ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ ചിലര്‍ പറയും പേരാണ് വിധിയെ രൂപപ്പെടുത്തുന്നതെന്ന്. കഥയിലേക്ക് വരാം. 1955-ല്‍ വെല്ലൂര്‍ കാങ്കേയനല്ലൂരില്‍ ഗൗരിശങ്കര്‍ എന്ന കുഞ്ഞ് ജനിച്ചു. ഗൗരിശങ്കര്‍, സംഹാരമൂര്‍ത്തിയായ ശിവന്റെ പര്യായം. അവന്റെ അച്ഛന്‍ ആ പേര് തിരഞ്ഞെടുത്തത് യാദൃച്ഛികമായിട്ടായിരുന്നോ? അതല്ലെങ്കില്‍ തന്നെയും മറ്റുള്ളവരെയും വിനാശത്തിലെത്തിക്കുന്ന ആ കുട്ടിയുടെ ക്ഷിപ്രകോപത്തെ മുന്‍കൂട്ടി വിളിച്ചറിയിക്കുകയായിരുന്നോ ആ പേര്? 

To advertise here,

യൗവ്വനകാലം മുതൽ വെള്ളിത്തിരയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ശങ്കറിന്. അമ്മയുടെ സ്റ്റീല്‍ പെട്ടിയിൽനിന്ന് നാണയത്തുട്ടുകള്‍ മോഷ്ടിച്ചുകൊണ്ടാണ് സിനിമാസ്വപ്‌നങ്ങള്‍ക്ക് അവന്‍ ചിറകുകള്‍ നല്‍കിയത്. കൊട്ടകയിലെ മങ്ങിയ വെളിച്ചത്തില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്ക് മുന്നില്‍ അവന്‍ സ്വയംമറന്നിരുന്നു. സ്‌ക്രീനില്‍ നൃത്തം ചെയ്തും ചിരിച്ചും യുദ്ധം ചെയ്തും പ്രണയിച്ചും സ്വപ്നസദൃശ ജീവിതം നയിക്കുന്ന നായകനൊപ്പം അവനും സങ്കൽപ്പത്തിൽ ജീവിച്ചു. അഭിനയമോഹം തലയ്ക്കുപിടിച്ച ശങ്കര്‍ തന്നെ സ്വാധീനിച്ച രംഗങ്ങള്‍ ഭാവമൊട്ടും ചോരാതെ കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും, ആവേശത്തോടെ അവര്‍ കൈയടിക്കും. വീട്ടിലെ ഇല്ലായ്മയിൽനിന്നു സ്വപ്നവും യാഥാർഥ്യവും ഇഴചേർന്ന ചെന്നൈയിലെ തമിഴ് സിനിമാലോകത്തേയ്ക്കുള്ള അവന്റെ സ്വപ്നസഞ്ചാരത്തിന്റെ ആഴമളക്കാൻ കുട്ടിക്കാലത്തു വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല.

തിരുവാണ്‍മിയൂര്‍ മുതല്‍ മഹാബലിപുരം വരെയുള്ള തീരപ്രദേശത്ത് സമൃദ്ധമായ തെങ്ങിന്‍തോപ്പുകളുടെയും പനകളുടെയും ഇടയില്‍ വെയില്‍കാഞ്ഞ് കിടന്നിരുന്ന ചെറിയ ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളിലൊന്നിലായിരുന്നു ഗൗരിശങ്കറും കുടുംബവും. വാറ്റുചാരായത്തിന്റെ വിളനിലമായിരുന്നു ആ ഗ്രാമങ്ങള്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള ഏറ്റവും മികച്ച ക്യാന്‍വാസ്. പ്രദേശത്തെ ജീവരക്തമായ പനങ്കള്ള്  ആ ഭൂമികയിലൂടെ ഇടതടവില്ലാതെ ഒഴുകി.  

1970-കളിലും എണ്‍പതുകളിലും തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം ഈ പ്രദേശത്തെ വല്ലാതെ മാറ്റിക്കളഞ്ഞു. കൊതിപ്പിക്കുന്ന വ്യാജച്ചരക്കായി മാറി ചാരായം. പ്രാദേശിക വാറ്റിന് ഡിമാന്‍ഡ് കൂടിയതോടെ റോഡുകള്‍ ഇല്ലാത്ത, നിയമനിര്‍മാണം വെറും പേരിന് മാത്രമുള്ള ഗ്രാമങ്ങള്‍ വാറ്റുചാരായം സുലഭമായി ലഭിക്കുന്ന കരിഞ്ചന്തയായി വളര്‍ന്നു. കള്ളപ്പണത്തിന്റെ കറവപ്പശുവായി വാറ്റ് മാറി. ശങ്കറും അധികം വൈകാതെ അതിന്റെ കണ്ണിയായി. തീരദേശ കുടിലുകളില്‍നിന്നു മദ്രാസിന്റെ ഹൃദയഭാഗത്തേക്ക് തന്റെ ഓട്ടോയില്‍ അവന്‍ വാറ്റ് കടത്തല്‍ ആരംഭിച്ചു. ഒറ്റരാത്രികൊണ്ട് എന്നുപോലും വിശേഷിപ്പിക്കാവുന്ന തരത്തില്‍ അയാളുടെ ജീവിതം മാറിമറിഞ്ഞു. കഷ്ടപ്പാടും ദുരിതവും മാത്രമുണ്ടായിരുന്ന ജീവിതത്തിലേക്ക് പണത്തിന്റെ കുത്തൊഴുക്ക് തുടങ്ങി. മികച്ചയിനം വസ്ത്രങ്ങള്‍, ആവശ്യത്തിലധികം പണം, വിവാഹം... ശങ്കറിന്റെ ജീവിതം അടിമുടി മാറി. 

മദ്യനിരോധനം അവസാനിച്ചതോടെ ചാരായത്തിനുള്ള ഡിമാന്‍ഡ് പതിയെ കുറഞ്ഞു. അതിനകം മികച്ചൊരു സംരംഭകനായി മാറിക്കഴിഞ്ഞ ശങ്കര്‍, തന്റെ അടുത്ത ബിസിനസ് ഉദ്യമം ആസൂത്രണം ചെയ്തുകഴിഞ്ഞിരുന്നു. ആരും സഞ്ചരിക്കാത്ത, അപകടം പതിയിരിക്കുന്ന വഴികളിലൂടെ രാത്രിയുടെ മറപറ്റി ശങ്കറിന്റെ ഓട്ടോ ഓടിക്കൊണ്ടിരുന്നു. ലൈംഗികതൊഴിലാളികളും അവരുടെ ഇടനിലക്കാരുമായിരുന്നു അവന്റെ ഓട്ടോയിലെ സ്ഥിരം യാത്രക്കാര്‍. സ്വകാര്യ താമസസ്ഥലത്തോ ഹോട്ടലുകളിലോ രഹസ്യസങ്കേതങ്ങളിലോ എത്തേണ്ടയിടം എവിടെയായാലും അവരെ സുരക്ഷിതരായി ശങ്കര്‍ എത്തിക്കും. ഇരുട്ടില്‍ മാത്രം തെളിയുന്ന ആ നിഴല്‍രാജ്യത്തെ യാത്രകള്‍ക്കിടയിലാണ് അവന്റെയുള്ളില്‍ മറ്റൊരു തീപ്പൊരി ജ്വലിക്കുന്നത്. ഒരുപക്ഷേ, അപകടകരമായ രീതിയില്‍ ആളിപ്പടര്‍ന്ന ജ്വാല... തീവ്രമായ ആഗ്രഹങ്ങളുടെ കൂടിച്ചേരലായിരുന്നു അത്. പണത്തോടുള്ള അത്യാര്‍ത്തിയും അഭിനിവേശവും. 

ബിസിനസിനെ ലൗകികസുഖങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് ബുദ്ധിയുള്ളവര്‍ ഉപദേശിക്കുക. ശങ്കര്‍ നേരെ തിരിച്ചായിരുന്നു. മറ്റു ജീവിതമാര്‍ഗങ്ങളൊന്നും അറിയാത്ത ഒരു തന്നിഷ്ടക്കാരന്‍. സുഖലോലുപതയും ലാഭവും കെട്ടുപിണഞ്ഞുകിടന്ന ജീവിതത്തെ പുല്‍കിക്കൊണ്ട് അവന്‍ അതു രണ്ടും കൂട്ടിക്കലര്‍ത്തുക തന്നെ ചെയ്തു. ശങ്കറിന്റെ വിശ്വസ്തനായ മോഹന്‍, ഭാര്യാസഹോദരന്‍ എൽഡിൻ, ശിവജി, ജയവേലു, രാജാരാമന്‍, രവി, പളനി, പരമശിവം തുടങ്ങി വിശ്വസ്തരായ ഒരു കൂട്ടം സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ശങ്കര്‍ വളര്‍ന്നു. അധികാരവും സ്വാധീനവും ചെലുത്താന്‍ പാകത്തില്‍ ശങ്കറിന്റെ പേര് നാട്ടിലുയര്‍ന്നു.

സാമ്രാജ്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അടുത്ത ഘട്ടം. മദ്രാസ് പെരിയാര്‍ നഗറിലെ ചേരിപ്രദേശത്തെ ചെറിയ കുടിലുകള്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു ആദ്യപടി. അതെല്ലാം അയാൾ വേശ്യാലയങ്ങളാക്കി മാറ്റി. ചേരിയില്‍ ശങ്കര്‍ പാകിയ വിത്തുകള്‍ അധികം താമസിയാതെ പുഷ്പിച്ചു തുടങ്ങിയെന്നുതന്നെ പറയാം. ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടു. ശങ്കറിന്റെ പട്ടികയില്‍ കഴിവും മിടുക്കുമുള്ള സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. ബാനു, വിജയ, വിജി, അസ്തന, ബീഗം തുടങ്ങിവരായിരുന്നു ആ പട്ടികയിലെ താരങ്ങള്‍. രാഷ്ട്രീയ നേതാക്കള്‍ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും സ്ത്രീകളെ എത്തിച്ചുകൊണ്ട് ശങ്കര്‍ തന്റെ ബിസിനസിന്റെ നിലവാരം ഉയര്‍ത്തിയതോടെ സ്വാധീനശക്തിയും പതിന്മടങ്ങ് വര്‍ധിച്ചു. ലൈംഗികത്തൊഴിലിനായി കണ്ടെത്തുന്ന യുവതികളില്‍ തനിക്കിഷ്ടപ്പെട്ടവരെ വിവാഹം കഴിച്ച് കൂടെ പാര്‍പ്പിക്കാനും ശങ്കര്‍ മടിച്ചില്ല.

ശങ്കറിന്റെ നിലനില്‍പ്പിന് ഊര്‍ജമേകിയത് പൈശാചിക ശക്തികളെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ക്രോധവും ലൈംഗികതയുമാണ്. ഇവ രണ്ടിന്റെയും സമന്വയത്തില്‍ രൂപപ്പെട്ടത് വിഷം കലർന്ന   മൃതസഞ്ജീവനിയും. അതു സേവിച്ച ശങ്കർ നിത്യനാശത്തിലേക്ക് നയിക്കുന്ന ചതിയും വഞ്ചനയും നിറഞ്ഞ പാതയിലേക്ക് നടന്നുതുടങ്ങി. അയാളുടെ ദുഷിച്ച മനസ്സിന്റെ അധോമണ്ഡലങ്ങളില്‍ പോലും ജഡിലമോഹങ്ങള്‍ അക്രമവാസനയുമായി കെട്ടുപിണഞ്ഞുകിടന്നു. അതിന്റെ ഉണര്‍ച്ചയില്‍ ഇരുളിമ അവശേഷിപ്പിച്ചുകൊണ്ട്...

ഭാര്യമാരോടുള്ള സ്‌നേഹപ്രകടനങ്ങളില്‍ പോലും അതു പ്രകടമായിരുന്നു. ശങ്കറിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു വിജയ. അവന്റെ അന്തഃപുരത്തിലെ മറ്റു സ്ത്രീകളെ കുറിച്ച് പൂര്‍ണമായ അവബോധത്തോടെ മൂന്നാം സ്ഥാനം അലങ്കരിച്ചിരുന്നവള്‍. എന്നാല്‍, ശങ്കറിന് മറ്റൊരു വശം കൂടിയുണ്ടെന്ന് അധികം വൈകാതെ അവള്‍ തിരിച്ചറിഞ്ഞു. ഇരുണ്ട, അക്രമവാസനയുള്ള വശം. ഒരിക്കല്‍ രതിമൂർച്ഛയുടെ മൂര്‍ധന്യത്തില്‍ വിജയയുടെ കഴുത്തില്‍ ശങ്കര്‍ തന്റെ പല്ലുകളാഴ്ത്തി. വേദനകൊണ്ട് പുളഞ്ഞുപോയ വിജയ അലറിക്കരഞ്ഞു. കലിപൂണ്ട ശങ്കര്‍ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ്‌കൊണ്ട് അവളുടെ ശരീരത്തിന് പിറകില്‍ ആഞ്ഞുകുത്തി.. അയാളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി. എരിഞ്ഞ സിഗരറ്റും വിജയയുടെ ശരീരവും അവളുടെ വേദനയും ശങ്കറിലെ ഉന്മാദിയെ അതിന്റെ പാരമ്യത്തിലെത്തിച്ചു. ഇത് ആഴ്ചകളോളം തുടര്‍ന്നു, വേദന നിറഞ്ഞ സ്‌നേഹപ്രകടനങ്ങള്‍ വിജയയ്ക്ക് താങ്ങാനായില്ല. പെട്ടെന്നൊരു ദിവസം അവള്‍ അപ്രത്യക്ഷയായി. പിന്നീട് അവളെക്കുറിച്ച് ആരും കേട്ടില്ല, കണ്ടുമില്ല.

1987, മാര്‍ച്ച് 14

അന്നായിരുന്നു ശങ്കറിന്റെ നാലാം വിവാഹം. മധുവായിരുന്നു നാലാം ഭാര്യ. മധുവിന്‌ ശേഷം ശങ്കറിന്റെ ജീവിതത്തിലേക്കെത്തിയ സ്ത്രീയാണ് ലളിത. ലളിതയും വിജയയെ പോലെ രക്ഷപ്പെടാന്‍ ശ്രമിച്ചു. സുദാലായി എന്നുപേരുള്ള ശങ്കറിന്റെ സഹായികളിൽ ഒരാളെ അവള്‍ വശീകരിച്ചുവെന്നുതന്നെ പറയാം. അവള്‍ രക്ഷപ്പെട്ടതോടെ ശങ്കറിന് ഭ്രാന്തു പിടിച്ചതുപോലെയായി. ഭാര്യ നഷ്ടപ്പെട്ടതായിരുന്നില്ല അയാളെ ചൊടിപ്പിച്ചത്. മറിച്ച്, തന്റെ സഹായികളിലൊരാളെയാണല്ലോ അവള്‍ തനിക്ക് മുകളിലായി തിരഞ്ഞെടുത്തത്. അതയാളുടെ പുരുഷസഹജമായ അഹങ്കാരത്തിന് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഇരുവരെയും കണ്ടെത്താനായി ശങ്കര്‍ വലിയ രീതിയിലുള്ള അന്വേഷണം തന്നെ നടത്തി. അധികം വൈകാതെ ലളിതയെ പിടികൂടി. 

'എന്തിനാണ് ആ വിഡ്ഢിക്കൊപ്പം നീ ഓടിപ്പോയത്?' ശങ്കര്‍ ക്രോധത്തോടെ ലളിതയോട് ചോദിച്ചു. 
'ഞാന്‍ സുദാലായിയെ പ്രണയിക്കുന്നതുകൊണ്ട്..' വിജയയുടെ കുമ്പസാരം. അതുകേട്ടതും വികാരവിക്ഷോഭത്താല്‍ ശങ്കര്‍ വിറച്ചു. 

ശങ്കറിന്റെ വിശ്വസ്തനായ മോഹന്‍ അവളുടെ മുടിയില്‍ കുത്തിപ്പിടിച്ചു. കുതറിക്കൊണ്ടിരുന്ന അവളുടെ കൈകളില്‍ എല്‍ഡിനും പിടിമുറുക്കി. ലളിതയ്ക്ക് നേരെ ശങ്കര്‍ കുതിച്ചു. ജീവന്റെ തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍ അവന്റെ നേർന്ന് ശൂന്യമായ നോട്ടമെറിയുംവരെ അവളെ അയാള്‍ ശ്വാസം മുട്ടിച്ചു. അവന്റെ സിരകളിൽ രക്തമിരമ്പുമ്പോൾ അവളുടെ ശരീരം ജീവനറ്റ് നിലംപതിച്ചു. 

'മൃതദേഹം നമ്മള്‍ എന്തുചെയ്യും?' മദ്യലഹരിയിലായിരുന്ന ശങ്കര്‍ സഹായികളോട് ചോദിച്ചു. മദ്യഷാപ്പിന് അരികിലായി അവളെ മറവു ചെയ്യാമെന്ന നിര്‍ദേശം മോഹന്‍ മുന്നോട്ടുവെച്ചു. ശങ്കര്‍ സമ്മതിച്ചു. മറവു ചെയ്യാനായി കൊണ്ടുപോകുന്നതിന് മുമ്പായി അവളുടെ സ്വര്‍ണാഭരണങ്ങളെല്ലാം അവര്‍ ഊരിയെടുത്തു. മോഹന്റെ ആദ്യ ചാരായ വാറ്റുകേന്ദ്രവും പിന്നീട് മദ്യക്കലവറയുമായി മാറിയ കുട്ടുമാടുവില്‍ ഉടുത്തിരുന്ന അതേ വസ്ത്രങ്ങളോടെ അവര്‍ ലളിതയെ മറവ് ചെയ്തു. 

സംഭവശേഷം ശങ്കര്‍ പഴയതുപോലെ മുന്നോട്ടുപോയെങ്കിലും സുദലായ് പ്രതികാരത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു. സ്വന്തമായി വേശ്യാലയം തുടങ്ങിയ അയാള്‍ ശങ്കറിന്റെ ഉപഭോക്താക്കളെ സമീപിച്ചു. ഇതറിഞ്ഞ ശങ്കര്‍ കോപംകൊണ്ട് ജ്വലിച്ചു. തന്റെ സഹായിയായ ബാബുവിന്റെ സഹായത്തോടെ സുദലായ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി.താജ് ഹോട്ടലിന് പുറത്തുവെച്ച് ബാബു ഒരിക്കല്‍ സുദലായിയെ കണ്ടുമുട്ടി. 'അവനെ എന്റെ വീട്ടിലേക്ക് കൊണ്ടുവരൂ. ഞാന്‍ തീര്‍ത്തോളാം.' വിവരമറിഞ്ഞതും ശങ്കര്‍ ആക്രോശിച്ചു. അവന്റെ കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുമന്നിരുന്നു..ദേഹം മുഴുവന്‍ വിറകൊള്ളുകയായിരുന്നു. 

ബാബുവിനെ കണ്ടതും സുദലായ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ബാബു അവനെ പിടികൂടി കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിച്ചു. മോഹന്റെ മദ്യക്കടയില്‍ പോകാമെന്ന് അയാള്‍ പറഞ്ഞു. ശങ്കറിന്റെ സഹായികളായ എല്‍ഡിനും ശിവജിയുമായി സംസാരിച്ച് ശങ്കറിന് സുദലായിയോട് യാതൊരു ദേഷ്യവുമില്ലെന്ന് അവനെ ബോധ്യപ്പെടുത്തി. പക്ഷേ, ലളിത എവിടെയെന്ന ചോദ്യം സുദലായിയുടെ വായില്‍നിന്ന് തികട്ടി. അവള്‍ ശങ്കറിന്റെ അടുത്തുനിന്ന് ഓടിപ്പോയെന്ന് ബാബു നുണ പറഞ്ഞു. സുദലായ് ബാബു കെട്ടിച്ചമച്ച ആ കഥകളെല്ലാം വിശ്വസിച്ചു, ഇത്രയൊക്കെയായിട്ടും ശങ്കറിന് തന്നോട് ദേഷ്യമില്ലെന്ന് അവരില്‍ നിന്നറിഞ്ഞപ്പോള്‍ സുദലായ്ക്ക് യഥാര്‍ഥത്തില്‍ സന്തോഷമാണ് തോന്നിയത്. അതുകൊണ്ടുതന്നെ മടികൂടാതെ അവര്‍ക്കൊപ്പം സുദലായ് ശങ്കറിന്റെ വീട്ടിലേക്ക് തിരിച്ചു. 

സുദലായ്ക്ക് വന്‍സ്വീകരണമാണ് ശങ്കറിന്റെ വീട്ടില്‍ ലഭിച്ചത്. അയാളെ ആലിംഗനം ചെയ്തുകൊണ്ടാണ് ശങ്കര്‍ സ്വീകരിച്ചതുപോലും. പഴയകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവരെല്ലാം ആ രാത്രി മദ്യരാവാക്കി ആഘോഷിക്കുകയും ചെയ്തു. സുദലായിയുടെ ഭയം തീരെ ഇല്ലാതായി എന്നുതന്നെ പറയാം. പക്ഷേ, കഥ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ഏതാനും പെഗ് മദ്യം അകത്തുചെന്നതോടെ ശങ്കറിന്റെ കോപം കെട്ടഴിഞ്ഞു പുറത്തുചാടി. തന്റെ പെണ്ണിനെ അപഹരിച്ചുവെന്ന ചോദ്യം ആണഹങ്കാരത്തിന്റെ മകുടമേറിയ അവന്റെ വായില്‍നിന്ന് ഉതിര്‍ന്നതുപോലുമില്ല, പകരം 'നീയെന്റെ ബിസിനസ്സ് തകര്‍ക്കാന്‍ ശ്രമിക്കുമല്ലേ?' എന്ന ചോദ്യത്തോടെ ശങ്കര്‍ സുദലായിയോട് എതിരിട്ടു. ചോദ്യത്തിന് പിറകേ അയാള്‍ സുദലായിയെ ആഞ്ഞുതള്ളി. മദ്യലഹരിയില്‍ നിന്ന സുദലായ് ക്ഷണനേരത്തില്‍ നിലംപതിച്ചു. വീണുകിടക്കുന്ന സുദലായിയുടെ നെഞ്ചില്‍ മുട്ട് കയറ്റിവെച്ച് ശങ്കര്‍ ആക്രോശം തുടങ്ങി. കുതറാന്‍ തുടങ്ങിയ സുദലായിയുടെ കാലുകളില്‍ എല്‍ഡിന്‍ പിടിമുറുക്കി. ശിവജി അവന്റെ കൈകളും. ബാബു അവന്റെ കഴുത്തില്‍ ടവല്‍കൊണ്ട് ചുറ്റിവരിഞ്ഞു. 

ശ്വാസത്തിന് വേണ്ടി പിടഞ്ഞ സുദലായി ശങ്കറിന്റെ ദേഹത്ത് ആഞ്ഞുചവിട്ടി. മര്‍മസ്ഥാനങ്ങളില്‍ ചവിട്ടുകൊണ്ടെങ്കിലും ശങ്കര്‍ പുലഭ്യം വിളി അവസാനിപ്പിച്ചില്ല. ലളിതയെ തട്ടിക്കൊണ്ടുപോയി തന്റെ പൗരുഷത്തെ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണിതെന്ന് പറഞ്ഞുകൊണ്ട് അയാള്‍ ആക്രോശം തുടര്‍ന്നു. സുദലായ് പിടഞ്ഞുതീര്‍ന്നു. ചെറുത്തുനില്‍ക്കാനുള്ള അവസാനശ്രമവും നടത്തി നിശ്ചലനായ സുദലായിയുടെ ശരീരം കത്തിച്ചുകളയാനായിരുന്നു ശങ്കറും കൂട്ടാളികളും തീരുമാനിച്ചത്. 

മൃതദേഹം കത്തിക്കുന്നതിനുള്ള പെട്രോള്‍ സംഘടിപ്പിക്കുന്നതിനായി എല്‍ഡിനും മോഹനും മോപ്പഡുമായി ഇറങ്ങി. അതിനിടയില്‍ ശിവാജിയും ബാബുവും ചേര്‍ന്ന് സുദലായിയുടെ മൃതദേഹം താഴത്തെ നിലയില്‍ എത്തിച്ചു. ശങ്കര്‍ സുദലായിയുടെ സ്വര്‍ണമാലയും മോതിരവും ഊരിയെടുത്തു. പെട്രോളുമായി അതിനകം എല്‍ഡിനും മോഹനും മടങ്ങിയെത്തി. ആറു ലിറ്റര്‍ പെട്രോള്‍ അവര്‍ സുദലായിയുടെ ദേഹത്തൊഴിച്ചു. ശങ്കറിന്റെ ചുണ്ടില്‍ അയാളുടെ കോപത്തിന്റെ കനല്‍ കണക്കെ സിഗരറ്റ് എരിഞ്ഞുകൊണ്ടിരുന്നു. ആസ്വദിച്ച് പുക ഉള്ളിലേക്കെടുത്ത് തികഞ്ഞ സംതൃപ്തിയോടെ ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ പുക പുറത്തേക്കൂടി വിട്ടു. സുദലായിയുടെ മുഖത്തേക്ക് ഒന്നുകൂടെ നോക്കി എരിയുന്ന തീപ്പെട്ടിക്കൊള്ളി ആ ദേഹത്തേക്കെറിഞ്ഞു, തന്റെ പഴയകാല ആരാധ്യനായകന്മാരെ അനുകരിച്ചുകൊണ്ട്..സുദലായിയുടെ ശരീരത്തെ തീ വിഴുങ്ങി. മുഴുവന്‍ ജനലുകളും വാതിലുകളും ചേര്‍ത്തടച്ച് അവര്‍ പുറത്തിറങ്ങി കാത്തിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ കത്താതെ അവശേഷിച്ച സുദലായിയുടെ ശരീരം ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് അവര്‍ മുട്ടുകാട് ബോട്ട് ജെട്ടിയിലേക്കെത്തി. മൃതദേഹം കായലിലേക്ക് വലിച്ചെറിഞ്ഞു. 

****

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ശങ്കറിനെ അന്വേഷിച്ച് സുദലായിയുടെ സുഹൃത്തെത്തി, രവി. ശങ്കറിനോടുള്ള പ്രതികാരമെന്നോണം പുതിയ ബിസിനസ്സിന് സുദലായ് തുടക്കംകുറിച്ചപ്പോള്‍ ശങ്കര്‍ പക്ഷത്തുനിന്ന് സുദലായ് പക്ഷത്തേക്ക് ചേക്കേറിയ വ്യക്തിയായിരുന്നു രവി. കൈയില്‍ കിട്ടിയ അവസരം മുതലെടുത്ത് രവിയെ ശങ്കര്‍ മദ്യപിക്കാന്‍ ക്ഷണിച്ചു. പെണ്ണും പണവും മദ്യവും മാത്രം മതി രവിയെപ്പോലൊരാളെ പ്രലോഭിക്കാന്‍ എന്ന് വ്യക്തിമായി അറിയുന്ന ശങ്കറിന് അതുകൊണ്ടുതന്നെ അയാള്‍ തന്റെ ക്ഷണം നിരസിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ആ ചൂണ്ടയില്‍ രവി കൊത്തുകയും ചെയ്തു. 'ചെല്ല്, പോയ് അകത്തുനിന്ന് വിസ്‌കി എടുത്തുവാ.' നൂറിന്റെ നോട്ടെടുത്ത് നീട്ടി രവിയോട് ശങ്കര്‍ പറഞ്ഞു. അവന്‍ അകത്തുപോയ സമയം കൊണ്ട് ശങ്കറും കൂട്ടാളികളും തങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്തു. വിസ്‌കിയുമായി രവി എത്തിയതോടെ ശങ്കറും എല്‍ഡിനും മോഹനും രവിയുമടങ്ങുന്ന ആ സംഘം മദ്യപാനം ആരംഭിച്ചു. 

മദ്യം അകത്തുചെന്നതും രവിയുടെ ഭാഷ മാറി. ലളിതയെയും സുദലായിയെയും ശങ്കര്‍ കൊലപ്പെടുത്തിയെന്നായി രവിയുടെ ആരോപണം. ഒരു ഘട്ടത്തില്‍ ശങ്കറിനെ ഭീഷണിപ്പെടുത്താന്‍ പോലും അയാള്‍ മുതിര്‍ന്നു. 'തിരുവാണ്‍മിയൂറിലെ ഇന്‍സ്‌പെക്ടറോട് ഞാനിക്കാര്യം പറഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് തനിക്ക് നിനക്ക് വല്ല ധാരണയുമുണ്ടോ?' അവന്‍ ചോദിച്ചു. ശങ്കറും സുഹൃത്തുക്കളും രവിയെ നിശബ്ദമായി അവനെ നോക്കി. ഉചിതമായ ഒരു സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്ന ചെന്നായ്ക്കളാണ് അവരെന്ന് തിരിച്ചറിയാനുള്ള ബോധം രവിക്കുണ്ടായിരുന്നില്ല. ലഹരിയും പണത്തോടുള്ള ആര്‍ത്തിയും മൂത്തതോടെ രവി അപകടകരമായ അടുത്ത പടിയിലേക്ക് മുന്നാലോചനയില്ലാതെ കാല്‍വെച്ചു. 'എനിക്ക് ഒരു ഓട്ടോ വാങ്ങിത്തരികയാണെങ്കില്‍ പോലീസിനു മുന്നില്‍ ഞാന്‍ വാ തുറക്കില്ലെന്ന് ഉറപ്പുനല്‍കാം.' തെറ്റായ ഒരാളുടെ അടുക്കലാണ് താന്‍ ഭീഷണിയുയര്‍ത്തി കാര്യം നടത്താന്‍ ശ്രമിക്കുന്നതെന്ന് അറിയാതെയായിരുന്നു രവിയുടെ ആ നീക്കം. 

വൈകിയില്ല, എല്‍ഡിനും മോഹനും ആ നിമിഷം മതിയായിരുന്നു. സുദലായിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോര്‍ത്ത് രവിയുടെ കഴുത്തിലും അമര്‍ന്നു. മോഹന്റെ മദ്യക്കടയുടെ അടുത്തുള്ള ഒരു പ്രദേശത്ത് അവര്‍ അവന്റെ മൃതദേഹം അടക്കി. 'ആരെങ്കിലും രവിയെ അന്വേഷിച്ചുവരികയാണെങ്കില്‍ എന്തുചെയ്യും? എപ്പോഴും കൊലപാതകത്തെ തന്നെ ആശ്രയിക്കാന്‍ നമുക്കാവില്ലല്ലോ?' ശങ്കറിന്റെ പ്രതികരണത്തിലെ അനിശ്ചിതത്വം എല്‍ഡിന്റെ ശബ്ദത്തെ ദുര്‍ബലപ്പെടുത്തി..എന്നാല്‍ ചിരിച്ചുകൊണ്ടായിരുന്നു മോഹന്റെ മറുപടി. 'ഒരു വഴിയുണ്ട്.'

താമസിയാതെ രവിയെ അന്വേഷിച്ച് അവന്റെ അമ്മ ശങ്കറിനെ സമീപിച്ചു. രവി ബോംബെയിലേക്ക് പോയെന്നാണ് അയാള്‍ അമ്മയെ അറിയിച്ചത്. അത്ഭുതകരമെന്ന് പറയട്ടേ രണ്ടു ദിവസത്തിനുള്ളില്‍ രവി ബോംബെയില്‍ നിന്നയച്ച കത്ത് അമ്മയെ തേടിയെത്തുകയും ചെയ്തു. തന്നെക്കുറിച്ച് ആലോചിച്ച് പേടിക്കണ്ട, ബോംബെയില്‍ ഒരു ജോലി തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. മോഹന്റെ വിദഗ്ദ്ധമായ നീക്കമായിരുന്നു ആ കത്ത്. 

മറ്റു പരമ്പര കൊലയാളികളില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന കൊലപാതക പരമ്പരയ്ക്കാണ് ശങ്കര്‍ തുടക്കമിട്ടത്. ശങ്കറിന്റെ ഉദ്ദേശ്യങ്ങള്‍ അവരില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അതുതന്നെയായിരുന്നു അയാളെ മറ്റുള്ളവരില്‍നിന്ന് മാറ്റിനിര്‍ത്തിയതും. ആ കൊലപാതകങ്ങള്‍ ധനം മോഹിച്ചോ ആനന്ദത്തിന് വേണ്ടിയോ മാനസികാസ്വാസ്ഥ്യം മൂലമോ ആയിരുന്നില്ല. കൃത്യമായ ലക്ഷ്യബോധത്തോടെ തന്റെ ഓരോ കുറ്റകൃത്യവും മറച്ചുവെക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ കൊലപാതകങ്ങളായിരുന്നു. ഇരകളെ കുറിച്ചുള്ള പൂര്‍ണ ബോധ്യം അവനുണ്ടായിരുന്നു. അവന്റെ ചിന്തകളില്‍ ആ കൊലപാതകങ്ങളെല്ലാം ന്യായീകരിക്കപ്പെട്ടിരുന്നു.

*****

1988 മെയ് 29

ശങ്കറിന്റെ വേശ്യാലയത്തിലെ അന്തേവാസിയായ അനിത എന്ന യുവതി ആക്രമിക്കപ്പെടുന്നത് അന്നാണ്. സമ്പത്ത്, മോഹന്‍, ഗോവിന്ദ് രാജ് എന്നിവര്‍ ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമിക്കുകയും ചേര്‍ന്നു. തക്കസമയത്തെത്തിയ എല്‍ഡിന്‍ അവളെ രക്ഷിച്ചു. പക്ഷേ, എല്‍ഡിന് ആ മൂന്നു പേരില്‍നിന്ന് ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. അവര്‍ മൂന്നു പേരും ചേര്‍ന്ന് എല്‍ഡിനെ യാതൊരു മയവുമില്ലാതെ മര്‍ദിച്ചു. സംഭവമറിഞ്ഞ ശങ്കര്‍ വെറുതെയിരുന്നില്ല. അവരെ മൂന്നു പേരെയും പിടികൂടി കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നു. വരുന്ന വഴിയില്‍ വെച്ചുതന്നെ മര്‍ദനം ആരംഭിച്ചിരുന്നു. 

'കണ്ടല്ലോ, ആരെങ്കിലും എന്നെ പോലീസിനെ കൊണ്ടു പിടിപ്പിക്കാനാണ് ശ്രമമെങ്കില്‍, നിങ്ങളെ സൃഷ്ടിച്ചവന്റെ അടുത്ത് തിരിച്ചെത്തിക്കാന്‍ ഞാന്‍ മടിക്കില്ല.' മൂവരുടെയും രക്തം വീണ് ചുവന്ന ഷര്‍ട്ട് വലിച്ചിട്ടുകൊണ്ട് വീടിന് മുന്നില്‍ തടിച്ചുകൂടിയവരോട് ശങ്കര്‍ പ്രസ്താവിച്ചു. ശങ്കറിന്റെ കോപം അറിയാവുന്ന അവര്‍ സമാധാനപരമായി പിരിഞ്ഞുപോയി. 

അവിടം കൊണ്ടുതീര്‍ന്നില്ല.. അവരെ മൂന്നു പേരേയും വീട്ടുതടങ്കലിലിട്ട് മര്‍ദനം തുടര്‍ന്നു. രണ്ടു പേര്‍ അടി കൊണ്ടു മരിച്ചു. മൂന്നാമത്തെയാളായ ഗോവിന്ദരാജിനെ അവര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പണി തീരാത്ത ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ അവരുടെ മൃതദേഹങ്ങള്‍ ശങ്കറും കൂട്ടാളികളും അടക്കം ചെയ്തു. അതോടെ ശങ്കറിന്റെ ക്രോധത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു. 

ഇതെല്ലാം നടക്കുന്നതിനിടയിലാണ് ഒമ്പതു പെണ്‍കുട്ടികളെ കാണാതാവുന്നത്. തൊട്ടുപിറകേ അതിന് പിന്നില്‍ ശങ്കറും കൂട്ടാളുകളുമാണെന്ന വാര്‍ത്തയും പരന്നു. കാണാതായ പെണ്‍കുട്ടികളെ കുറിച്ച് ഒരു തുമ്പുപോലും അവശേഷിച്ചിരുന്നില്ല. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ചേര്‍ന്ന് അന്നത്തെ ഗവര്‍ണര്‍  പി.സി. അലക്‌സാണ്ടർക്ക് പരാതി സമര്‍പ്പിച്ചു. ശങ്കറാകട്ടെ തനിക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ചൊന്നും അറിവില്ലാതെ ആഡംബര ജീവിതത്തിന്റെ സുഖശീതളിമയില്‍ ശയിക്കുകയായിരുന്നു. 

ഒരു ദിവസം പെരിയാര്‍ നഗറിലെ വസതിയില്‍ വിശ്രമിക്കുന്നതിനിടെ കോളിങ് ബെല്‍ കേട്ടാണ് ശങ്കര്‍ വാതില്‍ തുറക്കുന്നത്. ശങ്കറിനെ അറസ്റ്റുചെയ്ത് കൊണ്ടുപോകാന്‍ വന്ന ഒരു സംഘം പോലീസുകാരായിരുന്നു മറുവശത്ത്. ശങ്കറിനെ അറസ്റ്റു ചെയ്ത പോലീസ് അവന്റെ വീടും അരിച്ചുപെറുക്കി. പരിശോധനയില്‍ അവര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അതില്‍ നിര്‍ണായകമായിരുന്നു ശങ്കറിന്റെ ഡയറി. വിവാഹ വിശേഷങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്ന ഡയറിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ശങ്കര്‍ നില്‍ക്കുന്ന നിരവധി ചിത്രങ്ങളും പോലീസ് പിടിച്ചെടുത്തു. പോലീസുമായി ശങ്കറിനുണ്ടായിരുന്ന അടുപ്പം വ്യക്തമാക്കപ്പെട്ടു. വലിയ കോളിളക്കമാണ് ഇത് സൃഷ്ടിച്ചത്. രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനോട് ആദ്യം അവധിയില്‍ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ പിന്നീട് ഡിസ്മിസ് ചെയ്തു. ശങ്കറിന്റെ അറസ്റ്റു സംബന്ധിച്ച വാര്‍ത്ത പരന്നതോടെ സംഘാംഗങ്ങള്‍ ഉടന്‍ ഒളിവില്‍ പോയി. 

കോടതിയിലെത്തിച്ച ശങ്കര്‍ ഏതൊരു കുറ്റവാളിയെയും പോലെ തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സിനിമകളാണ് തന്നെ വഴി തെറ്റിച്ചതെന്നായിരുന്നു അതിലെ ഒരു പ്രധാന ന്യായം. കേസില്‍നിന്ന് ഊരിപ്പോരുന്നത് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പത്രസമ്മേളനം നടത്തി, മാധ്യമങ്ങളില്‍ ശങ്കറിന്റെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് രാഷ്ട്രീയക്കാര്‍ക്കുവേണ്ടിയാണെന്നും അയാള്‍ അവകാശപ്പെട്ടു. പെണ്‍കുട്ടികളെ ഉപയോഗിച്ച ശേഷം കൊന്നുകളയാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നും അയാള്‍ ആരോപിച്ചു. പക്ഷേ, ആ വാക്കുകള്‍ക്ക് ആരും വില കൊടുത്തില്ല. 

ശങ്കറും കൂട്ടാളികളും ചേര്‍ന്ന് അതിനു മുമ്പ് നടത്തിയ ആറു കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞതോടെയാണ് എല്ലാവരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചത്. ഒരു സംശയം പോലും അവശേഷിപ്പിക്കാതെ ആറു പേരെ ശങ്കര്‍ കാലാപുരിക്കയച്ചെന്ന വാര്‍ത്ത അധികൃതരെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. യഥാര്‍ഥത്തില്‍ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശങ്കറും സംഘവും അന്വേഷണ സംഘത്തിന് മുന്നില്‍ വീണുകിട്ടിയ ലോട്ടറിയായിരുന്നു. മാധ്യമങ്ങള്‍ ശങ്കറിന് ഒരു ഇരട്ടപ്പേരും നല്‍കി ഓട്ടോ ശങ്കര്‍. ഓട്ടോയിലായിരുന്നല്ലോ ശങ്കറിന്റെ ഇടപാടുകളെല്ലാം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതും മൃതദേഹങ്ങള്‍ കടത്തിയതുമെല്ലാം ഓട്ടോയിലായിരുന്നു. വഴിവിട്ട അവന്റെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും ആ ഓട്ടോയില്‍ തന്നെ. 

സുഖലോലുപത ജീവിതത്തില്‍ നിന്നകലുകയാണെന്ന് വിശ്വസിക്കാന്‍ ശങ്കറിന് സാധിച്ചിരുന്നില്ല. ജയിലിലും തങ്ങളാഗ്രഹിച്ച പോലെ ജീവിക്കാനുള്ള വഴികള്‍ ശങ്കര്‍ കണ്ടെത്തിയിരുന്നു. അവനാഗ്രഹിച്ചതെല്ലാം ഒരിക്കല്‍ അവനില്‍നിന്ന് നേട്ടം കൊയ്തവര്‍ ജയിലില്‍ ലഭ്യമാക്കി. വിസ്‌കി, ചിക്കന്‍, സിഗരറ്റ്... നിശാ പാര്‍ട്ടിക്ക് സമാനമായ അന്തരീക്ഷമായിരുന്നു ശങ്കറിന്റെ സെല്ലിനുള്ളിലെപ്പോഴും. 

1990 ഓഗസ്റ്റ് ഒന്നിന് ശങ്കറും രണ്ടു കൂട്ടാളികളും ജയില്‍ ചാടി. ആ ജയിലില്‍നിന്ന് രക്ഷപ്പെടുന്ന ആദ്യ കുറ്റവാളികളായിരുന്നു അവര്‍ മൂവരും. നിയമത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഓട്ടോ ശങ്കറിന്റെ അവസാനത്തെ ശ്രമം. പക്ഷേ, ഒറീസയില്‍ ഒളിച്ചുതാമസിക്കാന്‍ തുടങ്ങിയ അവരെ പോലീസ് വൈകാതെ കണ്ടെത്തുക തന്നെ ചെയ്തു. അവരെ തിരികെ മദ്രാസില്‍ എത്തിച്ചു. 

1995 ഏപ്രില്‍ 27

ഗൗരി 'ഓട്ടോ' ശങ്കറിന്റെ വീരേതിഹാസങ്ങള്‍ക്ക് യവനിക വീഴുന്നത് അന്നാണ്. ശങ്കറിനെയും എല്‍ഡിനെയും ശിവാജിയെയും തൂക്കിക്കൊന്നു. ഇന്ത്യന്‍ ക്രിമിനലുകളുടെ പട്ടികയില്‍ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളിയെന്ന വിശേഷണത്തോടെ ശങ്കറിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. തമിഴ് സിനിമകളിലെ നായകനാകാന്‍ കൊതിച്ച, ധനാഢ്യനും പ്രശസ്തനുമാകാന്‍ കൊതിച്ച ഒരാള്‍ക്ക് ചേരുന്ന മരണമായിരുന്നില്ല ഒരിക്കലുമത്..

(യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഡെഡ്‌ലി ഡസന്‍: ഇന്ത്യാസ് മോസ്റ്റ് നൊട്ടോറിയസ് സീരിയല്‍ കില്ലേഴ്‌സ്, ഇന്ത്യാസ് മണി ഹെയ്‌സ്റ്റ് തുടങ്ങിയ ബെസ്റ്റ്‌സെല്ലര്‍ ക്രൈം ത്രില്ലറുകളുടെ രചയിതാവാണ് അനിര്‍ബന്‍ ഭട്ടാചാര്യ. സാവ്ധാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ തുടങ്ങിയ ടിവി ഷോകളുടെ നിര്‍മാതാവുമാണ് അദ്ദേഹം.)

പുനരാഖ്യാനം: രമ്യ ഹരികുമാര്‍