
ഏഴു പതിറ്റാണ്ടിലേറെയുള്ള തര്‍ക്കത്തിന്റെ രാഷ്ട്രീയമുണ്ട് ചൈനയ്ക്കും തയ്‌വാനും പറയാന്‍. ചൈനയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 1949-ല്‍ കുമിന്താങ്ങുകള്‍ തയ്‌വാനിലേക്ക് നടത്തിയ പലായനം മുതല്‍ തുടങ്ങുന്നു ഈ സങ്കീര്‍ണ രാഷ്ട്രീയം. തയ്‌വാന് സ്വന്തമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനയും സര്‍ക്കാരുമുണ്ടെങ്കിലും ഇതിനെ അംഗീകരിക്കാന്‍ ചൈന തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം.
തയ്‌വാന്‍ തങ്ങളുടേതെന്നു ചൈനയും തങ്ങള്‍ പരമാധികാര രാഷ്ട്രമെന്ന് തയ്‌വാനും പ്രഖ്യാപനം നടത്തിയിട്ട് കാലമേറെയായെങ്കിലും കാര്യങ്ങളിപ്പോള്‍ അതിരുവിടുകയാണ്. അസ്വാരസ്യങ്ങളും പ്രകോപനങ്ങളും തുടര്‍ക്കഥയായി യുദ്ധമുനമ്പിലാണ് രാജ്യങ്ങള്‍. പല കാരണങ്ങള്‍ പറഞ്ഞ് തയ്‌വാന്‍ പ്രതിരോധമേഖലകളില്‍ ചൈന തുടര്‍ച്ചയായി സൈനികാഭ്യാസവും ആയുധ പരിശീലനം നടത്തുന്നു, യുദ്ധസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷെ, അമേരിക്ക നല്‍കുന്ന അചഞ്ചലമായ പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് തയ്‌വാന്.

റഷ്യയുടെ-യുക്രൈന്‍ അധിനിവേശത്തിന് സമാനമായിട്ടാണ് തയ്‌വാനെതിരേയുള്ള ചൈനയുടെ കടന്നുകയറ്റ ശ്രമത്തെ വിലയിരുത്തുന്നതെങ്കിലും ഇനിയൊരു യുദ്ധംകൂടി താങ്ങാനുള്ള സാഹചര്യമല്ല ലോകത്തുള്ളത്. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം പല രാജ്യങ്ങളിലും സമരങ്ങളുമായി ജനങ്ങള്‍ തെരുവിലാണ്. ഇതിന് പ്രധാന കാരണങ്ങളിലൊന്നായി റഷ്യ-യുക്രൈന്‍ യുദ്ധം മാറിയിട്ടുണ്ട്. പ്രധാന ചരക്ക് ഉത്പാദക രാജ്യമെന്ന നിലയ്ക്ക് റഷ്യയിലും യുക്രൈനിലുമുള്ള തടസ്സങ്ങൾ ആഗോളവിലയില്‍, പ്രത്യേകിച്ച് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കുതിച്ചുചാട്ടത്തിന് കാരണമായിട്ടുള്ളതായി ഐ.എം.എഫ്.(അന്താരാഷ്ട്ര നാണയനിധി) നേരത്തെ വിലയിരുത്തിയിട്ടുണ്ട്. ഗോതമ്പിന്റെ ആഗോള കയറ്റുമതിയുടെ 30% വരെ യുക്രൈനും റഷ്യയും വഹിക്കുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നു. ഇതിനൊപ്പമുള്ള പണപ്പെരുപ്പം മൂലം ആഗോള സമ്പദ് വ്യവസ്ഥ മുഴുവന്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്നും ഐ.എം.എഫ്. കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പാഠം മുന്നില്‍ നില്‍ക്കെയാണ് മറ്റൊരു യുദ്ധത്തിന് കൂടി ചൈനയും-തയ്‌വാനും കോപ്പുകൂട്ടുന്നത്.
ചൈനയുടെ ആവര്‍ത്തിച്ചുള്ള വിലക്കും മുന്നറിയിപ്പും ലംഘിച്ച് തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ നടത്തിയ യു.എസ്. സന്ദര്‍ശനമാണ് അന്താരാഷ്ട്ര തലത്തിലെ പുതിയ ചര്‍ച്ചാവിഷയം. തന്റെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമുള്ള തിരിച്ചുവരവിനിടെ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി സായ് ഇങ് വെന്‍ നടത്തിയ ചര്‍ച്ചയാണ് ചൈനയെ പ്രകോപിപ്പിച്ചത്. സന്ദര്‍ശനത്തിന്റെ തിരിച്ചടിയെന്നോണം തയ്‌വാനില്‍ ചൈന നടത്തിയ മൂന്ന് ദിവസത്തെ ശക്തിപ്രകടനം തങ്ങള്‍ ഏറ്റുമുട്ടലിനൊരുങ്ങുന്നുവെന്ന ചൈനയുടെ മുന്നറിയിപ്പായിരുന്നു. 12 യുദ്ധക്കപ്പലുകളും 71 യുദ്ധവിമാനങ്ങളുമാണ് മൂന്ന് ദിവസത്തെ ശക്തിപ്രകടനത്തില്‍ പങ്കെടുത്തത്. 35 യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് തയ്‌വാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുമുണ്ട്.

തയ്‌വാനെതിരേ ഏറ്റുമുട്ടലിന് സജ്ജമാണെന്ന് ചൈന പ്രഖ്യാപിച്ചതോടെ യു.എസ്. യുദ്ധക്കപ്പലുകള്‍ തയ്‌വാനിലേക്ക് നീങ്ങിയതും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയും ചൈന തയ്‌വാനില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന് സമാനമായതാണ് കഴിഞ്ഞ മൂന്ന് ദിവസവും നടന്നത്. കര-വ്യോമഗ താഗതം തടഞ്ഞ് തയ്‌വാനെ സഹായിക്കുന്നവരെ തടയുന്നതിനുള്ള സീലിങ് പരിശീലനമാണ് നടക്കുന്നതെന്നാണ് യുദ്ധവിദഗ്ധര്‍ വിലയിരുത്തിയത്. യുദ്ധമുണ്ടായാല്‍ ഏറ്റവും തന്ത്രപരമായ ആയുധമായും ഈ സീലിങ്ങിനെ ചൈന കണക്കാക്കുന്നു.
ചൈന തയ്‌വാന്‍ തര്‍ക്കം ഇങ്ങനെ
- ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ പരാജയപ്പെടുത്തി മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകള്‍ ബീജിങ്ങില്‍ 1949-ല്‍ അധികാരമേറ്റെടുക്കുന്നു.
- കുമിന്താങ്ങുകള്‍ തയ്‌വാനിലെ ദ്വീപിലേക്ക് പലായനം ചെയ്യുകയും അവരുടേതായ തായ്പേയ് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
- 1950-ല്‍ തയ്‌വാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായി. തുടര്‍ന്ന് തയ്‌വാന്റെ സംരക്ഷണത്തിനായി ഒരു കപ്പല്‍പടയെ തന്നെ അമേരിക്ക സ്ഥലത്ത് വിന്യസിച്ചു.
- 1979-ല്‍ അമേരിക്ക തായ്‌വാനുമായുള്ള നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ചു. ബീജിങ്ങുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. പക്ഷെ, അമേരിക്ക തായ്‌വാനുമായി വ്യാപാര-സൈനിക ബന്ധങ്ങള്‍ തുടര്‍ന്നു. ഇത് തയ്‌വാനെ ബലപൂര്‍വം കൈവശപ്പെടുത്തുകയെന്ന ചൈനീസ് തന്ത്രത്തിന് തിരിച്ചടിയായി.
- 1987-ന് ശേഷം തയ്‌വാനിലെ ജനങ്ങള്‍ക്ക് ചൈനയിലെ കുടുംബങ്ങളെ കാണാനും സന്ദര്‍ശിക്കാനും അനുവാദം ലഭിച്ചു.
- 1991-ല്‍ തയ്‌വാന്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ചൈനയുമായുള്ള യുദ്ധസാഹചര്യം അവസാനിപ്പിച്ചു. സിംഗപ്പൂരില്‍ ഇരുപക്ഷവും തമ്മിലുള്ള ആദ്യ നേരിട്ടുള്ള ചര്‍ച്ച നടന്നു.
- തയ്‌വാന്‍ പ്രസിഡന്റ് ലീ ടെങ് ഹ്യൂയ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയതിനെതുടര്‍ന്ന് 1995-ല്‍ ബീജിങ് തയ്‌വാനുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചു.
- തയ്‌വാനിലെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഭയപ്പെടുത്താനായി 1996-ല്‍ ചൈന തയ്‌വാനില്‍ മിസൈലുകള്‍ പരീക്ഷിച്ചു.
- തയ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് 2005-മാര്‍ച്ചില്‍ ചൈന പ്രഖ്യാപിച്ചു. ഇതേ വര്‍ഷം ഏപ്രിലില്‍ കുമിന്താങ് നേതാവ് ലൈന്‍ ചാന്‍ ബീജിങ്ങില്‍ സന്ദര്‍ശനം നടത്തി. ചൈനീസ് നേതാവ് ഹു ജിന്താവോയുമായി സംസാരിച്ചു.
-
തയ്‌വാന്‍ സൈനികര്‍ പരിശീലനത്തില്‍ | Photo: Getty Images - കുമിന്താങ്ങ് നേതാവ് മാ യിങ് ജ്യൂ തയ്‌വാന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം 2008-ല്‍ തയ്‌വാനും ചൈനയുമായി ഉന്നത വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
- 2016-ല്‍ സായ് ഇങ് വെന്‍ തയ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- ഏകചൈന നയത്തെ അംഗീകരിക്കാതിരുന്നതോടെ തയ്‌വാനുമായുള്ള എല്ലാ ബന്ധവും ചൈന അവസാനിപ്പിച്ചു.
- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസ്. നയതന്ത്ര നയങ്ങള്‍ ലംഘിച്ച് സായ് ഇങ് വെന്നുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.
- ചൈന-തയ്‌വാന്‍ ഏകീകരണം ഒഴിവാക്കാനാവാത്തതാണെന്ന് 2019-ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പ്രഖ്യാപിച്ചു.
- 2021-ല്‍ തയ്‌വാന്റെ പ്രതിരോധ മേഖലയിലേക്ക് ചൈന നൂറ് കണക്കിന് നുഴഞ്ഞുകയറ്റം നടത്തി.
- തയ്‌വാനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ 2021 ഒക്ടോബറില്‍ പ്രഖ്യാപിച്ചു.
- തങ്ങളുടെ സൈന്യത്തിന് പരിശീലനം നല്‍കാന്‍ യു.എസ്. സേനയുടെ ഒരു വിഭാഗം സ്ഥലത്തുണ്ടെന്ന് തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ അറിയിച്ചു.
- 2022 ആഗസ്ത് നാലിന് ചൈനയുടെ വിലക്ക് ലംഘിച്ച് അമേരിക്കയുടെ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശനം നടത്തിയത് ചൈനയെ കൂടുതല്‍ പ്രകോപിപ്പിച്ചു.
- 25 വര്‍ഷത്തിന് ശേഷമായിരുന്നു യു.എസിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥ തായ്‌വാന്‍ സന്ദര്‍ശിച്ചത്.
- തിരിച്ചടിയെന്നോണം വലിയ സൈനികാഭ്യാസം ചൈന തയ്‌വാനില്‍ നടത്തി. ഒരാഴ്ചയോളമാണ് ഇത് നീണ്ട് നിന്നത്.
- യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍ എന്നിവയെല്ലാം സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ഇതോടെ അമേരിക്ക തങ്ങളുടെ യുദ്ധക്കപ്പലുകളെ തയ്‌വാനിലേക്കയക്കുകയും തയ്‌വാന് സൈനിക സഹായം നല്‍കുമെന്ന് നേരിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
- നാന്‍സി പെലോസിക്ക് ചൈന ഉപരോധമേര്‍പ്പെടുത്തി
- 2023-ഏപ്രില്‍ മാസത്തില്‍ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി യു.എസില്‍ ഇറങ്ങുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
- ചൈനയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സന്ദര്‍ശനവും ചര്‍ച്ചയും
- സായ് ഇങ് വെന്‍ തയ്‌വാനിലേക്ക് തിരിച്ചെങ്കിലും ദ്വീപില്‍ ചൈന മൂന്ന് ദിവസത്ത സൈനിക പരീശീലനം സംഘടിപ്പിച്ചു.

ചൈനീസ് ഏകീകരണം
ചൈനയുടെ വിദേശനയത്തിന്റെ കാതലാണ് 2049- ന് മുമ്പുള്ള ചൈനീസ് ഏകീകരണം. 1980-കളുടെ തുടക്കത്തില്‍ തയ്‌വാനോടുള്ള സമീപനം ചൈന മയപ്പെടുത്തിയിരുന്നു. ചൈനയുടെ അവിഭാജ്യഘടകമായി മാറാന്‍ തയ്യാറായാല്‍ തയ്‌വാന് കൂടുതല്‍ സ്വയംഭരണാധികാരം അനുവദിക്കാമെന്നായിരുന്നു ചൈനയുടെ വാഗ്ദാനം. ഹോങ് കോങ്ങില്‍ വിജയകരമായി നടപ്പാക്കിയ ഈ ഏകചൈന ദ്വിഭരണ നയം തയ്‌വാന്‍ അംഗീകരിച്ചില്ല. എന്നാല്‍, ചൈനയിലേക്കുള്ള സഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള നിയന്ത്രണം ഇളവുചെയ്ത് ചൈനയോടുള്ള മൃദുസമീപനം തയ്‌വാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ചൈന-തയ്‌വാന്‍ പ്രതിനിധികള്‍ തമ്മിലുള്ള അനൗദ്യോഗികചര്‍ച്ചകളും നടന്നു. 1992-ല്‍ തയ്‌വാന്‍ ഭരണകക്ഷിയായ കുമിംഗ്താങ് പാര്‍ട്ടിയും ചൈനീസ് പ്രതിനിധികളും തമ്മില്‍ അനുരഞ്ജനക്കരാര്‍ ഒപ്പുവെച്ചു. ഈ കരാറനുസരിച്ച് തയ്‌വാന്‍ പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഏകചൈന തങ്ങളാണെന്നാണ് തയ്‌വാന്റെ നിലപാട്.
നിര്‍ബന്ധിക സൈനികസേവനം നീട്ടി തയ്‌വാന്‍
ചൈനയുടെ പ്രകോപനങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്‌വാന്‍ പൗരരുടെ നാലു മാസത്തെ നിര്‍ബന്ധിത സൈനികസേവനം ഒരു വര്‍ഷമാക്കി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ തീരുമാനം 2024-ല്‍ പ്രാബല്യത്തില്‍ വരും. 2005 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്കും നിയമം ബാധകമാകും. ''ചൈനയുടെ പ്രകോപനം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ സമാധാനം താനേ ലഭിക്കില്ല, മാറുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ നാലു മാസത്തെ നിര്‍ബന്ധിത സേവനം പര്യാപ്തമല്ല.'' -ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടുനടന്ന ഉന്നതതല ചര്‍ച്ചയില്‍ തായ് പ്രസിഡന്റ് സായ് ഇങ് വെന്‍ ചൂണ്ടിക്കാട്ടി. തീരുമാനം ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുമെങ്കിലും ഭാവിതലമുറയ്ക്ക് ജനാധിപത്യ സമൂഹത്തില്‍ ജീവിക്കാന്‍ ഇത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണവേണമെന്നാണ് തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ ആവശ്യപ്പെട്ടത്. ചൈനയുടെ ഭീഷണി അവഗണിച്ച് ന്യൂയോര്‍ക്കിലെത്തിയപ്പോഴായിരുന്നു സായുടെ അഭ്യര്‍ഥന.

തയ്‌വാനോടുള്ള സമീപനം ബീജിങ് കര്‍ക്കശമാക്കുകയും തയ്‌വാന്‍ അനുകൂല നിലപാടില്‍ അമേരിക്ക കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ തയ്‌വാന്‍ കടലിടുക്ക് അന്തര്‍ദേശീയ സംഘര്‍ഷത്തിന് വേദിയാകുമോ എന്നതാണ് ആശങ്ക. 2049-ന് മുന്‍പ്, അതായത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തിന്റെ ശതാബ്ദിക്കു മുന്‍പ് വിശാല ചൈനയെന്ന സ്വപ്നം പൂര്‍ത്തിയാക്കണമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗ്രഹം. എന്നാല്‍, സമകാലിക ആഗോള രാഷ്ട്രീയ സാമ്പത്തിക സാഹചര്യം അത്തരമൊരു ആഗ്രഹപൂര്‍ത്തീകരണത്തിന് അനുയോജ്യമല്ല. ഏറ്റവും പ്രധാനം യുക്രൈനിലെ റഷ്യന്‍ അനുഭവം തന്നെയാണ്.
യുക്രൈനില്‍ റഷ്യ നേരിടുന്ന അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് തയ്‌വാനെതിരായ ബലപ്രയോഗത്തിന് മുതിരും മുന്‍പ് ചൈന കണക്കിലെടുക്കേണ്ടിവരും. മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയുമായി റഷ്യയേക്കാൾ കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ചൈനീസ് സമ്പദ് വ്യവസ്ഥ. അന്തര്‍ദേശീയ സാമ്പത്തികോപരോധം റഷ്യയെക്കാള്‍ ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. ലോകത്തെ പ്രധാന സൈനികശക്തികളിലൊന്നായ ചൈനയോട് ഒരു നിലയ്ക്കും പ്രതിരോധിച്ചു നില്‍ക്കാനുള്ള കഴിവ് തയ്‌വാനില്ല. പക്ഷേ, തയ്‌വാന്റെ സൈനികശക്തി മാത്രം കണക്കിലെടുത്താവില്ല ചൈനയുടെ നീക്കങ്ങള്‍. യുക്രൈനിലെ റഷ്യന്‍ അനുഭവം പ്രസക്തമാകുന്നത് അവിടെയാണ്.
സൈനിക ശക്തി
| ചൈന | തയ്‌വാന്‍ | |
| ആകെ സൈനികര്‍ | 2035000 | 169000 |
| കരസേന | 965000 | 94000 |
| നാവിക സേന | 260000 | 40000 |
| വ്യോമസേന | 395000 | 35000 |
| കരുതല്‍ സൈന്യം | 510000 | 1657000 |
ആയുധങ്ങള്‍ | ||
| യുദ്ധടാങ്കുകള്‍ | 4800 | 650 |
| യുദ്ധ വിമാനങ്ങള്‍ | 3348 | 691 |
| അന്തര്‍ വാഹിനികള്‍ | 59 | 4 |
| നാവികസേനാക്കപ്പലുകള്‍ | 86 | 26 |
| പീരങ്കികള്‍ | 9550 | 2093 |
മൈക്ക് മിനിഹാന്റെ മുന്നറിയിപ്പ്
ചൈനയുമായി രണ്ട് വര്‍ഷത്തിനുള്ളില്‍ അതായത് 2025-ല്‍ യുദ്ധമുണ്ടാവുമെന്നും അതിനായി കഠിന പരിശീലനം നടത്തണമെന്നും യു.എസ്. വ്യോമസേന ജനറല്‍ മൈക്കിള്‍ എ. മിനിഹാന്‍ മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞ ജനുവരിയിലായിരുന്നു. യു.എസിന്റെ എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ തലവന്‍ കൂടിയായ മിനിഹാന്റെ ഈ വാക്കുകളെ ഏറെ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികണ്ടത്. 2024-ല്‍ ആണ് തയ്‌വാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് ഒരു കാരണമായി കണ്ട് ഷി ജിന്‍ പിങ് തയ്‌വാനെ ആക്രമിക്കും. ഇതേ 2024-ല്‍ ആണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് ചൈനയ്ക്ക് അമേരിക്കയുടെ ശ്രദ്ധ വ്യതിചലിപ്പിക്കാം.
ചൈന-തയ്‌വാന്‍ യുദ്ധം ചൈന-അമേരിക്ക യുദ്ധമായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മൈക്കിള്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളിലൂടെയായിരുന്നു മൈക്കിള്‍ മിനിഹാന്റെ കത്ത് അന്ന് പുറത്തുവന്നത്. പുതിയ സാഹചര്യത്തില്‍ ഈ മുന്നറിയിപ്പിന് പ്രസക്തിയേറുന്നുമുണ്ട്. "ഒരു പക്ഷെ എന്റെ വീക്ഷണം തെറ്റായിരിക്കാം, പക്ഷെ 2025-ല്‍ യുദ്ധമുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ കണക്കാക്കുന്ന്." മൈക്കിള്‍ മിനിഹാന്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ജനറല്‍ മൈക്ക് മിനിഹാന്റെ വെളിപ്പെടുത്തല്‍ പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നില്ല. മിനിഹാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വിഷയത്തില്‍ പ്രതികരിച്ചത്. 2024-ല്‍ തയ്‌വാനില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചൈന ശ്രമിച്ചാല്‍ അത് സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്യും. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേര്‍ക്കുനേര്‍ യുദ്ധത്തിന് കാരണമാകുമെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തയ്‌വാന്‍ തങ്ങളുടെ പ്രദേശമാണെന്ന് ആവര്‍ത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങള്‍ തുടരുന്നു എന്നാരോപിച്ച് അമേരിക്ക നേരത്തെ രംഗത്തുണ്ട്. ചൈനയുടെ ഭീഷണിക്കിടയിലും അമേരിക്കയുടെ പിന്തുണയായിരുന്നു തയ്‌വാന്റെ ആത്മവിശ്വാസം. യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തിന് ശേഷവും തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ യു.എസ് സന്ദര്‍ശനത്തിന് ശേഷവും ചൈന നല്‍കിയ മുന്നറിയിപ്പും ഭീഷണിയും തയ്‌വാന്‍ വകവെക്കാതിരുന്നത് അമേരിക്കയുടെ ഈ പിന്തുണയുടെ ബലത്തിലുമാണ്.
Content Highlights: china taiwan conflict
Published: 14 Apr 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented