ഴ്‌സറിയില്‍ ചേരുന്നതിനു മുന്‍പ് ഒരു കുഞ്ഞ് വളര്‍ന്ന് ബാലികയാകുമ്പോഴേയ്ക്ക് അവളുടെ ഓര്‍മ ഉറയ്ക്കുമെന്നാണു പറയുക. എന്റെ ഏറ്റവും പഴയ ഓര്‍മകള്‍ എന്തൊക്കെയാണ്? വെറുതെയിരിക്കുമ്പോള്‍ വെറുതെ പിറകിലേക്ക് നടക്കാന്‍ എനിക്കിഷ്ടമാണ്. മൂന്നുവയസ്സിലാണ് എന്നെ നഴ്സറിയിൽ ചേര്‍ക്കുന്നത്. ആലപ്പുഴ സെന്റ് ആന്റണീസ് സ്‌കൂളിനോടു ചേര്‍ന്നുള്ള നഴ്‌സറി. പെണ്‍കുട്ടികളുടെ ഹോസ്റ്റലും നഴ്‌സറിയും ഒരേ കോമ്പൗണ്ടിലാണ്. റോഡിന്റെ മറുപുറത്താണ് സ്‌കൂള്‍. നഴ്‌സറിയോടു ചേര്‍ന്നുള്ള അപ്പച്ചിയുടേയും ക്യാപ്റ്റനപ്പൂപ്പന്റേയും വീട്ടിലേക്ക് പലപ്പോഴും അച്ഛനുമമ്മയും എന്നെ കൊണ്ടുപോകും. ആ വീട് എനിക്ക് സ്വന്തം വീടിന്റെ ഒരു ഭാഗം പോലെയാണ്. ഒരു ദിവസം അമ്മയും എനിക്കേറ്റവും പ്രിയപ്പെട്ട ലീലാഡിയും (അപ്പച്ചിയുടെ മകള്‍ ലീലമ്മച്ചേച്ചിയെ ഞാനങ്ങനെയാണു വിളിച്ചിരുന്നത്. ചേച്ചി എന്നൊക്കെപ്പറയാന്‍ നാവു വഴങ്ങാറാകാത്ത പ്രായത്തില്‍ പഠിച്ചത് പിന്നെയും പാടി!) ഒപ്പം നഴ്‌സറി സ്‌കൂള്‍ കെട്ടിടം കാണാവുന്ന ഒരു ജനലരികില്‍ അഴിയും പിടിച്ച് ഞാനൊരു കട്ടിലില്‍ ഇരിക്കുകയാണ്. അമ്മയും ലീലാഡിയും കൂടി സംസാരിക്കുകയാണ്. ഇത്തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ ഇവളെ നഴ്‌സറിയില്‍ ചേര്‍ക്കാം എന്നാണു സംസാരം. വിഷയം ഞാനായതുകൊണ്ട് പെട്ടെന്നു എന്റെ ശ്രദ്ധ അങ്ങോട്ടായി.

To advertise here,

അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചുവലിച്ചു ഞാന്‍ ചോദിച്ചു. 'അമ്മേ എന്നെയാണോ നഴ്‌സറിയില്‍ ചേര്‍ക്കുക?' 'അതേ മോളേ,  നന്നായി പഠിക്കണം. ചുമ്മാ അറ്റപ്പറ്റെ മാര്‍ക്കൊന്നും വാങ്ങിയല്ല നൂറില്‍ നൂറു മാര്‍ക്കുവാങ്ങി ജയിക്കണം'. എനിക്ക് വലിയ ഉത്സാഹമായി. നഴ്‌സറി ടീച്ചര്‍ (കന്യാസ്ത്രീയാണ്) മതിലരികില്‍ വന്ന് അമ്മയോടും ലീലാഡിയോടും കുശലം ചോദിക്കാറുണ്ട്. എന്നെ കൊഞ്ചിച്ചു കവിളില്‍ തോണ്ടി എന്തെങ്കിലുമൊക്കെ പറയും. എനിയ്ക്കവരെ ഇഷ്ടമാണ്. ആ ടീച്ചര്‍ പഠിപ്പിക്കുന്നിടത്തേയ്ക്കാണെന്നെ അയയ്ക്കുക.

എനിയ്ക്ക് വലിയ സന്തോഷമായി. അമ്മയുടേയും അച്ഛന്റേയും 'നഴ്‌സറി വര്‍ത്തമാനവും'ഞാന്‍ ആകാംക്ഷയോടെ കേള്‍ക്കും. നഴ്‌സറിയില്‍ പോകുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ട് മൂന്നുനാലു മാസമെങ്കിലും ഞാന്‍ നടന്നിട്ടുണ്ട്. ഏതാണ്ട് രണ്ടര വയസ്സുള്ളപ്പോള്‍ കണ്ട 'നഴ്‌സറി' സ്വപ്നം എനിക്ക്  നല്ല ഓര്‍മയാണ്. പഠനത്തോടും സ്‌കൂളിനോടും എത്രയോ കുട്ടികള്‍ക്കു വെറുപ്പാണ്. കുട്ടിക്കാലത്തു സ്‌കൂള്‍ വലുതാവാനും വലിയ നിലയിലെത്താനുമുള്ള നല്ലയിടമാണ് എന്ന തോന്നല്‍ കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കഴിയാത്തത് കുട്ടികള്‍ക്ക് സ്‌കൂളിനോട് വെറുപ്പും പേടിയും തോന്നാന്‍ കാരണമായേക്കാം. നഴ്‌സറിയും സ്‌കൂളും കോളേജും പരിശീലന കേന്ദ്രങ്ങളുമെല്ലാം പ്രിയപ്പെട്ടതായി മാറാന്‍ ഒരുപക്ഷേ കുഞ്ഞു സന്ധ്യയ്ക്ക് അച്ഛനമ്മമാരും ബന്ധുക്കളും നല്‍കിയ 'നന്മ നിറഞ്ഞ' സ്‌കൂള്‍ ചിന്തകളാകാം കാരണം. 

മുല്ലയ്ക്കലമ്പലത്തിലെ ഉത്സവം

പഴയ തിരുമലയിലെ ഞങ്ങളുടെ വാടകവീട്ടില്‍ നിന്ന് അധികം ദൂരെയല്ല മുല്ലയ്ക്കലമ്പലം. വൈകുന്നേരം അമ്മ എന്നെയും കൂട്ടി ആദ്യം അച്ഛന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേയ്ക്ക്.അച്ഛന്‍ ലബോറട്ടറിയില്‍ മൈക്രോസ്‌കോപ്പിലൂടെ നോക്കി 'പോളി'ലിംഫ്'എന്നൊക്കെ പറയുന്നത് ഒരു ഫിലിമില്‍ നിറമുള്ള പെന്‍സിലുപയോഗിച്ച് അച്ഛന്റെ സഹായി എഴുതിയെടുക്കുന്നുണ്ടാവും. അതു കണ്ട് ഞാനും ഉറക്കെപ്പറയും . .  'ലിംഫ് പോളി . . . ' അതു കഴിയാന്‍ പിന്നെയും സമയമെടുക്കും എന്നു തോന്നിയാല്‍ മേരി സിസ്റ്ററിന്റെ റൂമില്‍ പോകും. അതു ഫാര്‍മസിയാണ്. മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധം. മേരി സിസ്റ്റര്‍ ചുവന്ന നിറമുള്ള 'മിക്‌സ്ചര്‍' കുപ്പികളില്‍ നിറയ്ക്കും. ഗുളികകള്‍ ഓയില്‍ പേപ്പറില്‍ ശ്രദ്ധയോടെ പൊതിയും. ഔണ്‍സ് ഗ്ലാസ്സില്‍ മരുന്നെടുത്തു ട്രേയില്‍ വച്ച് രോഗിയുടെ അടുത്തേയ്ക്കു കൊണ്ടുപോകും. ഫാര്‍മസിയും മിക്‌സ്ചറും പനി വരുമ്പോള്‍'പീഡിപ്പിക്കുന്ന' കേന്ദ്രങ്ങളായി അനുഭവപ്പെട്ടിരുന്നു. അതു കൊണ്ടുതന്നെ അവിടെ അധികം നേരം നില്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല. പിന്നെ കമലാക്ഷി സിസ്റ്ററിന്റെ റൂമിലേയ്ക്കാണോട്ടം. അവര്‍ ചിരിയ്ക്കുന്ന മുഖവും തടിച്ച ശരീരപ്രകൃതിയുമുള്ള വളരെ സ്‌നേഹമതിയായ നഴ്‌സാണ്. വലിയ സ്‌നേഹത്തോടെ ഞാന്‍ വിളിക്കും 'കലമാഷീ . . . ' (സിസ്റ്റര്‍ എന്നുപറയാന്‍ നാവു വഴങ്ങാറായിട്ടില്ല). ഒരു കുപ്പി തരുമോ? ഇന്‍ജക്ഷന്‍ മരുന്നുകള്‍വരുന്ന റബര്‍ അടപ്പുള്ള ചെറിയ കുപ്പികള്‍ എനിയ്ക്കു വലിയ ഇഷ്ടമാണ്. അത് എത്ര കിട്ടിയാലും ശേഖരിച്ച് വീട്ടിലെ കളിപ്പാട്ടപ്പെട്ടിയില്‍ കൊണ്ടുവയ്ക്കും. സിറിഞ്ചുകള്‍ അവനില്‍ വച്ചു പുഴുങ്ങിയെടുക്കുന്ന വിദ്യ കൗതുകത്തോടെ നോക്കും. രോഗിക്ക് വലിയ സിറിഞ്ചില്‍ ഇന്‍ജക്ഷന്‍ കൊടുക്കാനൊരുങ്ങുകയാണ്, 'അയ്യോ കലമാഷീ, പാവം ചേച്ചി കുഞ്ഞു സിറിഞ്ചില്‍ കുത്തുമോ? 'മോളേ, ഈ ചേച്ചി പാവമല്ലേ വേഗം പൊറുക്കട്ടെ അതിനു വല്യസിറിഞ്ചില്‍ കുത്താം'. അടുത്ത ആളിനു ചെറിയ സിറിഞ്ചില്‍ മരുന്നെടുത്തു.'അയ്യോ കലമാഷീ, ഈ ചേട്ടന്‍ ഭയങ്കരനാണോ പതുക്കെ പനി പോകാനാണോ കുഞ്ഞു സിറിഞ്ച്?'. രോഗിയും മറ്റെല്ലാവരും പൊട്ടിച്ചിരിച്ചു. എനിയ്ക്ക് അതില്‍ ഇത്ര ചിരിയ്ക്കാനെന്താ എന്നായി ചിന്ത. ബ്ലേഡു കൊണ്ടു ഗ്‌ളാസ് ആംപ്യൂള്‍ മുറിയ്ക്കുന്ന വിദ്യ, ഉടുപ്പിന്റെ കൈ തെറുത്തുകയറ്റി സ്പിരിറ്റ് പുരട്ടി പിന്നെ കുത്തി വയ്ക്കുന്നത്, ചിലപ്പോള്‍ 'വെയിന്‍' കിട്ടാത്തത് ഒക്കെ കൗതുകപൂര്‍വം കണ്ടുകൊണ്ട് ഞാനവിടെ ചുറ്റിപ്പറ്റി നില്‍ക്കും. 'കലമാഷി'യുടെ മുറിയില്‍ ഒരു ചാരുബെഞ്ചില്‍ രോഗികള്‍ ഊഴത്തിനായി കാത്തിരിയ്ക്കുന്നുണ്ടാവും. പിന്നെ ഡോക്ടറപ്പൂപ്പന്റെ റൂമിലേയ്ക്കു പോകും. (അച്ഛന്റെ ഫസ്റ്റ് കസിന്‍ എന്റെ അപ്പച്ചിയുടെ ഭര്‍ത്താവ്, ഞങ്ങള്‍ കുട്ടികളുടെയെല്ലാം പ്രിയപ്പെട്ട അപ്പൂപ്പന്‍, അപ്പൂപ്പ(ക്യാപ്റ്റന്‍ ഡോ.കെ.എന്‍.പിള്ള)ന്റെതാണ് ആശുപത്രി. 

അപ്പൂപ്പന്‍ രോഗികളെ പരിശോധിക്കുന്നുണ്ടാവും. അപ്പൂപ്പന്റെ മുറിയില്‍ ഫാര്‍മസിയിലെ രൂക്ഷഗന്ധമോ, നഴ്‌സിംഗ് മുറിയിലെ ഇന്‍ജക്ഷന്‍ മണമോ ഇല്ല. അപ്പൂപ്പന്റെ ചുരുട്ടിന്റേയും പിന്നെ 'സെന്റി'ന്റെയും ഒക്കെച്ചേര്‍ന്ന് നല്ലവാസനയാണ്. അപ്പൂപ്പന്‍ രോഗിയെ പരിശോധിക്കുമ്പോള്‍ ഒരക്ഷരം മിണ്ടാതെ ഒരു സ്റ്റീല്‍സ്റ്റൂളില്‍ അടുത്തിരിയ്ക്കാന്‍ എനിയ്ക്കനുവാദമുണ്ട്. രോഗിയുടെ ശ്വാസമെടുത്ത് പുറത്തേയ്ക്കു വിട്ട് സ്റ്റെതസ്‌കോപ്പുകൊണ്ടു പരിശോധിയ്ക്കുന്നതൊക്കെ ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരിക്കും. വിശദമായ പരിശോധന വേണമെങ്കില്‍ കര്‍ട്ടനു പിന്നിലേയ്ക്ക് രോഗിയെ കൂട്ടി അപ്പൂപ്പന്‍ പോകും. അപ്പോള്‍ മേശപ്പുറത്തിരിയ്ക്കുന്ന പേപ്പര്‍ വെയിറ്റ്, മരുന്നുകളുടെ കൂടുകള്‍, മരുന്നിന്റെ പരസ്യമുള്ള ടേബിള്‍ടോപ്പ് കലണ്ടര്‍ ഇതൊക്കെ ഞാന്‍ കൗതുകപൂര്‍വ്വം പരിശോധിക്കും. ഇവയില്‍ ചിലതൊക്കെ അപ്പൂപ്പന്‍ എനിക്ക് സമ്മാനിച്ചെന്നുമിരിയ്ക്കും. എല്ലാ പരിശോധനയും തീര്‍ന്ന് ഡെറ്റോളും സോപ്പുമിട്ടു കൈകഴുകി കോട്ടും മാറ്റിക്കഴിഞ്ഞാല്‍ എനിയ്ക്കപ്പൂപ്പന്റെ മടിയില്‍ കയറാം. ഒരുപാടു സംശയങ്ങള്‍ ചോദിക്കാം. പലതിനും വലിയ പൊട്ടിച്ചിരിയുമായി മറുപടി പറയും. അപ്പൂപ്പനും പറഞ്ഞു, മോളു വലിയ കുട്ടിയാകാന്‍ പോകയാണ്. അടുത്ത വര്‍ഷം നഴ്‌സറിയില്‍ ചേര്‍ക്കും. നന്നായി പഠിക്കണം. അപ്പൂപ്പന്‍ ഒരു ടിന്നില്‍ നിന്നു പുകയില പൈപ്പില്‍ നിറച്ചു കത്തിച്ചു ചുണ്ടില്‍ തിരുകിക്കൊണ്ട്  എന്റെ കൊച്ചു സംശയങ്ങള്‍ക്കു ക്ഷമാപൂര്‍വം  മറുപടിപറഞ്ഞുകൊണ്ടിരിക്കും. 

placeholder
Balu
വര: വി.ബാലു

അപ്പൂപ്പന്റെ മടിയില്‍ നിന്നൂര്‍ന്നിറങ്ങി അച്ഛന്റെ അടുത്തേയ്ക്ക്. അച്ഛന്‍ ജോലി തീര്‍ന്ന് ഒരു നീണ്ട ബുക്കില്‍ അന്നത്തെ കണക്കുകളൊക്കെ എഴുതിക്കൊണ്ടിരിക്കയാണ്. അച്ഛന്റെ ഇടത്തേ കയ്യില്‍ വലിച്ചുകൊണ്ട് ഞാന്‍ പറയും 'അച്ഛാ, പോകാം അമ്പലത്തില്‍ പോകാം'. അപ്പോഴേയ്ക്കും മേരി സിസ്റ്ററിനോടും കമലാക്ഷി സിസ്റ്ററിനോടുമൊക്കെ വര്‍ത്തമാനം പറഞ്ഞിട്ട് അമ്മയുമെത്തും. പിന്നെ അച്ഛന്റെ കൈപിടിച്ച് ആഹ്ളാദത്തോടെ മുല്ലയ്ക്കലേയ്ക്ക്. വഴിയില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അച്ഛനോടു സംശയം ചോദിക്കും. അച്ഛന്റെ ക്ഷമയോടെയുള്ള മറുപടി. അച്ഛന്‍ പുറത്തു കാത്തുനില്‍ക്കും. അമ്മ എന്നെയും കൂട്ടി തൊഴുതു പുറത്തുവരും. ഉത്സവത്തിന്റെ വെടിക്കെട്ടു കാണാനായി അമ്പലത്തിന്റെ പുറംതിണ്ണയിലിരിയ്ക്കും. സ്വര്‍ണനിറത്തില്‍ മാനത്തേയ്ക്കു കുതിയ്ക്കുന്ന വാണം അത്ഭുതത്തോടെ കാണും.അമിട്ടു പൊട്ടുമ്പോള്‍ കൈ കാതില്‍ തിരുകി മാനത്തുവിരിയുന്ന പൂക്കള്‍കാണും. എന്റെ കുഞ്ഞു ജീവിതത്തിലെ ലോകാത്ഭുതം! എഴുന്നെള്ളിപ്പും നാദസ്വരവുമൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യും. അത്ഭുതക്കാഴ്ചകളെല്ലാം കഴിഞ്ഞു തിരിച്ചുനടക്കുമ്പോള്‍ ഒരു പായ്ക്കറ്റ് ഈന്തപ്പഴം അച്ഛന്‍വാങ്ങും. പായ്ക്കറ്റിലല്ലാതെ പുറത്തുവച്ചും ഈന്തപ്പഴം വില്‍ക്കുന്നുണ്ടാവും.അതിലിരിയ്ക്കുന്ന ഈച്ചയെ ചൂണ്ടി അച്ഛന്‍ പറയും. ഈച്ച രോഗം പരത്തും. അത് അപ്പിയിലിരുന്നിട്ടു പിന്നെവന്ന് ഈന്തപ്പഴത്തിലിരിയ്ക്കും. 'ഈന്തപ്പഴം' എന്നു പറയാന്‍ ബുദ്ധിമുട്ടായതുകൊണ്ട് 'ഈച്ചപ്പഴം' എന്നു ഞാനതിനെ വിളിച്ച് സ്വാദോടെ തിന്നും.വീട്ടിലേയ്ക്കുള്ളവഴിയിലാണ് അപ്പച്ചിയുടെ വീട്. അവിടെ കയറാനായി നേരം പോയാലും ഞാന്‍ വാശി പിടിയ്ക്കും. അപ്പച്ചിതരുന്ന ചപ്പാത്തിയോ ദോശയോ സ്വാദോടെ കഴിക്കും. പിന്നെ ലീലാഡി എനിക്ക് മുറ്റത്തു പന്തലിട്ടുപടര്‍ത്തിയിരിയ്ക്കുന്ന മുല്ലയില്‍ നിന്നു പൂപറിച്ച് ഒരു പത്രക്കടലാസ് കുമ്പിള്‍ കോട്ടി അതിലിട്ടുതരും. മുല്ലപ്പൂവിന്റെ മയക്കുന്ന മണം. ആഹാ . . . എന്തു രസം. 

അതിനിടെ മറ്റു കുട്ടികളാരെങ്കിലും അവിടെയുണ്ടെങ്കില്‍ അവരോടൊപ്പം കളി. പിന്നെ വീട്ടിലേയ്ക്ക്  നടക്കുമ്പോള്‍ അച്ഛനോട്, 'അച്ഛാ മോളു മടുത്തു എടുക്കച്ഛാ'. അച്ഛന്റെ കയ്യില്‍ അപ്പോഴേയ്ക്കും പരമേശ്വരന്‍ പിള്ളയുടെ കടയില്‍ നിന്നുവാങ്ങിയ ഏത്തപ്പഴവും പച്ചക്കറിയുമൊക്കെയുണ്ടാകും. അച്ഛന്‍ പറയും 'മോള് നഴ്‌സറിയില്‍ പോകാറായി. ഇനി അച്ഛനെടുക്കുന്നതു മോശമാ. നടക്കണം'. വലുതാകാനും നഴ്‌സറിയില്‍ പോകാനുമുള്ള ഉത്സാഹത്തില്‍ മടുപ്പ് മറന്ന് പിന്നെ നടക്കും. നാലഞ്ചു മിനിറ്റു കൊണ്ട് വീട്ടിലെത്തുമെങ്കിലും അപ്പോഴാ ദൂരം വളരെ കൂടുതലായി തോന്നും. വീട്ടിലെത്തിയാല്‍ പല്ലുതേയ്ക്കാനും കാലുകഴുകാനുമൊക്കെ എന്തൊരു മടി. 'മടുത്തച്ചാ' എന്നു പറഞ്ഞുകൊണ്ട് ഇതൊക്കെ ചെയ്യും. പിന്നെ കട്ടിലില്‍ കയറാന്‍ വലിയ ഉത്സാഹമാണ്. വലിയ തടിത്തൊട്ടിലില്‍ എന്റെ കാലു കൊള്ളാതായതും ഞാന്‍ തന്നെയാണൊരു ദിവസം അച്ഛനോടുപറഞ്ഞത്. അങ്ങനെ അടുത്തിടെ കട്ടിലിലേയ്ക്കു 'പ്രൊമോഷന്‍' കിട്ടിയതാണ്. അതിനു മുമ്പ് ഉറക്കം പിടിയ്ക്കുമ്പോള്‍ അച്ഛന്‍ എടുത്തു തൊട്ടിലില്‍ കിടത്തുകയായിരുന്നു പതിവ്. കഥ . . . അലാഡിനും അദ്ഭുതവിളക്കും,രാമായണം പിന്നെ കവിതകള്‍ ഒക്കെ കേട്ട് ഉറക്കത്തിലേക്ക്. 

രാവിലെ മുന്‍വശത്തെ വലിയ തടിവാതിലിന്റെ സാക്ഷ അച്ഛന്‍ തുറക്കുന്ന കരകര ശബ്ദംകേട്ടാല്‍ ഞാനുമുണരും. അച്ഛന്‍ തന്നെയാണ് പല്ലു തേപ്പിക്കുക. അമ്മ ചൂടുപാലുമായെത്തും. അച്ഛന്  കാപ്പിയാണ്. അച്ഛന്‍ എക്‌സര്‍സൈസ് ചെയ്യുമ്പോള്‍അതു നോക്കിയിരിക്കുകയോ അനുകരിക്കുകയോ ചെയ്യും. ലങ്കോട്ടിയുടുത്ത് അതിന്റെ മേലെ മുണ്ടു താറുപാച്ചിയുടുത്ത് അച്ഛന്‍ എക്‌സര്‍സൈസിനു തയ്യാറാകുന്നത് ഞാന്‍ കൗതുകത്തോടെ കാണും. എക്‌സര്‍സൈസ് എന്നുപറയാനറിയില്ല. അതു എനിക്ക് 'എസസൈസാ'ണ് മുന്‍വശത്തെ വിശാലമായ വരാന്തയും അതിനരികിലുള്ള പത്താഴവും. ഞാന്‍ ഇടയ്ക്ക് അച്ഛനെ ശല്യപ്പെടുത്തുമ്പോള്‍ അച്ഛനെന്നെ എടുത്ത് പത്താഴത്തിനു മേലെ ഇരുത്തും. അവിടെയിരുന്ന് അച്ഛന്‍ തലകുത്തി നില്‍ക്കുന്നതൊക്കെ ഞാന്‍ അത്ഭുതത്തോടെ നോക്കും. (93-ാം വയസ്സില്‍ ഇപ്പോഴും അച്ഛന്‍ രാവിലെ ഒരു മണിക്കൂര്‍ യോഗ പ്രാക്ടീസ് ചെയ്യാറുണ്ട്). പിന്നെ അച്ഛന്‍ പത്രം വായിക്കാന്‍ തുടങ്ങും. അച്ഛന്റെ ശ്രദ്ധ പത്രത്തിലാവുമ്പോള്‍ എനിക്ക് സഹിക്കില്ല. പത്രംതിരിച്ചുപിടിച്ചു കലപില എന്നു പറയുക. അച്ഛന്റെ തോളില്‍ കയറുക ഇതൊക്കെ ക്ഷമയോടെ സഹിച്ച് അച്ഛന്‍ എന്റെ ശ്രദ്ധ മാറ്റും. മോളു നട്ട ചെടിയൊക്കെ വളര്‍ന്നോ എന്നു നോക്ക്. അച്ഛനോ അമ്മയോ ചെടി നടുമ്പോള്‍ കുഴിയെടുത്തിട്ട് തൈ എന്നെക്കൊണ്ടാണതില്‍ വയ്പ്പിയ്ക്കുന്നത്. റോസാക്കമ്പും തുളസിത്തൈയും ചീരയുമൊക്കെ പിഴുത് വേരുവന്നോ എന്നു നിരീക്ഷിയ്ക്കുന്ന എന്നെ കണ്ട്് അച്ഛന്‍ പൊട്ടിച്ചിരിച്ചു.'അയ്യോ മോളേ അതു പിഴുതാല്‍ വളരുമോ. വെള്ളമൊഴിച്ചാല്‍ മതി'.കാപ്പിയുണ്ടാക്കിക്കൊണ്ടിരിക്കുന്ന അമ്മയുടെ കയ്യൊഴിയില്ലെന്നറിയാം. അച്ഛന്‍ തന്നെ എന്നെ കുളി പ്പിയ്ക്കും. ശ്രദ്ധാപൂര്‍വ്വം ചകിരിച്ചോറ് കട്ടിയുള്ളനാരൊക്കെ കളഞ്ഞു തയ്യാറാക്കുമ്പോള്‍ അച്ഛന്‍ പറയും 'കണ്ടോ മോള്‍ക്ക് വേദനി യ്ക്കാതെ അച്ഛന്‍ ചകിരിച്ചോറ് പഞ്ഞിപോലെ ആക്കിയാണെടുക്കുന്നത്'. ചകിരിച്ചോറില്‍ സോപ്പ് തേച്ച് അച്ഛന്‍ മേലു തേയ്ക്കുമ്പോള്‍ വേദനിയ്ക്കാറില്ല. കണ്ണില്‍ പോയാല്‍ നീറുന്ന പിയേഴ്‌സ് സോപ്പ് (പിയേസ് പോപ്പ് എന്നെന്റെ ഭാഷ്യം) എനിയ്ക്കു വേണ്ടാ എന്നു വാശിപിടിക്കും. കൂടുതല്‍ പതയുള്ള നീറാത്ത ചന്ദ്രികയോ അല്ലെങ്കില്‍ റെക്‌സോണയോ ആണെനിക്കിഷ്ടം.

അമ്മയ്ക്കു സമയം കിട്ടാതെ വരണമെന്നും അച്ഛന്‍ കുളിപ്പിക്കണമെന്നുമാണ് എനിക്കാഗ്രഹം. അമ്മ മേലുതേക്കുമ്പോള്‍ നോവും. കണ്ണില്‍ സോപ്പുപോവുകയും ചെയ്യും. കാപ്പി കുടിക്കാനായി ഇഡ്ഡലി എടുത്തുവയ്ക്കുമ്പോള്‍ ഞാന്‍, 'അച്ഛാ എനിയ്ക്കു പെടലി പഞ്ചാരകൂട്ടി മതി'. ഇഡ്ഡലി എന്ന വാക്കു എന്റെ നാവിനു വഴങ്ങില്ല. അച്ഛന്‍ പെടലി തിരിയ്ക്കുന്ന എക്‌സര്‍സൈസ് ചെയ്യുമ്പോള്‍ ഇടയ്ക്ക് എന്നെ തോളിലിരുത്തി ചെയ്യാറുണ്ട്. അതു കേട്ടായിരിയ്ക്കാം 'പെടലി' എന്നാണ് ഞാന്‍ ഇഡ്ഡലിയ്ക്കിട്ടിരിയ്ക്കുന്ന പേര്. അച്ഛന്‍ രാവിലെ എട്ടു മണിക്ക് മുന്‍പായി ആശുപത്രിയിലേയ്ക്കുപോകും. അച്ഛന്റെ കാലന്‍കുട എടുത്തു കയ്യില്‍ കൊടുക്കുന്നതു ഞാനാണ്. പിന്നെ അച്ഛനെ ഗേറ്റുവരെ അനുഗമിയ്ക്കും. അച്ഛന് റ്റാറ്റാ കൊടുത്തുതിരിച്ചു വീട്ടിലെത്തിയാല്‍ പിന്നെ അമ്മയുടെ വാലാണ്. അമ്മ അരി കഴുകി കാടിവെള്ളം ഒരു കുടത്തിലൊഴിച്ചു വയ്ക്കും. കഞ്ഞിവെള്ളവും അങ്ങനെതന്നെ. അത് അടുത്ത വീട്ടിലെ കുഞ്ഞമ്മ ആടിനു കൊടുക്കാ നായി കൊുപോകും. അടുക്ക ളമുറ്റത്തു നട്ടിരിയ്ക്കുന്ന ചീര പറിച്ച് അതിന്റെ ഇലകൊണ്ടുണ്ടാക്കുന്ന എരിവില്ലാത്ത തോരനും തൈരും ചേര്‍ത്ത് കുഴയ്ക്കുന്ന ചോറ് നല്ല ചുവന്നിരിയ്ക്കും. അത് എനിക്ക്  വലിയ ഇഷ്ടമാണ്. അതിന്റെ കൂടെ സാമ്പാറിലെ ഉരുളക്കിഴങ്ങിന്റെ കഷണങ്ങള്‍ കഴുകിയെടുത്ത് (എരിവുപോകാന്‍) അതും കൂട്ടും. 

അമ്മ തിരികല്ലില്‍ വച്ച് ഉഴുന്നു പൊട്ടിയ്ക്കുമ്പോള്‍എനിക്കും അമ്മയെ സഹായിക്കാന്‍ മോഹം. പക്ഷേ തിരികല്ല് ഞാന്‍ പിടിച്ചാല്‍ അനങ്ങുകയില്ല. അതുകണ്ട് ഒന്നി എന്നു വിളിയ്ക്കുന്ന അടുത്തവീട്ടിലെ വല്യമ്മ ചിരിയ്ക്കും. 'വളരട്ടെ മോളേ' എന്നു കൊങ്കണി ഭാഷയില്‍ പറയും. എന്റെ പ്രിയമുള്ള 'അമ്മച്ചി' (സുലോചനാഭായി) എന്നെ വന്നു എടുത്തു അവരുടെ വീട്ടിലേയ്ക്കു കൊണ്ടുപോകും. അവിടെ ഒരുപാടു മുതിര്‍ന്ന അമ്മച്ചിയുടെ മക്കള്‍ എന്നെ എടുത്തു കൊഞ്ചിച്ച് പലഹാരങ്ങളൊക്കെ തരും. അവരോടു കൊങ്കണി ഭാഷയിലാണെന്റെ സംസാരം. തിരിച്ചു വീട്ടിലെത്തുമ്പോള്‍ അറിയാതെ ചിലപ്പോള്‍ അമ്മയോടു ഞാന്‍ കൊങ്കണിയില്‍ സംസാരിച്ചുപോകും. 'മക്ക പപ്പദീ''മക്കനക്ക' എന്നൊക്കെ. അമ്മ ചിരിയ്ക്കുമ്പോള്‍ ഞാന്‍ മലയാളത്തിലേയ്ക്കു 'സ്വിച്ച് ഓവര്‍' ചെയ്യും. എന്റെ പ്രിയപ്പെട്ട അമ്മച്ചി ഇടയ്ക്കു കാലില്‍ കിടത്തി ഒരു താളത്തില്‍ കാലുകള്‍ ചലിപ്പിച്ച് താരാട്ടുപാടി എന്നെ ഉറക്കും. ആ കാലുകളില്‍ കിടന്ന് അങ്ങനെ ഉറങ്ങിക്കഴിയുമ്പോള്‍ എന്നെ അമ്മച്ചി കൊണ്ടുവന്ന് വീട്ടില്‍ എന്റെ കട്ടിലില്‍ കിടത്തും. അമ്മച്ചിയുണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും എനിക്കിഷ്ടമാണ്. അമ്മച്ചിയുണ്ടാക്കുന്ന ശര്‍ക്കരക്കാപ്പിയും ഇഷ്ടമാണ്. അമ്മച്ചിയുടെ കൈപിടിച്ച് ചിലപ്പോഴൊക്കെ പഴയ തിരുമല അമ്പലത്തിലേയ്ക്കു വൈകിട്ടു പോകും. അവിടത്തെ ആഘോഷങ്ങളൊക്കെ വരുമ്പോള്‍ അമ്മച്ചി എന്നെ നിര്‍ബന്ധമായും കൊണ്ടുപോകും. എന്റെ അമ്മയെക്കൂടാതെ എനിക്കുള്ള മറ്റൊരമ്മയാണ് എന്റെ 'അമ്മച്ചി'എന്നാണു ഞാന്‍ കരുതിയിരുന്നത്. അപ്പച്ചിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ 'ഇവളിനികൊങ്ങിണിയായിപ്പോകുമോ' 'ഭാഷാശുദ്ധി പോകുമോ' എന്നൊക്കെ അവിടെ മുതിര്‍ന്ന മക്കള്‍ എന്നെ കളിയാക്കും. എന്റെ മറുപടി 'എനിയ്‌ക്കെന്റെ അമ്മച്ചിയെ വല്യ ഇഷ്ടമാ. കൊങ്ങിണി നല്ലതാ'അവര്‍ പൊട്ടിച്ചിരിച്ച് എന്നെ കളിയാക്കുമ്പോള്‍ എന്റെ കണ്ണു നിറയും. പക്ഷെ അമ്മച്ചിയോടുള്ള ഇഷ്ടംകൂടിയതേ ഉള്ളൂ. 

ഇടയ്ക്ക് എന്റെ അപ്പൂപ്പനും അമ്മൂമ്മയും ആലപ്പുഴയിലെ വീട്ടില്‍ ചാക്കുകെട്ടില്‍ തേങ്ങയും ഒരുപാടു പലഹാരങ്ങളുമൊക്കെയായി എത്തുന്ന നേരിയ ഓര്‍മയുണ്ട്. അവരെത്തുന്നത് എനിക്ക് അതിരില്ലാത്ത സന്തോഷം കൊണ്ടുവരുന്ന കാര്യമായിരുന്നു.വെയിലുറയ്ക്കുമ്പോഴും മുറ്റത്തെ ചെടികള്‍ക്കിടയില്‍ തുമ്പികളേയും ചിത്രശലഭങ്ങളേയും തേടി നടക്കുന്ന എന്നോട് അമ്മ വിളിച്ചു പറയും 'തീ പോലെ വെയിലാ തിണ്ണയില്‍ കേറു മോളേ'. അനന്തമാമന്‍ (അടുത്ത വീട്ടിലെ ഒന്നിയുടെ മകന്‍) കുളത്തില്‍ കുളിച്ച് സാവധാനം വീട്ടിലെ അറയിലെ പൂജകള്‍ക്കായി എത്തും. ദേഹത്തൊക്കെ അരച്ചുവച്ച ചന്ദനം കുഴച്ചു തേയ്ക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കും. പിന്നെ മണിയടിച്ചു പൂജ ചെയ്യുമ്പോള്‍ പോയി നിന്നു തൊഴും. അതു കഴിയുമ്പോള്‍ അന ന്ത മാമന്‍ കയ്യില്‍ അല്പം പഞ്ചസാര പ്രസാദമായി തരും. അതു കിട്ടാനല്ലേ നീ പോയി നില്‍ക്കുന്നതെന്ന് അമ്മയുടെ ചോദ്യം. വാസ്തവത്തില്‍ ഇത്രയും സാവധാനത്തില്‍ രാവിലെ പതിനൊന്നരമണി കഴിയുമ്പോഴേയ്ക്കും മാത്രം കുളിച്ചു പൂജ ചെയ്യുന്ന അനന്ത മാമന്റെ രീതി ക്ഷമയോടെ നോക്കി നില്‍ക്കാന്‍ എനിക്കെന്തോ ഇഷ്ടമായിരുന്നു. അനന്ത മാമന്‍ ഒന്നും സംസാരിക്കില്ല. ഇടയ്‌ക്കെന്തോ പിറുപിറുക്കുന്നതു കാണാം. അദ്ദേഹം ഒന്നിയുടെ ഒറ്റമകനാണ്. കല്യാണം കഴിച്ചിട്ടില്ല. നരച്ച കുറ്റിത്തലമുടിയുമായി ഒറ്റത്തോര്‍ത്തുടുത്തുകൊണ്ടു നടക്കുന്ന അനന്ത മാമന്‍ എനിക്കെന്തോ കൗതുകമായിരുന്നു. അനന്തമാമന്റെ പൂജ കഴിയുമ്പോള്‍ ഞാന്‍ വരാന്തയിലിട്ടിരിയ്ക്കുന്ന എന്റെ തടിക്കുതിരയിലിരുന്ന് ആടിയാടി രസിക്കും. മുതിര്‍ന്ന കുട്ടികളൊക്കെ സ്‌കൂളിലായിരിയ്ക്കും. അടുത്തവീട്ടിലെ സുസ്സ (സുരേഷ്) എന്റെ കൂടെ കളിക്കാനെത്തും. കുതിരപ്പുറത്തിരിക്കാൻ ഊഴം കാക്കും. മൂന്നു വയസ്സിനു മുന്‍പുള്ള എന്റെ ഓര്‍മകള്‍ എനിക്ക് വേര്‍തിരിച്ചറിയാനാവുന്നത് മുഴുവന്‍ സമയവും സ്‌കൂളില്‍ പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞ കാലം എന്ന നിലയിലാണ്.

സര്‍വതന്ത്ര സ്വാതന്ത്ര്യത്തോടെ വലിയ വിലക്കുകളൊന്നുമില്ലാതെ കഴിഞ്ഞ ആ കാലം. ഓര്‍മയില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നു. ഇരുളടഞ്ഞ ബാല്യം വിവരിക്കുന്ന ഓരോ പുസ്തകവും എന്നെ കരയി ക്കാറുണ്ട്. 'ഇയോന്‍മി പാര്‍ക്ക്' എന്ന ഉത്തര കൊറിയന്‍ പെണ്‍കുട്ടിയുടെ 'Inorder to Live' എന്ന പുസ്തകം ഇരുളടഞ്ഞ ബാല്യത്തില്‍ ജീവിക്കേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്നു. (അതിന്റെ മലയാള പരിഭാഷ ചെയ്തത് ദിലീപ് ഖാനും എം. നിഷാദും ചേര്‍ന്നാണ്) ഇയോന്‍മി പറയുന്നു:''എന്റെ ആദ്യകാല ഓര്‍മകള്‍ തണുത്ത് ഇരുള്‍ മുറ്റിയതായിരുന്നു. അല്‍പം കഞ്ഞിയോ ഉരുളക്കിഴങ്ങോ മാത്രമാണ് ഞങ്ങള്‍ കഴിച്ചിരുന്നത്. വലുതാകുമ്പോള്‍ വയറുനിറയെ റൊട്ടി കഴിക്കാൻ  ഞങ്ങളുടെ മുഴുവന്‍ പണവും ഉപയോഗിക്കുമെന്നു ഞാനും ചേച്ചി യുന്‍മിയും ഉറപ്പിച്ചു''. വിശപ്പും അസ്വാതന്ത്ര്യവും ഭയവും നിറഞ്ഞ ജീവിതമനുഭവിയ്ക്കുന്ന, യുദ്ധവും അസമത്വവും നിറഞ്ഞ ലോകത്തെ എത്രയോ കുട്ടികളുടെ പ്രതിനിധിയാണ് ഇയോൻമി! സന്തോഷത്തിനും കളികള്‍ക്കും മുന്‍തൂക്കമുള്ള സ്വാതന്ത്ര്യം നിറഞ്ഞ ഒരു  ബാല്യം ലഭിച്ച ഞാന്‍ എത്ര ഭാഗ്യവതിയാണ്.


എഴുത്തുകാരിയും മുന്‍ ഡിജിപിയുമാണ് ലേഖിക