ലപ്പുഴയിലെ കുട്ടിക്കാലത്ത്, അച്ഛനമ്മമാരോടൊപ്പം കൊച്ചു സന്ധ്യ, കടപ്പുറത്തേയ്ക്ക് പോകുക നടന്നാണ്. മിക്കവാറും ഞായറാഴ്ച. ഉച്ചയ്ക്ക് ഊണിനു മുന്‍പായി അച്ഛന്‍ പറയും. നമുക്കിന്ന് വൈകീട്ട് കടപ്പുറത്തുപോകാം. നാലുമണി കഴിയുമ്പോള്‍ അവര്‍ വീട് പൂട്ടി ഇറങ്ങും. പലപ്പോഴും അടുത്ത വീട്ടിലെ കുട്ടികളും അവരുടെ അച്ഛനമ്മമാരുടെ അനുവാദത്തോടെ കൂടെ വരും.

To advertise here,

കൂട്ടുകാര്‍ കൂടെ ഉണ്ടെങ്കില്‍ സന്ധ്യയുടെ സന്തോഷം ഇരട്ടിയാണ്. വീട്ടില്‍ നിന്ന് അല്പം നടന്നാല്‍ സെയ്ന്റ് ആന്റണീസ് സ്‌കൂള്‍. അതിനു മുന്‍പിലുള്ള പ്രധാന റോഡിലൂടെ പടിഞ്ഞാറേയ്ക്ക് ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ കടപ്പുറത്തെത്തും. ചാഞ്ഞുവരുന്ന പടിഞ്ഞാറന്‍ വെയില്‍ മുഖത്തേയ്ക്കടിക്കും. അങ്ങ് ദൂരെ കടപ്പുറത്തെ മണല്‍പ്പരപ്പ് പ്രത്യക്ഷപ്പെടുമ്പോഴേക്കും സന്ധ്യയ്ക്ക് വലിയ ഉത്സാഹമാണ്. പഞ്ചാരമണല്‍ത്തരികളില്‍ ചവിട്ടി ഓടാനായി അച്ഛനുമമ്മയും ഇരിക്കുന്നതിന്റെ അടുത്തു ചെരുപ്പഴിച്ച് വയ്ക്കും. എന്നിട്ടു മായക്കയും സതീശനും ലതയുമൊക്കെച്ചേര്‍ന്ന് ഓടിത്തിമര്‍ക്കും. കടപ്പുറത്ത് മണലില്‍ കൊട്ടാരവും കോട്ടയും പണിയും. ''കടലമ്മ കള്ളി' എന്നെഴുതുന്നത് കടല്‍ മായ്ക്കുന്നതുനോക്കി രസിക്കും. കടപ്പുറത്ത് ശംഖും കക്കയും സ്ലേറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കടല്‍ നാക്കും തേടിപ്പെറുക്കും. പിറ്റേന്നു ക്ലാസ്സില്‍ എന്തൊരു ഗമയാണെന്നോ ഒരു കടല്‍ നാക്കു കൈവശമുണ്ടെങ്കില്‍!

കടപ്പുറത്ത് പോയ രസമുള്ള കഥകള്‍ കൂട്ടുകാരോട് പറയുന്ന കാര്യമോര്‍ത്തിട്ടാണ് ആ രാത്രി ഉറങ്ങുന്നതുതന്നെ.കുറച്ച് മാറി കടല്‍പ്പാലമുണ്ട്. അതിലേക്കു കയറിനിന്ന് കടല്‍ കാണുമ്പോഴാണ് കടലിന്റെ യഥാര്‍ഥ സ്വഭാവമറിയുക. കോപത്തോടെ ഇരയ്ക്കുന്ന കടല്‍പ്പാലത്തിന്റെ പലകകള്‍ക്കിടയിലൂടെ. മുതിര്‍ന്നവരുടെ കൈപിടിച്ചേ പാലത്തില്‍ കയറാനാകൂ. പിന്നീട്  അപകടാവസ്ഥയിലായതിനാല്‍ പാലത്തില്‍ കയറുന്നതിനു വിലക്ക് വന്നു. കടപ്പുറത്തെ കാറ്റില്‍ പട്ടം പറത്തുന്നവരുണ്ട്. ന്യൂസ്‌പേപ്പറുകൊണ്ട് ഈര്‍ക്കിലി വച്ചുണ്ടാക്കിയ പട്ടം വില്‍ക്കാനായി ചില പിള്ളേരെത്തും. അതുവാങ്ങാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. അവധിക്കാലത്ത് അഞ്ചുപൈസക്ക്‌ വര്‍ണക്കടലാസ് വാങ്ങി പച്ച ഈര്‍ക്കിലിയും പശയും (മൈദമാവു കുറുക്കിയുണ്ടാക്കുന്നത്) ചേര്‍ത്ത് പട്ടമുണ്ടാക്കി, നീണ്ട വാലൊക്കെ കടലാസ് മുറിച്ചുണ്ടാക്കി ഒട്ടിച്ച് നൂലുവണ്ടിയുടെ അറ്റത്ത് കെട്ടി പട്ടം പറത്താം. മുതിര്‍ന്നവര്‍ കാറ്റിനനുസരിച്ച് നൂല്‍ പിടിച്ചു പട്ടം ആകാശത്തേയ്ക്കു പറത്തും. എന്തൊരു രസമാ! പട്ടം പറത്താനായി ഏതാണ്ട് അറുപതുമീറ്റര്‍ പട്ടവുമായി ഓടി പറത്തുന്ന നന്ദുവിന് അഭിമുഖമായിനിന്ന് കാറ്റുവരുമ്പോള്‍ അതുവരെ മുറക്കിപ്പിടിച്ച പട്ടം മുകളിലേയ്ക്ക് വിടുന്ന ജോലി സന്ധ്യയ്ക്ക് കിട്ടാറുണ്ട്. 

എന്തൊരഭിമാനമാണ് ആ പണി! പല കുട്ടികളും ശ്രദ്ധയില്ലാതെ പട്ടം പിടിച്ചു വിടും. അതു തലകുത്തിപ്പോകും. കാറ്റു വരുന്നതും 'കമാന്‍ഡ്'' കിട്ടുന്നതും ശ്രദ്ധിച്ച് പട്ടം വിടുന്ന സന്ധ്യയെയാണ് മിക്കവാറും ആ ജോലിയ്ക്കായി മുതിര്‍ന്ന കുട്ടികള്‍ തിരഞ്ഞെടുക്കുക. കുട്ടികള്‍ക്കും വര്‍ണക്കടലാസ് വാങ്ങിക്കൊടുത്താല്‍ മുതിര്‍ന്ന നന്ദുവും കൈലാസനുമൊക്കെ പട്ടം ഉണ്ടാക്കിത്തരും. അതിന് ആദ്യം അവരുടെ പട്ടം ഉണ്ടാക്കിക്കഴിയണം. പിന്നെ അവര്‍ക്കു സമയം കിട്ടണം. പട്ടത്തില്‍ കെട്ടാനായി അമ്മയുടെ നൂല്‍വണ്ടിയില്‍നിന്ന് കുറച്ചു നൂല്‍ കണ്ടിച്ചെടുക്കാം. മുതിർന്നവരെപ്പോലെ നൂല്‍വണ്ടി കുട്ടികള്‍ക്കില്ല. പട്ടവുമായി മുറ്റത്തോടാം.

കുറച്ചുയരത്തില്‍ പട്ടം അപ്പോള്‍ പൊങ്ങിപ്പറക്കും. കാറ്റിന് അനുകൂലമായ ദിശയില്‍ മുറ്റത്ത് പട്ടവുമായി ഓടും. ഇളകുന്ന വാലുമായി മുറ്റത്തെ പൂത്തുമ്പിയേക്കാള്‍ എത്രയോ വലിപ്പത്തില്‍ പറക്കുന്ന പട്ടവുമായി മുറ്റത്തോടുമ്പോള്‍ ഒരു നൂറുപൂത്തുമ്പിയെ ഒരുമിച്ചു കയ്യില്‍ കിട്ടിയ ആഹ്ളാദം. മുതിര്‍ന്നവര്‍ ആകാശത്തോളം പറത്തുന്ന പട്ടം കാറ്റ് പ്രതികൂലമായാല്‍ ചിലപ്പോള്‍ പ്ലാവിലേയ്‌ക്കോ മറ്റോ തലകുത്തി വീഴും. എന്തൊരു കഷ്ടം. പറന്ന പട്ടത്തെ പരിക്ക് പറ്റാതെ പുറത്തെടുക്കുന്ന ജോലിയിലായിരിക്കും മണിക്കൂറുകളോളം അവര്‍.

പത്തുപൈസ കൊടുത്ത് പട്ടം വാങ്ങാന്‍ അനുവാദമില്ലെങ്കിലും അച്ഛന്‍ പത്തു പൈസയ്ക്ക് ചൂട് നിലക്കടല, അത് മണലിലിട്ട് വറുത്തു വില്‍ക്കുന്ന കപ്പലണ്ടിക്കാരന്‍ മാമന്റെ കൈയില്‍ നിന്നുവാങ്ങിത്തരും. ചിലപ്പോഴൊക്കെ എന്റെ കളിക്കൂട്ടുകാരന്മാരുടെ പ്രായം മാത്രമുള്ള ചില കുട്ടികള്‍ കപ്പലണ്ടിപ്പൊതിയുമായി നിലക്കടല വില്‍ക്കാനെത്തും. ഒരു കുട്ടി കപ്പലണ്ടിപ്പൊതിയുമായി ഞങ്ങള്‍ കളിയ്ക്കുന്നതിന്റെ അടുത്തെത്തി. സന്ധ്യ അവനോടു ചോദിച്ചു ''കടല വിറ്റു നടന്നാല്‍ സ്‌കൂളില്‍ പോകണ്ടേ?'' അവന്‍ ഗൗരവത്തോടെ പറഞ്ഞു. ''ഇന്നു ഞായറാഴ്ചയല്ലേ? നാളെ ഞാന്‍ സ്‌കൂളില്‍ പോകും. ഇത് വിറ്റു വേണം അമ്മയ്ക്ക് റേഷന്‍ വാങ്ങാന്‍ പൈസയുണ്ടാക്കാന്‍'. അവനെക്കൂട്ടി സന്ധ്യ അച്ഛന്റെ അടുത്തേയ്ക്കു പോയി. ''അച്ഛാ കപ്പലണ്ടി വാങ്ങിച്ചു തരുവോ? അച്ഛന്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും അഞ്ചു പൈസയുടെ ഓരോ കടലപ്പൊതി വീതം വാങ്ങിനല്‍കി. ഇരുപത്തിയഞ്ച് പൈസ കിട്ടിയ കൂട്ടിക്കച്ചവടക്കാരന്റെ ഇരുണ്ടു വാടിയ മുഖം തെളിഞ്ഞു. അവന്‍ ചിരിച്ചുകൊണ്ട് വട്ടത്തിലടുക്കിവച്ച നിലക്കടലപ്പൊതി നിറഞ്ഞ തന്റെ കുട്ടയുമായി നടന്നു നീങ്ങി. ''കടല... കടല... നിലക്കടല...''

അവധിക്കാലത്തെ ഞങ്ങളുടെ പ്രിയപ്പെട്ട ഒരു വിനോദമാണ് തായംകളി. കടപ്പുറത്തുനിന്നു പെറുക്കിയെടുക്കുന്ന ''കവടി' യാണ് അതിനു വേണ്ടത്. ഞങ്ങള്‍ക്കന്ന് കുറച്ച് കവടിയും ശംഖുകള്‍ക്കും കക്കകള്‍ക്കുമൊപ്പംകിട്ടി. പിറകോട്ടു നടക്കുന്ന ഞണ്ടുകളെ നോക്കി കുറേ സമയം രസിച്ചു. അപ്പോഴേയ്ക്കും സൂര്യന്‍ കടലിലേയ്ക്കു മുങ്ങാന്‍ തയ്യാറായി കടലിന്റെ അങ്ങേ അറ്റത്ത്. മാനമൊക്കെ ചുവന്നു. കടല്‍ത്തിരകളില്‍ ചുവപ്പു പടര്‍ന്നു. സന്ധ്യ കളി നിര്‍ത്തി അസ്തമയം കാണാനായി കടല്‍മണ്ണില്‍ പടിഞ്ഞിരുന്നു. സൂര്യന്‍ ചെങ്കതിരില്‍ മുങ്ങിത്തുടങ്ങിയാല്‍ പിന്നെ താഴുന്നതു പെട്ടെന്നാണ്. അത് മുഴുവനായി അവള്‍ക്കു കാണണം. അതിനിടെ മറ്റുകളികളും ബഹളവുമൊന്നും അവള്‍ക്കിഷ്ടമല്ല. മുങ്ങിത്താഴുന്ന അസ്തമയ സൂര്യന്‍ പൂര്‍ണമായും മറയുന്നതുവരെ കടലിരമ്പം കേട്ടങ്ങനെ നിശ്ശബ്ദയായി അവര്‍ ഇരിയ്ക്കും. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച!

സൂര്യനസ്തമിച്ചാല്‍ പിന്നെ കടല്‍ക്കരയില്‍ അധികസമയം തങ്ങാന്‍ അച്ഛന്‍ അനുവദിക്കാറില്ല. അവസാനതുള്ളി പകല്‍വെളിച്ചവും മാഞ്ഞ് നിലാവിന്റെ വെള്ളപ്പരവതാനി കടലിനുമേലേ വീഴുമ്പോഴേയ്ക്കും ഞങ്ങള്‍ തിരിച്ചുനടന്നു. അന്ന് കുട്ടികളുംകൂടി ഉണ്ടായിരുന്നതുകൊണ്ട് തിരിച്ചുള്ള യാത്ര ബസ്സിലാണ്. അല്ലെങ്കില്‍ തിരിച്ചും ഞങ്ങള്‍ നടക്കും. എന്നിട്ട് നരസിംഹപുരം ലോഡ്ജില്‍ കയറി അച്ഛനുമമ്മയും ഓരോ കാപ്പി കുടിയ്ക്കും. മോള്‍ക്ക് ഒരു ഐസ്‌ക്രീമും വാങ്ങിക്കൊടുക്കും.

ബസ്സിറങ്ങി വീട്ടില്‍ വന്നയുടനെ ശംഖുകളും കടല്‍ നാക്കും മറ്റും അവ ശേഖരിക്കുന്ന ടിന്നില്‍ കഴുകിയെടുത്തു നിക്ഷേപിച്ചു. പിന്നെ കുളി കഴിയുമ്പോഴേയ്ക്കും കണ്ണില്‍ ഉറക്കം കയറിക്കഴിഞ്ഞു. അച്ഛന്‍ പറഞ്ഞു, ' അത്താഴപ്പട്ടിണി കിടക്കാന്‍ പാടില്ല. അമ്മ ദേ ചപ്പാത്തി ഇപ്പം ചുടും. കഴിച്ചിട്ടു കിടക്കാം. അപ്പോഴേയ്ക്കും അമ്മ പാലും പഞ്ചസാരയും ചേര്‍ത്ത ചോറെടുത്തു മേശപ്പുത്തു വച്ചുകഴിഞ്ഞു. ചപ്പാത്തി ചുടുമ്പോഴേയ്ക്കും ഇവളുറങ്ങും. ഇതു കഴിയ്ക്കട്ടെ. മധുരമുള്ള പാല്‍ക്കഞ്ഞി അമ്മയുടെ ഉടനടി അത്താഴമാണ് ചില ദിവസങ്ങളില്‍.

മുതിര്‍ന്നതിനുശേഷവും കടല്‍ എന്നും എനിക്ക് ഒരുപാടിഷ്ടമാണ്. കന്യാകുമാരിയും ചെന്നൈയിലെ മറീനാ ബീച്ചും മുംബൈയിലെ കൊളാബയും കൊൽക്കത്തയിലെ ഹുഗ്ലിയും ഒഡിഷയിലെ കട്ടക്കും ഒക്കെ ഇഷ്ടപ്പെട്ടു. ഹോക്ക മരങ്ങള്‍ (ഒരു ആഫ്രിക്കന്‍ ജനുസ്സ്) വളര്‍ന്നു നില്‍ക്കുന്ന ദ്യൂവിലേക്കായിരുന്നു ഞങ്ങളുടെ ഹണിമൂണ്‍ യാത്ര. മുംബൈയിൽ  നിന്നും രാത്രി മുഴുവന്‍ ബസ്സിലിരുന്നാണ് ദ്യുവിലെത്തിയത്. എന്റെ ബാച്ച്‌മേറ്റ് മുക്തേഷ് ചന്ദറാണ് അന്നവിടെ ''ചീഫ് ഓഫ് പോലീസ്. കടല്‍ക്കരയിലുള്ള സര്‍ക്കീട്ട് ഹൗസിലായിരുന്നു ഞങ്ങളുടെ താമസ സൗകര്യമൊരുക്കിയിരുന്നത്‌.

നീണ്ട കടല്‍പ്പാലം കടന്നു ദ്യൂ എന്ന ദ്വീപിലെത്തുമ്പോള്‍ ഏതോ മായിക ദ്വീപിലെത്തുന്നതുപോലെ. ചില ബീച്ചുകളില്‍ ഒരാളുമുണ്ടാവില്ല. നമുക്ക് യഥേഷ്ടം കളിക്കാം, കുളിക്കാം. പേടിപ്പെടുത്തുന്ന തിരമാലകളില്ല. തീരത്തു വളര്‍ന്നു നില്‍ക്കുന്ന ഒറ്റത്തടിയല്ലാതെ ശാഖകളായിപ്പിരിയുന്ന ഹോക്ക എന്ന, ഏതാണ്ട് കൈതയെ അനുസ്മരിപ്പിയ്ക്കുന്ന വലിയ പനമരങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരുപാടു പവിഴവും മരതകവും നിധികളുമുള്ള, നിധികള്‍ കാക്കുന്ന പേടിപ്പിക്കുന്ന ഭൂതം എങ്ങോ മറഞ്ഞിരിയ്ക്കുന്ന അജ്ഞാതമായ ഒരു പവിഴദ്വീപില്‍ ഒറ്റപ്പെട്ടു പോയ നമ്മള്‍ എന്നു ഞാന്‍ എന്റെ ഭര്‍ത്താവിനോട്  തമാശ പറഞ്ഞു. ഇനി നമ്മളെ കാണാതായാലും പേടിക്കാനില്ല. തീര്‍ച്ചയായും മുക്തേഷിന്റെ പോലീസ് നമ്മെ കണ്ടെത്തിക്കോളും. ഇടയ്ക്ക് അടുത്തുള്ള ഗുജറാത്തിലെ ഗീര്‍വനത്തില്‍ നിന്ന് ചില സിംഹങ്ങള്‍ ഇങ്ങോട്ടു വിരുന്നു വരാറുണ്ട്. അതു കൊണ്ട് ഒരുപാടു ദൂരം തനിച്ചു പോകേണ്ട എന്നൊരു മുന്നറിയിപ്പു ഞങ്ങള്‍ക്കു നല്‍കാന്‍ മുക്തേഷ് മറന്നില്ല.

ദ്യുവിലെ ഓരോ അസ്തമയക്കാഴ്ചയും ചിത്രങ്ങളെക്കാള്‍ മിഴിവുറ്റതായിരുന്നു. അസ്തമയമാകുമ്പോഴേയ്ക്കും പ്രധാന ബീച്ചില്‍ തന്നെ എത്തുന്നതാവും നല്ലതെന്നു മുക്തേഷ് പറഞ്ഞിരുന്നു. അന്തിവെട്ടം ഇരുട്ടിനു വഴിമാറുമ്പോള്‍ വലിയ മെര്‍ക്കുറി ലൈറ്റുകള്‍ കിഴക്കുതെളിയും. മൂവന്തി തുടുക്കുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ സ്വപ്നം കണ്ടു. അവളുടെ കളിയും ചിരിയുമായി വീണ്ടും ഇവിടെ വരുന്നതിനെക്കുറിച്ച് പറഞ്ഞുചിരിച്ചു. കുട്ടിയായിരിയ്ക്കുമ്പോള്‍ പണിതതുപോലെ ഞാനെന്റെ സ്വപ്നവീട് കടല്‍ മണ്ണില്‍ തീര്‍ത്തു. എന്നിട്ടു പറഞ്ഞു. ഈ മണല്‍ത്തിട്ട ആലപ്പുഴയിലെ പഞ്ചാരമണല്‍ത്തിട്ടയോളം വരില്ല.

പകല്‍സമയം എപ്പോഴും കടല്‍ജലം അഭിഷേകം ചെയ്യുന്ന ഗംഗേശ്വര്‍ ശിവക്ഷ്രേതം സന്ദര്‍ശിച്ചു. പോര്‍ച്ചുഗീസുകാരുടെ കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടു നടന്നു. ഒരു പീരങ്കിയുടെ മുകളില്‍ കയറിയിരുന്നു. വെയിലില്‍ മിന്നിത്തിളങ്ങുന്ന കടല്‍ക്കാഴ്ചകളാസ്വദിച്ചു. സൂററ്റ് നാട്ടുരാജ്യത്തിനു കീഴില്‍ ഒരു വലിയ കടല്‍ സൈന്യമുണ്ടായിരുന്നു ദ്യൂുവിന്. പോര്‍ച്ചൂഗീ സുകാര്‍ പിന്നീടു വന്ന ഖംബത് സുല്‍ത്താനുമായി സഖ്ൃത്തിലായാണു കോട്ട പണിതത്. എത്തിയോപ്പൃന്‍ കച്ചവടക്കാര്‍ ഇന്ത്യയിലെ തുണിത്തരങ്ങള്‍ വാങ്ങുകയും പകരമായി ദ്യുവിലേക്ക് അടിമകളെ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നുവത്രേ. ഒരു പക്ഷേ അങ്ങനെയാവാം ഹോക്കമരങ്ങള്‍ ഇവിടെ എത്തപ്പെട്ടത്.

വിശുദ്ധ പത്രോസിന്റെ പേരിലുള്ള പടുകൂറ്റന്‍ പള്ളി രാത്രി സമയത്ത് ആകെ ദീപാലംകൃതമാകും. അതിനുള്ളിലെ തടികൊണ്ടുള്ള കൊത്തുപണികള്‍ക്ക് അസാധാരണമായ മിഴിവുണ്ട്. ഗുജറാത്ത് സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായും പോര്‍ച്ചുഗീസ് സൈന്യവും ചേര്‍ന്നുണ്ടാക്കിയതാണ് ദ്യൂുവിലെ കോട്ട. ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള കോട്ടയില്‍ നിന്നു നമുക്ക് കടല്‍ ചേര്‍ന്നു കിടക്കുന്നതു കാണാം. ആക്രമണത്തിനായി വന്ന മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനെ
നേരിടാനായിരുന്നു കോട്ട പണിതത്. 1537 മുതല്‍ 1961 വരെ ദ്യൂ ഭരിച്ചത് പോര്‍ച്ചുഗീസുകാരാണ്.

ഞങ്ങള്‍ ദ്യൂ സന്ദര്‍ശിച്ച 1992 ല്‍ നഗാവോണ്‍ എന്ന ദ്യുവിലെ ബീച്ച് ഒരു യഥാര്‍ത്ഥ പറുദീസയായിരുന്നു. പകല്‍ സമയത്ത് ഞങ്ങളല്ലാതെ മറ്റാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ഇന്നത് വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമായി മാറിയെന്ന് കേട്ടു. 1971 ലെ ഇന്തോ-പാക് യുദ്ധത്തില്‍ മുങ്ങിപ്പോയ ഐ.എന്‍.എസ് കുഖ്‌റി 1999 ഓടെ നേവിയുടെ യുദ്ധസ്മാരകമായി മാറി എന്നറിയുന്നു. ഞങ്ങള്‍ ദ്യുവിലുണ്ടായിരുന്ന ഒരു ദിവസം ജന്മാഷ്ടമിയായിരുന്നു. ദ്യുവിലുള്ള കൃഷ്ണക്ഷേത്രത്തില്‍ വലിയ ആഘോഷമാണ്. മുക്തേഷും ഭാര്യ സുനിതയും ഞങ്ങള്‍ രണ്ടുപേരെയും കൂട്ടി അങ്ങോട്ടുപോയി. ഗുജറാത്തി നൃത്തത്തിലും പൂജകളിലുമൊക്കെ പങ്കെടുത്തു ഞങ്ങള്‍ മടങ്ങി.

അവിടത്തെ റെസ്റ്റോറന്റുകളില്‍ ഒന്നാന്തരം മത്സ്യവിഭവങ്ങള്‍ ഉണ്ട്. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളുടെ സാമാന്യം തിരക്കുമുണ്ട്. ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണു കഴിയ്ക്കുക. നല്ല വെജിറ്റേറിയന്‍ ഭക്ഷണത്തിനും ഒരു കുറവുമില്ല. അഞ്ചു ദിവസത്തെ മനോഹരമായ താമസത്തിനുശേഷം പോകേണ്ട ദിനം വന്നെത്തി. രാവിലെ പ്രഭാത ഭക്ഷണത്തിനായി മുക്തേഷിന്റെ (ചീഫ് ഓഫ് പോലീസ്.-- പക്ഷേ എ.എസ്.പിയാണു കേട്ടോ) ക്വാര്‍ട്ടേഴ്സിലെത്തി.മനോഹരമായ ക്വാര്‍ട്ടേഴ്‌സ്‌. ഭക്ഷണത്തിനു ശേഷം ഒരു കോഫി ഉണ്ടാക്കട്ടെ എന്നായി സുനിത. ശരി എന്നു ഞങ്ങളും. ഏറെ നേരം കഴിഞ്ഞിട്ടും സുനിതയെ കാണാഞ്ഞു ഞാന്‍ അടുക്കളയിലെത്തി അവളും നവവധുവാണ്. പാചകമൊന്നും വലിയ പിടിയില്ല. കോഫി ബ്രൂ ചെയ്യുകയാണ്. കാപ്പിപ്പൊടിയില്‍ ചൂടുപാല്‍ അല്പം മാത്രം ചേര്‍ത്തു കുഴമ്പു രൂപമാക്കി അടിയ്ക്കുകയും പതപ്പിയ്ക്കുകയുമാണ്. ഞാന്‍ പറഞ്ഞു ഇതെന്താ ഞങ്ങള്‍ രണ്ടു മിനിട്ടുകൊണ്ട് കാപ്പിയുണ്ടാക്കുമല്ലോ. ഇതു നെസ്‌കഫേയല്ലേ
ബാക്കി പാലു ചേര്‍ത്തു കാപ്പിയാക്കിക്കോളൂ. എങ്കിലും സുനിതയ്ക്കു തൃപ്തിയായില്ല.

അടിച്ചു പതപ്പിച്ച കാപ്പി എത്തുമ്പോഴേയ്ക്കും സമയം ഒരുപാടു വൈകി.ഞങ്ങള്‍ക്കു സൂററ്റിലേക്കു പോകാനുള്ള ട്രെയിന്‍ എത്താന്‍ അധികസമയമില്ല. ലഗേജ് എടുക്കാനായി ഞങ്ങള്‍ നാലുപേരും കൂടി സര്‍ക്കീട്ട് ഹൗസിലേക്ക്. പായ്ക്കു ചെയ്തുവച്ചിരിക്കുന്ന ലഗേജ് എടുത്താല്‍ മാതം മതി. എന്നാല്‍ സര്‍ക്കീട്ട ഹൗസിന്റെ താക്കോല്‍ കാണാനില്ല. അതു ബീച്ചില്‍ രാവിലെ പോകുമ്പോള്‍ പോക്കറ്റില്‍ നിന്നു വീണുപോയതായിരിയ്ക്കണം. ബീച്ചില്‍ കുറച്ചൊക്കെ പരതിനോക്കി. വിശാല മണല്‍പ്പരപ്പില്‍ എവിടെക്കിട്ടാന്‍! മുക്തേഷ് സര്‍ക്കീട്ട് ഹസിന്റെ തോട്ടത്തില്‍ നിന്നും കോടാലിയുമായി പെട്ടെന്ന് ഓടി വന്ന് വാതിലില്‍ ഒരു കൊത്ത്. എന്തൊരു മാജിക്! വാതില്‍ കൃത്യമായി പൂട്ടു പൊളിഞ്ഞു തുറന്നു! (ഇന്ന് അറിയപ്പെടുന്ന സൈബര്‍ക്രൈം വിദഗ്ധനാണ് മുക്തേഷ്) ലഗേജുമെടുത്തു ഞങ്ങള്‍ അതിമ നോഹരിയായ ദ്യുവിനോടും മുക്തേഷിനോടും സുനിതയോടും വിടചൊല്ലി.

പഞ്ചാരമണല്‍ നിറഞ്ഞ പഴയ ആലപ്പുഴക്കടപ്പുറത്തോടു ചേര്‍ത്തുവയ്ക്കാവുന്ന അതിമനോഹരമായ കടപ്പുറം എനിയ്ക്കു കാണാനായത് ബ്രിസ്‌ബെയ്‌നിലാണ്‌.
സൂര്യപ്രകാശവും നീലാകാശവും വിശാലമായ വെളുത്ത മണല്‍പ്പരപ്പും ചേര്‍ന്ന് ബ്രിസ്‌ബെയ്‌നിലെ കടപ്പുറത്തിനു നല്‍കുന്നത് അഭൗമസൗന്ദര്യം തന്നെയാണ്. സിഡ്‌നിയെക്കാളും മെല്‍ബണെക്കാളുമൊക്കെ എന്തുകൊണ്ടും മനോഹരം. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറെ തീക്ഷ്ണമായ ഓസ്‌ട്രേലിയയിലെ കടപ്പുറത്ത് സണ്‍സ്‌ക്രീനും കറുത്ത സണ്‍ ഗ്ലാസുമൊക്കെയില്ലാതെ ഇറങ്ങുക അപകടകരമാണെന്നാണു പറയുന്നത്. അടുത്തിടെ എന്റെ ''ഹൃദയത്തിന്റെ ഭാഷ' (ഒലിവ് ബുക്‌സ്) എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി ഞാനും ഭര്‍ത്താവും ഷാര്‍ജയില്‍ പോയി രുന്നു.

ടി.ഡി.രാമകൃഷ്ണനും കെ.പി.സുധീരയും ചടങ്ങിനുണ്ടായിരുന്നു. പ്രശസ്ത അറബ് കവിയും ചിന്തകനുമായ ഷിഹാബ് ഘനം ആണു പുസ്തകം പ്രകാശനം ചെയ്തത്. ഒരു പുസ്തകം അദ്ദേഹമെനിക്ക് സമ്മാനിയ്ക്കുകയും ചെയ്തു. 2012 ല്‍ ടാഗോര്‍ സമാധാന പുരസ്‌കാരവും 2013 ല്‍ World Poetry Society Intercontinental (Chennai)  പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില വരികള്‍ ഞാന്‍ വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്യാം:

എന്റെ ഓമനേ-
പൊന്തിവരികയും
പിന്നോട്ടു മറയുകയും ചെയ്യുന്ന
തിരകള്‍ പോലെ ജീവിതം
നമുക്കു അത് ചിലപ്പോള്‍ കഠിനതരമായേക്കാം
എങ്കിലും ദുഃഖിക്കാതെ,
ഓമനേ എന്റെ നേരെ ഒന്നു ചിരിയ്ക്കൂ
ഇന്നു കഠിനമാണെങ്കിലും
നാളെ കാരുണ്യം നിറഞ്ഞതാവാം
ആരെങ്കിലുമിന്നു നിന്നെ
പുച്ഛത്തോടെ നോക്കിയതില്‍
നീ സങ്കടപ്പെടാതിരിയ്ക്കൂ
നാളെയതലിഞ്ഞു നേര്‍ത്തേയ്ക്കാം
ഇന്നു സകങ്കടപ്പെടാതിരിയ്ക്കൂ
എന്റെ (പണയമേ, എന്റെ സംഗീതമേ
എന്റെ സുഗന്ധമേ
എനിയ്ക്കു നേരെ നീ സ്‌നേഹത്തിന്റെ ചഷകം നീട്ടു
മധുരം നിറഞ്ഞ മധുചഷകം നീട്ടു
എന്റെ വിണ്ടുകീറിയ ആത്മാവിന് ആശ്വാസമേകൂ
എന്റെ ജീവചഷകം ഉണങ്ങാനനുവദിയ്ക്കരുതേ
ഇതു ലോകമാണ്-
മധുരവും കയ്പ്പും ഇടകലര്‍ന്നത്
അതു കൊണ്ടു നാമെന്തിനു നിരാശരാകണം 
എന്റെ ഓമനേ,
നിലാവിന്റെ കൂട്ടുകാരീ
സ്‌നേഹചഷകം തുളുമ്പുംവണ്ണം നിറയ്ക്കൂ
നമുക്കു നുകരാം
നമുക്കു നമ്മുടെ സങ്കടങ്ങളെ ആ ചഷകത്തില്‍ മൂക്കിക്കൊല്ലാം
നാമിപ്പോള്‍ സന്തോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍.

എന്റെ പുസ്തക്രപകാശനച്ചടങ്ങിനുശേഷം ഭര്‍ത്താവിനും അദ്ദേഹത്തിന്റെ സ്വദേശമായ മങ്കൊമ്പിലെ സുഹൃത്തുക്കള്‍ക്കുമൊപ്പം ജുമൈറ ബീച്ചിലേക്കു പോയി. അംബരചുംബികളായ കെട്ടിടങ്ങള്‍ ഒരു വശത്ത്. സൂര്യന്‍ പടിഞ്ഞാറിറങ്ങാറായ സമയത്ത് ആ കടപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം പഴയ മങ്കൊമ്പ് ഗ്രാമക്കഥകളും പറഞ്ഞ് ഞങ്ങള്‍ മണലിലിരുന്നു. അതിനിടയില്‍ കാല് നനച്ചുകൊണ്ട് തീരത്തുകൂടി കുറച്ചു നടന്നതും രസമായി. അനിയന്‍കുഞ്ഞും മരുമക്കളും കുഞ്ഞും ഭാരൃയും മകനും ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് ഞങ്ങളുടെ മങ്കൊമ്പ് ദേവീക്ഷേത്രത്തെ കുറിച്ച് സംസാരിച്ചു. ഈ വിഷുവിന് പുതുക്കിപ്പണിത ക്ഷേത്രത്തില്‍ ഉത്സവം കൂടാമെന്ന് എല്ലാവരുടേയും പ്രതീക്ഷ.

തോട്ടപ്പള്ളി സ്പില്‍വേ വന്നതിനുശേഷം പടിപടിയായി നശിച്ചുകൊണ്ടിരിയ്ക്കുന്ന കുട്ടനാടിന്റെ ആവാസവ്യവസ്ഥയുടെ ശോചനീയത ഒട്ടൊന്നുമല്ല ഞങ്ങളെയൊക്കെ ദുഃഖിപ്പിക്കുന്നത്. എല്ലാ തോടുകളും കനാലുകളും മണ്ണുനിറഞ്ഞു പൊങ്ങി ഒഴുക്കില്ലാതായി. വെള്ളപ്പൊക്കത്തിന്റെ ദുരിതം ഓരോ വര്‍ഷവും അനുഭവിക്കയാണ് നാട്. വെള്ളത്തിനൊഴുകാന്‍ തോടുകള്‍ക്കും കനാലുകള്‍ ക്കും ആഴം കൂട്ടേണ്ടിയിരിയ്ക്കുന്നു. പ്രതാപം നിറഞ്ഞ പഴയ മങ്കൊമ്പു 10 ചന്തയെന്ന കുട്ടനാടിന്റെ കച്ചവടകേന്ദ്രം ഇന്ന് ഓര്‍മ്മമരം. ഏറ്റവും പ്രശസ്തമായ കുളങ്ങരമഠം ഇന്നു രണ്ടുമഴയില്‍ വെള്ളം കയറുന്ന വിധമായി. പ്രശസ്തരും പ്രതാപികളും മാത്രമല്ല ഒട്ടേറെപ്പേര്‍ നാടുവിട്ടു മറ്റുനാടുകളില്‍ ചേക്കേറി. എങ്കിലും മങ്കൊമ്പ്, മങ്കൊമ്പുകാര്‍ക്ക് ഒരു വികാരം തന്നെയാണ്. ചര്‍ച്ചകള്‍ നീണ്ടു പോകുമ്പോഴേയ്ക്കും പോക്കുവെയിലില്‍ പൊന്നണിഞ്ഞ കടല്‍ ഇലക്ട്രിക് ലൈറ്റുകളുടെ വെട്ടിത്തിളക്കത്തിലായി. മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ മണലില്‍ നിന്നെഴുന്നേറ്റു. പിറ്റേന്ന് പാംജുമേറ ബീച്ചിലും ഇതുപോലെ സമയം ചെലവഴിച്ചു.

ഈന്തപ്പനയുടെ ആകൃതിയില്‍ കടലിലേക്കിറക്കി റോഡുകള്‍. കെട്ടിടങ്ങളും പണിതിരിക്കുന്നു. പുതിയ അറ്റ്‌ലാന്റിസ് ഹോട്ടലിന്റെ പ്രൗഢി പുറത്തുനിന്നും ആസ്വദിച്ചു. ബീച്ചില്‍ നടപ്പാതയുണ്ട്, ഓട്ടക്കാർക്ക് ഷൂസിട്ട് ഓടാന്‍ പാകത്തില്‍. മികച്ച ഭക്ഷണം കിട്ടുന്ന കടലിനഭിമുഖമായി ഇരിക്കാന്‍ പറ്റുന്ന റിസോര്‍ട്ടുകളുമുണ്ട്. ദുബായിയുടെ പ്രധാന വരുമാനം ടൂറിസമാണ്. പൗരന്മാരുടെ സംഖ്യയുടെ മൂന്നിരട്ടി ടൂറിസ്റ്റുകളെങ്കിലും അവിടെ സന്ദര്‍ശിക്കാനെത്തണം എന്നതാണ് അവരുടെ ടാര്‍ജറ്റ്. ദുബായിയുടെ ജനസംഖ്യ ഏതാണ്ട് 33.5 ലക്ഷമാണ്. അവിടെ 2023ല്‍ ഇതുവരെ തന്നെ 140 ലക്ഷം ടൂറിസ്റ്റുകള്‍ വന്നുകഴിഞ്ഞു എന്നാണു കണക്ക്. ഇതില്‍ നല്ലൊരു ഭാഗം ഇന്ത്യയില്‍ നിന്നാണ്. മിതമായ നിരക്കില്‍ താമസിക്കാന്‍ നല്ല ഹോട്ടലുകള്‍, വൃത്തിയുള്ള ബീച്ചുകളും മിറാക്കിള്‍ ഗാര്‍ഡനും ഫ്യൂച്ചര്‍ മ്യൂസിയവും ഒക്കെ പോലെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ചര്‍ ഉള്ള കെട്ടിടങ്ങളും വീഥികളും ഇവിടെ ഉണ്ട്.

സ്വന്തം പൗരന്മാര്‍ക്ക് പലവിധത്തിലുള്ള സാമൂഹിക പരിരക്ഷ നല്‍കാന്‍ ഒരു രാജ്യം ബാധൃസ്ഥമാണ്. ഇത്തരമൊരു ബാധൃതയുമില്ലാതെ ടൂറിസ്റ്റുകളില്‍ നിന്ന് വരുമാനം ലഭിക്കുന്നു. എന്നാല്‍ അവര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടുവോളം ഉണ്ടാകണം. സുരക്ഷിതമായിരിക്കണം. ഏതു ബജറ്റിലും തമസിക്കാനാവണം. വൃത്തിയും വെടിപ്പും സൗന്ദര്യവുമുണ്ടാകണം. അതെല്ലാം ഒത്തിണങ്ങിയ ഇടം തന്നെ ദുബായ്. അടുത്ത ദിവസം കെ.പി.സുധീരയുടെ പുസ്തക പ്രകാശനത്തിനായി വീണ്ടും ഷാര്‍ജ ബുക്ഫെയറിലെത്തി. എന്റെ പുസ്തകങ്ങള്‍ ഉള്ള മാതൃഭൂമി, എച്ച് & സി തുടങ്ങിയ പ്രദര്‍ശനശാലകള്‍ സന്ദര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തിയിരിക്കുന്ന പുസ്തകപ്രദര്‍ശനശാലകള്‍ നടന്നുകണ്ടു. അത് ഒരനുഭവം തന്നെയാണ്. ജര്‍മ്മനിയിലെ ഫ്രാങ്കഫര്‍ട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ ബുക്‌ഫെയര്‍ നടക്കുന്നത്. ഗ്രീസിലെ തെസലോനികി ബുക്‌ഫെയറും വളരെ പ്രസിദ്ധമാണ്.

ഷാര്‍ജയില്‍ കടല്‍തീരത്തിനരികില്‍ തന്നെയാണ് ബുക്‌ഫെയര്‍. പലതരം ഭക്ഷണങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്. ഗള്‍ഫിലെ വായനക്കാര്‍ വലിയ ഉത്സാഹത്തോടെയാണ്‌ ഫെയറിലെത്തുന്നത്. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഒരുപാട് കുട്ടികളെ അവിടെ കണ്ടു. അക്ഷരങ്ങള്‍ കുഞ്ഞുങ്ങളുടെ ലോകം ദീപ്തമാക്കട്ടെ. കടല്‍ക്കരയിലെ മണല്‍ത്തരികള്‍ പോലെ പുസ്തകങ്ങള്‍ പെരുകിയാലും അവയൊക്കെ മികച്ചതാവട്ടെ. അവ വായിക്കാന്‍ മണല്‍ത്തരികള്‍ പോലെ വായനക്കാരുമുണ്ടാവട്ടെ. അക്ഷരവെളിച്ചം മനസ്സുകളെ ദീപ്തമാക്കട്ടെ.