
തകഴിയപ്പൂപ്പന്റെ ചെമ്മീന്‍ എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രശില്പം പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ കാര്യവും ചെമ്മീനിന്റെ കഥയും ഒക്കെ വീട്ടിലെ മുതിര്‍ന്നവരുടെ ഇഷ്ടവിഷയങ്ങളാണ്. ക്യാപ്റ്റനപ്പൂപ്പന്റെ വീട്ടില്‍ വരുമ്പോള്‍ എന്നെ മടിയില്‍ ഇരുത്തി കൊഞ്ചിക്കാറുള്ള പ്രിയപ്പെട്ട തകഴിയപ്പൂപ്പന്‍ വലിയ കഥയെഴുത്തുകാരനാണെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടു. ഞങ്ങളുടെ പ്രിയപ്പെട്ട കളിക്കൂട്ട് (എന്റെ കൊച്ചനുജനാണിന്നും അവന്‍- രാജ്.നായര്‍) രാജുമോന്‍ തകഴിയപ്പൂപ്പന്റെ കൊച്ചുമകനാണ്. (ക്യാപ്റ്റനപ്പൂപ്പന്റെ മൂത്തമകന്‍ ഗോപിച്ചേട്ടന്റെ ഭാര്യ ജാനമ്മച്ചേച്ചി തകഴിയുടെ മൂത്ത മകളാണ്) ജാനമ്മച്ചേച്ചിയുടെ കഴുത്തില്‍ കിടന്ന ഒരു പിണ്ടിമാല (അന്നത്തെ ഫാഷനാണത്രേ) ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ദിവസം ലീലാഡി പറഞ്ഞു, ദേ ഈ മാല രാമു കാര്യാട്ട് കല്യാണത്തിന് ചേച്ചിക്ക് സമ്മാനം കൊടുത്തതാണ്. ചെമ്മീനും രാമു കാര്യാട്ടും ഷീലയും സത്യനും കൊട്ടാരക്കരയുമൊക്കെ കേട്ടുകേട്ട് ഏതോ അടുത്തുള്ളവരെപ്പോലെയാണ് ഞങ്ങള്‍ കുട്ടികള്‍ക്കും തോന്നിയിരുന്നത്. ചെമ്മീനിന്റെ കഥയെന്താണെന്ന് ഒരു ദിവസം മുതിര്‍ന്നവര്‍ അതിനെപ്പറ്റി ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ലീലാഡിയോടു ചോദിച്ചു. ലീലാഡി പറഞ്ഞു, 'മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്തു കുട്ടികള്‍ ഒന്നും കേള്‍ക്കുകയോ തിരിച്ചു ചോദിക്കുകയോ ചെയ്യരുത്. അതു നല്ല കുട്ടികളുടെ ലക്ഷണമല്ല'. എനിക്ക് നിരാശ തോന്നി എങ്കിലും വിചാരിച്ചു, നല്ല കുട്ടിയാകണമല്ലോ ഇനി ചോദിക്കേണ്ട.

ഞങ്ങള്‍ കുട്ടികള്‍ പോയി കുട്ടികളുടെ സദസ്സുണ്ടാക്കി. ലതമോള്‍ പറഞ്ഞു, 'അതു പിന്നെ ലീലക്കുഞ്ഞമ്മ എങ്ങനെയാ ചെമ്മീനിന്റെ കഥ നമ്മളോട് പറയുക. അതു മൊത്തം പ്രേമമാ'. ഞാന്‍ ചോദിച്ചു 'അതെന്താ പ്രേമം ചീത്തയാണോ, നമ്മുടെ നല്ല തകഴിയപ്പൂപ്പനെഴുതിയതല്ലേ, അതെങ്ങനെയാ ചീത്തയാവുക?' ഇത് കേട്ടുകൊണ്ട് ഞങ്ങള്‍ കുട്ടികളുടെ ഹീറോ ഞങ്ങളെക്കാള്‍ മുതിര്‍ന്ന ഗീതച്ചേച്ചി അടുത്തു വന്നു. ഗീതച്ചേച്ചിയ്ക്കു ചേച്ചിയുടെ പ്രായത്തെ കവിഞ്ഞ വാത്സല്യവും അധികാരവുമാണ് ഞങ്ങള്‍ കുട്ടികളോട്. ഗീതച്ചേച്ചി പറഞ്ഞു കുട്ടികള്‍ക്ക് ചെമ്മീനിന്റെ കഥ കേള്‍ക്കണമല്ലേ. ഞാന്‍ പറഞ്ഞു തരാം. പിന്നെ ഞങ്ങളൊക്കെ ചക്കരയില്‍ ഈച്ച പൊതിയുന്ന പോലെ ഗീതച്ചേച്ചിയുടെ മടിയിലും തോളിലും ഒക്കെയായി ചേര്‍ന്നിരുന്നു. സത്യന്‍ എന്ന നടന്‍ ക്യാപ്റ്റനപ്പൂപ്പന്റെ ആശുപത്രിയില്‍ വരുന്ന ആളാണെന്നും നല്ലയാളാണെന്നും ഒക്കെ ഗീതച്ചേച്ചി പറയുന്നുണ്ടായിരുന്നു. കടല്‍, മീന്‍പിടിത്തം പിന്നെ ഓരോ പാട്ടുകള്‍ എത്ര രസിച്ചാണ് ഞങ്ങള്‍ കഥ കേട്ടത്. അവസാനം കറുത്തമ്മ പ്രേമിച്ചതുകൊണ്ട് സത്യന്‍ മരിച്ചുപോയി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. 'അയ്യോ അപ്പം സത്യനിനി നമ്മുടെ ആശുപത്രിയില്‍ വരില്ലേ' കഥയില്‍ ലയിച്ചിരുന്ന ഞാന്‍ അത് വെറും കഥയാണെന്ന് മറന്നുപോയി. മുതിര്‍ന്ന കുട്ടികള്‍ കൂട്ടച്ചിരിയായി. അത് സിനിമയിലല്ലേ എന്ന് ചോദിച്ചെന്നെ കളിയാക്കി. ഇത്തരം സിനിമാക്കഥപറച്ചിലുകള്‍ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിനോദം തന്നെയായിരുന്നു. മലയാറ്റൂരിന്റെ 'യക്ഷി' ഇറങ്ങിയ സമയം കൂടിയായിരുന്നു 'യക്ഷി'യുടെ കഥയും ഇങ്ങനെ അവതരിപ്പിക്കാനായി തുടങ്ങുമ്പോള്‍ മുതിര്‍ന്ന ആരോ അടുത്ത് വന്നു ഗീതേ പിള്ളേരു രാത്രി കിടന്നു പേടിക്കും. കഥ പറഞ്ഞു കൊടുക്കണ്ടാ' എന്ന് ഓര്‍ഡര്‍! ഞങ്ങള്‍ വളരെ നിരാശയോടെ പിരിഞ്ഞ് മറ്റു കളികളിലേക്ക് തിരിഞ്ഞു. മലയാറ്റൂരിന്റെ 'യക്ഷി' ഖണ്ഡശഃ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത് ബൈൻഡ് ചെയ്തു സൂക്ഷിച്ചിട്ടുള്ള അമ്മാവന്റെ മാതൃഭൂമി ശേഖരത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, എടുത്തു വായിച്ചു. ആ പഴയ കഥവിലക്കാലോചിച്ച് ഒരുപാട് ചിരിച്ചു.

എനിക്ക് 1988-ല്‍ ഐ.പി.എസ് ലഭിക്കുമ്പോള്‍ പാലാ താലൂക്ക് എന്‍.എസ്.എസ് കരയോഗം എന്നെ അഭിനന്ദിക്കാനായി തീരുമാനിച്ചു. അന്ന് എനിക്ക് സ്വര്‍ണമെഡല്‍ സമ്മാനിച്ചത് തകഴി ശിവശങ്കരപ്പിള്ളയാണ്. ഞങ്ങള്‍ കുട്ടികള്‍ അപ്പൂപ്പന്റെ കഥകളെക്കുറിച്ച് നടത്തിയിരുന്ന 'ഗൗരവതരമായ' ചര്‍ച്ച കളെക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ രണ്ടുപേരും ഒരുപാടു ചിരിച്ചു. എന്റെ ഔദ്യോഗിക ജോലിസ്ഥലങ്ങളില്‍ അപ്പൂപ്പന്‍ എത്തിയിട്ടുണ്ടെന്ന് അറിയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ പോയിക്കാണുക പതിവായിരുന്നു. 1999 ഏപ്രില്‍ 10-ന് അദ്ദേഹം മരണപ്പെട്ടപ്പോള്‍ കൊല്ലത്തുനിന്ന് തകഴിക്ക് പോയി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതുമോര്‍ക്കുന്നു. എനിക്കേറെ പ്രിയപ്പെട്ട നോവലിസ്റ്റാണദ്ദേഹം. അദ്ദേഹത്തിന്റെ പ്രിയപത്നി കാത്തയമ്മൂമ്മ വളരെ സ്നേഹത്തോടെ ഞങ്ങളെയൊക്കെ എപ്പോഴും സല്‍ക്കരിക്കുന്നതോര്‍ക്കുന്നു. അമ്മൂമ്മ 2011-ല്‍ മരിക്കുമ്പോഴും തകഴിയിലെ വീട്ടില്‍ പോയിരുന്നു. സാഹിത്യവും കഥകളും കൂടിക്കുഴഞ്ഞ ചര്‍ച്ചകള്‍ മുതിര്‍ന്നവരുടെ സാധാരണ വര്‍ത്തമാനമായിരുന്ന, ഞങ്ങളുടെ എല്ലാം സംഗമസ്ഥാനമായിരുന്ന ക്യാപ്റ്റനപ്പൂപ്പന്റെ വീട്, എന്റെ ബാല്യകാലത്ത് അക്ഷരപ്രേമത്തെ ആളിക്കത്തിക്കാൻ ഒരുപക്ഷേ സഹായകമായിക്കാണണം. ഒരു ശില്പോദ്യാനം പോലെ എന്റെ ബാല്യം എന്റെ ഓര്‍മ്മകളില്‍ കൊത്തിവയ്ക്കപ്പെട്ടത് ഇത്തരം അസുലഭ നിമിഷങ്ങളിലൂടെയാവണം.

എന്റെ മോളോടൊപ്പം ഞാനീ ദീപാവലി ദിവസം മഹാബലിപുരത്തായിരുന്നു. ചെന്നൈയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് മനോഹരമായ കടല്‍ത്തീരത്ത്, മാമല്ലപുരത്തെ ശില്‍പോദ്യാനങ്ങള്‍ കണ്ടു ഞങ്ങള്‍ ഒരു ദിവസം ചെലവഴിച്ചു. മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ കാണുന്ന കടലും കടല്‍ത്തീരവും ഹാമക്കും കുടകളുമൊക്കെ ഞങ്ങളെ മാടിവിളിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വേഗം തന്നെ കടപ്പുറത്തേയ്ക്കിറങ്ങി. ആ ഉച്ചസമയത്തു തന്നെ! ബംഗാൾ ഉള്‍ക്കടലിന്റെ തിരകള്‍ പേടിപ്പെടുത്തുന്നില്ല. മണല്‍പ്പരപ്പിലൂടെ ഞങ്ങള്‍ നടന്നു ഓടിയും കടലില്‍ കാല്‍ നനച്ചും രസിച്ചുകൊണ്ടിരുന്നു. മാമല്ലപുരം എന്നെഴുതിയ സെല്‍ഫി പോയിന്റില്‍ എത്തി ഫോട്ടോ എടുത്തു. ഒരു 70 വയസ്സ് തോന്നിക്കുന്ന പവിഴമാലക്കച്ചവടക്കാരന്‍ അടുത്തെത്തി, അമ്മാ, മാല വേണമാ എന്നു ചോദിച്ചുകൊണ്ട് അവയുടെ ഭംഗിയേക്കാള്‍ വില്പനക്കാരനെ സഹായിക്കാനുള്ള ത്വരയോടെ മോള്‍ അയാളോട് ശരി എന്ന് പറഞ്ഞു. അയാള്‍ ഞങ്ങളോട് അല്‍പ്പം അകലെയുള്ള ചാരുബഞ്ചിനടുത്തേയ്ക്കു വരാനാവശ്യപ്പെട്ടു. ഞങ്ങള്‍ മൂവരും നടക്കവേ രാമമൂര്‍ത്തി (അതാണയാളുടെ പേര്) പറഞ്ഞു; ഈ കടലില്‍ നിന്നുള്ള പവിഴവും ശംഖുമൊക്കെയാണമ്മാ, മാല വളരെ നന്നായിരിക്കും. ഞങ്ങള്‍ ബെഞ്ചില്‍ ഇരിക്കവേ രാമമൂര്‍ത്തി തന്റെ പെട്ടി തുറന്ന് മാലകളുടെ ശേഖരം പുറത്തിട്ടു. ഞങ്ങള്‍ നാലഞ്ചു മാലകള്‍ തിരഞ്ഞെടുത്തു.

കടല്‍ക്കരയിലേയ്ക്കിറങ്ങിയ ഞങ്ങളുടെ കയ്യില്‍ പേഴ്സില്ല. റൂമിലേയ്ക്കൊപ്പം വരാമോ എന്ന് ചോദിച്ചപ്പോള്‍ രാമമൂര്‍ത്തി പറഞ്ഞു 'നിങ്ങളുടെ കയ്യില്‍ മൊബൈല്‍ ഉണ്ടല്ലോ ജി പേ ചെയ്യൂ'. ക്യു.ആര്‍ കോഡ് പുറത്തേക്ക് നീട്ടി. ഇതു കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു പോയി. രാമമൂര്‍ത്തി പറഞ്ഞു: 'കടല വില്പനക്കാരന്റെ കയ്യിലും ധര്‍മ്മക്കാരന്റെ കയ്യിലുമൊക്കെ ജി പേ ഉണ്ടമ്മാ'. ശരിയായ ഡിജിറ്റല്‍ ഇന്ത്യ തന്നെയായി മാറിക്കഴിഞ്ഞു, ഇന്ത്യ. ഇത് നമ്മുടെ ശത്രുക്കള്‍ പോലും അംഗീകരിക്കും. മോള്‍ പറഞ്ഞു ചിരിച്ചു. 300 രൂപയുടെ പവിഴമാല കാട്ടി രാമമൂര്‍ത്തി പറഞ്ഞു: അമ്മാ ഇതു നിങ്ങള്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയാല്‍ മൂവ്വായിരം രൂപ കൊടുക്കണം. മോള്‍ പറഞ്ഞു ശരിയാണ്. ക്വാളിറ്റി കണ്‍ട്രോളോടു കൂടിയ ഒരു മാര്‍ക്കറ്റിങ് ശൃംഖല ഈ കച്ചവടക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍! ഇവര്‍ക്ക് ഒരു വെബ്സൈറ്റും കൂടി കൊടുത്താല്‍ മതി. ഇതും ശരിയായ മെയ്ക്ക് ഇന്‍ ഇന്ത്യയല്ലേ. ഞാന്‍ പറഞ്ഞു 'അതേ, അതതു സ്ഥലത്തുള്ള ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ അവനവന്റെ പ്രോഡക്ടുകള്‍ക്ക് വേണ്ടത്ര വില കിട്ടുക തന്നെ ചെയ്യും' മോള്‍ പറഞ്ഞു അമ്മേ ഇദ്ദേഹത്തിന് എഴുപതെങ്കിലും കാണും, നമ്മുടെ പുതുതലമുറ വിചാരിച്ചാലും ഇതൊക്കെ നടക്കും'.
പിറ്റേന്ന് ഞങ്ങള്‍ രാവിലെ തന്നെ മാമല്ലപുരം കാണാനിറങ്ങി ഗൈഡ് അതിശയിപ്പിക്കുന്ന ആ ശില്പനിരകളുടെ ചരിത്രം ഞങ്ങളോട് പറഞ്ഞു തുടങ്ങി. ഒരുപാട് നല്ല ഫോട്ടോകളും എടുത്തു തന്നു. ചക്രവര്‍ത്തി മഹേന്ദ്ര വര്‍മ്മന്റെ ശില്പകലയോടുള്ള അഭിനിവേശവും അദ്ദേഹം പണികഴിപ്പിച്ചു തുടങ്ങിയ ശില്പങ്ങളുടെ പണി തലമുറ തലമുറകളായി തുടര്‍ന്നുവന്നതും മകന്‍ മഹാമനായിരുന്ന നരസിംഹവര്‍മ്മന്‍ ചക്രവര്‍ത്തിയുടെ ഓര്‍മയ്ക്കായി ഈ സ്ഥലത്തിന് മാമല്ലപുരം എന്നും പേര് വന്നതുമൊക്കെ ഗൈഡ് വിവരിച്ചു. ചക്രവര്‍ത്തി നടത്തിയ മഹാബലി നടന്ന ഒരു കരിങ്കല്ലും ആടിന്റെ തലയും ഉടലും വേര്‍പെട്ട ശില്‍പ്പവും കാണിച്ചു കൊണ്ട് ഗൈഡ് തുടര്‍ന്നു. അങ്ങനെ മഹാബലിപുരമുണ്ടായി, അതു പിന്നീട് മാമല്ലപുരം എന്നും അറിയപ്പെട്ടു. ആ ശില്പികളുടെ പുതിയ തലമുറകളും അതേ കലാസപര്യ തുടരുന്നു. അവരുടെ പണിസ്ഥലങ്ങള്‍ കാണിച്ചു തരണമെന്ന് മോള്‍ പറഞ്ഞു. തീര്‍ച്ചയായും ഇവ കണ്ടശേഷം അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാമെന്നു ഗൈഡ് പറഞ്ഞു. ശില്പികള്‍ക്കായി 1957-ല്‍ തന്നെ ഒരു ആര്‍ട്ട് ട്രെയിനിങ് സെന്റര്‍ ഗവണ്‍മെന്റ് ആരംഭിച്ചിരുന്നു. അത് പിന്നീട് ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് സ്‌കള്‍പ്ചറായി വികസിപ്പിച്ചു. അവിടെ പരമ്പരാഗത ശില്പകലയില്‍ ബി.എഫ്.എ കോഴ്സ് ആണ് ആദ്യം തുടങ്ങിയത്. ഇന്ന് നാല് വര്‍ഷ ബി.ടെക് കോഴ്സുകളുമുണ്ട്. ലോകോത്തര കലാകാരന്മാരാകാന്‍ ഇവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് കഴിയുന്നുണ്ട്. പുംപുഹാര്‍ ആര്‍ട്ട്ഗ്യാലറിയും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ പ്രവേശനകവാടം ഉള്‍പ്പെടെ നിരവധി നിര്‍മിതികളും ഇവരുടെ സംഭാവനയാണ്. ആയിരത്താണ്ടുകള്‍ താണ്ടിയ ഒരു കലയെ, സംസ്‌കാരത്തെ സംരക്ഷിച്ചു വികസിപ്പിക്കുന്നതില്‍ ഈ സ്ഥാപനം വലിയ പങ്കുവഹിക്കുന്നു എന്നറിയുന്നത് വലിയ സന്തോഷം തരുന്നു. എല്ലാത്തിലുമുപരി പരമ്പരാഗതമായി ഈ കലയെ ഉപാസിക്കുന്നവര്‍ക്ക് ആഭിജാത്യത്തോടെ ജീവിക്കാന്‍ അവസരം ഒരുങ്ങുന്നത് എത്ര അഭിമാനകരമാണ്.
പലേടത്തായി ചിതറിക്കിടക്കുന്ന ശില്പസമുച്ചയങ്ങള്‍ ഓരോന്നും ഞങ്ങള്‍ നടന്നുകണ്ടു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒന്‍പതാം നൂറ്റാണ്ട് വരെയാണ് ഈ ശില്പങ്ങളില്‍ലേറെയും നിര്‍മിക്കപ്പെട്ടതെന്നു പറയുന്നു. പ്രധാനമായും അഞ്ച് തലമുറകളിലെ ശില്പികളാണത്രേ ഇവ നിര്‍മിച്ചത്. ക്ഷേത്രങ്ങള്‍ മിക്കവയും വിഗ്രഹങ്ങള്‍ക്കു ഭംഗം വന്ന രീതിയിലും പൂജകളില്ലാത്ത നിലയിലുമാണ്. ബുദ്ധക്ഷേത്രവും ശിവക്ഷേത്രവും വിഷ്ണു ക്ഷേത്രവും ഒരേ നിലയില്‍ അടുത്തടുത്ത് നിലകൊള്ളുന്നതും കാണാം. നമ്മുടെ സ്വന്തം കാനായി വളരെ വലിയ ശില്പങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇവ കണ്ടപ്പോള്‍ എനിക്ക് ഊഹിയ്ക്കാന്‍ കഴിഞ്ഞു. കാലാതീതമായി നിലകൊള്ളാന്‍ അവയ്ക്കു കെല്പുണ്ടെന്നു മാമല്ലപുരം തെളിയിക്കുന്നു. വലിയ പാറ നിറഞ്ഞ മലയെ ശില്പമായി രൂപപ്പെടുത്തുകയാണത്രെ ഇവിടെ ചെയ്തിരിക്കുന്നത്. ഇവിടെ ആല്‍ച്ചുവട്ടിലങ്ങനെ വെറുതെ ഇരുന്നു ധ്യാനിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് സഞ്ചരിക്കാന്‍ എന്ത് രസമാണ്. ഈ ശാന്തതയിലിരുന്ന് ഒരുപാട് സംഘര്‍ഷങ്ങള്‍ നിറഞ്ഞ യുദ്ധങ്ങളും പ്രശാന്തമായ അന്തരീക്ഷത്തില്‍ ശില്പോദ്യാനം ചമയ്ക്കുന്ന കലാകാരന്മാരുടെ ചിത്രവുമൊക്കെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഇരുട്ട് പരന്നതോടെ ഞങ്ങള്‍ ശില്പികളുടെ പണിപ്പുരകളും കടകളും സന്ദര്‍ശിച്ചു. ശിവകുമാര്‍ എന്ന ശില്പിയോട് ഞങ്ങള്‍ ഏറെനേരം സംസാരിച്ചു. തന്റെ കലയില്‍, പാരമ്പര്യത്തില്‍ എന്തൊരഭിമാനമാണ് അദ്ദേഹത്തിന്. ഏതാനും ചെറിയ കൗതുക വസ്തുക്കള്‍ വാങ്ങി ഞങ്ങള്‍ മടങ്ങി.

മനോഹരമായ പുസ്തകമാണ് 'ശിവകാമിയുടെ ശപഥം'. രണ്ടു വാല്യങ്ങളിലായി ആയിരത്തോളം പേജുകളുള്ള കല്‍ക്കി കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്റെ രചയിതാവ്) 1948 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലുകള്‍ അടുത്തിടെയാണ് ഞാന്‍ വായിച്ചത്. തമിഴ്നാടിന്റെ പല്ലവ കാലഘട്ടത്തിന്റെ ചരിത്ര പശ്ചാത്തലത്തിലെഴുതിയതാണീ നോവല്‍. മഹാബലിപുരം സന്ദര്‍ശിച്ചു മടങ്ങിയെത്തി രണ്ടാഴ്ചകള്‍ കഴിഞ്ഞാണ് ഞാനീ പുസ്തകം വായിക്കാനായി എടുത്തുവച്ചത്. ആറു ദിവസങ്ങള്‍ കൊണ്ട് ആയിരം പേജുകളും വായിച്ചു തീര്‍ത്തു. നോവല്‍ വായിക്കുമ്പോള്‍ ഞാന്‍ പല്ലവ കാലഘട്ടത്തിലൂടെ സ്വയം സഞ്ചരിക്കുക കൂടിയായിരുന്നു. കല്‍ക്കിയുടെ സൃഷ്ടി നമ്മെ ഓരോ കഥാ പാത്രവുമായും ആത്മബന്ധം സൃഷ്ടിക്കുന്ന വിധത്തില്‍ ജീവനുള്ളതാണ്. ആയന ശില്പിയും മകള്‍ ശിവകാമിയും മനസ്സിന്റെ കോണില്‍ ഒരിക്കല്‍ വായിച്ചു കഴിഞ്ഞാല്‍ ജീവിച്ചു കൊണ്ടേയിരിക്കും. മഹേന്ദ്രവര്‍മ്മനും നരസിംഹവര്‍മനും ബുദ്ധഭിക്ഷുവും സേനാപതി പരംജ്യോതിയും എല്ലാം ജീവന്‍ തുളുമ്പുന്ന മിഴിവുള്ള കഥാപാത്രങ്ങള്‍ തന്നെ. ഏഴാം നൂറ്റാണ്ടിനോടടുപ്പിച്ച കാലഘട്ടത്തിലെ തമിഴ് ചരിത്രം - യുദ്ധങ്ങള്‍, സംസ്‌കാരം, ആധ്യാത്മിക ജീവിതം എല്ലാം ചുരുളഴിയുന്നു. കയ്യിലെടുത്താല്‍ മുഴുവനും തീര്‍ക്കാതെ താഴെവയ്ക്കാന്‍ കഴിയാത്ത രണ്ടു വാല്യങ്ങള്‍. ശില്പകല പോലെ തന്നെ മനോഹരമായ നോവല്‍ ശില്‍പ്പം! നോവല്‍ ശില്‍പി ആമുഖത്തില്‍ പറയുന്ന തുപോലെ ക്ഷേത്രങ്ങളും കുന്നുകള്‍ കടഞ്ഞെടുത്ത താഴികക്കുടങ്ങളുമൊക്കെ സ്വേച്ഛാധിപതികളായ രാജാക്കന്മാര്‍ ക്രൂരമായ ആജ്ഞങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ചതാണെന്ന വാദം സ്വീകരിക്കാന്‍ ഈ നോവല്‍ വായിക്കുന്ന തിനു മുന്‍പു പോലും എനിക്ക് കഴിഞ്ഞിട്ടില്ല. നിര്‍ബന്ധിച്ചൊരാളെ പാടത്ത് പണിയെടുപ്പിക്കാം പക്ഷേ ഇത്ര സൂക്ഷ്മമായ ശില്പങ്ങള്‍ സാധ്യമാവുകയില്ല. നമ്മുടെ നാട്ടിലെ 'മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം' എന്നു പാടിയ കവികളെയാരും ഇന്നോര്‍ക്കുന്നില്ല. എന്നാല്‍ 'ദീപസ്തംഭം മഹാശ്ച ര്യം, നമുക്കും കിട്ടണം പണം' എന്നെഴുതിയ കുഞ്ചന്‍ നമ്പ്യാര്‍ ഇന്നും കാലികനാണ്.
കല്‍ക്കി ആമുഖത്തില്‍ പറഞ്ഞ ചരിത്രസത്യം-ഈ നോവലിലെ കഥാപാത്രങ്ങള്‍ 1300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവരാണെന്ന് സാക്ഷ്യ പ്പെടുത്തുന്ന സമാനമായ വര്‍ണ്ണചിത്രങ്ങള്‍ അജന്താ ഗുഹയിലും തമിഴ്നാട്ടിലെ ശിത്തര്‍ വാസമലയിലും ശ്രീലങ്കയിലെ ശ്രീഗിരിയിലും ഇന്നും നിലനില്‍ക്കുന്നു. പല്ലവ സേനാപതിയായിരുന്ന പരംജ്യോതി വാതാപി യുദ്ധത്തില്‍ ചാലൂക്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി പുലികേശിയെ തോല്‍പ്പിച്ചു. വാതാപി നഗരം ചുട്ടെരിച്ച ശേഷം മടങ്ങിവന്ന് ജന്മഗ്രാമമായ തിരുച്ചെങ്കോട്ടൈയില്‍ വന്ന് ശിവനേശച്ചെല്‍വരായി ജീവിച്ചുവത്രേ. ഈ നോവല്‍ വായിച്ചതോടെ ആ സ്ഥലം എന്നെങ്കിലും ഒന്നു സന്ദര്‍ശിക്കണമെന്ന മോഹം എന്നിലുമുണ്ട്. കാഞ്ചിയിലെ ഏകാംബരേശ്വര ക്ഷേത്രം സന്ദര്‍ശിച്ച അനുഭവം ശിവകാമിയിലൂടെ ജീവിത പരിണാമം നോവലിന്റെ അവസാന താളുകളില്‍ വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയിലെത്തി. കല്‍വിളക്കുകളുടെ വെളിച്ചത്തില്‍ ആ മനോഹര മണ്ഡപത്തില്‍ ഏകാംബരേശ്വരനെ മാത്രം മനസ്സില്‍ സങ്കല്‍പ്പിച്ചു നൃത്തം ചെയ്ത ആ ദിവ്യ കലാകാരിയുടെ രൂപം മനസ്സില്‍ തെളിയുന്നു. വിക്രം സാരാഭായി നൃത്തത്തെക്കുറിച്ച് ഭൗതികശാസ്ത്രത്തിന്റെ തലങ്ങളേക്കാള്‍ നൃത്തത്തിന്റെ മൂര്‍ത്തതലമാണ് മനുഷ്യന്റെ പരിമിതികളെ ഭേദിക്കുന്ന ഉയര്‍ന്ന തലം എന്നു പറഞ്ഞതിനെ അന്വര്‍ത്ഥമാക്കുന്ന കഥാപാത്രമാണ് ശിവകാമി. 2023 ല്‍ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചവയിലൊന്നായി ശിവകാമിയുടെ ശപഥം.
Content Highlights: B Sandhya, Childhood Memories, Sandhyaragam column by B.Sandhya mamalapuram thakazhi chemmeen
Published: 22 Dec 2023, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented