
കഴിഞ്ഞയാഴ്ചയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എം.എ. സോഷ്യോളജി പരീക്ഷാഫലം പുറത്തുവന്നത്. ഏതൊരു വിദ്യാര്‍ഥിയും കൊതിക്കുന്നൊരു മികച്ച വിജയമാണ് താന്‍ നേടിയതെന്ന് അറിഞ്ഞപ്പോള്‍ മാള കാര്‍മല്‍ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന അമലുവിന് വലിയ സന്തോഷം തോന്നി.
എന്നാല്‍ അതില്‍ അഭിരമിച്ചിരിക്കാന്‍ അവള്‍ക്ക് സമയമുണ്ടായിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂരിലുള്ള സോണൽ ഓഫീസില്‍ ജോലിക്ക് പോകണം. താൽക്കാലിക ജോലിയാണെങ്കിലും അതിലൂടെ കിട്ടുന്ന പണം കൊണ്ട് വേണം സഹകരണ ബാങ്കിലെ ലോണ്‍ അടച്ച് തീര്‍ക്കാന്‍. ഇല്ലെങ്കില്‍ ആകെയുള്ള സമ്പാദ്യമായ വീട് നഷ്ടപ്പെടും.
Also Read
അങ്ങനെയിരിക്കെയാണ് തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ചേച്ചിമാര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച അമലുവിനെ കാണാനെത്തുന്നത്. എന്തിനാണവര്‍ വന്നതെന്ന് അമ്പരന്ന് നില്‍ക്കുമ്പോള്‍ അവള്‍ കണ്ടു, അവരിലൊരാളുടെ കയ്യിലൊരു പൊന്‍തിളക്കം.
അതവള്‍ക്കുള്ള സമ്മാനമായിരുന്നു. എം.എ. സോഷ്യോളജിയില്‍ 85 ശതമാനം മാര്‍ക്ക് നേടി കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എട്ടാം റാങ്കുകാരിയായതിന് അമലുവിനായി അവര്‍ അവര്‍ വാങ്ങിയ സമ്മാനം. സ്വര്‍ണ്ണത്തിന്റെ ജിമിക്കികമ്മല്‍. തുച്ഛമായ വരുമാനം നുള്ളിപ്പെറുക്കി അവര്‍ കൊണ്ടുവന്ന സമ്മാനം വാങ്ങുമ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റുള്ള അമലുവിന്റെ പോരാട്ടം പക്ഷേ ജീവിതത്തോടാണ്. ഒരു കുടുംബത്തെയാകെ ചുമലിലേറ്റിയുള്ള തിരക്കേറിയ ജീവിതയാത്രയ്ക്കിടെ അമലു മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു...
അരപ്പവന്റെ കമ്മല്‍
അവരുടെ കൂടെയാണ് ഞാന്‍ തൊഴിലുറപ്പിന് പോയിരുന്നത്. അവര്‍ ഇങ്ങനൊരു സമ്മാനം തന്നപ്പൊ ശരിക്കും ഷോക്കായി. വലിയൊരു സര്‍പ്രൈസായിരുന്നു. എല്ലാവരും എന്നെ പോലെ സാധാരണക്കാരാണ്. അവരും കുടുംബശ്രീയിലെ ചേച്ചിമാരും എല്ലാവരും കൂടിയാണ് കമ്മല് വാങ്ങിയത്. അത് കിട്ടിയപ്പൊ എനിക്ക് ഭയങ്കര സന്തോഷമായി.
റാങ്ക് നേട്ടം
റാങ്കൊന്നും മനസിലുണ്ടായിരുന്നില്ല. പരീക്ഷ നല്ല മാര്‍ക്കോടെ ജയിക്കണം എന്നായിരുന്നു ആഗ്രഹം. ആദ്യ സെമസ്റ്ററിലൊക്കെ നല്ല മാര്‍ക്ക് കിട്ടിയപ്പൊ ആത്മവിശ്വാസമായി. എനിക്ക് റാങ്ക് കിട്ടുമെന്ന് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു.
സോഷ്യോളജി
പ്ലസ് ടുവിന് ഹ്യുമാനിറ്റീസാണ് പഠിച്ചത്. തൃക്കൂര്‍ സര്‍വ്വോദയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍. സോഷ്യോളജിക്ക് ക്ലാസില്‍ ഫസ്റ്റായിരുന്നു. മെറീന ടീച്ചറാണ് സോഷ്യോളജി ഇനിയും പഠിക്കാന്‍ പറഞ്ഞത്. അങ്ങനെ കാര്‍മ്മല്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. അത് കഴിഞ്ഞ് പി.ജിയും അവിടെ തന്നെ. ടീച്ചറാണ് പ്രോത്സാഹനം നല്‍കിയത്.
'കുട്ടിത്തൊഴിലാളി'
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ജോലിക്ക് പോകുന്നത്. അവധിക്കാലത്ത് അടുത്തുള്ള ചക്കവറുക്കുന്ന വീട്ടില്‍ അമ്മയ്ക്കും ചേച്ചിമാര്‍ക്കുമൊപ്പം പോകും. അമ്പത് രൂപയായിരുന്നു എന്റെ ആദ്യത്തെ 'ശമ്പളം'. വലുതായി കോളേജിലെത്തിയപ്പൊ അത് 300 രൂപയായി. രാവിലെ മുതല്‍ വൈകീട്ട് വരെ ചക്കച്ചുള വൃത്തിയാക്കലായിരുന്നു ജോലി.

തൊഴിലുറപ്പ് കാലം
കോവിഡ് കാലത്താണ് തൊഴിലുറപ്പിന് പോയത്. പി.ജിയ്ക്കും തൊഴിലുറപ്പിനും ഞാന്‍ 'ജോയിന്‍' ചെയ്തത് ഒരേ സമയത്താണെന്ന് പറയാം. പറമ്പ് കിളയ്ക്കാനും കാട് വെട്ടാനുമെല്ലാം പോയിരുന്നു. ഇക്കൊല്ലം മാര്‍ച്ചില്‍ കോഴ്‌സ് അവസാനിച്ചപ്പൊ തൊഴിലുറപ്പിനോടും ബൈ പറഞ്ഞു.
പി.ജി. പഠനകാലം
കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസായിരുന്നു ആദ്യ സെമസ്റ്ററുകളിലുണ്ടായിരുന്നത്. വീട്ടില്‍ ആകെ ഒരു സ്മാര്‍ട്ട്‌ഫോണാണ് ഉള്ളത്. നെറ്റ് കിട്ടാന്‍ വേണ്ടി അടുത്തുള്ള കുന്നില്‍ പോയിരുന്നാണ് ക്ലാസുകള്‍ കേട്ടിരുന്നത്. അങ്ങനെ കിട്ടിയ കുറച്ച് ക്ലാസുകളുടെ ബലത്തിലാണ് ആദ്യ സെം പരീക്ഷകളെഴുതിയത്. അതില്‍ 'ഒ' (ഔട്ട് സ്റ്റാന്‍ഡിങ്) ഗ്രേഡ് കിട്ടി.
സെക്കന്റ് ഇയറായപ്പഴേക്ക് കൊറോണ പോയി ക്ലാസ് തുടങ്ങി. കോളേജില്‍ പോകേണ്ടി വന്നു. പക്ഷേ അവധി ദിവസങ്ങളില്‍ തൊഴിലുറപ്പിന് പോയി. ലോണ്‍ അടയ്‌ക്കേണ്ടതല്ലേ. അത് മുടക്കാന്‍ പറ്റില്ലല്ലോ.
വീട്ടിലെ കാര്യങ്ങളൊന്നും ഞാന്‍ കോളേജിലാരോടും പറഞ്ഞിട്ടില്ല. മാതൃഭൂമിയിലെ വാര്‍ത്ത കണ്ടാകും അവര്‍ എന്റെ കാര്യങ്ങളൊക്കെ ഇപ്പൊ അറിഞ്ഞിട്ടുണ്ടാകുക.
ഉപേക്ഷിച്ച ബി.എഡ്
കോഴിക്കോട്ടെ ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ എനിക്ക് ബി.എഡിന് അഡ്മിഷന്‍ കിട്ടിയതാണ്. ചെറിയ ഫീസിന് ബി.എഡ് പഠിക്കാന്‍ പറ്റുമായിരുന്നു അവിടെ. പക്ഷേ ഞാന്‍ അതിന് പോയാല്‍ വീടിന്റെ കാര്യം എന്താകും... ലോണടയ്ക്കണ്ടേ... അതുകൊണ്ട് പോകണ്ടാന്ന് തീരുമാനിച്ചു.
കരാട്ടെ, നൃത്തം
ഞാന്‍ കരാട്ടെ ബ്രൗണ്‍ ബെല്‍റ്റാണ്. ഡിഗ്രിക്ക് പഠിക്കുമ്പഴാണ് ചെറിയ ഫീസില്‍ കരാട്ടെ പഠിപ്പിക്കുന്ന സ്ഥാപനമുണ്ടെന്ന് അറിഞ്ഞത്. മാസം 150 രൂപ. അപ്പൊ ഒരു താല്‍പ്പര്യം തോന്നി പോയതാണ്. പക്ഷേ ബ്ലാക്ക് ബെല്‍റ്റെടുക്കാന്‍ കഴിഞ്ഞില്ല. ബ്ലാക്ക് ബെല്‍റ്റ് എടുക്കാന്‍ പറഞ്ഞ് സാറിപ്പോഴും വിളിക്കാറുണ്ട്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പൊ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഭരതനാട്യമാണ് പഠിച്ചത്. സ്‌കൂളീന്ന് ചില മത്സരങ്ങള്‍ക്ക് പോയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അതും നിര്‍ത്തേണ്ടിവന്നു.

ഇനി
സൊസൈറ്റിയിലെ ലോണ്‍ അടച്ച് തീര്‍ക്കണം. വേറൊന്നും ഇപ്പൊ ആലോചിക്കുന്നില്ല. അച്ഛനും അമ്മയുമൊന്നും ജോലിക്ക് പോകാത്തത് കൊണ്ട് ഇപ്പൊ എന്റെ വരുമാനം മാത്രമാണുള്ളത്. ലോണ്‍ അടച്ച് തീര്‍ത്തിട്ട് ബി.എഡ്ഡിന് പോകണമെന്നാണ് കരുതുന്നത്.
കുടുംബം
വലിയപാറയില്‍ എന്നാണ് എന്റെ വീട്ടുപേര്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലാണ് വീട്. അച്ഛന്‍ രാജു. അമ്മയുടെ പേര് രാധിക. രണ്ട് ചേച്ചിമാരുണ്ട്. അശ്വതിയും ആശയും. രണ്ടാളുടെയും കല്യാണം കഴിഞ്ഞു. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂരിലുള്ള സോണൽ ഓഫീസിലെ ഡാറ്റ എൻട്രി ജോലിയാണ് ഞാനിപ്പോൾ ചെയ്യുന്നത്.
Content Highlights: Calicut university ma sociology rank holder thrissur native Amalu opens up her life.
Published: 16 Nov 2023, 05:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented