2011, ഒക്ടോബര്‍
രാജ്‌കോട്ട്, ഗുജറാത്ത് 

To advertise here,

കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ ഹരേഷ് സരിയ കിടപ്പുമുറിയിലേക്ക് പ്രവേശിച്ചു. 

'നിനക്കുറപ്പാണോ സര്‍പ്രൈസ് അത്രയും അടിപൊളിയാണെന്ന്?' കൈകള്‍ മെല്ലെ നീട്ടി ഹരേഷ് ചോദിച്ചു. 
'പിന്നല്ലാതെ' ഹരേഷ് അറിയാതെ അയാളുടെ കഴുത്തിലേക്ക് മെല്ലെ കുരുക്കിറക്കിക്കൊണ്ട് റിത മറുപടി നല്‍കി.

അവളെ കണ്ണടച്ചുവിശ്വസിച്ച ഹരേഷ് പതിയെ മരണത്തിലേക്ക് നടന്നുകയറി

'നിനക്ക് ഈ സര്‍പ്രൈസ് തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.' പറഞ്ഞുതീര്‍ന്നതും റിത കുരുക്കിട്ട കയര്‍ മുകളിലേക്ക് വലിച്ചു. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്...

'നിന്നെ ഞാനെന്നും സന്തോഷവതിയായി കാത്തുകൊള്ളാം.' തല കുനിച്ചിരിക്കുന്ന ഭാര്യയുടെ മുഖപടം മെല്ലെയുയര്‍ത്തി വിജയ് പറഞ്ഞു. അവള്‍ നാണത്തോടെ തന്റെ ഭര്‍ത്താവിനെ നോക്കി. പ്രണയസല്ലാപങ്ങള്‍ക്കൊടുവില്‍ ആ നവദമ്പതികള്‍ ആലിംഗനബദ്ധരായി..മെത്തയില്‍ വിതറിയ റോസാദളങ്ങള്‍ അവര്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു. റിതയും വിജയും ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു.. 

വിജയ് അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയായിരുന്നു വിജയ്ക്ക്. കാര്യപ്രാപ്തനായിരുന്നു വിജയ്. അദ്ദേഹത്തിന്റെ ബിസിനസ് നാള്‍ക്കുനാള്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരുന്നു. മരുമകന്റെ വളര്‍ച്ചയില്‍ സന്തുഷ്ടരായിരുന്ന റിതയുടെ മാതാപിതാക്കള്‍ക്ക് മകള്‍ സുരക്ഷിതമായിരിക്കുമെന്നും മികച്ചൊരു ജീവിതം അവള്‍ക്കുണ്ടാകുമെന്നും ഉറപ്പായിരുന്നു. 

പുരുഷകേന്ദ്രീകൃത കുടുംബത്തില്‍ ഭര്‍ത്താവിന്റെ നിഴല്‍ പറ്റി അദ്ദേഹത്തിന്റെ ആജ്ഞകള്‍ അനുസരിച്ച് ജീവിക്കുന്ന ഭാര്യാസങ്ക്‌ലപത്തിന്റെ മകുടോദാഹരണമായിരുന്നു റിത. ആദ്യ രണ്ടു വര്‍ഷം റിതയുടെയും വിജയുടെയും വിവാഹജീവിതം അതിമനോഹരമായി കടന്നുപോയി. അത്താഴം കഴിക്കുന്നതിനായി പുറത്തുപോകുന്ന രാത്രികള്‍, സിനിമകള്‍, ദാമ്പത്യം, ഭാര്യക്കായി വീട്ടിലേക്ക് സമ്മാനങ്ങളുമായെത്തുന്ന ഭര്‍ത്താവ്, സന്തോഷത്തിന്റെ നാളുകള്‍.. പതിയെ അവര്‍ ഒരുമിച്ചു ചെലഴിക്കുന്ന സന്തോഷനിമിഷങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ആഴ്ചയില്‍ ഒരിക്കല്‍, വഴിപാടുപോലെയായി അവക്കിടയിലെ ശാരീരികബന്ധം പോലും. ആ വര്‍ഷം അവസാനം റിത ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. രാപകലില്ലാതെ കുഞ്ഞിന്റെ പരിപാലനത്തില്‍ റിത മുഴുകി. എല്ലാം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ശയിക്കാനെത്തുമ്പോഴേക്കും അവള്‍ പരിക്ഷീണയായി കഴിഞ്ഞിരിക്കും. ഇതോടെ ദമ്പതികള്‍ക്കിടയിലുള്ള രതിജീവിതം എന്നന്നേക്കുമായി ഇല്ലാതായി.

വിജയ് ആകട്ടെ കൂടുതല്‍ സമയവും ബിസിനസ്സിനായി ചെലവഴിക്കാന്‍ ആരംഭിച്ചു. കടയില്‍ ചെലവഴിക്കുന്ന സമയം വര്‍ധിച്ചു. രാത്രി ഏറെ വൈകിയാണ് അയാള്‍ വീട്ടിലെത്തിയിരുന്നത്. പരിക്ഷീണനായി എത്തുന്നതിനാല്‍ അത്താഴം കഴിയുന്നതും വിജയ് ഉറക്കത്തിലേക്ക് വഴുതിവീഴും. 

'നിങ്ങള്‍ക്ക് വേറെ ഏതെങ്കിലും പ്രണയബന്ധമുണ്ടോ?' സഹികെട്ട് ഒടുവില്‍ റിത വിജയോട് ചോദിച്ചു. 'ഇങ്ങനെയൊക്കെ നിനക്ക് എന്നോട് എങ്ങനെ ചോദിക്കാന്‍ തോന്നുന്നു?, ഞാന്‍ ജോലിയുമായി തിരക്കിലാണ്.' റിതയുടെ ചോദ്യത്തെ പാടെ പുച്ഛിച്ചുകൊണ്ട് വിജയ് പറഞ്ഞു. 

വിജയെ കുറിച്ചോര്‍ത്ത് റിത ആധിപൂണ്ടു. എന്നാല്‍, എപ്പോഴൊക്കെ അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, ഒന്നിച്ചു കിടക്കാനായി വിളിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അയാള്‍ അവളുടെ ആവശ്യത്തെ നിരാകരിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് റിതയ്ക്ക് മനസ്സിലാകുന്നുണ്ടായില്ല. 

'നമ്മുടെ കുഞ്ഞിനെയും കുടുംബത്തെയും ഞാന്‍ നന്നായി നോക്കുന്നില്ലേ? ഞാന്‍ ആകെ ചോദിക്കുന്നത് താങ്കളുടെ ഭാര്യയെന്ന നിലയില്‍ അല്പം പരിഗണനയും സ്‌നേഹവുമാണ്. പക്ഷേ, നിങ്ങളെന്നെ തിരിഞ്ഞുനോക്കുന്നത് പോലുമില്ല. എല്ലായ്‌പ്പോഴും അവഗണിക്കുന്നു, ജോലി, ജോലി എന്ന ചിന്ത മാത്രമേയുള്ളൂ..എന്നെകുറിച്ച് നിങ്ങളെന്താണ് ചിന്തിക്കാത്തത്, ഞാനെന്താണ് ചെയ്യേണ്ടത്, നിങ്ങളെന്നെ സ്‌നേഹിക്കുന്നില്ലേ?' പക്ഷേ റിതയുടെ ആവലാതികളെ  നാടകീയമായിക്കണ്ട് തള്ളിക്കളയുകയാണ് വിജയ് ചെയ്തത്, പ്രതികരിക്കാന്‍പോലും അയാള്‍ മിനക്കെട്ടില്ല. 

പതിയെ റിത വിഷാദത്തിലാഴ്ന്നു. കാലം കടന്നുപോകവേ റിതയുടെ ഉള്ളിലെ സ്ത്രീ പുരുഷസ്പര്‍ശമേല്‍ക്കാനായി കൊതിച്ചുതുടങ്ങി. അവള്‍ക്ക് താന്‍ അവഗണിക്കപ്പെട്ടതായി തോന്നിത്തുടങ്ങിയതോടെ അപകര്‍ഷതയുമേറി. ആത്മവിശ്വാസം നഷ്ടപ്പെട്ട്,  ഏതെങ്കിലും പുരുഷന് തന്നെ ഇനി ഇഷ്ടപ്പെടുമോ എന്ന ചിന്തിക്കാന്‍ പോലും തുടങ്ങി. പക്ഷേ, ജൈവികമായ ആവശ്യങ്ങള്‍ക്കുവേണ്ടി അവളുടെ മനസ്സും ശരീരവും ഒരുപോലെ കൊതിച്ചു. 

ഒരിക്കല്‍ ചന്തയില്‍നിന്ന് സാധനങ്ങളും വാങ്ങി മടങ്ങുന്നതിനിടയിലാണ് ബൈക്കില്‍ വരുന്ന സുമുഖനായ യുവാവിനെ റിത ശ്രദ്ധിക്കുന്നത്. അയാള്‍ ധരിച്ചിരുന്ന ഷര്‍ട്ട് ദേഹത്തില്‍ ഇറുകിപ്പിടിച്ചിരുന്നു. വലിഞ്ഞു മുറുകിയ കരുത്താര്‍ന്ന ദേഹമായിരിക്കും അയാളുടേതെന്ന് അവളൂഹിച്ചു. പ്രസവശേഷം അവളും ഉടലഴക് വീണ്ടെടുത്തിരുന്നു. അയാളുടെ പേര് ദിനേഷ് എന്നായിരുന്നു. സുന്ദരിയായ 'ഭാഭി' ശ്രദ്ധയില്‍ പെട്ടതും അയാള്‍ ബൈക്കിന്റെ വേഗത കുറച്ചു. ഹെല്‍മെറ്റിന്റെ വൈസര്‍ മെല്ലെയുയര്‍ത്തി. സുന്ദരനായ ആ യുവാവിന്റെ മുഖം കണ്ടതും റിതയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചു. അവരുടെ കണ്ണുകള്‍ പരസ്പരം കൊരുത്തു. ആദ്യനോട്ടത്തില്‍ തന്നെ പ്രണയബദ്ധരാകുന്ന കമിതാക്കളെ സിനിമകളില്‍ കണ്ടിട്ടില്ലേ... അത്തരമൊരു സീന്‍ അതേപടി ആ വഴിവക്കില്‍ പുനരവതരിക്കപ്പെടുകയായിരുന്നു. 

സ്ത്രീകള്‍ ഒരിക്കലും സംഭാഷണത്തിന് തുടക്കം കുറിക്കില്ലെന്ന് വ്യക്തമായി അറിയാവുന്ന ആളായിരുന്നു ദിനേഷ്. അതുകൊണ്ടുതന്നെ ദിനേഷ് മുന്നിട്ടിറങ്ങി, സ്വയം പരിചയപ്പെടുത്തി. 

'നമസ്‌തേ, എന്റെ പേര് ദിനേഷ്. നിങ്ങളെ വളരെ പരിചയം തോന്നുന്നു. എനിക്ക് വളരെയടുത്ത് അറിയാവുന്ന ഒരാളെപ്പോലെ.'  ഒരു സ്ത്രീയുടെ മനസ്സിലിടം നേടുന്നതിന് എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് കൃത്യമായി അറിയുന്ന ആളായിരുന്നു ദിനേഷ്. പൂവാലത്തരങ്ങള്‍ മനസ്സിലാകാത്ത പാവം നിഷ്‌കളങ്കയൊന്നുമായിരുന്നില്ല റിത. ദിനേഷ് തന്നില്‍ ആകൃഷ്ടനായതായി അവള്‍ക്ക് മനസ്സിലായി. 

'ചിലപ്പോള്‍ നിനക്ക് എന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടായേക്കും. എന്തുകൊണ്ട് നിനക്ക് വീട്ടിലേക്ക് വന്നുകൂടാ?' ഇതുപറഞ്ഞുകൊണ്ട് റിത ദിനേഷിന് തന്റെ മേല്‍വിലാസം നല്‍കി മെല്ലെ നടന്നകന്നു. പരിഹാസരൂപേണയാണ് പറഞ്ഞതെങ്കിലും ആ ചെറുപ്പക്കാരന്‍ തന്റെ വീട്ടിലേക്ക് വന്നെങ്കിലെന്ന് ഹൃദയംകൊണ്ട് അവള്‍ ആഗ്രഹിച്ചിരുന്നു. 

വീട്ടിരിക്കുന്ന അവള്‍ അക്ഷമയോടെ അയാളെ കാത്തിരുന്നു. ചുമരിലെ ക്ലോക്കിലേക്ക് അവള്‍ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. തന്റെ കൈത്തണ്ടയില്‍ അവള്‍ വീണ്ടും വീണ്ടും സുഗന്ധദ്രവ്യങ്ങള്‍ പുരട്ടിക്കൊണ്ടിരുന്നു. അവളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ കോളിങ് ബെല്‍ ശബ്ദിച്ചു. ശരീരം അയാള്‍ക്കുവേണ്ടി ദാഹിക്കുകയാണെങ്കിലും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നെന്ന് ദിനേഷിന് മനസ്സിലാകരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനാല്‍ തന്നെ അല്പനേരം കഴിഞ്ഞാണ് അവള്‍ വാതില്‍ തുറന്നത്. അവള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ദിനേഷിന് പിറകിലായി പിന്നീട് ആ വാതില്‍ അടഞ്ഞതും ദിനേഷ് അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു. ലോകം തങ്ങള്‍ക്കിടയില്‍ നിന്ന് അലിഞ്ഞില്ലാതാകുന്നതായി ഇരുവര്‍ക്കും തോന്നി. തന്നേക്കാള്‍ മുതിര്‍ന്ന ഒരു സ്ത്രീയെ കീഴടക്കുന്ന പുരുഷന്റെ അഹന്തയെ സംതൃപ്തിപ്പെടുത്തുന്ന അനുഭവമായിരുന്നു ദിനേഷിനെ സംബന്ധിച്ചിടത്തോളം റിതയുമായുള്ള കൂടിക്കാഴ്ച. അവള്‍ക്കാകട്ടെ, അവളേറെ ആഗ്രഹിച്ച ഒരു പുരുഷസ്പര്‍ശവും. അവര്‍ പരസ്പരം അറിഞ്ഞ നിമിഷങ്ങള്‍. അതിനിടയില്‍ കിടക്കയില്‍ വിശ്രമിക്കുന്ന ദിനേഷിന് നോക്കി റിത ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. 

'ഞാന്‍ വിവാഹിതയായ ഒരു സ്ത്രീയാണ്. എനിക്ക് ഒരാണ്‍കുഞ്ഞുണ്ട്. വൈകാരിക നാടകങ്ങളിലോ അടുപ്പത്തിനോ എനിക്ക് താല്പര്യമില്ല. നാം തമ്മിലുള്ളത് യാതൊരു കെട്ടുപാടുകളുമില്ലാത്ത വെറും ശാരീരികബന്ധം മാത്രമാണ്.' ദിനേഷിന് അതില്‍ കൂടുതലൊന്നും ആവശ്യവുമുണ്ടായിരുന്നില്ല. യാതൊരു ഉത്തരവാദിത്വങ്ങളുമില്ലാത്ത എല്ലാ ആവശ്യങ്ങളും നിറവേറുന്ന ഒരു പ്രേമബന്ധം! 

വിജയും റിതയും താമസിച്ചിരുന്ന ശാന്തമായ ആ നഗരപ്രാന്തത്തില്‍ ഒരു രഹസ്യകഥ ചുരുളഴിയുകയായിരുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിറഞ്ഞ ആ വീട് ഒരു പ്രണയനാടകത്തിന്റെ പശ്ചാത്തലമായി മാറി, അടക്കിപ്പിടിച്ച കുശുകുശുക്കലുകളില്‍ അത് ആടിയുലഞ്ഞു. റിതയും ദിനേഷും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. ആ ബന്ധം വളരെ പ്രകടമായ മാറ്റങ്ങളാണ് റിതയിലുണ്ടാക്കിയത്. കുഞ്ഞിന്റെയും ഭര്‍ത്താവിന്റെയും ആവശ്യങ്ങള്‍ക്കായി മാത്രം പകുത്തുവെക്കപ്പെട്ട അവളുടെ ജീവിതത്തില്‍ അവര്‍ക്കുള്ള സമയം കുറഞ്ഞുതുടങ്ങി. വിരോധാഭാസമെന്നുപറയട്ടേ, പഴയതിനേക്കാള്‍ സന്തുഷ്ടയായിരുന്നു അവള്‍. അവളുടേത് മാത്രമായ ആ ലോകത്തില്‍ അവള്‍ സ്വയം നഷ്ടപ്പെട്ടു.

തുടക്കത്തില്‍ വല്ലപ്പോഴും മാത്രമായിരുന്നു ദിനേഷിന്റെ സന്ദര്‍ശനം. പതിയെ അതിന്റെ ആക്കം കൂടി, ദിനേഷ് പതിവായി റിതയുടെ വീട്ടെലെത്താന്‍ തുടങ്ങി. മുന്‍കരുതലുകളെല്ലാം പണ്ടേ കാറ്റില്‍ പറത്തിയ റിത തന്റെ പ്രവൃത്തികളുടെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാന്‍ പോലും മറന്നിരുന്നു. സദാ ജാഗരൂകരായിരിക്കുന്ന, അവിഹിതത്തിന്റെ നേരിയ ലാഞ്ചനകല്‍ പോലും കൈയോടെ പിടികൂടുന്ന അയല്‍ക്കാര്‍ക്ക് ദിനേഷിന്റെ പോക്കുവരവുകള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല. 

ഒരു ദിവസം ജോലിക്ക് പോകുന്നതിനായി എന്നത്തേയും പോലെ തയ്യാറെടുത്ത് വീടിന് പുറത്തിറങ്ങിയതായിരുന്നു വിജയ്. അപ്പോഴാണ് അത്യന്തം ആകാംക്ഷ നിറഞ്ഞ ഒരു അന്വേഷണവുമായി ഒരു അയല്‍ക്കാരന്‍ വിജയെ സമീപിക്കുന്നത്. സമാധാനപരമായ അവരുടെ ജീവിതത്തെ തകര്‍ക്കാന്‍ കെല്‍പുള്ളതായിരുന്നു അയാളുടെ ചോദ്യം. 'വിജയുടെ സഹോദരനോ മറ്റേതെങ്കിലും പുരുഷ ബന്ധുവോ നഗരത്തില്‍ താമസിക്കുന്നുണ്ടോ?' ഗോസിപ്പുകളില്‍ നിന്നുടലെടുത്ത അത്യധികമായ ആകാംക്ഷ സഹിക്കാന്‍ വയ്യാതെ അയല്‍ക്കാരന്‍ ചോദിച്ചു. 

തികച്ചും അപ്രതീക്ഷിതമായ ചോദ്യം കേട്ട് വിജയ് അന്ധാളിച്ചുനിന്നു. വിജയുടെ ആശങ്ക മനസ്സിലാക്കിയ അയല്‍ക്കാരന്‍ വിജയുടെ വീട്ടിനകത്ത് നടക്കുന്ന രഹസ്യബന്ധത്തെ കുറിച്ചുള്ള കഥകളുടെ കെട്ടഴിച്ചു. വെളിപാടുകളുടെ കനത്ത ഭാരവുമേറിയാണ് അയാളില്‍നിന്ന് വാക്കുകള്‍ പുറത്തുവന്നത്. സത്യം തുറന്നുകാണിക്കപ്പെട്ടതോടെ തന്റെ ലോകം തനിക്കു ചുറ്റമായി തകര്‍ന്നുവീഴുന്നത് പോലെ അയാള്‍ക്ക് തോന്നി. 

ഒരിക്കല്‍ ശാന്തമായിരുന്ന അയല്‍പ്പക്കം സംശയം നിറഞ്ഞ മുറുമുറുപ്പുകളില്‍ ഇരമ്പി. റിതയുടെ രഹസ്യജീവിതവുമായി ബന്ധപ്പെട്ട മസാലക്കഥകളായിരുന്നു അതിന് ഊര്‍ജമേകിയത്. റിതയുടെയും വിജയുടെയും ജീവിതത്തെ തുലാസിലാക്കി അടക്കിപ്പിടിച്ച സംഭാഷണങ്ങളുടെ പ്രതിധ്വനികളും മുന്‍ധാരണയോടെയുള്ള പാളിനോട്ടങ്ങളും അന്തരീക്ഷത്തില്‍ തങ്ങിനിന്നു. താനറിഞ്ഞ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജയ് എന്തുചെയ്യും? 

അയാള്‍ക്ക് തല ചുറ്റുന്നതുപോലെ തോന്നി. ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ റിതയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചു. 

വിജയുടെ ചോദ്യംചെയ്യലിന് മുന്നിലോ അയല്‍ക്കാരന്റെ ആകാംക്ഷ നിറഞ്ഞ സംശയത്തിന് മുന്നിലോ റിത പതറിയില്ല. വര്‍ധിച്ച ആത്മവിശ്വാസത്തോടെ അവള്‍ തിരിച്ചടിച്ചു. 'എനിക്കൊപ്പം കോളേജില്‍ പഠിച്ച നിരവധി പേര്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. അവരെന്നെ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്?  ഇത്തരത്തിലുള്ള ഒരു നിസാരകാര്യത്തിന് നിങ്ങളെന്തിനാണ് ഇങ്ങനെ അസ്വസ്ഥനാകുന്നത്? അയല്‍ക്കാരുടെ കുശുകുശുപ്പുകള്‍ക്കൊന്നും ചെവികൊടുക്കേണ്ട കാര്യമില്ല.' ശബ്ദമിടറാതെ, ഉറച്ചവാക്കുകളിലായിരുന്നു റിതയുടെ മറുപടി. 

അവളുടെ വാക്കുകളിലെ ആധികാരികത വിശ്വസിച്ച വിജയ് ആത്മവിശ്വാസത്തോടെയുള്ള അവളുടെ പെരുമാറ്റത്തില്‍ ആശ്വാസം കണ്ടെത്തി. അതിനേക്കാളെല്ലാമുപരി അവള്‍ സത്യം പറയുകയാണെന്ന് അയാള്‍ക്ക് തോന്നിയിരുന്നു. അവളെ സംശയിക്കാന്‍ മാത്രമുള്ള കാരണമൊന്നും അയാളുടെ പക്കലുമുണ്ടായിരുന്നില്ല. അനുചിതമായി ഒന്നും നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ട വിജയ് സന്തോഷകരമായ തന്റെ വിവാഹജീവിതത്തിന്റെ പുറംകാഴ്ച്ചയിൽ വിശ്വസിച്ചു. 

വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ഇതിനകം തിരിച്ചറിഞ്ഞ റിത കാര്യങ്ങള്‍ അല്പം കൂടെ ശ്രദ്ധിക്കാനാരംഭിച്ചു. ഉയര്‍ന്നു വന്നേക്കാനിടയുള്ള സംശയങ്ങളെ ശാന്തമാക്കുന്നതിനായി അവള്‍ ദിനേഷിനെ വിളിച്ചുവരുത്തി, കുറച്ചുനാളേക്ക് വീട്ടിലേക്ക് വരരുതെന്ന് നിര്‍ദേശിച്ചു. താല്ക്കാലികമായ ഒരു ത്യാഗം. 

സംശയത്തിന്റെ ഒരു ചെറിയ വിത്ത് വിവാഹജീവിതത്തില്‍ ദുരന്തമായി പടര്‍ന്നു പന്തലിച്ചേക്കാമെന്ന് പണ്ടുള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ, അതുതന്നെ സംഭവിച്ചു. ഒരു ദിവസം വിജയ് വീട്ടില്‍ മടങ്ങിയെത്തിയത് സന്തോഷവാര്‍ത്തയെന്ന് അയാള്‍ കരുതുന്ന ഒരു വിശേഷവുമായിട്ടാണ്. നഗരത്തിലെ ഒരു ബഹുനിലക്കെട്ടിടത്തില്‍ അയാള്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരിക്കുന്നു. അവരുടെ കുടുംബത്തിന് അതൊരു പുതിയ തുടക്കമാകുമെന്നായിരുന്നു അയാളുടെ വിശ്വാസം. വാര്‍ത്ത കേട്ട് നിരാശ തോന്നിയെങ്കിലും താന്‍ സന്തുഷ്ടയാണെന്ന ഭാവത്തിലായിരുന്നു റിത പെരുമാറിയത്. പുതിയ വീട്ടിലേക്കുള്ള മാറ്റത്തെ അത്യധികം പ്രതീക്ഷയോടെയും സന്തോഷത്തോടെയും വരവേല്‍ക്കുന്നതുപോലെ അവളഭിനയിച്ചു. 

പുതിയ വീട്ടില്‍ താമസമായതോടെ തുടക്കത്തില്‍ റിതയ്ക്കുണ്ടായികുന്ന ഭയം സ്ഥിരമായ ഒരു അസ്വസ്ഥയായി ശേഷിച്ചു. അവര്‍ താമസിച്ച ഫ്‌ളാറ്റ് സമുച്ചയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ അല്പം കടുത്തതായിരുന്നു. സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അവിടെ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നു. തനിക്കു മുന്നില്‍ വാതിലുകളടയുന്നതായി അവള്‍ക്ക് തോന്നി. കാമുകനെ സ്വതന്ത്രമായി കാണുന്നത് വിലക്കുന്ന ശ്വാസംമുട്ടിക്കുന്ന ഒരു കൂടായാണ് ആ സുരക്ഷാസംവിധാനങ്ങളെ അവള്‍ നോക്കിക്കണ്ടത്.  

സ്വന്തം പ്രവൃത്തികള്‍ വരുത്തിവെച്ച കെണിയില്‍ അകപ്പെട്ട റിത തന്റെ ചെയ്തികളുടെ ഫലം താന്‍ കരുതിയതിനേക്കാള്‍ വലുതാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. അവള്‍ നെയ്ത വഞ്ചനയുടെ വല അവളെത്തന്നെ കുടുക്കി. ഉപരിതലത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ സമ്മര്‍ദത്തില്‍ ഒരിക്കല്‍ ആത്മവിശ്വാസത്തോടെ നിന്നിരുന്ന അഭിമാനത്തിൽ വിള്ളലുകള്‍ വീഴാന്‍ ആരംഭിച്ചു. 

ദിനേഷുമായുള്ള രഹസ്യബന്ധത്തിന്റെ വാതില്‍ അടഞ്ഞെങ്കിലും അവള്‍ക്ക് മുന്നില്‍ തികച്ചും അപ്രതീക്ഷിതമായി മറ്റൊരു വാതില്‍ തുറന്നു. ഇത്തവണ വീട്ടിനകത്തുവെച്ചായിരുന്നു ട്വിസ്റ്റ്. പുതിയ കാമുകന് വേണ്ടി അവള്‍ക്കൊരുപാട് അന്വേഷിക്കേണ്ടി വന്നില്ല. അയാള്‍ അവളുടെ സംശയമില്ലാത്ത ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് കയറിവരികയായിരുന്നു. 

ഹരേഷ് സരിയ എന്നായിരുന്നു അയാളുടെ പേര്. വിജയുടെ കടയുടെ സമീപമായിരുന്നു ഹരേഷിന്റെ കടയും. അവര്‍ താമസിയാതെ സുഹൃത്തുക്കളായി. ഒന്നിച്ചുള്ള മദ്യപാനം കൂടി ആരംഭിച്ചതോടെ അവരുടെ സൗഹൃദം തളിര്‍ത്തു. ഹരേഷിനെ വീട്ടിലേക്ക് കൊണ്ടുവരുന്നത് സ്വന്തം കുടുംബ സമാധാനം ഇല്ലാതാക്കുമെന്ന് വിജയ് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. 

റിതയുടെയും ഹരേഷിന്റെയും കണ്ണുകള്‍ കൂട്ടിമുട്ടിയ ആ നിമിഷം തന്നെ അവര്‍ക്കിടയില്‍ പരസ്പരാകര്‍ഷണത്തിന്റെ തീപ്പൊരി ചിതറി. 'എന്റെ വിജയ്, നീ എന്തൊരു വിഡ്ഢിയാണ്. ദിനേഷുമായുള്ള എന്റെ ബന്ധം വിച്ഛേദിച്ചത് നീയാണ്. എന്നാല്‍ നീ സ്വയം അതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുന്നു.' ഗൂഢമായ ആഹ്ലാദത്തോടെ, അടക്കിപ്പിടിച്ച ചിരിയോടെ, അവള്‍ അവളോടുതന്നെ പറഞ്ഞു. അടങ്ങാത്ത അഭിനിവേശം നല്‍കിയ ഊര്‍ജത്തില്‍ അവിശുദ്ധ ബന്ധങ്ങളുടെ രണ്ടാം ഇന്നിങ്ങ്‌സിന് അവള്‍ തുടക്കം കുറിച്ചു. 

രണ്ടു കാമുകന്മാര്‍ക്കുവേണ്ടിയും അവള്‍ ഒരുപോലെ കൊതിച്ചിരുന്നു. സൂക്ഷ്മമായ ബാലന്‍സിങ്ങോടെ രണ്ടു ബന്ധങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ അവള്‍ തീരുമാനിച്ചു. പതിവിടങ്ങളില്‍വെച്ച് ദിനേഷുമായി അവള്‍ വീണ്ടും കൂടിക്കാഴ്ചകള്‍ നടത്തി. ഹരേഷിനെക്കുറിച്ച് ദിനേഷിനോട് തുറന്നുപറയാന്‍പോലും അവള്‍ക്ക് മടിയുണ്ടായിരുന്നില്ല. അത്ഭുതമെന്നുപറയട്ടേ, റിതയും ഹരേഷുമായുള്ള ആ ബന്ധത്തില്‍ അയാള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല, ആ ബന്ധത്തിന് അധികം ആയുസ്സുണ്ടാകില്ലെന്ന നിസംഗതയായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. 

എന്നാല്‍, വിധി മുന്നോട്ടുവെച്ചത് അതിക്രൂരമായ ഒരു ട്വിസ്റ്റാണ്. തികച്ചും യാദൃച്ഛികമായി ദിനേഷും റിതയും തമ്മില്‍ അടുത്തിടപഴകുന്നത് ഹരേഷിന്റെ കണ്ണില്‍പ്പെട്ടു. ഹരേഷില്‍ സംശയങ്ങള്‍ ഉടലെടുത്തു. തന്റെ സംശയങ്ങള്‍ ഉറപ്പിക്കുന്നതിന് വേണ്ടി അയാള്‍ അവരെ പിന്തുടര്‍ന്നു. ഹോട്ടലിലേക്കായിരുന്നു അവരുടെ യാത്ര. തന്നെ റിത വഞ്ചിച്ചതായി ഹരേഷിന് തോന്നി. അപമാനഭാരവും ദേഷ്യവും കൊണ്ട് അയാള്‍ വികാരപരവശനായി. സത്യം കണ്ടുതന്നെ ഉറപ്പിക്കണമെന്ന വാശിയില്‍ അവരുടെ മുറിയിലേക്ക് അയാള്‍ ഒളിഞ്ഞുനോക്കി. ഇനിയും ബാക്കിയായ ഹരേഷിന്റെ മിഥ്യാബോധത്തെ തകര്‍ത്തെറിയുന്ന കാഴ്ചയായിരുന്നു മുറിക്കുള്ളില്‍ അയാളെ കാത്തിരുന്നത്. ആഞ്ഞടിക്കാനിരിക്കുന്ന കൊടുങ്കാറ്റിനെ കുറിച്ച് ഒരറിവുമില്ലാത്ത റിതയും ദിനേഷും പരസ്പരമുള്ള അഭിനിവേശത്തിന്റെ തീവ്രതയില്‍ ആനന്ദിക്കുകയായിരുന്നു. ഹരേഷിന് ദേഷ്യമടക്കാനായില്ല. അയാള്‍ വാതിലില്‍ ആഞ്ഞടിച്ചു. ആ വാതില്‍ ദിനേഷ് തുറന്നതും വളരെ ശ്രദ്ധാപൂര്‍വം അടുക്കിവെച്ച റിതയുടെ ലോകം തകര്‍ന്നടിഞ്ഞു. വഞ്ചനയാല്‍ റിത നെയ്‌തെടുത്ത സങ്കീര്‍ണമായ ആ വലയുടെ ചുരുളഴിയുകയായിരുന്നു അവിടെ. 

ഹോട്ടലില്‍ വെച്ചുനടന്ന പ്രക്ഷുബ്ധമായ ചോദ്യം ചെയ്യലിനു ശേഷവും ഭയമേതുമില്ലാതെയാണ് ദിനേഷ് നിന്നത്. തന്നെയുമല്ല ഹരേഷിന്റെ അസൂയ നിറഞ്ഞ പെരുമാറ്റത്തില്‍നിന്ന് വിഭിന്നമായി അയാള്‍ അല്പം കൂടി വിശാലമനസ്സോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്തു. അതിനിടയില്‍ മുറിവില്‍ മുളകുതേയ്ക്കുന്നത് പോലെ ഒരു നിര്‍ദേശം ദിനേഷ് മുന്നോട്ടുവെച്ചു. 'ഞങ്ങള്‍ക്കൊപ്പം റൂമിലേക്ക് വരൂ..ഒന്നിച്ച് ആനന്ദിക്കാം.' മുഖമടച്ചുകിട്ടിയ അടിപോലെയാണ് ആ ക്ഷണത്തെക്കുറിച്ച് ഹരേഷിന് തോന്നിയത്. അപമാനിതനായ ഹരേഷ് ഹോട്ടലില്‍നിന്ന് കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി. പശ്ചാത്തലത്തില്‍ റിതയുടെയും ദിനേഷിന്റെയും ചിരി മുഴങ്ങിക്കൊണ്ടിരുന്നു. മധ്യവയസ്സിലെത്തിയ ഹരേഷിന്റെ ആത്മാഭിമാനത്തിനേറ്റ പ്രഹരമായിരുന്നു ദിനേഷും റിതയും തമ്മിലുള്ള ബന്ധം. കാമുകിയായ റിത ചെറുപ്പക്കാരനായ ഒരുവനുമൊത്ത് കാമകേളിയില്‍ ആനന്ദിക്കുവെന്ന ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മപ്പെടുത്തല്‍ അയാളെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി. ചെയ്തികളില്‍ യാതൊരു കുറ്റബോധവുമില്ലാതെ, നിസംഗമായും അശ്രദ്ധമായും റിത പ്രതികരിക്കുന്നതും അയാളെ നിരാശനാക്കിയിരുന്നു. 

'നീയെന്തിനാണ് മറ്റൊരു കാമുകനെ തിരയുന്നത്? നീയെനിക്ക് ഭാര്യയെപ്പോലെയാണ്. നമുക്കിടയിലുള്ളത് അതിമോനഹരമായ ഒരു സ്‌നേഹബന്ധമാണ്. പിന്നെ നിനക്കെങ്ങനെ എന്നെ വഞ്ചിക്കാനാകുന്നു?' 'ദിനേഷാണ് എന്റെ ആദ്യ കാമുകന്‍' റിതയുടെ സ്‌നേഹം തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന ഹരേഷിന്റെ ഉടമസ്ഥതാവാദ സാധ്യതകളെ തള്ളിക്കൊണ്ട് അവള്‍ പ്രസ്താവിച്ചു. ഹരേഷിന്റെ ചോദ്യങ്ങളില്‍ പ്രകോപിതയാകാതെ ആത്മസംയമനം പാലിച്ചുകൊണ്ടായിരുന്നു റിതയുടെ തുടര്‍ന്നുള്ള നീക്കം.  'നിങ്ങളെന്നോട് സത്യസന്ധമായി പെരുമാറാനാണ് ആവശ്യപ്പെടുന്നത്. ആലോചിച്ചുനോക്കൂ, നമ്മുടെ ബന്ധം തുടക്കം മുതല്‍ സത്യസന്ധമായ ഒന്നാണോ, അവിഹിതമല്ലേ. ഹരേഷ് നിങ്ങള്‍ വിവാഹിതനാണ്. നിങ്ങള്‍ ഭാര്യയെ വഞ്ചിച്ചുകൊണ്ടാണ് ഞാനുമായുള്ള ബന്ധം തുടരുന്നത്. നിങ്ങളുടെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഞാനാവശ്യപ്പെടുന്നുണ്ടോ?' റിത ചോദിച്ചു. റിതയ്ക്ക് താനല്ലാതെ മറ്റൊരു കാമുകനുണ്ടെന്ന് ഹരേഷിന് ഉള്‍ക്കൊള്ളാനായില്ലെങ്കിലും തികച്ചും അസ്വാഭാവികമായുള്ള റിതയുടെ ബന്ധങ്ങളില്‍ ദിനേഷിന് പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നതാണ് കൗതുകം. 

നൈരാശ്യത്തിന്റെയും പ്രണയഭംഗത്തിന്റെയും ഉത്തുംഗത്തിൽ താന്‍ കബളിക്കപ്പെടുകയായിരുന്നോ എന്ന ചിന്തകള്‍ ഹരേഷിനെ ഭ്രാന്ത് പിടിപ്പിച്ചു. അയാള്‍ റിതയ്ക്കുനേരെ ശകാരവാക്കുകള്‍ ചൊരിഞ്ഞു, ദേഹോപദ്രവമേല്‍പ്പിച്ചു. ഏറ്റവും ഒടുവിലായി അയാള്‍ തന്റെ ബ്രഹ്‌മാസ്ത്രം തൊടുത്തു. റിതയുടെ രഹസ്യ ഇടപാടുകള്‍ ഭര്‍ത്താവ് വിജയോട് വെളിപ്പെടുത്തുമെന്നായിരുന്നു അത്. വിജയ് തന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നത് ഒരുകാലത്തും റിതയ്ക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. 

വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ റിത ദിനേഷില്‍നിന്ന് അകലം പാലിക്കാമെന്ന് അല്പം വൈമനസ്യത്തോടെയാണെങ്കിലും സമ്മതിച്ചു. അന്നു വൈകീട്ട് അയാള്‍ക്കൊപ്പം കിടക്ക പങ്കിടുമ്പോഴും റിതയുടെ മനസ്സ് പലവിധ ചിന്തകളില്‍ വ്യാപരിക്കുകയായിരുന്നു. അവളുടെ കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുകി. താനൊരു കെണിയിലകപ്പെട്ടതായി റിതയ്ക്ക് തോന്നി. സ്വയം സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍നിന്ന് തടികേടാകാതെ രക്ഷപ്പെടുന്നതിനായി തല്‍ക്കാലം അവള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടി വന്നു. നുണകളുടെയും വഞ്ചനയുടെയും കുരുക്കുകള്‍ വീണ വലയില്‍നിന്ന് പുറത്തുകടക്കണമെങ്കില്‍ അവള്‍ക്കൊരു പദ്ധതി ആവശ്യമായിരുന്നു. 

*********
സംഘര്‍ഷഭരിതമായ അന്തരീക്ഷം മനഃസമാധാനം കെടുത്തിയതോടെ ആശ്വാസം കണ്ടെത്തുന്നതിനായി ഒന്നുമാറി നില്‍ക്കാനായിരുന്നു റിതയുടെ ആദ്യ തീരുമാനം. കുട്ടിക്കാലം ചെലവഴിച്ച അമ്മ വീട്ടിലാണ് അവളെത്തിയത്. ഗൃഹാതുരത കനംപിടിച്ച ആ അന്തരീക്ഷത്തില്‍, അവളുടെ കുട്ടിക്കാലത്തിന്റെ പ്രതിധ്വനികള്‍ മുഴങ്ങുന്ന മുറികളിലൂടെ അവള്‍ അലഞ്ഞുനടന്നു. വിധിയുടെ മറ്റൊരു ഇടപെടല്‍ ഉണ്ടാകുന്നത് അവിടെവെച്ചാണ്. റിത അവളുടെ പഴയ സുഹൃത്ത് കിരണ്‍ ഗൊഹെലിനെ അവിടെവെച്ച് കണ്ടുമുട്ടി. തൊട്ടടുത്ത സര്‍പദല്‍ ഗ്രാമത്തിലെ അങ്കണവാടിയില്‍ അധ്യാപികയായിരുന്നു കിരണ്‍. സ്വീകരണമുറിയില്‍ കിരണിനൊപ്പം സമയം ചെലവഴിക്കവേ വല്ലാത്തൊരു സ്വാസ്ഥ്യം റിതയ്ക്ക് അനുഭവപ്പെട്ടു. പരസ്പരം സംസാരിച്ചില്ലെങ്കിലും മനസ്സിലാക്കാനാവുന്ന അടുപ്പം അവര്‍ക്കിടയിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട തകര്‍ക്കാനാവാത്ത സ്‌നേഹബന്ധം. 

ആവിപറക്കുന്ന ചായയ്‌ക്കൊപ്പം കെട്ടുപിണഞ്ഞ ജീവിതയാഥാര്‍ഥ്യങ്ങള്‍ കിരണുമായി റിത പങ്കുവെച്ചു. അതിസങ്കീര്‍ണമായ വലയില്‍ തന്റെ രണ്ടുകാമുകന്മാരും ചേര്‍ന്ന് തന്നെ എങ്ങനെയാണ് കുരുക്കിയിട്ടിരിക്കുന്നതെന്ന് അവള്‍ കിരണിനോട് വിശദീകരിച്ചു. നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന നോട്ടത്തോടെ കിരണ്‍ റിതയെ ഉപദേശിച്ചു. കിരണിന്റെ അഭിപ്രായത്തില്‍ ദിനേഷ്, റിതയുടെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുള്ള സാന്നിധ്യമാണ്. തന്നെയുമല്ല അയാള്‍ സുരക്ഷിതത്വവും ബന്ധം രഹസ്യമായി സൂക്ഷിക്കുമെന്ന് വാക്കു നല്‍കിയ ആളുമാണ്. എന്നാല്‍ ഹരേഷാകട്ടെ, സ്വന്തം ഭാര്യയെ വഞ്ചിക്കുമ്പോള്‍ പോലും റിത സത്യസന്ധതയായിരിക്കണം ആത്മാര്‍ഥത കാണിക്കണം എന്ന് ശഠിക്കുന്നു. അയാള്‍ പുല്ലിനടിയില്‍ ഒളിഞ്ഞിരിക്കുന്ന വിഷപ്പാമ്പാണ്. കിരണ്‍ രണ്ടു പേരെയും തുലനം ചെയ്തു. അവളുടെ കണ്ണുകളില്‍ റിതയോടുള്ള അനുതാപവും ഈ പ്രശ്‌നത്തില്‍നിന്ന് തന്റെ ആത്മാര്‍ഥ സുഹൃത്തിനെ എങ്ങനെയും രക്ഷിക്കണമെന്ന ദൃഢനിശ്ചയവും തെളിഞ്ഞു. 

'ഈ ശ്വാസംമുട്ടിക്കുന്ന കുരുക്കില്‍നിന്ന് നിന്നെ സ്വതന്ത്രയാക്കണമെങ്കില്‍ ഹരേഷില്‍നിന്ന് വിടുതല്‍ നേടേണ്ടതുണ്ട്.' കിരണ്‍ പറഞ്ഞു. 

ഹരേഷിന്റെ കരാളഹസ്തങ്ങളില്‍നിന്ന് റിതയെ മോചിപ്പിക്കാനുള്ള ദൗത്യത്തില്‍ കിരണ്‍ സഹായം ഉറപ്പുനല്‍കിയതോടെ അവര്‍ക്കിടയില്‍ ഒരു പദ്ധതി രൂപംകൊണ്ടു. റിതയുടെ വിശ്വസ്തതയ്ക്ക് അര്‍ഹനല്ലാത്ത ഒരാളുമായി ബന്ധിക്കപ്പെട്ട വിഷലിപ്തമായ കണ്ണികള്‍ മുറിച്ചുമാറ്റുന്നതിനായി വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീര്‍ണമായ ഭ്രമണപഥത്തിലൂടെ അവരൊന്നിച്ചുനീങ്ങി. ഒരിക്കല്‍ ഗൃഹാതുരതയുടെ വിഹാരകേന്ദ്രമായിരുന്ന ആ സ്വീകരണമുറി റിതയുടെ മനഃസമാധാനം വീണ്ടെടുക്കാനുറച്ച രണ്ടു സ്ത്രീകളുടെ യുദ്ധതന്ത്രങ്ങള്‍ മെനയുന്ന മുറിയായി മാറി. 

ആ രാത്രിക്കൊടുവില്‍ റിതയുടെ ജീവിതത്തില്‍നിന്ന് ഹരേഷ് എന്നന്നേക്കുമായി ഇല്ലാതാകുന്ന പദ്ധതി അവര്‍ ആസൂത്രണം ചെയ്തു. മുന്നോട്ടുള്ള ഓരോ ചുവടുകളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, കിരണിന്റെ പിന്തുണ റിതയ്ക്ക് പുതിയൊരു കരുത്തും പ്രതീക്ഷയും നല്‍കി. പ്രണയത്തിന്റെയും വഞ്ചനയുടെയും സൗഹൃദത്തിന്റെയും കഥ അങ്ങനെ തികച്ചും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു. വിമോചനത്തിന് വേണ്ടിയുളള ധീരമായ ചുവടുകളുടെ ഒരു കളമവിടെ ഒരുങ്ങുകയായിരുന്നു. 

അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം റിത ഹരേഷിനെ ഫോണ്‍ ചെയ്തു. ഒരു ദീര്‍ഘശ്വാസമെടുത്ത് അയാളോട് അതീവ സ്‌നേഹത്തോടെ അവള്‍ സംസാരിച്ചു തുടങ്ങി. താൻ എത്രത്തോളം മാറിയെന്ന് ഹരേഷിനെ ബോധ്യപ്പെടുത്തും വിധമായിരുന്നു അവളില്‍നിന്ന് ഓരോ വാക്കും പുറത്തുവന്നത്. ഹരേഷിന്റെയും റിതയുടെയും ബന്ധം നിലനിര്‍ത്തുന്നതിനായി ദിനേഷിനെ ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായിരിക്കുന്നു. ഹരേഷിനെ സംബന്ധിച്ചിടത്തോളം അവളുടെ ആ 'ത്യാഗ'മനോഭാവം അപ്രതീക്ഷിതമായിരുന്നെങ്കിലും അതില്‍പ്പരം സന്തോഷം നല്‍കുന്ന, പ്രലോഭനാത്മകമായ മറ്റൊന്നും അയാള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. തനിക്ക് കൈവന്ന ഭാഗ്യം ഹരേഷിന് വിശ്വസിക്കാനായില്ല. റിതയുടെ വാക്കുകള്‍ അയാളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അവിശ്വസനീയതുകൊണ്ടും അത്യാഹ്ലാദം കൊണ്ടും അയാളുടെ ഹൃദമിടിപ്പിന്റെ വേഗത കൂടി. ഹൃദയത്തിലിറക്കിവെച്ചിരുന്ന ഒരു ഭാരം എടുത്തുമാറ്റിയ പോലെ, ജീവിതത്തില്‍ ഒരു പുതുശ്വാസം ലഭിച്ചതുപോലെ അയാള്‍ക്ക് തോന്നി. അയാളില്‍ കുമിഞ്ഞുകൂടിയ അസൂയയും പകയും ഒലിച്ചുപോയി.ആ മനസ്സില്‍ ആഗ്രഹത്തിന്റെയും പ്രതീക്ഷയുടെയും പുതിയ നാമ്പുകള്‍ കിളിര്‍ത്തു. 

സമയം പാഴാക്കാതെ അയാള്‍ കടയില്‍നിന്ന് റിതയുടെ വീട്ടിലേക്ക് തിരിച്ചു. അവളുടെ വീടിനു മുന്നിലെത്തിയതും അയാളുടെ ഹൃദയം ക്രമാതീതമായി മിടിക്കാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകളോടെ അയാള്‍ കോളിങ് ബെല്ലില്‍ വിരലമര്‍ത്തി, ആ വാതിലിനപ്പുറം തന്നെ കാത്തിരിക്കുന്നത് എന്താണെന്നറിയാതെ..

അയാള്‍ക്ക് മുന്നില്‍ വാതില്‍ വലിച്ചുതുറക്കപ്പെട്ടു. ഹരേഷിന്റെ മുഖം ആശ്ചര്യംകൊണ്ട് വിടര്‍ന്നു. വശ്യതയുടെ ആള്‍രൂപമായി അയാള്‍ക്ക് മുന്നില്‍ റിത പ്രത്യക്ഷപ്പെട്ടു. അവളുടെ ശരീരത്തിന്റെ സൗകുമാര്യം വെളുപ്പെടുത്തുന്ന അതിമനോഹരമായ ഒരു സാരിയായിരുന്നു അവളണിഞ്ഞിരുന്നത്. അക്ഷരാര്‍ഥത്തില്‍ ശ്വാസം നിലച്ച് ഹരേഷ് അവളെ നോക്കിനിന്നു. അയാളെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ ഒരേസമയം അവളുടെ കണ്ണുകളില്‍ കുസൃതിയും പശ്ചാത്താപവും നിഴലിച്ചിരുന്നു. 

ഹരേഷ് അകത്തേക്ക് പ്രവേശിച്ചതും അയാളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അവളയാളെ വാരിപ്പുണര്‍ന്നു. സത്യത്തില്‍ നിശബ്ദമായ ഒരു മാപ്പപേക്ഷയായിരുന്നു ആ ആലിംഗനം. അവളുടെ ഊഷ്മളമായ ആലിംഗനത്തില്‍ സ്വയം മറന്ന് ഹരേഷ് നിന്നു. അയാളുടെ മനസ്സ് അഭിമാനം കൊണ്ട് നിറയുകയായിരുന്നു. രണ്ടു കാമുകന്മാരില്‍നിന്ന് തന്നെ സ്വീകരിച്ചിരിക്കുന്നു, തന്നെയുമല്ല ഈ ബന്ധം നിലനിര്‍ത്താനായി തന്റെ ചെറുപ്പക്കാരന്‍ കാമുകനെ വെടിഞ്ഞ് അവള്‍ ആത്മസമര്‍പ്പണം നടത്തിയിരിക്കുന്നു. ക്ഷമ, ആഗ്രഹം, ആണഹന്ത... ഹരേഷിന്റെ ചിന്തകളില്‍ പലവിധ വികാരങ്ങള്‍ കൈകോര്‍ത്ത് ഉന്മാദനൃത്തമാടി, അന്തരീക്ഷം കനത്തു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് റിത തനിക്കുമുന്നില്‍ അഭിനയിക്കുകയാണെന്ന് തിരിച്ചറിയാത്ത ഹരേഷിന്റെ ഹൃദയം ആത്മവിശ്വാസവും അവളോടുള്ള കൃതജ്ഞതയുംകൊണ്ട് നിറഞ്ഞു. 

കൃത്യമായ കണക്കുകൂട്ടലുകളോടെ റിത അടുത്തചുവടുവെച്ചു. ഹരേഷിനെക്കാത്ത് അകത്തൊരു സമ്മാനമിരിപ്പുണ്ടെന്ന് കാപട്യം നിറഞ്ഞ ചിരിയോടെ റിത പ്രഖ്യാപിച്ചു. ഹരേഷിന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വീണ്ടും ചിറകുമുളച്ചു. മുറിയിലേക്ക് കയറും മുമ്പ് കണ്ണുകെട്ടണമെന്ന ആവശ്യം അവള്‍ മുന്നോട്ടുവെച്ചതോടെ ഹരേഷിന്റെ ആകാംക്ഷ വാനോളമുയര്‍ന്നു. അത്യാഹ്ലാദത്തിന്റെ തിരമാലകളിലേറി ആര്‍ത്തുല്ലസ്സിക്കുകയായിരുന്നു അപ്പോഴെല്ലാം ഹരേഷ്. കണ്ണുകെട്ടാന്‍ അയാള്‍ റിതയെ അനുവദിച്ചു. ഓരോ നിമിഷം കടന്നുപോകുമ്പോഴും എന്തായിരിക്കും സമ്മാനമെന്നോര്‍ത്ത് അയാളുടെ ആകാംക്ഷ ഉയര്‍ന്നുകൊണ്ടിരിന്നു. കൃത്യമായി കണക്കുകൂട്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണ് തനിക്കു മുന്നില്‍ അരങ്ങേറുന്ന സ്‌നേഹനാടകമെന്ന് ഒരു ഘട്ടത്തില്‍ പോലും അയാള്‍ക്ക് മനസ്സിലായില്ല.

വിദഗ്ധമായി സാഹചര്യത്തെ കൈകാര്യം ചെയ്ത റിത, അയാള്‍ക്കായി താന്‍ കാത്തുവെച്ചിരിക്കുന്ന സമ്മാനം അമൂല്യമാണെന്നും അത് അറിയാതെപ്പോലും തൊട്ടുപോകരുതെന്നും ആ അനുഭവം ഏറ്റവും മനോഹരമായി ആസ്വദിക്കുന്നതിനുവേണ്ടി കൈകള്‍കൂടി ബന്ധിക്കേണ്ടതുണ്ടെന്നും അയാളോട് പറഞ്ഞു. ആശ്ചര്യവും ആകാംക്ഷയും കൊണ്ട് തുള്ളിച്ചാടി നിന്നിരുന്ന ഹരേഷ് എന്തിനും തയ്യാറായിരുന്നു. പുതുമയാര്‍ന്ന സെക്ഷ്വല്‍ ഫാന്റസിയിലേക്കാണോ അവള്‍ തന്നെ കൂട്ടിക്കൊണ്ടുപോകുന്നതെന്നുപോലും അയാള്‍ ചിന്തിച്ചു. 

****************

കൈകള്‍ ബന്ധിക്കപ്പെട്ട്, കണ്ണുമൂടി ഹരേഷ് സരിയ കിടപ്പറയിലേക്ക് ആനയിക്കപ്പെട്ടു. 

'നിനക്കുറപ്പാണോ സര്‍പ്രൈസ് അത്രയും അടിപൊളിയാണെന്ന്?' കൈകള്‍ നീട്ടി ഹരേഷ് ചോദിച്ചു.
 
'പിന്നല്ലാതെ.' റിത പറഞ്ഞു. 

അയാളെ കിടപ്പറയിലേക്ക് നയിച്ചുകൊണ്ട് അത്യധികം പൂര്‍ണതയില്‍ തന്റെ ഭാഗം അഭിനയിക്കുകയായിരുന്നു റിത. മുറിയിലെ കിടയ്ക്കയ്ക്ക് മുകളിലായി ഒരു കുരുക്ക് തൂങ്ങിക്കിടന്നിരുന്നു. ആ കുരുക്കിന്റെ അങ്ങേത്തല കൈയില്‍ മുറുക്കി മുറിയുടെ ഒരു മൂലയില്‍ പദ്ധതിയുടെ നിശബ്ദ സൂത്രധാരയായ കിരണ്‍ നില്പുണ്ടായിരുന്നു. തനിക്ക് മുന്നിലെ ആപത്കരമായ ആ കെണിയെ കുറിച്ചറിയാതെ ഹരേഷ് അകത്തേക്ക് പ്രവേശിച്ചു. 

സ്റ്റേജ് തയ്യാറായിരുന്നു, കളിക്കാരെല്ലാം കൃത്യമായ സ്ഥാനങ്ങളില്‍ നില്‍പുറപ്പിച്ചു. ആസന്നമായ ക്രൂരകൃത്യത്തെക്കുറിച്ചുള്ള ബോധത്താല്‍ മുറിയിലെ വായു കനത്തു. തങ്ങളുടെ പദ്ധതിയുടെ അടുത്തഘട്ടം നടത്താനുളള തയ്യാറെടുപ്പിലായിരുന്നു റിതയും കിരണും. 

പ്രണയപരവേശത്തിന്റെ മറവില്‍ യഥാര്‍ഥ ലക്ഷ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് റിത തന്റെ പദ്ധതിയുമായി മുന്നോട്ടുപോയി. ഹരേഷുമായി ചെലവഴിച്ച സ്വകാര്യനിമിഷങ്ങള്‍ക്കിടയില്‍ തന്ത്രപരമായി അവള്‍ കുരുക്ക് അയാളുടെ കഴുത്തിലണിഞ്ഞു. പൊടുന്നനെ അയാളില്‍നിന്ന് അകന്നുമാറി അവള്‍ കിരണിനടുത്തേക്ക് കുതിച്ചു. അടുത്ത ഘട്ടം എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാന്‍ തയ്യാറായിരിക്കുകയായിരുന്നു കിരണ്‍. ദൃഢനിശ്ചയത്തോടെ, പുറത്തെടുക്കാനാവുന്ന കരുത്തിന്റെ അങ്ങേയറ്റമെടുത്തുകൊണ്ട് ഇരുവരും ചേര്‍ന്ന് കുരുക്കിന്റെ അങ്ങേയറ്റം വലിച്ചു. അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ ഹരേഷ് പകച്ചു. അപ്പോഴേക്കും കുരുക്ക് അയാളുടെ കഴുത്തില്‍ മുറുകിയിരുന്നു. അയാളുടെ തൊണ്ടയില്‍ നിന്നൊരു ആര്‍ത്തനാദം പുറത്തുവന്നുവെങ്കിലും അത് തൊണ്ടക്കുഴിയില്‍ നിന്നു കറങ്ങി നിശബ്ദമായി. ആഞ്ഞുവലിച്ചെങ്കിലും കുറേക്കഴിഞ്ഞതോടെ റിതയും കിരണും ക്ഷീണിച്ചു. അവരുടെ കയറിലുള്ള പിടിത്തം അയഞ്ഞുതുടങ്ങി. സഹായത്തിന് വേണ്ടി വിലപിക്കാന്‍ ഹരേഷിനൊരിട നല്‍കിക്കൊണ്ട് കുരുക്ക് അയഞ്ഞു. 

കിടക്കയില്‍ കിടന്ന് വേദനകൊണ്ട് പുളയുന്ന ഹരേഷിന് അടുത്തേക്ക് റിതയെത്തി.  അയാളുടെ പിടച്ചില്‍ നിസംഗമായി നോക്കിക്കൊണ്ട് അയാള്‍ക്കരികില്‍ അവള്‍ നിന്നു. അവളുടെ മനസ്സില്‍ ആഴത്തില്‍ വേരുറപ്പിച്ചിരുന്ന വെറുപ്പിന്റെ ഊര്‍ജത്തില്‍ വിഷം വമിക്കുന്ന ആക്രോശം അവളില്‍ നിന്നുയര്‍ന്നു. ദിനേഷിനെപ്പോലൊരാളെ ഉപേക്ഷിച്ച് ഹരേഷിനെ സ്വീകരിക്കുമെന്ന് ചിന്തിക്കാന്‍ അയാള്‍ക്കെങ്ങനെ തോന്നിയെന്ന് അവള്‍ ചോദിച്ചു. അയാളെ ഭര്‍ത്സിച്ചു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ റിതയും കിരണും ചേര്‍ന്ന് കയര്‍ ആഞ്ഞുവലിച്ചു, അവരുടെ ദൗത്യം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു അപ്പോഴവരുടെ ലക്ഷ്യം. 

കിടക്കയില്‍ നിന്നുയര്‍ന്ന ഹരേഷിന്റെ ശരീരം വായുവില്‍ തൂങ്ങിയാടി. ഹരേഷ് ജീവനുവേണ്ടി പിടഞ്ഞു. സഹായത്തിനു വേണ്ടിയുള്ള ഹരേഷിന്റെ ദുര്‍ബലമായ നിലവിളി ആ മുറിയില്‍ പ്രതിധ്വനിച്ചു. കയര്‍ ഒന്നുകൂടി മുറുകി. മരണത്തിന്റെ മരവിച്ച നിശ്ചലതയ്ക്ക് കീഴ്‌പ്പെടുന്നതിന് തൊട്ടുമുമ്പായി ഹരേഷിന്റെ പാദം ഒരുവട്ടം കൂടി പിടഞ്ഞു. കപടമായ ഒരു കൂടിച്ചേരലിന് പശ്താത്തലമൊരുക്കിയ ആ മുറി പതിയെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു പകവീട്ടിലിന്റെ വേദിയായി മാറി. റിതയുടെയോ കിരണിന്റെയോ മുഖത്ത് പശ്ചാത്താപത്തിന്റെ നേരിയ കണിക പോലുമുണ്ടായിരുന്നില്ല. തങ്ങളുടെ കുടിലമായ പദ്ധതി നടപ്പാക്കുന്നതില്‍ അവര്‍ വിജയിച്ചു. അവരുടെ വിദ്വേഷത്തിന്റെ സാക്ഷ്യമായി ഹരേഷിന്റെ ജീവനറ്റ ശരീരം ആ മുറിയില്‍ തൂങ്ങിനിന്നു. 

റിതയക്കും കിരണും മുന്നിലുള്ള അടുത്ത വെല്ലുവിളി ആരുമറിയാതെ, സംശയമൊന്നും അവശേഷിപ്പിക്കാതെ അയാളുടെ ശരീരം മറവുചെയ്യുന്നതായിരുന്നു. ഞെട്ടിപ്പിക്കുന്ന കാര്യക്ഷമതയോടെ അയാളുടെ ശേഷിപ്പുകള്‍ അവര്‍ ഒരു ബാഗിലാക്കി. സ്‌കൂട്ടിയുടെ ഫൂട്ട്‌റെസ്റ്റില്‍ ബാഗ് വെച്ച് പത്തു കിലോ മീറ്റര്‍ അകലെയുള്ള ന്യാരി ഡാമിലേക്ക് അവര്‍ യാത്ര തിരിച്ചു. ഇരുട്ടിന്റെ മറപറ്റി മൃതദേഹം കറുത്തുകിടക്കുന്ന ജലാശയത്തിലേക്കെറിഞ്ഞു. അവരുടെ ക്രൂരകൃത്യത്തിന്റെ ഓളങ്ങള്‍ ആ രാത്രിയിരുട്ടി വെളുത്തതോടെ അപ്രത്യക്ഷമായി. 

ഹരേഷിന്റെ ജീവനറ്റ ദേഹം കണ്ടെത്തിയത് പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കൊലപാതകം അന്വേഷിക്കാനിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു സൂചന വീണുകിട്ടുന്നത്. ഹരേഷിന്റെ ജോലിക്കാരനില്‍നിന്ന്. ഹരേഷ് കടയില്‍നിന്ന് പോകുന്നതിന് മുമ്പായി റിതയുമായി ഫോണില്‍ നടത്തിയ സംഭാഷണം അയാള്‍ കേട്ടിരുന്നുവത്രേ. സംഭാഷണം ശ്രദ്ധിച്ചില്ലെങ്കിലും മുതലാളി റിതയെന്നൊരു പേര് പറയുന്നത് കേട്ടുവെന്ന് അയാള്‍ പോലീസിന് മൊഴിനല്‍കി.

സരിയ കുടുംബത്തിന്റെ കോള്‍ റെക്കോഡുകളുടെ പരിശോധനയിലും കുടുംബത്തെ കുറിച്ചുള്ള അന്വേഷണത്തിലും ദൊബരിയ കുടുംബവുമായി ഹരേഷിനുണ്ടായിരുന്ന ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹരേഷിന്റെ പത്തു വയസ്സുകാരിയായ മകള്‍ നേഹയാണ് പോലീസിന്റെ പല സംശയങ്ങള്‍ക്കും ഹേതുവായ വിവരങ്ങള്‍ കൈമാറിയത്. വിജയ്‌യുടെ ഭാര്യ റിതയുമായി ഹരേഷിന് ബന്ധമുണ്ടായിരുന്നതായി ഒടുവില്‍ പോലീസ് സ്ഥിരീകരിച്ചു. ഈ രണ്ടു സൂചനകള്‍ പോലീസിനെ എത്തിച്ചത് സിനിമാക്കഥയെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ തിരക്കഥയിലേക്കാണ്. 

യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത റിതയെയും കിരണിനെയും പോലീസ് പിടികൂടി. അവര്‍ക്കെതിരായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആ സുഹൃത്തുക്കള്‍ എല്ലാം ഏറ്റുപറഞ്ഞു. ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിക്കാനുണ്ടായ കാരണമടക്കം. തണുത്തുറഞ്ഞ, ഒരിക്കലും പൊറുക്കാത്ത നീതിയുടെ അഴിക്കുള്ളിലാണ് ഇന്ന് റിതയും കിരണും. തുടക്കത്തില്‍ അദൃശ്യമായിരുന്ന, എന്നാല്‍ പിന്നീട് നഗ്നമാക്കപ്പെട്ട രണ്ടു പേരുടെ മൂല്യച്യുതിയുണ്ടാക്കിയ ഞെട്ടലിലാണ് ഒരിക്കല്‍ അവരുള്‍പ്പെട്ടിരുന്ന സമൂഹം. 

പുനരാഖ്യാനം: രമ്യ ഹരികുമാര്‍