
'ജീവിതത്തിന്റെ പ്രൈം ടൈം മുഴുവൻ ഊണും ഉറക്കവും കളഞ്ഞ് നേടിയ ഡിഗ്രിയാണ്. കരിയറിനെ കുറിച്ച് അത്രയേറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, വിധി എന്നോട് പറഞ്ഞത് വീട്ടിലിരിക്കാനാണ്. ആരോടും പരിഭവമില്ല. നമുക്ക് വന്നത് നമ്മളത് കണ്ണടച്ച് കൊണ്ടുനടക്കുക അതിനപ്പുറത്തേക്ക് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. അങ്ങനെയാണ് സമൂഹം എന്ന് മനസ്സിലാക്കിക്കഴിഞ്ഞു.'
ഭിന്നശേഷിക്കാരനായ മകന്റെ ജനനത്തോടെ ജോലി രാജിവെക്കേണ്ട വന്ന ഒരമ്മയുടെ ആത്മഗതമാണിത്. തിരുവനന്തപുരം സ്വദേശിയായ ഡോ.അശ്വതി ഒരു കൂട്ടം അമ്മമാരുടെ പ്രതിനിധിയാണ്. ഭിന്നശേഷിക്കാരനായ കുഞ്ഞിന്റെ ജനനത്തോടെ സാമൂഹിക ജീവിതവും പൊതുവിടങ്ങളും തൊഴിലും നഷ്ടപ്പെട്ട അനേകമനേകം അമ്മമാരുടെ പ്രതിനിധി.
ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിന്റെ ജനനം നേരിട്ട് ബാധിക്കുന്നത് അമ്മയുടെ ജീവിതത്തെയാണ്. പൊതുവിടങ്ങളിലെ ഇടം നഷ്ടപ്പെടുന്നത് മുതൽ അകലുന്ന ബന്ധുക്കളും സുഹൃത്തുക്കളും കുറ്റപ്പെടുത്തലുകളും കുഞ്ഞിന്റെ ഉത്തരവാദിത്തവും മാത്രമായി അമ്മയുടെ ലോകം ചുരുങ്ങുന്നു. കുഞ്ഞിനൊപ്പം അമ്മയും വീട്ടിൽ തളച്ചിടപ്പെടുന്നു. ജീവിതത്തോട് ആദ്യമൊക്കെ പിണങ്ങുമെങ്കിലും പിന്നീട് സമരസപ്പെടുന്ന അമ്മമാരുണ്ട്, നിസ്സഹായത മാത്രം മുതൽക്കൂട്ടായി ജീവിതത്തോട് ഒരോ നിമിഷവും പടവെട്ടി മുന്നേറേണ്ടി വരുന്നവരുണ്ട്. കടുത്ത മാനസികാസ്വാസ്ഥ്യങ്ങളിൽ ഉരുകിത്തീരുന്നവരുണ്ട്. അതിജീവനത്തിന്റെ അപൂർവ മാതൃകകളായി ചിലരും. അതേ വാക്കുകളാൽ പറഞ്ഞൊതുക്കാൻ സാധ്യമല്ലാത്തത്രയും സങ്കീർണമാണ് ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധികമായ വെല്ലുവിളി, സ്പൈനൽ മസ്‌കുലാർ അട്രോഫി തുടങ്ങി ഭിന്നശേഷി നേരിടുന്നവരുടെ ജീവിതം. അവരെ പരിചരിക്കുന്ന അമ്മമാരുടേത് നരകതുല്യവും.
വിവാഹം തുടങ്ങിയ ആഘോഷപരിപാടികൾ, ഉറ്റവരുടെ മരണം, എന്തിന് വയ്യാതായാൽ ഒന്ന് ആശുപത്രിയിൽ പോകാൻ വരെ കുട്ടികളെ ആരെ ഏൽപ്പിച്ചുപോകുമെന്ന് ആധികൊള്ളുകയാണ് ഈ അമ്മമാർ. ഏകരക്ഷിതാവാണെങ്കിൽ ഉപജീവനമാർഗം കൂടി ആ അമ്മയുടെ ഉത്തരവാദിത്തമായി മാറുന്നു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ബിന്ദു ഓട്ടിസമുള്ള മകളെ കെട്ടിയിട്ടാണ് ജോലിക്ക് പോകുന്നത്. മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കുന്ന ജോലിയാണ് ബിന്ദുവിന്..സ്വന്തം ആവശ്യമെന്തെന്ന് പറയാനറിയാത്ത ഈ കുഞ്ഞുങ്ങളെ തൂണിൽ കെട്ടിയിട്ടും ശുചിമുറിയിൽ അടച്ചിട്ടും ജോലിക്ക് പോകാൻ നിർബന്ധിതരാകുന്ന ബിന്ദുവിനെ പോലുള്ള അമ്മമാർ നിരവധിയുണ്ട്. കുഞ്ഞിനെ നോക്കൽ, ഉപജീവനം, വീട്ടുജോലികൾ, ഭിന്നശേഷിക്കാരനായ കുഞ്ഞല്ലാതെ മറ്റൊരു കുട്ടി കൂടിയുണ്ടെങ്കിൽ അവരുടെ പരിപാലനം താങ്ങാനാകുന്നതിലും വലിയ ഭാരമായി ജീവിതം ജീവിച്ചുതീർക്കുന്ന അമ്മമാർ.
കഴിഞ്ഞ വർഷം ഓട്ടിസമുള്ള കുട്ടിയുടെ അമ്മമായ പ്രീത ജി.പി. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് സാമൂഹിക ജീവിതം നഷ്ടപ്പെടുന്ന അമ്മമാരുടെ ജീവിതത്തിലേക്ക് സമൂഹത്തിന്റെ കണ്ണുതുറപ്പിച്ചത്. 'വളർത്തുമൃഗങ്ങളെ സുരക്ഷിതമായി ഏൽപ്പിച്ചു പോകാൻ ഉള്ള ഇടങ്ങൾ വരെ ഉണ്ട് നമ്മുടെ നാട്ടിൽ ചിലയിടത്തൊക്കെ. എന്നിട്ടും 24X365 ദിവസങ്ങളും ഓട്ടിസമോ ഭിന്നശേഷിയോ ഉള്ള കുഞ്ഞുങ്ങളെ 2 ദിവസം പോയിട്ടു 2 മണിക്കൂർ ഏൽപ്പിച്ചു പോകാൻ സൗകര്യമുളള ഒരിടമില്ല. ഇത്തരം പ്രശ്‌നങ്ങൾകൊണ്ട് എന്നന്നേക്കുമായി സാമൂഹിക ജീവിതം ഇല്ലാതായിപ്പോയ സ്ത്രീകളുടെ കണക്കെടുക്കണം സാമൂഹ്യനീതി വകുപ്പ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നാലാൾ കൂടുന്ന ഒരു പരിപാടിയിലും പങ്കെടുക്കാൻ കഴിയാത്ത അമ്മമാരുണ്ട് ഈ നാട്ടിൽ. കുട്ടി ജനിച്ചതിനു ശേഷം പുറംലോകം കാണാത്ത സ്ത്രീകൾ.' - പ്രീതയുടെ വാക്കുകൾ മഹത്വവൽക്കരിക്കപ്പെട്ട മാതൃത്വമെന്ന സങ്കല്പത്തിന്റെ മുഖത്ത് ആഞ്ഞടിക്കുന്നതായിരുന്നു.
'എന്റെ മകൻ എന്നേക്കാൾ ഉയരമൊക്കെയായി. എനിക്ക് തനിച്ച് അവന്റെ കാര്യങ്ങൾ ചെയ്യുക എളുപ്പമല്ല. ഭർത്താവ് കൂടെയുള്ളതുകൊണ്ട് കാര്യങ്ങൾ നടന്നുപോകുന്നു. അവനെ നോക്കിക്കൊണ്ടിരിക്കണം. അപസ്മാരം എപ്പോൾ വരുമെന്ന് പറയാനാകില്ല. ശരിക്കുള്ള ഭാഷയില്ല, തിരിച്ചറിവില്ല. ആവശ്യങ്ങൾ, അത് വിശക്കുന്നുണ്ടെങ്കിലും ദാഹിക്കുന്നുണ്ടെങ്കിലും, കണ്ടറിഞ്ഞ് ചെയ്യണം. കസേരയിൽ ലോക്ക് ചെയ്ത് എത്ര നേരം ഇരുത്താനാകും. കസേരയിൽനിന്നു മാറ്റിയാൽ നിലത്തിരുത്തണം. പക്ഷേ, അവിടെനിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെങ്കിൽ നമ്മൾ തന്നെ ഉയർത്തണം. അവൻ വളരുകയാണ്. അത് എളുപ്പമല്ലാതായി കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും അത്യാവശ്യത്തിനായി എങ്ങോട്ടെങ്കിലും ഒന്ന് നീങ്ങണമെങ്കിൽ പോലും അവൻ എപ്പോഴാണോ അതിന് തയ്യാറാകുന്നത് അതിനനുസരിച്ചേ സാധിക്കൂ. ഒരാൾ വീട്ടിൽ വന്ന് കോളിങ് ബെൽ അടിച്ചാൽ പോലും വേറെ ആരുമില്ലെങ്കിൽ പോയി തുറക്കാൻ സാധിക്കില്ല. ഇവനെങ്ങാനും എണീക്കാൻ ശ്രമിച്ച് വീണുപോയാൽ, മുറിവു പറ്റിയാൽ സാഹചര്യങ്ങൾ കുറേക്കൂടി മോശമാകും.'
അശ്വതി പറയുന്നു. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലുള്ള കുഞ്ഞുങ്ങളാണെങ്കിൽ കുട്ടികൾ കൗമാരത്തിലേക്ക് കടക്കുന്നതോടെ പല മാതാപിതാക്കളും ശാരീരികമായി കൂടി തളരുകയാണ്. കുട്ടിക്കാലത്ത് എടുക്കുന്നത് പോലെയല്ലല്ലോ കൗമാരത്തിലേക്ക് പ്രവേശിച്ച ഒരു കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്. കൗമാരത്തിലേക്ക് കടക്കുന്നതോടെ കുട്ടികൾ വലുതാകും. മറ്റു വ്യായാമങ്ങൾ ഇല്ലാത്തതു കൊണ്ടുതന്നെ ശരീരഭാരം വർധിക്കും. എന്നും ഇവരെ എടുത്ത് കിടത്തുകയും മറ്റും ചെയ്യേണ്ടി വരുമ്പോൾ മാതാപിതാക്കളുടെ ആരോഗ്യവും ക്ഷയിക്കുകയാണ്.
'വിവാഹത്തിനൊന്നും പോകാറില്ല. കുഞ്ഞിനെ ഇട്ട് പോകാനാവില്ല. കുഞ്ഞിനെ കൊണ്ടുപോകാമെന്ന് കരുതിയാൽ ഇത്തരം കുട്ടികളുടെ സാന്നിധ്യം തന്നെ പലർക്കും ഇഷ്ടപ്പെടണമെന്നില്ല. ബന്ധുക്കളെല്ലാം നിനക്ക് വരാൻ പറ്റില്ലെന്നറിയാം എന്നുപറഞ്ഞാണ് പല ആവശ്യങ്ങൾക്കും ക്ഷണിക്കുന്നത് തന്നെ. അഥവാ മറ്റാരെയെങ്കിലും ഏൽപിച്ചാലും; പോയി വരുന്നത് വരെ എന്തായിക്കാണുമോ എന്ന ആശങ്കയാണ്.' മലപ്പുറത്തുനിന്നുള്ള അമ്മ പറയുന്നു. കുട്ടികളിൽ പലർക്കും കൃത്യമായി ആശയവിനിയമം നടത്താനാകാത്തതുകൊണ്ടും സ്വന്തം കാര്യങ്ങൾ ചെയ്യാനാകാത്തതുകൊണ്ടും എല്ലാം ചെയ്തുകൊടുക്കുന്നത് എല്ലായ്‌പ്പോഴും അമ്മമാർ തന്നെയാണ്. സ്ഥിരമായി ചെയ്യുന്നത് അമ്മമാരായതു കൊണ്ടുതന്നെ മറ്റാരുടെ അടുത്തും കുട്ടി ആശ്വാസം കണ്ടെത്തണമെന്നില്ല. പക്ഷേ, രാവും പകലും കുഞ്ഞിന് കൂട്ടിരിക്കുന്ന കെയർടേക്കർമാരായ അമ്മമാർക്ക് കെയർ ആവശ്യമുണ്ടെന്ന് പലപ്പോഴും കുടുംബം ഉൾപ്പടെയുള്ളവർ മറന്നുപോകുന്നുമുണ്ട്. ഫലമോ താങ്ങാനാകാത്ത സമ്മർദത്തിലേക്ക് ഇവരാഴ്ന്നുപോകുന്നു. കുടുംബമെന്ന സ്ഥാപനത്തിന്റെ കർത്തവ്യങ്ങൾ പാലിക്കപ്പെടേണ്ടത് ഇവിടെയാണ്. അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കുട്ടിയെ മാറ്റാതിരിക്കുക, കുടുംബാംഗങ്ങൾ മുഴുവൻ ക്ഷമയോടെ പിന്തുണ നൽകുക. വിദേശരാജ്യങ്ങളിലുളളതുപോലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഏതു രാത്രിയിലും വിളിച്ച് സംസാരിക്കാൻ സാധിക്കുന്ന കൗൺസിലർമാരുടെ സേവനം ഉറപ്പുവരുത്തുക.
'സാധാരണ ജീവിതം നയിക്കുന്നവരെ ഉദ്ദേശിച്ചാണ് സമൂഹത്തിൽ എല്ലാ കാര്യങ്ങളും നിലനിൽക്കുന്നത്. അതിനകത്ത് ഭിന്നശേഷിക്കാരനായ ഒരാളുമായി സഞ്ചരിക്കുമ്പോൾ എല്ലാ മേഖലയിലും വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ട്. കുഞ്ഞിനെ വീൽചെയറിലിരുത്തി നടക്കാനിറങ്ങാമെന്ന് കരുതിയാൽ നമ്മുടെ നാട്ടിലെ റോഡുകളിൽ ഫുട്പാത്തുകളുണ്ടോ? പാർക്കിലേക്കോ മറ്റു പൊതുഇടങ്ങളിലേക്കോ കാറിൽ കൊണ്ടുപോയാൽ പോകുന്നിടത്തിന് അടുത്തായി ഇവർക്കായി സംവരണം ചെയ്ത ഒന്നോ രണ്ടോ പാർക്കിങ് സ്ലോട്ടുകളെങ്കിലുമുണ്ടോ..എത്രയിടത്ത് റാമ്പുകളുണ്ട്. നമ്മുടെ ബുദ്ധിമുട്ടുകൾ മുന്നോട്ടുവെച്ചാലും കേൾക്കുന്നവർ അനുഭവിക്കാത്തതുകൊണ്ട് അവർക്കത് മനസ്സിലാകണമെന്നില്ല.' വീട്ടിനകത്ത് അടഞ്ഞിരിക്കാതെ സ്വയം പുറത്തിറങ്ങാൻ വഴി കണ്ടെത്തണമെന്ന് അമ്മമാരോടു പറയാൻ പോലും സാധിക്കാത്ത വിധത്തിൽ നേരിടുന്ന വെല്ലുവിളികളെ അശ്വതി ചൂണ്ടിക്കാണിച്ചുതരുന്നു.
തൊഴിൽ നഷ്ടം
കുഞ്ഞുണ്ടാകുന്നതോടെ തൊഴിൽ പലപ്പോഴും നഷ്ടപ്പെടുന്നത് അമ്മമാർക്കാണ്. കുഞ്ഞുങ്ങളുണ്ടാകുന്നതിന് എത്രയോ മുമ്പ് ആഗ്രഹിച്ചാണ് പലരും പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കുന്നത്. കോഴ്‌സെല്ലാം കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ അവർക്ക് പൂർണ ശ്രദ്ധ നൽകേണ്ടി വരുമ്പോൾ കുഞ്ഞോ ജോലിയോ എന്ന ചിന്ത ഉയരും പലപ്പോഴും ജോലി കളയാൻ നിർബന്ധിതരാകുക സ്ത്രീകൾ തന്നെയായിരിക്കും. ഈ അമ്മമാരെ ഉൾക്കൊള്ളാൻ സർക്കാരാണ് എന്തെങ്കിലും ചെയ്യേണ്ടത്. 'ഇങ്ങനെയൊരു കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകില്ല. നമുക്ക് അങ്ങനെ നമ്മുടെ കാര്യം നോക്കിപ്പോകാം എന്നൊരു മാനസികാവസ്ഥ ഒരിക്കലും അമ്മയ്ക്ക് വരുന്നില്ല. അതുകൊണ്ട് സ്വാഭാവികമായിട്ടും അമ്മയുടെ പ്രാഥമിക പരിഗണനകൾ മാറും, കരിയർ മാറ്റിവെക്കും. സാമൂഹിക നീതിക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. പക്ഷേ കുഞ്ഞുമായി ജോലി തുടരാൻ സാധിക്കാതെ വന്നതുകൊണ്ട് എനിക്ക് രാജിവെക്കേണ്ടി വന്നു.'- അശ്വതി പറയുന്നു.
ബുദ്ധിമുട്ടുള്ള സാഹചര്യത്തിലെ സ്ത്രീകൾ (women in difficult circumstances) എന്ന വിഭാഗത്തിൽ ഞങ്ങളെ ഉൾപ്പെടുത്താത്തത് എന്താണ്? ഭിന്നശേഷിയുള്ള ഒരു കുഞ്ഞുമായി ജീവിക്കുന്ന സ്ത്രീകളെല്ലാം അത്തരമൊരു സാഹചര്യത്തിലല്ലേ ജീവിക്കുന്നത്. എന്തുകൊണ്ട് ആ ടൈറ്റിൽ ഞങ്ങൾക്ക് ആപ്ലിക്കബിൾ അല്ല? ഞങ്ങൾ ഡിഫികൾട്ട് സിറ്റുവേഷനിലല്ലേ? ഞങ്ങളെപോലുള്ളവരുടെ സംരക്ഷണത്തിനും നയരൂപീകരണങ്ങളുണ്ടാകണം. ശരിയാണ് ഞങ്ങളോരോരുത്തരുടെയും പ്രശ്‌നങ്ങൾ വ്യത്യസ്തമായിരിക്കും. പക്ഷേ ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ സ്റ്റേറ്റുപോലും തയ്യാറല്ലെങ്കിൽ പിന്നെ സമൂഹത്തോട് എങ്ങനെ ആവശ്യപ്പെടാൻ സാധിക്കും?
കുഞ്ഞിനെ വെച്ച് പഠിച്ച് പി.എസ്.സി. ടോപ്പ് റാങ്കിൽ വന്ന് സർക്കാർ ജോലി കിട്ടുക ഞങ്ങൾ സ്‌പെഷൽ അമ്മമാരെ സംബന്ധിച്ച് എളുപ്പമല്ല. ഇങ്ങനെയുള്ള അമ്മമാരെ എത്ര സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്കെടുക്കാൻ തയ്യാറാകും? ജവാന്റെ വിധവയാണോ, സംവരണ പരിധിയിൽ വരുന്നതാണോ എന്നെല്ലാം അപേക്ഷാ ഫോമുകളിൽ ചോദ്യമുണ്ടാകാറില്ലേ..ജാതിയും മതവും വരെ ചോദിക്കാറുണ്ട്. അതിനൊപ്പം സ്‌പെഷ്യൽ മദറാണോ എന്നൊരു ചോദ്യം ഉൾപ്പെടുത്താത്തത് എന്താണ്. ഞങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നവരല്ലേ?
അമ്മയെന്ന കിരീടമല്ല, മനുഷ്യനെന്ന പരിഗണനയാണ് വേണ്ടത്
'മാതൃത്വത്തെ അമിതമായി മഹത്വവത്ക്കരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. സ്‌പെഷ്യൽ കുട്ടികളെ ഒരുപടി കൂടി കടന്ന് ത്യാഗസമ്പന്നരായും കരുണയുടെ ആൾരൂപമായും അതിജീവനത്തിനത്തിന്റെ മാതൃകയായും വിശേഷിപ്പിക്കുന്നുണ്ട്. പക്ഷേ, അവർ ആഗ്രഹിക്കുന്നത് അത്തരത്തിലൊരു മഹത്വവൽക്കരണമല്ല. ഞങ്ങളും മനുഷ്യരാണെന്ന പരിഗണന മാത്രമാണ്. 'കെയർ ടേക്കേഴ്സിന് കെയർ വേണമെന്ന് അറിയുന്ന സമൂഹമല്ലല്ലോ കേരളത്തിലേത്. ഈ അമ്മമാരെ മഹദ് വ്യക്തികളായി ആഘോഷിക്കുന്ന സമൂഹമാണ് നമ്മുടേത്. ഇതുപോലെയുളള കുട്ടികളെ നോക്കുന്ന അമ്മമാരെല്ലാം മഹത്വവൽക്കരിക്കപ്പെട്ട ആളുകളാണ്. അവർക്ക് കൗൺസിലിങ് വേണ്ട, അവരെ വേണമെങ്കിൽ രൂപക്കൂടുണ്ടാക്കി അതിനുളളിൽ ഇരുത്താം. പക്ഷേ, മാനുഷിക പരിഗണന നൽകില്ല. ഒറ്റപ്പെടലിന്റെ പ്രശ്നം എത്ര ഭീകരമാണെന്നോ.' -ഓട്ടിസമുള്ള പതിനെട്ടുകാരന്റെ അമ്മ പ്രീത പറയുന്നു.
"ഒരു സ്ത്രീ പൂർണതയിലെത്തുന്നത് അവൾ അമ്മയാകുമ്പോഴാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു കുഞ്ഞിനെ സ്വപ്‌നംകണ്ടുതുടങ്ങുന്ന പ്രായത്തിനുംഎത്രയോ മുമ്പ് മുതൽ മനസ്സിൽ വേരുറച്ച സ്വപ്‌നങ്ങളായിരിക്കും സ്വന്തം ജോലിയും സ്വയംപര്യാപ്തയുമൊക്കെ. ചിലപ്പോഴെങ്കിലും മാതൃത്വം പൂർണതയ്ക്ക് പകരം എല്ലാ സ്വപ്‌നങ്ങളുടെയും വേരറുത്ത് ജീവിതങ്ങൾക്ക് അപൂർണതയും നൽകാറുണ്ട് എന്നതാണ് വാസ്തവം." - അശ്വതി പറയുന്നു. ഇതിനെല്ലാം പുറമേയാണ് തങ്ങളുടെ കാലശേഷം കുഞ്ഞിനെ ആരുനോക്കുമെന്ന മാതാപിതാക്കളുടെ ആശങ്ക.
അമ്മമാർക്കും വേണം കരുതൽ
ഭിന്നശേഷിയുളള ഒരു കുഞ്ഞിന്റെ ജനനത്തോടെ അമ്മയ്ക്കില്ലാതാകുന്ന സാമൂഹിക ജീവിതവും തൊഴിലും തിരിച്ചുനൽകാൻ ആദ്യം വേണ്ടത് കുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിക്കാൻ സാധിക്കുന്ന ഇടങ്ങളാണ്. ഇതിനായി ഓരോ അങ്കണവാടിയുടെ പരിധിയിലും പകൽവീട് അല്ലെങ്കിൽ കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സ്നേഹവീട് തുടങ്ങിയ മാതൃകയിലുളള ഇടങ്ങൾ ആരംഭിക്കാം.
വരുമാനനഷ്ടം പരിഹരിക്കുന്നതിനായി അമ്മയുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് അവർക്ക് എന്തു ജോലി ലഭിക്കുമായിരുന്നോ അതിന് എന്ത് ശമ്പളം ലഭിക്കുമായിരുന്നോ അതു നൽകാൻ ഭരണകൂടം തയ്യാറാകണം. ഇങ്ങനെ ചെയ്യുന്ന ഗൾഫ് രാജ്യങ്ങളുണ്ട്. വരുമാനനഷ്ടം പരിഹരിക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
സാമൂഹിക നീതിക്ഷേമ വകുപ്പ് ആദ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ സെൻസസ് എടുക്കണം. സെൻസസ് എടുക്കുമ്പോൾ അവരുടെ ഡിസബിലിറ്റി കൃത്യമായി പരിശോധിക്കാനുളള സംവിധാനം വേണം. അതിനനുസരിച്ച് കുട്ടികളെ പരിചരിക്കാനുളള സംവിധാനങ്ങൾ ഒരുക്കണം. രക്ഷിതാക്കൾക്ക് പുറത്തിറങ്ങേണ്ടി വരുമ്പോൾ മൂന്നുനാലു ദിവസത്തേക്ക് ഏൽപ്പിച്ച് പോകാനുളള സംവിധാനങ്ങൾ ലഭ്യമാകണം. അവരെ ഏൽപ്പിച്ച് പോകാനുളള സംവിധാനം, സിംഗിൾ ആയിട്ടുളളവർക്ക് സ്ഥിരമായി വിടാനുളള സംവിധാനം ഇതൊക്കെയാണ് സർക്കാർ ചെയ്യേണ്ടത്. സർക്കാർ സംവിധാനമാകുമ്പോൾ നേരെ പ്രവർത്തിക്കുമോ, കുട്ടികളെ നോക്കാൻ ആൾക്കാർ വേണ്ടേ, അവർ നമ്മുടെ കുട്ടികളെ ശരിക്ക് നോക്കുമോ ഇതൊക്കെ വിഷയമാകും. ഇതൊക്കെ ഉറപ്പുനൽകാൻ കഴിയണം. അതിനായി ഓഡിറ്റിങ് നടത്താനും കൃത്യമായ ഇടവേളകളിൽ ഇവരെകാണാനും വിലയിരുത്താനുമുളള സംവിധാനങ്ങൾ ഉണ്ടാക്കണം.
ഏറ്റവും പ്രധാനം അവരെ സമൂഹം ഏറ്റെടുക്കുക എന്നുളളതാണ്. ഫണ്ടില്ല എന്നതുപോലെ മാൻപവറില്ല എന്നതും കേരളം നേരിടുന്ന വെല്ലുവിളിയാണ്. പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ, കൗൺസിലേഴ്സ് എല്ലാം കുട്ടികൾക്കും കുടുംബത്തിനും വേണം. നിലവിൽ പ്രിവിലെജ്ഡായ കുറച്ചുപേർക്ക് മാത്രമാണ് ഈ സൗകര്യങ്ങളെല്ലാം ലഭിക്കുന്നത്. കൂടുതൽ സോഷ്യൽ വർക്കേഴ്സിനെ എങ്ങനെ ഈ രംഗത്തേക്ക് കൊണ്ടുവരാം എന്നതിനെ കുറിച്ച് ആലോചിക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രത്യേകം കോഴ്സുകൾ വിഭാവനം ചെയ്യുകയും കൂടുതൽ ആളുകളെ ആകർഷിക്കുകയും വേണം. മികച്ച ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളെ സ്വകാര്യമേഖലയ്ക്ക് പോലും ലഭിക്കാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. പഠനം പൂർത്തിയാക്കുന്നവർ പലരും മികച്ച ശമ്പളം തേടി പാശ്ചാത്യരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഇവർക്ക് മികച്ച ശമ്പളം സംസ്ഥാനം വാഗ്ദാനം ചെയ്യുക മാത്രമല്ല, പഠിച്ചിറങ്ങിയ ശേഷം സർക്കാർ മേഖലയിൽ നിർബന്ധിതസേവനം നടപ്പാക്കുകയും വേണം.
നിലവിൽ ഏതാനും ജില്ലകളിൽ നാമമാത്ര സൗകര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെല്ലാം എത്ര ദൂരം പോകേണ്ടി വരും? ദൂരവും അതിന്റെ ചെലവും എല്ലാം രക്ഷിതാക്കൾക്ക് താങ്ങാനാവുമോ എന്നുകൂടി ചിന്തിക്കണം. ഓട്ടിസം പോലുളള ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിനായി രക്ഷിതാക്കൾക്ക് വലിയ തുക ചെലവുവരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് തീരുമാനങ്ങളെടുക്കേണ്ടതും സർക്കാരാണ്.
അമ്മമാർക്കുണ്ട് ആവശ്യങ്ങൾ
|
'മുങ്ങിപ്പോകാതിരിക്കാൻ കൈ തരാൻ ആരുമുണ്ടാകില്ല. ഒപ്പം നിന്നു സഹതപിക്കാൻ മാത്രമേ ആളുകളുണ്ടാകൂ... നമ്മൾ വീണുപോയാൽ കുഞ്ഞിനെ ആരുനോക്കുമെന്ന് ഓർക്കണം. വീണു പോകാതിരിക്കാൻ സ്വന്തം ഇഷ്ടങ്ങളെ ചേർത്തുനിർത്തുക മാത്രമാണ് പോംവഴി. അതു എഴുത്തോ ചിത്രരചനയോ അങ്ങനെ എന്തുമാകാം... പക്ഷേ, ഉണർന്നിരുന്നേ പറ്റൂ..' മരണം പോലും ലക്ഷ്വറിയാണ് ഈ അമ്മമാർക്കെന്ന് ഓർമിപ്പിച്ചുകൊണ്ട് അശ്വതി പറഞ്ഞുനിർത്തുന്നു.
വിരുന്നുകാർ വരാൻ മടിക്കുന്ന വീട്ടിൽ അവർ ആ കുഞ്ഞിനൊപ്പം തനിച്ചാണെന്ന കാര്യം മറക്കാതിരിക്കാം. മാതാപിതാക്കളുടെ കൈയിലിരിപ്പുകൊണ്ടാണ്, ദൈവകോപമാണ് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ നിരത്തി കുറ്റപ്പെടുത്താതിരിക്കാം. ചേർത്തുപിടിക്കാനായില്ലെങ്കിലും ഒപ്പം നടക്കാം.
Content Highlights: Life of special mothers differently abled children
Published: 29 Jul 2023, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented