തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസ് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനു പിന്നാലെ എസ്.എഫ്.ഐ. നേതാക്കൾക്കുനേരേ ആക്രമണമെന്ന് പരാതി. സർവകലാശാലാ കാമ്പസിൽ സംഘർഷത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ കാണാനെത്തിയ എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ആദിൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് എം. സുജിൻ തുടങ്ങിയവർക്കുനേരേയാണ് ബുധനാഴ്‌ച രാത്രി പന്ത്രണ്ടോടെ ആക്രമണമുണ്ടായത്.

To advertise here,

എം.എസ്.എഫ്. നേതാക്കളും പ്രവർത്തകരും ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി ആശുപത്രിയിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. തലയ്ക്കു പരിക്കേറ്റ ആദിലിനെയും തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റ സുജിനെയും ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിലേക്കു മാറ്റി.

എം.എസ്.എഫ്. നേതാവായ ബ്ലോക്ക്പഞ്ചായത്തംഗം ഉൾപ്പെടെ ഇരുപതോളംപേർ ചേർന്ന് ഇരുമ്പുവടികളുമായി ആശുപത്രിയിലേക്ക് ഓടിയെത്തുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ കയറി ആക്രമിച്ചതിന് ആശുപത്രി മാനേജ്മെന്റിന്റെ പരാതിയിലും എസ്.എഫ്.ഐ.യുടെ പരാതിയിലും തേഞ്ഞിപ്പലം പോലീസ് കേസുകൾ രജിസ്റ്റർചെയ്തു.

യൂണിയൻ തിരഞ്ഞെടുപ്പിനിടെ ബുധനാഴ്‌ച വൈകീട്ട് എസ്.എഫ്.ഐ. പ്രവർത്തകരും യു.ഡി.എസ്.എഫ്. പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. എസ്.എഫ്.ഐ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും കൊടിമരവും കാറും തകർത്തിട്ടുണ്ട്. യു.ഡി.എസ്.എഫിന്റെ കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ടു. സംഘർഷത്തിൽ ഇരുവിഭാഗം വിദ്യാർഥികൾക്കും പരിക്കേറ്റു.

സംഘർഷം കണക്കിലെടുത്ത് നവംബർ രണ്ടുവരെ ക്ലാസുകൾക്ക് സർവകലാശാല അവധി നൽകിയിരിക്കുകയാണ്. കാമ്പസിൽ ശക്തമായ പോലീസ് കാവലുണ്ട്. കാമ്പസിലെ അക്രമവുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരേ കേസുകളെടുത്തിട്ടുണ്ട്. 
അന്വേഷണത്തിന് സമിതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസ് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് സർവകലാശാലാ ആഭ്യന്തര അന്വേഷണം. അന്വേഷിച്ച് ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് ചെയർമാനായും വിദ്യാർഥി ക്ഷേമവിഭാഗം മേധാവി ഡോ. ഫസലുറഹ്‌മാൻ കൺവീനറുമായി സമിതി രൂപവത്കരിച്ചു.

പ്രൊഫസർ ഡോ. രാജീവ് എസ്. മേനോൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. മഞ്ജു സി. നായർ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ.എസ്. പ്രിയലേഖ എന്നിവരാണ് സമിതി അംഗങ്ങൾ.

വിദ്യാർഥിസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർ പ്രൊഫസർ ഡോ. പി. രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ്, രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ എന്നിവർ വ്യാഴാഴ്‌ച പുരുഷ ഹോസ്റ്റലിൽ പരിശോധന നടത്തി.

ഹോസ്റ്റൽ നിയമങ്ങൾ കർശനമായി നടപ്പാക്കാനും കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നവീകരിക്കുന്നതിനുമുള്ള തീരുമാനത്തിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ഹോസ്റ്റലുകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യാൻ തിങ്കളാഴ്‌ച യോഗം ചേരും.