.
'ഈ അമ്മമാര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പറ്റില്ല, ജീവിക്കാനും പറ്റില്ല. മരണം പോലും അവര്‍ക്ക് അഭയമല്ല. കുഞ്ഞിനെ കൊന്ന് ഞാനും മരിക്കും എന്ന് പറയുന്ന നിരവധി അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്.. കഴിയില്ലെന്ന് തോന്നുന്ന നിമിഷം ജീവിതം അവസാനിപ്പിക്കാനായി വീട്ടില്‍ ഞാന്‍ മണ്ണെണ്ണ വാങ്ങിവെച്ചിട്ടുണ്ട് എന്നുപറയുന്ന അമ്മമാരെ, അങ്ങനെ ചെയ്ത ഒരമ്മയെ എനിക്കറിയാം. കുഞ്ഞിനെന്താണെന്ന് ഡയഗണൈസ് ചെയ്താല്‍ പിന്നെ അമ്മയുടെ മുന്നിലുളളത് തീരാത്ത തീരാത്ത പരീക്ഷണങ്ങളാണ്.' സൊലെസ് സ്ഥാപകയായ ഷീബ അമീര്‍, പ്രിയപ്പെട്ടവരുടെ ഷീബാത്ത, സംസാരിച്ചു തുടങ്ങിയത് താന്‍ കണ്ട അമ്മജീവിതങ്ങളെ കുറിച്ചാണ്..
വാക്കുകളാല്‍ പറഞ്ഞൊതുക്കാന്‍ സാധ്യമല്ലാത്തത്രയും സങ്കീര്‍ണമാണ് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സ്പാസ്റ്റിക്, ബൗദ്ധികമായ വെല്ലുവിളി, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി തുടങ്ങി ഭിന്നശേഷി നേരിടുന്നവരുടെ ജീവിതം. അവരെ പരിചരിക്കുന്ന അമ്മമാരുടേത് നരകതുല്യവും. ഭിന്നശേഷിയുളള കുഞ്ഞിന്റെ ജനനത്തോടെ അമ്മയ്ക്ക് നഷ്ടമാകുന്നത് അതുവരെ തണലായി നിന്ന പ്രിയപ്പെട്ടവര്‍ മുതല്‍ സാമൂഹിക ജീവിതവും തൊഴിലും വരെയാണ്. ആറ്റുനോറ്റുണ്ടായ
കുഞ്ഞ് ഭിന്നശേഷിയുളളവരാണെന്നറിയുമ്പോള് മാനസികനില തെറ്റുന്ന അമ്മമാരുണ്ട്, ഉളള ധൈര്യത്തെ കൊരുത്തുപിടിച്ച് ഉളളുരുക്കത്തോടെ ജീവിതത്തെ നേരിടുന്നവരുണ്ട്. രണ്ടായാലും അവര്‍ക്ക് നഷ്ടപ്പെടുന്ന ഒന്നുണ്ട്, ലോകം കുഞ്ഞിലേക്കും തന്നിലേക്കും ചുരുങ്ങുന്നതോടെ ഇല്ലാതാകുന്ന സാമൂഹിക ജീവിതം.
ഉറ്റവരുടെ വീടുകളിലെ വിവാഹത്തിനോ മറ്റു ആഘോഷപരിപാടികള്‍ക്കോ, എന്തിന് മരണം പോലുളള ഘട്ടങ്ങളിലോ മക്കളെ ആരെ ഏല്പ്പിച്ചുപോകുമെന്ന് ആധികൊളളുന്നവര്, അതുകൊണ്ടുതന്നെ അതൊന്നും ഇനി ജീവിതം വേണ്ടെന്ന് സ്വയം തീരുമാനിക്കുന്നവര്‍. ഒന്നു പുറത്തേക്കിറങ്ങാനാകാതെ, മനുഷ്യരെ കാണാനാകാതെ ശ്വാസംമുട്ടിക്കഴിഞ്ഞ ലോക്ഡൗണ്‍ ദിനങ്ങള്‍ നമുക്ക് ഓര്‍മയുണ്ടാകും. ഒന്നിനും കുറവില്ലാതിരുന്നിട്ടും വീട്ടില്‍ വെറുതെയിരിക്കാന്‍ പോലും വെറുത്തുപോയവരാണ് നമ്മളെങ്കില്‍ ഒരു കുഞ്ഞിന്റെ ജനനത്തോടെ സാമൂഹിക ജീവിതം എന്നന്നേക്കുമായി നഷ്ടപ്പെട്ട, സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടുപോകുന്ന ഈ അമ്മമാരുടെ മാനസികസമ്മര്‍ദ്ദം എത്രത്തോളം വലുതായിരിക്കും? സിംഗിള്‍ പാരന്റ് ആണെങ്കില്‍ ഉപജീവനമാര്‍ഗം കൂടി കണ്ടെത്തേണ്ട ചുമതല ഈ അമ്മയുടേതാണ്. അവിടെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിതയാകുന്ന അമ്മ വിശക്കുന്നെന്നോ ശുചിമുറിയില്‍ പോകണമെന്നോ പറയാനറിയാത്ത ഈ കുട്ടികളെ തൂണില്‍ കെട്ടിയിട്ടും ശുചിമുറിയില്‍ അടച്ചിട്ടും ജോലിക്കിറങ്ങേണ്ടി വരുന്നു.
ഭിന്നശേഷി | ആണ് | പെണ് | ട്രാന്‍സ് ജെന്‍ഡര്‍ | ആകെ | ശതമാനം |
---|---|---|---|---|---|
ബൗദ്ധിക വെല്ലുവിളി | 38,245 | 30,546 | 146 | 68,934 | 8.6 |
ഓട്ടിസം | 2179 | 950 | 06 | 3135 | 00.39 |
സെറിബ്രല്‍ പാള്‍സി | 3781 | 2597 | 06 | 6385 | 00.80 |
മള്ട്ടിപ്പിള്ഡിസെബിലിറ്റി | 75,982 | 61,197 | 262 | 1,37,446 | 17.31 |
പഠനവൈകല്യം | 5257 | 2805 | 12 | 8074 | 01.02 |

സാമൂഹിക നീതിക്ഷേമ വകുപ്പ് ആദ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ സെന്‍സസ് എടുക്കണം. സെന്‍സസ് എടുക്കുമ്പോള്‍ അവരുടെ ഡിസബിലിറ്റി കൃത്യമായി പരിശോധിക്കാനുളള സംവിധാനം വേണം. അതിനനുസരിച്ച് കുട്ടികളെ പരിചരിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കണം. രക്ഷിതാക്കള്‍ക്ക് പുറത്തിറങ്ങേണ്ടി വരുമ്പോള്‍ മൂന്നുനാലുദിവസത്തേക്ക് ഏല്‍പ്പിച്ച് പോകാനുളള സംവിധാനങ്ങള്‍ ലഭ്യമാകണം. അവരെ ഏല്‍പ്പിച്ച് പോകാനുളള സംവിധാനം സിംഗിള്‍ ആയിട്ടുളളവര്‍ക്ക് സ്ഥിരമായി വിടാനുളള സംവിധാനം ഇതൊക്കെയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ സംവിധാനമാകുമ്പോള്‍ നേരെ പ്രവര്‍ത്തിക്കുമോ കുട്ടികളെ നോക്കാന്‍ ആള്ക്കാര് വേണ്ടേ, അവര്‍ നമ്മുടെ കുട്ടികളെ ശരിക്ക് നോക്കുമോ ഇതൊക്കെ വിഷയമാകും. ഇതൊക്കെ ഉറപ്പുനല്‍കാന്‍ കഴിയണം. അതിനായി ഓഡിറ്റിങ് നടത്താനും കൃത്യമായ ഇടവേളകളില്‍ ഇവരെകാണാനും വിലയിരുത്താനുമുളള സംവിധാനങ്ങള്‍ ഉണ്ടാക്കണം.' പ്രീത പറയുന്നു.
ഓട്ടിസ്റ്റിക്കായ കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട കാര്യങ്ങളിലൊന്നാണ് ഒക്യുപേഷണല്‍ തെറാപ്പി. കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി നല്കാന് കഴിയുന്ന എത്ര കേ്ന്ദ്രങ്ങളുടെയും തെറാപ്പിസ്റ്റുകളുടെയും എണ്ണമെടുക്കുമ്പോഴാണ് ഇക്കാര്യത്തില്‍ കേരളം തുടരുന്ന കുറ്റകരമായ നിസ്സംഗത വെളിവാകുക. 'തെറാപ്പിയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പറയും തിരുവനന്തപുരത്ത നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്)ഉണ്ടല്ലോയെന്ന്. അങ്ങനെ ചുരുക്കം ചില സ്ഥാപനങ്ങളേയുളളൂ. കുട്ടികള്‍ക്ക് എന്നും വേണ്ടതാണ് തെറാപ്പി. അതൊരു ട്രീറ്റ്മെന്റല്ല കറക്ഷനാണ്. ഒരു മണിക്കൂറെങ്കിലും ഓട്ടിസ്റ്റിക്കായ കുട്ടിക്ക് തെറാപ്പി കിട്ടിയിരിക്കണം. നടന്നുപോകാവുന്ന ദൂരത്തില്‍ വേണമെന്നല്ല പക്ഷേ ഒരു ഓട്ടോയിലോ ടാക്സിയിലോ പോകാവുന്ന ദൂരത്തിലെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം തെറാപ്പി സെന്ററുകള്‍ ആവശ്യമില്ലേ? സര്‍ക്കാരിന് എത്ര കേന്ദ്രങ്ങളുണ്ട്. എന്നും വേണ്ട തെറാപ്പിക്ക് ഇതര ജില്ലക്കാര്‍ തിരുവനന്തപുരം വരെ ഭിന്നശേഷിക്കാരനായ കുട്ടിയെയും കൂട്ടി എത്തണമെന്ന് പറഞ്ഞാല്‍ അതിലെ പ്രായോഗികത ആരും ചിന്തിക്കുന്നില്ല.' പ്രീത ചൂണ്ടിക്കാണിക്കുന്നു.
Also Read
കെയര്‍ ടേക്കറിനും കെയര്‍ ആവശ്യമുണ്ട്
ഭിന്നശേഷിക്കാരനായ കുട്ടിയെ പരിചരിക്കുക എളുപ്പമല്ല. ആ കുട്ടിക്കൊപ്പം അവരുടെ സഹോദരങ്ങള്‍ക്കും അമ്മ തുല്യ പരിഗണനയും ശ്രദ്ധയും വാത്സല്യവും കൊടുക്കേണ്ടതുണ്ട്. ഒപ്പം കുടുംബം നോക്കല്‍, അടുക്കളപ്പണി, ജോലിയുളളവരാണെങ്കില്‍ ജോലിയും വീടും കുട്ടിയും എന്ന തിരക്കില്‍ ശ്വാസംമുട്ടല്‍.. കുട്ടി കൗമാരത്തിലെത്തുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങളെ കുറിച്ചുളള ആശങ്കകള്‍, കാലശേഷം ആരിവരെ നോക്കുമെന്ന ഊണിലും ഉറക്കത്തിലുമുളള ചിന്ത, തെറാപ്പികളും ചികിത്സകളുമായുളള യാത്രകള്‍, വിരുന്നുകാര് വരാന്‍ മടിക്കുന്ന വീടുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് തുടങ്ങിയ നൂലാമാലകള്‍, ഇതിനെല്ലാമുപരി കുടുംബത്തില്‍ നിന്നുളളവരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകള്‍..ഓടിക്കിതയ്ക്കുന്ന കെയര്‍ ടേക്കറിന് ഇടനേരം ഭാരമിറക്കിവെക്കാനുളള ഒരു ചുമല് പോലും പലര്‍ക്കും ലഭിക്കാറില്ല. സാധാരണജീവിതം നയിക്കാനുളള സമയമോ സാഹചര്യമോ ഇവര്‍ക്കില്ല. ഇവരനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി കൗണ്‍സിലര്‍മാരുടെ സേവനം ആവശ്യമുണ്ടെന്ന് പോലും തിരിച്ചറിഞ്ഞിട്ടില്ല. മാനസിക വൈകല്യമുളള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തെന്ന കാസര്കോട്ടുനിന്നുളള വാര്‍ത്ത ഒരു മുന്നറിയിപ്പാണ്. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ കരുതല്‍ അമ്മമാര്ക്കാവശ്യമുണ്ടെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ്.
'കെയര്‍ ടേക്കേഴ്സിന് കെയര്‍ വേണമെന്ന് അറിയുന്ന സമൂഹമല്ലല്ലോ കേരളത്തിലേത്. ഈ അമ്മമാരെ മഹദ് വ്യക്തികളായി ആഘോഷിക്കുന്ന സമൂഹമാണ് നമ്മുടേത്. ഇതുപോലെയുളള കുട്ടികളെ നോക്കുന്ന അമ്മമാരെല്ലാം മഹത്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ്. അവര്‍ക്ക് കൗണ്‍സിലിങ് വേണ്ട, അവരെ വേണമെങ്കില്‍ രൂപക്കൂടുണ്ടാക്കി അതിനുളളില്‍ ഇരുത്താം. പക്ഷേ, മാനുഷിക പരിഗണന നല്‍കില്ല. ഒറ്റപ്പെടലിന്റെ പ്രശ്നം എത്ര ഭീകരമാണെന്നോ.' പ്രീത ചോദിക്കുന്നു. മാതാപിതാക്കളുടെ കൈയിലിരിപ്പുകൊണ്ടാണ്, ദൈവകോപമാണ് തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കുറ്റപ്പെടുത്തുന്നതിന് പകരം അവരെ ചേര്‍ത്തുനിര്‍ത്തി കുടുംബമെന്ന ഇന്‍സ്റ്റിറ്റിയൂഷന്റെ കര്‍ത്തവ്യങ്ങള്‍ പാലിക്കപ്പെടേണ്ടത് ഇവിടെയാണ്. അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കുട്ടിയെ മാറ്റാതിരിക്കുക, കുടുംബാംഗങ്ങള്‍ മുഴുവന്‍ ക്ഷമയോടെ പിന്തുണ നല്‍കുക. വിദേശരാജ്യങ്ങളിലുളളതുപോലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഏതുരാത്രിയിലും വിളിച്ച് സംസാരിക്കാന്‍ സാധിക്കുന്ന കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തുക.

'നിനക്ക് വരാന്‍ പറ്റില്ലല്ലോ, എന്നാലും നിന്നോട് പറയുകയാണ് അത്രയേയുളളൂ എന്ന മുഖവുരയോടെയാണ് സ്വന്തം സഹോദരങ്ങള്‍ പോലും കുടുംബവീട്ടിലെ കല്യാണത്തിന് ഈ അമ്മമാരെ ക്ഷണിക്കുക. ഈ അമ്മയും കുഞ്ഞും ഒരിടത്തും സ്വീകാര്യരല്ല. കുഞ്ഞുമായി ചെന്നാല്‍ തുറിച്ചുനോട്ടങ്ങള്‍, കുഞ്ഞില്ലാതെ ചെന്നാല്‍ കുഞ്ഞിനെ ഇട്ടുവന്നോയെന്ന കുറ്റപ്പെടുത്തലുകള്‍. ആള്‍ക്കാരുടെ മധ്യത്തില്‍ എങ്ങനെ പെരുമാറുമെന്നറിയാത്ത കുഞ്ഞുങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍. ഇത്തരം സന്തോഷ ഇടങ്ങളില്‍ ഈ കുട്ടികള്‍ ഒരു അധികപറ്റായിരിക്കും. അതുകൊണ്ട് ഇവര്‍ വരണ്ട എന്ന വിചാരിച്ചാണ് ക്ഷണിക്കുന്നത് തന്നെ. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും അതുകൊണ്ടുതന്നെ ആഘോഷങ്ങളില്ല. അതുകൊണ്ട് സൊലെസ് ഇവര്‍ക്കായി ആഘോഷങ്ങള്‍ സംഘിടിപ്പിക്കുന്നുണ്ട്. സ്നേഹസംഗമങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുട്ടികളുമായി യാത്രകള്‍ നടത്തും അവരെ കടലു കാണിക്കാന്‍ കൊണ്ടുപോകും. ആഘോഷങ്ങളും സന്തോഷങ്ങളും ഇല്ലാത്തവര്‍ക്കും ജീവിതത്തില്‍ ഹാപ്പി മൊമന്റ്സ് നല്‍കണ്ടേ...' സൊലെസ് സ്ഥാപക ഷീബ അമീര്‍ പറയുന്നു. സന്നദ്ധ സേവന രംഗത്ത് സൊലെസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ ഒരു മാതൃകയാണ്. മൂവായിരത്തിലധികം കുട്ടികളെയാണ് സൊലെസ് പരിചരിക്കുന്നത്. കാന്‍സര്‍, ഓട്ടിസം, സെറിബ്രല്‍ പാല്‍സി തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും ആവശ്യമുളള കുട്ടികളുടെ കുടുംബത്തിന് പിന്തുണയേകുകയാണ് സൊലെസ്. രക്താര്‍ബുദം ബാധിച്ച മകള്‍ നീലൂഫയ്ക്കൊപ്പമുളള ആശുപത്രി ദിനങ്ങളില്‍ ചുറ്റും കണ്ട നോവിന്റെ ജീവിതക്കാഴ്ചകളാണ് സൊലെസിന്റെ രൂപീകരണത്തിലേക്ക് ഷീബ അമീറിനെ എത്തിച്ചത്.
ഔദാര്യമല്ല, അവകാശമാണ്
'ലോകത്ത് ഏതു രാജ്യത്താണ് ഈ കുഞ്ഞുങ്ങളെ മികച്ച രീതിയില്‍ നോക്കുന്ന സംവിധാനങ്ങളുളളത്, മറ്റൊരു പരിഷ്കൃത സമൂഹം എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നെല്ലാം അവിടെ പോയി പഠിച്ചിട്ടുവേണം നയങ്ങള്‍ ഇംപ്ലിമെന്റ് ചെയ്യാന്‍, സര്‍ക്കാര്‍ അതാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് കുട്ടികള്‍ക്ക് ലഭിക്കുന്ന സ്കോളര്‍ഷിപ്പിലെ വ്യത്യാസം തന്നെ നോക്കൂ. സ്കൂളില്‍ പോകുന്ന കുട്ടിക്ക് 28,500 രൂപയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുന്നത്. അല്ലാത്ത കുട്ടിക്ക് 12,000 രൂപയും. ഓട്ടിസ്റ്റിക്കായ ഒരു കുട്ടി സ്കൂളില്‍ പോകുന്നില്ലെങ്കില്‍, സ്കൂളില്‍ പോകുന്ന കുട്ടികളേക്കാള്‍ ബുദ്ധിമുട്ടുണ്ട് അവന് എന്നാണ് അര്‍ഥം. സ്കൂളില്‍ പോകുന്ന കുട്ടികളേക്കാള്‍ സാമ്പത്തികമായിട്ടും ഭൗതികമായിട്ടും എല്ലാ തരത്തിലും ഒരു വീടിന്റെ സാമ്പത്തിക ബാധ്യത ഉയര്‍ത്തുന്നത് സ്കൂളില്‍ പോകാത്ത കുട്ടിയാണ്. അവരുടെ ഡയപ്പര്‍, ചില കുട്ടികള്‍ക്ക് ചൂട് പ്രശ്നമാണ് അതുകൊണ്ട് മാതാപിതാക്കള്‍ സാധ്യമാകുന്ന തരത്തില്‍ ഏസിയോ കൂളറോ ശരിയാക്കിയിട്ടുണ്ടാകും അപ്പോള്‍ സ്ഥിരം വീട്ടിലാകുന്നത് കൊണ്ടുളള ഇലക്ട്രിസ്റ്റി ബില്‍, അതുകൊണ്ട് എങ്ങനെ നോക്കിയാലും സ്കൂളില്‍ പോകുന്ന കുട്ടികളേക്കാള്‍ ചെലവ് നൂറിരട്ടി കൂടിയ വിഭാഗമാണ് സ്കൂളില്‍ പോകാത്തവര്‍. എന്നിട്ട് അവര്‍ക്ക് കുറഞ്ഞ സ്കോളര്‍ഷിപ്പ് നല്‍കുന്നത് എന്ത് അനീതിയാണ്. വളരെ യാന്ത്രികമായാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. അതിന്റെ തെളിവാണ് ഇത്.' പാളിച്ചകളിലേക്ക് പ്രീത വിരല്‍ചൂണ്ടുന്നു.

വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം ഭിന്നശേഷിക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരുടെയും അവരുടെ രക്ഷിതാക്കളുടെയും ആവലാതികള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആലോചനാപൂര്‍വമായ നയരൂപീകരണമില്ലാത്തതാണ് അതിനുളള പ്രധാനകാരണം. അശരണര്ക്കാവശ്യം പേരിന് ചില സാമ്പത്തിക സഹായവും ആശ്വാസപദ്ധതികളും മാത്രമാണെന്ന് കരുതുന്ന, അത് തങ്ങളുടെ ഔദാര്യമാണെന്ന് കരുതുന്ന, സാമൂഹിക ജീവിതം ഇവരര്ഹിക്കുന്നുണ്ടെന്ന് പോലും ചിന്തിക്കാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സൃഷ്ടിയാകരുത് ഭിന്നശേഷിക്കാര്‍ക്കായുളള സ്റ്റേറ്റിന്റെ നയങ്ങള്‍. പ്രായോഗികമായ പദ്ധതികള്‍ ആവിഷ്കരിക്കാത്തതും പ്രഖ്യാപിക്കപ്പെടുന്നവ ഫണ്ടില്ലെന്ന കാരണത്താല്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നതും നിത്യസംഭവങ്ങളാണ്. എന്തുകൊണ്ടാണ് ഇവര്‍ക്കായി ചെലവഴിക്കാന്‍ ഫണ്ടില്ലാത്തത്? ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഇവര്‍ വോട്ടേഴ്സ് അല്ലാത്തതുകൊണ്ടോ?
പരിഹാരങ്ങളുണ്ട്, പക്ഷേ മനസ്സുവെക്കണം
.jpg?$p=00fabff&w=610&q=0.8)
1) ഭിന്നശേഷിയുളള ഒരു കുഞ്ഞിന്റെ ജനനത്തോടെ അമ്മയ്ക്കില്ലാതാകുന്ന സാമൂഹിക ജീവിതവും തൊഴിലും തിരിച്ചുനല്‍കാന്‍ ആദ്യം വേണ്ടത് കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ സാധിക്കുന്ന ഇടങ്ങളാണ്. ഇതിനായി ഓരോ അങ്കണവാടിയുടെ പരിധിയിലും പകല്‍വീട് അല്ലെങ്കില്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹവീട് തുടങ്ങിയ മാതൃകയിലുളള ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കാം. ഇതിനാവശ്യമായ ഫണ്ട് എവിടെ നിന്ന് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്ലാന്‍ ഫണ്ടിന്റെ പത്തുശതമാനം നിര്‍ബന്ധമായും വനിതാഘടക പദ്ധതി(WCP) ക്കായി മാറ്റിവെക്കുന്നുണ്ട്. വനിതകളുടെ സ്ത്രീകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുവന്നതാണ് വനിതാഘടക പദ്ധതി. ഇപ്രകാരം വകയിരുത്തുന്ന ഫണ്ട് എന്തുകൊണ്ട് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ തൊഴില്‍-സാമൂഹികജീവിത ഉന്നമനത്തിനായി ചെലവഴിച്ചുകൂടാ? ഡബ്ല്യു.സി.പി. പ്രകാരമുളള തുക ഉപയോഗിച്ച് അനാവശ്യമായ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി ഓരോ വര്‍ഷവും ടൈലുമാറ്റിയും ഗ്രില്ലു മാറ്റിയും മോടി പിടിപ്പിച്ചും ഫണ്ട് ചെലവഴിച്ചതായി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് നിലവില്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചെയ്തുവരുന്നത്. ഈ പത്തുശതമാനം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ കണ്ണീരൊപ്പുന്ന വലിയൊരു സഹായത്തിനായി നീക്കിവെക്കുന്നതിനായി മുന്‍കൈ എടുക്കേണ്ടത് എല്എസ്ജികളാണ്.
2) നിലവില്‍ ഏതാനും ജില്ലകളില്‍ നാമമാത്ര സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെല്ലാം എത്ര ദൂരം പോകേണ്ടി വരും? ദൂരവും അതിന്റെ ചെലവും എല്ലാം രക്ഷിതാക്കള്‍ക്ക് താങ്ങാനാവുമോ എന്നുകൂടി ചിന്തിക്കണം. അല്ലെങ്കില്‍ തന്നെ ഓട്ടിസം പോലുളള ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിനായി രക്ഷിതാക്കള്‍ക്ക് വലിയ തുക ചെലവുവരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് തീരുമാനങ്ങളെടുക്കേണ്ടതും സര്‍ക്കാരാണ്.
3) വരുമാന നഷ്ടം പരിഹരിക്കുന്നതിനായി അമ്മയുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് അവര്‍ക്ക് എന്തുജോലി ലഭിക്കുമായിരുന്നോ അതിന് എന്ത് ശമ്പളം ലഭിക്കുമായിരുന്നോ അതുനല്കാന് സ്റ്റേറ്റ് തയ്യാറാകണം. ഇങ്ങനെ ചെയ്യുന്ന ഗള്ഫ്രാജ്യങ്ങളുണ്ട്. വരുമാന നഷ്ടം പരിഹരിക്കുക സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.
4) മൂന്നാമത്തേതും പ്രധാനവും അവരെ സമൂഹം ഏറ്റെടുക്കുക എന്നുളളതാണ്. ഫണ്ടില്ല എന്നതുപോലെ മാന്പവറില്ല എന്നതും കേരളം നേരിടുന്ന വെല്ലുവിളിയാണ്. പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകള്‍ കൗണ്‍സിലേഴ്സ് എല്ലാം കുട്ടികള്‍ക്കും കുടുംബത്തിനും വേണം. നിലവില്‍ പ്രിവിലെജ്ഡ് ആയ കുറച്ചുപേര്‍ക്ക് മാത്രമാണ് ഈ സൗകര്യങ്ങളെല്ലാം ലഭിക്കുന്നത്. കൂടുതല്‍ സോഷ്യല്‍ വര്‍ക്കേഴ്സിനെ എങ്ങനെ ഈ രംഗത്തേക്ക് കൊണ്ടുവരാം എന്നതിനെ കുറിച്ച് ആലോചിക്കണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് പ്രത്യേകം കോഴ്സുകള്‍ വിഭാവനം ചെയ്യുകയും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും വേണം. മികച്ച ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളെ സ്വകാര്യമേഖലയ്ക്ക് പോലും ലഭിക്കാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ പലരും മികച്ച ശമ്പളം തേടി പാശ്ചാത്യരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. ഇവര്‍ക്ക് മികച്ച ശമ്പളം സംസ്ഥാനം വാഗ്ദാനം ചെയ്യുക മാത്രമല്ല, പഠിച്ചിറങ്ങിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ നിര്‍ബന്ധിതസേവനം നടപ്പാക്കുകയും വേണം.
![]()
|
സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'.
ലോകം തന്നിലേക്കും ഭിന്നശേഷിക്കാരായ കുഞ്ഞിലേക്കും ചുരുങ്ങിയ, വീടിന്റെ നാലുചുമരുകള്‍ക്ക് ഇടയില്‍ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുളള ഇത്തരം അതിജീവനങ്ങളുടെ നൊമ്പരക്കാഴ്ചകള്‍ ഞങ്ങളോട് പറയാം..നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പങ്കുവെക്കാം..Email-feedbackmathrubhumi.com@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..