ഒരു കുഞ്ഞുജീവൻ അമ്മയുടെ വയറ്റിൽ വളരുമ്പോൾ തന്നെ മാതാപിതാക്കൾക്ക് ആധി തുടങ്ങും. ഭൂമിയിൽ പിറന്നുകഴിഞ്ഞാൽ പരിഭ്രമമേറും. പഴയ ചൊല്ല് പോലെ 'കൈ വളരുന്നോ കാൽ വളരുന്നോ' എന്നു നോക്കിയിരിക്കും. കുഞ്ഞ് കമിഴാത്തതും ചിരിക്കാത്തതും കണ്ണിൽ നോക്കാത്തതും തൊട്ട് കണക്കുകൂട്ടാനറിയാത്തതുവരെയെത്തുന്ന ടെൻഷനുകൾ. ഭിന്നശേഷിയുള്ള കുട്ടികളുടെ അച്ഛനമ്മമാർക്ക് ടെൻഷൻ സാധാരണക്കാരേക്കാൾ നൂറിരട്ടിയാണ്.
സ്വന്തം കുഞ്ഞിന് ഭിന്നശേഷിയുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും ചിലർക്ക്. വിഷാദാവസ്ഥയിലേക്ക് എത്തുന്ന മാതാപിതാക്കളുമുണ്ട്. കൗൺസിലിങ് അടക്കമുള്ള വൈദ്യസഹായങ്ങളും തേടി വരുന്നവരുണ്ട്. എന്നാൽ ഇക്കാര്യം അംഗീകരിക്കുകയും സ്വന്തം കുഞ്ഞിന് സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ വഴിയൊരുക്കുകയും ചെയ്യുന്നതിലൂടെ സാധാരണ മാതാപിതാക്കളെക്കാൾ മനശ്ശക്തി കൂടുകയും ലോകത്തോടുള്ള വീക്ഷണം മാറുകയും ചെയ്യും. ചെറുപ്രായത്തിൽ ആരംഭിക്കുന്ന കൃത്യമായ ചികിത്സയിലൂടെയും തെറാപ്പിയിലൂടെയും ഒരുപാട് മാറ്റങ്ങൾ വരുത്താനാകും.
ആരാണ് ഭിന്നശേഷിയുള്ളവർ ?
മാനസികമോ ശാരീരികമോ ബുദ്ധിപരമോ ആയ തടസ്സങ്ങളാൽ സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ പ്രവർത്തിക്കാൻ പ്രയാസം നേരിടുന്നവരെയാണ് ഭിന്നശേഷിക്കാരെന്ന് വിളിക്കുന്നത്. നേരത്തെ ഇവരെ വികലാംഗരെന്നാണ് വിളിച്ചിരുന്നത്. എന്നാൽ അവരുടെ കഴിവുകളെയും അന്തസ്സിനെയും മാനിച്ച് ഇന്ന് ഔദ്യോഗികമായി ഭിന്നശേഷിക്കാരെന്ന് അഭിസംബോധന ചെയ്യുന്നു.
രാജ്യത്തെ 2016ലെ ഭിന്നശേഷി അവകാശനിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുണ്ട്. ശാരീരിക ഭിന്നശേഷി, ബൗദ്ധിക ഭിന്നശേഷി, മാനസികവെല്ലുവിളി, നാഡീസംബന്ധമായ പ്രശ്നങ്ങൾ, വിട്ടുമാറാത്ത രക്തസംബന്ധമായ രോഗങ്ങൾ എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.
സംസാര വൈകല്യം (സംസാരിക്കാനോ ആശയവിനിമയം നടത്താനോ ഉള്ള ബുദ്ധിമുട്ടുകൾ), ചലനവൈകല്യം (കൈയുടെയോ കാലിന്റെയോ ചലനശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ), കാഴ്ചക്കുറവ്, ശ്രവണവൈകല്യം തുടങ്ങിയവ ശാരീരിക ഭിന്നശേഷിയിലുൾപ്പെടും. പഠിക്കാനും കാര്യങ്ങൾ മനസിലാക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനുമുള്ള ശേഷിക്കുറവ്, ഓട്ടിസം എന്നിവയാണ് ബൗദ്ധിക ഭിന്നശേഷിയായി കണക്കാക്കുന്നത്. പെരുമാറ്റത്തെയും ചിന്തകളെയും വികാരങ്ങളെയും ബാധിക്കുന്ന സ്കീസോഫ്രീനിയ പോലുള്ള അവസ്ഥകളാണ് മാനസിക വെല്ലുവിളിയിൽ പെടുന്നത്. പാർക്കിൻസൺസ് രോഗം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ സ്ലീറോസിസ് തുടങ്ങിയവയാണ് നാഡീസംബന്ധമായ പ്രശ്നങ്ങളിലുൾപ്പെട്ടിട്ടുള്ളത്. സിക്കിൾസെൽ അനീമിയ, ഹീമോഫീലിയ, തലാസീമിയ തുടങ്ങിയ വിട്ടുമാറാത്ത രക്തസംബന്ധമായ അസുഖങ്ങളുള്ളവരും ഭിന്നശേഷി വിഭാഗത്തിലുണ്ട്.
ഭിന്നശേഷി അവകാശനിയമം
രാജ്യത്തെ ഭിന്നശേഷിക്കാർക്ക് തുല്യാവസരം ഉറപ്പാക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് 2016-ൽ കൊണ്ടുവന്ന ഭിന്നശേഷി അവകാശനിയമത്തിന്റെ ലക്ഷ്യം. 1995-ലെ നിയമത്തിന് പകരമായാണ് ഭിന്നശേഷിക്കാർക്ക് കൂടുതൽ അവസരങ്ങളും സംവരണവുമടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. ഈ നിയമത്തിലെ പ്രധാന സവിശേഷത താഴെ പറയുന്നവയാണ്:
1. വൈകല്യങ്ങളുടെ എണ്ണം 21 ആയി വർധിപ്പിച്ചു. 1995-ലെ നിയമമനുസരിച്ച് ഏഴു തരം വൈകല്യങ്ങളാണ് ഔദ്യോഗികമായി അംഗീകരിച്ചത്.
ആസിഡ് ആക്രമണത്തിന് ഇരയായവർ, സെറിബ്രൽ പാൾസി, ഓട്ടിസം, ഹീമോഫീലിയ, പാർക്കിൻസൺസ് രോഗം തുടങ്ങിയ വിഭാഗങ്ങളെക്കൂടി ഇതിൽ പുതുതായി ഉൾപ്പെടുത്തി.
2. പൊതുസ്ഥലങ്ങളും ഗതാഗത സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണം. ഇതനുസരിച്ച് പൊതുകെട്ടിടങ്ങളിൽ ലിഫ്റ്റുകൾ,
റാംപുകൾ, ബ്രെയിൽ ലിപിയിലുള്ള സൂചനകൾ എന്നിവ നിർബന്ധമാണ്. സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങളും വെബ്സൈറ്റുകളും ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാക്കണം.
3.ഭിന്നശേഷിക്കാരെ അവരുടെ വൈകല്യത്തിന്റെ പേരിൽ ജോലിയിൽനിന്നോ മറ്റോ മാറ്റിനിർത്തരുത്. അവർക്ക് സ്വത്ത് കൈവശം വെക്കാനും ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനും അവകാശമുണ്ട്.
4. ഭിന്നശേഷിക്കാർക്ക് സർക്കാർ, എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ചുശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനത്തിന് അഞ്ചുവർഷത്തെ പ്രായപരിധിയിൽ ഇളവുമുണ്ട്. സർക്കാർ ജോലി സംവരണം നേരത്തെ മൂന്നുശതമാനമുണ്ടായിരുന്നത് നാലുശതമാനമായി ഉയർത്തി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പതിനാലുവയസ്സുവരെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുന്നത്. എന്നാൽ നാൽപ്പത് ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവർക്ക് (ബെഞ്ച്മാർക്ക് വൈകല്യം) 18 വയസ്സുവരെ സൗജന്യമായി പഠിക്കാം.
5. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുകയോ അവരെ അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. പ്രതികൾക്ക് ആറുമാസം മുതൽ അഞ്ചുവർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.
ഈ ആനുകൂല്യങ്ങൾ കിട്ടാൻ ഒരാൾക്ക് 40 ശതമാനം വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുണ്ടാകണം.
നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഭിന്നശേഷിക്കാരെ പിന്തുണയ്ക്കാൻ മുൻപത്തേക്കാളധികമുണ്ട്. സമൂഹത്തിലേക്കിറങ്ങിച്ചെല്ലാനും ദൈനംദിന കാര്യങ്ങൾ മുടക്കമില്ലാതെ ചെയ്യാനും അവർക്ക് തെറാപ്പിയും മാനസിക പിന്തുണയും അത്യാവശ്യമാണ്.
ചികിത്സയ്ക്കും തെറാപ്പിക്കുമൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചികിത്സ: പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ഡിവലപ്മെന്റ് പിഡിയാട്രിഷ്യൻ, സൈക്യാട്രിസ്റ്റ് എന്നിങ്ങനെയുള്ള സ്പെഷലിസ്റ്റുകളെയാണ് കാണേണ്ടത്. ഡോക്ടറെ കാണാനെത്തുന്ന മറ്റു കുട്ടികളുടെ മാതാപിതാക്കളോട് അഭിപ്രായമാരായാം. ഡോക്ടറോട് സംശയങ്ങൾ കൃത്യമായി ചോദിച്ചു മനസിലാക്കുക, ആശങ്കകൾ പങ്കുവെയ്ക്കുക. ടെസ്റ്റുകൾ നടത്തുക. മരുന്നുകൾ യഥാസമയം കുട്ടിക്ക് കൊടുക്കുക.
തെറാപ്പി: ഇന്ന് നമുക്ക് ചുറ്റും ഒട്ടേറെ തെറാപ്പി സെന്ററുകളുണ്ട്. ഇതിൽ സർക്കാർ, സന്നദ്ധസംഘടനകൾ, സ്വകാര്യവ്യക്തികൾ നടത്തുന്നവയുമുണ്ട്. യഥാസമയം കുട്ടിയുടെ പ്രശ്നങ്ങൾ മനസിലാക്കിയില്ലെങ്കിൽ ചൂഷണത്തിന് വിധേയരാകാൻ സാധ്യതയുമുണ്ട്. തെറാപ്പി സെന്ററിനെ കുറിച്ച് ഗൂഗിൾ റിവ്യുവും ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, പരിചയമുള്ള തെറാപ്പിസ്റ്റുകൾ എന്നിവരുടെ അഭിപ്രായങ്ങളും പരിശോധിക്കാം. തെറാപ്പിയിൽ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ തൃപ്തി കിട്ടുന്നില്ലെങ്കിൽ മറ്റൊരു സെന്റർ അന്വേഷിക്കുന്നതാണ് നല്ലത്.
തെറാപ്പിസ്റ്റുകൾ: നേരത്തെ തുടങ്ങുന്ന തെറാപ്പി കൂടുതൽ ഫലം തരുന്നതുപോലെ മികച്ച തെറാപ്പിസ്റ്റുകൾക്കും കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി നല്ല പരിചരണം നൽകാൻ കഴിയും. സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി,ബിഹേവിയറൽ തെറാപ്പി, സ്പെഷൽ എജ്യുക്കേഷൻ, സൈക്കോളജി, ഫിസിയോ തെറാപ്പി തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്. കൂടുതൽ സ്പെഷലൈസ് ചെയ്ത തെറാപ്പികൾ ഇപ്പോഴുണ്ട്. മ്യൂസിക് തെറാപ്പി, ഹൈഡ്രോ തെറാപ്പി, ഓറൽ പ്ലേസ്മെന്റ് തെറാപ്പി തുടങ്ങിയ ഒട്ടനേകം വിഭാഗങ്ങളുണ്ട്. മിക്ക തെറാപ്പികളും 45 മിനിറ്റാണുണ്ടാവുക. അതിനുശേഷം കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിക്കുന്ന തെറാപ്പിസ്റ്റുകളോട് അവരെന്തൊക്കെ ചെയ്തു എന്ന് ചോദിച്ചു മനസിലാക്കാം. അതിനുശേഷം വീട്ടിലെന്തൊക്കെ ചെയ്യണമെന്നും ചോദിക്കാം. അടുത്തെ തെറാപ്പിക്ക് വരുമ്പോൾ വീട്ടിൽ ചെയ്ത കാര്യങ്ങളും നേരിട്ട പ്രയാസങ്ങളും തെറാപ്പിസ്റ്റുമായി പങ്കുവെയ്ക്കാം.
പോസിറ്റീവായ മാതാപിതാക്കൾ: മകനോ മകളോ ഭിന്നശേഷിക്കാരാണെന്ന് യാഥാർഥ്യം ആദ്യം പല അച്ഛനമ്മമാരിലും ഷോക്കുണ്ടാക്കും. മക്കളുടെ തെറാപ്പിയും ചികിത്സയും തുടങ്ങുമ്പോൾ പലരിലും മാനസികാഘാതമുണ്ടാക്കും. അതു തരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ വിദഗ്ധരുടെ സേവനം തേടണം. മാതാപിതാക്കൾ സന്തോഷത്തോടെയുമിരിക്കുന്നത് കുട്ടിയിലും ഊർജം നിറയ്ക്കും. കുഞ്ഞിന്റെ ഏറ്റവും മികച്ച തെറാപ്പിസ്റ്റ് മാതാപിതാക്കളാണ്. കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസം നൽകാനും കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാനും സഹായിക്കുക അച്ഛനുമമ്മയും നൽകുന്ന പ്രോത്സാഹനമാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. യു. ജസ്ന
ചീഫ് മെഡിക്കൽ ഓഫീസർ
ഇഖ്റ തണൽ ഏർളി ഇന്റർവെൻഷൻ സെന്റർ
കോഴിക്കോട്
Content Highlights: Overview of the 21 recognized disabilities under the 2016 Act., Legal rights including education, employment reservation, and accessibility., Importance of early intervention and specialized therapy services.
Published: 28 Jun 2026, 11:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented