കൊച്ചി: എയ്ഡഡ് സ്‌കൂൾ അധ്യാപകനിയമനത്തിൽ വിജയംകണ്ടത് ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ മാസങ്ങൾനീണ്ട പോരാട്ടം. മാനേജ്മെന്റുകളും അവർക്കുപിന്നിൽ ക്രൈസ്തവസഭ ഒന്നടങ്കവും സമരരംഗത്തായിരുന്നു. ഭിന്നശേഷി നിയമനത്തിൽ നിഷ്‌കർഷിച്ച ഒഴിവുകൾ പൂർണമായും നികത്തിയാലേ മറ്റുനിയമനങ്ങൾ അംഗീകരിക്കുകയും ശമ്പളംനൽകുകയും ചെയ്യൂവെന്ന് വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ ജൂലായ് 31-ന് ഉത്തരവിറക്കിയിരുന്നു.

To advertise here,

എയ്ഡഡ് നിയമനങ്ങളിൽ 1996 ഫെബ്രുവരി ഏഴുമുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ മൂന്നുശതമാനത്തിലും ഏപ്രിൽ ഒന്നുമുതലുള്ള ഒഴിവുകളുടെ നാലുശതമാനത്തിലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്താനായിരുന്നു നിർദേശം. തുടർന്ന് ഒഴിവുകൾ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവെക്കുകയും വിദ്യാഭ്യാസവകുപ്പിനെ അറിയിക്കുകയും ചെയ്തു.

എന്നാൽ, ഭിന്നശേഷിക്കാർക്ക് നീക്കിവെച്ച തസ്തികകൾ മുഴുവൻ നികത്താൻ സർക്കാരിന് കഴിയാതെവന്നതോടെ 2021 നവംബർ ഏഴിനുശേഷമുണ്ടായ സ്ഥിരം ഒഴിവുകളിൽ നിയമിക്കപ്പെട്ട 16,000-ത്തോളം അധ്യാപകർ ദിവസവേതനക്കാരായി തുടരുകയായിരുന്നു.

ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ മുഴുവൻ പോസ്റ്റിലേക്കും നിയമനം നടത്താൻ പറ്റാത്ത സാഹചര്യമായിരുന്നു. ഭിന്നശേഷി ഒഴിവുകൾ നിലനിർത്തി, ബാക്കിയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടിട്ടും സർക്കാർ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് അധ്യാപക നിയമനങ്ങൾ റെഗുലറൈസ് ചെയ്യുന്ന വിഷയത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയത്. എൻ.എസ്.എസിനെപ്പോലെ സമാന വിദ്യാഭ്യാസ ഏജൻസികൾക്കും ഉത്തരവിന്റെ ആനുകൂല്യം നൽകാവുന്നതാണെന്ന് സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി നിർദേശവുമുള്ളത് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ അനങ്ങിയില്ല.

സഭാതലവന്മാർ മുഖ്യമന്ത്രിക്ക് കത്തുനൽകുകയും കെ.സി.ബി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയെ നേരിൽക്കാണുകയും ചെയ്തു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നിരുന്നു.