
രാജ്യമാകെ പ്രകമ്പനം കൊള്ളിച്ച ഒരു കഥയുടെ ചുരുളഴിക്കുകയാണ്. ഒരു കാലത്ത് മഹാരാഷ്ട്രയെ വിറപ്പിച്ച ഗാവിറ്റ് സഹോദരിമാരും അവരുടെ അമ്മയും ചെയ്തുകൂട്ടിയ അസ്ഥിമരവിക്കുന്ന കൊലപാതക പരമ്പരയിലേക്കുള്ള തിരിഞ്ഞുനോട്ടം. കേള്ക്കുന്നവരുടെയെല്ലാം ഹൃദയം നുറുങ്ങുന്നത്ര പൈശാചികമായ ക്രൂരകൃത്യങ്ങള്. കുറ്റകൃത്യങ്ങളുടെ ലോകം കൂടുതലും ഭരിച്ചുകൊണ്ടിരുന്നത് പുരുഷന്മാരാണല്ലോ. എന്നാല് ആ പതിവില് നിന്ന് വ്യത്യസ്തമായി ഈ കഥയില് കൊല്ലിനും കൊലയ്ക്കും മുന്നില് നിന്നത് മനുഷ്യത്വം വറ്റിയ കുറച്ച് സ്ത്രീകളാണ്.
കൊള്ളയ്ക്കും കവര്ച്ചയ്ക്കും രക്തച്ചൊരിച്ചിലുമൊക്കെ പേരുകേട്ട മഹാരാഷ്ട്രയിലെ ഒരുള്പ്രദേശത്തായിരുന്നു അഞ്ജനാഭായി ഗാവിറ്റും മക്കളും കഴിഞ്ഞിരുന്നത്. വാത്സല്യം തുളുമ്പുന്ന മാതൃരൂപമൊന്നും അവര്ക്ക് നല്കേണ്ട. സകല വേലത്തരവും കൈയിലുള്ള ഒരു തികഞ്ഞ കുറ്റവാളി. അതായിരുന്നു അഞ്ജനാഭായി. മക്കളായ സീമയ്ക്കും രേണുകയ്ക്കും തന്റെ ക്രിമിനല് പാഠപുസ്തകത്തിലെ അറിവുകള് പകര്ന്നുകൊടുക്കാന് അഞ്ജനാഭായി മറന്നില്ല. അമ്മയെ വെല്ലുന്ന ക്രിമിനല് വാസനയുള്ളവരായി തന്നെ അഞ്ജനാഭായി മക്കളെ വളര്ത്തിയെടുത്തു.
വളരെ ചെറിയ പ്രായത്തില് തന്നെ രണ്ടുപേരും ലക്ഷണമൊത്ത മോഷ്ടാക്കളായി. നല്ല മൂല്യങ്ങള് അവര്ക്ക് കൈയെത്തിപ്പിടിക്കാനാകാത്ത ആഡംബരമാണ് എന്ന രീതിയിലാണ് അഞ്ജനാഭായി മക്കളെ വളര്ത്തിയത്. 1981-ലെ ഒരു വൈകുന്നേരം പേടിച്ചരണ്ട് 12-കാരിയായ രേണുക വീട്ടിലേക്ക് കയറിവന്നു. ഒപ്പം എട്ടുവയസ്സുകാരി സീമയും. ആകെ കലുഷിതമായ അന്തരീക്ഷത്തില് അഞ്ജനാഭായിയുടെ പരുക്കന് ശബ്ദം കത്തിപോലെ തുളച്ചുകയറി. ഇന്ന് ബസ് സ്റ്റാന്ഡിലെന്താ ഉണ്ടായത്. കഷ്ടിച്ച് രക്ഷപ്പെട്ടതാ എന്നെ പിടികൂടേണ്ടതായിരുന്നു, രേണുക വിറച്ചുവിറച്ചു പറഞ്ഞു. നിന്നെ ഞാന് പഠിപ്പിച്ചത് ഇതിനാണോ? അഞ്ജനയുടെ കണ്ണില് തീപാറി. രേണുകയെ കടിച്ചുതിന്നാനെന്ന പോലെ അവര് ആക്രോശിച്ചു. പിന്നോട്ടായാനുളള സമയം പോലെ കൊടുക്കാതെ ശരംകണക്കിന് നിര്ത്താതെയുള്ള തല്ല് രേണുകയ്ക്ക് മേല് പതിച്ചു.
ഏതാണ്ട് 1990-കളെത്തുമ്പോഴേക്കും അഞ്ജന മോഷണക്കുറ്റത്തിന് 16 തവണയെങ്കിലും അറസ്റ്റിലായിട്ടുണ്ടാകും. പഠിപ്പിച്ചതൊന്നും മറക്കാതെ രണ്ടുമക്കളും കൂടെതന്നെയുണ്ടായിരുന്നു. അതിനിടയ്ക്ക് രേണുകയ്ക്ക് ഒരു കുഞ്ഞുമായി. പോക്കറ്റടിക്ക് പിടിക്കപ്പെടുമെന്ന ഘട്ടം വരുമ്പോഴൊക്കെ അവള് ആവനാഴിയിലെ അവസാന അമ്പ് പുറത്തെടുക്കും. ഒരു കൈക്കുഞ്ഞിന്റെ അമ്മയ്ക്ക് ഇത്തരം അപരാധങ്ങളൊക്കെ ചെയ്യാന് കഴിയുമെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? പിന്നെ രേണുകയുടെ കണ്ണില് നിന്നുള്ള ജലപ്രവാഹത്തില് സകലരും മലര്ന്നടിച്ച് വീഴാറാണ് പതിവ്.
അനിർഭൻ ഭട്ടാചാര്യയുടെ കൂടുതൽ ലേഖനങ്ങൾ വായിക്കാം
രേണുകയുടെ വക്രബുദ്ധിയില് തോന്നിയ ആശയമായിരുന്നു അത്. തങ്ങള് ചെയ്യുന്ന കവര്ച്ചയില് നിന്ന് ശ്രദ്ധ തിരിക്കാന് കുട്ടികളെ ഉപയോഗിക്കുക. ഈ ആശയം അധികം വൈകാതെ അവര് നടപ്പിലാക്കുകയും ചെയ്തു. തത്ഫലമായി 40 കുട്ടികളെ കിഡ്നാപ് ചെയ്തു. അതില് ഒമ്പതു കുഞ്ഞുങ്ങളെ മൃഗീയമായി കൊന്നുകളയുകയും ചെയ്തു അവര്. ആറുവര്ഷത്തോളം നീണ്ടു, ആ മൂന്നുപിശാചുക്കളുടെയും രക്തപാനം.
1990-കളുടെ തുടക്കകാലത്താണ് അമ്മയും മക്കളും കുട്ടികളെ തട്ടിയെടുക്കാൻ തുടങ്ങിയത്. ആദ്യം കൊല്ലണമെന്ന ഉദ്ദേശ്യത്തിലായിരുന്ന തട്ടിക്കൊണ്ടുപോകലുകളൊന്നും. കുട്ടികളെ മറയാക്കി കവര്ച്ച നടത്തുക മാത്രമായിരുന്നു ലക്ഷ്യം. കുഞ്ഞുങ്ങളെ കാണിച്ചുള്ള പതിവ് കണ്ണീര്നാടകവും അനുകമ്പയും നേടിക്കൊണ്ടുള്ള രക്ഷപ്പെടലും തന്നെ. തിരക്കേറിയ റെയില്വേ സ്റ്റേഷനുകളിലും മാര്ക്കറ്റിലും ക്ഷേത്രങ്ങളിലുമൊക്കെയായിരുന്നു ഗാവിറ്റ് സഹോദരിമാരുടെ വേട്ടസ്ഥലം. ആദ്യം അവിടെയാകെ കണ്ണോടിക്കും. ഒറ്റപ്പെട്ട് നില്ക്കുന്ന ഏതെങ്കിലും കുഞ്ഞുങ്ങളെ കണ്ടാല് ഇരയെ കണ്ട മൃഗത്തേക്കാള് പൈശാചികതയോടെ ചിരിക്കും. ഒരു കഷ്ണം മിഠായിയോ കളിപ്പാട്ടം വാങ്ങിത്തരുമെന്ന വാക്കോ ഒരു ചെറിയ ചിരിയോ പോലും ധാരാളമായിരുന്നു കളങ്കം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ വലയില്വീഴ്ത്താന്.
മോഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഈ കുഞ്ഞുങ്ങളെ ഉപയോഗിക്കും. ആവശ്യം കഴിഞ്ഞ് അവരൊരു ബാധ്യതയായി തോന്നുന്ന അടുത്ത നിമിഷം അതിക്രൂരമായി ഇല്ലാതാക്കും. ശ്വാസംമുട്ടിച്ചും തല്ലിയും വെള്ളത്തിൽ മുക്കിയുമൊക്കെ മനുഷ്യത്വത്തിന്റെ നേരിയ ലാഞ്ഛന പോലുമില്ലാതെ അവർ കുഞ്ഞുങ്ങളെ കൊന്നുകൂട്ടി. പിടിക്കപ്പെടാതിരിക്കാൻ ആളൊഴിഞ്ഞ മേഖലകൾ നോക്കി മൃതദേഹങ്ങൾ ഉപേക്ഷിച്ചു.
ഒരു ബസ് സ്റ്റാന്ഡില് നിന്ന് തട്ടിയെടുത്ത സന്തോഷെന്ന കൈക്കുഞ്ഞായിരുന്നു അവരുടെ ആദ്യ ഇര. അവനെ ആദ്യ മോഷണത്തിന് ഉപയോഗിച്ചതും ഒരു ബസ് സ്റ്റാന്ഡില് തന്നെ. അന്ന് ശ്രമം പാളി പിടിക്കപ്പെടുമെന്നായപ്പോള് അവനെ തറയിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ കരച്ചിലിലും ബഹളത്തിലും ആളുകളുടെ ശ്രദ്ധ മാറിയപ്പോള് അവർ വിദഗ്ധമായി കടന്നുകളഞ്ഞു. ആവശ്യം കഴിഞ്ഞപ്പോള് ഒന്നുമറിയാത്ത ആ പിഞ്ചുകുഞ്ഞിനെ ഒരു ഇരുമ്പുവടി കൊണ്ട് നിഷ്കരുണം ഇല്ലാതാക്കി. അഞ്ജനാഭായി അവന്റെ ജീവനെടുക്കുന്നത് രേണുകയും സീമയും നിസംഗതയോടെ നോക്കിനിന്നു. താനും ഒരമ്മയാണെന്ന ബോധം അല്പം പോലും രേണുകയില് നിഴലിച്ചിരുന്നില്ല.
ഒരു വയസ്സുകാരന് ബണ്ടിയായിരുന്നു അടുത്ത ഇര. അവനെ കല്യാണ് ജങ്ഷന് റെയില്വെസ്റ്റേഷനില് നിന്നാണ് തട്ടിയെടുത്തത്. അടുത്ത ദിവസം വിക്ടോറിയ ടെര്മിനസില് നിന്നും മൂന്നുവയസ്സുകാരിയെ സ്വാതിയേയും രണ്ടര വയസ്സുകാരന് ഗുഡ്ഡുവിനെയും കിട്ടി. രേണുകയും സീമയും അഞ്ജനാഭായിയും പോക്കറ്റടിക്കുമ്പോള് അവരുടെ ശ്രദ്ധ തിരിക്കാനുള്ള പരിശീലനമാണ് കുഞ്ഞുങ്ങള്ക്ക് നല്കിയത്. തീരെ ചെറിയ കുഞ്ഞുങ്ങളായതു കൊണ്ട് പലപ്പോഴും ഇവര് കരയും. ഇത് അയല്ക്കാര് ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. അവര് ഇതിനെപ്പറ്റി ചോദിക്കുമ്പോഴെല്ലാം അമ്മയും മക്കളും എന്തെങ്കിലും കള്ളം പറഞ്ഞൊഴിയും.
കൂടുതൽ കോളങ്ങളും പ്രീമിയം ലേഖനങ്ങളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
ഒരു ദിവസം ഒരു മോഷണത്തിനിടെ അഞ്ജനാഭായി ചെയ്തത് പോലെ സീമ ബണ്ടിയേയും താഴേക്കെറിഞ്ഞു. കുഞ്ഞിന് അതിഗുരുതരമായി പരിക്കേറ്റു. വേദന സഹിക്കാനാകാതെ അവന് അലറിക്കരഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയില് ഗുഡ്ഡുവും വീണ് മുറിവുപറ്റി. അവനും കരച്ചില് നിര്ത്താതെയായി. അയല്ക്കാരൊക്കെ ചോദ്യം തുടങ്ങിയതോടെ ബണ്ടിയെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് അഞ്ജനാഭായി മക്കളോട് പറഞ്ഞു.
1993 മെയില് ഒരു വണ്ടി വിളിച്ച് രണ്ട് കുഞ്ഞുങ്ങളെയും അതിലിട്ടു. പുണെയില് നിന്നും ഖണ്ഡാള ഖാട്ടിലെത്തിയപ്പോള് ഡ്രൈവറോട് വണ്ടി നിര്ത്താന് അഞ്ജനാഭായ് ആവശ്യപ്പെട്ടു. സമയം രാത്രി പതിനൊന്നരയോട് അടുത്തിട്ടുണ്ടാകും. ബണ്ടിയും ഗുഡ്ഡുവും നല്ല ഉറക്കമാണ്. ഡ്രൈവര് വണ്ടിനിര്ത്തുന്ന സമയം കൊണ്ടു തന്നെ രേണുക ബണ്ടുവിന്റെ കഴുത്തില് പിടിയമര്ത്തിയിരുന്നു. സെക്കന്ഡുകള് പോലും വേണ്ടിവന്നില്ല ആ കുഞ്ഞുജീവനെ ഞെരിച്ചമര്ത്താന്. അവന്റെ ദേഹം അഞ്ജനാഭായി കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയില് സീമയുടെ കൈകള് ഗുഡ്ഡുവിന്റെ മുഖത്തും അമര്ന്നുകഴിഞ്ഞിരുന്നു. അവനെ അവിടുന്നു കുറച്ചുമാറി ആളൊഴിഞ്ഞ ഒരു റോഡരികിലാണ് ഉപേക്ഷിച്ചത്. രണ്ടു മൃതദേഹങ്ങള് ഒരേസ്ഥലത്തായാല് കണ്ടുപിടിക്കാൻ എളുപ്പമാകുമെന്ന് അഞ്ജനയുടെ ബുദ്ധിയില് തെളിഞ്ഞിരുന്നു.
രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള് പോലീസ് കണ്ടെത്തിയെങ്കിലും രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താന് പോലീസിനായില്ല. കുട്ടികളെ കാണ്മാനില്ലെന്ന് പരാതികള് പ്രവഹിച്ചുകൊണ്ടേയിരുന്നു. എന്നാല് പലപ്പോഴും നിര്ധനരും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരുമായ മാതാപിതാക്കള് പകുതിവഴിയെത്തുമ്പോഴേക്കും പിന്തിരിയും. അന്വേഷണം അവിടെ അവസാനിക്കും. മൂവര്സംഘം കൊലപാതകങ്ങള് തുടര്ന്നുകൊണ്ടേയിരുന്നു. ഓരോ കുട്ടിയെ കൊല്ലുമ്പോഴും പുതിയ കുട്ടികളെ തട്ടിയെടുത്തുകൊണ്ടുമിരുന്നു.
മരവിക്കുന്ന തണുപ്പായിരുന്നു നിഗൂഢതകള് മണക്കുന്ന ഒക്ടോബര് കാറ്റിന്. നാസിക്കിലെ കാളിക മന്ദിരത്തിന്റെ പടവുകള് കയറുമ്പോള് സുജാത ദിവാന് മൂത്ത മകള് ശ്വേതയുടെ കൈകള് മുറുകെപിടിച്ചുണ്ടായിരുന്നു. തൊട്ടുപിന്നില് ഭര്ത്താവിന്റെ ഒക്കത്തിരുന്ന് രണ്ടുവയസ്സുകാരി മകള് അഞ്ജലിയുമുണ്ട്. കുഞ്ഞുകൈയ്ക്ക് താങ്ങാവുന്നതിലും വലിപ്പമുള്ള പൂക്കുടയും മറ്റാര്ക്കും നല്കില്ലെന്ന് വാശിപ്പിടിച്ച് പാല്പല്ലുകാട്ടി പൊട്ടിച്ചിരിക്കുമ്പോള് അവളറിഞ്ഞിരുന്നില്ല മൂന്ന് കഴുകന്മാര് അവളെ പിന്തുടരുന്നുണ്ടെന്ന്. അവളെ അച്ഛന് ഒന്ന് നിലത്തുനിര്ത്തിയതേയുള്ളൂ. ആ സമയം തന്നെ അവര്ക്ക് ധാരാളമായിരുന്നു. അമ്മക്കോഴിയില് നിന്നും കുഞ്ഞിനെ റാഞ്ചുന്ന പരുന്തിനേക്കാള് വേഗത്തില് അഞ്ജലിയുമായി സീമയും രേണുകയും തിരക്കിലേക്ക് മറഞ്ഞു. അവളുടെ പേര് പിങ്കിയെന്നു മാറ്റി. കുറച്ചുമോഷണങ്ങള്ക്ക് ഉപയോഗിച്ചു. പിന്നെ അവള്ക്ക് മുമ്പ് വന്ന കുഞ്ഞുങ്ങളുടെ വിധി തന്നെയായിരുന്നു അവളെയും കാത്തിരുന്നത്. കുറച്ചുകുറ്റിച്ചെടികള്ക്കൊപ്പം ഷസ്വാദ് റോഡിലാണ് അവളെ ചാക്കില് കെട്ടി ഉപേക്ഷിച്ചത്.
പണത്തോടുള്ള അത്യാര്ത്തിയാണ് ആ പിശാചുക്കളുടെ രക്തക്കൊതി പാലൂട്ടി വളര്ത്തിയത്. പശ്ചാത്താപമോ മനസ്സാക്ഷിക്കുത്തോ പേരിനു പോലും അവരിലുടലെടുത്തില്ല. ചോര വലിച്ചുകുടിക്കുന്നതില് ആനന്ദം കണ്ടെത്തുന്ന രക്തരക്ഷസ്സുകളായി അവര് മാറി.
നീണ്ട ആറുവര്ഷം ഗാവിറ്റ് സഹോദരിമാരും അഞ്ജനാഭായിയും നിയമത്തിന്റെ കണ്ണുവെട്ടിച്ച നടന്നു. എന്നാല്, നീതിദേവതയുടെ കണ്ണടപ്പിച്ച കെട്ട് ഒരു ദിവസം അഴിഞ്ഞുവീഴുക തന്നെ ചെയ്യുമല്ലോ. എത്ര കൊല ചെയ്തുകൂട്ടിയാലും തങ്ങള് പിടിക്കപ്പെടില്ലെന്ന അഹങ്കാരത്തില് അഭിരമിച്ച് അഞ്ജനാഭായിയും മക്കളും ഒരുദിവസം അമിതാത്മവിശ്വാസം കാട്ടി. പുണെയിലെ ഒരു മാര്ക്കറ്റില് നിന്ന് നട്ടുച്ചനേരത്ത് ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോവാന് ശ്രമം നടത്തി. ഇത്തവണ പിഴച്ചു. കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന ആള് അവരെ കൈയോടെ പിടിച്ചു. അങ്ങനെ 1996-ല് ഗാവിറ്റ് സഹോദരിമാരും അമ്മയും പോലീസിന്റെ പിടിയിലായി. അന്വേഷണത്തില് അവര് ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയുമെല്ലാം ചുരുളഴിഞ്ഞു.
ഏറെ ദൈര്ഘ്യമുള്ളതും ദുര്ഘടം പിടിച്ചതുമായിരുന്നു ഗാവിറ്റ് സഹോദരിമാരുടെയും അഞ്ജനാഭായിയുടെയും വിചാരണക്കാലയളവ്. പോലീസിനെയും കോടതിയേയുമെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തിയത് അവരുടെ കുറ്റബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത മനോഭാവമായിരുന്നു. എന്നാല് കോടതിയില് കുറ്റം മുഴുവന് സഹോദരിമാര് അമ്മയ്ക്ക് ചാര്ത്തി. തങ്ങളെ ഇക്കണ്ട ക്രൂരതകള്ക്കെല്ലാം നിര്ബന്ധിച്ചത് അഞ്ജനാഭായിയാണെന്ന് അവര് കോടതിയില് പറഞ്ഞു.
ഗാവിറ്റ് സഹോദരിമാരുടെ കേസ് ഇന്ത്യയെയാകെ ഞെട്ടിച്ചു, ഇത്രയും കാലം എങ്ങനെ ഇത്തരം തിന്മകള് നിലനില്ക്കുകയും കണ്ടെത്താനാകാതെ പോവുകയും ചെയ്തു എന്ന ചോദ്യങ്ങളാണ് പ്രധാനമായും ഉയര്ന്നത്. അത് വെറുമൊരു കുറ്റകൃത്യമായിരുന്നില്ല, സമൂഹത്തില് ആഴത്തില് പതിഞ്ഞ വ്യവസ്ഥാപിതമായ പ്രശ്നങ്ങളെകുറിച്ചുള്ള തിരിച്ചറിവായിരുന്നു. നഗരഹൃദയത്തില് ഇത്രനാളും പിടിക്കപ്പെടാതെ അവര്ക്ക് എങ്ങനെ ഈ ക്രൂരതകള് ചെയ്തുകൂട്ടാന് കഴിഞ്ഞു എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. ചുറ്റുമുള്ള മനുഷ്യരെ സംരക്ഷിക്കുന്നതില് സമൂഹം പരാജയപ്പെട്ടുപോകുന്നതിലുള്ള ഭയം.
2001-ല് സീമയ്ക്കും രേണുകയ്ക്കും കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ഇത് ജീവപര്യന്തമായി വെട്ടിക്കുറച്ചു. ഇതിനിടയില് ശിക്ഷാകാലവധി കഴിയുന്നതിനുമുമ്പ് തന്നെ അഞ്ജനാഭായി പ്രായാധിക്യംമൂലം മരിച്ചു. സീമയേയും രേണുകയേയും പുണെയിലെ യേര്വാഡ സെന്ട്രല് ജയിലിലാണ് പാര്പ്പിച്ചത്.
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിദത്തമായ സംഭവമായിരുന്നു ഇത്. ഒരു കാര്യം ഓര്മയിലിരിക്കട്ടെ, തിന്മകള് കടന്നുവരുന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെയാവും. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക, കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക, കണ്ണുകൂര്പ്പിച്ച് പതിയിരിക്കുന്ന വേട്ടമൃഗത്തിന്റെ മുരള്ച്ച നമ്മള് കേള്ക്കണമെന്നില്ല.
(മൊഴിമാറ്റം- അനന്യലക്ഷ്മി ബി.എസ്.)
Content Highlights: Uncover the chilling tale of the Gavit sisters and their mother, who terrorized Maharashtra with th
Published: 27 Oct 2024, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented