
ഒന്നിനുപിറകേ ഒന്നായി പതിനൊന്നു പേർ. അസമിലെ ഗുവാഹട്ടിയെ പിടിച്ചുകുലുക്കിക്കൊണ്ടാണ് 2010ല് ആ കൊലപാതക പരമ്പര അരങ്ങേറിയത്. ആ അരുംകൊലകളുടെ എണ്ണമല്ല, അതിന്റെ വിചിത്രമായ രീതിയാണ് ജനങ്ങളില് ഉള്ക്കിടലമുണ്ടാക്കിയത്. പാതയോരങ്ങളില് കിടന്നുറങ്ങുകയായിരുന്നവരെ ഒരു കൊലയാളി കൂറ്റന് പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുപത്തിനാല് കൊല്ലം മുന്പ് മുംബൈയെയും കൊല്ക്കത്തയെയും പിടിച്ചുകുലുക്കിയ ദാരുണമായ കൊലകളെ ഓര്മിപ്പിക്കുന്നതായിരുന്നു ഈ കൂട്ടക്കുരുതി. ആ പഴയ സ്റ്റോണ്മാൻ തിരിച്ചുവന്നതാണോ എന്ന ആശങ്ക ജനങ്ങളെ തീരാഭീതിയിലാഴ്ത്തി.
1985നും 87നും ഇടയിലാണ് ക്രൂരതയുടെ ആള്രൂപമായ സീരിയല് കില്ലര് ആദ്യമായി മുംബൈയില് പ്രത്യക്ഷപ്പെട്ടത്. പന്ത്രണ്ട് പേരാണ് അന്നയാളുടെ കണ്ണില് ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. പിന്നീട് രണ്ട് വര്ഷത്തെ ഇടവേളയ്ക്കുശേഷം, 1989ല് ഈ പരമ്പരക്കൊല വീണ്ടും തലപൊക്കി. അതും മുംബൈയില് നിന്ന് 2050 കിലോമീറ്റര് അകലെയുളള കൊല്ക്കത്തയില്. അന്നും പതിനൊന്ന് പേരാണ് കൊല ചെയ്യപ്പെട്ടത്. അതിനുശേഷം അരുംകൊലയ്ക്ക് വീണ്ടും തിരശ്ശീല വീണു.
മുംബൈ 1985
നേരം പുലര്ച്ചെ നാലു മണി. പുലരിയിലേയ്ക്ക് കണ്ണുതുറക്കാനൊരുങ്ങുന്ന നഗരത്തെ ഉണര്ത്തിയത് കിങ്സ് സര്ക്കിളിലെ ഗാന്ധി മാര്ക്കറ്റിനു സമീപത്ത് നിന്നൊരു യുവതിയുടെ ഇടറിയ നിലവിളിയാണ്. പ്രഭാതസവാരിക്കിറങ്ങിയ അവരുടെ തൊട്ടുമുന്നിൽ നടപ്പാതയില് ചോരയില് കുളിച്ച്, കല്ല് കൊണ്ട് ചതച്ചരച്ച ഒരു പുരുഷന്റെ തല. വാര്ത്ത കാട്ടുതീ പോലെ പരന്നു. പക്ഷേ, പതിനായിരങ്ങള് തെരുവില് കഴിയുന്ന നഗരത്തില്, അതുകൊണ്ടുതന്നെ അതിലൊരാളുടെ മരണം അത്രയൊന്നും ഗൗനിക്കപ്പെട്ടില്ല. ഏതോ ഒരു അജ്ഞാതന് ഉറങ്ങിക്കിടന്ന ഒരാളെ കൊലപ്പെടുത്തി രക്ഷപ്പെട്ടതാവാം എന്നൊരു നിസാരമായ നിഗമനത്തില് സംഭവം എരിഞ്ഞടങ്ങി.
എന്നാല്, അധികം വൈകിയില്ല. വഴിയിരികില് അന്തിയുറങ്ങുകയായിരുന്ന ഒരാള് കൂടി സമാനമായ രീതിയില് കൊല്ലപ്പെട്ടു. അതും വലിയ കോളിളക്കമൊന്നുമുണ്ടാക്കിയില്ല. ഇതേ രീതിയില് അഞ്ചു പേര് കൊല്ലപ്പെടുംവരെ ഈ കൊലകളെ ആരും കാര്യമായി എടുത്തതുപോലുമില്ല. ലളിതമായിരുന്നു കൊലപാതകരീതി. കൊലയാളി ആദ്യം, നടപ്പാതകളില് ഒറ്റപ്പെട്ട ദിക്കില് കിടന്നുറങ്ങുന്നവര കണ്ടെത്തും. എന്നിട്ട് രാത്രി എത്തി മുപ്പത് കിലോയെങ്കിലും ഭാരമുള്ള വലിയ കരിങ്കല്ല് കൊണ്ട് അവരുടെ തല തല്ലിത്തകര്ക്കും. ഭൂരിഭാഗം കേസുകളിലും ഇരകള്ക്ക് ഉറ്റവരോ ഉടയവരോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരെല്ലാം തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തു.
ആറാമത്തെയാള് കൊല്ലപ്പെട്ടശേഷം മാത്രമാണ് ഈ കൊലകളിലെ സമാനസ്വഭാവം പൊലീസിന്റെ ശ്രദ്ധയില് പതിഞ്ഞത്. അന്വേഷണത്തില്, കിങ്സ് സര്ക്കിളിനും സിയോണിനും ഇടയിലുള്ള അഞ്ച് കിലോമീറ്റര് ചുറ്റളവിലാണ് കൊലകളെല്ലാം നടന്നതെന്ന് പോലീസ് മനസിലാക്കി. കൊലപാതകങ്ങളെല്ലാം നടന്നത് രാത്രി പതിനൊന്നിനും പുലര്ച്ചെ നാലിനുമിടയിലാണെന്ന് പോസ്റ്റ്മോര്ട്ടത്തില് തെളിയുകയും ചെയ്തു. എന്നാലിതിന് ദൃക്സാക്ഷികള് ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, മാധ്യമങ്ങള് അന്നയാള്ക്ക് ഒരു പുതിയ പേരു നല്കി. പഥര് മാര്, അഥവാ സ്റ്റോണ് കില്ലര്.
മുംബൈ നഗരവാസികള് ഒന്നടങ്കം ഭയവിഹ്വലരായി. രാത്രി പത്ത് മണിയോടെ തന്നെ നഗരവീഥികളെല്ലാം ശൂന്യമായി. തെരുവോരത്ത് പാര്ക്കുന്നവര് ജീവഭയം കാരണം രാത്രി ഉറങ്ങാതെ സംഘംചേര്ന്ന് സ്വയം കാവലിരുന്നു. ഇത്രയൊക്കെ ജാഗ്രതയുണ്ടായിട്ടും കൊലപാതകങ്ങള് അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുകയും ചെയ്തു.
ഇത് വൈക്കോല്ക്കൂനയില് നഷ്ടപ്പെട്ട സൂചി തിരയുന്നത് പോലുള്ള ഒരു ഭഗീരഥ പ്രയത്നമൊന്നുമായിരുന്നില്ല. പോലീസ് പട്രോള് കൊണ്ട് നിരീക്ഷിക്കാന് ബുദ്ധിമുട്ടുള്ളതായിരുന്നില്ല അഞ്ച് കിലോമീറ്റര് എന്ന ഇട്ടാവട്ടം. കൊലയാളി കൊല നടത്തുന്ന പ്രദേശം പോലീസിന് ഉള്ളംകൈപോലെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ കൊലയാളിയെ വലയിലാക്കാനായി പ്രദേശത്തെങ്ങും പോലീസ് നിരവധി പിക്കറ്റുകള് ഏര്പ്പെടുത്തി. എന്നിട്ടും ഇവരുടെയെല്ലാം വല ഭേദിച്ച് കൊലയാളി ഇരുട്ടിൽ പതുങ്ങിയിരുന്ന് ഭവനരഹിതരായവര് ഉറങ്ങുന്നതും കാത്തിരുന്നു. പാത്തുപതുങ്ങിച്ചെന്ന് തന്റെ കൃത്യം തുടര്ന്നുകൊണ്ടിരിക്കുകയും ചെയ്തു.
പോലീസിനെ അത്ഭുതപ്പെടുത്തിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കൊലയാളി കൊലയ്ക്ക് ഉപയോഗിച്ച കല്ലിന്റെ വലിപ്പം. മറ്റൊന്ന് ഈ കല്ലുകളിലൊന്നും പേരിന് പോലും വിരലടയാളം കണ്ടെത്താനാവാത്തത്.
ഭയത്തിന് പകരം നഗരത്തില് ഒട്ടേറെ അഭ്യൂഹങ്ങളും ചിറകുവെച്ച് പറന്നുതുടങ്ങി. കൊലകളെല്ലാം, കാളിയെ പ്രീതിപ്പെടുത്തി ദിവ്യശക്തി കൈവരിക്കാനുള്ള മനുഷ്യക്കുരുതികളായിരുന്നു എന്നതായിരുന്നു പ്രമാദമായ ഒരു കഥ. കൊലകളെല്ലാം നടന്നത് മന്ത്രവാദികൾക്ക് വിശേഷദിവസങ്ങളായ ചൊവ്വ, ശനി ദിവസങ്ങളിലായത് ഈ സന്ദേഹം ബലപ്പെടുത്തി.
ഉഡുപ്പി ഹോട്ടലിലെ ഒരു സപ്ലയര് സിയോണിലെ ആശുപത്രിയില് ചികിത്സ തേടിയതാണ് ഒടുവിൽ കേസന്വേഷണത്തില് വഴിത്തിരിവായത്. തെരുവോരത്ത് അന്തിയുറങ്ങുകയായിരുന്ന ഇയാള് തലനാരിഴ വ്യത്യാസത്തിനാണ് മരണത്തില് നിന്ന് രക്ഷപ്പെട്ടത്. അര്ധബോധാവസ്ഥയിലാണ് ഇയാള് തന്റെ അനുഭവം പോലീസിനോട് വിവരിച്ചതുതന്നെ. ജോലി കഴിഞ്ഞ് തെരുവിൽ കിടന്നുറങ്ങുകയായിരുന്നു. മയക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോൾ ചുമലിനോട് ചേര്ന്ന് ആരുടെയോ നേർത്ത പാദസ്പര്ശം. ഇരുട്ടിലേയ്ക്ക് കണ്ണ് തുറന്നപ്പോള് മുന്നില് കൂറ്റൻ കല്ലുയര്ത്തി നില്ക്കുന്ന ഒരാൾ. അക്രമി കല്ല് ശക്തമായി താഴേയ്ക്കിട്ടെങ്കിലും അയാൾ തലനാരിഴ വ്യത്യാസത്തിൽ കഷ്ടിച്ച് വെട്ടിയൊഴിഞ്ഞ് മാറി. എന്നിട്ടും കല്ല് തലയുടെ ഒരു ഭാഗത്ത് ഇടിച്ചു. ഈ പരിക്കുമായാണ് അയാൾ ആശുപത്രിയിലെത്തിയത്
ഇതോടെ പോലീസ് ഉണര്ന്നു. ചാരന്മാരുടെ ശൃംഖലയെ അന്വേഷണത്തില് സജീവമാക്കി. അങ്ങനെയൊരാളാണ് മുഹമ്മദ് എന്നൊരു ടാക്സി ഡ്രൈവറെക്കുറിച്ച് വിവരംകൈമാറിയത്. രാത്രി മാത്രം കാറോടിക്കുന്ന ഇയാളെക്കുറിച്ച് തെരുവുകളില് കഴിയുന്നവര് കൊടുത്ത വിശേഷണം ഇരുട്ടിന്റെ മറവില് വിഹരിക്കുന്ന ഭീകരസ്വരൂപി എന്നാണ്. ഈ വിവരം പോലീസ് തള്ളിക്കളഞ്ഞില്ല. കാരണം, ഭാരമുള്ള ഒരു കല്ലും പേറി കൊലയാളിക്ക് തെരുവുകളില് അലയുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ അയാള് അതൊരു ടാക്സിയില് കൊണ്ടുനടക്കാനുള്ള സാധ്യത പോലീസ് മുഖവിലയ്ക്കെടുത്തു. അതോടെ അയാള്ക്കുവേണ്ടിയുള്ള തിരച്ചിലും പോലീസ് ഊര്ജിതമാക്കി. എന്നാല്, സംശയത്തിന്റെ മുനിലായ ഈ ഡ്രൈവര് വാസ്തവത്തിൽ പോലീസിന്റെ ഒരു ചാരനായിരുന്നു. പോലീസ് നിര്ദേശമനുസരിച്ചാണ് ഇയാള് കൊലയാളിക്കുവേണ്ടി രാത്രി ടാക്സിയില് റോന്തുചുറ്റിക്കൊണ്ടിരുന്നത് എന്നതായിരുന്നു യാഥാർഥ്യം. ഈ രാത്രിയാത്രയാണ് തെരുവില് കഴിഞ്ഞവരില് ഇയാളെക്കുറിച്ച് സംശയം ജനിപ്പിച്ചത്. അതോടെ വീണ്ടും പോലീസിന്റെ പ്രതീക്ഷകള് അണഞ്ഞു.
അങ്ങനെ രണ്ട് കൊല്ലം കടന്നുപോയി. പക്ഷേ, ഈ ശാന്തത ശാശ്വതമായിരുന്നില്ല. 1985ന്റെ പകുതിയായപ്പോള് നാടിന്റെ സ്വസ്ഥത കെടുത്തിക്കൊണ്ട് കൊലപാതക പരമ്പര പുനരാരംഭിച്ചു. ചോരപുരണ്ട ആ അധ്യായം 1987 വരെ തുടരുകയും ചെയ്തു.
2009ല് പുറത്തിറങ്ങിയ മനിഷ് ഗുപ്തയുടെ സ്റ്റോണ്മാന് മര്ഡേഴ്സ് എന്ന ചിത്രത്തിൽ ഏറെ വിവാദങ്ങള്ക്ക് വഴിവെച്ചൊരു പുതിയ കഥ അവതരിപ്പിച്ചു., ദുര്മന്ത്രവാദത്തില് വിശ്വസിക്കുന്ന ഒരു പോലീസ് കോണ്സ്റ്റബളിനെയാണ് ചിത്രത്തില് കൊലയാളിയായി കാണിച്ചത്. ഇയാള് മന്ത്രവാദത്തിന്റെ ഭാഗമായി തെരുവില് കഴിയുന്ന അനാഥരെ ഒന്നൊന്നായി വകവരുത്തുന്നുതാണ് കഥാതന്തു. വലിയൊരു വിഭാഗം ജനങ്ങള് ഈ സാങ്കൽപിക സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങി. അന്വേഷണോദ്യോഗസ്ഥർ ശേഖരിച്ച രഹസ്യങ്ങളും കൈവശമുള്ള ഇയാള് പ്രതിസ്ഥാനത്ത് ഉള്ളതുകൊണ്ടാണ് നാടിനെ നടുക്കുന്ന പഥര് മാറിനെ പോലീസ് പിടികൂടാത്തതെന്ന് ജനങ്ങൾ സിനിമയുടെ ലോജിക്ക് വെച്ച് നിരൂപിച്ചു. പ്രതിയായ കോണ്സ്റ്റബിളിന്റെ പങ്ക് മൂടിവെക്കുകയും പരമ്പര കൊലയുടെ തുമ്പ് എന്നെന്നേക്കുമായി കുഴിച്ചുമൂടാനായി അയാളെ രഹസ്യമായി വകവരുത്തുകയും ചെയ്ത മുംബൈ പോലീസിനു നേരെ വില്ചൂണ്ടിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
സിനിമയില് കാണിച്ച ഈ സിദ്ധാന്തം ശരിയാണെങ്കില്, സത്യത്തിൽ പഥര് മാര് ഇതിനോടകം മരിച്ചുകഴിഞ്ഞിരിക്കണം. എന്നാല്, മുംബൈയിലെ കൊലപാതക പരമ്പര അവസാനിച്ച് കഷ്ടിച്ച് ഒരു വര്ഷം കഴിഞ്ഞപ്പോള്, 1989ല് കൊല്ക്കത്തയില് സ്റ്റോണ്മാന്റെ മറ്റൊരു കൊലപാതകം കൂടി മറനീക്കി പുറത്തുവന്നു.
മൂന്ന് വസ്തുതകള്ക്ക് ഈ രണ്ടാംഘട്ട കൊലപാതകങ്ങള് അടിവരയിട്ടത്
1. മുംബൈയിലെ പഥര് മാര് ഒരു പോലീസ് കോണ്സ്റ്റബിളായിരുന്നു എന്നത് വെറും കെട്ടുകഥയായിരുന്നു.
2. കൊലപാതകി ഒരിക്കലും പിടിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അയാള് നിയമത്തിന്റെ പിടിയില് നിന്ന് കുതറിമാറി രണ്ടായിരം കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് പുതിയ വേട്ടനിലത്തെത്തി.
3. മുംബൈ കൊലപാതകങ്ങളുടെ തനിയാവര്ത്തനമാണ് കൊല്ക്കത്തയില് കണ്ടത്. അതിനര്ഥം അവിടെ പുതിയൊരു പഥര് മാര് ഉദയം ചെയ്തിരിക്കുന്നു എന്നാണ്.
നാളിതുവരെ മുംബൈ കൊലപാതകവും കൊൽക്കത്ത സംഭവവും തമ്മിലുള്ള ബന്ധത്തിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്, കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തിന്റെയും ഇരകളെ തിരഞ്ഞെടുത്തതിലും കൊലപാതകം നടത്തിയ രീതിയിലും അത് നടത്തിയ സമയത്തിലുമുള്ള സാമ്യം സൂചിപ്പിക്കുന്നത് രണ്ട് കൊലകളും നടത്തിയത് ഒരാള് തന്നെയാണ് എന്നായിരുന്നു.
1989 ജൂണ് നാലിനായിരുന്നു കൊല്ക്കത്തയിലെ ആദ്യ സംഭവം. ഹൗറ പാലത്തിലേയ്ക്കുള്ള വഴിയുടെ അരികിലെ നടപ്പാതയില് കിടന്നുറങ്ങുകയായിരുന്ന ഒരു സ്ത്രീയായിരുന്നു ഇര. കൊല നടത്തിയ രീതിയിലെ സമാനത കാരണം ഇതിനെ മുംബൈയിലെ പഥര് മാറുമായി ബന്ധിപ്പിച്ചതോടെ നഗരത്തിന്റെ നാഡിഞരമ്പുകളിലൂടെ ഭീതിയുടെ മിന്നല്പ്പിണര് പാഞ്ഞു.
1989 ജൂലായ് നാലിനായിരുന്നു രണ്ടാമത്തെ കൊലപാതകം. ഇതോടെ പ്രശ്നം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. കൊല്ക്കത്തയിലെ മാധ്യമങ്ങള് പഥര് മാര് എന്ന ബോറന് പേരിന് പകരം മറ്റൊരു സ്റ്റൈലന് പേര് ചാര്ത്തിക്കൊടുക്കുകയും ചെയ്തു. സ്റ്റോണ്മാന്. അതോടെ സ്റ്റോണ്മാനും അയാളുടെ വിഹാരരംഗമായ കൊല്ക്കത്തയും ദേശീയശ്രദ്ധ നേടിത്തുടങ്ങി.
മുംബൈയിലെ കൊലയാളിയെപ്പോലെ കൊല്ക്കത്തയിലെ സ്റ്റോണ്മാനും ക്ലിപ്തമായ ഒരു പ്രദേശം കേന്ദ്രീകരിച്ചാണ് തന്റെ കൃത്യം നടത്തിയത്. ഹൗറ പാലവും സെന്ട്രല് കൊല്ക്കത്തയുമായിരുന്നു കൊലയുടെ വിളനിലങ്ങള്. ഒരൊറ്റ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. കരിങ്കല്ലിന് പകരം വലിയ കോണ്ക്രീറ്റ് സ്ലാബായിരുന്നു ഇവിടെ കൊലയാളി ഉപയോഗിച്ചിരുന്നത്.
1989 സെപ്തംബര് ഏഴിന് കൊലയാളി തന്റെ ഏഴാമത്തെ ഇരയുടെ ജീവനെടുത്തു. സന്തോഷത്തിന്റെ നഗരം ഭീതിയുടെ നഗരമാവാന് ഏറെ വൈകിയില്ല. ഇതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി.പോലീസ് ആസ്ഥാനത്തിന്റെ തൊട്ടടുത്തുവച്ചുപോലും കൊലയാളി കൊല നടത്തി എന്നതായിരുന്നു വിചിത്രമായ വസ്തുത അങ്ങനെ പോലീസ് ഉണരാന് നിര്ബന്ധിതരായി. അപ്പോഴും കൊല്ക്കത്ത പോലീസ് എത്തിച്ചേര്ന്ന ഒരേയൊരു നിഗമനം, അയാള്, ഭാരമുള്ള സ്ലാബ് ഉയര്ത്താന് കെല്പുള്ള, ഉയരക്കൂടുതലുള്ള ബലിഷ്ഠനായ ഒരാളാണ് എന്നതു മാത്രമായിരുന്നു.
സമ്മര്ദവും ജനരോഷവും ശക്തമായതോടെ പോലീസ് സെന്ട്രല് കൊല്ക്കത്ത അരിച്ചുപെറുക്കി. കൊലപാതകി മനോരോഗിയാണെന്ന നിഗമനത്തില് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇങ്ങനെ ഒന്നുരണ്ടുതവണ വ്യാജകഥകളുടെ കെണിയിൽ അകപ്പെടുകയും ചെയ്തു. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന മുഹമ്മദ് അക്രം എന്നൊരാളുടെ കുറ്റസമ്മതമായിരുന്നു അതിലൊന്ന്. സ്റ്റോണ്മാന്റെ ആക്രമണത്തിന് വിധേയനായി പരിക്കേറ്റുവെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാല്, പിന്നീട് അത്തരം ആക്രമണത്തിനൊന്നും ഇരയായിട്ടില്ലെന്ന് ഇയാള് തന്നെ മൊഴിമാറ്റി. തലയിലെ പരിക്ക് എലി കടിച്ചതുകൊണ്ട് ഉണ്ടായതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിന്റെ മുനയൊടിഞ്ഞപ്പോള് പൊലീസ് പുതിയൊരു ഉപായം തേടി. ഒരു കൂട്ടം പോലീസുകാര് വേഷപ്രച്ഛന്നരായി അരയിൽ തോക്കൊക്കെ ഒളിപ്പിച്ച് തെരുവില് ഉറക്കം നടിച്ച് കൊലയാളിയെ കാത്തിരുന്നു. പക്ഷേ, അവര് ഉറക്കിമിളച്ചത് മിച്ചം. കൊലപാതകിയുടെ കാര്യത്തില് ഫലമൊന്നുമുണ്ടായില്ല.
സ്റ്റോണ്മാന് അപ്പോഴും തന്റെ ക്രൂരതകള് അനുസ്യൂതം തുടര്ന്നുകൊണ്ടിരുന്നു. പിടിക്കപ്പെടില്ലെന്ന വിശ്വാസം ദൃഢമായതോടെ സ്റ്റോണ്മാന് കൂടുതല് ശക്തനായി. അയാള്ക്ക് ഇരുട്ടിന്റെ മറയോ ഏകാന്തതയുടെ ആനുകൂല്യമോ ഒന്നും വേണ്ടെന്നായി. പൊതുസ്ഥലങ്ങളിലും കൊലകള് അരങ്ങേറാന് തുടങ്ങി. തിരക്കേറിയ സീല്ദാ റെയില്വെ സ്റ്റേഷനിലാണ് ഒരാള് കൊല്ലപ്പെട്ടത്. മറ്റൊരാള് തിരക്കേറിയ തെരുവിലും. ഭൂഗര്ഭ മെട്രോ സ്റ്റേഷന്റെ കവാടത്തില് പോലും അരുംകൊല നടന്നു.
ഇതോടെ മുംബൈയിലെന്നവണ്ണം കൊല്ക്കത്തയിലെ സ്റ്റോണ്മാനെക്കുറിച്ചും നിറംപിടിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത കഥകള് പെരുകി. അയാളെ കുറിച്ചുള്ള പലതരം ചിത്രങ്ങള് ജനങ്ങളുടെ മനസില് ഇടംപിടിച്ചു. കൊലയാളി ഒരു സ്ത്രീയാണെന്നും ഒരു പുരുഷ കൊലയാളിയെ തേടിനടക്കുന്നത് കൊണ്ടാണ് പോലീസിന് ലക്ഷ്യം കാണാനാവാത്തതെന്നും, ഈ മസാലാക്കഥകള് വിശ്വസിച്ച വലിയൊരു വിഭാഗം നിശ്ചയിച്ചുറപ്പിച്ചു. പന്ത്രണ്ടാമത്തെ കൊലയോടെയാണ് ഈ പരമ്പരയ്ക്ക് ഒടുവിൽ തിരശ്ശീല വീണത്. കൊല്ക്കത്ത നഗരത്തിന്റെ ശ്വാസം നേരെ വീണതും അന്നേരമാണ്.
1985 മുതല് 89 വരെയുള്ള കാലത്തിന് സ്റ്റോണ്മാന്റെ കാലഘട്ടം എന്നാണ് ചരിത്രത്തില് അപഖ്യാതി. എന്നിട്ടും കൊലപാതകത്തിന് പിറകില് ഒരു പുരുഷനോ സ്ത്രീയോ അതോ ഒരു സംഘം തന്നെയോ എന്ന് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുന്നു.
പരമ്പര കൊലകളുടെ ചരിത്രത്തില്, ലോകത്ത് ഇന്നും തെളിയിക്കപ്പെടാതെ, ചുരുളഴിയാതെ കിടക്കുന്ന പ്രമാദമായ കേസുകളാണ് മുംബൈയിലെയും കൊല്ക്കത്തയിലെയും കൊലപാതകങ്ങള്. ആ സ്റ്റോണ്മാന് ഇന്നും നമുക്കിടയില് പതുങ്ങിയിരിപ്പുണ്ടാവും, അടുത്ത ഇരയ്ക്കുമേല് ചാടിവീഴാന്വേണ്ടി കാത്തിരിപ്പുണ്ടാവാം.
(മൊഴിമാറ്റം: ബി.കെ രാജേഷ് )
Content Highlights: stone man serial killer of mumbai, crime story by Anirban Bhattacharya
Published: 19 Feb 2024, 03:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented