ഴിമതി ഏറ്റവും കുറവുള്ള രാജ്യം... കുറ്റകൃത്യങ്ങള്‍ കുറവ്...  വൃത്തിയുള്ള അന്തരീക്ഷം. മതസ്വാതന്ത്ര്യം, തുല്യത, മനുഷ്യാവകാശം സംരക്ഷിക്കല്‍, എല്ലാറ്റിലും മുന്നിലാണ് ന്യൂസീലന്‍ഡ്. രണ്ട് പ്രധാന ദ്വീപുകളും ഒപ്പം 700 ഓളം ചെറുദ്വീപുകളും അടങ്ങുന്ന ഭൂപ്രദേശം. ലോകത്തെ ആറാമത്തെ വലിയ ദ്വീപ് രാഷ്ട്രമായ ന്യൂസീലന്‍ഡിന് വിശേഷണങ്ങൾ ഏറെയാണ്. പ്രകൃതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റെയും കാര്യത്തിലും മാതൃകാപരമായ രീതിയാണ് രാജ്യം പിന്തുടരുന്നത്. അതിമനോഹരമായ ഭൂപ്രകൃതി, ജലാശയങ്ങള്‍, സമൃദ്ധമായ പച്ചപ്പ്..... പ്രകൃതിയുടെ അത്ഭുതങ്ങളുടെ കലവറയാണ് ന്യൂസീലന്‍ഡ്. ആഗോള സമാധാന സൂചികയിലും മുന്‍നിരയിലുള്ള ന്യൂസീലന്‍ഡില്‍ 2021 ലെ കണക്കുകള്‍ പ്രകാരം ജനസംഖ്യ 51.2 ലക്ഷം മാത്രമാണ്. ഏറെ വൈകി മാത്രം മനുഷ്യവാസം തുടങ്ങിയ ന്യൂസീലന്‍ഡില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും ഇംഗ്ലീഷ് അല്ലെങ്കില്‍ യൂറോപ്യന്‍ വംശജരാണ്. തദ്ദേശീയരായ മൗറികള്‍ രണ്ടാം സ്ഥാനത്താണ്. അതും ആകെ ജനസംഖ്യയുടെ 15 ശതമാനത്തിലും താഴെ മാത്രം.

To advertise here,

സമാധാനപ്രിയരെങ്കിലും ന്യൂസീലന്‍ഡില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ചില അസ്വാരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മൗറികളെയും അവരുടെ അവകാശങ്ങളെയും ചുറ്റിപ്പറ്റിയാണ് ഭരണകൂടവും മൗറി വംശജരും തമ്മില്‍ ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിട്ടുള്ളത്. ന്യൂസീലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം 21-കാരി ഹന റോഹിതി മെയ്പി ക്ലാര്‍ക്കിന്റെ ആദ്യ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മവോരി ഗോത്രവര്‍ഗ പ്രതിനിധിയായ ഹനയുടെ 'നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മരിക്കും, എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജീവിക്കുകയും ചെയ്യും', എന്ന പ്രസംഗമാണ് ചര്‍ച്ചാവിഷയമായത്. പരിസ്ഥിതിയും ജലവും മണ്ണും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നതെന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മവോരി ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ അന്ന് പാര്‍ലമെന്റില്‍  പറഞ്ഞിരുന്നു. മാത്രമല്ല മൗറികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന നിയമങ്ങളാണ് ഭരണകൂടം കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന ആരോപണത്തെ പിൻപറ്റി  പ്രത്യക്ഷ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. ഭരണത്തിലുള്ളവരിൽ നിന്നു തന്നെ ചോര്‍ന്നതാണെന്ന രീതിയില്‍ പ്രചരിക്കുന്ന രേഖയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഉണർന്ന പ്രശ്‌നങ്ങള്‍.

1642-ല്‍ ഡച്ച് പര്യവേക്ഷകനായ ആബെല്‍ ടാസ്മാന്‍ ആണ് ന്യൂസീലന്‍ഡ് കണ്ടെത്തിയ ആദ്യ യൂറോപ്യന്‍. സ്റ്റാറ്റന്‍ ലാന്‍ഡ് എന്നാണ് അദ്ദേഹം ദ്വീപിനെ വിളിച്ചത്. 1645-ല്‍ ഡച്ച് കാര്‍ട്ടോഗ്രാഫര്‍മാര്‍ (മാപ്പുകള്‍ വരയ്ക്കുകയും നിര്‍മിക്കുകയും ചെയ്യുന്നവര്‍) ഡച്ച് പ്രവിശ്യയായ സീലാന്‍ഡിനോട് യോജിക്കുന്ന നോവ സീലാന്‍ഡിയ എന്ന പേര് ദ്വീപിന് നല്‍കി. ബ്രിട്ടീഷ് പര്യവേക്ഷകനായ ജെയിംസ് കുക്കാണ് പിന്നീട് ന്യൂസീലന്‍ഡ് എന്ന പേര് നല്‍കുന്നത്. ഓസ്ട്രേലിയന്‍ കോളനിയുടെ ഭാഗമായിരുന്ന ന്യൂസിലന്‍ഡ് 1841-ല്‍ ഒരു പ്രത്യേക കോളനിയായി മാറി. 1931-ല്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയും 1947-ല്‍ ന്യൂസീലന്‍ഡ് അത് അംഗീകരിക്കുകയും ചെയ്തു.

ആവോട്ടിയറോവയുടെ സ്വന്തം മൗറികള്‍ 

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റ  തീവ്രതയാണ് മൗറികള്‍ക്കും ആ നാടിനും പറയാനുള്ളത്. ചരിത്ര ഏടുകളില്‍ നിന്നും തുടച്ചുനീക്കാന്‍ കഴിയാത്ത വിധം മൗറികള്‍ക്ക് ന്യൂസീലന്‍ഡില്‍ സ്വാധീനമുണ്ട്. കാരണം അത് അവരുടെ മണ്ണാണ്. ആ മണ്ണില്‍ ജീവിതം ആദ്യം പടുത്തുയര്‍ത്തിയത് മൗറി വംശജരായിരുന്നു. പോളിനേഷ്യന്‍ ദ്വീപുകളില്‍നിന്ന് ന്യൂസീലന്‍ഡില്‍ കുടിയേറിയവരാണ് മവോരികള്‍. ന്യൂസീലന്‍ഡിന്റെ ചരിത്രം എന്നാല്‍ മവോരികളുടെ കൂടി ചരിത്രമാണ്.  പ്രകൃതിയെ അത്രയും ബഹുമാനത്തോടെ കാണുന്ന മൗറികള്‍ നീളന്‍ വെണ്‍മേഘങ്ങളുടെ നാടെന്ന അര്‍ഥത്തില്‍ ആവോട്ടിയറോവ എന്നാണ് ആ പ്രദേശത്തെ വിളിച്ചത്. എല്ലാത്തിനും ഒരു ജീവശക്തിയുണ്ടെന്ന് അവര്‍ വിശ്വസിച്ചു. അവര്‍ക്ക് സ്വന്തം കലാരൂപങ്ങളും ഐതിഹ്യങ്ങളും തോറ്റം പാട്ടുകളുമുണ്ട്.  ശരീരത്തില്‍ പച്ചകുത്തുക ഇവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.  വിവിധ ഗോത്ര, ഉപ-ഗോത്ര വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വലിയ ഒരു ജന സമൂഹമായിരുന്നു അവര്‍. ഗോത്ര വിഭാഗങ്ങള്‍ ഐവി എന്നും ഉപ-ഗോത്രങ്ങള്‍ ഹാപ്പു എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഒരു രാജ്യമായി മാറിയിരുന്നില്ലെങ്കിലും പുറംലോകത്തിന് മുന്നില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് വെളിപ്പെട്ടതെങ്കിലും ദ്വീപിന്റെ അറ്റവും മൂലയും അവരുടെ കരങ്ങളില്‍ ഭദ്രമായിരുന്നു. 

placeholder
മൗറി ​വംശജർ | Photo: getty images

ഹക്ക
സന്ദര്‍ശകരായ ഗോത്രങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു പതിവ് മാര്‍ഗമായിരുന്നു ഹക്ക. യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍ യോദ്ധാക്കളെ ഉത്തേജിപ്പിക്കാനും ഹക്ക നൃത്തരൂപം സഹായിച്ചിരുന്നുവെന്നാണ് മൗറികള്‍ക്കിടയിലെ വിശ്വാസം. അത് ശാരീരിക കഴിവിന്റെ പ്രകടനമായിരുന്നു. ഹക്ക എന്നത് നൃത്തത്തിന്റെ മൗറി പദമാണെങ്കിലും, ഇത് ഒരു നൃത്തം മാത്രമല്ല. മുദ്രാവാക്യങ്ങള്‍, കൈ ചലനങ്ങള്‍, മുഖ ആംഗ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഹക്ക മൗറികളുടെ സാംസ്‌കാരിക അഭിമാനത്തിന്റെയും ശക്തിയുടെയും ഐക്യത്തിന്റെയും മൂര്‍ത്തീഭാവമായും വിലയിരുത്തപ്പെടുന്നു. 68 തരം ഹക്കകളുണ്ട്.

ന്യൂസീലന്‍ഡിന്റെ ദേശീയ റഗ്ബി ടീം, ഓരോ ടെസ്റ്റ് മത്സരവും തുടങ്ങുന്നതിന് മുന്‍പ് ഹക്ക അഭ്യസിക്കാറുണ്ട്. കായികരംഗത്ത് മികച്ച വിജയം കൈവരിക്കാന്‍ ഹക്ക അവരെ സഹായിക്കുന്നുവെന്നാണ് വിശ്വാസം.

ടാ മോക്കോ
മൗറി ജനതയുടെ സ്വത്വത്തിന്റെ അടയാളപ്പെടുത്തലാണ് ടാ മോക്കോ എന്ന ടാറ്റൂ സമ്പ്രദായം. വ്യക്തിയുടെ വംശാവലികളും കഥകളും ചരിത്രവുമാണ് ടാ മോക്കോ പറയുന്നത്.  മുന്‍കൂട്ടി മാതൃക ഉണ്ടാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. സംഭാഷണത്തിലൂടെ വ്യക്തിയെ മനസിലാക്കി ജീവിതത്തോട് സദൃശമായി സവിശേഷമായ ടാറ്റുവാണ് പതിക്കുന്നത്.

placeholder
ടാ മോക്കോ എന്ന ടാറ്റൂ സമ്പ്രദായം | Photo: getty images

ടെ റിയോ
മൗറി ഭാഷയാണ് ടെ റിയോ. ഭാഷയില്ലാതെ സ്വത്വമില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. ഭാഷ മരിച്ചാല്‍ ജനതയും സംസ്‌കാരവും ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന മൗറികള്‍ ഭാഷയെ സംരക്ഷിക്കുന്നതിനായി ഇന്നും പൊരുതിക്കൊണ്ടേയിരിക്കുന്നു. 

ആവോട്ടിയറോവ ന്യൂസീലന്‍ഡ് ആയപ്പോള്‍  അതൊരു കുടിയേറ്റ സമൂഹമായി മാറി. തദ്ദേശിയര്‍ വളരെ കുറഞ്ഞു. ഭൂരിപക്ഷവും യൂറോപ്പുകാര്‍... ആദിമ മനുഷ്യരായ മൗറി വംശം ന്യൂനപക്ഷമായി ചുരുങ്ങി. 15 ശതമാനത്തിലും താഴെയായി മൗറി ജനത കുറഞ്ഞതിന് പിന്നില്‍ കോളനിവല്‍ക്കരണവും അത് മൂലം മൗറി വംശജര്‍ നേരിട്ട പ്രതിസന്ധികളുമാണ്. മറ്റൊരു ജനതയുടെ അധിനിവേശം മൗറികളുടെ അസ്തിത്വത്തിന് നേരെയുള്ള വെല്ലുവിളിയായിരുന്നു. സ്വന്തം നാടിനും മണ്ണിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ തലമുറകള്‍ക്ക് കൈമാറി കൈമാറി മുന്നോട്ട് പോകുന്ന ജനത. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെയാണ് കപ്പലുകളില്‍ യൂറോപ്യന്മാര്‍ ആവോട്ടിയറോവയിലെത്തുന്നത്. ഇവരില്‍ കൂടുതലും ഇംഗ്ലണ്ടില്‍ നിന്നുമുള്ളവരായിരുന്നു. പുതുതായി ആ മണ്ണിലെത്തിയവരും മൗറികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു. ഭൂമിക്കുമേലുള്ള അവകാശങ്ങളായിരുന്നു പ്രശ്‌നങ്ങളുടെ പ്രധാന കാരണം. അധിനിവേശക്കാരായി എത്തിയവര്‍ ഭൂമിയില്‍ ഉടമസ്ഥത നേടാനായിരുന്നു ശ്രമിച്ചത്. ഭൂമിയില്‍ അവകാശം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയതോടെ 1835 ല്‍ ആവോട്ടിയറോവയുടെ അവകാശികള്‍ തങ്ങളാണെന്ന് വ്യക്തമാക്കുന്നതിനായിട്ട് മൗറി നേതാക്കള്‍ ഒരു സ്വതന്ത്രരാജ്യമെന്ന രേഖ മുന്നോട്ട് വെച്ചു. 1840 ല്‍ 500 ഓളം മൗറി നേതാക്കളും ബ്രീട്ടീഷ് ഭരണാധികാരികളുമായി ഔദ്യോഗിക രേഖയില്‍ ഒപ്പ് വെക്കുന്നു. ദ്വീപിന്റെ ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിലേക്കുള്ള കവാടം തുറക്കുകയായിരുന്നു ട്രീറ്റി ഓഫ് വെയ്റ്റാങ്കി എന്ന ആ രേഖ.

ട്രീറ്റി ഓഫ് വെയ്റ്റാങ്കി

ട്രീറ്റി ഓഫ് വെയ്റ്റാങ്കി മൗറി, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതപ്പെട്ടിരുന്നു. എക്കാലവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വെയ്റ്റാങ്കി ഉടമ്പടി മൗറികളുടെ വേരിളക്കുന്നതായിരുന്നു. കാരണം, ഉടമ്പടിയുടെ മൗറി, ഇംഗ്ലീഷ് രേഖകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. മൗറി ഭാഷയില്‍ എഴുതപ്പെട്ട രേഖയില്‍ ഭൂമി, വിഭവങ്ങള്‍, വീടുകള്‍,  സ്വത്തുക്കള്‍ എന്നിവയുടെ മേല്‍ സമ്പൂര്‍ണ അധികാരം മൗറി വംശജര്‍ക്കായിരുന്നു. എന്നാല്‍, അത് ഇംഗ്ലീഷ് ഭാഷയില്‍ എഴുതപ്പെട്ട രേഖയിലെത്തിയപ്പോള്‍ സമ്പൂര്‍ണ അധികാരം  ഇംഗ്ലണ്ടിലെ രാജ്ഞിക്കായി മാറി. ഉടമ്പടിയില്‍ ഒപ്പിട്ടതോടെ ആവോട്ടിയറോവയ്ക്ക് മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ ബ്രിട്ടണ് അധിക സമയം വേണ്ടി വന്നില്ല. ബ്രിട്ടീഷ് നിയമപ്രകാരം ഭരണം നടത്താനുള്ള എല്ലാവിധ അധികാരങ്ങളും നിക്ഷിപ്തമായിരുന്നുവെന്നായിരുന്നു അവരുടെ വാദം.  

1840 കളുടെ അവസാനത്തോടെ വില്യം ഹോബ്‌സനെ ഗവര്‍ണറായി പ്രഖ്യാപിക്കുകയും ആവോട്ടിയറോവയെ ഒരു  ബ്രീട്ടിഷ് കോളനിയാക്കി മാറ്റുകയും ചെയ്തു. ഭൂമിക്കു മേലുള്ള ബ്രിട്ടിഷ് ആധിപത്യം മൗറികളെ തളര്‍ത്തി. പിടിച്ചടക്കുമെന്ന അന്യായമായ ഭീഷണിക്കുമുന്നില്‍ തീര്‍ത്തും ചെറിയ തുകയ്ക്ക് ഭൂമി ബ്രീട്ടിഷുകാര്‍ക്ക് കൈമാറേണ്ട സ്ഥിതി വന്നു. 1850-കളില്‍ മൗറി ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചു. കോളനിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ മൗറി സംസ്‌കാരത്തെയും ഭൂമിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മൗറി ഗോത്രങ്ങളെ ഒരൊറ്റ പരമാധികാരിയുടെ കീഴില്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് 1858-ല്‍ കിംഗിതംഗ (Kiingitanga (മൗറി കിങ് മൂവ്മെന്റ്) സ്ഥാപിതമായത്. 1856-ല്‍ വൈകാറ്റോ തലവന്‍ പൊട്ടാറ്റൗ ടെ വെറോഹീറോയെ രാജാവായി നാമനിർദേശം ചെയ്തു. 1858-ല്‍ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു.

1860 ആയതോടെ ഭൂമിയുടെയും വിഭവങ്ങളുടെയും പേരില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തു തുടങ്ങി. സ്വന്തം മണ്ണിനു മേലിലുള്ള അവകാശം നേടിയെടുക്കാന്‍ പോരാട്ടത്തിനിറങ്ങിയേ മതിയാകൂവെന്ന് മൗറി ജനതയ്ക്ക് മനസിലായി. ബ്രീട്ടീഷ് അധികൃതരുടെ അംഗബലത്തിനും ആയുധബലത്തിനു മുന്നില്‍ തളരാതെ പോരാടിയെങ്കിലും 2000 ത്തോളം  മൗറി വംശജര്‍ ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. വലിയതോതില്‍ ഭൂമി ബ്രീട്ടിഷുകാര്‍ പിടിച്ചെടുത്തു. രാജ്ഞിയെ എതിര്‍ക്കുന്ന ആരുടെയും ഭൂമി പിടിച്ചെടുക്കാനുള്ള അധികാരമുണ്ടെന്നായിരുന്നു ബ്രിട്ടിഷ് അധികൃതരുടെ അവകാശവാദം. ഭൂമിക്കുമേലുള്ള അവകാശം തെളിയിക്കാന്‍ കോടതിയെ സമീപിക്കാന്‍ മൗറി ജനതയ്ക്ക് അനുവാദമുണ്ടായിരുന്നുവെങ്കിലും കോടതിയെ സമീപിക്കണമെങ്കില്‍ നിയമപരമായ ചെലവുകളും യാത്രാച്ചെലവുകളും വളരെ കൂടുതലായിരുന്നു. കോടതി വ്യവഹാരങ്ങള്‍ ബ്രിട്ടണ് അനുകൂലമായിരുന്നുവെന്നതും മൗറികള്‍ക്ക് തിരിച്ചടിയായി.

placeholder
treaty of waitangi | photo: archives.govt.nz

മൗറികളും ബ്രിട്ടന്റെ തദ്ദേശീയ ജനങ്ങളോടുള്ള കൊളോണിയല്‍ നയത്തിന്റെ ഇരകളായി. ഭൂമി കണ്ടുകെട്ടല്‍ മൗറി വംശത്തിന്റെ സാമ്പത്തിക അടിത്തറയുടെ തകര്‍ച്ചയ്ക്ക് കാരണമാവുകയും അവരുടെ സ്വത്വത്തെയും സംസ്‌കാരത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കൂടാതെ യൂറോപ്യര്‍ ആവോട്ടിയറോവയിലേക്ക് കൊണ്ടുവന്ന രോഗങ്ങള്‍ വലിയ തോതില്‍ മൗറികളെ മരണത്തിലേക്ക് തള്ളിവിട്ടു. 1840-ല്‍, യൂറോപ്യന്മാര്‍ കപ്പലില്‍ എത്തിത്തുടങ്ങിയപ്പോള്‍ 80,000 മൗറികള്‍ ദ്വീപില്‍ താമസിച്ചിരുന്നു. എന്നാല്‍ 1896 ആയപ്പോഴേക്കും 42,000 മൗറികള്‍ മാത്രമാണ് അവശേഷിച്ചത്. അതേസമയം, വെള്ളക്കാരോ മൗറികളല്ലാത്തവരോ ആയവരുടെ (പകേയ (pa ke ha) എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്) ജനസംഖ്യ 701,000 ആയി ഉയര്‍ന്നു. ഏകദേശം 88% മൗറി ഭൂമിയും പിടിച്ചെടുക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് മൗറി വംശജരുടെ ജീവിതം ഏറെ ദുസ്സഹമായിരുന്നു. വിദേശികളെ പോലെ സംസാരിക്കാനും വസ്ത്രം ധിരിക്കാനുമൊക്കെ അവര്‍ നിര്‍ബന്ധിതരായി. രണ്ട് ലോകമഹായുദ്ധങ്ങളിലും പോരാടിയ മൗറി സൈനികര്‍ക്ക് മടങ്ങിയെത്തിയതിന് ശേഷം പകേയക്കാർക്ക് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കാതെയും ബ്രിട്ടിഷ് അധികൃതര്‍ വേര്‍തിരിവ് തുടര്‍ന്നു.

എല്ലാ മേഖലകളിലും മൗറികളോടുള്ള അസമത്വങ്ങള്‍ പ്രകടമായി തുടങ്ങി. പകേയക്കാരുമായി തുലനം ചെയ്യുമ്പോള്‍ വരുമാനത്തില്‍ മൗറി വംശജര്‍ ഏറെ പിന്നിലായിരുന്നു. മൗറി ജനതയുടെ ആരോഗ്യസ്ഥിതിയും പിന്നോട്ടായിരുന്നു. 1966 ലെ കണക്കുകള്‍ പ്രകാരം മൗറി ജനതയ്ക്കിടയില്‍ ശിശു മരണ നിരക്ക് നാല് ശതമാനമായിരുന്നു. അതേസമയം, പകേയക്കാർക്കിടയില്‍ ഇത് രണ്ട് ശതമാനം മാത്രമായിരുന്നു. മാത്രമല്ല  മൗറി പുരുഷന്മാര്‍ മൗറികളല്ലാത്തവരുമായി തുലനം ചെയ്യുമ്പോള്‍ തടവിലാക്കപ്പെടാനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലായിരുന്നു. 

1953 ല്‍ ബ്രിട്ടിഷ് ഭരണകൂടം മൗറികള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഭൂമി വില്‍ക്കുന്നതിന് നിയമം കൊണ്ടുവന്നതാണ് നഗരങ്ങളിലേക്കെത്താന്‍ മൗറികള്‍ക്ക് വഴിതുറന്നത്. പുതിയ നിയമവും രണ്ടാം ലോക മഹായുദ്ധവും ഗ്രാമപ്രദേശങ്ങളില്‍ നിന്നും വ്യാപകമായി മൗറികൾക്ക് നഗര പ്രദേശത്തേക്ക് താമസം മാറുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു. എന്നാല്‍ ക്രൂരമായ വംശീയാധിക്ഷേപമായിരുന്നു വെള്ളക്കാര്‍ അവര്‍ക്കായി കാത്തുവച്ചിരുന്നത്. എന്നിരുന്നാലും 1960 ആയപ്പോഴേക്കും നേതൃത്വത്തെ ചോദ്യം ചെയ്യത്തക്കവിധം മൗറികൾ മെച്ചപ്പെട്ട സ്ഥാനപദങ്ങളിലെക്കെത്തി തുടങ്ങി.

പേരാട്ടവഴികള്‍ 

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതും പ്രതിഷേധിച്ചതും മൗറികള്‍ക്കും പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. 1970-കളില്‍ മൗറികളില്‍ വിദ്യാസമ്പന്നരായ യുവതയുടെ ഒരു കൂട്ടം 'എന്‍ഗാ തമാറ്റോവ' എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചതോടെയാണ് കൂടുതല്‍ തീവ്രമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. 1975-ല്‍ അവര്‍ വടക്കന്‍ ദ്വീപിന്റെ നീളത്തില്‍ വെല്ലിംഗ്ടണിലെ പാര്‍ലമെന്റിലേക്ക് ഒരു ലാന്‍ഡ് മാര്‍ച്ച് സംഘടിപ്പിച്ചു. ഇത് മൗറി പ്രശ്‌നങ്ങളെക്കുറിച്ച് വിശാലമായ പൊതുബോധം സൃഷ്ടിച്ചു. മൗറി ഭൂമി, വനം, മത്സ്യസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന അവകാശവാദത്തെ കേന്ദ്രീകരിച്ച് വെയ്റ്റാങ്കി ഉടമ്പടിയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.  പതിറ്റാണ്ടുകളായി സ്‌കൂളുകളില്‍ ഉള്‍പ്പെടെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന മൗറി ഭാഷയെ പുനരുജ്ജീവിപ്പിക്കുകയും മൗറി ഭൂമിയുടെ സംരക്ഷണവുമായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം. 

ആവോട്ടിയറോവയുടെ ചരിത്രത്തിലെ  ഏറ്റവും വലിയ പ്രതിഷേധത്തിന് 'എന്‍ഗാ തമാറ്റോവ' നേതൃത്വം നല്‍കി. ലാന്‍ഡ് മാര്‍ച്ചില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ഇനി ഒരു ഏക്കര്‍ മൗറി ഭൂമി പോലും വില്‍ക്കില്ലെന്ന മുദ്രാവാക്യവുമായി ജനത തെരുവിലിറങ്ങി. വിനാ കൂപ്പര്‍ എന്ന 80 വയസുകാരി പോരാട്ടങ്ങളെ മുന്നില്‍ നിന്നും നയിച്ചു. 29 ദിവസം നീണ്ടു നിന്ന സമരം പാര്‍ലമെന്റില്‍ എത്തി ചേര്‍ന്നപ്പോള്‍ 60,000 പേര്‍ ഒപ്പിട്ട പരാതി അധികൃതര്‍ക്ക് മുന്നില്‍ നല്‍കി. കോളനിവത്കരണത്തിന്റെ ദോശങ്ങള്‍ അംഗീകരിക്കാന്‍ വളരെക്കാലം വിമുഖത കാണിച്ചെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മൗനം പാലിക്കാന്‍ സാധിക്കാതെ വന്നതോടെ ബ്രിട്ടന് പ്രതികരിക്കേണ്ടി വന്നു. 1840-ലെ ഉടമ്പടിയുടെ  ലംഘനങ്ങള്‍ അന്വേഷിക്കാന്‍ അവര്‍ 1975-ലെ വെയ്റ്റാങ്കി ഉടമ്പടി കൊണ്ടുവന്നു. എന്നാല്‍ പിന്നെയും ഒരു ദശാബ്ദക്കാലത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് അന്വേഷണ ട്രൈബ്യൂണലിന്റെ സേവനം ലഭ്യമായി തുടങ്ങിയത്.

1840 മുതലുള്ള പരാതികള്‍ അന്വേഷിക്കാനുള്ള അധികാരം ലഭിച്ചെങ്കിലും ട്രിബ്യൂണലിന് സര്‍ക്കാര്‍ നടപടിക്കുള്ള ശുപാര്‍ശകള്‍ മാത്രമേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. എങ്കിലും ഇത് നഷ്ടപരിഹാരത്തിനുള്ള വാതില്‍ തുറന്നു. ഭൂമിയായും പണമായും ആ നഷ്ടപരിഹാരം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിലവില്‍ 138 ഓളം സര്‍ക്കാര്‍ അംഗീകൃത ഐവികളാണ് ന്യൂസീലന്‍ഡിലുള്ളത്.

placeholder
മൗറി ​വംശജർ | Photo: getty image

ഒത്തുതീര്‍പ്പുകള്‍

ഓരോ ഐവിയും അവരുടെ പരാതികള്‍ വെയ്റ്റാങ്കി ട്രൈബ്യൂണലില്‍ രജിസ്റ്റര്‍ ചെയ്യണം. അവരുടെ അവകാശവാദങ്ങള്‍ ന്യായമെന്ന് കണക്കാക്കുന്ന പക്ഷം അവര്‍ക്ക് ഭരണാധികാരികളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയും. എല്ലാ വശങ്ങളും പരിശോധിച്ച് ഇരുകക്ഷികളും ഒപ്പിടുന്ന അവസാന ഒത്തുതീര്‍പ്പ്  എഴുതുകയാണ് ചെയ്യുന്നത്. ഒത്തുതീര്‍പ്പ് ആസ്തികള്‍ ലഭിക്കുന്നതിന്, ഗോത്രത്തിന് വേണ്ടി ഒരു ഭരണ സ്ഥാപനം ഐവി സജ്ജീകരിക്കണം. ഗോത്രത്തിലെ മുഴുവന്‍ മൗറികളുടെയും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വികസനത്തിനായും സെറ്റില്‍മെന്റ് ആസ്തികള്‍ ഉപയോഗിക്കാന്‍ സാധിക്കും. വ്യക്തികള്‍ക്കായി നഷ്ടപരിഹാരം നല്‍കില്ല. മൗറികളുടെ ആവശ്യങ്ങള്‍ നിരവധിയായിരുന്നു. പണം, ക്ഷമാപണം, ഭൂമി, ജലം, മത്സ്യബന്ധനം, ധാതുക്കള്‍, മൗറി ഭാഷയായ 'ടെ റിയോ മൗറി' പുനഃസ്ഥാപിക്കല്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. 

ഉടമ്പടിയിലെ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ വിവിധ ഘട്ടങ്ങളില്‍ വീണ്ടും നടത്തപ്പെട്ടു, മൗറി ചരിത്രത്തിന്റെയും രാഷ്ട്രീയ കാര്യങ്ങളുടെയും കേന്ദ്ര വിഷയമായി അത് തുടര്‍ന്നു. 1928-ല്‍ ഒരു റോയല്‍ കമ്മിഷന്‍ നടത്തിയ കണ്ടെത്തലുകള്‍ മൗറികളുടെ പ്രശ്‌നങ്ങളെ ന്യായീകരിക്കുകയും, വൈക്കാറ്റോ തരാനകി, ബേ ഓഫ് പ്‌ളെന്റി എന്നീ ഗോത്രങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. വൈകാറ്റോ ഈ വാഗ്ദാനം നിരസിച്ചു, പല  മൗറികളും  തങ്ങള്‍ക്ക് പണമല്ല, ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഭൂമി അന്യാധീനപ്പെടുന്നതിന്റെ അടിസ്ഥാന പ്രശ്നത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും, 1946-ല്‍ വൈക്കാറ്റോ ജനങ്ങള്‍ ഒരു പുതുക്കിയ നഷ്ടപരിഹാരം അംഗീകരിച്ചു.

2022 ആയപ്പോഴേക്കും ഏകദേശം 80 ഒത്തുതീര്‍പ്പുകള്‍ നിയമമായി പാസാക്കി. എന്നാല്‍ ഒത്തുതീര്‍പ്പ് പ്രക്രിയ രാഷ്ട്രീയമായും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2002-ല്‍ ന്യൂസീലന്‍ഡിന്റെ ആദ്യ നേതാവും ഇപ്പോള്‍ ഉപപ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ പീറ്റേഴ്സ് മൗറികള്‍ക്ക് നിരവധി അവകാശവാദങ്ങള്‍ അനുവദിക്കുന്നതായി അഭിപ്രായപ്പെട്ടു. 2006-ല്‍ ആക്റ്റ് പാര്‍ട്ടി, എത്ര പണം നല്‍കിയാലും മുന്‍കാല തെറ്റുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന വീക്ഷണവും സ്വീകരിച്ചു. ഇപ്പോള്‍ ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്നാണ് ന്യൂസീലന്‍ഡില്‍ ഭരണം നടത്തുന്നത്.

നിലവിലെ പ്രശ്‌നങ്ങള്‍

ലിബര്‍ട്ടേറിയന്‍ ആക്റ്റ്  പാര്‍ട്ടിയുമായി സഖ്യത്തില്‍ നാഷണല്‍ പാര്‍ട്ടി നേതാവായ ക്രിസ്റ്റഫര്‍ ലക്സണ്‍ പ്രധാനമന്ത്രിയായിട്ടുള്ള സര്‍ക്കാരാണ് ന്യൂസിലന്‍ഡ് ഭരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ആറുവര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചാണ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ തദ്ദേശീയരായ മൗറി വിഭാഗത്തിന് സര്‍ക്കാരിന്റെ പല നിലപാടുകളും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. പ്രധാനമായും മൗറി ഭാഷയെയും വെയ്റ്റാങ്കി ഉടമ്പടിയെയും ചുറ്റിപറ്റിയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിക്കുന്നത്.

placeholder
മൗറി പ്രക്ഷോഭത്തിൽ നിന്ന് |ഫോട്ടോ: Getty Images

2025 ല്‍ ന്യൂസീലന്‍ഡിന്റെ ഉപപ്രധാനമന്ത്രി ആകാനിരിക്കുന്ന ആക്റ്റ് പാര്‍ട്ടി നേതാവ് ഡേവിഡ് സെയ്മോര്‍ വെയ്റ്റാങ്കി ഉടമ്പടിയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരുന്നു. 1840-ലെ ലെന്‍സിലൂടെയാണ് വെയ്റ്റാങ്കി ഉടമ്പടിയെ നമ്മള്‍ നോക്കി കാണുന്നതെന്നും ജനാധിപത്യ പ്രക്രിയകള്‍ക്ക് അനുസൃതമായി അത് ഒരിക്കലും നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഉടമ്പടിയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ അവതിപ്പിക്കാനാണ് ഡേവിഡ് സെയ്മോര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ജനപ്രിയമല്ലാത്ത ഒരു നിര്‍ദേശമായിട്ടാണ് മൗറികള്‍ നോക്കി കാണുന്നത്. മൗറി രാജാവിന്റെ ദേശീയ ഹുയിയുടെ തലേദിവസം ഒരു രേഖ ചോരുകയും ഇത് മൗറികള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്തു. മൗറികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വെയ്റ്റാങ്കി ഉടമ്പടിയുടെ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണ് ഈ രേഖയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ബില്ല് പ്രകാരം ന്യൂസീലന്‍ഡ് ഗവണ്‍മെന്റിന് എല്ലാ ന്യൂസീലന്‍ഡുകാരുടെ മേലും ഭരണാവകാശമുണ്ട്. നിയമത്തിനു മുന്നില്‍ എല്ലാ ന്യൂസീലന്‍ഡുകാരും തുല്യരാണ്. എല്ലാവര്‍ക്കും ഒരേ അവകാശവും കടമകളും. ചോര്‍ന്ന രേഖ, തങ്ങളുടെ അവകാശങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് മൗറികള്‍ പയുന്നത്. കൂടിയാലോചന നടത്താത്തതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ബില്‍ ഭിന്നിപ്പിക്കുന്നതല്ലെന്നാണ് സെയ്മോറുടെ വാദം.

രാഷ്ട്രീയത്തിലെത്തിയ ആദ്യ കാലങ്ങളില്‍ മൗറി പഠിക്കാന്‍ ശ്രമിച്ചിരുന്ന ലക്സണ്‍ ആക്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിലായി ഭരണത്തിലെത്തിയതോടെ തദ്ദേശീയ സമൂഹത്തിന്റെ അവകാശങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണെന്നാണ് മൗറി നേതാക്കളുടെ ആരോപണം. കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഔദ്യോഗിക ആശയവിനിമയങ്ങളില്‍ ടെ റിയോ മൗറി (മൗറിഭാഷ)യുടെ ഉപയോഗം കുറയ്ക്കുക, ഗോത്രത്തെ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ നിര്‍ത്തുക, മൗറികളെ സംരക്ഷിക്കുന്ന ആരോഗ്യ നയങ്ങള്‍ അസാധുവാക്കുക തുടങ്ങി മൗറി സംസ്‌കാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി നയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

മൗറികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇടപ്പെടലാണ് ഭണകൂടം സ്വീകരിക്കുന്നതെന്ന ബോധ്യത്തിലാണ് മൗറികള്‍ എല്ലാവും ഒന്നിച്ച് ഒരു യോഗം ചേരാന്‍ തീരുമാനിച്ചത്. മൗറി അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 10000 ത്തോളം മൗറി വംശജരാണ് പങ്കെടുത്തത്. അവകാശങ്ങള്‍ നേടിയെടുക്കാനും കൈവിട്ടുപോകാതിരിക്കുന്നതിനും മറ്റൊരു പോരാട്ടത്തിന് കൂടി തുടക്കം കുറിക്കേണ്ടിവന്നാല്‍ മൗറി വംശജര്‍ അതിനും തയ്യാറാണ്.

മൗറി വംശജര്‍ ഇപ്പോള്‍ സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ എത്തിയിട്ടുണ്ടെങ്കിലും പകേയകളോട് തുലനം ചെയ്യുമ്പോള്‍ ഇപ്പോഴും പിന്നിലാണ്. ജനസംഖ്യയിലും ഏറെ പിന്നിലാണ് ഇവര്‍. അടിസ്ഥാന ആവശ്യങ്ങളെ ഹനിക്കുന്ന തീരുമാനങ്ങള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകരുതെന്നാണ് ഇവരുടെ ആവശ്യം. തുറന്ന ചര്‍ച്ചകളിലൂടെ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടിയിരിക്കുന്നു.