
ലീഡറെ മിസ്സ് ചെയ്യുന്നു എന്നുപറഞ്ഞ് പലരും എനിക്കിപ്പോള്‍ മെസ്സേജ് അയക്കാറുണ്ട്. ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ പറഞ്ഞ് അച്ഛന്റെ ഫോട്ടോ വെച്ചുള്ള വാട്സാപ്പ് മെസ്സേജുകള്‍ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് ഞങ്ങളെക്കാളും അച്ഛനെ സ്നേഹിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്ന്. കോണ്‍ഗ്രസ് ഒരു കുടുംബമായിരുന്നു. ആ കുടുംബത്തിലെ ഓരോ വ്യക്തികള്‍ക്കും അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടാവും. രാഷ്ട്രീയ ശത്രുക്കളായാലും പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്നവരായാലും പല സന്ദര്‍ഭങ്ങളിലും ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇന്ന് പലരില്‍നിന്നും ഞങ്ങള്‍ക്ക് കിട്ടുന്നത് അച്ഛനോടുള്ള സ്നേഹമാണ്. എവിടെയും ലീഡറുടെ മക്കള്‍ എന്ന പേരിലുള്ള പരിഗണനയും സ്നേഹവുമുണ്ട്. അതിനേക്കാള്‍ വലിയൊരു ഭാഗ്യം ഈ ജന്മത്തില്‍ ഇനി കിട്ടാനില്ല.
രാഷ്ട്രീയക്കാരന്റെ മകള്‍
കെ. കരുണാകരന്റെ മകള്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ എനിക്ക് കൂടുതലും ദോഷമാണുണ്ടായിട്ടുള്ളത്. ജനിച്ചപ്പോള്‍ എം.എല്‍.എ.യുടെയും അഞ്ചു വയസ്സില്‍ ആഭ്യന്തരമന്ത്രിയുടെയും മകളായി വളര്‍ന്നതാണ് ഞാന്‍. ആദ്യമൊക്കെ മാധ്യമങ്ങള്‍ അച്ഛനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഞങ്ങളെയാണ് കരുവാക്കിയത്. സങ്കടം തോന്നിയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. രാജന്‍ കേസും ഫ്രഞ്ച് ചാരക്കേസുമൊക്കെ ഇടയ്ക്ക് ഓര്‍മ വരുന്നത് ആ സങ്കടങ്ങളുടെ പേരിലാണ്. ആരെങ്കിലും പുതുതായി ഒരു സ്ഥാപനം തുടങ്ങിയാല്‍ അത് കരുണാകരന്റെ മക്കളുടേതാണെന്ന് ആരോപിക്കുന്നൊരു കാലമായിരുന്നു അത്. പുതിയ കെട്ടിടം വന്നാല്‍ അത് കെ. മുരളീധരന്‍ വാങ്ങിയതാണെന്ന് പറയും. അതു കഴിഞ്ഞപ്പോള്‍ മക്കള്‍ രാഷ്ട്രീയം എന്നായി ആരോപണം. ഇങ്ങനെ അന്ന് ഞങ്ങള്‍ അനുഭവിക്കാത്ത എന്താണ് ഉള്ളത്? ഇപ്പോള്‍ പലരുടെയും മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നുണ്ട്. അതിനൊന്നും ആര്‍ക്കുമൊരു പ്രശ്നവും കണ്ടിട്ടില്ല. ഇതിന്റെ പേരിലുള്ള അടിയും കുത്തുമൊക്കെ കൊണ്ടത് ഞങ്ങളാണെന്ന് മാത്രം.
അച്ഛന്‍ ഒരുപാട് ധൈര്യമുള്ള ആളായിരുന്നു. എപ്പോഴുമൊരു വിവാദ പുരുഷനാണ്. അതുകൊണ്ടുതന്നെ അച്ഛനെ ഒന്നൊതുക്കാന്‍ മക്കളെ കുറ്റം പറയുന്നതായിരുന്നു എതിരാളികളുടെ രീതി. മക്കളെന്നാല്‍ ഏതൊരു അച്ഛന്റെയും ദൗര്‍ബല്യമാണല്ലോ. അച്ഛനെ വേദനിപ്പിക്കുകയായിരുന്നു പലരുടെയും ലക്ഷ്യം. അതിന് ഞങ്ങളെ കരുക്കളാക്കി. പക്ഷേ അതിനുമുന്നിലും അച്ഛന്‍ കൂളായിരുന്നു. ഭക്തി ഉള്ളതുകൊണ്ട് മനസ്സിന് നല്ല കരുത്താണ്. ഞങ്ങള്‍ക്കും ഇതൊരു പാഠമായി മാറി. എന്തു കേട്ടാലും പതറാതിരിക്കാന്‍. സത്യം എന്താണെന്നും ഞങ്ങള്‍ എന്താണെന്നും ഞങ്ങള്‍ക്കറിയാം, സ്നേഹിക്കുന്നവര്‍ക്ക് അറിയാം. അതു മതിയല്ലോ. എല്ലാവരെയും ബോധ്യപ്പെടുത്തിയൊരു ജീവിതം സാധ്യമല്ലല്ലോ.
കെ. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയുമൊക്കെ വീട്ടില്‍ പ്രവര്‍ത്തകര്‍ക്ക് കിടപ്പുമുറി വരെ വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലംതൊട്ട് രാഷ്ട്രീയമല്ലാത്തൊരു ലോകം ഞങ്ങള്‍ കണ്ടിട്ടില്ല. ജനിച്ചപ്പോള്‍ തൊട്ട് നൂറുകണക്കിന് ആള്‍ക്കാരാണ് ചുറ്റിലും. പാര്‍ട്ടിക്കാരുടെ ഇടയില്‍ ഇരുന്നാണ് ഞങ്ങളും ഭക്ഷണം കഴിക്കുന്നത്. കുഞ്ഞുങ്ങളാണെങ്കിലും പ്രത്യേകമായി ഭക്ഷണം തരാനുള്ള സമയമൊന്നും അമ്മയ്ക്ക് കിട്ടില്ല. ഏതു സമയത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒപ്പമിരുന്ന് വര്‍ത്തമാനം പറഞ്ഞും അവരുടെ സംസാരം കേട്ടുമൊക്കെ ഞങ്ങള്‍ക്കും രാഷ്ട്രീയത്തോടൊരു താത്പര്യം തോന്നിത്തുടങ്ങി.
പക്ഷേ, മക്കള്‍ രാഷ്ട്രീയത്തില്‍ വരണമെന്ന ആഗ്രഹമൊന്നും അച്ഛനുണ്ടായിരുന്നില്ല. ഞങ്ങളെ അങ്ങനെ ഒന്നിനും നിര്‍ബന്ധിച്ചിട്ടുമില്ല. അദ്ദേഹത്തിന് എപ്പോഴും ചെറുപ്പക്കാരുടെ മനസ്സാണ്. ഇന്നത്തെ തലമുറ കാര്യങ്ങള്‍ മക്കള്‍ക്ക് വിട്ടുകൊടുക്കുന്നതുപോലെത്തന്നെ. അവര്‍ എന്താ ഇഷ്ടമെന്ന് വെച്ചാല്‍ ചെയ്യട്ടെ, പഠിക്കട്ടെ എന്ന മട്ടില്‍. 'നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം. ഞാനൊന്നിലും ഇടപെടില്ല. വഴി തെറ്റിപ്പോവുകയാണെങ്കില്‍ മാത്രം ഞാന്‍ പറയാം' എന്നായിരുന്നു അച്ഛന്റെ നിലപാട്. വളരെയധികം സ്വാതന്ത്ര്യം തന്നാണ് അച്ഛന്‍ എന്നെയും മുരളിയേട്ടനെയും വളര്‍ത്തിയത്.
ചെറുപ്പത്തില്‍ സ്‌കൂളിലൊക്കെ അച്ഛന്‍ വരണമെന്നൊന്നും ഞങ്ങള്‍ ഒട്ടും ആഗ്രഹിച്ചിട്ടില്ല. ഒന്നാമത് അച്ഛന്‍ ഞങ്ങളുടെ അടുത്തില്ല. ആഗ്രഹംകൊണ്ട് മാത്രം കാര്യമില്ലല്ലോ. പക്ഷേ, അച്ഛന്‍ കൂടെയില്ലാത്തതിന്റെ എല്ലാ കുറവും അമ്മ നികത്തുമായിരുന്നു. അമ്മയുടെ സഹോദരന്‍മാരും എല്ലാത്തിനും കൂടെയുണ്ടാവും. അത് കൊണ്ട് തന്നെ യാതൊരു കുറവുമറിയാതെയാണ് ഞങ്ങള്‍ വളര്‍ന്നത്. വല്ലപ്പോഴുമാണ് വരുന്നതെങ്കിലും ആ കാലത്തിനിടയിലുണ്ടായ ഗ്യാപ് നികത്താന്‍ അച്ഛന്‍ മിടുക്കനായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളെ കുളിപ്പിക്കാനും പറയുന്ന സാധനങ്ങളൊക്കെ വാങ്ങി വരാനുമൊക്കെ അച്ഛന്‍ ഓര്‍ക്കും. അപ്പോള്‍ അത്രനേരവും കഷ്ടപ്പെട്ട അമ്മയെ മറന്ന് ഞങ്ങള്‍ അച്ഛനോട് കൂട്ടുകൂടും. അതു കാണുമ്പോള്‍ അമ്മ പരിഭവിക്കും, 'ഞാനാണ് ഈ പിള്ളേരെയും കൊണ്ട് കഷ്ടപ്പെടുന്നത്. എന്നിട്ട് നിങ്ങള്‍ വന്ന് ഒറ്റ മിനിറ്റ് കൊണ്ട് പിള്ളേര്‍ കാലുമാറി 'എന്ന്.

കുട്ടിക്കാലത്തെ ചിത്രം (മാതൃഭൂമി ആര്‍ക്കൈവ്‌സ്)
രാഷ്ട്രീയം പുറത്തുനിര്‍ത്തിയിട്ട് വീട്ടില്‍ വരുന്ന ആളായിരുന്നു അച്ഛന്‍. അച്ഛന്‍ അതൊന്നും വീട്ടില്‍ ഷെയര്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ പല കാര്യങ്ങളും ആളുകള്‍ പറഞ്ഞുകേട്ടാണ് ഞങ്ങള്‍ അറിയുന്നത്. അച്ഛന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും പുറത്തുള്ളവര്‍ പറഞ്ഞാണ് കേള്‍ക്കുന്നത്. രാഷ്ട്രീയം വീടിന്റെ ഗേറ്റിന് പുറത്ത് വെക്കണമെന്നാണ് അച്ഛന്റെ വാദം. അത് അകത്തേക്ക് കൊണ്ടുവന്നാല്‍ വീട്ടില്‍ ടെന്‍ഷനാവും. അത് പാടില്ല. വീട്ടില്‍ സമാധാന അന്തരീക്ഷം ഉണ്ടായാലേ എനിക്ക് പുറത്ത് പോയി ജോലി ചെയ്യാന്‍ പറ്റുള്ളൂ എന്നാണ് അച്ഛന്റെ ന്യായം. അതുകൊണ്ട് വീട്ടില്‍ അച്ഛനൊരു സാധാരണ മനുഷ്യനായിരുന്നു, എന്നും.
ശക്തിയായി ഒരാള്‍
അമ്മയായിരുന്നു എന്നും അച്ഛന്റെ പിന്നിലെ ശക്തി. 1940-കളില്‍ സ്ത്രീകള്‍ അധികം വിദ്യാഭ്യാസം നേടാതിരുന്ന കാലത്ത് ബി.എ. ഇക്കണോമിക്സ് കഴിഞ്ഞയാളാണ് അമ്മ. തിരുവനന്തപുരത്ത് പി. ആന്റ് ടിയില്‍ ജോലിയും ഉണ്ടായിരുന്നു. അച്ഛനെ വിവാഹം ചെയ്തതോടെ അമ്മ ജോലി രാജിവച്ച് തൊഴിലാളികളുടെ ഇടയിലേക്ക് വന്നു. അമ്മ പണ്ട് പറഞ്ഞുകേട്ടിട്ടുണ്ട്, ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രം വായിച്ച്, ഇംഗ്ലീഷ് മാത്രം സംസാരിച്ചുകഴിഞ്ഞിരുന്ന തനിക്ക് പിന്നെ ഒരു വാക്ക് പോലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറ്റാതായെന്ന്.
ജീവിതം ഏതു നേരവും തൊഴിലാളികളുടെ ഒക്കെ കൂടെയല്ലേ. പക്ഷേ വീട്ടിലെ ഒരു ടെന്‍ഷനും അമ്മ അച്ഛനെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അച്ഛന് സ്വതന്ത്രനായി തന്റെ ജോലി ചെയ്യാന്‍ പറ്റി. ആരെങ്കിലും മക്കള്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചാല്‍ അച്ഛന്‍ ദയനീയമായി അമ്മയുടെ മുഖത്ത് നോക്കും. വേറെ വഴിയില്ല. അച്ഛനത് അറിയില്ലല്ലോ. അച്ഛന്‍ ഒരിക്കലും സ്‌കൂളില്‍ വന്നിട്ടില്ല. എല്ലാം അമ്മയാണ് ചെയ്യുന്നത്. വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും അമ്മ ശരിക്കുമൊരു അമ്മയായിരുന്നു.

പക്ഷേ, എല്ലാ ഓണത്തിനും അച്ഛന്‍ തനിയെ പോയി ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് വാങ്ങിക്കൊണ്ട് വരും. വീട്ടിലുള്ളവരുടെ ഇഷ്ടനിറമൊക്കെ അച്ഛന് നന്നായി അറിയാം. ഡ്രസ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നയാളുമാണ്. വെള്ള വസ്ത്രമേ ഉള്ളൂവെങ്കിലും അതില്‍ ഒരിടത്തും ഒരു ചുളിവ് പോലും കാണില്ല. ജുബ്ബയുടെ പിന്‍ഭാഗം ഒന്ന് പൊക്കി വെച്ചിട്ടാണ് അച്ഛന്‍ ഇരിക്കുന്നത്. ചുളിവ് വരാതിരിക്കാനുള്ള ശ്രദ്ധ. ദിവസം മൂന്നുനേരം ഡ്രസ് മാറ്റുന്ന സ്വഭാവമൊന്നുമില്ല. രാവിലെയിട്ട വസ്ത്രം ഉച്ചയ്ക്ക് വന്നിട്ട് ഹാങ്ങറില്‍ തൂക്കിയിടും. അത് തന്നെ വൈകുന്നേരവും ഇട്ട് പോകും. അപ്പോഴും അതിലൊരിടത്തുമൊരു ചുളിവുണ്ടാകാറില്ല. പണ്ട് കാലത്തൊക്കെ വസ്ത്രത്തില്‍ നീലം മുക്കുമല്ലോ. അച്ഛനത് നിര്‍ബന്ധമാണ്. നീലം മുക്കിയ ജുബ്ബയും മുണ്ടുമൊക്കെ പുറത്തുകൊണ്ടുപോയി വെളിച്ചത്തില്‍ വെച്ചുനോക്കും. എവിടെയെങ്കിലും നീലക്കളറെങ്ങാന്‍ കൂടിപ്പോയിട്ടുണ്ടോ എന്നാണ് നോക്കുന്നത്. അച്ഛന് വെള്ള വസ്ത്രമേ പറ്റൂ. അതേ ഉപയോഗിക്കൂ. പ്രത്യേകതരം ഷൂസാണ് ഇടുക. എച്ച്.എം.ടി. വാച്ചേ കെട്ടൂ. ലളിത ജീവിതരീതിയായിരുന്നു. ശരിക്കും ഗാന്ധിയന്‍ മാതൃകയില്‍ ജീവിച്ചൊരാള്‍.
പിന്നില്‍നിന്ന് കുത്തിയവര്‍
അച്ഛന് ചീത്തപ്പേര് കേട്ടതെല്ലാം കൂടെ നില്‍ക്കുന്നവരുടെ പേരിലാണ്. അവര്‍ക്ക് എല്ലാത്തിനുമങ്ങ് കണ്ണടച്ച് കൊടുക്കും. അവര് രക്ഷപ്പെട്ട് പോട്ടെ എന്ന് കരുതിയിട്ടാണ്. ചോദിച്ചാല്‍ അച്ഛന്‍ പറയും, 'ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാന്‍ വലിയ പാടാണ്, പക്ഷേ എന്നെ വെച്ച് ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റുമെങ്കില്‍ ആയിക്കോട്ടെ ' എന്ന്. അതുപോലും പോസിറ്റീവായി കാണുന്നയാളാണ്.
അങ്ങനെ ചെയ്തിട്ടും പിന്നില്‍നിന്ന് കുത്തിയവരുണ്ട്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോ ജനങ്ങളോ ഒരിക്കലും ചതിച്ചിട്ടില്ല. അച്ഛനെക്കൊണ്ട് ഓരോ സ്ഥാനത്ത് എത്തിയവരാണ് പലപ്പോഴും തിരിഞ്ഞുകുത്തിയത്. അവരില്‍ പലരും ചവിട്ടി മുകളിലേക്ക് കയറാനുള്ള ഏണിപ്പടിയായിട്ടാണ് അച്ഛനെ കണ്ടിട്ടുണ്ടാവുക. ഇതൊക്കെ അച്ഛന് മനസ്സിലാവും. പക്ഷേ, എല്ലാം കണ്ടില്ലെന്ന് നടിക്കും. അങ്ങനെ ചെയ്തവരെ വീണ്ടും സഹായിക്കും. ഞങ്ങള്‍ എത്ര പറഞ്ഞാലും കേള്‍ക്കില്ല. എല്ലാം സ്വന്തം ഇഷ്ടത്തിനേ ചെയ്യൂ. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഓരോ നിയമസഭാ മണ്ഡലത്തിലേക്കും യോജിച്ച സ്ഥാനാര്‍ഥികളെ കണ്ടുപിടിക്കാന്‍ അച്ഛനെപ്പോലെ മിടുക്കുള്ളവര്‍ വേറെയില്ല. കണ്ടാല്‍ അച്ഛന്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനമാണതെന്ന് തോന്നും. പക്ഷേ, അങ്ങനെയല്ല. ആ ദിവസങ്ങളിലൊക്കെ അച്ഛന്‍ നല്ല ഹോംവര്‍ക്ക് ചെയ്യുന്നുണ്ടാവും. സാധാരണക്കാരോട് സംസാരിക്കും. നേതാക്കളോട് സംസാരിക്കും. അവരില്‍ നിന്നെല്ലാമൊരു ആകെത്തുക എടുത്തിട്ട് അതില്‍നിന്ന് ഏറ്റവും നല്ലയാളെ തിരഞ്ഞെടുക്കും. അതായിരുന്നു അച്ഛന്റെ രീതി.
നായനാരുമായുള്ള ആത്മബന്ധം
പണ്ടത്തെ കാലത്ത് രാഷ്ട്രീയത്തില്‍ വലിയ ആത്മബന്ധങ്ങളുണ്ടായിരുന്നു. അച്ഛന് എല്ലാ പാര്‍ട്ടിയിലും അടുത്ത സൗഹൃദങ്ങളുണ്ട്. നായനാരെന്നാല്‍ ഞങ്ങള്‍ക്ക് മൂത്ത അമ്മാവന്റെ സ്ഥാനമായിരുന്നു. ഞാനിപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ശാരദാന്റിയുമായും മകന്‍ കൃഷ്ണകുമാറുമായും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. രാഷ്ട്രീയം വരുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ അച്ഛനും നായനാരും ചീത്ത വിളിക്കും. പക്ഷേ, എന്തുണ്ടായാലും സൗഹൃദം അവസാനിക്കുന്നില്ല. ചിലപ്പോള്‍ നായനാര്‍ വീട്ടില്‍ വരും. അപ്പോ അച്ഛന്‍ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിക്കും. ഉടനെ അദ്ദേഹത്തിന്റെ മറുപടി 'ഞാന്‍, ഓറെ (അമ്മയെ) കാണാന്‍ വന്നതാ' എന്നാവും. കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പം അത്രയും ദൃഢമായിരുന്നു. നിങ്ങള്‍ രണ്ടുപേരും കണ്ണൂരുകാര്‍ ആയതു കൊണ്ടാണല്ലേ ഇങ്ങനെയെന്ന് ചോദിച്ചാല്‍ അച്ഛനൊന്ന് ചിരിക്കും.അതിലുണ്ട് അച്ഛന്റെ മറുപടി.

ഞാനും മുരളിയേട്ടനും രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ അച്ഛന്‍ ഒരേയൊരു കാര്യമേ പറഞ്ഞു തന്നിട്ടുള്ളൂ. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് നിന്നാല്‍ പ്രതിയോഗികളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഒന്നും പറയരുത്. അവരെ ആരോപണങ്ങളാല്‍ ആക്രമിക്കരുത്. നമുക്ക് പറയാനുള്ള രാഷ്ട്രീയമായ കാര്യങ്ങള്‍ പറയുക. ജനനന്‍മയ്ക്കുള്ള കാര്യങ്ങള്‍ പറയുക. ഇതല്ലാതെ വ്യക്തിഹത്യ പാടില്ലെന്ന് അച്ഛന്‍ ഉപദേശിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ എപ്പോഴും അനുസരിക്കുന്നു.
ഇന്ന് കേരളത്തില്‍ എവിടെച്ചെന്നാലും അച്ഛന്റെ പേരു കാണാം. തെക്കുനിന്ന് വടക്കോട്ടുള്ള ഏത് പ്രധാന പദ്ധതികള്‍ എടുത്തുനോക്കിയാലും അതിന് തുടക്കമിട്ടയാളുടെ പേര് കെ. കരുണാകരന്‍ എന്നാവും. അപ്പോഴാണ് അച്ഛന്‍ ഇത്രമാത്രം കാര്യങ്ങള്‍ ചെയ്തിരുന്നുവല്ലോ എന്ന് ഞാന്‍ പോലും ഓര്‍ക്കുന്നത്. പലരും അച്ഛന്‍ ചെയ്ത കാര്യങ്ങളൊക്കെ പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. അച്ഛനിത്രയൊക്കെ ചെയ്തിട്ടും അതൊന്നും ഞാന്‍ അറിഞ്ഞില്ലല്ലോ എന്നൊരു വിഷമവും വരും.
എന്നും ചെറുപ്പക്കാരുമായിട്ടായിരുന്നു അച്ഛന്റെ കൂട്ട്. ഇത്ര പ്രായമായിട്ടും ചെറുപ്പക്കാരുടെ കൂടെ നടക്കുന്നതെന്താണെന്ന് ചോദിച്ചാല്‍ അച്ഛന്‍ മറുപടി 'അവരാണ് ഐഡിയ ഉള്ളവര്‍, അവരുടെ തലയാണ് എനിക്ക് വേണ്ടത്' എന്നാവും. അങ്ങനെ പിറന്ന ആശയങ്ങളാണ് ഇപ്പോഴും കേരളത്തിന്റെ മുക്കിലും മൂലയിലും കാണുന്നതും. രാഷ്ട്രീയത്തില്‍ അച്ഛന്റെ ഏറ്റവും വലിയ ഗുണം അടുത്തൊരു തലമുറയെ വാര്‍ത്തെടുത്തു എന്നതാണ്. അവരാണ് ഇപ്പോഴത്തെ പല നേതാക്കളും. കോണ്‍ഗ്രസ് വളരണമെങ്കില്‍ വരും തലമുറയെ വാര്‍ത്തെടുക്കണമെന്നാണ് ഞാനും പറയാറ്. നമുക്ക് ശേഷം പ്രളയമെന്ന് ആരും വിചാരിക്കരുത്. പാര്‍ട്ടി ഉണ്ടാവണമെങ്കില്‍ അടുത്ത തലമുറ ഇതിലേക്ക് വരണം.അച്ഛന്റെ കാലം അത് വീണ്ടും ഓര്‍മിപ്പിക്കുന്നു.
അച്ഛന്റെ പഴയ സുഹൃത്തുക്കളുമായി ഞങ്ങള്‍ക്കുള്ള അടുപ്പം ഇന്നും നില്‍ക്കുന്നുണ്ട്. ഞങ്ങളുടെ വീട്ടില്‍ താമസിച്ച് ഭക്ഷണം കഴിച്ച് വളര്‍ന്ന അവര്‍ എത്രയൊക്കെ ഉയരത്തിലാണെന്നു പറഞ്ഞാലും ആ അടുപ്പം അവസാനിക്കുന്നില്ല. ആ സ്നേഹം കോര്‍ത്തുനിര്‍ത്തുന്ന ചരടാണ് അച്ഛന്റെ ഓര്‍മ
Content Highlights: Padmaja Venugopal remembers her father K Karunakaran
Published: 29 Jul 2023, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented