയിലെ അപൂരിത കൊഴുപ്പുകൾ ആരോഗ്യത്തിന് നല്ലതാണെന്ന അറിവ് ആളുകൾക്കിടയിൽ പ്രചരിച്ചു. അധികം വൈകാതെ ശരീരസൗന്ദര്യം ശ്രദ്ധിക്കുന്നവരുടെ ഭക്ഷണപ്പട്ടികയിലും ഡയറ്റ് പ്ലാനുകളിലുമെല്ലാം അവൊക്കാഡോ ഇടംപിടിച്ചു. അലിഗേറ്റർ പിയർ എന്നും പേരുള്ള പഴത്തിന്റെ ഗുണങ്ങൾ വിശദീകരിക്കുന്ന പഠനങ്ങളും പരസ്യങ്ങളും വന്നു. മൊത്തത്തിൽ പറഞ്ഞാൽ ദീർഘായുസ്സിനെ പുണരാൻ ധാരാളമാളുകൾ അവൊക്കാഡോയിൽ ആശ്രയമർപ്പിച്ചു.

അങ്ങനെ അമേരിക്കക്കാരുടെ ഭക്ഷണത്തിൽ, പ്രത്യേകിച്ചും പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പഴമായി അവൊക്കാഡോ മാറി. വിപണിയിലെ മതിപ്പിനൊത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർഷിക ഉത്പന്നങ്ങളിലൊന്നായി മാറി ഇത്. അന്നൊക്കെ കാലിഫോർണിയയിൽ വിളയിച്ച അവൊക്കാഡോയാണ് അമേരിക്കക്കാർ കഴിച്ചിരുന്നത്. പഴത്തിന്റെ ജനപ്രീതി റോക്കറ്റുപോലെ കുതിച്ചെങ്കിലും അയൽരാജ്യവും അവൊക്കാഡോയുടെ കലവറയുമായ മെക്സിക്കോയ്ക്കു മുമ്പിൽ പതിറ്റാണ്ടുകളോളം യു.എസ്. അതിർത്തി തുറന്നില്ല.

യു.എസ്. അതിർത്തി കടന്ന മെക്സിക്കൻ വെണ്ണപ്പഴം

അങ്ങനെയിരിക്കെ, 1993-ൽ യു.എസ്.-കാനഡ-മെക്സിക്കോ രാജ്യങ്ങൾ തമ്മിൽ വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു. ഇതേത്തുടർന്നാണ് മെക്സിക്കൻ അവൊക്കാഡോ യു.എസ്. അതിർത്തി കടന്നത്. തങ്ങളേക്കാൾ പത്തു മടങ്ങ് അവൊക്കാഡോ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മെക്സിക്കോയെ യു.എസിലെ കർഷകർ ഭയന്നു. മെക്സിക്കൻ അവൊക്കാഡോ ഇറക്കുമതിക്കെതിരേ അവർ ശബ്ദമുയർത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല. 2007-ഓടെ യു.എസിന്റെ ഓരോ കോണിലും മെക്സിക്കോയിൽ നിന്നുള്ള അവൊക്കാഡോ പഴങ്ങൾ നിരന്നു. ഇരുരാജ്യങ്ങളിലും രണ്ടു സീസണിലാണ് അവൊക്കാഡോ വിളഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ  മെക്സിക്കൻ ഇറക്കുമതികൂടി ആയപ്പോൾ വർഷം മുഴുവൻ രാജ്യത്ത് പഴം ലഭ്യമായി. അതും താരതമ്യേന കുറഞ്ഞ വിലയിൽ. ഇതോടെ അമേരിക്കക്കാർ സ്ഥിരമായി അവൊക്കാഡോ കഴിച്ചുതുടങ്ങി. 

പത്തു കൊല്ലംകൊണ്ട് യു.എസിൽ അവൊക്കാഡോ ഉപഭോഗം ഇരട്ടിച്ചു. അതിനൊത്ത് മെക്സിക്കോയിലെ തോട്ടങ്ങളും വളർന്നു. യു.എസ്. വിപണി സ്വപ്നം കണ്ട് ധാരാളം കർഷകർ മെക്സിക്കോയിൽ അവൊക്കാഡോ കൃഷിയിറക്കി. പതിയെ അവർ അമേരിക്കൻ വിപണി പിടിച്ചു. ഇന്ന് മെക്സിക്കൻ അവൊക്കാഡോയുടെ നല്ലൊരു പങ്കും കഴിക്കുന്നത് അമേരിക്കക്കാരാണ്. ഏകദേശം 2.8 ബില്യൺ ഡോളറിന്റെ പഴം വില്പന യു.എസിൽ നടക്കുമ്പോൾ അതിൽ 300 മില്യൺ മാത്രമേ രാജ്യത്തിന്റെ സംഭാവനയുള്ളൂ. ബാക്കിയെല്ലാം മെക്സിക്കോയിൽ  നിന്നാണ്.

placeholder
Photo: Getty Images

തൻസിതാരോ; അവൊക്കാഡോയുടെ തലസ്ഥാനം

മിച്വോകാനിലെ തൻസിതാരോയാണ് മെക്സിക്കൻ അവൊക്കാഡോ ഇൻഡസ്ട്രിയുടെ ഹൃദയഭാഗം. ലോകത്തെ അവൊക്കാഡോയുടെ സ്വയംപ്രഖ്യാപിത തലസ്ഥാനമായ ഇവിടം ഇന്നൊരു ആർമി ക്യാമ്പു കൂടിയാണ്. ലഹരിമരുന്നു മാഫിയയിൽനിന്ന് അവൊക്കാഡോ സംരക്ഷിക്കാനിറങ്ങിയ പ്രതിരോധസേനകളും ഓട്ടോമാറ്റിക് ആയുധങ്ങളും നിറഞ്ഞൊരിടം. പറിച്ചെടുത്ത പഴങ്ങൾ പാക്ക് ചെയ്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതടക്കമുള്ള ബിസിനസ് കാര്യങ്ങൾ ഇവിടെയാണ് നടക്കുക. തൻസിതാരോയുടെ സാമൂഹിക രാഷ്ട്രീയം പോലും ഇന്ന് അവൊക്കാഡോ ഇൻഡസ്ട്രിയെ ചുറ്റിപ്പറ്റിയാണ്.  

അമേരിക്കൻ പൗരന്മാർക്ക് യാത്രാവിലക്കുള്ള മിച്വോകാൻ

അവൊക്കാഡോ ഇറക്കുമതി ചെയ്യാനുള്ള യു.എസിന്റെ വൃത്തിപ്പരിശോധനയിൽ മെക്സിക്കോയിലെ ഒരു സംസ്ഥാനമേ ആദ്യഘട്ടത്തിൽ പാസ്സായുള്ളൂ. മിച്വോകാൻ. ഡ്രഗ് കാർട്ടലുകളുടെ സാന്നിധ്യം കാരണം സുരക്ഷാഭീഷണിയുള്ളതിനാൽ അമേരിക്ക സ്വന്തം പൗരന്മാർക്ക് യാത്ര വിലക്കിയ മെക്സിക്കൻ സംസ്ഥാനങ്ങളിലൊന്നാണിത് എന്നതും ശ്രദ്ധേയമാണ്. യു.എസിലേക്കുള്ള അവൊക്കാഡോ കയറ്റുമതി മിച്വോകാനെ ആകെ മാറ്റി. ഒരു സംസ്ഥാനം മുഴുവൻ അവൊക്കാഡോ കൃഷിയിലേക്ക് മാറുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇന്നിവിടെ അഞ്ചിൽ ഒരു ജോലി അവൊക്കാഡോയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. 30-ലധികം മുനിസിപ്പാലിറ്റികൾ കൃഷിയിലേർപ്പെടുന്നു. വിപണിയിൽ വില കുറഞ്ഞാൽപോലും കർഷകന് വർഷത്തിൽ ലക്ഷം ഡോളറിനുമേൽ ലാഭമുണ്ടാവും. ലോകത്താകമാനമുളള അവൊക്കാഡോയുടെ മൂന്നിലൊന്നും മെക്സിക്കോയിലാണ് ഉത്പാദിപ്പിക്കുന്നത്.

അവൊക്കാഡോ തട്ടിയെടുക്കുന്ന ഡ്രഗ് കാർട്ടലുകൾ  

അവൊക്കാഡോ ലാഭമുള്ള ബിസിനസാണെന്ന് മനസ്സിലാക്കിയ ലഹരിമരുന്നു സംഘങ്ങൾ കർഷകരിൽനിന്ന് പണവും പഴവും തട്ടിയെടുക്കാൻ തുടങ്ങി. ഒന്നും രണ്ടുമല്ല, പല മേഖലയിലുള്ള പല തരം കാർട്ടലുകൾ കർഷകരെ പൊറുതിമുട്ടിച്ചു. കൃഷിക്കാർ തങ്ങൾക്ക് നികുതിപ്പണം നൽകണമെന്നായിരുന്നു ആദ്യമാദ്യം അവരുടെ ആവശ്യം. തോട്ടത്തിൽ ജോലിക്കാർക്ക് കൊടുക്കുന്ന കൂലി കുറച്ച് ആ പണം തങ്ങൾക്ക് വേണമെന്നവർ നിർബന്ധം പിടിച്ചു. അനുസരിക്കാത്ത തോട്ടയുടമകളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. അഗ്രികൾച്ചറൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വലിയ കൃഷിക്കാരുടെ വിലാസം തിരഞ്ഞുപിടിച്ച് അവിടങ്ങളിൽ ഭീഷണിയുമായി കയറിച്ചെന്നു. പണം കൊടുക്കാൻ തയ്യാറല്ലാത്തവരെയും അവരുടെ ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയി.

പോരാത്തതിന് പണം തന്നില്ലെങ്കിൽ ഇൻസ്പെക്ഷനെത്തുന്ന യു.എസ്. സംഘങ്ങളെ ആക്രമിക്കുമെന്നും ഭീഷണിമുഴക്കി. അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ സംഘം അവൊക്കാഡോ വാങ്ങാതെ മടങ്ങിപ്പോകുമെന്ന് ഭയന്ന കൃഷിക്കാർ പണം കൊടുത്തു ഒത്തുതീർപ്പുകൾക്ക് തുനിഞ്ഞു. നിയന്ത്രിക്കാനാരുമില്ലാതെ കാർട്ടലുകൾ വളർന്നു. കർഷകരെ തട്ടിക്കൊണ്ടുപോയി പണം തട്ടുന്നത് സംസ്ഥാനത്തെ സ്ഥിരസംഭവങ്ങളായി. വെയർഹൗസുകളും ട്രക്കുകളും തീയിട്ടു. കൂട്ടക്കുരുതികൾ നടക്കുന്നതിലേക്കെത്തി കാര്യങ്ങൾ. ഭയന്നുപോയ കർഷകർക്ക് കൃഷിയിടത്തിലേക്ക് തിരിഞ്ഞുനോക്കാൻ പോലും ധൈര്യം വന്നില്ല. കൊള്ള വ്യാപകമായതോടെ 2006-ൽ ഡ്രഗ് കാർട്ടലുകൾക്കെതിരേ മെക്സിക്കൻ സർക്കാർ യുദ്ധം പ്രഖ്യാപിച്ചു. പട്ടാളത്തെ അയച്ച് കാർട്ടൽ തലവൻമാരെ അറസ്റ്റ് ചെയ്യുകയോ വധിക്കുകയോ ചെയ്യാൻ ഉത്തരവിട്ടു. അന്നുമുതൽ 3.6 ലക്ഷത്തോളം പേർ മെക്സിക്കോയിലാകമാനം വധിക്കപ്പെട്ടുവെന്നാണ് കണക്ക്. പക്ഷേ, കാർട്ടലുകൾ ചെറുഗ്രൂപ്പുകളായി വിഘടിച്ച് അതിക്രമം തുടരുകയാണിപ്പോഴും.

placeholder
അവക്കാഡോ തോട്ടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ | Photo: Getty Images

‘അവൊക്കാഡോ പോലീസ്’

പണം പറ്റിപ്പറ്റി ഒടുക്കം വിപണി തന്നെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനായി പിന്നീട് കാർട്ടലുകളുടെ ശ്രമം. കൃഷിക്കാർക്ക് ക്വാട്ട ഏർപ്പെടുത്തൽ, ഉത്പാദനം കുറച്ച് വിപണിയിൽ അവൊക്കാഡോക്ക് ഉയർന്ന വില നിലനിർത്തൽ തുടങ്ങിയ കുതന്ത്രങ്ങൾ  കർഷകർക്കുമേൽ പയറ്റി. സ്ഥിതി വഷളായതോടെ നിലനിൽപ്പിനുവേണ്ടി പൗരന്മാർ സ്വയം തോക്കെടുത്തു. സ്വയം പ്രതിരോധ സംഘങ്ങളുണ്ടാക്കി തോട്ടങ്ങൾക്ക് കാവൽ നിന്നു. ഈ പ്രതിരോധ സംഘങ്ങളെ സർക്കാർ പിന്നീട് സ്റ്റേറ്റ് പോലീസുമായി ലയിപ്പിച്ച് അവൊക്കാഡോ പോലീസ് സേനയെ ഉണ്ടാക്കി.

കൃഷിഭൂമിയുടെ വിസ്തൃതിക്കൊത്ത് കർഷകരോരോരുത്തരും പോലീസിനുള്ള ശമ്പളത്തിലേക്ക് ഒരു തുക സംഭാവന നൽകും. ബാക്കി തുക മുനിസിപ്പൽ ഗവൺമെന്റും നൽകും. സംഘത്തിന് പട്രോളിങ് കാറുകളും സംസ്ഥാനത്തിന്റെ എംബ്ലവും തോക്കും യൂണിഫോമും സർക്കാർ തന്നെ നൽകി. ഒപ്പം ഫെഡറൽ ഫോഴ്സിന്റെ പരിശീലനവും. സർക്കാരും കൃഷിക്കാരും ചേർന്നൊരു പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അലെർട്ട് കൈമാറി കാവൽസംഘം ഒത്തുകൂടി പ്രശ്നം പരിഹരിക്കും. ഇതൊക്കെയാണെങ്കിലും ഭരണഘടനാപരമായ സുരക്ഷ കൃഷിക്കാർക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം.

placeholder
Photo: Getty Images

അവൊക്കാഡോ ട്രക്കുകൾക്ക് എസ്കോർട്ട്

പടിഞ്ഞാറൻ മെക്സിക്കോ സംസ്ഥാനമായ മിച്വോകാനിലെ മൂടൽമഞ്ഞു പൊതിഞ്ഞ പർവതനിരകളിലെ സാന്താ അന സിറോസ്റ്റോ പോലുള്ള ഗ്രാമങ്ങളിൽ നിന്നാണ് ട്രക്കുകൾ അവൊക്കാഡോ ലോഡുമായി യാത്ര തുടങ്ങുക. ഫാമുകളിൽനിന്ന് തൻസിതാരോയിലേക്ക് വരുന്ന ട്രക്കുകൾക്ക് പല തവണ ലഹരിമരുന്നു സംഘങ്ങൾ തീയിട്ടിട്ടുണ്ട്. ദിവസവും മൂന്നു ട്രക്കുകൾ വരെ കാർട്ടലുകൾ തട്ടിയെടുക്കുന്ന അവസ്ഥയുണ്ടായിരുന്നു. അതിനാൽ അപകടം പിടിച്ച 40 മൈൽ ദൂരം പ്രതിരോധ സംഘം ട്രക്കുകൾക്ക് എസ്കോർട്ട് നൽകും. തലേന്നു പറിച്ച അവൊക്കാഡോകളുമായി ട്രക്കുകൾ വരിവരിയായി കാത്തുനിൽക്കും.

സിവിൽ ഗാർഡിന്റെ വാഹനങ്ങളുടെ അകമ്പടിയോടെ കോൺവോയ് അടിസ്ഥാനത്തിൽ യാത്ര തിരിക്കും. ഒരു അവൊക്കാഡോക്ക് യു.എസ്. റീടെയിൽ മാർക്കറ്റിൽ ഒന്നു മുതൽ 2.5 ഡോളർ വരെയാണ് (ഏകദേശം 82-196 രൂപ) വില. അങ്ങനെ കണക്കാക്കുമ്പോൾ ഓരോ ട്രക്കിലും ഏകദേശം 80 ലക്ഷത്തോളം രൂപയുടെ പഴങ്ങളുണ്ടാകും. ഒരു ട്രക്ക് തട്ടിയെടുത്താൽ അത്രയും വലിയ നഷ്ടമാണ് കർഷകർക്കുണ്ടാവുക. കാർട്ടലുകൾക്ക് ലാഭവും.

അതിക്രമങ്ങൾ കുറയുന്നു

പട്രോളിങ് ശക്തമാക്കിയതോടെ മിച്വോകാനിലിപ്പോൾ അക്രമങ്ങൾ കുറയുന്നുണ്ട്. പക്ഷേ, ചില ഭാഗങ്ങളിൽ വലിയ തോതിൽ അക്രമങ്ങൾ നടക്കുകയും ചെയ്യുന്നു. കാർട്ടലുകളുടെ ഭീഷണിയെത്തുടർന്ന് കഴിഞ്ഞവർഷം യു.എസിലേക്ക് മെക്സിക്കൻ  അവൊക്കാഡോയുടെ ഇറക്കുമതി താത്കാലികമായി നിർത്തുകപോലുമുണ്ടായി. നിലവിലെ എസ്കോർട്ട് രീതി നിർത്തിയാൽ അവൊക്കാഡോ കൃഷി ഭയാനകമായ ഭൂതകാലത്തിലേക്ക് തിരിച്ചുപോവുമെന്ന ഭയം കൃഷിക്കാരെ പിന്തുടരുന്നു. വിലയെത്ര ഇടിഞ്ഞാലും അമേരിക്കൻ വിപണിയിയെന്ന അക്ഷയപാത്രം അത്രമേൽ ലാഭമാണ് മെക്സിക്കോയിലെ അവൊക്കാഡോ കർഷകർക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്.