തൃശ്ശൂർ: 1995-ൽ തൃശ്ശൂർ ടൗണിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു മാർത്ത കൊലക്കേസ്. ചെറുപ്പക്കാരായ രണ്ട് യുവാക്കൾ സ്വർണം അപഹാരിക്കുന്നതിനായി നടത്തിയ അതിക്രൂരമായ കൊലപാതകത്തിൽ ചാലക്കുടി സ്വദേശി പ്രസാദ് (19), ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാർ (18) എന്നിവരായിരുന്നു പ്രതികൾ. അന്ന് പിടിയിലായ പ്രതികളിൽ കൃഷ്ണകുമാർ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.

To advertise here,

30 വർഷത്തോളമായി കോടതി ഇയാൾക്ക് ലോങ്ങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട്. പോലീസ് കാലങ്ങളായി കൃഷ്ണകുമാറിനെ തേടുന്നുണ്ടായിരുന്നെങ്കിലും ഇയാളുടെ യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. കോടതിയിൽ ട്രയൽ ആരംഭിച്ചെങ്കിലും കൃഷ്ണകുമാറിനെ ഹാജരാക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.

ശേഷം, തൃശൂർ മേഖല ഡിഐജിയുടെ നിർദ്ദേശപ്രകാരം, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ എസിപി രാജേഷ് ടി.ആർ., ഈസ്റ്റ് സിഐ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ ടീമിനെ രൂപീകരിച്ചു. 2022 മുതൽ ഈ കേസ്സ് നോക്കിയിരുന്ന പോലീസുകാരെയും, വെസ്റ്റ് എസ്‌ഐ ആദർശിന്റെ നേതൃത്വത്തിൽ പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരെയും ഉൾപ്പെടുത്തിയാണ് ടീമിനെ രൂപീകരിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃഷ്ണകുമാർ പേരടക്കം മാറ്റി, ഉത്തർപ്രദേശിലെ മീററ്റിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി അറിവുകിട്ടി. പിന്നാലെ ടീം മീററ്റിലേക്ക് യാത്രതിരിക്കുകയായിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ 15 കൊല്ലം മുമ്പ് മീററ്റിൽവെച്ച് കൊല്ലം സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചു.

തുടർന്ന് കൊല്ലത്ത് നടത്തിയ അന്വേഷണത്തിൽ, ഇയാൾ കഴിഞ്ഞ 15 കൊല്ലമായി കൊല്ലം കുണ്ടറയിൽ വ്യാജ മേൽവിലാസത്തിൽ ഭാര്യയും കുട്ടികളുമായി ജീവിക്കുകയാണെന്ന് പോലീസ് കണ്ടെത്തി. അവിടെ വെൽഡിങ് ജോലിചെയ്ത് ജീവിക്കുകയായിരുന്നു കൃഷ്ണകുമാർ. ജോലി സ്ഥലത്തുനിന്ന് തന്നെയാണ് പോലീസ് ഇയാളെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.

2025 ഒക്ടോബറിലും പോലീസ് ഇയാളെ തേടി മീററ്റിൽ പോയിരുന്നു. എന്നാൽ ഇയാളെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇയാളെ കണ്ടെത്തിയേ തീരൂവെന്ന നിശ്ചയദാർഢ്യത്തിലായിരുന്ന പോലീസ് സംഘം വീണ്ടും മീററ്റിലെത്തി നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തേക്ക് നീണ്ട വിവരങ്ങൾ ലഭിച്ചത്.