
ചീവീടുകളുടെ കരച്ചില് തീര്ത്ത സിംഫണിയും കാളക്കൂറ്റന്മാരുടെ കഴുത്തിലെ മണികളുടെ താളാത്മകമായ ശബ്ദവും ജുഗല്ബന്ദി തീര്ത്ത രാത്രിയുടെ കനത്ത ഇരുട്ടിനെ ഭേദിച്ച് ഒരു കാരവാന് മുന്നോട്ടുകുതിച്ചു. യാത്രയുടെ ആലസ്യം യാത്രക്കാരേയും വിഴുങ്ങിയിരുന്നു. യാത്രാക്ലേശം ശരീരവേദനയായി അവരുടെ ദേഹത്തിലൂടെ നിരങ്ങിനീങ്ങി. ക്ഷീണം തീര്ത്ത ഭാരത്താല് കണ്പോളകള് തൂങ്ങിയാടി. കഴിഞ്ഞ എട്ടുമണിക്കൂറായി അവര് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ആ യാത്രാക്ഷീണത്തിനിടയിലും അവരില് ഓരോരുത്തരും ജാഗരൂകരാണ്.. കാരണം ജാഗ്രതയോടെയിരിക്കേണ്ടതിന്റെ ആവശ്യം അവർക്ക് കൃത്യമായി അറിയാമായിരുന്നു.
പെട്ടെന്നാണ് ചീവീടുകള് തീര്ത്ത പ്രണയഗാനത്തിനിടയിലൂടെ സമാധാനത്തെ തകര്ത്തുകൊണ്ട് ഒരു കുറുക്കന് ഓരിയിട്ടത്. യാത്രക്കാര്ക്കിടയില് ആശങ്ക തീര്ത്തുകൊണ്ട് ഓരിയിടല് മാറ്റൊലികൊണ്ടു. അവര് മെല്ലെ കൈയിലെ ടോര്ച്ചുകള് ഉയര്ത്തി, കാട്ടില് ഭയാനകമായ നിഴലുകള് തീര്ത്തുകൊണ്ട് അവ പ്രകാശിച്ചു. അവര്ക്കൊപ്പം സുഖമായിരുന്ന കുഞ്ഞ് ഭയംകൊണ്ട് വിറച്ചു. അമ്മയുടെ ആശ്വാസവാക്കുകള് ഭയത്തെ ഇല്ലാതാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്നു, മിന്നിമറിയുന്ന ടോര്ച്ച്ലൈറ്റുകള്ക്കിടയില് അവളുടെ വാക്കുകള് അവര്ക്കിടയില് ഒരുതരം സുരക്ഷിതത്വബോധം നെയ്യാന് ശ്രമിച്ചുകൊണ്ടേയിരുന്നു.
പ്രകൃതിയൊരുക്കിയ സിംഫണിക്ക് പുറമേ മറ്റു ചിലതുകൂടി അന്നത്തെ രാത്രി അവര്ക്കായി കരുതിവെച്ചിരുന്നു. ആകസ്മികമായാണ് അവരുടെ നേതാവ് നിശ്ചലനായത്, വരാനിരിക്കുന്ന അപകടത്തെ സൂചിപ്പിച്ചുകൊണ്ട് അയാള് കൈയുയര്ത്തി. അപ്രതീക്ഷിതമായ എന്തോ ഭീഷണിയെ നേരിടാന് തയ്യാറെടുത്തുകൊണ്ട് അടക്കിയ സ്വരത്തില് പരസ്പരം വിവരങ്ങളും അടിയന്തര നിര്ദേശങ്ങളും കൈമാറി. റോഡില് പതുങ്ങിയിരിക്കുന്ന അപകടത്തെ - തീവെട്ടിക്കൊള്ളക്കാരെ, യാത്രക്കാരെ കൊള്ളയടിച്ച് കൊലപ്പെടുത്തുന്ന- നേരിടാന് അവരില് രണ്ടുപേര് കഠാരയുമായി തയ്യാറെടുത്തു.
അവരുടെ ഭയം യാഥാര്ഥ്യത്തിലേക്ക് വഴിമാറിയത് നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു. മുറിവേറ്റുകിടന്ന സുഖ്റാമിന് മുന്നിലായി കാരവാന് സഡന് ബ്രേക്കിട്ട് നിന്നു. സുഖ്റാമിനെ മരണത്തിന് വിട്ടുകൊടുത്തിരിക്കുകയായിരുന്നു അനുകമ്പയേതുമില്ലാത്ത അയാളെ ആക്രമിച്ച കൊള്ളക്കാര്. ദാഹജലത്തിനായി അയാള് യാത്രക്കാരോട് കേണു. വെള്ളം കുടിച്ച അയാള് പതിയെ താന് ആക്രമിക്കപ്പെട്ട സംഭവം അവര്ക്ക് മുന്നില് വിവരിച്ചുതുടങ്ങി. ബെഹ്റമാണ് തന്നെ ആക്രമിച്ചതെന്ന് സുഖ്റാം വെളിപ്പെടുത്തിയതോടെ അന്തരീക്ഷത്തില് ഭീതിപടര്ന്നു. ആ പേരു കേട്ടതും യാത്രക്കാരുടെ നട്ടെല്ലിലൂടെ ഒരു മിന്നല്പ്പിണര് പാഞ്ഞു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളുടെ കണ്ണുകളില് ഭയം നിറഞ്ഞു. പേടിയും അനിശ്ചിതത്വവും പ്രതിധ്വനിക്കുന്ന.. ആവര്ത്തിച്ച് വേട്ടയാടുന്ന ഒരീണം പോലെ അന്തരീക്ഷത്തില് കനം നിറഞ്ഞു.
'അയാളുടെ ക്രോധത്തില് നിന്ന് നിങ്ങള് എങ്ങനെയാണ് രക്ഷപ്പെട്ടത്? ഏറ്റുമുട്ടുന്ന എല്ലാവരുടെയും ജീവന് കവരുമെന്നാണല്ലോ അയാള് അവകാശപ്പെടാറുള്ളത്.' അവിശ്വാസവും ഭയവും നിറഞ്ഞ കണ്ണുകളോടെ യാത്രക്കാര്ക്കിടയില് നിന്ന് ഒരു ചെറുപ്പക്കാരന് അയാളോട് ചോദിച്ചു.
സുഖ്റാം പതിയെ എഴുന്നേറ്റു. ചെറുപ്പക്കാരന്റെ തോളില് കൈവെച്ചുകൊണ്ട് അയാള് നിവര്ന്നുനിന്നു. മരവിപ്പിക്കുന്ന ശാന്തതയോടെ അയാള് മറുപടി നല്കി.' സ്വന്തം തീപ്പൊരി ബെഹ്റം എങ്ങനെ കെടുത്താനാണ്?' വളരെ പെട്ടെന്ന് കുറക്കന് ഓരിയിടുന്നതുപോലൊരു ശബ്ദം അയാളില് നിന്ന് ഉയര്ന്നു, രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അയാളുടെ അട്ടഹാസത്തിന്റെ പ്രതിധ്വനി അവിടെ മുഴങ്ങി. കാടിന്റെ നിഴലില് നിന്ന് പേടിപ്പെടുത്തുന്ന രൂപഭാവങ്ങളോടെ -താടിക്കാരായ, ചുവന്ന കണ്ണുകളുള്ള, തലക്കെട്ടുധരിച്ച - ഒരു സംഘം റോഡിലേക്കിറങ്ങി.
യാതൊരു മുന്നറിയിപ്പുമില്ലാതെ, യാതൊരു അനുകമ്പയുമില്ലാത്ത ആ കൊള്ളക്കാര് രക്തം കട്ടപിടിക്കുന്ന തരത്തില് ശബ്ദം മുഴക്കി കാരവാനിലേക്ക് പ്രവേശിച്ചു. കൊള്ളക്കാരുടെ ക്രൂരതയ്ക്കെതിരേ പ്രതികരിക്കാന് യാതൊരു അവസരവും യാത്രക്കാര്ക്ക് ലഭിച്ചില്ല. സജീവമായിരുന്ന ആ കാരവാന് നിമിഷങ്ങള്ക്കുള്ളില് അങ്ങേയറ്റം നിശബ്ദമായി. ജീവന് നഷ്ടപ്പെട്ട 15 ശരീരങ്ങള് വാഹനത്തിനകത്ത് ചിതറിക്കിടന്നു. പുരുഷന്മാര്, സ്ത്രീകള്, കുട്ടികള് കൊള്ളക്കാരുടെ നരനായാട്ടില് നിന്ന് ആരും രക്ഷപ്പെട്ടില്ല.
അത്ഭുതകരമെന്ന് പറയട്ടേ, ഒരു രക്തത്തുള്ളിപോലും അവിടെ ചിന്തിയില്ല. യാത്രക്കാരെ മുറിപ്പെടുത്താനായി കത്തികളോ വാളുകളോ ഉപയോഗിച്ചിരുന്നില്ല. അക്രമം നടന്നതിന്റെ യാതൊരു അടയാളങ്ങളും അവശേഷിപ്പിക്കാതെ ഇരകളുടെ കഴുത്തില് കുരുക്കിട്ട് മുറുക്കിയാണ് കൊല നടത്തിയത്. സ്വര്ണവും പണവും ഉള്പ്പടെ വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കപ്പെട്ടു. തുടര്ന്ന് താല്ക്കാലികമായി തീര്ത്ത കുഴികളില് യാത്രക്കാരുടെ മൃതദേഹങ്ങള് മറവുചെയ്തു. ഭീകരമായ ഏറ്റുമുട്ടല് നടന്നതിന്റെ യാതൊരു സൂചനകളും ബാക്കിവെക്കാതെ മണിക്കൂറുകള്ക്കുള്ളിലാണ് തെളിവുകള് നശിപ്പിക്കപ്പെട്ടത്.
*******
'കബളിപ്പിക്കൽ' എന്നര്ഥമുള്ള സംസ്കൃതപദത്തില് നിന്നാണ് Thuggee എന്ന വാക്കിന്റെ ഉത്ഭവം. 13-19 നൂറ്റാണ്ടുകളില് കൊള്ളക്കാരുടെ സംഘങ്ങള് ഇന്ത്യയില് പ്രബലമായിരുന്നു. ഇവര് കാളിയുടെ പേരില് ബലികള് നടത്തിയിരുന്നു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്ത് 'Thug' എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയുടെ ഭാഗമാകുകയും ചെയ്തു.
യാത്രക്കാര്ക്കിടയില് വിശ്വാസം നേടിയെടുക്കുക, രാത്രികാലങ്ങളില് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അവരെ ഞെട്ടിക്കുക, രക്തം ചിന്താതിരിക്കാനുള്ള മുന്കരുതലെന്നോണം ആയുധങ്ങള് ഉപയോഗിക്കാതിരിക്കുക, പകരം കൊലയ്ക്ക് കൈലേസുകളോ കുരുക്കുകളോ ഉപയോഗിക്കുക. സംഘത്തിനകത്തുതന്നെ പ്രത്യേകം പ്രത്യേകം ജോലികളാണ് ഓരോരുത്തര്ക്കും ചെയ്യാനുണ്ടായിരുന്നത്. ചിലരുടെ ജോലി നിരീക്ഷണമായിരുന്നുവെങ്കില് കൊലപാതകം നടത്തേണ്ടത് മറ്റുചിലരായിരുന്നു. കൊള്ളക്കാരുടെ ആക്രമണത്തില് ഏകദേശം ഇരുപതുലക്ഷത്തോളം ആളുകള് മരണപ്പെട്ടതായാണ് കണക്കാക്കുന്നത്. വിശ്വാസയോഗ്യമായ ചരിത്രരേഖകളുടെ അഭാവമുള്ളതിനാല് കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണം ഇപ്പോഴും ലഭ്യമല്ല. ആകെയുള്ളത് ഊഹക്കണക്കുകള് മാത്രമാണ്. കൊള്ളക്കാരില് ഏറ്റവും ഭീകരന് ബെഹ്റം ആയിരുന്നു. മരണം, ഭീകരത എന്നീ വാക്കുകള് ബെഹ്റമിന്റെ പര്യായമായാണ് കണക്കാക്കിയിരുന്നത്. 931 കൊലപാതകങ്ങള് നടത്തിയ ലോകത്തെ ഏറ്റവും ഭീകരനായ പരമ്പരക്കൊലയാളി!
********
1765-ലാണ് ബെഹ്റമിന്റെ ജനനം. മധ്യപ്രദേശിലെ ജബല്പുരില് നിന്ന് അധികം അകലെയല്ലാത്ത ഒരു ഗ്രാമത്തില്. 25-ാമത്തെ വയസ്സില് അടുത്ത സുഹൃത്ത് ഫിരംഗിയാണ് ബെഹ്റമിനെ കൊള്ളസംഘത്തിലേക്ക് എത്തിക്കുന്നത്.
വനത്തിന്റെ ഹൃദയഭാഗത്ത് അതിപുരാതനമായ കാളീവിഗ്രഹത്തെ വലംവെക്കുകയായിരുന്നു അവര് നാല്പതുപേര്. അക്കൂട്ടത്തിലേക്കാണ് ബെഹ്റം എത്തുന്നത്. ആ സംഘത്തിലേക്ക് പ്രവേശനം നേടുന്നതിന് മുമ്പായി ബെഹ്റമിന് ഒരു പരീക്ഷണം അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ബെഹ്റത്തിന് വഴികാട്ടിയായത് സംഘത്തിലെ ഉസ്താദ് എന്ന് വിളിക്കപ്പെട്ട ആളാണ്. ദേവിയോടുള്ള ഭക്തിയും കൂറും പ്രഖ്യാപിച്ചുകൊണ്ട് ഉസ്താദ് തങ്ങളുടെ ലക്ഷ്യം ഉറക്കെ പ്രസ്താവിച്ചു- കാളിയുടെ രക്തദാഹം ശമിപ്പിക്കണം. കൈയും കാലും കെട്ടി ഒരാളെ ദേവിക്ക് മുന്നിലേക്കിട്ടു. അയാളായിരുന്നു തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ ബലി. താമസിയാതെ ബെഹ്റത്തിന് ഒരു മഞ്ഞത്തൂവാല ഉസ്താദ് കൈമാറി. അന്തരീക്ഷം ഭക്തിയാല് മുറുകി. ആള്ക്കൂട്ടത്തിന്റെ മന്ത്രോച്ഛാരണം ഉയര്ന്നതോടെ ആദ്യം മടിച്ചുനിന്നെങ്കിലും ബലിമൃഗമാക്കപ്പെട്ട, ജീവനുവേണ്ടി കേഴുന്ന ആ മനുഷ്യന്റെ കഴുത്തില് ബെഹ്റം കുരുക്ക് മുറുക്കി.
ബെഹ്റത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉസ്താദ് വലിയ ശബ്ദമുണ്ടാക്കി. ബെഹ്റം ഭക്തിപാരവശ്യത്തിലേക്കുയര്ന്നു. കുരുക്ക് മുറുകിയതോടെ ബലിയാടാക്കപ്പെട്ട ആ മനുഷ്യന് ശ്വാസത്തിന് വേണ്ടി പിടഞ്ഞു. അയാളുടെ പിടച്ചില് നിലച്ചതോടെ അവിടമാകെ നിശബ്ദത പരന്നു. തുടക്കത്തില് വിറച്ചുനിന്ന ബെഹ്റം മറ്റൊരാളായിരുന്നു. ബലിയര്പ്പിക്കപ്പെട്ടുകിടക്കുന്ന ആ മനുഷ്യശരീരത്തിന് മുന്നില് വര്ധിച്ച ദൃഢനിശ്ചയത്തോടെ അയാള് നിലയുറപ്പിച്ചു.
ഉസ്താദ് അഭിമാനത്തോടെ ബെഹ്റമിനെ ആശ്ലേഷിച്ചു. ആദ്യ കൃത്യമെന്ന നിലയില് ബെഹ്റം നേരിട്ട ബുദ്ധിമുട്ടുകളെ അയാള് അംഗീകരിച്ചു. കൂടുതല് ഊര്ജത്തോടെ അധ്വാനിക്കാനുള്ള കരുത്ത് കാളി അവന് നല്കട്ടേയെന്ന് അനുഗ്രഹിച്ചു. അതൊരു തുടക്കമായിരുന്നു.
ബെഹ്റം കാളിയുടെ യോഗ്യനായ പുത്രനാണെന്ന് തെളിയിച്ചു. യാഥാസ്ഥിതികമായ രീതികളിലെ കുറവുകള് തിരിച്ചറിഞ്ഞ് അയാള് മാരകമായ മറ്റൊരു കണ്ടുപിടിത്തത്തിന് മുതിര്ന്നു. അത് അയാള് സയീദ് എന്ന ഫിരംഗിക്ക് മുന്നില് അവതരിപ്പിക്കുകയും ചെയ്തു. ഒരു മഞ്ഞനിറത്തിലുള്ള അരപ്പട്ട അതായിരുന്നു ബെഹ്റം മുന്നോട്ടുവെച്ച ആയുധം. അതിനകത്ത് ഒരു നാണയം അയാള് ഒളിപ്പിച്ചുവെച്ചിരുന്നു. ഇരയെ പെട്ടെന്ന് വകവരുത്തുന്നതിനുള്ള രഹസ്യ ആയുധം.
'ഒരാളെ പത്തുസെക്കന്ഡുകള്ക്കുള്ളില് കൊലപ്പെടുത്താന് സാധിക്കുമെന്ന് ഞാന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കുമോ?' ബെഹ്റം സയീദിനോട് ചോദിച്ചു.
'അസാധ്യം!! ഒരാളെ വധിക്കാനായിട്ട് ഒരു മിനിട്ടെങ്കിലും വേണ്ടിവരും. തന്നെയുമല്ല അയാളെ കീഴ്പ്പെടുത്തുന്നതിനായി നമ്മള് മൂന്നുപേരെങ്കിലും വേണ്ടിവരും.' സയീദ് അനുഭവത്തില് നിന്ന് പറഞ്ഞു.
ലോകത്തെ ഏറ്റവും അപകടകാരിയായ പരമ്പരക്കൊലയാളിയെന്ന വിശേഷണത്തോടെയാണ് റെക്കോഡ് പുസ്തകത്തില് പ്രവേശിക്കാന് ഒരു സംഗതി അയാള് ഫിരംഗിക്ക് മുന്നില് അനാവരണം ചെയ്യുന്നത്.
'ഞാന് ഒരു സംഗതി രൂപകല്പന ചെയ്തുകൊണ്ടിരിക്കുകയാണ്.' അതുപറഞ്ഞുകൊണ്ട് അയാള് തന്റെ മഞ്ഞ അരപ്പട്ട അയാള്ക്ക് കാണിച്ചുകൊടുത്തു. അയാള് അതു തുറന്നതും അരപ്പട്ടയ്ക്ക് മധ്യഭാഗത്തായി ഒരു നാണയം തുന്നിവെച്ചത് അയാളുടെ ദൃഷ്ടിയില് പെട്ടു.
'ആ നാണയം അവിടെ എന്തിനാണ് വെച്ചിരിക്കുന്നത്?' ബെഹ്റം ചോദിച്ചു.
'അതാണ് എന്റെ ആയുധം!' ബെഹ്റം വെളിപ്പെടുത്തി. 'നിങ്ങള് ഇത് എതിരാളിയുടെ കഴുത്തില് ചുറ്റുകയാണെങ്കില് ആ നാണയം അയാളുടെ തൊണ്ടമുഴയ്ക്ക് മുകളിലായാണ് വരിക. വായുസഞ്ചാരം വേഗത്തില് തടസ്സപ്പെടുത്താനായി സാധിക്കും. വളരെ വേഗത്തില് പ്രതിയോഗിയെ കൊലപ്പെടുത്താന് അതിലൂടെ സാധിക്കും.' ബെഹ്റം പറഞ്ഞു.
- 90ഗ്രാം തൂക്കമുള്ള 2.5 ഇഞ്ച് വ്യാസമുള്ള നാണയം പോലെ തോന്നുന്ന ഒന്ന്. അതിന്റെ ഒരു വശത്ത് ഇറ്റാലിയന് പെയിന്റര് അന്റോണിയോ കനോവയുടെ തലയാണ് ആലേഖനം ചെയ്തിരുന്നുന്നത്. മറുവശത്ത് അയാളുടെ 'ദ ത്രീ ഗ്രേസസ്' എന്ന ചിത്രവും. ഇന്ന് ആ കുപ്രസിദ്ധമായ റുമാല് ഓണ്ലൈനില് കാണാന് സാധിക്കും. കൗതുകവസ്തുക്കള് ശേഖരിക്കുന്ന അജ്ഞാതനായ ഒരാള് അത് ഒരു സ്വകാര്യ മ്യൂസിയത്തില് സൂക്ഷിച്ചിരിക്കുകയാണത്രേ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള കൊള്ളക്കാരെല്ലാം ബെഹ്റാമിന്റെ കൊള്ളസംഘത്തില് ചേരുന്നതിനായി കൊതിച്ചിരുന്നു. ബെഹ്റാമും ഫിരംഗിയുമായിരുന്നു അവരുടെ കൊള്ളസംഘത്തെ നയിച്ചിരുന്നത്. ഏകദേശം ഇരുന്നൂറോളം കൊള്ളക്കാരാണ് സംഘത്തില് ഉണ്ടായിരുന്നത്. അവരുടെ കണ്ണില് ഡസന് കണക്കിന് ആളുകളെ അവര് ബലിയര്പ്പിച്ചുകൊണ്ടിരുന്നു.
രാജ്യം മുഴുവന് കൊള്ളക്കാരെ ഭയന്നു. ഉത്തരേന്ത്യന് സംസ്ഥാനങ്ങള് കൊള്ളക്കാരെ 'തഗ്സ്' എന്നാണ് വിളിച്ചിരുന്നത്. ജബല്പുര് പ്രദേശത്ത് 'ഭാസിഗര്' എന്നാണ് അവര് അറിയപ്പെട്ടിരുന്നത്. തമിഴില് അരിതുളുകര്, തെലുങ്കില് വാര്ലു വാഹ്ണ്ടുലു അഥവാ വാര്ലു വൈശ വാഹ്ണ്ട്ലു - കുരുക്കുപയോഗിക്കുന്നവര്. ഈ കൊള്ളക്കാര് രാജ്യത്തെ മുഴുവന് ഭീതിയിലാഴ്ത്തുകയായിരുന്നു.
അവര് പ്രാദേശവാസികളെ മാത്രമല്ല ആക്രമിച്ചിരുന്നത്, ബ്രിട്ടീഷുകാരേയും അവര് ആക്രമിച്ചിരുന്നു. 'ഗോര' (വെള്ളക്കാര്) എന്നുവിളിച്ചിരുന്ന ബ്രിട്ടീഷുകാരെ അവര് യാതൊരു ദയയുമില്ലാതെ വധിച്ചു. 'അവര് നമ്മളെ കൊലപ്പെടുത്തുകയും നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്തു. അതുകൊണ്ട് നമ്മളും അവരെ കൊല്ലുകയും കൊള്ളയടിക്കുകയും വേണം.' ബെഹ്റം തന്റെ സംഘത്തോട് പറഞ്ഞു.
കൊള്ളക്കാരുയര്ത്തുന്ന ഭീഷണി തടയുന്നതിന് വേണ്ടി 'തഗ് പോലീസ്' എന്നറിയപ്പെടുന്ന പ്രത്യേക പോലീസ് സംഘത്തിന് തന്നെ ബ്രിട്ടീഷുകാര് രൂപംനല്കിയിരുന്നു. കൊള്ളക്കാരെ നേരിടുന്നതിന് ഇവര്ക്ക് അനിയന്ത്രിതാവകാശവും നല്കിയിരുന്നു. ക്യാപ്റ്റന് വില്യം ഹെന്റി സ്ലീമാനായിരുന്നു തഗ് പോലീസ് സൂപ്രണ്ട്. സ്വത്തിനും ജീവനും ഭീഷണിയുയര്ത്തുന്ന കൊള്ളസംഘത്തെ ഇല്ലാതാക്കാനുള്ള ദൗത്യം സ്ലീമാനെ ഏല്പ്പിക്കുമ്പോള് 50 വയസ്സായിരുന്നു അയാളുടെ പ്രായം. ആ പ്രായത്തില് കാണാനിടയില്ലാത്ത ഊര്ജസ്വലതയോടെയാണ് സ്ലീമാന് തന്നെ ഏല്പ്പിച്ച ദൗത്യം ഏറ്റെടുത്തത്. തങ്ങളെ നിര്മാര്ജനം ചെയ്യാനായി തുനിഞ്ഞിറങ്ങിയ സ്ലീമാന് എന്ന വെള്ളക്കാരനെ കുറിച്ച് ബെഹ്റവും ഫിരംഗിയും കേട്ടിരുന്നു. മാ ഭവാനിയുടെ അനുഗ്രഹം തങ്ങള്ക്കുമേല് ഉള്ളിടത്തോളം കാലം ആര്ക്കും തങ്ങളെ ഒന്നും ചെയ്യാന് സാധിക്കില്ലെന്നാണ് അവര് വിശ്വസിച്ചിരുന്നത്.
തന്റെ ദൗത്യം നിറവേറ്റുന്നതില് പ്രതിജ്ഞാബദ്ധനായിരുന്ന സ്ലീമാന് യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊള്ളസംഘത്തെ വേട്ടയാടിത്തുടങ്ങി. ഒരുകാലത്ത് കൊള്ളക്കാരെ ഭയപ്പെട്ടിരുന്ന ബ്രിട്ടീഷ് സൈന്യവും കൊളോണിയൽ സര്ക്കാരും അയാളുടെ നേതൃത്വത്തില് ധൈര്യം വീണ്ടെടുത്തു. സ്ലീമാന് തന്റെ പരിശ്രമത്തില് ഏകദേശം 1400 കൊള്ളക്കാരെ അതിനകം തന്നെ കാലപുരിക്ക് അയച്ചിരുന്നു. ഒരിക്കല് എല്ലാവരേയും വിറപ്പിച്ചിരുന്ന കൊള്ളക്കാര് സ്ലീമാന്റെ പേരുകേട്ടാല് വിറയ്ക്കുന്ന അവസ്ഥയിലേക്കെത്തി.
ഒട്ടും വഴങ്ങാന് കൂട്ടാക്കാത്ത നിശ്ചയദാര്ഢ്യം നല്കിയ കരുത്തില് ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന കൊള്ളസംഘത്തെ വേട്ടയാടാനുള്ള പ്രയത്നം ആരംഭിച്ചു. 11 വര്ഷം നീണ്ട നിരന്തര പരിശ്രമത്തിനൊടുവില് അയാള്ക്ക് ബെഹ്റമിനെ പരുങ്ങലിലാക്കാന് സാധിച്ചു.
സ്ലാമാന് ഫിരംഗിയുടെ കുടുംബത്തെ വേട്ടയാടുകയാണ് അതിനാദ്യം ചെയ്തത്. അയാളുടെ കുടുംബത്തെ അദ്ദേഹം തടവിലാക്കി. ഫിരംഗിയോട് കീഴടങ്ങാന് അയാള് ആവശ്യപ്പെടുകയും ചെയ്തു.
'സ്ലീമാന്, ഞങ്ങളെ തടയാന് നിങ്ങള്ക്ക് കഴിയുമെന്നാണോ കരുതുന്നത്?'ഫിരംഗി ചോദിച്ചു. അയാളുടെ കണ്ണില് എതിര്പ്പിന്റെ കനലെരിഞ്ഞു.
'നിന്റെ കുടുംബത്തിന്റെ വിധി എന്റെ കൈകളിലാണ് ഫിരംഗി' സ്ലീമാന് മുന്നറിയിപ്പ് നല്കി. അയാള് ബെഹ്റമുമായി ബന്ധപ്പെട്ട വിവരങ്ങള് അറിയുന്നതിനായി ഫിരംഗിയില് സമ്മര്ദ്ദം ചെലുത്തി. അയാള് ഫിരംഗിയെ മര്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
'ബെഹ്റം എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് പറയൂ. അല്ലെങ്കില് നിന്റെ കുടുംബത്തെ വച്ചേക്കില്ല.' സ്ലീമാന് അലറി. 'അവര്ക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല, അവരെ വിട്ടേക്കൂ..' നിഷ്കളങ്കരായ കുടുംബത്തെ രക്ഷിക്കാനുള്ള തത്രപ്പാടില് സ്ലീമാന്റെ കാരുണ്യത്തിനായി ബെഹ്റം കേണു.
അയാളുടെ ദൗർബല്യം തിരിച്ചറിഞ്ഞ സ്ലീമാന് ഒരു ഉപാധി മുന്നോട്ടുവെച്ചു. 'നിന്റെ കുടുംബത്തെ രക്ഷിക്കാന് ഒരുവഴിയുണ്ട്. ബെഹ്റമിനെ കണ്ടെത്താനായി എന്നെ സഹായിക്കൂ. കുടുംബത്തിന്റെ സുരക്ഷിതത്വം ഞങ്ങള് ഉറപ്പുനല്കാം.' അയാള് പറഞ്ഞു.
കുടുംബത്തെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില് എന്തുചെയ്യാനും ഫിരംഗി തയ്യാറായി. അങ്ങനെ വളരെ തന്ത്രപരമായ നീക്കത്തില് ഫിരംഗിയുടെ സഹകരണം അയാള് ഉറപ്പുവരുത്തി. അവനെ നിര്ണായകമായ വിവരങ്ങള് എത്തിച്ചുതരുന്നവനാക്കി. അന്നത്തെ കാലത്ത് 'King's Evidence'എന്നാണ് അത് അറിയപ്പെട്ടിരുന്നത്.
അധികം വൈകാതെ തന്നെ ബെഹ്റമിനെ കുറിച്ചുള്ള നിര്ണായക വിവരങ്ങള് അയാള് കൈമാറി. പ്രണയിനിയായ മുംതാസിനെ കാണാന് ബെഹ്റം സ്ഥിരമായെത്തുന്ന വേശ്യാലയത്തെ കുറിച്ച് ഫിരംഗി സ്ലീമാനോട് കുമ്പസരിച്ചു.
*********
എഴുപത്തിയഞ്ചു വയസ്സുണ്ടായിരുന്നു അന്ന് ബെഹ്റമിന്. പ്രായം അയാളുടെ യൗവനത്തിന് പോറലേല്പ്പിച്ചിരുന്നില്ല. മുംതാസിന് വിലയേറിയ സമ്മാനങ്ങള് നല്കിക്കൊണ്ട് അയാള് അവളുടെ ഇഷ്ടം പിടിച്ചുപറ്റി. ഒരിക്കല് അയാള് അവള്ക്ക് സമ്മാനിച്ചത് ഒരു സ്വര്ണ മോതിരമായിരുന്നു, അതില് പതിപ്പിച്ചിരുന്ന കല്ല് വിളക്കിന്റെ പ്രഭയില് തിളങ്ങി. ആ തിളക്കത്തിനൊപ്പം മുംതാസിന്റെ മനസ്സിലും ആകാംക്ഷ നിറഞ്ഞു.
'നിങ്ങളെ പണക്കാരനായ ഒരു കച്ചവടക്കാരനായോ ജമീന്ദാറായോ ഒന്നും തോന്നുന്നില്ലല്ലോ. എന്നിട്ടും നിങ്ങള് എനിക്കീ വിലപിടിച്ച മോതിരം തന്നു.
എവിടെ നിന്നാണ് നിങ്ങള്ക്കിത് ലഭിച്ചത്?'
മുംതാസിന്റെ അന്വേഷണം അന്തരീക്ഷത്തില് തങ്ങിനിന്നു, ആ മോതിരം വിലക്കപ്പെട്ട ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു. നിശബ്ദനായിരിക്കാനല്ല മറിച്ച് അവളെ വശീകരിക്കാനാണ് അയാള് ആ നിമിഷം തിരഞ്ഞെടുത്തത്.
'എനിക്കീ മോതിരം എവിടെ നിന്ന് ലഭിച്ചുവെന്നുള്ളതില് എന്തിരിക്കുന്നു? ആര്ക്കുവേണ്ടിയാണ് ഞാനിത് കൊണ്ടുവന്നിരിക്കുന്നത് എന്നതിലല്ലേ കാര്യം!' ഉള്ളിലെ കൊടുങ്കാറ്റിനെ മറച്ചുകൊണ്ട് മനോഹരമായി ചിരിച്ചുകൊണ്ട് അയാള് പറഞ്ഞു. ഉപരിതലത്തിനിടയില് അപ്പോള് ഒരു കൊടുങ്കാറ്റ് വീശിയടിക്കാന് ഒരുങ്ങുകയായിരുന്നു.
പെട്ടെന്ന് താഴത്തെ നിലയില് നിന്നൊരു സ്ഫോടന ശബ്ദം ഉയര്ന്നു. അപകടം മണത്ത അയാള് ബാല്ക്കണിയിലേക്ക് ഓടിയെത്തി. ശക്തരായ സൈന്യം മുറികളിലേക്ക് പ്രവേശിക്കാന് കിണഞ്ഞുപരിശ്രമിക്കുന്നത് അയാള് കണ്ടു. തിരിച്ചറിവ് ഒരു ഇടിമുഴക്കം പോലെ അയാളെ ബാധിച്ചു. വളരെ കുറച്ച് നിമിഷങ്ങള് മാത്രമേ അയാള്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. വിശ്വസ്തരായ തന്റെ പടയാളികള് കാത്തിരിക്കുന്ന കുതിരാലയത്തെ ലക്ഷ്യമാക്കി പിന്വശത്തെ ഗോവണി വഴി അയാള് കുതിച്ചു. സമയത്തിന്റെ തിടുക്കം തിരിച്ചറിഞ്ഞ അയാളുടെ കാലുകള് ഓരോ ചുവടിലും പ്രായത്തിന്റെ അവശതയില് ചെറുതായി ക്ലേശിച്ചു. കുതിരാലയത്തിലെത്തിയതും സമീപിച്ചുകൊണ്ടിരിക്കുന്ന അപകടത്തില് നിന്ന് രക്ഷപ്പെടുന്നതിനായി അയാള് ശ്രമിച്ചു.
'എവിടേക്കാണ് ബെഹ്റം നിങ്ങള് ഓടുന്നത്?' തികച്ചും അപ്രതീക്ഷിതമായി രക്തം മരവിപ്പിക്കുന്ന ഒരു ശബ്ദം അന്തരീക്ഷത്തില് മുഴങ്ങി. സ്ലീമാന് എന്ന വെള്ളക്കാരന്റെയും അയാളുടെ സൈന്യത്തിന്റെയും സാന്നിധ്യം അറിയിച്ചുകൊണ്ട് ആ ചോദ്യം കുതിരാലയത്തില് പ്രതിധ്വനിച്ചു. ഒരുകാലത്ത് പിടികിട്ടാപ്പുള്ളിയായിരുന്ന കൊള്ളക്കാരുടെ രാജാവിനുനേരെ അവരുടെ റൈഫിളുകള് ഉന്നംപിടിച്ചു.
താന് നിയമത്തിന്റെ വലയില് അകപ്പെട്ടതായി ആ നിമിഷം ബെഹ്റം ജമേദാര് തിരിച്ചറിഞ്ഞു. ആഗ്രഹത്തിന്റെയും പ്രതികാരത്തിന്റെയും ഇടയിലുള്ള അപകടകരമായ ഒരു നൃത്തത്തിന്റെ ആവേശ്വോജ്വലമായ ഒരു ക്ലൈമാക്സ്. ബെഹ്റാമിനെ പുകച്ചുപുറത്തുചാടിക്കാന് സ്ലീമാന് വിദഗ്ദമായി വേശ്യാലയത്തിൽ കുഴപ്പങ്ങളുണ്ടാക്കി. കുതിരലായം വഴിയായിരിക്കും അയാള് രക്ഷപ്പെടാന് ശ്രമിക്കുകയെന്ന് ഊഹിച്ച സ്ലീമാന് അയാള്ക്കായി അവിടെ കാത്തിരുന്നു.
പിടിയിലായ ബെഹ്റം 931 ആളുകളെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം നടത്തിയത്. 956 കൊലപാതകങ്ങള്ക്ക് അയാള് ദൃക്സാക്ഷിയുമായിരുന്നു. ബെഹ്റമിനെ വിചാരണയൊന്നും കൂടാതെയാണ് കുറ്റക്കാരനെന്ന് മുദ്രകുത്തിയതും തൂക്കിലേറ്റിയതും. അതും തികച്ചും രഹസ്യമായി. കൊള്ളക്കാരുടെ സംഘത്തില് ചേരുന്നവരുടെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന മുന്നറിയിപ്പ് നല്കി അയാളുടെ മൃതദേഹം പൊതുജനങ്ങള്ക്ക് മുന്നില് പ്രദര്ശനത്തിന് വെക്കുകയും ചെയ്തു.
സ്ലീമാന്റെ കര്മകുശലതയെയും ധീരതയെയും അംഗീകരിച്ചുകൊണ്ട് 1856-ല് അദ്ദേഹത്തിന് 'ഓര്ഡര് ഓഫ് ദ ബാത്ത്' നല്കി ആദരിച്ചിരുന്നു. ചെന്നായ്ക്കള് വളര്ത്തിയ കുട്ടികളെ കുറിച്ച് ആറ് കഥകള് അയാള് രചിച്ചിരുന്നു. ഈ പുസ്തകമാണ് പിന്നീട് റുഡ്യാര്ഡ് കിപ്ലിങ്ങിന്റെ 'മൗഗ്ലി ആന്ഡ് ദ ജംഗിള്ബുക്കി'ന് പ്രചോദനമായത്.
ദൗത്യം വിജയകരമായി പൂര്ത്തിയാക്കിയ സ്ലീമാന് പിന്നീട് ബ്രിട്ടണിലേക്ക് തിരിച്ചുപോയി. പക്ഷേ അയാള് വീട്ടിലെത്തിയില്ല. ശ്രീലങ്കയ്ക്ക് സമീപം ഒരു കപ്പലില് അയാള് മരണപ്പെട്ടു. അയാളെ കടലില് തന്നെ അടക്കി. ഒരു നാണയത്തിന്റെ ഇരുവശങ്ങളായിരുന്നു കൊള്ളക്കാരന് ബെഹ്റമും സ്ലീമാനും.
അവരിലൊരാളുടേത് തികച്ചും പൈശാചികമായ അന്ത്യമായിരുന്നു. അടുത്തയാളാകട്ടെ ഇന്ത്യന് ചരിത്രത്തിലെ രക്തപങ്കിലമായ ഒരു കാലഘട്ടത്തിന് തന്നെ അന്ത്യം കുറിച്ചു.
പുനരാഖ്യാനം: രമ്യ ഹരികുമാര്
Content Highlights: THUG BEHRAM – THE MAN WHO KILLED 931 PEOPLE, crime gate by Anirban Bhattacharyya
Published: 13 Dec 2023, 12:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented