
നയതന്ത്രജ്ഞന്, രാഷ്ട്രീയക്കാരന്, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ പല വിശേഷണങ്ങളുള്ള യു.എസ്. മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെന്റി എ. കിസിഞ്ജര്‍ 100-ാം വയസ്സിലാണ് വിടവാങ്ങുന്നത്. അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിസിഞ്ജര്‍, ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാര്‍ക്ക് കീഴിലില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹത്തെ, ഒരുവിഭാഗം നയതന്ത്രജ്ഞതയുടെ സമാനതകളില്ലാത്ത ഒരേയൊരു രാജാവായി ചിത്രീകരിക്കുമ്പോള്‍, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജീവനറ്റുവീണ ശരീരങ്ങളുടെ ചോരപ്പാടുള്ള കൈകളുടെ ഉടമയെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ജര്‍മനി മുതല്‍ വൈറ്റ് ഹൗസ് വരെ
ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണനാമം. ജനനം ജര്‍മനിയിലെ ജൂതകുടുംബത്തില്‍. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സന്, പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറി. നിക്സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരന്. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗികമായി പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് ഗൂഢമായ പങ്കുണ്ട്. വിയറ്റ്നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള അട്ടിമറികളെ അദ്ദേഹം പിന്തുണച്ചു. 1973-ല്‍ നോബേല്‍ സമ്മാനം ലഭിച്ചു. കഴിഞ്ഞ മേയ് 27-നാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
പലായനത്തിന്റെ കുട്ടിക്കാലം
ജര്‍മനിയിലെ അറിയപ്പെടുന്ന ക്ലബിന് വേണ്ടിയടക്കം ഫുട്ബോള്‍ കളിച്ചുനടന്ന കുട്ടിക്കാലമായിരുന്നു കിസിഞ്ജറുടേത്. തന്റെ ഒമ്പതാം വയസ്സില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മന്‍ ചാന്സലറാവുന്നതോടെയാണ് കുടുംബത്തിന്റെ തലവരമാറുന്നതെന്ന് കിസിഞ്ജര്‍ തന്നെ പലവട്ടം പറഞ്ഞിരുന്നു. നാസി ഭരണത്തിന് കീഴില്‍ ഹിറ്റലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മര്‍ദനമേറ്റു. ജൂതന്മാര്ക്ക് നിഷേധിക്കപ്പെട്ട ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനായി കളിയോടുള്ള അടങ്ങാത്ത ആവേശം കാരണം സ്റ്റേഡിയത്തില്‍ ഒളിഞ്ഞുനോക്കിയതിന് നിരന്തരം മര്‍ദനമേറ്റു. രാജ്യത്തെ അറിയപ്പെടുന്ന ഹൈസ്കൂളില്‍ ജൂതന്മാര്ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ഹോളോകോസ്റ്റ് ഭീതിയുമുണ്ടായതോടെ 15-ാം വയസിലാണ് കിസിഞ്ജറുടെ കുടുംബം ജര്‍മനിയില്‍നിന്ന് പലായനം ചെയ്യുന്നത്.
ജര്‍മനിയില്‍ സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള കുടുംബമായിരുന്നെങ്കില്‍, അമേരിക്കയിലെത്തിയതോടെ ഏതൊരു അഭയാര്‍ഥി കുടുംബത്തേയുമെന്ന പോലെ, പട്ടിണി കിസിഞ്ജറുടെ കുടുംബത്തേയും കാര്യമായി ബാധിച്ചു. ഷേവിങ് ബ്രഷ് നിര്‍മാണ ഫാക്ടറിയില്‍ കിസിഞ്ജര്‍ ജോലി നോക്കി. പഠിക്കാന്‍ കുഞ്ഞിലേ മിടുക്കനായിരുന്ന കിസിഞ്ജര്‍ക്ക് ന്യൂയോര്‍ക്കിലെ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്കൂളില്‍ പ്രവേശനം ലഭിച്ചു. 1940-ല്‍ ഹൈസ്കൂള്‍ ബിരുദം നേടിയ കിസിഞ്ജര്‍, ന്യൂയോര്‍ക്കിലെ തന്നെ സിറ്റി കോളേജില്‍ അക്കൗണ്ടന്‍സി പഠിച്ചു. 1943-ല്‍ അമേരിക്കന്‍ പൗരത്വം കിട്ടിയ കിസിഞ്ജര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു.
അഞ്ചു വര്‍ഷത്തിന് ശേഷം ജോലി മതിയാക്കി, ജര്‍മനിയില്‍ തിരിച്ചെത്തി. ഫ്രാന്‍സില്‍ റൈഫിള്മാനായും പിന്നീട് ജര്‍മനിയില്‍ ജി-2 ഇന്റലിജന്‍സ് ഓഫീസറായും സൈന്യത്തിനായി പ്രവര്‍ത്തിച്ചു. പിന്നീട്, ഇതിലെല്ലാം മടുപ്പ് തോന്നിയ കിസിഞ്ജര്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്റെ പഠനം തുടരാന്‍ ആഗ്രഹിച്ചു. 1947-ല്‍ അമേരിക്കയില്‍ തിരിച്ചെത്തി, 1954-ഓടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പൂര്‍ത്തിയാക്കി. ഓസ്ട്രിയന്‍ നയതന്ത്രജ്ഞനായ ക്ലമെന്‍സ് വോണ്‍ മെറ്റേണിച്ചിന്റെ രീതികളെക്കുറിച്ചായിരുന്നു പഠനം. പില്കാലത്ത്, ഹെന്റി കിസിഞ്ജറുടെ ഓരോ തീരുമാനങ്ങളേയും മെറ്റേണിച്ച് സ്വാധീനിച്ചുവെന്നാണ് പറയപ്പെടുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപനവും പുസ്തകമെഴുത്തുമായി പിന്നീട് ജീവിതം. ഇതിനിടെയില്‍ തന്നെ ജോണ്‍ എഫ്. കെന്നഡിയും ലിന്‍ഡന്‍ ജോണ്‍സണും അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്നപ്പോള് വിദേശകാര്യങ്ങളില്‍ പ്രത്യേക ഉപദേഷ്ടാവുമായി. തുടര്‍ന്നാണ് 1969-ല്‍ ഹാര്‍വാര്‍ഡിലെ ജോലി ഉപേക്ഷിച്ച്, റിച്ചാര്‍ഡ് നിക്സന്റെ ക്ഷണം സ്വീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനം ഏറ്റടെുക്കുന്നത്. 75 വരെ സ്ഥാനത്തുതുടര്‍ന്നു. പിന്നീട് 1973- 77 വരെ വിദേശകാര്യ സെക്രട്ടറിയുമായി.
കിസിഞ്ജര്‍ നിക്സനൊപ്പം
വൂഡ്രോ വില്‍സണ്‍ കേണല്‍ ഹൗസിനെപ്പോലെ, റൂസ്വെൽറ്റിന് ഹാരി ഹോപ്കിന്സിനെപ്പോലെ, റിച്ചാര്‍ഡ് നിക്സനുമായുള്ള കിസിഞ്ജറുടെ ബന്ധം 'അസ്വാഭാവികമാം വിധം അടുപ്പമേറിയത്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ മൂന്ന് കാലഘട്ടത്തിലും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ പൂര്‍ണമായും അവഗണിച്ചായിരുന്നു രാജ്യത്തെ വിദേശനയം വികസിപ്പിച്ചിരുന്നത്. പല നയതന്ത്രനീക്കങ്ങളും വകുപ്പിലെ വിദഗ്ധരെ ഇരുട്ടില്‍ നിര്‍ത്തി നടപ്പാക്കി. ഭരണാധികാരിയെന്ന നിലയില്‍ നിക്സനുണ്ടായിരുന്ന കുറവുകളെല്ലാം നികത്തിയിരുന്നത് കിസിഞ്ജര്‍ ആയിരുന്നു. നിക്സന്റെ ദൗര്ബല്യമേഖലയായിരുന്ന ബൗദ്ധിക ഔന്നത്യം, കിസിഞ്ജര്‍ തന്റെ അക്കാദമിക് പാണ്ഡിത്യത്തിലൂടെ പരിഹരിച്ചു. നിക്സന് ലക്ഷണമൊത്ത പരമ്പരാഗത അമേരിക്കക്കാരനായിരുന്നപ്പോള്, കിസിഞ്ജര്‍ വിശ്വപൗരനായിരുന്നു. നിക്സനെപ്പോലെ താന്‍ രാഷ്ട്രീയത്തില്‍ ശക്തനല്ലെന്ന് അവകാശപ്പെടുമായിരുന്നെങ്കിലും ഒരുപക്ഷേ, നിക്സനോളമോ അതിനേക്കാളേറെയോ രാഷ്ട്രീയക്കാരനായിരുന്നു കിസിഞ്ജര്‍.
വിയറ്റ്നാമിലെ കിസിഞ്ജര്‍
വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തുവെന്ന് കാണിച്ച് 1973-ലെ നൊബേല്‍ സമാധാനസമ്മാനം കിസിഞ്ജര്‍ വിയറ്റ്നാമിലെ ജനറല്‍ ആയിരുന്നെ ലെ ദുക് തോയ്ക്കൊപ്പം പങ്കിട്ടിരുന്നു. പാരീസ് സമാധാന ഉടമ്പടിയുടെ പേരിലായിരുന്നു ഇരുവര്‍ക്കം പുരസ്കാരം. എന്നാല്‍, ഉടമ്പടി സമാധാനം കൊണ്ടുവന്നില്ലെന്നും ഇത്തരം ബൂര്‍ഷ്വാ വൈകാരികതകള്‍ തനിക്ക് ആവശ്യമില്ലെന്നും കാണിച്ച് ലെ ദുക് തോ അവാര്‍ഡ് നിരസിച്ചു. അവാര്‍ഡ് സ്വീകരിച്ച കിസിഞ്ജര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവാര്‍ഡ് തുക മാറ്റിവെച്ചു. അവാര്‍ഡ് ദാനച്ചടങ്ങില്‍ പക്ഷേ അദ്ദേഹം നേരിട്ട് പങ്കെടുത്തില്ല. പിന്നീട് അദ്ദേഹം പുരസ്കാരം തിരിച്ചു നല്‍കിയെങ്കിലും അവാര്‍ഡ് കമ്മിറ്റി അത് നിരസിച്ചു.
നൊബേല്‍ സമ്മാന കമ്മിറ്റിയുടെ വൈബ്സൈറ്റില്‍ ഹെന്റി കിസിഞ്ജറെ കുറിച്ചുള്ള ചെറു ജീവചരിത്രത്തില്‍ കൗതുകകരമായ ഒരു വിശദീകരണമുണ്ട്. അതിങ്ങനെയാണ്: 'ബോംബുകള്‍ വര്‍ഷിക്കാന്‍ ഉത്തരവിട്ടയാള്തന്നെ, അതേസമയത്ത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു'. വിയറ്റ്നാം യുദ്ധത്തില്‍ കിസിഞ്ജറുടെ ഇടപെടലിന്റെ സംക്ഷിപ്ത ചിത്രീകരണമാണിത്.
1959 മുതല്‍ 1975 വരെ നീണ്ടുനിന്ന യുദ്ധം പ്രത്യക്ഷത്തില്‍ ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും തമ്മിലുള്ളതായിരുന്നുവെങ്കിലും, അമേരിക്കയെ സംബന്ധിച്ച് അത് കമ്മ്യൂണിസ്റ്റുകള്ക്കെതിരായി പരാജയപ്പെട്ട യുദ്ധമായിരുന്നു. കമ്മ്യൂണിസ്റ്റ് സഖ്യങ്ങള്‍ ഉത്തരവിയറ്റ്നാമിനെ പിന്തുണച്ചപ്പോള്‍, ദക്ഷിണ വിയറ്റ്നാമിനൊപ്പമായിരുന്നു അമേരിക്ക. 1973-ഓടെയാണ് പാരീസ് ഉടമ്പടി പ്രകാരം യുദ്ധത്തില്‍നിന്ന് പിന്മാറാന് അമേരിക്ക തീരുമാനിക്കുന്നത്. തുടര്‍ന്ന് '75-ല്‍ കമ്മ്യൂണിസ്റ്റുകള്‍ ദക്ഷിണ വിയറ്റ്നാം പിടിച്ചടക്കുകയും വൈകാതെ തന്നെ ഇരു വിയറ്റ്നാമുകളും ഏകീകരിക്കപ്പെടുകയും ചെയ്തു.
1968-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിയറ്റ്നാം യുദ്ധം പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു. അമേരിക്കയുടെ ആത്മാഭിമാനം കാത്തുസൂക്ഷിച്ച് സമാധാനം കൊണ്ടുവരുമെന്ന് നിക്സണ് പ്രചാരണം നടത്തി. ദക്ഷിണ വിയറ്റ്നാമിനെ സ്വതന്ത്രമാക്കി യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു നിക്സണിന്റെ ലക്ഷ്യം. അമേരിക്കന്‍ ഉപാധികള്‍ അംഗീകരിച്ചുള്ള നയതന്ത്രപരമായ തീര്‍പ്പിന് ഉത്തര വിയറ്റ്നാം സന്നദ്ധമായില്ലെങ്കില്‍ ആണവായുധങ്ങള്‍ പോലും ഉപയോഗിക്കും എന്ന പ്രതീതിയുണ്ടാക്കിയായിരുന്നു നിക്സണിന്റെ പ്രചാരണം. യുദ്ധം അമേരിക്കന്‍ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടാക്കിയെങ്കിലും പെട്ടെന്ന് ദക്ഷിണ വിയറ്റ്നാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ അത് അമേരിക്ക പേടിച്ചു പിന്മാറുന്നതാണെന്ന് വിലയിരുത്തപ്പെടുമെന്നതിനാല്‍ അത്തരമൊരു നീക്കത്തിന് നിക്സണ് ഭരണകൂടം തയ്യാറായിരുന്നില്ല. ഉത്തര വിയറ്റ്നാമുമായി രഹസ്യചര്ച്ചകളിലൂടെ യുദ്ധത്തിന് വിരാമമിടാനായിരുന്നു കിസിഞ്ജര്‍ക്ക് നിക്സണ് നല്കിയ നിര്‍ദേശം.
അത്തരം രഹസ്യസന്ധി സംഭാഷണങ്ങളുടെ എല്ലാകാലത്തേയും അതികായനായ നയതന്ത്രജ്ഞനായി ഇന്നും കിസിഞ്ജര്‍ വിലയിരുത്തപ്പെടുന്നു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനേയും വിദേശകാര്യ സംവിധാനങ്ങളേയും പൂര്‍ണമായും ഇരുട്ടില്നിര്ത്തിയായിരുന്നു കിസിഞ്ജറുടെ നീക്കങ്ങള്‍. യുദ്ധമവസാനിച്ചാല്‍ തന്നെ അതിന്റെ ക്രെഡിറ്റ് രാജ്യത്തിനോ പ്രതിരോധവകുപ്പിനോ ലഭിക്കരുതെന്ന ഉദ്ദേശവും നിക്സണിനുണ്ടായിരുന്നു. എന്നാല്‍, നിക്സണേയും മറികടന്ന് അതിന്റെ എല്ലാ നല്ലപേരും ചെന്നുവീണത് കിസിഞ്ജര്ക്കായിരുന്നുവെന്നത് വൈപരീത്യം.
ഉത്തരവിയറ്റ്നാമിലെ ജനറലായിരുന്ന ലെ ദുക് തോയുമായി 68 തവണയാണ് യുദ്ധത്തില്‍നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് കിസിഞ്ജര്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ പലതും നിക്സണ് പോലും അറിഞ്ഞിരുന്നില്ലത്രേ. 'സമാധാനം കൊണ്ടുവന്നതിന്റെ' ക്രെഡിറ്റ് ലഭിക്കാന്‍ വിയറ്റ്നാമിലെ സൈഗണിനു പകരം ചര്‍ച്ചകള്‍ക്ക് വേദി തിരഞ്ഞെടുത്തത് പാരീസ്. ഇതിന്റെ തുടര്‍ച്ചയായായാണ് 1973 ജനുവരി 27-ന് ഇരുപക്ഷവും പാരീസ് സാമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്. '69 മുതല്‍ പരിഗണനയിലുണ്ടായിരുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കിസിഞ്ജറും നിക്സണും ചേര്‍ന്ന് നാലുവര്‍ഷം വൈകിപ്പിച്ചുവെന്ന ആക്ഷേപമാണ് പക്ഷേ, അവര്‍ക്കതിന് ലഭിച്ചത്.
വിയറ്റ്നാം യുദ്ധകാലത്ത് അതിനടുത്ത രാജ്യങ്ങളായ കംബോഡിയയിലും ലാവോസിലും തുടര്‍ച്ചയായ ബോംബ് ആക്രമണങ്ങളുണ്ടായി. യുദ്ധത്തില്‍ പക്ഷപാതരഹിതമായ നിലപാട് സ്വീകരിച്ച കംബോഡിയയുടേയും ലാവോസിന്റേയും അതിര്‍ത്തികള്‍ വഴി ഉത്തരവിയറ്റ്നാം പക്ഷം ആയുധക്കടത്ത് നടത്തി. ഇതിനെ പ്രതിരോധിക്കാന്‍ കിസിഞ്ജര്‍ കണ്ടെത്തിയ വഴിയായിരുന്നു കംബോഡിയയിലെ ബോംബാക്രമണം. ഓപ്പറേഷന് മെനു എന്നറിയപ്പെട്ട നീക്കം അമേരിക്കന്‍ കോണ്‍ഗ്രസില്‍നിന്ന് പോലും കിസിഞ്ജറും നിക്സണും മറച്ചുവെച്ചു. 1969-നും '70-നും ഇടയില്‍ 3,875 ബോംബ് ആക്രമണങ്ങള്‍ക്ക് കിസിഞ്ജര്‍ അനുമതി നല്‍കിയെന്നാണ് പെന്റഗണ്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഒന്നരലക്ഷത്തിനും അഞ്ചുലക്ഷത്തിനുമിടയില്‍ സാധാരണ പൗരന്മാര്ക്ക് ജീവന് നഷ്ടമായെന്നും ഔദ്യോഗിക രേഖകള്‍. ദക്ഷിണവിയറ്റ്നാമിനെ ലക്ഷ്യമിട്ടെന്ന വ്യാജേന പറന്നുയരുന്ന ബോംബര്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടായിരുന്നു കംബോഡിയയിലെ പല ബേസ് ഏരിയകളിലും ബോംബ് വര്‍ഷിച്ചത്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സ്നാക്ക്, ഡിന്നര്‍, സപ്പര്‍, ഡെസേര്‍ട്ട് എന്നിങ്ങനെയായിരുന്നു ഓപ്പറേഷനുകള്‍ക്ക് കിസിഞ്ജര്‍ നല്കിയ പേരുകള്‍.
കംബോഡിയയിലെ ബോംബിങ് വളരെ രഹസ്യമാക്കി, കോഡ് ഭാഷയിലുള്ള ആശയകൈമാറ്റത്തിലൂടെ, പല തലത്തിലുള്ള സംവിധാനങ്ങളിലൂടെയായിരുന്നു നടപ്പാക്കിയതെങ്കിലും വിവരം ചോര്‍ന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെ വാര്‍ത്ത ചോര്‍ത്തി നല്‍കിയവരെ കണ്ടെത്താന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ കിസിഞ്ജര്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്ക് നര്‍ദേശം നല്കി. ഈ വിവരവും വാട്ടര്‍ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്നതും 1973 സമാധാന ഉടമ്പടിക്ക് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതും കിസിഞ്ജര്‍ക്ക് വലിയ തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രഞ്ജന് എന്ന് വിശേഷിക്കപ്പെട്ടപ്പോഴും വിയറ്റ്നാം യുദ്ധത്തിലെ പരാജയം തീരാകളങ്കമായി.
ഇന്ത്യയോടുള്ള സമീപനം
ഇന്ത്യയോടുള്ള കനത്ത പുച്ഛത്തിന്റെയും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള കടുത്ത അനിഷ്ടത്തിന്റേയും പേരില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ അപ്രീതിയാണ് കിസിഞ്ജര്ക്കുള്ളത്. ഒന്നാന്തരം മുഖസ്തുതിക്കാര്‍, അധികാരത്തിലുള്ളവരുടെ കാലുനക്കാന്‍ മിടുക്കന്മാര് എന്ന കിസിഞ്ജറുടെ അഭിപ്രായപ്രകടനം വലിയ വിമര്‍ശനം ഏറ്റുവാങ്ങി. 1971 ജൂണ്‍ 17-ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു കിസിഞ്ജറുടെ അഭിപ്രായപ്രകടനം. സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പുകള്‍ രഹസ്യപ്പട്ടികയില്നിന്ന് നീക്കിയതിനെത്തുടര്‍ന്ന് യു.എസ്. മാധ്യമങ്ങള്‍ അവ പുറത്തുവിട്ടിരുന്നു.
യോഗത്തില്‍, ഇന്ത്യയ്ക്കാരെ ദരിദ്രവാസികളെന്നും സൗന്ദര്യമില്ലാത്തവരെന്നും ആണും പെണ്ണുമല്ലാത്തവരെന്നും നിക്സണ് അധിക്ഷേപിക്കുന്നുണ്ട്. പുറത്തുവന്ന ടേപ്പില്‍ 50-ാം മിനിറ്റോട് അടുക്കുമ്പോള്‍ നിക്സന് ഇങ്ങനെ പറയുന്നു: 'ഒരു സംശയവും വേണ്ട, ലോകത്തിലെ ഏറ്റവും ഭംഗിയില്ലാത്ത സ്ത്രീകള്‍ ഇന്ത്യയിലേതാണ്. ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരോ എന്ന് അപ്പോള്‍ ആളുകള്‍ ചോദിക്കും. പക്ഷേ, അവര്‍ക്കൊരു ഓജസ്സുണ്ട്, മൃഗസദൃശമായ ഒരു വശ്യതയുണ്ട്. പക്ഷേ, ഈ ഇന്ത്യക്കാര്‍ കഷ്ടമാണ്'. 'അവര്‍ മികച്ച മുഖസ്തുതിക്കാരാണ്. മുഖസ്തുതിയില്‍ അവര്‍ മിടുക്കരാണ്. സൂക്ഷ്മമായ മുഖസ്തുതിയില്‍ വിദഗ്ധര്‍. അങ്ങനെയാണ് അവര്‍ 600 വര്‍ഷം അതിജീവിച്ചത്. അവര്‍ ആളുകളെ ഊറ്റിയെടുക്കുന്നു. പ്രധാന സ്ഥാനങ്ങളിലുള്ളവരെ അവര്‍ ഊറ്റി ജീവിക്കുന്നു, അതാണ് അവരുടെ പ്രധാന കഴിവ്' എന്ന് നിക്സന് മറുപടിയായി കിസിഞ്ജര്‍ പറയുന്നു.
നിക്സന്റെ കാലത്തെ ഔദ്യോഗികരേഖകള്‍ പരസ്യമാക്കണമെന്നാവ്യപ്പെട്ട് നിയമയുദ്ധം നടത്തിയ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഗാരി ജെ. ബാസ് 1971 നവംബര്‍ നാലിന് ഇന്ദിരാഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയ്ക്കിടെ കിസിഞ്ജര്‍- നിക്സണ് അനൗദ്യോഗിക സംഭാഷണത്തില്‍ ഇന്ത്യക്കാരെയും പ്രധാനമന്ത്രിയെയും മോശം വാക്കുകളില്‍ അധിക്ഷേപിക്കുന്നതായി, ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിവാദമായ പരാമര്‍ശങ്ങളില്‍ പിന്നീട് കിസിഞ്ജര്‍ ഖേദമറിയിച്ചു.
1971-ലെ വിമോചനയുദ്ധത്തില്‍ നിക്സണ് ഭരണകൂടവും കിസിഞ്ജറും പാകിസ്താനൊപ്പം നിലകൊണ്ടതും ഇന്ത്യക്കെതിരേ നീക്കങ്ങള്‍ നടത്തിയതും ചരിത്രമാണ്. 1971-ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ ധാര്‍മികമായും രാഷ്ട്രീയമായും സാമ്പത്തികമായും ഭൗതികമായും നിക്സണും കിസിഞ്ജറും പാകിസ്താനൊപ്പം നിന്നു. ഇന്ത്യയുമായി അടുപ്പമുള്ള സോവിയറ്റ് യൂണിയന് ദക്ഷിണേഷ്യയില്‍ പിടിമുറുക്കാതിരിക്കാന്‍ പാകിസ്താനൊപ്പം നില്‍ക്കണം എന്നായിരുന്നു അമേരിക്കന്‍ നിലപാട്. ചൈനയുമായി രാഷ്ട്രീയ- വ്യാപാര ബന്ധത്തിന് ശ്രമിക്കുന്ന നിക്സണും കിസിഞ്ജറും ഈ ബന്ധത്തിന് പാകിസ്താനെ ഇടനിലക്കാരായി ഉപയോഗിക്കുക കൂടി ചെയ്തിരുന്ന കാലത്താണ് യുദ്ധമുണ്ടാവുന്നത്. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കന്‍ പാകിസ്താനില്‍ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകള്‍ അറിഞ്ഞിട്ടും കിസിഞ്ജറും നിക്സണും ചേര്‍ന്ന് അത് മറച്ചുവെച്ചു.
യുദ്ധം ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് ചൈനീസ് പട്ടാളത്തെ അയക്കാന്‍ നിക്സണ് ആവശ്യപ്പെട്ടു. എന്നാല്‍, ചൈനീസ് കടന്നുകയറ്റം, യുദ്ധമുഖത്തേക്ക് സോവിയറ്റ് യൂണിയനെയും വിളിച്ചുവരുത്തുമെന്നറിയാമായിരുന്ന കിസിഞ്ജര്‍ 'ഇന്ദിരയെ പേടിപ്പിക്കാന്‍' ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒരു നാവിക കപ്പല്‍ അയക്കാനാണ് ആവശ്യപ്പെട്ടത്. ചൈനയുടെ കപ്പലിനെ തടയാന്‍ സോവിയറ്റ് യൂണിയന് രംഗത്തെത്തിയതോടെ അവിടയും കിസിഞ്ജര്‍ തന്ത്രം പരാജയപ്പെട്ടതും ചരിത്രം. യു.എസിന് ഇന്ത്യയെ ഭയപ്പെടുത്താന്പോലും സാധിച്ചില്ലെന്ന് മാത്രമല്ല, കിഴക്കന്‍ പാകിസ്താനില്‍ ഇന്ത്യന്‍ ദൗത്യം ശക്തമായി തുടരുകയും ചെയ്തു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കിയ ചരിത്രം കൂടി, 1971-ലെ പാകിസ്താന്റെ തോല്‍വിയോടെ കിസിഞ്ജറിനുണ്ടായിരുന്നു.
കിസിഞ്ജര്‍; നിക്സണ് ശേഷം
വാട്ടര്‍ഗേറ്റ് വിവാദത്തെത്തുടര്‍ന്ന് നിക്സണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. ജെറാള്‍ഡ് ഫോഡിന്റെ വിദേശകാര്യ സെക്രട്ടറിയായെങ്കിലും നേരത്തെയുണ്ടായിരുന്ന സ്വാധീനം കിസിഞ്ജര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങി. 1976-ല്‍ ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായതോടെ കിസിഞ്ജറും അധികാരത്തിന് പുറത്തായി. എങ്കിലും പലപ്പോഴും അമേരിക്കന്‍ ഭരണകൂടത്തിന്റെ പല സുപ്രധാന നയരൂപീകരണ സമിതികളിലും അദ്ദേഹം ഭാഗമായി. '77-ല്‍ കൊളംബിയ സര്‍വകലാശാല അദ്ദേഹത്തിന് സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം പിന്‍വലിച്ചു. പല സര്‍വകലാശാലകളിലും അധ്യാപനം നടത്തിയ ശേഷം 1982-ല്‍ കിസിഞ്ജര്‍ അസോസിയേറ്റ്സ് എന്ന പേരില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനം തുടങ്ങി. പിന്നീട് മാധ്യമസ്ഥാപനങ്ങളടക്കം പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിയായി. 2000-ത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് അബ്ദുറഹ്മാന് വാഹിദ് കിസിഞ്ജറെ തന്റെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചു. 2002-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അന്വേഷിക്കാന്‍ ജോര്‍ജ് ബുഷ് ഏര്‍പ്പെടുത്തിയ കമ്മിഷന്റെ അധ്യക്ഷനായി. പക്ഷേ ഒരുമാസത്തിനുള്ളില്‍ തന്നെ സ്ഥാനം രാജിവെച്ചു.
വില്ല്യം പെറി, സാം നണ്, ജോര്‍ജ് ഷുള്‍ട്സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്, ആണവായുധരഹിത ലോകത്തിനായി വാദിക്കുന്നവരുടെ കൂട്ടത്തിലും കിസിഞ്ജറെ നാം കണ്ടു. 2008- ല്‍ പൊതുസേവനത്തിന് നല്കിയ സംഭാവനകളുടെ പേരില്‍ അമേരിക്ക പാട്രിയോട്ട് അവാര്‍ഡ് നല്കി ആദരിച്ചു. പ്രസിഡന്റ് സ്ഥാനാര്ഥിയായിരുന്നതു മുതല്‍ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പേരിലും കിസിഞ്ജര്‍ വാര്‍ത്തകളില്‍നിറഞ്ഞു. ട്രംപിനേക്കാള്‍ അമേരിക്കയില്‍ ഹിലരി ക്ലിന്റണ് യു.എസ്. പ്രസിഡന്റാവണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുതിന് ആഗ്രഹിച്ചിരുന്നതായി കിസിഞ്ജറുടെ പ്രസ്താവനയും ചര്‍ച്ച ചെയ്യപ്പെട്ടു.
പഠനങ്ങളും ലേഖനങ്ങളും തീസിസുകളും ഓര്‍മക്കുറിപ്പുകളുമായി ഏതാണ്ട് 20 പുസ്തകങ്ങള്‍ കിസിഞ്ജറുടേതായി പുറത്തുവന്നിട്ടുണ്ട്. നൊബേലടക്കം വിവിധ പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ആദരസൂചകമായി വിവിധ പദവികള്‍ സര്‍വകലാശാലകളും മറ്റും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. ജര്‍മനിയുടെ ബവേറിയന്‍ മാക്സിമില്ല്യന്‍ ഓര്‍ഡര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടാണ് ഏറ്റവും ഒടുവില്‍ ലഭിച്ച ബഹുമതി.
Content Highlights: Henry Kissinger American Diplomat Dies At 100
Published: 30 Nov 2023, 12:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented